കാശ്മീരും വെള്ളായണി കായലും തമ്മിലെന്ത്?




ഇന്ന് കണ്ട ഒരു പത്രവാർത്ത ഇന്ത്യൻ സാഹചര്യത്തെ വെളിപ്പെടുത്താൻ പര്യാപ്തമാണെന്നു തോന്നി. സംഗതി ഇങ്ങു തെക്ക് തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയമായ വെള്ളായണി കായലിനെ കുറിച്ചാണ്. ആ കായലിൽ ഇപ്പോൾ ഏറിയ ഭാഗവും താമര നിറഞ്ഞു കിടക്കുകയാണ്. അതിനാൽ മീനുകൾ ചത്ത് പൊന്തുന്നു. മീൻ പിടുത്തക്കാർക്ക് ഈ താമര വള്ളികൾക്കിടയിലൂടെ തുഴഞ്ഞു പോകാൻ കഴിയുന്നില്ല. പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും തൊഴിലാളികളും ഒക്കെ ഈ താമരച്ചെടികളും പൂക്കളും ബഹുജീവി-സസ്യ ആവാസവ്യവസ്ഥയെ തകർക്കുകയാണെന്ന അഭിപ്രായത്തിലാണ്. 

താമരപ്പൂ മനോഹരമായ ഒരു പുഷ്പമാണ്. താമരക്കൃഷി വെള്ളായണി കായലിൽ നടക്കുന്നുണ്ട്. അത് കാലാകാലങ്ങളിൽ പറിച്ചെടുത്തു വിൽക്കുന്നതിനാൽ വളർന്നു പടരുന്നില്ല. കൊറോണ വന്നത് കാരണം പൂക്കൾക്ക് ആവശ്യക്കാരില്ല. ക്ഷേത്രങ്ങളിലും കല്യാണങ്ങളിലും മറ്റു ആഘോഷങ്ങളിലും ഒക്കെയാണല്ലോ പൂക്കൾ ഉപയോഗിക്കുന്നത്. അതിനാൽ താമരപ്പൂ വിളവ് എടുക്കാൻ ആളുകൾ തയാറല്ല. ഇലകൾ വീണു അഴുകി കായലിൽ നിന്ന് ദുർഗന്ധം പടരുന്നു. തഴച്ചു വളരുന്ന ഇലകൾ ജലത്തിലെ വായുസഞ്ചാരം തടയുന്നതിനായി ജീവജാലങ്ങൾ ചത്ത് വീഴുന്നു. 

താമരപ്പൂ അടയാളമുള്ള ഒരു പാർട്ടി മനോഹരമായ തടാകങ്ങൾ ഉള്ള ഒരു സംസ്ഥാനത്തിന് മേൽ കഴിഞ്ഞ ഒരു വർഷമായി കയറിപടർന്നു കിടക്കുകയാണ്. അവിടെയുള്ള ജീവിതങ്ങൾ വീർപ്പുമുട്ടുകയും ചത്ത് പൊന്തുകയും ചെയ്യുന്നു. വെള്ളായണി കായലും കാശ്മീരും തമ്മിൽ ഉള്ള ഒരു വ്യത്യാസം എന്നത്, വെള്ളായണി കായലിൽ താമര പടർന്നപ്പോൾ പരാതി പറയാൻ കായൽ കൊണ്ട് ജീവിക്കുന്നവരും പരിസ്ഥിതിപ്രവർത്തകരും തയാറായി. കശ്മീരിന്റെ കാര്യത്തിൽ പക്ഷെ പരിപൂർണ്ണ നിശബ്ദതയാണ്. കാശ്മീരിൽ പടർന്ന താമര എങ്ങും കൊണ്ട് പോയി വിൽക്കാൻ പറ്റില്ല. അതിനാൽ തല്ക്കാലം അതിനെ നട്ടവർ മാറ്റുന്നില്ല. 

ഇനി കുറെ നാളുകൾ കഴിഞ്ഞു കാശ്മീരിൽ നിന്ന് താമരപ്പൂക്കൾ മാറ്റി അവിടെയുള്ള ആവാസവ്യവസ്ഥകളെ സ്വതന്ത്രമാക്കി എന്നിരിക്കട്ടെ. അങ്ങനെ സ്വതന്ത്രമാകുന്ന ഇടത്തിൽ അവിടെ നേരത്തെ ജീവിച്ചിരുന്ന ജീവികൾ അല്ല കാണപ്പെടുന്നതെങ്കിലോ? ജീവപരിണാമത്തിന്റെ ദീർഘ കാലയളവുകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ശ്വാസം മുട്ടിക്കുന്ന കാലാവസ്ഥയിൽ ജീവിക്കാൻ കഴിയാത്ത വർഗ്ഗങ്ങൾ നശിച്ചു പോവുകയും അവിടെ അതിജീവനശേഷിയുള്ള പുതിയ ജീവി വര്ഗങ്ങള് ഉണ്ടാവുകയും ചെയ്യുന്നു. മനുഷ്യൻ അറുപതിനായിരം വര്ഷങ്ങള്ക്കിടെ കൊന്നൊടുക്കിയ ജീവിവര്ഗങ്ങളുടെ എണ്ണം ആയിരക്കണക്കിന് വരും. കാശ്മീരിൽ താമരപ്പൂക്കൾ മാറുമ്പോൾ എന്താകും അവശേഷിക്കുക? മെരുക്കപ്പെട്ട ഒരു ജനതയോ അതോ പഴയതിനെ വിസ്ഥാപനം ചെയ്ത ഒരു പുതിയ ജനതയോ? 

- ജോണി എം എൽ 


Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ