രാമനില്ലാത്ത കാലം



'ഈ രാമൻ എന്റേതല്ല...എന്റെ രാമൻ പാവാടാ...' എന്നിങ്ങനെയുള്ള ഉദീരണങ്ങൾ ധാരാളം കേൾക്കുന്നുണ്ട് സാമൂഹ്യമാധ്യമങ്ങളിൽ. കർക്കിടകമാസത്തിൽ വീട്ടിൽ രാമായണം വായന ഉള്ളവരും ഇതൊക്കെത്തന്നെ പറയുന്നുണ്ടാവണം. ഏറ്റവും നിഷ്കളങ്കരായ മനുഷ്യർ ചോദിക്കും; ഒരു ക്ഷേത്രം വന്നാൽ നിങ്ങൾക്കെന്താണ്, അത് വന്നോട്ടെ, നല്ലതിനല്ലേ എന്ന്. അവരെ വെറുതെ വിടുക. വെടി വെച്ചാൽ എന്താ പുക എന്ന ചോദിക്കുന്ന ആളുകളാണ് അവർ. ഒന്നും മനസ്സിലാകില്ല. 

ഭക്തിപ്രസ്ഥാനത്തിലൂടെയാണ് രാമൻ പുനർജനിക്കുന്നത്. പ്രൊഫെസ്സർ എം എൻ വിജയൻ ഇതേക്കുറിച്ചു ചില കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ട്: നാമിന്നു കരുതുന്നത് പോലെ ഭക്തിപ്രസ്ഥാനത്തിനു മതത്തെ/ദൈവത്തെ ജനാധിപത്യവൽക്കരിക്കുക എന്നൊരു ദൗത്യം മാത്രമല്ല ഉണ്ടായിരുന്നത്. അത് വിമോചകം ആണെന്ന് തോന്നിച്ചതിന്റെ മറവിലൂടെ ബുദ്ധിസത്തിന്റെ മുഖ്യധാരയെ തച്ചുടയ്ക്കാൻ ശ്രമിച്ചു. മധ്യകാലഘട്ടത്തിൽ തുടങ്ങിയതാണിത്. എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ കാർമ്മികത്വത്തിൽ ആരംഭിച്ച ബുദ്ധിസത്തിന്റെ ഉന്മൂലനം അതിന്റെ ജനാധിപത്യമുഖം നേടുന്നത് ഭക്തിപ്രസ്ഥാനത്തിലൂടെയാണ്.

അതെ, ഭക്തിപ്രസ്ഥാനം വിമോചകമായിരുന്നു. വേദാധികാരം ഇല്ലാതിരുന്ന ശൂദ്രന് പുരാണേതിഹാസങ്ങൾ അവന്റെ ഭാഷയിൽ കേൾക്കാൻ കഴിഞ്ഞു. ഒരു പടികൂടി കടന്നപ്പോൾ വായിക്കാൻ കഴിഞ്ഞു. വിജയൻ മാഷ് പറയുന്നത്, അതുകൊണ്ടു നമുക്ക് പുതിയ മലയാളഭാഷയും എഴുത്തച്ഛൻ എന്നൊരു ശൂദ്രകവിയെയും കിട്ടി എന്നാണ്. ഭക്തിപ്രസ്ഥാനത്തിനു പക്ഷെ വൈഷ്ണവധാര മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അതിനു ശൈവധാരയും ഉണ്ടായിരുന്നു. കർണ്ണാടകത്തിൽ പതിനൊന്നാം നൂറ്റാണ്ടു മുതൽ അത് ശക്തിപ്പെടുന്നുണ്ട്. പക്ഷെ പതിനാല്-പതിനഞ്ചു നൂറ്റാണ്ടുകൾ ആകുമ്പോഴേയ്ക്കും വൈഷ്ണവ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്നുണ്ട് ഭക്തിപ്രസ്ഥാനം. 

ഇരുതല മൂർച്ചയുള്ള വാളായിരുന്നു ഭക്തിപ്രസ്ഥാനം. വിമോചകമായി പ്രത്യക്ഷപ്പെട്ട അത് നമ്മുടെ ആധുനിക ഭാഷാവ്യാകരണത്തിലേയ്ക്ക് കൂടി കടന്നു കൂടി 'രാമൻ രാവണനെ കൊന്നു' എന്ന് പഠിപ്പിച്ചുകൊണ്ട് കർത്തൃ സ്ഥാനത്ത് രാമനെ പ്രതിഷ്ഠിച്ചു. അത് ഇന്ത്യയിലെ മനുഷ്യരുടെ ശീലമായപ്പോഴും രാമനെ സംശയത്തോടെ നോക്കുന്ന പ്രവണത ഉണ്ടായിരുന്നു ജനങ്ങൾക്ക്. സാമാന്യബുദ്ധിയുള്ളവനും ചോദിച്ചു പോകുമായിരുന്നു, ഇയാളെന്തൊരു രാജാവാണ്. ആരോ പറഞ്ഞത് കൊണ്ട് ഭാര്യയെ കാട്ടിൽത്തള്ളിയവൻ. രാമന് സീത ഒരു വിഷയമായിരുന്നില്ല. തന്റെ 'ധർമ്മനിഷ്ഠയായിരുന്നു' രാജാവിന്റെ പ്രശ്നം. ഗാന്ധിജിയ്ക്കും അതായിരുന്നല്ലോ. കസ്തൂർബാ. രാമായണകാലത്തെ ധർമ്മബോധം തന്നെയാണ് മഹാഭാരത കാലത്തും. പാഞ്ചാലിയെ കുരുസഭയിൽ വിവസ്ത്രയാക്കിയപ്പോൾ ധർമ്മപുത്രരും സഹോദരന്മാരും കൊടുത്ത വാക്കിലും തോറ്റ ചൂതിലും പെട്ട് ധർമ്മം പാലിക്കുകയായിരുന്നു. 

പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ രാമനെക്കൊണ്ട് കാര്യമില്ലെന്നു വന്നു. രാമായണവും മഹാഭാരതവും കേവലം സാഹിത്യമായോ സദാചാരപാഠമായോ 'താഴ്ന്നു' പോയി. പട്ടിണി വരുമ്പോൾ വിശപ്പ് മറക്കാൻ വായിക്കേണ്ട പുസ്തകമായി രാമായണം. ചെറിയ ദുരന്തങ്ങളെ വലിയദുരന്തങ്ങളുടെ കഥ കൊണ്ട് നേരിടുന്ന ആദിമമായ സൈക്കോളജിക്കൽ ടെക്നിക്ക്. പ്ലാസിബോ. അപ്പോഴാണ് ഗാന്ധിജിയുടെ വരവ്. ഒരു പുസ്തകം ഇല്ലാത്തതാണ് കുറവെന്ന് തിലകൻ മുതൽപ്പേർക്ക് തോന്നിത്തുടങ്ങിയിരുന്നു. അവരെല്ലാം മഹാഭാരതത്തിനുള്ളിൽ ഗീതയെ കൈവെച്ചു. രാമരാജ്യം വരണമെന്നും കൃഷ്ണ തന്ത്രം പുലരണമെന്നും പ്രചരിപ്പിച്ചു കൊണ്ട് ഒരു ക്ഷേത്രത്തിലും പോകാതെ നടന്ന വിചിത്ര ദേശീയ നേതാവായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ ഈ ആശയക്കുഴപ്പം ദേശീയപ്രസ്ഥാനം നയിച്ച എല്ലാവര്ക്കും പകർന്നു കിട്ടി; നെഹ്രുവിനും അംബേഡ്കറിനുമൊഴികെ. അംബേദ്‌കർ വിദ്യാഭ്യാസമുള്ളവനായിരുന്നു. നെഹ്രുവിനും വിദ്യാഭ്യാസമുണ്ടായിരുന്നത് കൊണ്ട് രാമന്റെ പിന്നാലെ പോയില്ല. അവർ പറയുന്നത് ഗാന്ധിജി കേട്ടതുമില്ല.

ഗീത ഗാന്ധിജിയുടെ ലിറിക്സ് ആയിരുന്നെങ്കിൽ അതിന്റെ പശ്ചാത്തല സംഗീതമായിരുന്നു രാമൻ. അരാഷ്ട്രീയമായി ഈ രണ്ടു ടെക്സ്റ്റുകളെ സമീപിച്ച ഗാന്ധിജി അതുയർത്തി വിട്ട ആശയക്കുഴപ്പത്തിന് ഇര കൂടിയായിരുന്നു. ആർ എസ് എസ്സിന് വേണ്ടിയിരുന്നത് ഇല്ലത്ത് നിന്ന് ഇറങ്ങുകയും അമ്മാത്ത് എത്താത്തതുമായാ ദൈവങ്ങളെ ആയിരുന്നില്ല. അവർക്ക് ആക്രാമകമായി നീതി നടപ്പാക്കുന്ന മോശയെപ്പോലുള്ള ഒരു ദൈവം വേണമായിരുന്നു. അപ്പോഴാണ് പല രാമായണങ്ങളുടെ വരവ്. ഇൻഡ്യാക്കാരുടെ സാംസ്‌കാരിക അബോധത്തിൽ രൂഢമൂലമായിരുന്ന രാമായണ-മഹാഭാരതങ്ങളുടെ പാഠസ്വാതന്ത്ര്യങ്ങളെ വീണ്ടെടുത്ത് സെക്കുലാർ ബഹുസ്വരത ഉണ്ടാക്കേണ്ട ആവശ്യം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയ്ക്കുണ്ടായി. എ കെ രാമാനുജാവും റോമിലാ ഥാപ്പറും കുട്ടിക്കൃഷ്ണ മാരാരും നമ്മുടെ അടുത്തുള്ള സുനിൽ പി ഇളയിടവും ഒക്കെ ചെയ്തത് ഈ ഉദ്ദേശ്യത്തിൽ തന്നെയായിരുന്നു. ഒപ്പം എത്രയോ പുനരാഖ്യാനങ്ങളും നവ ആഖ്യാനങ്ങളും. 

എന്നാൽ  അവയെ ഒക്കെ കടത്തി വെട്ടി ഒരു രാമൻ വളർന്നു വന്നു; നല്ല മസിലുള്ള റാംബോയെ പോലെയിരിക്കുന്ന ഒരു രാമൻ. ആ രാമനെ ഏറ്റവും നന്നായി എടുത്തു കാണിച്ചുകൊണ്ട് അതിന്റെ ഭീകരത വെളിപ്പെടുത്തിയത് ആനന്ദ് പട്വർദ്ധൻ എന്ന ഡോക്യുമെന്ററി മേക്കർ ആയിരുന്നു. 'രാം കെ നാം' അഥവാ രാമനാമത്തിൽ എന്ന ഡോക്യൂമെന്ററിയിൽ ഇന്ത്യയിലെമ്പാടും അദ്വാനിയുടെ രഥയാത്ര ഇളക്കിവിട്ടു മതഭ്രാന്തിന്റെ ചിത്രം നാം കണ്ടു. പക്ഷെ അത് പിന്നീട് നിരോധിക്കപ്പെട്ടു. ക്രമേണ രാമന്റെ പേരിൽ കൊലപാതകങ്ങൾ തുടങ്ങി. രാമന് ഒരു ശത്രു വേണമായിരുന്നു. ചരിത്ര ഗതിയിൽ മുസ്ലീങ്ങൾക്കായിരുന്നു ആ അപരസ്ഥാനത്തെയ്ക്ക് വരാൻ വിധി. രാമൻ തന്റെ സാഹിത്യ പാഠ അസ്തിത്വം കൈവെടിഞ്ഞ് ഇന്ന് ഒരു മതത്തിന്റെ ശിക്ഷിക്കുന്ന ദൈവം ആയിരിക്കുന്നു. ആ രാമന് ഒരു രാജ്യത്തെ ഒന്നിക്കാൻ കഴിയില്ല. 

അതിനാൽ രാമൻ എന്ന് പറയുന്നത് ഒരു വ്യവഹാരത്തിന്റെ കേന്ദ്രബിന്ദു ആകാൻ പാടില്ല എന്നത് മാത്രമാണ് ആ ആക്രാമകതയെ ചെറുക്കാനുള്ള ഏക പോംവഴി. നാം എത്രത്തോളം മറ്റൊരു രാമനെ, നല്ലവനായ രാമനെ മുകളിലേയ്ക്കെടുക്കാൻ ശ്രമിക്കുമോ അത്രയുമധികം നാം വലതുപക്ഷ രാമന്റെ ലക്‌ഷ്യം നിറവേറ്റും. വിശ്വാസികൾ വിശ്വസിച്ചോട്ടെ. അവർ അയോധ്യയിൽ ഉണ്ടാകുന്ന രാമക്ഷേത്രത്തിലേയ്ക്ക് തീർത്ഥയാത്ര പൊയ്ക്കോട്ടേ. ആ രാമൻ ദൈവമായി മാത്രം മാറിയ്ക്കോട്ടെ. പക്ഷെ, രാമനെ പരാമര്ശസ്ഥാനത്തു നിർത്തിക്കൊണ്ട് 'എന്റെ രാമൻ പാവാടാ...' എന്ന് വാദിക്കുന്നത് വാദിക്കുന്നവന്റെ ഉള്ളിലെ പാരമ്പര്യവാദം മാത്രമാണ്. രാമനെക്കൂടാതെ ജീവിക്കാൻ കഴിയാത്തവർ അങ്ങനെ ജീവിച്ചോട്ടെ. എന്നാൽ രാമനെ കൂടാതെ ജീവിക്കാൻ കഴിയുമെന്ന് (അത് ബഹുസ്വരപാഠം എന്ന നിലയിലാണെങ്കിൽപ്പോലും അതിനെ ഉപേക്ഷിച്ച്) നമ്മൾ തെളിയിക്കേണ്ടിയിരിക്കുന്നു. നന്മയിൽ നിന്ന് തിന്മയിലേക്ക് പുരോഗമിച്ച ദൈവസങ്കല്പമാണ് ഇന്ന് രാമന്റേത്. ചരിത്രത്തിൽ പലദൈവങ്ങളും ക്ഷേത്രങ്ങൾക്കുള്ളിൽ ഒതുങ്ങിപ്പോയിട്ടുണ്ട്. (ഇന്ദ്രനും വരുണനും അഗ്നിയും ഒന്നും ഇന്ന് നമ്മെ ഭയപ്പെടുത്തുന്നില്ല. ഇവരെ മൂന്നു പേരെയും പലപ്പോഴും കാലാവസ്ഥാ നിരീക്ഷകരും ഫയർ ഫോഴ്സും ചേർന്ന് മെരുക്കുന്നുണ്ട്.) ഇനിയുള്ള കാലത്ത് നമുക്ക് രാമൻ വേണ്ട മനുഷ്യൻ മതി എന്ന് തോന്നി ജീവിക്കാൻ കഴിയണം. ഇനി അഥവാ കുറെ വർഷങ്ങൾ കഴിഞ്ഞു നാം അയോധ്യയിൽ പോകുകയാണെങ്കിൽ രാമക്ഷേത്രം സന്ദർശിക്കുകയും വേണം. നമ്മുക്ക് ഇപ്പോൾ ഗുരുവായൂരോ വൈക്കത്തോ പോകുന്നതിൽ അത്ര ചെടിപ്പ് തോന്നാറില്ലല്ലോ. പ്രവേശനത്തിനായി സമരം ചെയ്യേണ്ടി വന്ന ഇടങ്ങളാണ് ഇവയെങ്കിലും. 

- ജോണി എം എൽ 






Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ