മൃതലോകത്തിലെ ചിരഞ്ജീവികളുടെ അമൃതഭാഷണം: കെ ടി മത്തായിയുടെ 'തറവാട്' ചിത്രത്തെക്കുറിച്ച്

 


(Artist Mathai KT)

മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കുന്നവരുടെ ലോകമാണ് കെ ടി മത്തായി എന്ന ചിത്രകാരന്റെ സൃഷ്ടികളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തെളിഞ്ഞു കാണുന്നത്. പരിചിതമായ ലോകത്തിന്റെ പശ്ചാത്തലം വിടുർത്തിയിടുന്ന അടരുകളിലേയ്ക്ക് സൂക്ഷ്മയാനം നടത്തുമ്പോൾ കണ്ടുമുട്ടുന്ന മനുഷ്യരെല്ലാം ജനിമൃതികൾക്കിടയിലുള്ള ഏതോ ഇടങ്ങളിൽ അവനവൻ കടമ്പകൾ കടക്കുന്നതായും ഭൂമിയിൽ ജീവിച്ചിരുന്ന വേളയിൽ അവർ ചെയ്തതെല്ലാം തുടർന്ന് ചെയ്യുന്നതായും കാണാൻ കഴിയുന്നു. 'ചാമ്പലും എല്ലും ജലവുമായി നട്ടുച്ച നേരത്ത് എത്തുന്ന വേതാളങ്ങൾ' എന്ന് കവി (ചുള്ളിക്കാട്) പണ്ട് എഴുതിയിട്ടുള്ള 'ഭൂതായനങ്ങളുടെ' ഇരുപുറത്തുമുള്ള കാഴ്ചകളാണ് മത്തായിയുടെ 'നോബഡീസ് സീയൻസ്' എന്ന പരമ്പരയിലെ ചിത്രങ്ങളിലെ കർമ്മരംഗം തെളിയിക്കുന്നത്.





(Nobody's Seance by Mathai KT and details)


മത്തായി തന്റെ ചിത്രങ്ങളുമായി രംഗത്ത് വരുന്ന തൊണ്ണൂറുകളിൽ, ഗ്രാമരംഗങ്ങളിൽ കടന്നു കയറിക്കൊണ്ടിരിക്കുന്ന യന്ത്രക്കയ്യുകൾ തുരന്നെടുത്ത കുന്നിൻ പള്ളകളുടെ ഭയാനകമായ മുറിവുകളും അവയെ ശമനൗഷധങ്ങൾ കൊണ്ട് ലേപനം ചെയ്തു ആശ്വസിപ്പിക്കാൻ നിൽക്കുന്ന മരങ്ങളും നീല നിറമുള്ള പുഴകളും അവയെ കണ്ടു നിൽക്കുന്ന മനുഷ്യരുമായിരുന്നു. എ ടെറിബിൾ ബ്യൂട്ടി ഈസ് ബോൺ  എന്ന് യേറ്റ്സ് വിശേഷിപ്പിക്കുന്നത് ചരിത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം ദുരന്തങ്ങളുടെ കൂടി സൃഷ്ടിയാണെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണെങ്കിൽ മത്തായിയും ഡബ്ലിനിൽ നിന്ന് എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് ആ ചരിത്രബോധ്യത്തെ പറിച്ചു നടുകയായിരുന്നു. കേരളത്തിൽ സമകാലികകലയിൽ പാരിസ്ഥിതിക ദുരന്തത്തിന്റെ ഭയാനകഭംഗിയെ ആദ്യം വരച്ചിട്ട കലാകാരനായിരുന്നു മത്തായി. 





ആ ദുരന്ത ദൃശ്യങ്ങളിൽ നിന്ന്, ക്യാമറ പുൾ ഔട്ട് ചെയ്യുന്നത് പോലെ, ഗ്രാമത്തിന്റെ സമീപദൃശ്യങ്ങളിലേയ്ക്ക് വന്ന ഒരു ഇടവേളയും മത്തായിയിൽ ഉണ്ടായിരുന്നു. പള്ളികളും ആരാധനകളും ദൈനംദിനജീവിത നാടകവും മുടിയഴിച്ചാടുകയും കുരുത്തോലയും ധൂപക്കുറ്റിയും പിടിച്ചു മുന്നോട്ടു പോവുകയും ചെയ്യുന്ന രംഗങ്ങളിലേയ്ക്ക് മത്തായി സംക്രമിച്ചു. മുറിവേറ്റ പ്രകൃതി ഒരോർമ്മപ്പെടുത്തൽ പോലെ ഈ ജീവിതനാടക 'വിഷാദകഥാകഷായത്തിന്' പശ്ചാത്തലം നൽകി നിന്നു. യാഥാർഥ്യബോധം ഒരിക്കലും കൈവിടാത്ത കലാകാരനായതിനാൽത്തന്നെ പ്രകൃതിദുരന്തങ്ങളിലേയ്ക്ക് ആദ്യം തന്റെ കാൻവാസുകളെ തിരിച്ചു വെച്ച കലാകാരന്മാരിൽ അഗ്രജനായി നിൽക്കുകയാണ് മത്തായി ഇപ്പോൾ. പ്രകൃതിയിലേക്കുള്ള പിന്മടക്കം എന്ന പുതിയ ട്രെൻഡിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയിൽ മനുഷ്യൻ നടത്തിയ ഇടപെടൽ എന്തായിരുന്നു എന്ന് സൂചിപ്പിച്ച കലാകാരൻ ആൺ മത്തായി. 



മതബോധ്യങ്ങളുടെ ഒരു പ്രധാന ആഖ്യാനം എന്നത് ദൃശ്യപ്രപഞ്ചത്തിന്‌ പിന്നിൽ അതിന് സമാനമായ ഒരു അദൃശ്യ പ്രപഞ്ചം ഉണ്ടെന്നാണ്. അതൊരു മിറർ ഇമേജ് ആണ്. നമ്മൾ ഇവിടെ കയ്യെടുക്കുമ്പോൾ മറ്റൊരു ലോകത്ത് നമ്മെപ്പോലെ മറ്റൊരാൾ കയ്യെടുക്കുന്നുണ്ട്. നന്മതിന്മകളുടെ ദ്വന്ദങ്ങളെയോ മൂല്യനിർണ്ണയത്തെയോ അല്ല അത് പ്രദർശിപ്പിക്കുന്നത്, മറിച്ച് ഈ പ്രപഞ്ചം നമുക്കറിയാവുന്നത്തെക്കാൾ വിപുലമാണെന്നും ഒരുപക്ഷെ നമ്മൾ തന്നെ മറ്റൊരിടത്ത് സംഭവിക്കുന്നുണ്ട് എന്നുമാകാം. മത്തായി വർത്തമാനകാല ലോകത്ത് നിന്ന് പിന്മാറുമ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഈ അന്യലോകത്തിന്റെ ജീവിതം ചുരുളഴിയുന്നു. ഷെൽഫിൽ വര്ഷങ്ങളോളം ഇരുന്ന ഒരു പുസ്തകത്തെ ആദ്യമായി എടുത്തു നോക്കുന്നത് പോലെയും അതിൽ നമ്മുടെ ജീവിതത്തിന്റെ കഥയായിരുന്നു എന്ന് തിരിച്ചറിയുന്നത് പോലെയും ഉള്ള ഒരു കാഴ്ചയാണ് ഈ ചിത്രങ്ങളിൽ മത്തായി അവതരിപ്പിക്കുന്നത്. 



പ്രകൃതി ഇവിടെ മുറിവേൽക്കാതെ നിൽക്കുന്ന ഒരു ഇന്റർഫേസ് ആണെന്ന് പറയാം. അത് കേവലമായ പാശ്ചാത്തലമല്ല; അതൊരു വ്യവഹാരകേന്ദ്രമോ കർമ്മ രംഗമോ തന്നെയാണ്. എന്നാൽ ഒരു വ്യത്യാസം മാത്രം. ഈ ചിത്രങ്ങളെല്ലാം ദേജ വു ഫീലിംഗ് ഉണ്ടാക്കുന്നു; ഇതെല്ലം മുൻപെപ്പോഴോ നടന്നിട്ടുണ്ട്. നമ്മൾ അതിന്റെ ഭാഗമോ അതിനു ദൃക്‌സാക്ഷികളോ ആയിരുന്നു. എത്രമേൽ നോക്കുമോ അത്രമേൽ പരിചിതമാണ് ഇതിലെ രംഗങ്ങൾ ഓരോന്നും. പക്ഷെ എപ്പോൾ എവിടെ എങ്ങനെ നമ്മൾ അതിൽ ഭാഗമായി എന്നറിയാൻ കഴിയുന്നില്ല. മരിച്ചവൻ ഉയിർപ്പിക്കുന്നവനും, നാടുവിട്ടുപോകുന്നവനും, അറിവുകൊണ്ട് ഭ്രാന്ത് പിടിച്ചവനും ആരാധനാലയങ്ങളിലേയ്ക്ക് ഘോഷയാത്ര പോകുന്നവരും വഴിയിലിരുന്ന് നുണകൾ കൈമാറുന്നവരും എല്ലാം ഈ ചിത്രങ്ങളിൽ ഉണ്ട്. നമുക്ക് പരിചിതമായ ഒന്നാണെന്ന് തിരിച്ചറിയിക്കുവാൻ വേണ്ടിയാകണം മത്തായി അതിൽ വായിക്കാൻ കഴിയുന്ന ചില വാങ്മയ സൂചനകളും നൽകുന്നു. ഗോപിയ്ക്ക് അരിവാൾ ചുറ്റിക അടയാളത്തിൽ വോട്ടു ചെയ്യുക എന്ന് പറയുന്നു. അതെ സമയം, മറ്റൊരിടത്ത്, വിട്ടയയ്ക്കുക എന്ന് പറയുന്നു. വോട്ടും ജയിലും തമ്മിലുള്ള ഏതോ ഒരു വിചിത്ര ബന്ധം ഈ ചിത്രങ്ങളിൽ ഒരു സബ് ടെക്സ്റ്റായി നിൽക്കുന്നു. 





ഈ ചിത്രങ്ങളിൽ, നിറം കുറഞ്ഞു കാണപ്പെടുന്ന മനുഷ്യരും അവരുടെ കർമ്മങ്ങളുമെല്ലാം ചരിത്രത്തിൽ നിന്ന് ഇളകിയടർന്നു വരുന്നതാണെന്ന് തോന്നുമ്പോൾ, നമ്മൾ അവയിലുണ്ടായിരുന്നു എന്നറിയുമ്പോൾ ഉണ്ടാകുന്ന ചോദ്യമാണ്, ഇതിൽ ആരാണിപ്പോൾ ജീവിച്ചിരിക്കുന്നത്, നമ്മളോ അവരോ? മരിച്ചവരുമായുള്ള, അതാരാണെന്ന് അറിയില്ലെങ്കിലും ഒരു കൂടിക്കാഴ്ചയാണ്, ഒരു സംവാദമാണ്, ഒരു കൈകൊടുക്കലാണ് സീയൻസ് എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ആ ബന്ധത്തിന് ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല. ചിത്രത്തിൽ കാണുന്നവർ ജീവിച്ചിരിക്കുന്നവരെങ്കിൽ കാഴ്ചക്കാർ മരിച്ചവരുടെ സ്ഥാനം കരസ്ഥമാക്കുന്നു; നേരെ മറിച്ചെങ്കിൽ, മരിച്ചവരുടെ ലോകത്തേയ്ക്ക് കാഴ്ചക്കാർ ഇറങ്ങിക്കിച്ചെല്ലുന്നു. മിത്തുകളിലെല്ലാം പിതൃക്കളെയും മരിച്ചവരെയും തേടിയിറങ്ങുന്ന നായകരും നായികമാരും ഉണ്ട്. മരിച്ചവരെ കാണുക എന്നാൽ ചരിത്രത്തെയും അതിന്റെ ഉണ്മയെയും തിരിച്ചറിയുക എന്നതാണ്. മത്തായിയുടെ, ലോകമേ തറവാടിൽ പ്രദർശിപ്പിച്ചിരിക്കുന്ന വലിയ ചിത്രത്തിൽ സൂക്ഷ്മമായി നോക്കിയാൽ ഫാഹിയാനെയോ ഹുയാങ് സാങ്ങിനെയോ അനുസ്മരിപ്പിക്കുന്ന ഒരു സഞ്ചാരിയെ കാണാം. ചരിത്രത്തെ രേഖപ്പെടുത്തിയവരുടെ, നാടുകൾ കണ്ടു കാഴ്ചകൾ എഴുതി വെച്ചവരുടെ പ്രതിനിധിയെയാണ് ആ രൂപത്തിന്റെ ഉദ്ധരണിയിലൂടെ മത്തായി മുൻപോട്ട് വെയ്ക്കുന്നത്. 




മരിച്ചവർ നുണ പറയുന്നില്ല. മരിച്ചവരുടെ ശരീരങ്ങൾ ചരിത്രത്തിന്റെ തെളിവുകൾ അവശേഷിപ്പിച്ചു കാലത്തിൽ ജീർണ്ണിക്കാതെ കിടക്കുന്നു. അവർ ജീവിക്കുന്നവരെപ്പോലെ പെരുമാറുന്നു. അതെ സമയം ജീവിച്ചിരിക്കുന്നവരാകട്ടെ നുണകൾക്ക് മേൽ നുണകൾ പറഞ്ഞു കൊണ്ട് മരണത്തിലേയ്ക്ക് നീങ്ങുന്നു. മരണം സത്യത്തിലേയ്ക്ക് മനുഷ്യനെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു എന്ന് മത്തായി വിശ്വസിക്കുന്നുണ്ടെന്ന് ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നു. സത്യത്തിന്റെ സത്യത്തിന്റെ പ്രതീതി മാത്രമായി ചുരുക്കുന്ന സത്യാനന്തര കാലത്തിൽ സാധ്യമാകാവുന്ന ദൃശ്യാഖ്യാനങ്ങളിൽ ഏറ്റവും ആത്മാർത്ഥതയും തെളിമയും ഉള്ളതാണ് മത്തായിയുടെ ചിത്രങ്ങൾ എന്ന് പറയേണ്ടിയിരിക്കുന്നു. 


-ജോണി എം എൽ 




Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ