പുതിയ ജീവിതത്തിലേയ്ക്ക് സ്വാഗതം: ജി ആർ സന്തോഷ് കുമാർ വരച്ച കാർട്ടൂണിന്റെ ആന്തര തലങ്ങളിലേക്ക് ഒരു നോട്ടം


കാർട്ടൂണുകൾ കണ്ണിൽ കാണുന്നതിനുമപ്പുറം ഉള്ള ഒരു സത്യം വിളിച്ചു പറയുന്നുണ്ട്. പക്ഷെ അത് എഡ്‌വേഡ്‌ മൂങ്കിന്റെ 'നിലവിളി'  (സ്ക്രീം) പോലെ ആർത്തനാദത്തിന്റെ അലകൾ മാത്രം അന്തരീക്ഷത്തിൽ പ്രക്ഷേപിക്കാൻ പോന്നവയാണ്. ആ അലകളെ തിരിച്ചറിയണമെങ്കിൽ  ചരിത്രാവൃത്തികളെ പിടിച്ചെടുക്കാൻ കഴിയും വിധത്തിലുള്ള മൃഗകർണ്ണങ്ങൾ നമുക്ക് വേണ്ടി വരും. ജി  ആർ സന്തോഷ് കുമാറിന്റെ പുതിയ കാർട്ടൂൺ ആ വിധത്തിൽ നമ്മുടെ മൃഗകർണ്ണങ്ങൾ ആവശ്യപ്പെടുന്നു. 



പാർലമെന്റ് ദുർവാശിയോടെ പാസാക്കിയ കാർഷികബിൽ ആണ് കാർട്ടൂണിന്റെ പശ്ചാത്തലം. ഇന്ത്യയിൽ കാർഷിക കലാപങ്ങളും പ്രതിഷേധ യാത്രകളുമെല്ലാം നടക്കുന്നുണ്ടെങ്കിലും അവയൊന്നും മുഖ്യധാരാ ചർച്ചകളിൽ വരാറില്ല. കാരണം ആ മാധ്യമങ്ങളെല്ലാം സർക്കാർ ഭാഷ്യം മാത്രം ഉരുവിടുന്ന തത്തകൾ ആയിപ്പോയി എന്നതാണ്; ഭയം കൊണ്ടാകാം, അതിജീവനബുദ്ധി കൊണ്ടാകാം, പ്രത്യയശാസ്ത്രപരമായ യോജിപ്പുകൊണ്ടുമാകാം. കാറ്റുള്ളപ്പോൾ തൂറ്റുക എന്ന് അറിയാവുന്ന സമാന്തരമാധ്യമങ്ങൾ പോലും ചിലപ്പോൾ സർക്കാരിന്റെ ഭാഷ്യം പാടുന്നതിനാൽ, ഫേസ്ബുക്കിലെ പാണന്മാരുടെ വൃഥാഗീതകൾ ആകുന്നു ഇന്ത്യയിലെ കാർഷികസമര വാർത്തകൾ. 


ആ വാർത്തകളുടെ അതിവൈകാരികതയ്ക്ക് കഴിയാത്തത് ഒരു പക്ഷെ ഒരു കാർട്ടൂണിനു വരകളിലൂടെ സാധിച്ചെടുക്കാൻ കഴിയും. മോഡി ഒരു ട്രാക്റ്റർ ഓടിക്കുകയാണ്. അതിന്റെ പിന്നിൽ കൊഴുത്തുരുണ്ടൊരു ഭീമൻ. വയലുകളിൽ നിന്ന് മടങ്ങുന്ന കർഷകൻ അതിശയത്തോടെ, വിഷാദത്തോടെ നോക്കുകയാണ് ഈ വരവ്. മുൻപേ ഗമിക്കുന്ന ബഹുഗോക്കളുടെ പിൻപേ ഗമിക്കുന്ന ഗോക്കളായി, കറുകറുത്ത പുക ഉയരുന്ന കെട്ടിടത്തിലേക്ക് പോവുകയാണ് മനുഷ്യരും കാലികളും. അതാണ് കാർട്ടൂണിന്റെ ഉപരിതലവായനയിൽ കാണുന്നത്. എന്നാൽ അതിനൊരു ആന്തരാർത്ഥം ഉണ്ട്. അതിന്റെ കീ അഥവാ താക്കോൽ അതിലെ എഴുത്തിൽ ഉണ്ട്. 'പുതിയ ജീവിതത്തിലേയ്ക്ക് സ്വാഗതം.'



എന്താണീ പുതിയ ജീവിതം. അത് മറ്റൊരു ജീവിതം കൂടിയാണ്. മറ്റൊരു ജീവിതം എന്നത് ബദൽ ജീവിതമാണ്. എന്നാൽ അതൊരു തെരഞ്ഞെടുപ്പാണ്.എന്നാൽ പുതിയ ജീവിതം ഒരു ഓഫർ ആണ്. നിങ്ങളുടെ പഴയ കാർ മാറ്റി പുതിയത് വാങ്ങൂ എന്ന് പറയുന്നത് പോലെ. ഓഫറുകൾ സ്വീകരിക്കാം പുറന്തള്ളാം. പക്ഷെ നമ്മുടെ കാലത്ത് സർക്കാർ വെച്ച് നീട്ടുന്ന ഓഫറുകൾ പുറന്തള്ളപ്പെടാനുള്ളതല്ല, സ്വീകരിക്കാൻ മാത്രമുള്ളതാണ്. സ്റ്റാലിന്റെ കാലത്തെ സോവിയറ്റ് പാർലമെന്റിലെ തീരുമാനങ്ങളെ കുറിച്ച് സിസേക്ക് പറയുന്നത് പോലെ; എല്ലാവര്ക്കും അഭിപ്രായം പറയാം. ഒടുവിൽ സ്റ്റാലിൻ പറയുന്നത് പ്രവർത്തികമാകും. എന്നാൽ തമാശ അതല്ല, അംഗങ്ങൾ പറയുന്നത് ഒന്നും സ്റ്റാലിൻ പറയുന്നതിൽ നിന്ന് വ്യത്യസ്തമാകില്ല എന്നതാണ്. ചൈനയിലെ തെരെഞ്ഞെടുപ്പ് പോലെയാണത്. നിങ്ങൾക്ക് വോട്ടിടാം പക്ഷെ, ഒരേ ഒരു ചിഹ്നമെ ബാലറ്റ് പേപ്പറിൽ ഉണ്ടാകൂ. 


ലോകസഭയും രാജ്യസഭയും പാസാക്കിയ ബിൽ കാട്ടി പ്രധാനമന്ത്രി പറയുന്നു ഇന്നേ വരെ നിങ്ങൾക്കില്ലാത്ത ഒരു ജീവിതം, ഹാ കർഷകരെ ഇതാ നിങ്ങൾക്കായി. ഇത് നമ്മൾ ആർ കെ ലക്ഷ്മൺന്റെ വ്യവസ്ഥാവിരുദ്ധ കാർട്ടൂണുകളിൽ ധാരാളം കണ്ടിട്ടുണ്ട്; ഇതികർത്തവ്യഥാമൂഢനായി നിൽക്കുന്ന കർഷകരെ. തടിയൻ കോർപറേറ്റ് മുതലാളിമാരെ. അത് ഡേവിഡ് ലോയുടെ കാർട്ടൂണുകളിലൂടെ സാമ്രാജ്യത്വത്തിന്റെ വരവ് കാട്ടുന്ന പ്രതീകങ്ങളായിരുന്നു. വിചിത്രമെന്നു പറയട്ടെ ശങ്കറിന്റെ കാർട്ടൂണുകളിൽ മെലിഞ്ഞ മനുഷ്യരായിരുന്നു കൂടുതലും.തടി വെയ്ക്കാൻ സാധ്യതയുള്ളവരെയും ശങ്കർ മെലിഞ്ഞാവരായി മാറ്റി. ദേശനിർമ്മാണത്തിന്റെ നെഹ്രുവിയൻ അവസ്ഥയിൽ എല്ലാവരും മുണ്ടുമുറുക്കി ഉടുക്കാൻ സ്വമേധയാ സന്നദ്ധനായിരുന്നു. 



തടിച്ച മനുഷ്യരെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ടോംസ് ആയിരുന്നു; ബോബനും മോളിയും കാർട്ടൂണുകളിൽ. അവിഹിതമായി കൂട്ടിയ ധനത്തിന്റെ ഭാഗമായി തടിച്ചു പോയവർ. ദുർമേദസ്സ്. മോഡി ട്രാക്ടറിലേറ്റി കൊണ്ടുവരുന്ന മനുഷ്യനും കോർപറേറ്റ് പ്രതിനിധിയാണ്. പുതിയ ജീവിതം ഓഫർ വെക്കുന്നവർ. ഇത് നമ്മൾ മുൻപ് കേട്ടിട്ടുണ്ട്. എവിടെയാണത്. അതെ സോബിബോറിൽ. പോളണ്ടിലെ വാതകകച്ചൂളയിൽ. അവിടെ നാസികൾ ജൂതന്മാരെയും ജൂതകമ്മ്യൂണിസ്റ്റുകളെയും ചുട്ടുകൊന്നിരുന്നു. 


പോളണ്ടിലെ സോബിബോർ ചരിത്രത്തിൽ ഇടംപിടിക്കുന്നത് ലോകത്ത് ആദ്യമായി കോണ്സെന്ട്രേഷൻ ക്യാമ്പുകളിലൊന്നിൽ നടന്ന പ്രതിഷേധവും വിപ്ലവവും ആയിരുന്നു; ഇരകളുടെ ആദ്യത്തെ വിജയം. 1943 -ൽ അലക്‌സാണ്ടർ പീച്ചേഴ്‌സ്‌കി എന്ന ജൂത കമ്മ്യൂണിസ്റ്റ് കമാണ്ടറെ നാസികൾ പിടിച്ചു സോബിബോറിലെ ക്യാമ്പിൽ എത്തിക്കുന്നു. അവിടെ അയാൾ രണ്ടാഴ്ചയ്ക്കുള്ളിൽ തടവുകാരെ യുദ്ധസന്നദ്ധരാക്കുന്നു. ക്യാമ്പിലെ നാസി ഓഫീസർമാരെ ഒന്നൊന്നായി വകവരുത്തുകയായിരുന്നു ലക്‌ഷ്യം. ഒന്നാം ഘട്ടത്തിൽ അവർ പതിനേഴു ഓഫീസർമാരെ കൊന്നു. രണ്ടാം ഘട്ടം പരാജയപ്പെടുന്നത്തോടെ അവരിൽ അഞ്ഞൂറോളം പേർ തടവ് ചാടി. അതിൽ മുന്നൂറോളം പേർ രക്ഷപ്പെട്ടു. 


ഇത് റഷ്യൻ സംവിധായകനായ കോൺസ്റ്റന്റൈൻ ഖബൻസ്കി 2018 -ൽ സിനിമയാക്കി. പീച്ചേഴ്‌സ്‌കി ആയി ഖബൻസ്കി തന്നെ അഭിനയിക്കുകയും ചെയ്തു. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ടു ചിത്രമായിരുന്നു അത്. സിനിമയിൽ, സോബിബോറിലെ റെയിൽവേ സ്റ്റേഷനിൽ ജൂതന്മാരെ പിടിച്ചു കൊണ്ടുവരുന്ന തീവണ്ടി എത്തുമ്പോൾ, അവരെ സ്വീകരിച്ചു കൊണ്ട് മൈക്കിൽ പ്രഖ്യാപനം നടത്തുന്നത് ഇങ്ങനെയാണ്; 'പുതിയ ജീവിതത്തിലേക്ക് സ്വാഗതം.' തടവുകാരെ ഏതാനും മണിക്കൂറുകൾ കൊണ്ട് ഗ്യാസ് ചെയ്യുകയും ചെയ്യും. 



ഈ അറിവിന്റെ വെളിച്ചത്തിൽ സന്തോഷിന്റെ കാർട്ടൂൺ നോക്കുമ്പോൾ പുതിയ അർഥങ്ങൾ തെളിഞ്ഞു വരുന്നു. അസ്ഥികളെ മരവിപ്പിക്കുന്ന പ്രഖ്യാപനമാണ് മോദിയും കോർപറേറ്റുകളും ചേർന്ന് നടത്തുന്നത്: പുതിയജീവിതത്തിലേയ്ക്ക് സ്വാഗതം എന്ന് ഇന്ത്യയിലെ കർഷകരെ നോക്കി അവർ പറയുന്നു. അപ്പോഴതാ പിന്നിൽ വിഷപ്പുക തുപ്പി നിൽക്കുന്ന ഫാക്ടറിപോലുള്ള കെട്ടിടത്തിന്റെ അർഥം മാറുന്നു: അതൊരു കോണ്സെന്ട്രേഷൻ ക്യാംപാകുന്നു. 'സ്വന്തം കുരുതിയിലേയ്ക്ക് നടന്നു പോകുന്ന കൊമ്പ് ചുവന്ന അറവു മൃഗങ്ങളാണ്' മനുഷ്യരെന്നു ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് ഓർമ്മ വരുന്നു. കാർട്ടൂനിനു പുതിയ അർത്ഥവും ജീവിതവും ലഭിക്കുന്നു. 


സന്തോഷിന്റെ കാർട്ടൂൺ അവശേഷിപ്പിക്കുന്ന ചോദ്യം ഇതാണ്, പുതിയ  ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതിന് ശേഷം കർഷകർ ബാക്കിയുണ്ടാകുമോ? അതോ അഗ്രി ബിസിനസെന്ന പേരിൽ ലോകത്തു നടക്കുന്ന ഫാക്ടറി അടിസ്ഥാന കാര്ഷികവിപദ്ധതികൾ സർവ്വതിനേയും മാറ്റിമറിക്കുമോ? അതിനുത്തരം കിട്ടണമെങ്കിൽ വന്ദന ശിവ എഴുതിയ ഒൺ നെസ് വേഴ്സസ് ഒൺ പെർസെന്റ് എന്ന പുസ്തകം വായിക്കണം. ഇന്ന് നമുക്ക് കിട്ടുന്ന വിത്തും വളവും ഇന്റർനെറ്റും എങ്ങനെ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു അവയ്ക്കു പിന്നിൽ കോര്പറേറ്റുകൾ മെനയുന്ന തന്ത്രമെന്ത് എന്ന് മനസ്സിലാകും. ഈ കാർട്ടൂൺ നമ്മളെ ജാഗരൂകരാക്കാൻ പോന്ന ശക്തിയുള്ളതാണ്. 


- ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ