ജി ആർ സന്തോഷ് കുമാറിന്റെ പുതിയ കാർട്ടൂണും അല്പം ചരിത്രവും


ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ടു കേൾക്കുന്ന ഒരു കഥയുണ്ട്. പഞ്ചസാര കട്ട് തിന്നുന്ന ഒരു കുട്ടിയേയും കൊണ്ട് ഒരു 'അമ്മ ഗുരുസവിധത്തിലെത്തി. ദുശ്ശീലം മാറ്റാൻ ഗുരു ഒന്നുപദേശിക്കണം എന്നായിരുന്നു അമ്മയുടെ അഭ്യർത്ഥന. ഒരാഴ്ച കഴിഞ്ഞു വരാനായി ഗുരു പറഞ്ഞു. ഗുരു പറഞ്ഞത് 'അമ്മ അതേപടി അനുസരിച്ചു. അടുത്ത ആഴ്ച വന്നപ്പോൾ ഗുരു കുട്ടിയെ ഉപദേശിച്ചു. ഇനി കട്ട് തിന്നില്ലെന്ന് കുട്ടി പ്രതിജ്ഞ ചെയ്തു. പോകും മുൻപ് 'അമ്മ ചോദിച്ചു എന്തുകൊണ്ടാണ് ഗുരു കഴിഞ്ഞ ആഴ്ച ഈ ഉപദേശം നല്കാതിരുന്നതെന്ന്. ഗുരു പറഞ്ഞു, അദ്ദേഹത്തിനും ആ സ്വഭാവം ഉണ്ടായിരുന്നു. കുട്ടിയെ ഉപദേശിക്കണമെങ്കിൽ താനത് ചെയ്യരുത്. ആ ഒരാഴ്ച പഞ്ചസാര തിന്നുന്നതിൽ നിന്ന് സ്വയം ഒഴിയാൻ ഗുരു ശ്രമിച്ചു വിജയിക്കുകയായിരുന്നു. 



ജി ആർ സന്തോഷ് കുമാറിന്റെ പുതിയ കാർട്ടൂൺ കണ്ടപ്പോൾ എനിയ്ക്ക് ഓർമ്മ വന്നത് ഈ കഥയാണ്. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആണ് ബുദ്ധരൂപത്തിൽ ഇരിക്കുന്നത്. വലംകൈയിൽ അഭയ മുദ്രയാണ്. ഇടം കണ്ണ് തുറന്ന് ഒരു 'കള്ളനോട്ടം' ചുറ്റും നോക്കുന്നുമുണ്ട്. മതസ്പർദ്ധ ഉണ്ടാക്കരുതെന്നും വ്യാജപ്രചരണം നടത്തി വർഗ്ഗീയത വളർത്തരുതെന്നും ആണ് സുരേന്ദ്ര സ്വാമിയുടെ ഉപദേശം. കേരള സർക്കാരിന്റെ ഖുർആൻ പരാമർശം നടക്കുന്ന സന്ദർഭത്തിലാണ് സ്വാമികൾ ഈ ഉപദേശം മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യയിൽ വർഗീയ കലാപങ്ങൾക്കെല്ലാം കാരണഭൂതരായ ബിജെപിയാണ് ഈ ഉപദേശം നടത്തുന്നിടത്താണ് വിരോധാഭാസസമ്പുഷ്ടമായ ഹാസ്യം കുടികൊള്ളുന്നത്. 




'സൗ ചൂഹാ ഖാ കെ ബില്ലി ഹജ്ജ് ഗെയെ' എന്നൊരു ചൊല്ല് ഹിന്ദിയിലുണ്ട്. അത് വർഗ്ഗീയമാണെന്നു തോന്നുന്നെങ്കിൽ നമുക്ക് അത് ബില്ലി ഗെയെ കാശി  എന്ന് വേണമെങ്കിലും ആക്കാം. അതായത് നൂറു എലികളെ തിന്നശേഷം പൂച്ച ഹജ്ജിനു പോയി അഥവാ വളരെ ഹിംസ ചെയ്തശേഷം പൂച്ച തീർത്ഥാടനത്തിന് പോയി എന്നാണ് അർഥം. സമൂഹത്തിൽ വളരെ വലിയ അതിക്രമങ്ങളും അഴിമതികളും കൊലകളും ചെയ്തശേഷം തീർത്ഥാടനത്തിന് പോയി പാപമോചനം നേടുന്ന പതിവ് ഇന്ത്യയിലുണ്ട്. അതിനെയാണ് ഈ ചൊല്ല് വിവക്ഷിക്കുന്നത്. 




പത്തൊമ്പതാം നൂറ്റാണ്ടിൽ കൽക്കട്ടയിലെ കാളിഘട്ടിലും പരിസരത്തും ധാരാളം ചിത്രകാരന്മാർ ഉണ്ടായി. മുൻപ് രാജസദസുകളിലും മുഗൾ കൊട്ടാരത്തിലും വരച്ചിരുന്നു കലാകാരന്മാർ ബ്രിട്ടീഷ് ആധിപത്യത്തോടെ തൊഴിലില്ലാതായതിന്റെ ഫലമായി തെരുവുകളിൽ എത്തുകയായിരുന്നു. അവർക്ക് രണ്ടു തരത്തിലുള്ള മത്സരങ്ങളെ നേരിടേണ്ടിയിരുന്നു. ഒന്നാമതായി, ബ്രിട്ടീഷ് യാത്രികരായ കലാകാരന്മാർ. അവർക്ക് നിലവിലെ ഭരണകൂടവും രാജസ്ഥാനങ്ങളും പ്രോത്സാഹനം നൽകി. അപ്പോൾ അവരുടെ ശൈലിയെ അനുകരിച്ചു പൊതു കമ്പോളത്തിൽ നിന്ന് അഷ്ടിക്ക് വക കണ്ടെത്തേണ്ട അവസ്ഥ ബംഗാളിലെ കലാകാരന്മാർക്കുണ്ടായി. അതിനാൽ അവർ  സ്വന്തം ശൈലിയിൽ പാശ്ചാത്യ യാത്രിക കലാകാരന്മാരുടെ ശൈലി കൂട്ടിച്ചേർത്തു. അതിന്റെ ഫലമായി ഉണ്ടായതായാണ് ബാസാർ സ്‌കൂളും കാളിഘട്ട് ചിത്രകലാ ശൈലിയും. 




രണ്ടാമതായി ഇതേ കലാകാരന്മാർക്ക് മത്സരിക്കേണ്ടിയിരുന്നത് വർത്തമാനപ്പത്രങ്ങളോടായിരുന്നു. അവയിലും ചിത്രങ്ങൾ വരാൻ തുടങ്ങി. പലപ്പോഴും വാർത്തകൾക്ക് രേഖാചിത്രങ്ങളും ഉണ്ടായി. കാളിഘട്ട് കലാകാരന്മാർ ഇതിനെ അതിജീവിച്ചത് വാർത്തകളുമായി ഒരു ധാരണയിൽ എത്തിക്കൊണ്ടായിരുന്നു. ഇന്ന് കാർട്ടൂണിസ്റ്റുകൾ ചെയ്യുന്നത് പോലെ, അന്നത്തെ സെൻസേഷണലായ വിഷയങ്ങൾ കാളിഘട്ട് കലാകാരന്മാർ ചിത്രരൂപത്തിൽ വരച്ചു. ഒന്നാം വായനയിൽ ഹാസ്യം മാത്രം തോന്നിക്കുന്ന ഈ ചിത്രങ്ങൾക്ക് പക്ഷെ രണ്ടാം വായനയിൽ സാമൂഹികവിമര്ശനത്തിന്റേതായ ഒരു ഉപഹാസ തലം ഉള്ളതായി ആളുകൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അതിനാൽ ഈ ചിത്രങ്ങൾ സ്മരണികകൾ എന്ന നിലയിൽ ആളുകൾ വാങ്ങുവാനും തുടങ്ങി. കാളിഘട്ട് പെയിന്റിങ്ങുകൾ ഒന്നര നൂറ്റാണ്ടോളം അതിജീവിച്ചത് അങ്ങനെയാണ്.



ബംഗാൾ നവോത്ഥാനം എന്നറിയപ്പെടുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനങ്ങൾ പലതും ഹിന്ദുമത 'രൂപീകരണത്തിലാണ്' കലാശിച്ചത്. ബ്രിട്ടീഷുകാർ നൽകിയ 'ഹിന്ദു' മതത്തെ സംഘടിതമതമായി, സെമിറ്റിക് മതങ്ങളെപ്പോലെ, വേദാർത്ഥസാരമായി ഏകോപിപ്പിക്കുക എന്ന പ്രവർത്തനം ബംഗാളിൽ ആര്യസമാജം, ശ്രീരാമകൃഷ്ണ പരമഹംസർ, വിവേകാനന്ദൻ തുടങ്ങിയവരിലൂടെ ഉണ്ടായി. ഹിന്ദു മതത്തിൽ ഉണ്ടെന്നു കരുതപ്പെട്ടിരുന്ന (യഥാർത്ഥത്തിൽ ബഹുസ്വരമായ ദൈവവിശ്വാസത്തിലൂടെയും ജാതി ബോധത്തിലൂടെയും നിലനിന്നിരുന്ന 'മതത്തിൽ' ഉണ്ടെന്നു കരുതപ്പെട്ടിരുന്ന) ദുരാചാരങ്ങളെ നീക്കം ചെയ്യുക എന്ന പരിഷ്കരണ വാദവും നിലനിന്നു. 



ബംഗാളിലെ ഭക്തിപ്രസ്ഥാനത്തിൽ പ്രധാനപങ്ക് വഹിച്ച ഒരു പുണ്യആത്മാവായിരുന്നു ചൈതന്യ മഹാപ്രഭു. അദ്ദേഹമാണ് ബംഗാളിലെ വൈഷ്ണവ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. പതിനഞ്ചാം നൂറ്റാണ്ടിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തുമ്പോഴേയ്ക്കും വൈഷ്ണവമതം പലതലങ്ങളിലുള്ള അപചയങ്ങളിലൂടെ കടന്നു പോയിക്കഴിഞ്ഞിരുന്നു. വൈഷ്ണവ സംന്യാസിമാരും പുരോഹിതരും ഒക്കെ കീഴാള മർദ്ദനവും സ്ത്രീപീഡനവും അഗമ്യഗമനവും ഒക്കെ നടത്തിയിരുന്നു. അക്കാലത്ത് ബംഗാളിനെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു എലോകേശി -മഹന്ത് പ്രണയകഥ. എലോകേശി എന്ന യുവതി ഒരു വൈഷ്ണവപുരോഹിതനുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെടുകയും അവളുടെ ഭർത്താവ് അവളെ കഴുത്തറുത്ത് കൊല്ലുകയും ചെയ്തു. ഈ കേസ് ദിനപ്പത്രങ്ങൾ മുട്ടിനു മുട്ടിനു റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് കോടതിയിൽ ഈ കേസ് വന്നപ്പോൾ ജനങ്ങൾ കൊലപാതകിയായ ഭർത്താവ് ചെയ്തതാണ് ശരിയെന്ന് മുറവിളി കൂട്ടി. താരകേശ്വർ കേസ് എന്നറിയപ്പെട്ട ഈ സംഭവത്തിൽ ഒടുവിൽ ഭർത്താവായ നിബോൺ-നെ ജനങ്ങളുടെ ആവശ്യപ്രകാരം കോടതി വെറുതെ വിടുകയായിരുന്നു. 



ഈ കേസ് വൈഷ്ണവ സന്ന്യാസിമാരെ പൊതുസമൂഹത്തിനു മുന്നിൽ ക്രൂര-ഹാസ്യ കഥാപാത്രങ്ങളാക്കി. അതേത്തുടർന്ന് ആ വിഷയം കാളിഘട്ട് പെയിന്റിങ്ങുകളിൽ വളരെയധികം വരയ്ക്കപ്പെട്ടു. വൈഷ്ണവ സന്ന്യാസിമാർ മീനോ കൊഞ്ചോ കടിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന പൂച്ചകളായി വരയ്ക്കപ്പെട്ടു. ഈ പൂച്ചകൾ ധരിച്ചിരിക്കുന്ന രുദ്രാക്ഷവും അവരുടെ നെറ്റിയിലെ U ആകൃതിയിലുള്ള കുറിയും അവരെ സംശയാതീതമാം വിധം വൈഷ്ണവസന്ന്യാസികൾ തന്നെയെന്ന് ഉറപ്പിച്ചു. ജനങ്ങൾ ഈ കലയെ വളരെ ആസ്വദിച്ചു. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നെന്ന ചൊല്ല് എല്ലായിടത്തും ഉണ്ട്. ഈ ചിത്രകാരന്മാർ അതിനെ വരകളിലാക്കി. കാർട്ടൂണിസ്റ്റുകളുടെ ധർമ്മം പൊതുമണ്ഡലത്തിൽ ഔദ്യോഗിക കാർട്ടൂണിസ്റ്റുകളെക്കാളേറെ ഈ ചിത്രകാരന്മാരാണ് നിർവഹിച്ചത്. സന്തോഷിന്റെ കാർട്ടൂൺ എന്നെ ഈ ചിത്രങ്ങളെയാണ് ഓർമ്മിപ്പിച്ചത്. 


- ജോണി എം എൽ  

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ