ഒരു ചിത്രം ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധം തെളിക്കുമ്പോൾ



മാതൃഭൂമിയിൽ അജിത് ശങ്കരൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണ് ഇന്നത്തെ മുഖ്യവാർത്തയിൽ ചിത്രീകരണമായി വന്നിരിക്കുന്നത്. 'ടേബിൾ ടോപ് അല്ല' എന്നാണ് വാർത്തയുടെ തലക്കെട്ട്. ഏഴാം തീയതി സന്ധ്യക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിനു കാരണമായത് ടേബിൾ ടോപ് റൺവേ അല്ല എന്നുള്ളതാണ് വാർത്തയുടെ ഉള്ളടക്കം. പക്ഷെ ഈ ചിത്രത്തെ നമുക്ക് അല്പം മാറ്റിനിർത്തി കണ്ടു നോക്കാം. തകർന്ന വിമാനം, വന്നിറങ്ങുന്ന മറ്റൊരു വിമാനം. ചിത്രത്തിന്റെ ഫോക്കസ് അതിലാണ്. അതെ സമയം ഫോട്ടോ എഡിറ്റർ, കാപ്‌ഷൻ എഴുതിയ ആൾ എന്നിവർ ചിത്രത്തിൽ മറ്റൊരു കാര്യം കൂടി കണ്ടെത്തുന്നു; വിമാനം നൂറ്റിയിരുപതടി താഴേയ്ക്ക് പതിച്ചു എന്ന് പറയുന്ന സ്ഥലവും അകലവും. എന്നാൽ ചിത്രം അവിടം കൊണ്ട് പൂർത്തിയാകാത്തതിനാൽ ഞാൻ അതിലെ ഇതര ദൃശ്യഘടകങ്ങളെക്കൂടി വായിക്കുകയാണ്.

തീർച്ചയായും, അജിത് ശങ്കരൻ ജീവിതത്തിന്റെ രണ്ടു വശങ്ങളെ ഇതിൽ കാട്ടാൻ ശ്രമിക്കുന്നുണ്ട്. ഒരു ദുരന്തം. അതിന്റെ കേന്ദ്രബിന്ദുവായ തകർന്ന വിമാനം. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നോണം തുടരുന്ന ജീവിതം. അതാണ് മറ്റൊരു വിമാനം അതേ റൺവേയിൽ പറന്നിറങ്ങുന്നത് (ഒരു പക്ഷെ എതിർ ദിശയിൽ നിന്ന് വന്നിറങ്ങുന്നു). ചിത്രത്തിന് ഒരു ഫോർഗ്രൗണ്ട് ഉണ്ട്. അതി കോമ്പോസിഷനിൽ സാന്ദർഭികം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഫോട്ടോഗ്രാഫറുടെ കാഴ്ചയിൽ ഫോർഗ്രൗണ്ടിലുള്ള മറ്റു മൂന്നു ഘടകങ്ങൾ കൂടി വരുന്നുണ്ട്; അതേക്കുറിച്ചു അയാൾ ബോധവാനാണ്. എന്നാൽ അവതരണത്തിൽ അത് പ്രധാനഘടകങ്ങൾ അല്ലാതായി മാറുന്നു. എന്നാൽ മറ്റൊരു കാഴ്ചയിൽ അത് പ്രധാനഘടകമായി മാറുന്നത് എങ്ങനെയെന്ന് നോക്കാം.

ചിത്രത്തിൽ ഒരു എഴുത്തുണ്ട്. അത് 'വയലെറ്റേഴ്സ് വിൽ ബി പ്രോസിക്യൂട്ടേഡ്‌ (ബൈ ഓർഡർ)' എന്നാണ്. അതിന്റെ മുന്നിൽ ഒരു പക്ഷെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ജവാന്മാർ ആകണം, ആറു സൈനികർ നിൽക്കുന്നുണ്ട്. അവരുടെ ശ്രദ്ധ തകർന്ന വിമാനത്തിന്റെ മുകളിലേയ്ക്ക് കാണാവുന്ന ഭാഗത്തേയ്ക്കാണ്. ഒരുപക്ഷെ പറന്നിറങ്ങുന്ന വിമാനത്തെയാകാം അവർ നോക്കുന്നത്. വേറെ ഒരു അഞ്ചു പേര് കൂടി ചിത്രത്തിൽ ഉണ്ട്. അതിൽ ഒരാളിന്റെ കൈ മാത്രമേ കാണുന്നുള്ളൂ. അവരുടെയും ശ്രദ്ധ പറന്നിറങ്ങുന്ന വിമാനത്തിലും തകർന്നു കിടക്കുന്ന വിമാനത്തിലുമാണ്. ഇവിടെ ഈ മൂന്നു ദൃശ്യങ്ങളും (അതായത് താഴെ നിൽക്കുന്നവർ, തകർന്ന വിമാനം, പറന്നിറങ്ങുന്ന വിമാനം) കാണുന്നത് ഫോട്ടോഗ്രാഫർ മാത്രമാണ്. അയാൾ ഉയർന്ന ഒരു സ്ഥാനത്താണ് നിൽക്കുന്നത്.

എന്റെ ശ്രദ്ധ ആ എഴുത്തിലേക്ക് പോകുന്നു. 'അതിക്രമിച്ചു' കടക്കുന്നവർ ശിക്ഷിക്കപ്പെടും എന്നാണ്. മുൻപ് ഇതിനു ട്രെസ്സ്‌പാസ്സേർസ് എന്നായിരുന്നു പറഞ്ഞിരുന്നത്. അതായതു അതിർത്തി കടക്കുന്നവർ. അതിർത്തി എന്നാൽ രാജ്യത്തിന്റെ അതിർത്തി എന്നല്ല. അത് ഒരു സ്വകാര്യഭൂമിയുടെ അതിരോ, സർക്കാർ ഭൂമിയുടെ അതിർത്തിയോ, ഒരു തോട്ടത്തിന്റെ മതിലോ ഒക്കെ ആകാം. അതിർത്തി കിടക്കുന്നവർ എന്ന് പറയുമ്പോൾ അത് അറിയാതെ കടക്കുന്നതും ആകാം. വെറുതെ കൗതുകത്തിനു കടന്നു ചെല്ലുന്നതുമാകാം. മോഷണം എന്ന ഉദ്ദേശ്യമുള്ളവരും ഉണ്ടാകാം. എന്നാൽ ഇവിടെ 'അക്രമം' എന്ന വാക്കിനാണ് മുൻ‌തൂക്കം. അതായത് അതിർത്തി കടക്കാൻ ശ്രമിക്കുന്നവർ അക്രമികൾ തന്നെയാകാം എന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ വെറും കൗതുകം കൊണ്ട് കടന്നുനോക്കിയാലും അതിനെ അതിക്രമം ആയിത്തന്നെ കണക്കാക്കും എന്ന് പറഞ്ഞിരിക്കുന്നു. പട്ടാളത്തിന്റെ സാന്നിധ്യം അതിനെ ഊട്ടിയുറപ്പിക്കുന്ന.

എന്നാൽ വിരോധാഭാസം അതല്ല. ഇപ്പോൾ അടച്ചിരിക്കുന്ന ആ വിടവ് ഒരു ദുരന്തത്തിന്റെ ഫലമായി ഉണ്ടായതാണ്. വിമാനം വന്നിടിച്ചു പൊളിഞ്ഞ മതിലാണിത്. അതിലൂടെ 'കടന്നു കയറിയതിനാലാണ്' വിമാനദുരന്തത്തിലെ മരണസംഖ്യ ഇത്രയും കുറയ്ക്കാനായത്. നാട്ടുകാരെ അക്കാരണത്താൽ മാധ്യമങ്ങളും ജനങ്ങളും ഒക്കെ ശ്ലാഖിക്കുകയും ചെയ്തു. ഇപ്പോൾ അവർ പുറത്താണ്. ഉള്ളിലേയ്ക്ക് കടന്നു നോക്കാനുള്ള ഏതൊരു ശ്രമവും അക്രമമായി കണക്കാക്കപ്പെടും (എന്ന് കരുതി ദുരന്തഭൂമിയിലേയ്ക്ക് എല്ലാവരെയും കടത്തിവിടണം എന്നല്ല പറയുന്നത്). ഇന്നലെ സഹായിക്കാനായി എത്തിയ അതെ മനുഷ്യർക്ക് ഇന്ന് അക്രമത്തിനു സാധ്യതയുള്ള കടന്നു കയറ്റക്കാർ എന്ന സാധ്യത വന്നു ചേരുന്നു. സർക്കാരും പൗരന്മാരും തമ്മിൽ രണ്ടു വ്യത്യസ്തമായ ഇടങ്ങളിലാണ് നിൽക്കുന്നത് എന്ന് വ്യക്തമാകുന്നു.

ഇത് ഒരു സാമൂഹിക സത്യം കൂടിയാണ്. വെള്ളപ്പൊക്കത്തിൽ പെട്ട പല മധ്യവർഗ കുടുംബങ്ങളും കുറെ ദിവസം അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞ ശേഷം വെള്ളമിറങ്ങിയപ്പോൾ പറഞ്ഞത് നമ്മളെ അവിടെ കൊണ്ട് പോകേണ്ട ആവശ്യം ഇല്ലായിരുന്നു എന്നാണ്. അവരെ രക്ഷിക്കാൻ വന്ന മൽസ്യത്തൊഴിലാളികൾ, സാധാരണ ചെറുപ്പക്കാർ ഒക്കെയും പിന്നെ പഴയപരിചയം പറഞ്ഞു ചെന്നാൽ അക്രമികൾ ആകാനുള്ള സാധ്യത കൂടി. ഈ കോവിഡ് കാലത്ത് മത്സ്യത്തൊഴിലാളി മേഖലയെ 'അക്രമ' മേഖലായായി വിലയിരുത്തിയത് ഈ ഒരു മാനസികാവസ്ഥയിലാണ്. ക്ഷേത്രങ്ങളിൽ വിഗ്രഹം വെച്ചശേഷം തച്ചന്മാർ പുറത്താക്കപ്പെടുന്നതും കല്യാണത്തിന് പന്തലുപണിക്കർക്ക് എന്ത് കാര്യം എന്ന് ചോദിക്കുന്നതും ഇതേ മാനസികാവസ്ഥയിലാണ് (പന്തലുപണിക്കാരൻ സവര്ണനും സമ്പന്നനും ജ്യേഷ്ഠനെ അനുസരിക്കുന്നവനും കലാകാരനും ഒക്കെ ആയാൽ മാത്രമേ അവനു ചില സ്ഥാനങ്ങൾ ലഭിക്കൂ. കല്യാണരാമൻ സിനിമ നോക്കുക).

മലപ്പുറം എന്ന സ്ഥലം അക്രമികളുടെ സ്ഥലമായി (തീവ്രവാദികളുടെ) വ്യഖ്യാനപ്പെട്ടിരുന്നതിനെ ചൂണ്ടി പലരും പറയുന്നുണ്ട്, നോക്കൂ മലപ്പുറത്തുകാർ എത്ര നല്ലവരാണ് എന്ന്. പക്ഷെ ഈ ദുരന്തം തിരുവനന്തപുരത്തോ കോട്ടയത്തോ കൊച്ചിയിലോ തൃശൂരോ നടന്നിരുന്നെങ്കിലും ജനങ്ങൾ ഇങ്ങനെ തന്നെ പെരുമാറുമായിരുന്നു. അത് മനുഷ്യന്റെ പരിണാമത്തിൽ യൂസോഷ്യലിറ്റി വികസിക്കുന്നതിന്റെയും അൾട്രൂയിസം അഥവാ പരോപകാര പ്രവണത വികസിക്കുന്നതിന്റെയും ഒപ്പം സ്വാർത്ഥത ഉണ്ടായി വരുന്നതിന്റെയും ഫലമായാണ്. മനുഷ്യവർഗ്ഗത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ട ഒരു ആദിമ വാസനയുടെ പുതിയ പ്രത്യക്ഷം മാത്രമാണത്. അതുപയോഗിച്ചു ഏതെങ്കിലും ജില്ലക്കാർ നല്ലവരാണെന്നോ കെട്ടവരാണെന്നോ സ്ഥാപിക്കുന്നത് വൈകാരികം മാത്രമാണ്. പക്ഷെ സഹായത്തിനു ശേഷം സഹായികൾ അക്രമികളാകും എന്നതിന് അധികാരത്തിന്റെ ചരിത്രം പരിശോധിച്ചാൽ മാത്രം മതി. മാതൃഭൂമിയിലെ ചിത്രത്തിലുള്ള ഇംഗ്ലീഷ് വാക്കുകൾ സൂചിപ്പിക്കുന്നത് അതാണ്. ഭരണകൂടവും പൗരനും രണ്ടാണെന്ന വസ്തുത.

- ജോണി എം എൽ




Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ