കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്



(Cartoonist E Suresh)

മിതത്വമാണ് കലയുടെ കാമ്പ്. അമിതത്വം (excess) കലയിൽ വരുമ്പോൾ അത് കാലത്തിന്റെ സവിശേഷത കൂടിയാണെന്ന് കാണണം. രാഷ്ട്രീയം മിതത്വത്തിന്റെ കളിയല്ല. അവിടെ അമിതങ്ങൾ ദമിതമാകാതെ നിൽക്കുന്നു. കാലം ഒരു ബാലൻസിങ് ആക്റ്റ് കലയിലൂടെ അപ്പോൾ നടത്തും. രാഷ്ട്രീയത്തിന്റെ അമിതത്വത്തെ സന്തുലനം ചെയ്യാൻ കാലമുണ്ടാക്കിയ കലയാകണം കാർട്ടൂൺ. അങ്ങനെയെങ്കിൽ ഇ സുരേഷ് എന്ന കാർട്ടൂണിസ്റ്റ് ആ കലയിലെ മിതവാദി തന്നെയാകണം. കാർട്ടൂൺ കലയിൽ പ്രത്യക്ഷവും പരോക്ഷവുമായ ഉപാലംഭങ്ങളും വിമർശനങ്ങളും അടങ്ങിയിരിക്കുന്നു. എല്ലാ കലയെയെയും പോലെ കാർട്ടൂണുകളും കാലികവും ക്ഷണഭംഗുരങ്ങളും ആകുന്നത് അവയിൽ ചരിത്രം തിരനോട്ടം നടത്താതാകുമ്പോൾ ആണ്. ചരിത്രബോധ്യമാണ് രാഷ്ട്രീയകാർട്ടൂണുകൾക്ക് അച്ചടിയുടെ ദ്വിമാനതയിലുപരിയായ ആഴം നൽകുന്നത്. ചില കാർട്ടൂണുകൾ ദുരന്തബോധങ്ങളുടെ ആഴം കൊണ്ട് നാടകത്തോളവും അവിടെ നിന്ന് കാവ്യത്തോളവും ഉയരുന്നു. ചരിത്രത്തിൽ ദർശിനികമാനം കടന്നു വരുമ്പോൾ കാർട്ടൂൺ കാലത്തിന്റെ അതിരുകൾ കടന്ന് കാലാതിവർത്തിയാകുന്നു. അബുവിന്റെയും വിജയന്റെയും കാർട്ടൂണുകൾ അങ്ങനെ കാലാതിവർത്തിയായി നിൽക്കുന്നു. 





(Cartoons by E Suresh)

ഇ സുരേഷ് എന്ന കോഴിക്കോട്-തിരുവനന്തപുരം-ഡൽഹി കാർട്ടൂണിസ്റ്റിനെ, ദർശനവും രാഷ്ട്രീയവും പാലക്കാടൻ ഇരട്ടമലയാളത്തിലൂടെ വോഡ്ഹോസിയൻ ആംഗലേയ നർമ്മത്തിലും ആർട്ട് സ്പീഗലിന്റെയും ഡേവിഡ് ലോയുടെയും കൊളോണിയൽ-ഫാസിസ്റ്റു കാല ദുരന്തബോധത്തിലും കലർത്തി ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക യാഥാർഥ്യങ്ങളെ കാർട്ടൂൺ ആക്കുന്ന ഇ പി ഉണ്ണി വിശേഷിപ്പിക്കുന്നത് reticent cartoonist എന്നാണ്. വാക്-വികാര-വിമുഖനെന്നു മലയാളം. അന്തർഗ്ഗതങ്ങളുടെ നർമ്മധാരയെ പുറത്തുവിടാൻ താത്പര്യമില്ലാത്ത, 'obscurantist obfuscation' എന്ന് സദാനന്ദമേനോൻ വിമർശിക്കുന്ന രാഷ്ട്രീയ ഇരട്ടഭാഷണങ്ങളുടെ ഉള്ളിൽ കടന്ന് അമ്ലം കലർത്തി വരയിലൂടെ അലിയിക്കാൻ ശ്രമിക്കുന്ന ഇ സുരേഷിന് കാർട്ടൂൺ കല മിതത്വത്തിന്റെ മാത്രമല്ല സ്ഥിതി-സംഹാരങ്ങളുടെ ഇടയിലെ ലിമിനൽ സ്‌പേസിൽ നിൽക്കുന്ന ചില ആവിഷ്കാരങ്ങളാണ്. പിയറോ മന്സോണിയുടെ ആശയവാദ-മിനിമലിസ്റ്റ് കലയിലെ റേസർ കട്ട് പോലെ രാഷ്ട്രീയ ശരീരത്തിൽ ഏൽപ്പിക്കുന്ന പോറലുകളാണ് ഇ സുരേഷിന് കാർട്ടൂൺ. 




(Cartoons by E Suresh)

ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനം 'ഹിസ്സ്റ്റോറി ലൈൻ'  ഇപ്പോൾ വൈലോപ്പിള്ളി സാംസ്‌കാരിക കേന്ദ്രത്തിലെ ലളിത കലാ അക്കാദമി ഗ്യാലറിയിൽ നടക്കുകയാണ്. മുപ്പത് വർഷങ്ങളിൽ ഇ സുരേഷ് കണ്ട, ഇടപെട്ട ഇന്ത്യൻ രാഷ്ട്രീയമാണ് പ്രദർശനത്തിന്റെ സ്ഥൂല പ്രമേയം. ഹിസ്റ്ററി എന്ന വാക്കിൽത്തന്നെ 'അവന്റെ കഥയാണ് ചരിത്രം' എന്ന പാഠം വായിച്ചെടുത്ത ഫെമിനിസ്റ്റുകൾക്ക് ഒരുപക്ഷെ അസ്വസ്ഥത ഉളവാക്കാൻ പോന്നതാണ് ഈ പ്രദർശനത്തിന്റെ പേര്- അവന്റെ കഥയുടെ വരകൾ എന്ന പ്രസ്താവനയാണ് അത് നടത്തുന്നത്. താൻ കടന്നു പോയ കാലത്തിലെ രാഷ്ട്രീയത്തിൽ താൻ കണ്ടത് തന്നെയാണ് ഇ സുരേഷ് വരയ്ക്കുന്നത്. അത് തന്റെ ജീവിതത്തിന്റെ തന്നെ ഒരു കഥാതന്തു എന്ന നിലയിൽ കാർട്ടൂണിസ്റ്റ് കാണുന്നുണ്ടാകണം. 




(Cartoons by E Suresh)

സെല്ഫ് ക്യൂറേറ്റഡ് ആകയാലാകണം രേഖീയമായ ഒരു പ്രോഗ്രെഷൻ ആണ് ഡിസ്പ്ളേയിൽ സുരേഷ് ദീക്ഷിച്ചിട്ടുള്ളത്. നരസിംഹറാവു ആയിരുന്നു ഡൽഹിയിൽ സുരേഷ് എത്തുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി. റാവുവിൽ തുടങ്ങുന്ന കാർട്ടൂൺ യാത്ര, പ്രധാനമന്ത്രിമാരുടെ ഒരു നിറയെ സ്പർശിക്കുന്നു - ഐ കെ ഗുജ്റാൾ, ദേവഗൗഡ, ചന്ദ്രശേഖർ എന്നിങ്ങനെ പലരെയും അത് തൊടുന്നു. അപ്പോഴേയ്‌ക്കും സോണിയാ ഗാന്ധി ശക്തയാകുന്നുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ. അതിനാൽത്തന്നെ സോണിയ ഗാന്ധി ഈ കാർട്ടൂണുകളിൽ വലിയൊരു സാന്നിധ്യമാണ്. തുടർന്ന് രാഹുൽ ഗാന്ധിയുടെ പ്രവേശം കാണാം. പ്രതിഭാ പാട്ടീലിനൊപ്പം 'എന്നെക്കാൾ പൊക്കമില്ല' എന്ന് ഉറപ്പിക്കുന്ന സോണിയാ ഗാന്ധി, പിൽക്കാലത്തു രാംനാഥ് കോവിന്ദിന് ഒപ്പം നിൽക്കുന്ന നരേന്ദ്ര മോദിയെ അനുസ്മരിപ്പിക്കുന്നുവോ എന്ന് തോന്നിപ്പിക്കും. കേന്ദ്രത്തിൽ ബി ജെ പിയുടെ വരവും നരേന്ദ്ര മോദിയുടെ ഉയർച്ചയും ഏതാനും കാർട്ടൂണുകളിൽ ഒതുങ്ങിയത്, അപ്പോഴേയ്ക്കും സുരേഷ് ഡൽഹിയിൽ ഇടയ്ക്കിടെ മാത്രം എത്തുന്ന ഒരു കാർട്ടൂണിസ്റ്റ് ആയി മാറിയത് കൊണ്ടാകാം. അദ്വാനിയെ പൂട്ടുന്ന മോഡി, സ്വച്ഛഭാരത്തിൽ പക്ഷിക്കാഷ്ഠത്തിൽ കുളിച്ചു നിൽക്കുന്ന മോഡി, നോക്കുകുത്തികളായ കേരള ബി ജെ പി നേതാക്കളെ കേന്ദ്രത്തിലേക്ക് വിളിക്കുന്ന അമിത് ഷാ എന്നിവരിലൊക്കെ ഒതുങ്ങുകയാണ് ബി ജെ പി കാലഘട്ടം. ഉത്തർപ്രദേശിലേയ്ക്ക് തയാറെടുക്കുന്ന പ്രിയങ്ക ഗാന്ധി ഹിന്ദു സംന്യാസിനിയായി മേക്കപ്പിടുന്നതിൽ വലിയ വിമർശനം ഒളിച്ചിരിക്കുന്നുണ്ട്. 




(Cartoons by E Suresh)

അബു അബ്രഹാമിന്റെ വരകളോടാണ് ഇ സുരേഷിന്റെ കാർട്ടൂണുകൾക്ക് അടുപ്പമെന്ന് തോന്നും. ഒഴുക്കൻ വരകൾ; കഥാപത്രപ്രകൃതിയുടെ സൂചനമാത്രം കാണപ്പെടുന്ന ഭാവങ്ങൾ. മൻമോഹൻ സിങ് ഈ അവസരത്തിൽ വളരെയധികം പ്രാവശ്യം സുരേഷിലേയ്ക്ക് ഓടിയോടി വരുന്നത് കാണാം. ഒരുപക്ഷെ തന്റെ മിനിമൽ വരകളിൽ ഏറ്റവും വിജയിച്ച കാരിക്കേച്ചർ മൻമോഹൻ സിങിന്റേത് തന്നെ ആകണം. പത്തുവർഷത്തോളം ഇന്ത്യയിലെ കാർട്ടൂണിസ്റ്റുകൾക്ക് മോഡലായി നിന്ന് കൊടുക്കുകയായിരുന്നല്ലോ അദ്ദേഹം. ഒരുപക്ഷെ സുരേഷിന്, തന്റെ അല്പഭാഷണത്തോട് ഒത്തുപോകുന്ന കഥാപാത്രമായതിനാൽ മൻമോഹൻ സിങ്ങിൽ തന്റെ അപരത്വത്തെ കാണാൻ കഴിഞ്ഞതും ആകാം. 




(Cartoons by E Suresh)

മാതൃഭൂമിയിൽ കാർട്ടൂൺ വരച്ചു തുടങ്ങിയ സുരേഷ് ആദ്യകാലങ്ങളിൽ ഗഫൂർ, അരവിന്ദൻ സ്‌കൂളുകളുടെ സ്വാധീനത്തിൽ ആയിരുന്നുവെന്ന് കാണാം. എന്നാൽ അതിൽ നിന്ന് ഇന്ത്യൻ കാർട്ടൂണിങ്ങിന്റെ കേരളപാരമ്പര്യത്തിൽ കണ്ണിചേരുവാനും സ്വന്തമായൊരു ശൈലി വികസിപ്പിച്ചെടുക്കുവാനും സുരേഷിന് കഴിഞ്ഞുവെന്ന് നമുക്ക് ഈ പ്രദർശനത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. സുരേഷ് കാർട്ടൂണിസ്റ്റ് മാത്രമല്ല. കാർട്ടൂണിൽ നിന്ന് അനിമേഷനിലേയ്ക്ക് തിരിയുകയും, കേരളത്തിലെ വിദ്യാലയങ്ങളിൽ അനിമേഷൻ പ്രചരിപ്പിക്കാനായി വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ആളാണ്. ഏഷ്യാനെറ്റിലെ ആദ്യകാല അനിമേഷൻ പൊളിറ്റിക്കൽ വിമർശന കാർട്ടൂണുകളായ അകംപൊരുൾ, മാവേലി നാട് എന്നിവ സുരേഷിന്റേതാണ്. രാഷ്ട്രമീമാംസയിൽ എം എ യും എംഫിലും ഉള്ള സുരേഷ് അനേകം ഡോക്യൂമെന്ററികളുടെ സംവിധായകൻ കൂടിയാണ്. 


-ജോണി എം എൽ 



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ