പോൾ ഗോഗാന് കിഴക്കു നിന്നൊരുത്തരം: ചമേലിയുടെ 'പൂക്കൾ വിടരും, കൊഴിയും, വീണ്ടും വിടരും' എന്ന ചിത്രപരമ്പരയെ കുറിച്ച്:

 


 (Chameli Ramachandran)

രണ്ടായിരത്തി ഒന്ന് ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ്  'പൂക്കൾ വിടരും, കൊഴിയും, വീണ്ടും വിടരും' (Flowers Bloom, Flowers Wither Away, Flowers Bloom Again) എന്ന പേരിൽ മുതിർന്ന കലാകാരിയായ ചമേലി രാമചന്ദ്രന്റെ ഏറ്റവും പുതിയ ഏകാംഗ പ്രദർശനം ഡൽഹിയിലെ വദേരാ ഗ്യാലറിയിൽ നടന്നത്. ചൈനീസ് ഇങ്കും വാട്ടർ കളറും ഉപയോഗിച്ച് കടലാസിൽ വരച്ചിട്ടുള്ള ചിത്രങ്ങൾ ചമേലി രാമചന്ദ്രന്റെ സ്വകീയ ശൈലിയെന്ന്പ്രശസ്തി നേടിയ അതേ ശൈലിയിൽ ഉള്ളവ തന്നെയാണ്. ജനനം കൊണ്ട് ബംഗാളിയെങ്കിലും (അതുവഴി ഇന്ത്യക്കാരിയെങ്കിലും) ജനിതകം കൊണ്ട് ചീനത്തിന്റെ സാംസ്കാരിക സ്വത്വം ഉള്ളിൽ പേറുന്ന കലാകാരിയാണ് മലയാളത്തിന്റെ മരുമകൾ കൂടിയായ ചമേലി രാമചന്ദ്രൻ (പ്രശസ്ത ചിത്രകാരൻ രാമചന്ദ്രന്റെ സഹധർമ്മിണിയാണ് ചമേലി). ചീനത്തിന്റേതെന്ന് മാത്രം പറഞ്ഞാൽ അതല്പം ചുരുങ്ങിപ്പോകും. പൗരസ്ത്യദേശങ്ങളുടെ പ്രാചീനമായ (അല്ലെങ്കിൽ പ്രാഗ്-ആധുനികമായ) പ്രകൃതി തത്വചിന്തകൾ, ബൗദ്ധചിന്തയുടെ സൗമ്യസമീപനങ്ങൾ ഒക്കെയും ചമേലിയുടെ വ്യക്തിത്വത്തിലും ചിത്രങ്ങളിലും നിറസാന്നിധ്യമായിരിക്കുന്നു. ടാഗോറിന്റെ മടിയിലിരുന്ന് ചമേലി എന്ന പൂവിന്റെ പേര് കവിയുടെ ചുണ്ടുകൾ ഉച്ചരിക്കുന്നത് അത്ഭുതത്തോടെ കേട്ടിരുന്ന കുട്ടി വലുതാകുമ്പോൾ പുഷ്പങ്ങൾ മാത്രം വരയ്ക്കുന്ന ഒരു കലാകാരി ആകുമെന്ന് ആരറിഞ്ഞു (ആരറിവൂ ഭവതിയുടെ മോഹനശൈലി എന്ന് ജി യുടെ ടാഗോർ സംസ്കാരത്തിൽ നിന്നുകൊണ്ട് പറയാം).

 



പ്രദർശനത്തിലെ ചിത്രങ്ങളെ വീണ്ടും വീണ്ടും എന്റെ ലാപ്ടോപ്പിലെ സ്ക്രീനിൽ വരുത്തി നോക്കുമ്പോൾ ഒരുപിടി സംസ്കാരങ്ങൾ (ലോക്നാഥ് ഈശ്വരൻ എന്ന ആത്മീയ തത്വചിന്തകൻ സംസ്കാരം എന്ന വാക്കിനെ, യുങ് ഒക്കെ പറയുന്നത് പോലുള്ള കളക്ടീവ് അൺകോൺഷ്യസ് എന്ന അർത്ഥത്തിൽ, നമ്മളിലേക്ക് വന്നു ചേരുന്ന സംസ്കാരത്തിന്റെ സൂക്ഷ്മകണങ്ങൾ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. അർത്ഥത്തിലാണ് ഞാ ഇവിടെ വാക്ക് ഉപയോഗിക്കുന്നത്) അവയിൽ പ്രത്യക്ഷപ്പെടുന്നത് കാണുന്നു. ഒന്നാമതായി, വളരെ സൂക്ഷിച്ചു നൽകിയ പ്രദർശനത്തിന്റെ പേര് നോക്കുക; പൂക്കൾ വിടരും, കൊഴിയും, വീണ്ടും വിടരും. അതൊരു വളരെ സൗമ്യധീരമായ പ്രസ്താവനയാണെന്ന് പറയാം. പക്ഷെ കലാചരിത്രത്തിന്റെ ജാലകം തുറന്നു നോക്കുമ്പോൾ അതൊരു പ്രസ്താവനയായല്ല മറിച്ച് ഒരു വലിയ താത്വിക പ്രശ്നത്തിന്റെ കലാവിഷ്കാരം ഉയർത്തിയ വിപുലമായ ചർച്ചകൾക്കുള്ള ജനിതകശാസ്ത്രപരമായ മറുപടി കൂടിയായി കാണാം. ഞാനുദ്ദേശിക്കുന്നത് പോൾ ഗോഗാൻ വരച്ച മാസ്റ്റർപീസ് എന്ന് കരുതുന്ന ചിത്രമായ 'നാമെവിടെ നിന്ന് വരുന്നു? ആരാണ് നമ്മൾ? നമ്മൾ എങ്ങോട്ടാണ് പോകുന്നത്?' ഉയർത്തുന്ന ദർശിനിക സമസ്യയെയാണ്.

 



ജനിതകശാസ്ത്ര പഠനം ഇത്രയും പുരോഗമിച്ചു നിൽക്കുന്ന ഒരു കാലയളവിൽ ഡേവിഡ് റീച്ചിനെ പോലുള്ള ജനിതകശാസ്ത്രജ്ഞർ ഗോഗാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകി കഴിഞ്ഞു. ജനിതക ശാസ്ത്രം അപ്പാടെ പറയുന്നത് അത്തരം ചോദ്യങ്ങൾക്ക് ഒരു പരിധി കഴിയുമ്പോൾ അർഥം ഇല്ലാതാകുമെന്നാണ്. എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിന് സാംഗത്യമുണ്ട്. നമ്മൾ ആരാണെന്ന ചോദ്യത്തിന്, നാം ജീവിലോകത്തിലെ മറ്റൊരു സ്പീഷീസ് മാത്രം ആണെന്നാണ് ഉത്തരം.. എങ്ങോട്ടു പോകുന്നു എന്ന് ചോദിച്ചാൽ മരണത്തിലേയ്ക്ക് അല്ലെങ്കിൽ പരിണാമത്തിന്റെ അനുസ്യൂതിയിലേക്ക് എന്നാണ് ഉത്തരം. പക്ഷെ മനുഷ്യൻ എന്ന ജീവിയ്ക്ക് ബോധം എന്ന ഒരു സംഗതി ഉള്ളതിനാൽ അവൻ അവന്റെ ജീവിതത്തിന്റെ 'ഉദ്ദേശ്യം' എന്താണെന്ന് നിരന്തരം ചോദിച്ചു കൊണ്ടിരിക്കും (ഇവിടെ അവൻ എന്ന് പറയുമ്പോൾ അവളും ട്രാൻസും ഒക്കെ ഉൾപ്പെടും).

 



'ചിന്തിക്കുന്നതിനാൽ ഞാൻ ഉണ്ട്' എന്നതാണ് കാർട്ടേസിയൻ ദ്വന്ദവാദം. ചിന്ത എന്നത് ബോധമണ്ഡലത്തെ കുറിയ്ക്കുന്നു. ബോധം ആണ് മനുഷ്യനെ വസ്തുലോകത്തിലെ ഒരു പിണ്ഡം ആയും ജൈവമായ ഒരു നിര്വാഹകഘടകമായും രണ്ടായി നിർത്തുന്നത്. ചിന്ത ഉദ്ദേശ്യത്തെ സൃഷ്ടിക്കുന്നു. പാശ്ചാത്യമായ മാനവികതാവാദം അപ്പാടെ, പ്രത്യേകിച്ച് നവോത്ഥാനകാലത്തിനു ശേഷം ഉണ്ടായ ചിന്ത മുഴുവനും മനുഷ്യൻ എന്ന കേന്ദ്രപ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഉണ്ടായിരിക്കുന്നത്. ആത്മീയത പോലും നിലനിൽക്കുന്നത് പൊതുവായ അർത്ഥത്തിൽ നിലനിൽക്കുന്നത് മനുഷ്യന്റെ ആത്മീയത എന്ന നിലയിലാണ്. അത്തരം ഒരു സാഹചര്യത്തിൽ മാത്രമേ ഗോഗാനെപ്പോലൊരു കലാകാരന് മനുഷ്യന്റെ പരിണാമയാത്രകളെക്കുറിച്ച് അത്തരം ഒരു ചോദ്യം ഉയർത്താൻ കഴിയൂ. ചോദ്യത്തിന് അതായത് പാശ്ചാത്യം- പൗരസ്ത്യം എന്ന വിപരീത ദ്വന്ദങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടെന്ന നിലയിൽ ഒരു ഉത്തരമാണ് ചമേലി നൽകുന്നത്. ആലങ്കാരികമായി അവർ പറയുന്നത് പൂക്കൾ വിടരും, പൂക്കൾ കൊഴിയും, പൂക്കൾ വീണ്ടും വിടരും എന്നാണ്.

 



ഇപ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാവുകയാണ്. പൂക്കൾ എന്ന് പറയുന്നതോടെ ചമേലി പരിണാമ വ്യവഹാരത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്ന് മനുഷ്യനെ മാറ്റിനിർത്തുന്നു. അതോടെ പൂക്കൾ എന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള സകലജീവജാലങ്ങളുടെയും പ്രാതിനിധ്യം വഹിക്കുന്ന ഒരു സറോഗേറ്റ് രൂപമാകുന്നു. ഒരുപക്ഷെ ജനിതകശാസ്ത്രത്തിന്റെ സൗന്ദര്യരഹിതമായ കടന്നു കയറ്റങ്ങൾക്ക് സമാന്തരമായി നടന്നുകൊണ്ട് അതിനു നഷ്ടമാകുന്ന വൈകാരികവും ആത്മീയവുമായ വസ്തുനിഷ്ഠതയും കരുണയും ചമേലി ഉത്തരത്തിൽ അല്ലെങ്കിൽ ചിത്രങ്ങളിൽ കൊണ്ട് വരുന്നു. ജനിതകശാസ്ത്രം പറയുന്നത് പരിണാമത്തിനു സവിശേഷമായ ഉദ്ദേശ്യങ്ങൾ ഇല്ലെന്നാണ്; ചമേലി വിദൂരമായ ഒരു അർത്ഥത്തിൽ അത് തന്നെയാണ് പറയുന്നത്. പക്ഷെ ചമേലിയുടെ ചിത്രങ്ങൾ പറയുന്നത് കുറേക്കൂടി താത്വികവും കരുണാനിർഭരവും മനുഷ്യനൊപ്പം സർവ്വതിനേയും ചേർത്തു പിടിക്കുന്നതുമാണ്. പൂക്കൾ വിടരും കൊഴിയും  (ഇനിയും ഋതുക്കൾ മാറും വർഷം വരും വേനൽ വരും, അപ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം എന്ന് കവി). പക്ഷെ തന്റെ ചിത്രങ്ങളിലൂടെ ചമേലി പറയുന്നത് അവ വീണ്ടും വിടരും എന്നാണ്. അതൊരു പ്രതീക്ഷയാണ്; മനുഷ്യൻ മാത്രമുള്ള ഒരു ലോകത്തിന്റെ പ്രതീക്ഷയല്ല, പരിണാമത്തിലൂടെ വീണ്ടും വിടരുന്നതിനെല്ലാം നൽകുന്ന പ്രതീക്ഷയാണത്.

 


ഉദ്ദേശമില്ലാതെ പരിണമിക്കുക എങ്കിലും പരിണമിച്ചെത്തുന്ന ഒന്നിലേയ്ക്കുള്ള ഒരു നാഴികക്കല്ലാകാൻ ഏതു ജന്മത്തിനും കഴിയുമല്ലോ (പഴുത്തൊരില  ഒരു പാഴ്ത്തൂവൽ നിജകൃത്യം നിറവേറ്റിയിട്ടന്യമാവുന്നൂ കൊഴിയുന്നൂ എന്ന് എൻ വി). കൊഴിയുമ്പോൾ അതിൽ ഒരു ദുഃഖം അടങ്ങുന്നു. അതുകൊണ്ടാണ് ചമേലിയ്ക്കും മുൻപ് കുമാരനാശാൻ വീണപൂവ് എന്ന കവിതയിൽ അതൊക്കെയും ഒതുക്കിയത്. "കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലര് വിസ്മൃതമാകുമിപ്പോൾ, എണ്ണീടുകാർക്കുമിതുതാൻ ഗതി സാധ്യമെന്ത് കണ്ണീരിനാൽ, അവനി വാഴ്വ് കിനാവ് കഷ്ടം" എന്നദ്ദേഹം കവിത അവസാനിപ്പിക്കുന്നു. അതായത് കുമാരനാശാൻ സംബന്ധിച്ചിടത്തോളം പൂവ് മിഴിയുള്ളവർക്കൊക്കെ നോക്കിനിൽക്കാനുള്ള അവസരം സൃഷ്ടിച്ചിരുന്നതാണ്. പക്ഷെ അതും വീഴും. വീഴ്ചയിൽ അദ്ദേഹം ദുഃഖിക്കുന്നു. മരണം എന്നത് അദ്ദേഹം അല്പം ഭീതിയോടെ കാണുന്ന ഒന്നാണ്. അനിവാര്യമായ അതിനെ അദ്ദേഹം ഒരു ഭൗതികയാഥാർഥ്യം മാത്രമായി കാണുന്നു (കരുണയിൽ, ലീലയിൽ, നളിനിയിൽ, ചിന്താവിഷ്ടയായ സീതയിൽ എല്ലാം. മരണം ഒഴിവാക്കാൻ കഴിയാത്ത  ഒന്നാണെന്ന ബുദ്ധ തത്വമാകണം അദ്ദേഹത്തെ നയിച്ചത്). എന്നാൽ തിബത്തൻ ബുദ്ധിസത്തിലും മിലരെപ്പയുടെ തത്വത്തിലും എല്ലാം മരണം ആണ് ജീവിതത്തിന്റെ ലക്ഷ്യം എന്ന നിലയിലാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ജീവിക്കുന്ന ഓരോ നിമിഷവും മരണത്തെ സ്വീകരിക്കാനുള്ള തയാറെടുപ്പാണ് (മഹാഭാരതത്തിൽ മരണം കൊണ്ടുണ്ടാകുന്ന അലമുറകളും യുധിഷ്ഠിരന്റെ അവസാന പാരവശ്യവും ഒക്കെ മരണത്തെക്കുറിച്ചുള്ള തിബത്തൻ പുസ്തകത്തിന് അന്യമാണ്). ചമേലി തിബത്തൻ ബുദ്ധിസവും ജാപ്പാനീസ്ബുദ്ധിസവും ഉയർത്തിപ്പിടിക്കുന്ന മരണം എന്ന പ്രതിഭാസത്തിന്റെ (അതൊരു മറുജന്മത്തിലേക്കുള്ള, കൂടുതൽ ഉദാത്തമായ മറുജന്മത്തിലേക്കുള്ള, ബുദ്ധനിലേയ്ക്ക് ഒരുപടി കൂടി അടുക്കാനുള്ള ഒരു വാതിലാണ് എന്ന തത്വചിന്തയുടെ) അനുസ്യൂതിയെയാണ് കാട്ടുന്നത് എന്ന് കാണാം.

 


ഷിൻസുകെ ഹൊക്കുസാവ എഴുതിയ സെൻ വിസ്ഡം ഫോർ ദി ആംക്ഷ്യസ് (ഉത്കണ്ഠാകുലർക്കുള്ള ധ്യാനബുദ്ധ ജ്ഞാനം)  എന്നൊരു പുസ്തകത്തിൽ (ഇക്കിഗായ് പോലുള്ള പുസ്തകങ്ങളും അവസരത്തിൽ ഓർക്കാം) സത്യം നമ്മുടെ അടുത്ത് ഏറ്റവും ലളിതമായ കാര്യങ്ങളിൽ ഉണ്ടെന്ന് പറയുന്നുണ്ട്. അതിൽപ്പറയുന്ന ചില വരികൾ ഇവിടെ എഴുതാം: "നേരത്തെയോ താമസിച്ചോ വിടരുന്ന പൂക്കൾ; ആകർഷകമോ വികർഷകമോ ആയ പൂക്കൾ, നീണ്ടതോ കുറിയതോ ആയ തണ്ടുകൾ; എല്ലാം ശരി തന്നെ." വരികളെ എവിടെ വരെ കൊണ്ട് ചെല്ലാം? വംശ, വർഗ്ഗ, ജാതി, ലിംഗ വിവേചനകളുടെ ഉത്തരം കണ്ടെത്താൻ വരെ (ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ എന്ന് ശ്രീനാരായണ ഗുരു). "പൂക്കൾ അവയുടെ ജീവന്റെ ശക്തിയെയാണ് വിടർത്തുന്നത്. അവ വിടരുന്നതിന് ഒരു കാരണവുമില്ല." (ഇവിടെ ശാസ്ത്രജ്ഞന്മാർ എതിർപ്പ് പ്രകടിപ്പിക്കും പരാഗണത്തിനു വേണ്ട ആകർഷണോപാധിയാണ് പൂക്കളും അവയുടെ നിറങ്ങളും എന്ന് വാശി പിടിക്കുമവർ. അതിൽ തെറ്റില്ല). ജപ്പാനിൽ ചെറിപ്പൂക്കൾ വിടരുന്ന വസന്തകാലം വളരെ പ്രധാനമാണ്. ഓരോ പൂക്കളെയും അവർ നോക്കി നിൽക്കും. വിടരുന്നതിനെയും, വിടർന്നവയെയും, അടർന്നവയെയും. ജീവിതം ക്ഷണിക്കാമെങ്കിലും സുന്ദരമെന്നും എന്നാൽ സുന്ദരമായിരിക്കുക എന്നതാണ് ജീവശക്തിയെന്നും നിശബ്ദ പുഷ്പാധ്യാനം ഓരോ മനുഷ്യനെയും പഠിപ്പിക്കുന്നു. ജീവിതം എന്ന കൊടിയെ പറപ്പിക്കുന്നത് ജീവൻ എന്ന കാറ്റാണ്. അതിനെ ആർക്കും അധികമോ കുറച്ചോ ഊതാൻ കഴിയുകയില്ല. ചമേലി പൂക്കളെ വരയ്ക്കുമ്പോൾ തത്വങ്ങളെ എല്ലാം ഒരുമിച്ചു കൊണ്ട് വരികയാണ്. ഗോഗാന് സംശയം മനുഷ്യരെല്ലാം എങ്ങോട്ട് പോകുന്നു എന്നായിരുന്നു? എങ്ങോട്ടും പോകുന്നില്ല, അവർ പൂക്കളെപ്പോലെ വീണ്ടും വിടർന്നു കൊണ്ടേയിരിക്കുന്നു എന്ന് ഇങ്ങു കിഴക്ക് മറ്റൊരു കാലത്തിലിരുന്ന് ചമേലി ഗോഗാനോട് ഉത്തരം പറയുന്നു. ഒരുപക്ഷെ ഇത് അവരുടെ ഭർത്താവായ രാമചന്ദ്രന് കൊടുക്കുന്ന ഒരുത്തരം കൂടിയാണ്. ജീവിതത്തെ ഉഷസ്, മദ്ധ്യാഹ്നം, സന്ധ്യ എന്നിങ്ങനെ പകുത്ത് യായതിയിലൂടെ മനുഷ്യജീവിതത്തിന്റെ നശ്വരതയെ എടുത്തു കാട്ടുകയായിരുന്നു ഗോഗാനെപ്പോലെ രാമചന്ദ്രനും.

 



ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തുവാൻ മൃത്യുവെന്ന വിജിഗീഷുവിനു കഴിയില്ലെങ്കിൽ പിന്നെ മൃത്യുവിന് എന്ത് വിജയമാണുള്ളത്? മൃത്യു ഒരു അവസരമാണെന്നു കരുതുന്ന തത്വചിന്തയ്ക്കാൻ ചമേലി പ്രാധാന്യം നൽകുന്നത്. മൃത്യു സർവ്വതിനും ഉള്ളതാണ്. (മൃത്യുവിന്റെ വാതിൽ കടന്നു അവ മറ്റു ലോകങ്ങളിൽ ചെന്ന് ചേരുന്നു എന്ന് ജ്ഞാനപ്പാന). ഇവിടെ ചമേലി പൂക്കൾ മാത്രമല്ല വീണ്ടും വിടരുമെന്നു പറയുന്നത്; സർവ്വചരാചരത്തിനും വിടരാനുള്ള ജീവശക്തി ഉണ്ടെന്നു പറയുന്നതോടെ ചമേലി ഉത്തരമാനവികതാവാദി ആയി മാറുന്നു; അതിനു അവർ അതിന്റെ സിദ്ധാന്തങ്ങൾ അറിയണമെന്നില്ല. ജ്ഞാനികൾക്കും ജ്ഞാതികൾക്കും 'പൂവല്ലി പുല്ലുപുഴു പിപീലികാന്തത്തിന്റെ' തുടിപ്പുകൾ അറിയാൻ കഴിയും. അങ്ങനെയുള്ളവർ അവസരവാദികളോ ഭീരുക്കളോ ആകില്ല. കാരണം നരിയും നാരിയും ഓരിയും എല്ലാം പരിണാമചക്രത്തിൽ പ്രധാനമാണെന്ന് അറിയുന്നു. ചമേലിയുടെ ലാളിത്യത്തോടെ കല ചെയ്യുവാൻ മരണത്തോട് പകിട കളിക്കുന്ന പടനായകന്റെ മുഖത്തെ പുഞ്ചിരി വേണം; അപ്പോൾ മരണത്തിനും പുഞ്ചിരിക്കാൻ കഴിയും. മാദകത്വം നിറയുന്ന പെണ്ണിന്ദ്രിയമായി പൂവിനെ അവതരിപ്പിക്കുന്ന കലയുടെ പതിവ് രീതികളിൽ നിന്ന് (ജോർജിയ കീഫെയുടെ ചിത്രങ്ങൾ കാണുക) മാറി ചമേലി പൂക്കളെ ബുദ്ധമുഖമെന്നപോലെ (അവലോകിതേശ്വര പദ്മപാണിയെപ്പോലെ) അവതരിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു.

 

-ജോണി എം എൽ

 

 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ