ദൃശ്യഹാസ്യം വിടർത്തുന്ന രൂക്ഷയാഥാർഥ്യങ്ങൾ: അൻവർ ചിത്രകാറിന്റെ കൊറോണാ ചിത്രങ്ങൾ





(അൻവർ ചിത്രകാർ)


അൻവർ ചിത്രകാർ എന്നൊരു പടചിത്രകാരനെ മലയാളികൾക്ക് ഒരു പക്ഷെ പരിചയമുണ്ടാവില്ല. പടചിത്രകാരന്മാർ ഒരുകാലത്ത് ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങൾ ആയിരുന്നു. റേഡിയോയും ടെലിവിഷനും ഇതര വിനോദമാധ്യമങ്ങളും ഒക്കെ നിലവിൽ വരുന്നതിനു മുൻപ് പടചിത്രകാരന്മാർ നാടുനീളെ നടന്ന്, തുണിച്ചുരുളുകളിലും പേപ്പർ ചുരുളുകളിലും വരച്ച ചിത്രങ്ങൾക്ക് നേരെ വിളക്ക് കാട്ടി, രംഗത്ത് നടക്കുന്ന കഥ ഭാഷണമായും പാട്ടായും അവതരിപ്പിച്ചു വാമൊഴി സംസ്കാരത്തെ ദൃശ്യഭാഷാ സംസ്കാരവുമായി കലർത്തി മുന്നോട്ട് കൊണ്ടുപോയിരുന്നു. പണ്ട് കാലത്ത് പടചിത്രകാരന്മാരും ചിത്രകാരികളും എല്ലാവര്ക്കും അറിയാവുന്ന പുരാണേതിഹാസ കഥകളായിരുന്നു വരച്ചും പാടിയും നടന്നത്. എന്നാൽ കാലം കടന്നപ്പോൾ അവരും പുതിയകാലത്തിന്റെ അംശങ്ങൾ തങ്ങളുടെ കലയിലേയ്ക്ക് കൊണ്ട് വരാൻ തുടങ്ങി. ഇന്ന് സ്മാർട്ട് ഫോണിന്റെ കാലത്ത് പടചിത്രകാരന്മാർക്ക് പഴയ പദവിയില്ല. പക്ഷെ അവരുടെ കല ഇന്ന് എംപോറിയങ്ങളിലും ഗ്യാലറികളിലും എത്തിയിരിക്കുന്നു. സമ്പന്നരായ കലാശേഖര കുതുകികൾക്ക് ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നായിരിക്കുന്നു പടചിത്രങ്ങൾ.





കൊൽക്കത്തയിലെ ഇമാമി കലാ കേന്ദ്രത്തിൽ ജൂലായിലാണ് അൻവർ ചിത്രകാറിന്റെ പതിമൂന്ന് ചിത്രങ്ങളുടെ പ്രദർശനം നടന്നത്. 'നമ്മുടെ കാലത്തെ കഥകൾ' (ടെയ്ൽസ് ഫ്രം ഔർ ടൈം) എന്നായിരുന്നു പ്രദർശനത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ, കൊറോണാ കാലത്തെ സംഭവങ്ങൾ തന്നെയാണ് അൻവർ ചിത്രകാർ ചിത്രങ്ങളിൽ വിഷയമാക്കിയിരിക്കുന്നത്. ചിത്രങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് അൻവറിനെക്കുറിച്ചു ചിലത് നമ്മൾ അറിയേണ്ടതുണ്ട്. ചിത്രകാർ സമുദായത്തിലുള്ളവർ സൂഫി ജീവിതമാണ് നയിക്കുന്നത്. അവർ മുസ്ലീങ്ങളാണ്. പക്ഷെ ഹിന്ദു പുരാണേതിഹാസങ്ങളാണ് വരയ്ക്കുന്നത്. അവരുടെ ജീവിതം തന്നെ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും പുനരാഖ്യാനങ്ങളിലൂടെയാണ് നീളുന്നത്. ഒരു കാലത്ത് രാമായണത്തെയും മഹാഭാരതത്തെയും ബംഗാളിലെയും ബീഹാറിലെയും ഒറീസ്സയിലെയും ദരിദ്ര നാരായണന്മാരും നിരക്ഷരകുക്ഷികളുമായ ജനങ്ങളുടെ ഇടയിലേക്ക് കൊണ്ട് പോയി പാരമ്പര്യങ്ങൾ കെടാതെ സൂക്ഷിച്ചത് മുസ്ലിം കലാകാരന്മാരായിരുന്നു. അവരുടെ സർനെയിം തന്നെ 'ചിത്രകാർ' എന്നായി.




മിഡ്നാപൂരിലെ ഒരു ഗ്രാമത്തിൽ ഒരു ചിത്രകാർ കുടുംബത്തിലാണ് അൻവറിന്റെ ജനനം. 1980 -. വീട്ടുകാരെല്ലാവരും ചിത്രങ്ങൾ വരയ്ക്കും. പരമ്പരാഗത ശൈലിയാണ് അവർക്ക് പ്രിയം. കുട്ടിക്കാലത്തു തന്നെ അൻവർ ചിത്രങ്ങൾ വരച്ചു തുടങ്ങി. ഒരിക്കൽ അച്ഛൻ വരച്ചു പാതിയാക്കിയ ചിത്രം ബാലനായ അൻവർ പൂർത്തിയാക്കി. തിരികെ വന്ന അച്ഛൻ ഇത് കണ്ടു അമ്പരന്നു പോയി. പിക്കാസോയെക്കുറിച്ചും ഇങ്ങനെയൊരു കഥയുണ്ട്. മകന്റെ പ്രതിഭ കണ്ട അച്ഛൻ പിന്നെ തൂലികയെടുത്തിട്ടില്ലെന്ന് പിക്കാസോ ലെജൻഡ് പറയുന്നു. എന്തായാലും അൻവറിന്റെ കഥയിൽ അങ്ങനെയൊരു പരിണാമം ഇല്ല. അൻവർ പക്ഷെ ചിത്രകാർ ആകാൻ ആഗ്രഹിച്ചില്ല. അതിനാൽ ഒരു തയ്യൽക്കാരൻ ആയി. പത്തുവർഷം അങ്ങനെ കടന്നു പോയി. ഉള്ളിലിരുന്ന ചിത്രകാരൻ വിളിച്ചു. അൻവർ ചിത്രകലയിലേയ്ക്ക് മടങ്ങിപ്പോയി. പക്ഷെ കുടുംബാങ്ങങ്ങൾ വരച്ച പോലെ വരയ്ക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. അൻവർ ഒരു സ്വന്തം ശൈലിയ്ക്കായി ശ്രമിച്ചു. വിജയിച്ചു.




എന്താണ് ശൈലി? കാളിഘട്ട് ശൈലിയും പരമ്പരാഗത പടചിത്ര ശൈലിയും കലർന്ന ഒരു പുതിയ ശൈലി. മുഗൾ കൊട്ടാരത്തിൽ നിന്നും മറ്റു പ്രാദേശിക രാജസ്ഥാനങ്ങളിൽ നിന്നും സാമ്പത്തികസഹായവും പ്രോത്സാഹനവും ലഭിച്ചിരുന്ന പല ചിത്രകാരന്മാരും പതിനെട്ടാം നൂറ്റാണ്ടോടെ തെരുവാധാരമായി. ബ്രിട്ടീഷിന്ത്യയിൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അപ്പോഴേയ്ക്കും ബ്രിട്ടീഷ് കലാകാരന്മാർക്ക് ഇന്ത്യൻ രാജ-പ്രഭുക്കന്മാരുടെ സഹായം ലഭിച്ചു തുടങ്ങി. ഇന്ത്യൻ കലാകാരന്മാർക്ക് പാശ്ചാത്യകലാകാരന്മാരുടെ ശൈലിയെ അനുകരിക്കേണ്ടി വന്നു. അങ്ങനെ ഇന്ത്യൻ കലയും പാശ്ചാത്യ കലയും ഇടകലർന്ന ഒരു കമ്പോള ശൈലി ഉണ്ടായി. കമ്പനി സ്കൂൾ എന്നായിരുന്നു ബ്രിട്ടീഷ് ജനപ്രിയ ശൈലിയുടെ പേര്. അത് ഇന്ത്യൻ ശൈലിയുമായി കലർന്നപ്പോൾ ബാസാർ ആർട്ട് ആയി. ശൈലിയിലേക്ക് കടന്നു ചെന്ന പടചിത്ര കലാകാരന്മാർ തയാറാക്കിയ ശൈലിയായിരുന്നു കാളിഘട്ട് ശൈലി. അത് കാളിഘട്ട് ക്ഷേത്ര പരിസരത്ത് ഉടലെടുത്തതിനാൽ പേരിൽ അറിയപ്പെട്ടു. ബട്ടത്തല എന്ന സ്ഥലത്ത് പേപ്പർ നിർമ്മാണം ഉണ്ടായതിനാൽ ബാട്ടത്തല കല എന്നൊരു വിഭാഗവും ഉടലെടുത്തു.




അൻവർ ചിത്രകാർ എടുത്ത ശൈലി പരമ്പരാഗത ചിത്രകാർ ശൈലിയും കാളിഘട്ട് ശൈലിയും ഒത്തു ചേർന്നതാണ്. കൊറോണാ കാലത്തെ പതിമൂന്ന് ചിത്രങ്ങളിൽ ഇത് കാണാം. കാളിഘട്ട് ചിത്രങ്ങളിലെ ഒരു മുഖ്യധാരയാണ് വിഡംബന ശൈലിയിലുള്ള സാമൂഹ്യ വിമർശനം. ഒരു ധാര അൻവറിന്റെ ചിത്രങ്ങളിൽ കാണാം. 'പ്രണയം ചുരുങ്ങുന്നു' എന്ന ചിത്രത്തിൽ പ്രണയിക്കാൻ ഇടമില്ലാതെ കമിതാക്കൾ കാറിനു മുകളിൽ ഇരിക്കുന്നു. റെസ്ടാറന്റുകളും പാർക്കുകളും  അടഞ്ഞുപോയതാണ് കാരണം. "ചൂടുള്ള നായകൻ" എന്ന ചിത്രത്തിൽ സിനിമാ-സീരിയൽ നിർമ്മാണം നിലച്ചു പോയതിനാൽ അടുക്കളയിൽ ജോലിചെയ്യുന്ന നായകനെ കാണുന്നു. സ്ത്രീകൾ ചീട്ടുകളിച്ചു സമയം കൊല്ലുന്നു. പരമ്പരാഗത നായക/പുരുഷ സങ്കല്പ്പത്തെ കൊറോണ ഉടച്ചു വാർത്തു എന്നും പറയാം.



"വണ്ടിയുണ്ടോ' എന്നാണ് അടുത്ത ചിത്രത്തിന്റെ പേര്. ലോക്ക് ഡൌൺ കാരണം ഗതാഗതം നിലച്ചു. കൈക്കൂലി കിട്ടാതെ പോലീസുകാർ വലഞ്ഞു. സൈക്കിളിൽ പോകുന്ന യുവതിയോട് ചോദിക്കുകയാണ് വണ്ടി എങ്ങാനും വരുന്നുണ്ടോ? 'ഇനി ഹിംസ വേണ്ട" എന്ന ചിത്രത്തിൽ പലതരം സ്വഭാവമുള്ള മൃഗങ്ങൾ ഒത്തു ചേരുന്നു. റുട്ഗെർ ബ്രെഗ്മാൻ 'ഹ്യൂമൻ കൈൻഡ്' എന്ന പുസ്തകത്തിൽ പറയുന്നത് ഏറ്റവും ക്രൂരമായ കാലത്തിൽ സഹജീവനം എന്നത് അതിജീവനം ആകുന്നു എന്നതാണ്. അത് ജൈവീകമായി അറിഞ്ഞ കലാകാരനാണ് അൻവർ. 'സുഹൃത്തേ സുഖമാണോ" എന്ന ചിത്രത്തിൽ കൂട്ടിലടക്കപ്പെട്ട മനുഷ്യരോട് കിളികളും മൃഗങ്ങളും ചോദിക്കുകയാണ് സുഖമാണോ എന്ന്. 'സ്വപ്ന ലോകം' എന്ന ചിത്രം നോക്കൂ. ഭരണകൂടം അനാഥമാക്കിയ കുടിയേറ്റക്കാർ തിരികെ ഗ്രാമങ്ങളിലേക്ക് നടക്കുമ്പോൾ അവർ സ്വപ്നം കാണുന്നത് ഒരു പുഷ്പകവിമാന യാത്ര അല്ലെങ്കിൽ ചിറകുമുളച്ച യാത്രയെയാണ്. വേദനാജനകമായ യാഥാർഥ്യത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.



'സാനിറ്റേസർ വാക്സിൻ' എന്ന ചിത്രത്തിൽ കള്ളുകുടിച്ചാടി വരുന്ന ബംഗാളി ബാബുവിനെ ചൂലെടുത്തു തല്ലാൻ നിൽക്കുന്ന ഭാര്യ (ഇത് കാളിഘട്ട് ചിത്രങ്ങളിലെ ഒരു പ്രധാന വിഷയമാണ്). എന്നാൽ ബംഗാളി ബാബു പറയുന്നു ഇത് കൊറോണയെ നശിപ്പിക്കുന്ന വാക്സിൻ ആണെന്ന്. മറ്റെല്ലാവരെയും പോലെ ബംഗാളി ജനതയും അവരുടെ മാ ദുർഗ്ഗ ഒരു കൊറോണ ദേവതയായി അവതരിക്കും എന്ന പ്രതീക്ഷയുണ്ട് അതാണ് 'ശക്തിരൂപിണി' എന്ന ചിത്രത്തിൽ അൻവർ അവതരിപ്പിക്കുന്നത്. "മുഖമൂടി ധാരി' എന്ന ചിത്രം പ്രത്യക്ഷത്തിൽ ഒരു ദൃശ്യ വിരോധാഭാസം ആണെങ്കിലും അതിലൊരു രാഷ്ട്രീയ സന്ദേശം കൂടി അടങ്ങുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വഴിയിൽ അലയുന്ന പശുക്കൾക്ക് മനുഷ്യമുഖവും സ്കൂട്ടറിൽ പോകുന്ന മനുഷ്യർക്ക് പശുമുഖവും നൽകിയിരിക്കുന്നു. പശുക്കൾ ധാന്യം തിന്നാതിരിക്കാൻ അവരുടെ വായ്മൂടി ഇടുന്നത് പോലെ മനുഷ്യർ ഇന്ന് മുഖംമൂടി കെട്ടുകയാണെന്നാണ് വ്യംഗ്യം എങ്കിലും, പശുവിന്റെ മുഖവുമായി നടന്നാൽ ഇന്ന് ഇന്ത്യയിൽ തല്ലിക്കൊല്ലപ്പെടില്ല എന്നുകൂടിയുണ്ടല്ലോ.




'പരിചിത സുഹൃത്ത്' എന്ന ചിത്രം നേരത്തെ കണ്ട ലോകം വിശ്വഏക നീഡം എന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുകയും, ഒപ്പം മനുഷ്യർ ലോക്ക് ഡൗണിൽ അകത്തായതോടെ മരങ്ങളിലൊക്കെയും കിളികളും ദേശാടനപക്ഷികളും തിരികെ വരികയായെന്ന സൂചനകൂടി കലാകാരൻ നൽകുന്നു. 'നമ്മുടെ ശത്രുവാര്?'  എന്ന ചിത്രത്തിലും നേരത്തെ പറഞ്ഞ രാഷ്ട്രീയാർത്ഥം അടങ്ങിയിട്ടുണ്ട്. വടിയെടുത്തു നിൽക്കുന്ന മനുഷ്യന് സ്കൂട്ടറിൽ പോകുന്നവർ കമിതാക്കളാണോ രണ്ടു മതക്കാരാണോ എന്ന് അറിയാൻ പാടില്ല. ദുരഭിമാനക്കൊല നടക്കുന്ന രാജ്യത്തിൽ മുഖംമൂടി ഒരു അനുഗ്രഹമായി അൻവറിനു തോന്നുന്നുണ്ടാകണം (രാഷ്ട്രീയഅര്ഥത്തിന്റെ വായന എന്റേത്. അത് കലാകാരൻ എങ്ങും പറയുന്നില്ല). 'നിങ്ങളെങ്കിലും ഇതറിയണം' എന്ന ചിത്രത്തിലും വിരോധാഭാസം ഉളവാക്കുന്ന ഹാസ്യം ഉണ്ട്. പോലീസുകാരൻ സ്ത്രീകളോട് പറയുന്നു നിങ്ങൾ മുഖം മൂടി ധരിക്കണം. അവർ ചേലത്തുമ്പു കൊണ്ട് മുഖം മറയ്ക്കുന്നു. പക്ഷെ പോലീസുകാരന് മുഖം മൂടി ഇല്ല. അധികാരികൾക്ക് എന്തുമാകാം എന്നൊരു സൂചന ബാക്കിനിൽക്കുന്നു. 'അറുപതോ തൊണ്ണൂറോ?" എന്ന ചിത്രം ലോക്ക് ഡൗണിൽ ഗൃഹാന്തരീക്ഷങ്ങളിൽ എന്തൊക്കെ സംഭവിക്കാം എന്ന് ചിത്രകാരൻ ചിന്തിക്കുമ്പോൾ ഉണ്ടാകുന്നതാണ്. മനുഷ്യന് ബോറടി സഹിക്കാതാകുമ്പോൾ അസംബന്ധമാണ് എന്ന് തോന്നിക്കുന്ന പഞ്ചഗുസ്തി മത്സരം നടത്തിപ്പോലും മദ്യപിക്കാനുള്ള ഒരു അവസരമുണ്ടാക്കുന്നു. അതിൽ ആണും പെണ്ണും ഒരു പോലെ പങ്കെടുക്കുകയും ചെയ്യുന്നു. ഫെല്ലിനിയുടെ ലാ ഡോൾച്ചേ വിറ്റ എന്ന സിനിമയിൽ അവസാനം സമ്പന്നർ ഒന്നും ചെയ്യാനില്ലാതെ വരുമ്പോൾ തലയണ കൊണ്ട് പരസ്പരം തള്ളിക്കളിക്കുന്ന ഒരു രംഗമുണ്ട്. അതിനെയാണ് അൻവറിന്റെ ചിത്രം ഓർമ്മിപ്പിക്കുന്നത്. ലളിതമായ ബാഹ്യാർത്ഥം ഉളവാക്കുന്ന ഹാസ്യത്തിലൂടെ സമൂഹത്തിലെ രൂക്ഷമായ യാഥാർഥ്യങ്ങളിലേയ്ക്ക് കാണിയെ കടത്തിവിടാൻ കഴിയുന്ന രചനകൾക്ക് കാലത്തിലും കാലത്തിനപ്പുറത്തും സാംഗത്യമുണ്ടാകും.

-ജോണി എം എൽ






Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ