മഹത്വത്തിന്റെ ഏകാന്തത: എ രാമചന്ദ്രന്റെ ഗാന്ധി ചിത്രങ്ങളെക്കുറിച്ച്

 


(A Ramachandran. Pic by Satya Sai Mothadaka)

'ഗാന്ധി: മഹാന്റെ ഏകാന്തത' എന്നാണ് 2020 - ഡൽഹിയിലെ വദേര ഗ്യാലറിയിൽ രാമചന്ദ്രൻ അവതരിപ്പിച്ച ഇരുപതോളം രേഖാചിത്രങ്ങളുടെ പ്രദർശനത്തിന്റെ പേര്. 'ഗാന്ധിയുടെ ഏകാന്തത' എന്ന് പറഞ്ഞാൽ പോരേയെന്നു തോന്നും തലക്കെട്ട് വായിക്കുമ്പോൾ. ഗാന്ധി ഏകനായിരുന്നു; അനന്യനായിരുന്നു. സ്വന്തം സത്യാന്വേഷണ പരീക്ഷണങ്ങൾക്കിടയിൽ അദ്ദേഹം ഏകാന്തതയുടെ അനുഭവത്തെ നീട്ടി വെയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. മൗനവ്രതത്തിന്റെയും അനശനസമരങ്ങളുടെയും ദീർഘമായ ശ്രുംഖലകളിൽ അദ്ദേഹം തന്റെ ഏകാന്തതയെ കണ്ടെത്തിയിരിക്കാം. എന്നാൽ രാമചന്ദ്രൻ ചിത്രങ്ങൾക്ക് ഒന്നാകെ നൽകിയിരിക്കുന്ന തലക്കെട്ട് ശ്രദ്ധേയമാണ്. ഗാന്ധിജിയുടെ ഏകാന്തതയെ അത് ഫ്രെയിം ചെയ്യുന്നുണ്ട്. പക്ഷെ അതിനേക്കാളുപരി കലാകാരൻ ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത് മഹത്വം എന്ന ആരോപിതത്വത്തിനുള്ളിൽ ഒരു മനുഷ്യൻ എന്ന നിലയിൽ ഗാന്ധിജി അനുഭവിച്ച ഏകാന്തതയെയാണ്. ദിഗംബരശാലിയായി മനഃസാക്ഷിയുടെ കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുന്ന ഒരുവൻ അനുഭവിക്കുന്ന ഏകാന്തത.



 (Gandhi by A Ramachandran)


ഗാന്ധിജിയെ വരച്ചവർ ഏറെ. മഹത്വം ഏറുന്തോറും ദൃശ്യപ്രതിനിധാനത്തിനു ലാളിത്യം കൂടും എന്ന് പറയേണ്ടിയിരിക്കുന്നു. മഹാപരിചയത്തിന്റെ പരിസരത്തിൽ അവരെന്നും നിൽക്കുന്നത് കൊണ്ടാകാം മഹത്തുക്കളെയെല്ലാം ഒന്നോ രണ്ടോ വരകൊണ്ട് വരച്ചിടാൻ ഇന്നും കലാകാരന്മാർക്ക് കഴിയുന്നത്; ഗാന്ധി, ഐൻസ്റ്റൈൻ, ചെ ഗുവേര, ചാർളി ചാപ്ലിൻ. ഇവരെയൊന്നും വരയ്ക്കാൻ അധികം വരകളുടെ ആവശ്യമില്ലെന്ന് പരസ്യകലാകാരന്മാർക്കും അല്ലാതുള്ള കലാകാരന്മാർക്കും അറിയാം. കാർട്ടൂണിസ്റ്റ് രംഗയുടെ ഗാന്ധി ചിത്രങ്ങളെ എല്ലാവരും ഓർക്കുന്നതാണ്. ഒരു ചോദ്യചിന്ഹത്തിലോ വട്ടക്കണ്ണടയിലോ ഗാന്ധിജി പൂർണ്ണനാകുന്നു; അല്ലെങ്കിൽ ഒരു ഊന്നു വടിയിൽ. അന്ധർക്ക് കണ്ണുകളും , സന്ദേഹവാദികൾക്ക് ചോദ്യചിഹ്നവും, വിശ്വാസമില്ലാത്തവർക്ക് ഊന്നുവടിയുമായി ഗാന്ധി ഇന്നും തിരുത്തപ്പെട്ടും, പൊളിക്കപ്പെട്ടും, മാതൃകയാക്കപ്പെട്ടും തുടരുന്നു. രാമചന്ദ്രൻ ഗാന്ധിജിയെ വരയ്ക്കുന്നത് ഏകാന്തത കൊണ്ടാണ്; ഒരുപക്ഷെ ഗാന്ധിയെ വരച്ചാൽ ഇന്ത്യ ഇന്നും ഒരു കൂട്ടായ ബോധം എന്ന നിലയിൽ അനുഭവിക്കുന്ന ഏകാന്തതയെ തന്നെയാകും മഷിയായി ഉപയോഗിക്കാൻ കഴിയുക. ഏകാന്തതയെ വരച്ചാൽ ഗാന്ധിയോ ഗാന്ധിയെ വരച്ചാൽ ഏകാന്തതയോ ആകുന്ന അവസ്ഥ. നൂറു വർഷങ്ങളുടെ ഏകാന്തതയ്ക്ക് സമാന്തരമായി വടികുത്തിയൊരു നിഴൽ കടന്നു പോകുന്നു.



 


രാമചന്ദ്രൻ ഗാന്ധിയെ വരയ്ക്കാൻ തുടങ്ങിയിട്ട് വർഷം അമ്പത്തിമൂന്നായിരിക്കുന്നു. ദാണ്ഡി യാത്രയുടെ അമ്പതാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടു 1969-ലാണ്, ദണ്ഡി സ്മാരകത്തിന്റെ നിർമ്മിതിയുടെ ഭാഗമായി ഗാന്ധിയെ വരച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ മുന്നിൽ, തന്റെ വരകൾക്കാധാരമായി നന്ദലാൽ ബോസ് രചിച്ച വുഡ്കട്ടും രാംകിങ്കർ ബെയ്ജ് നിർമ്മിച്ച ഗാന്ധിശില്പവും ഉണ്ടായിരുന്നു. എന്നാൽ ഇവ രണ്ടിനും അതീതനായി മറ്റൊരു ഗാന്ധിയെ കണ്ടെത്താനായിരുന്നു രാമചന്ദ്രന്റെ ശ്രമം. കുറുകിയ ഉപ്പു പരൽ വാരാൻ ദണ്ഡി കടപ്പുറത്തു കുനിഞ്ഞു നിൽക്കുന്ന ഗാന്ധിയുടെ ചിത്രം, വടിത്തുമ്പു പിടിച്ചു കൊണ്ടോടുന്ന ബാലന്റെ പിന്നാലെ നടക്കുന്ന ഗാന്ധിയുടെ ചിത്രം. ഇവയൊക്കെ അനേകം ഫോട്ടോഗ്രാഫുകളിലൂടെ പൊതുബോധത്തിൽ ശക്തമായി നിന്നിരുന്ന ബിംബങ്ങളായിരുന്നു. അവയ്ക്കും അപ്പുറം എന്താണ്; ഏതൊരു ഗാന്ധിയെയാണ് താൻ കണ്ടെത്തേണ്ടത്? അതിനുള്ള ശ്രമങ്ങളായിരുന്നു പരമ്പരയ്ക്ക് പിന്നിൽ. ( ചിത്രങ്ങളിൽ ചിലത് ഞാൻ ക്യൂറേറ്റ് ചെയ്ത ഫ്രീഡം റ്റു വാക്ക് എന്ന പ്രദർശനത്തിൽ (2009 -2011) പ്രദർശിപ്പിച്ചിരുന്നു).



 


1969 മുതൽ ഇന്നോളവും രാമചന്ദ്രൻ ദീർഘമായ ഇടവേളകളിൽ എങ്കിലും ഗാന്ധിയെ ചിത്ര-ശില്പ രൂപങ്ങളിൽ ആവിഷ്കരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഗാന്ധിയൻ തത്വശാസ്ത്രത്തെ ഇഷ്ടപ്പെട്ടിരുന്നപ്പോൾ പോലും ഗാന്ധിമതമൗലിക വാദികൾ ആകാതിരിക്കാൻ ടാഗോറും, നന്ദലാൽ ബോസും, രാംകിങ്കറും, കെജിഎസും ശ്രമിച്ചിരുന്നതിന്റെ തുടർച്ച തന്നെ നമുക്ക് രാമചന്ദ്രനിലും കാണാൻ കഴിയും. ഗാന്ധിയെ ദൈവമായി ഉയർത്താതെ, ഗാന്ധിയുടെ തന്നെ മൗലികവാദപരമായ അനുഷ്ഠാന പ്രകടനങ്ങളിൽ (ritualistic performativities) വീണു പോകാതെ കലയിൽ അദ്ദേഹത്തെ എങ്ങനെ അവതരിപ്പിക്കാം എന്നതായിരുന്നു പല തലങ്ങളിൽ കലാകാരന്മാരെല്ലാം ശ്രമിച്ചത്. നന്ദലാൽ ബോസ് ഹരിപുര കോൺഗ്രസിൽ ഇന്ത്യയുടെ ഗ്രാമവൈവിധ്യത്തെയും തൊഴിൽ വൈവിധ്യത്തെയും  സൃഷ്ടിച്ചു. അത് ഗാന്ധിയെ വരയ്ക്കുന്നതിന് പകരമായെന്നു വേണമെങ്കിൽ പറയാം കാരണം ഇന്ത്യയുടെ ഗ്രാമീണസ്വത്വത്തെ തന്റെ ശരീരത്തിലേയ്ക്ക് ഉൾക്കൊണ്ടു കൊണ്ട് അതിനെ ഒരു rural performative body ആക്കുകയായിരുന്നല്ലോ അദ്ദേഹം.



 


രാംകിങ്കർ ബെയ്ജ് പൂർണ്ണമായ അർത്ഥത്തിൽ ഗാന്ധിയൻ ആയിരുന്നില്ല; ഗാന്ധിയൻ മൗലികവാദങ്ങളിൽ നിന്ന് അദ്ദേഹം അകന്നു നിന്നു. പക്ഷെ ഇന്ത്യയുടെ pastoral reality എന്തെന്ന് ബെയ്ജിന് അറിയാമായിരുന്നു. ഗാന്ധി-നെഹ്റു സംഘർഷം അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രയോഗത്തിലേയ്ക്ക് വരുന്നതിന് എത്രയോ മുൻപ് തന്നെ തന്റെ പ്രശസ്തമായ ശില്പങ്ങളിലൂടെ (സാന്താൾ ഫാമിലി, മിൽ കാൾ) ബെയ്ജ് മൂർത്തീകരിച്ചിരുന്നു. കെ ജി എസ് താത്വികാർത്ഥത്തിൽ ഗാന്ധിയൻ ആയിരുന്നു; ഇന്ത്യയുടെ കൈത്തറി സംസ്കാരം, കൈവേല പാരമ്പര്യം എന്നിവ പ്രയോഗതലത്തിൽ ഉന്നതകലയുമായി കൂട്ടിയിണക്കാനും ഒപ്പം അവയ്ക്കെല്ലാം ആധുനകതയിലേയ്ക്ക് സംക്രമിക്കാനുമുള്ള സാദ്ധ്യതകൾ അദ്ദേഹം തന്റെ മ്യൂറലുകളിലൂടെയും മേളകളിലൂടെയും തുറന്നിട്ടു. രാമചന്ദ്രൻ ആകട്ടെ ഗാന്ധിയെ ഒരു ധ്യാനസ്തംഭമായി പ്രതിഷ്ഠിക്കുന്നതിനൊപ്പം തന്റെ രേഖാചിത്രങ്ങളിൽ അതുവരെ ആരും കാണാതിരുന്ന ഒരു ഗാന്ധിയെ, ഗാന്ധിയുടെ ഏകാന്തതയെ, മഹത്വത്തിന്റെ ഉയരത്തിൽ കൊടിയ തണുപ്പും ഏകാന്തതയുമാണെന്ന് സൂചിപ്പിച്ചു കൊണ്ട് വരച്ചു വെച്ചു.



 


രേഖാചിത്രങ്ങൾ ഒരു സവിശേഷ കലാവിഭാഗം തന്നെയാണ്. ഡ്രോയിങ് എന്നറിയപ്പെടുന്ന ചിത്രങ്ങൾ പെയിന്റിങ്ങുകളുടെയോ ശില്പങ്ങളുടെയോ കേവലമായ ബ്ലൂ പ്രിന്റുകൾ അല്ല. പഠനങ്ങൾക്കായും പരിശീലനത്തിനായും വരച്ചു ശീലിക്കുന്നവയും അല്ല; എന്നാൽ രേഖാചിത്രങ്ങൾ എന്ന് പറയുമ്പോൾ ഇവയൊക്കെയും ആകാം എന്ന് കൂടിയുണ്ട്. രാമചന്ദ്രനെ സംബന്ധിച്ചിടത്തോളം പെയിന്റിങ് ആക്കി മാറ്റാൻ വേണ്ടി വരയ്ക്കുന്ന ബ്ലൂ പ്രിന്റുകൾ അല്ല രേഖാചിത്രങ്ങൾ. അവയ്ക്ക് അവയുടേതായ ഒരു സ്വയംനിർണ്ണയാവകാശം ഉണ്ട്. ഓട്ടോണമിയുടെ ഉള്ളിൽ നിന്ന് കൊണ്ട് ഒരു പരിപൂർണ്ണ കാലാവസ്തു ആവശ്യപ്പെടുന്ന ശ്രദ്ധ അവയ്ക്ക് നേടിയെടുക്കാൻ കഴിയും. കലാകാരനല്ലാതെ തനിയ്ക്ക് മറ്റൊന്നും ആകാൻ കഴിയില്ലെന്ന് പറയുന്ന ചിത്രകാരൻ താൻ ജീവിച്ചിരിക്കുന്നു എന്നുറപ്പു വരുത്തുന്നത് തന്നെ രേഖാചിത്രങ്ങൾ ചെയ്തു കൊണ്ടാണ്. അവയിൽ ചിലത് മാത്രമാണ് ഉടുത്തൊരുങ്ങി പെയിന്റിങ്ങുകളായി പുറത്ത് പോകുന്നത്. ഒരു മാസ്റ്റർ ക്രാഫ്റ്സ്മാൻ എന്ന നിലയിൽ രാമചന്ദ്രന് ശീലിക്കാനായി രേഖാചിത്രം വരയ്ക്കേണ്ടതില്ല. അത് അദ്ദേഹത്തിന്റെ being തന്നെയാണ്.



 


കൈവിറയ്ക്കുന്ന കാലങ്ങളിലാണ് വര വിറയ്ക്കുന്നതെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റി. രാമചന്ദ്രന്റെ പെയിന്റിങ്ങുകളും രേഖാചിത്രങ്ങളും മാത്രം മതി ഗാന്ധി പരമ്പരയിൽ ഒടുക്കത്തെ ചിത്രങ്ങളിൽ കാണുന്ന വിറയൽ കലാകാരന് വാർദ്ധക്യം കൊണ്ടോ വികാരവൈവശ്യം കൊണ്ടോ ഉണ്ടായതല്ല എന്ന് മനസ്സിലാക്കാൻ. ഗാന്ധിചിത്രങ്ങളിൽ കാണുന്ന വിറയ്ക്കുന്ന വരകൾ അല്ലെങ്കിൽ പ്രകമ്പിതമായ അതിരുകൾ കാന്തികപ്രഭാവത്തിലെ ഇരുമ്പുപൊടി പോലെ വന്നു കൂടുമ്പോൾ അവയ്ക്കുള്ളിൽ ഒരു ഗാന്ധി രൂപപ്പെട്ടു വരികയാണെന്ന് കാണാം. സമകാലത്തിന്റെ വിചിത്രപ്രകമ്പനങ്ങൾ ഒരുവനെ വിറപ്പിക്കുമ്പോൾ, 'ആപത്ത് കാലത്ത് എത്തിപ്പിടിക്കുന്ന ഒരു ഒരോർമ്മ പോലെ' ഉള്ളിൽ ഒരു ഗാന്ധിചിത്രം രൂപം കൊല്ലുന്നതാകാം. രാമചന്ദ്രൻ അവയെ ബോധപൂർവം അങ്ങനെ വരയ്ക്കുന്നതാണെന്നു തന്നെ കാണണമെങ്കിൽ അവയിലേക്ക് സൂക്ഷിച്ചു നോക്കിയാൽ മതി. ഒഴുക്കൻ വരകൾക്കു മുകളിൽ നേർത്ത മഷിപ്പാട് കൊണ്ടുണ്ടാക്കിയ കമ്പന രേഖാങ്കനങ്ങൾ. ഏകാന്തതയുടെ വരികൾക്ക് അലകളുടെ രൂപമാണെന്നാണോ? അതോ പ്രകാശം നേർ രേഖയിലല്ല, അലകളായാണ് സഞ്ചരിക്കുന്നത് എന്ന ശാസ്ത്രബോധം കൊണ്ടാണോ? അതോ ഏകാന്തതയുടെ കൊഴുത്തു കുറുകിയ ദ്രവത്തിനുള്ളിൽ ഒരു തർക്കോവ്സ്കിയൻ കഥാപാത്രത്തെപ്പോലെ ഗാന്ധി പൊന്തിക്കിടക്കുകയാണോ?

 


നന്ദലാൽ ബോസ് സൃഷ്ടിച്ച മാസ്കുലൈൻ (masculine) ഗാന്ധിയിൽ നിന്നൊരു ടേക്ക് ഓഫ് ആണ് രാമചന്ദ്രന്റെ ഗാന്ധി ചിത്രങ്ങൾ. ഏകാന്തനായി ഗാന്ധിയ്ക്ക് മേദസ്സൊഴിഞ്ഞ, ചുറുചുറുക്കുള്ള ശരീരം കൊണ്ടിപ്പോൾ ആവശ്യമില്ലായിരുന്നു. ഗാന്ധി എന്നത് ഒരു ആശയമായി, അലയായി രാമചന്ദ്രനിൽ വന്നു ചേരുന്നു. ആശയത്തിന്റെ സംപൂർത്തിയെന്നോണം അവയ്ക്കെല്ലാം മസ്തിഷ്കത്തിന്റെ മടക്കുകളെ ഓർമ്മിപ്പിക്കാൻ കഴിയുന്നു. ശരീരത്തിന്റെ പ്രകടനത്തിലല്ല, മസ്തിഷ്കം കൊണ്ടുള്ള ആലോചനയിലാണ് ഗാന്ധിയെന്ന് രാമചന്ദ്രൻ പറയുന്നത് പോലെ. അവയോരോന്നും ഓരോ കമ്പ്യൂട്ടർ സർക്യൂട്ടുകളെ അനുസ്മരിപ്പിക്കുന്നു. ഒരു ബിന്ദുവിൽ നിന്ന് മറ്റൊന്നിലേക്ക് ആശയങ്ങൾ നൊടിയിടയിൽ സംവേദനം ചെയ്തു പോകുന്നു. വിർച്വൽ സ്പേസിൽ എല്ലാ കളികളും ഒടുങ്ങുമ്പോൾ ഗാന്ധി എന്ന ഏറ്റവും സങ്കീർണ്ണമായ കളിയിലേക്ക് തിരികെപ്പോകാൻ മനുഷ്യനെ ചിത്രങ്ങളിലൂടെ രാമചന്ദ്രൻ പ്രേരിപ്പിക്കുകയാണെന്ന് തോന്നും. രാംകിങ്കറിന്റെ ശില്പങ്ങളിൽ (ടാഗോർ ആകട്ടെ ഗാന്ധിയാകട്ടെ) ശിരസ്സ് കുനിഞ്ഞാണ് കാണപ്പെടുന്നത്. പരാജിതരായതുകൊണ്ടാണ് എന്ന് പറയാൻ കഴിയുകയില്ലെങ്കിലും ആത്മാവിൽ മാത്രം അഭയം തേടേണ്ടി വന്നവരാണ് ലോകത്തിനു വേണ്ടി കരുതൽ കാട്ടിയ മഹത്തുക്കളെല്ലാം. അവനവനിലേക്കുള്ള നോട്ടം തന്നെയാണിതിന് കാരണം. രാമചന്ദ്രൻ ചിത്രരചനയ്ക്കായി തെരെഞ്ഞെടുത്ത ഓർമ്മചിത്രങ്ങളിലെല്ലാം ഗാന്ധി തല കുനിച്ചിരിക്കുന്നു. സൂക്ഷ്മദര്ശിനിയിലൂടെ നോക്കുന്നില്ല അദ്ദേഹം, ഐനിസ്റ്റിനുമായി ചിരിക്കുന്നില്ല, ചാപ്ലിനുമായി കളിക്കുന്നില്ല, ചർച്ചിലുമായി നിഷ്കളങ്കനാകുന്നില്ല. അദ്ദേഹം തല കുനിച്ചിരിക്കുന്നു; ആലോചനാമഗ്നനാണ് രാമചന്ദ്രന്റെ ചിത്രങ്ങളിൽ ഗാന്ധി. ചിന്താബന്ധുരനായ അദ്ദേഹത്തെ ഗുരുത്വബിന്ദുവിൽ നിന്ന് പുറത്തെടുക്കാൻ രാമചന്ദ്രൻ രണ്ടാം പകുതിയിൽ ശ്രമിക്കുന്നു. അംഗങ്ങളായി, ശിരസ്സായി, കൈയായി, ഊന്നു വടിയായി, കാലായി അങ്ങനെ ശ്ലഥകാലത്തിലെ ശ്ലഥരൂപങ്ങളായി, കാണുന്നവർക്ക് ബാക്കി പൂരിപ്പിക്കുവാൻ ഇട്ടുകൊടുക്കുകയാണ് രാമചന്ദ്രൻ. കൈത്തറിക്കടയിലെയോ സർക്കാർ ഓഫിസിലെയോ പോലീസ് സ്റ്റേഷനിലെയോ വലതുപക്ഷത്തിന്റെ പ്രചാരണപോസ്റ്ററുകളിലെ ചരിത്രവിരുദ്ധതയിലോ കാണുന്ന ഗാന്ധിയല്ല രാമചന്ദ്രനിലെ ഗാന്ധി. അതൊരുപക്ഷേ നമ്മളിൽ നാം അന്വേഷിക്കുന്ന, നമുക്ക് ആകുവാൻ ഏറെ പണിപ്പെടേണ്ടി വരുന്ന ഒരു ഗാന്ധിയുടെ ചിത്രമാണ്. ദീർഘദൂരഓട്ടക്കാരന്റെ ഏകാന്തതയാണ് ഗാന്ധിയുടേത്; കൈയടിയോ വാർത്തകളോ ഒന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. ചരിത്രത്തിന്റെ, ഉപേക്ഷിക്കപ്പെട്ട ഒരു നഗരപാതയിലൂടെ മുടിഞ്ഞുപോയ ഗ്രാമങ്ങളിലേക്ക് അദ്ദേഹം നടന്നു കൊണ്ടിരിക്കുന്നു. ഒന്നോർത്താൽ രാമചന്ദ്രൻ എന്ന ചിത്രകാരന്റെ അപരസ്വത്വം എന്ന നിലയിൽത്തന്നെ ഗാന്ധി ചിത്രങ്ങളിൽ ആത്മസ്വരൂപമോരുന്നു; ഡൽഹിയിൽ നിന്ന് ബാനേശ്വറിലേക്കുള്ള അദ്ദേഹത്തിന്റെ ഏകാന്തയാത്രകൾ എന്ന പോലെ.

 

--ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ