കിഴുവലം പഞ്ചായത്ത് നടത്തിയ ഹരിതകർമ്മ സേനാ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ഞാൻ നടത്തിയ ഈ പ്രഭാഷണം ചിലർക്കെങ്കിലും കൗതുകം ഉണ്ടാക്കിയേക്കും എന്നുള്ളതിനാൽ ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നു:

 കിഴുവലം പഞ്ചായത്ത് നടത്തിയ ഹരിതകർമ്മ സേനാ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ഞാൻ നടത്തിയ ഈ പ്രഭാഷണം ചിലർക്കെങ്കിലും കൗതുകം ഉണ്ടാക്കിയേക്കും എന്നുള്ളതിനാൽ ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നു: 



ബഹുമാന്യരേ, കിഴുവലം പഞ്ചായത്ത് നടത്തുന്ന ഹരിതകർമ്മ സേനയുടെ ഈ സവിശേഷ പരിപാടിയിലേയ്ക്ക് എന്നെ ക്ഷണിച്ചതിനു നന്ദി പറഞ്ഞു കൊണ്ട് ഞാൻ എന്റെ ചെറിയ പ്രഭാഷണം ആരംഭിക്കാം. മുഖ്യപ്രഭാഷണം ഏറ്റവും ഒടുവിൽ ആവുക എന്ന ഒരു വൈപരീത്യം സംഭവിച്ചതിനാൽ എനിയ്ക്കിപ്പോൾ ഓർമ്മ വരുന്നത് ഉണ്ണായി വാര്യരെയാണ്; അദ്ദേഹം നളചരിതത്തിൽ ഇങ്ങനെ പറയുകയുണ്ടായി, പഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ? അതായത്, വെള്ളമൊക്കെ ഒഴുകിപ്പോയിട്ട് അണ കെട്ടിയിട്ട് എന്താണ് കാര്യം എന്ന്. ഉദ്‌ഘാടനവും സമ്മാനദാനവും കഴിഞ്ഞപ്പോൾ ഏകദേശം സദസ്സിന്റെ അമ്പതുശതമാനത്തിലധികം കുറഞ്ഞു പോയ സ്ഥിതിയ്ക്ക് ഒരു ദീർഘമായ മുഖ്യപ്രഭാഷണത്തിന് ഞാൻ മുതിരുന്നില്ല. 


കേരളത്തിന് അഭിമാനിയ്ക്കാവുന്ന ഒരു മാതൃകയാണ് കിഴുവലം പഞ്ചായത്ത് കാട്ടിയതെന്ന് ഈ വേദിയിൽ ഇരിക്കാൻ തുടങ്ങിയത് മുതൽ എനിയ്ക്ക് തോന്നുകയായിരുന്നു. ഈ വേദിയിലും സദസ്സിലും തൊണ്ണൂറ്റിയഞ്ചു ശതമാനത്തിലധികം സ്ത്രീകളാണ്. പൊതുവെ കേരളത്തിലെ പൊതു സമ്മേളനങ്ങളിൽ സ്ത്രീകളുടെ എണ്ണം തുലോം കുറവായിരിക്കും. ആ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ കിഴുവലം ഒരു മാതൃക തന്നെയാണ് കിട്ടിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ സംസാരിക്കാൻ നിൽക്കുമ്പോൾ എന്റെ അഭിപ്രായത്തിൽ ചെറിയൊരു മാറ്റം ഉണ്ട്. കിഴുവലം പഞ്ചായത്തിന് ഈ ഒരു സദസ്സ് ഒരു അപമാനമാണ് എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. കാരണം സമൂഹത്തിലെ ജൈവാജൈവ മാലിന്യം സംസ്കരിക്കുക എന്നതിനെ ലക്ഷ്യമാക്കി നടത്തുന്ന ഒരു പരിപാടിയിൽ സ്ത്രീകൾ മാത്രമാണ് പങ്കെടുക്കുന്നത് എന്ന് പറയുന്നത് അത്ര പുരോഗമനപരമായ ഒരു സംവിധാനത്തെയല്ല ചൂണ്ടിക്കാട്ടുന്നത്. 


നമ്മൾ ജനാധിപത്യത്തെ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സംവിധാനം എന്നാണ് നിർവചിക്കുന്നത്. കേരള സമൂഹത്തെ നമുക്ക് ഒരു പക്ഷെ പുരുഷൻമാർക്കായി പുരുഷന്മാരാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരുഷാധിപത്യ സംവിധാനം ആണ് എന്ന് നിർവചിക്കേണ്ടി വരും; കുറഞ്ഞപക്ഷം മാലിന്യ നിർമ്മാർജ്ജനത്തിന്റെ കാര്യത്തിലെങ്കിലും. നമ്മൾ ഇന്ന് ജീവിക്കുന്നത് എക്സെസ് അഥവാ അമിതത്വത്തിന്റെ കാലയളവിലാണ്. ഒന്ന് വാങ്ങുമ്പോൾ രണ്ടു ഫ്രീ എന്ന നിലയിൽ ഉപഭോഗത്തെ പല തലങ്ങളിൽ ത്വരിപ്പിക്കുകയാണ്. നേരത്തെ സംസാരിച്ച രണ്ടു മാന്യവ്യക്തികളും എങ്ങനെയാണ് ഈ ഉപഭോഗസംസ്കാരം കൂടുതൽ കൂടുതൽ മാലിന്യത്തെ ഉത്പാദിപ്പിക്കുന്നത് എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ അവർ പറയാത്ത ഒരു കാര്യമുണ്ട്; ഈ മാലിന്യത്തിന്റെ ഏറിയ പങ്കും പുരുഷന്മാരാണ് ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം. 


നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം എന്ന മനോഹരവും ഗാഢവും നിർദ്ദേശകവും ആയ ഒരു മുദ്രാവാക്യം ഇന്ന് ശക്തമായി ഹരിതകർമ്മ സേന പ്രചരിപ്പിക്കുന്നുണ്ട്. അത് തികച്ചും ശരിയാണ്. എന്നാൽ നമ്മൾ നമ്മുടെ സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കാണുന്നത് ഈ മാലിന്യം എന്നത് ഏറെക്കുറെ സ്ത്രീകളുടെ ഉത്തരവാദിത്തം ആണെന്നാണ്. അതെങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ സ്ത്രീകൾക്കും ഉത്തരം ഇല്ല. എന്ന് മാത്രമല്ല, തങ്ങളാണ് മാലിന്യം ഉത്പാദിപ്പിക്കുന്നത് എന്ന് സ്ത്രീകൾ അബദ്ധത്തിൽ ധരിച്ചു വെച്ചിട്ടുമുണ്ട്. വീടുകളിലെ ജൈവാജൈവ മാലിന്യങ്ങളിൽ ഏറിയ പങ്കും അടുക്കള കേന്ദ്രീകരിച്ച് ഉണ്ടാകുന്നതിനാൽ, ഇത് തങ്ങൾ തന്നെ ഉണ്ടാക്കുന്നതാണെന്ന് സ്ത്രീകൾ ചിന്തിക്കുന്നു. എന്നാൽ ഈ മാലിന്യം അവരുടെ സ്വന്തം ഉപോത്പന്നങ്ങളാണോ എന്ന് അവർ ചിന്തിക്കുന്നതേയില്ല. 


മാലിന്യം കടന്നു പോകുന്നത് സ്ത്രീകളുടെ കൈകളിൽ ആയതിനാൽ അതിനെ നിർമ്മാർജ്ജനം ചെയ്യേണ്ടതും സ്ത്രീകൾ തന്നെയാണെന്ന് സമൂഹം കരുതുന്നുണ്ടെന്ന് തോന്നുന്നു. ഇതിന് അപവാദമായി കുടുംബങ്ങൾ ഇല്ല എന്നല്ല പറയുന്നത്. പക്ഷെ ഇന്ന് ഹരിത കർമ്മ സേനയിൽ ഒന്നാകെ സ്ത്രീകളുടെ സാന്നിധ്യം ആണ് കൂടുതൽ കാണുന്നത് എന്ന് പറയുമ്പോൾ ഇത് അവരെ ഏതെങ്കിലും തരത്തിൽ എംപവർ ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. കൂടാതെ, ഇത് പരമ്പരാഗതമായ ചില റോളുകളെ  അതേ പടി മുന്നോട്ട് കൊണ്ടുപോവുകയല്ലേ എന്നും ചിന്തിക്കേണ്ടതുണ്ട്. 


ദെക്കാർത്തെ എന്ന ഫ്രഞ്ച് ചിന്തകൻ പറഞ്ഞിട്ടുണ്ട്, ഞാൻ ചിന്തിക്കുന്നു അതിനാൽ ഞാൻ ഉണ്ട് എന്ന്. എന്നാൽ ഇന്ന് അതിനെ ഞാൻ ഉപഭോഗം ചെയ്യുന്നു അതിനാൽ ഞാൻ ഉണ്ട് എന്ന് മാറ്റി വായിക്കാവുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു. കൂടുതൽ ഉപഭോഗം ചെയ്യുന്നതോടെ കൂടുതൽ അസ്തിത്വം ലഭിക്കുന്നവരായി മാറിയിരിക്കുന്നു നമ്മൾ. ഇവിടെ ഉദ്‌ഘാടന പ്രസംഗം നടത്തിയ ശ്രീ അച്യുത് ശങ്കർ പറയുകയുണ്ടായി നമ്മൾ ഉപഭോഗം കുറച്ചുകൊണ്ട് ഭൂസ്പര്ശം ചെയ്തു ജീവിക്കുന്നവർ ആകണമെന്ന്. അതായത് നമ്മൾ ഒരുതരം കൺസ്യൂമർ മിനിമലിസം പ്രാക്ടീസ് ചെയ്യണം എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വീടുകളുടെ നിർമ്മിതി പോലും അത്തരത്തിൽ ആയിരിക്കണം എന്ന് പറഞ്ഞു. സമ്മാനദാനം നിർവഹിച്ച ശ്രീ സാജൻ ഗോപാലൻ ചൂണ്ടിക്കാണിച്ചത്, നമ്മൾ സെഗ്രഗേറ്റ്‌ ചെയ്യാൻ പരിശീലിക്കണം എന്നാണ്; അതായത് ജൈവാജൈവ മാലിന്യങ്ങളെ വേർതിരിച്ചു വിവേചിച്ച് ഹരിതകർമ്മ സേനയെ ഏൽപ്പിക്കണം എന്ന്. 


ഈ രണ്ടു ആശയങ്ങളും മഹത്തായതാണ് എന്ന് മാത്രമല്ല അത് നമ്മൾ പരിശീലിക്കേണ്ടതും ആണ്. പക്ഷെ ഇവിടെ ചെറിയൊരു പ്രശ്നം ഉണ്ട്. നമ്മൾ മിനിമലിസത്തിലേയ്ക്ക് പോകണം എന്ന് പറയുമ്പോൾ അതൊരു ഏകപക്ഷീയമായ അടിച്ചേൽപ്പിക്കാൻ പോലെ ആകരുത് എന്നുണ്ട്. മണ്ണ് കുഴച്ചു വീടുണ്ടാക്കണം അല്ലെങ്കിൽ മതിലുണ്ടാക്കണം എന്ന് പറയുമ്പോൾ അതിലൊരു പ്രശ്നമുള്ളത് എന്തെന്നാൽ, ഇന്നലെ വരെ മണ്ണ് കുഴച്ചുള്ള വീട്ടിലോ ഓല മറച്ചുണ്ടാക്കിയ വീട്ടിലോ കഴിഞ്ഞിരുന്നവർ സ്വന്തമായി ഒരു വീടുവെയ്ക്കണം എന്നാഗ്രഹിക്കുമ്പോൾ അവരോട് ആധുനികമായ ഒരു വീട് വെയ്ക്കരുത് എന്ന് പറയാൻ കഴിയില്ല എന്നുള്ളതാണ്. ഇവിടെ ഞാൻ എടുത്തു കാട്ടാൻ ആഗ്രഹിക്കുന്നത് ഗാന്ധിജിയും അംബേദ്കറും തമ്മിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിലുള്ള വ്യത്യാസമാണ്. ഗാന്ധിജിയ്ക്ക് ത്രീപീസ് സൂട്ട് ഉപേക്ഷിച്ചു ഒറ്റവസ്ത്രം ധരിക്കാൻ കഴിഞ്ഞു, എന്നാൽ അംബേദ്‌കർ ആകട്ടെ ത്രീപീസ് സൂട്ട് തന്റെ വസ്ത്രം ആക്കുകയാണ് ചെയ്തത്. അംബേദ്‌കർ തന്റെ സമുദായത്തിന് ഒരു മാതൃക കാട്ടിക്കൊടുക്കുകയായിരുന്നു. എന്നും ഒറ്റത്തോർത്ത് ഉടുത്തു ജീവിക്കേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഗാന്ധിജിയ്ക്ക് ഉപേക്ഷിക്കാൻ ഒരു ത്രീപീസ് സൂട്ട് ഉണ്ടായിരുന്നു എന്നാണ് അംബേദ്‌കർ ചൂണ്ടിക്കാട്ടിയത്. 


ഞാൻ ഇവിടെ ദളിത് രാഷ്ട്രീയം പറയുവാൻ വന്നതല്ല. പക്ഷെ ഇവിടെ ഇക്കാര്യം സൂചിപ്പിക്കാതിരിക്കാൻ നിർവാഹമില്ല. ഉടുത്ത വസ്ത്രങ്ങൾ തന്നെ കൈമാറി ഉപയോഗിക്കണം എന്ന് ശ്രീമതി വാസുകി ഐ എ എസ് മുൻപൊരിക്കൽ സൂചിപ്പിച്ചപ്പോൾ ദളിത് വനിതാ ബുദ്ധിജീവികൾ അതിനെ നഖശിഖാന്തം എതിർത്തത് അവർ ജീവിതത്തിൽ ഏറിയ പങ്കും കൈമാറിക്കിട്ടിയ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്നത് കൊണ്ടാണ്. അതിനാൽ എല്ലാവരും മിനിമലിസ്റ്റ് രീതിയിൽ ഉപഭോഗം ചെയ്യണം എന്ന് ആവശ്യപ്പെടുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. പിന്നെ ഇവിടെ കേട്ട മറ്റൊരു വാദമാണ് വേർതിരിക്കുക എന്നത്. വാക്കർത്ഥത്തിൽ എടുത്താൽ വേർതിരിക്കൽ അഥവാ വിവേചിക്കൽ എന്ന് പറയുന്നത് വളരെ പ്രശ്നാത്മകമായ ഒന്നാണ്. വിവേചനം എന്ന വാക്കിനെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. എന്നിട്ടും അത് മാറുന്നില്ല എന്നത് കൊണ്ടാണ് മാലിന്യ നിർമ്മാർജ്ജന പരിപാടിയിൽ സ്ത്രീകൾ മാത്രം ഉള്ളത്. 


നമുക്ക് വേണ്ടത് വിവേകപൂർവമുള്ള ഉപഭോഗവും വേർതിരിക്കലും ആണ്. ആര് എന്ത് ഉപഭോഗം ചെയ്യണം എന്നത് അവരവരുടെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ആവശ്യങ്ങൾക്ക് ആകാശമാണ് അതിര്. അതിനാൽ ആവശ്യങ്ങൾക്ക് മേൽ വിവേകപൂർവം വിവേചനം ഏർപ്പെടുത്തുക എന്നുള്ളതാണ് പ്രധാനം. അതിനു സാമൂഹികമായ ബോധവൽക്കരണത്തിലുപരി വേണ്ടത് വൈയക്തികമായ ബോധോദയമാണ് ഉണ്ടാകേണ്ടത്. ഓരോരുത്തരും ഓരോ ബുദ്ധന്മാരാവുക. ഞാനിവിടെ ബുദ്ധമതപ്രചാരണാർത്ഥം എത്തിയ ആളല്ല. ബുദ്ധനാവുക എന്നാൽ ബോധം തെളിയുക വിവേകമുണ്ടാവുക എന്നതാണ് അർത്ഥമാക്കുന്നത്. അത് മാലിന്യം ഉത്പാദിപ്പിക്കുന്നതിലും നിർമ്മാർജ്ജനം ചെയ്യുന്നതിലും വേണം. 


ആ വിവേകപൂർവ്വകമായ വിവേചനം ഇല്ലാത്തതുകൊണ്ട് വിവേചനം മാത്രമാണ് ഈ രംഗത്ത് ഉള്ളത്. അതുകൊണ്ടാണ് സ്ത്രീകൾ മാത്രം മാലിന്യ നിർമ്മാർജ്ജനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. എന്ന് മാത്രമല്ല സാമൂഹികമായ വിവേചനം ഉള്ളത് കൊണ്ടാണ് ഈ സ്ത്രീകളിൽ ഏറിയ പങ്കും ദളിത് വിഭാഗങ്ങളിൽ നിന്ന് മാത്രം വരുന്നത്. (ഈ സന്ദർഭത്തിൽ അധ്യക്ഷനായ വൈസ് പ്രസിഡന്റ് ഇടപെടുകയും കിഴുവലം പഞ്ചായത്തിൽ എല്ലാ ജാതിവിഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ ഹരിതകർമ്മ സേനയിൽ ഉണ്ടെന്നു പറയുകയും ചെയ്തു. ഞാൻ എന്റെ പൊതുസമീകരണത്തിനു ക്ഷമ ചോദിച്ചു). അഥവാ അങ്ങനെയല്ലെങ്കിൽ ഈ പ്രദേശത്തിന്റെ ജനങ്ങളുടെ ജാതിഘടനയുടെ സവിശേഷത കൊണ്ട് കൂടിയാകാം. തിരുവനന്തപുരം നഗരത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊണ്ണൂറ് ശതമാനം പേരും ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് (തീർച്ചയായും മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരിക്കും പക്ഷെ അവരെല്ലാം 'സ്ഥിരജോലിക്കാരും' ഫീൽഡിൽ വർക്ക് ചെയ്യാത്തവരും ആയിരിക്കും). 


കിഴുവലം പഞ്ചായത്ത് ഈ പരിപാടി നടത്തിയതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇവിടെ ചിത്രം വരച്ച കുട്ടികൾ എല്ലാം തന്നെ വീടുകൾ വരച്ചത് കുടിലുകൾ പോലുള്ള വീടുകൾ ആണെന്നതിനാൽ, അവർക്ക് ആദിമമായ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ടില്ല എന്നത് ആശ്വസകരമായി തോന്നുന്നു. എന്തായാലും ഈ പരിപാടി പുരുഷന്മാർക്ക് ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ഉളളതാകണമായിരുന്നു. പുരുഷന്മാർക്ക് വേണ്ടി മാത്രം മാലിന്യത്തിന്റെ ഉത്പാദന-നിർമ്മാർജ്ജന പ്രക്രിയകളെക്കുറിച്ചു ഒരു ബോധവൽക്കര സെമിനാർ നടത്താൻ കിഴുവലം പഞ്ചായത്ത് മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഈ പ്രഭാഷണം ഞാൻ അവസാനിപ്പിക്കുന്നു, നന്ദി. 


-ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ