പുണ്യഭൂമികൾ ഇനിയും ഉണ്ടാകും കാരണം....



പുണ്യ ഭൂമി എന്നൊരു കൺസെപ്റ്റ് ഉള്ളത് പോലെ തന്നെയാണ് ഗോ ഹോം/ വീട്ടിൽപ്പോകൂ എന്ന ആശയവും ലോകത്ത് പ്രചരിക്കുന്നത്. ആദ്യത്തേതിൽ എല്ലാ സെമിറ്റിക് മതങ്ങളും ഒരു വാഗ്ദത്ത ഭൂമി ഉണ്ടെന്നു കരുതുന്നു; ജൂതർക്ക് ഇസ്രായേൽ എന്നത് പോലെ, ക്രിസ്ത്യാനികൾക്ക് റോം എന്നത് പോലെ, മുസ്ളീംങ്ങൾക്ക് മക്ക-മദീന പോലെ. ബുദ്ധിസ്റ്റുകൾക്കും ജൈനർക്കും ഉണ്ട് അങ്ങനെ പുണ്യ നാടുകൾ. ഹിന്ദുക്കളുടേത് അങ്ങനെ പരന്നു ചിതറിക്കിടക്കുകയാണ്. എവിടെ നോക്കിയാലും അവിടെ ഒരു പുണ്യഭൂമി ഉണ്ടായതായി വരും. 

ഹിന്ദുക്കൾക്കും അതിലുള്ള അവാന്തരവിഭാഗങ്ങൾക്കും എല്ലാം പോകാൻ വേറെ വേറെ പുണ്യഭൂമികളുണ്ട്. എന്തിനേറെപ്പറയുന്നു സെക്കുലർ വിശ്വാസികൾക്ക് പോലും പോകാൻ ഇവിടെ പുണ്യഭൂമികൾ ഉണ്ട്; ഗോവ, കുളു, മനാലി, ധരംശാല, ഡാര്ജിലിങ്, ലേഹ്, ലദ്ദാക്ക്..അങ്ങനെ പോകുന്നു ഇടങ്ങൾ. തൊണ്ണൂറ്റിയെട്ടു ശതമാനം വിശ്വാസികൾ ആണ് ഇന്ത്യയിൽ എന്ന് പറയുന്നു. അതിന്റെ അർഥം, തൊണ്ണൂറ്റിയെട്ട് ശതമാനം ദുഃഖിതർ എന്നാണ്. രണ്ടു ശതമാനത്തിനു മാത്രമാണ് തൃപ്തി എന്ന അനുഭവം ഉള്ളത്. ഒരു ശതമാനത്തിന്റെ കയ്യിലാണ് സമ്പത്ത് മുഴുവൻ. 

ഈ തൊണ്ണൂറ്റിയെട്ടു ശതമാനം വിശ്വാസികളെയും അവരുടെ പുണ്യഭൂമികളെയും സെക്കുലറാക്കാൻ ഒറ്റയടിയ്ക്കന്നെല്ല പലയടിക്കും കഴിയുകയില്ല. സെക്കുലറിസം ഉണ്ടാകാൻ പ്രധാനമായ കാര്യം വിശാസത്തിനെതിരെ യുക്തിവാദത്തെയോ ഭൗതികവാദത്തെയോ നിരത്തി നിർത്തി യുദ്ധം ചെയ്യുക എന്നതല്ല. മനുഷ്യന് വേണ്ടത് സന്തോഷം, തൃപ്തി, സുഖം എന്നിവയാണ്. ഇതിനു അവർക്ക് വിഭവാധികാരവും സമ്പത്തും ഉണ്ടാകണം. അതുണ്ടാകണമെങ്കിൽ ഒരു സ്വന്തം ജീവിതത്തെക്കുറിച്ചു തീരുമാനങ്ങളെടുക്കാനുള്ള തുല്യാവസരം സമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. അങ്ങനെയുള്ള സമൂഹങ്ങളിൽ നിന്ന് മതം, ജാതി എന്നിവ മാഞ്ഞു പോകും. 

ഇത് ഒറ്റയടിയ്ക്ക് നേടിയെടുക്കാൻ കഴിയുന്ന ഒരു ടാസ്ക് അല്ല. ദീർഘനാളത്തെ പ്രക്രിയ ആവശ്യമാണ്; രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും ഒക്കെയായ വിവിധ ഘടകങ്ങളെ ഏകോപിപ്പിക്കുകയും സ്വതന്ത്രമാക്കുകയും ഒക്കെ വേണം. എന്നാൽ അതിനു നൂറ്റാണ്ടുകൾ എടുക്കും. നൂറ്റാണ്ടുകൾ മറികടന്നു കൊണ്ട് ഈയൊരവസ്ഥ സംജാതമാകണമെങ്കിൽ സമൂഹത്തെ ഒന്നാകെ ഗ്രസിക്കുന്ന പ്രതിസന്ധികൾ ഉണ്ടാകണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൊറോണ അങ്ങനെ ഒരു പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. ശീലം കൊണ്ട് മനുഷ്യൻ പഴയത്തിലേക്ക് തന്നെ നീങ്ങുകയാണ്. അപ്പോൾ മറ്റൊരു തരം പ്രതിസന്ധി നമുക്ക് ആവശ്യമുണ്ട്. രാജ്യത്തിൻറെ മൂന്നിൽ രണ്ടു ജനതയെ ബാധിക്കുന്ന തരത്തിൽ പ്രതിസന്ധി ഉണ്ടാകണം. ഇപ്പോൾ നാം കാണുന്ന പ്രതിസന്ധി അല്ല. ദൈനംദിന ജീവിതം പോലും പ്രയാസമാകുന്ന അവസ്ഥ ഉണ്ടാകണം. അപ്പോൾ തൊഴിലാളികളും കർഷകരും ദളിതരും സേവന മേഖലയിലും പ്രൊഫെഷണൽ മേഖലയിലും ഉള്ള എല്ലാവരും സമ്പൂർണ്ണ മാറ്റത്തിനായി തെരുവിലിറങ്ങും. അങ്ങനെ ഒരു പ്രതിസന്ധി ഇന്ത്യയിൽ ഇന്നും വന്നിട്ടില്ല. ദൈവത്തെ മൈൻഡ് ചെയ്യാനുള്ള സമയം ഇപ്പോഴും ജനങ്ങൾക്കുണ്ട്. 

രണ്ടുതരം സമയമാണിത്. ദൈനംദിന ജീവിതപ്രശ്നം ഇല്ലാത്തവന് ദൈവം ഒരു സുരക്ഷാകവചമാണ്; നിലവിലുള്ളത് ആരും എടുത്തുകൊണ്ടു പോകാതിരിക്കാനുള്ള കവചം. ദൈനംദിന ജീവിതപ്രശ്നം ഉള്ളവന് ഇത് ഒരു അപേക്ഷാസ്ഥാനമാണ്. ഭൗതിക വ്യവസ്ഥകൾ സഹായകമാകാത്ത ഒരവസ്ഥയിൽ ദൈവം രക്ഷിക്കും എന്ന പ്രതീക്ഷ. ഈ സുരക്ഷാ ആവശ്യത്തെയും പ്രതീക്ഷയേയും ഒരു പോയിന്റിൽ ഒന്നിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യയിൽ ബി ജെ പിയുടെ വിജയത്തിന് കാരണം. ഇന്ന് കോൺഗ്രസ് രാമനെ അംഗീകരിക്കുന്നതിനുള്ള കാരണവും അത് തന്നെയാണ്. ബി ജെ പിയുടെ വിജയത്തിന് പിന്നിൽ ദൈവം ആണെങ്കിൽ/മതം ആണെങ്കിൽ അതെ തന്ത്രം പയറ്റുക എന്നതല്ലാതെ വേറൊരു പോംവഴി കോൺഗ്രസിന്റെ മുന്നിൽ ഇല്ല. അതിനാൽ പ്രിയങ്കാ ഗാന്ധി ഇങ്ങനെ പറഞ്ഞതിൽ അതിശയിക്കേണ്ടതില്ല. നാളെ പിണാറായി വിജയനും ഒരു പക്ഷെ സമൂഹത്തെ സമാനരീതികളിൽ അഭിസംബോധന ചെയ്യേണ്ടി വരും.

കാരണം നേരെത്തെ പറഞ്ഞതാണ്. തൊണ്ണൂറ്റിയെട്ടു ശതമാനത്തിനും ദൈവത്തിന്റെ ആവശ്യമുണ്ട്; രണ്ടു കാരണങ്ങളാൽ. ശാസ്ത്രീയതയെ പകരം വെയ്ക്കാനുള്ള ശ്രമങ്ങൾ നമ്മൾനടത്തുന്നുണ്ട്. കോവിഡ് ബാധിച്ചു അവശനായി കിടക്കുമ്പോൾ പി പി റ്റി കിറ്റിനകത്തു നിൽക്കുന്ന നഴ്സിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് അവൾ ദൈവമാണെന്ന് പറയുന്ന, അവൾ പ്രതിനിധീകരിക്കുന്ന ആധുനിക വൈദ്യശാസ്ത്രമാണെന്റെ ദൈവം എന്ന് പറയുന്ന രോഗി, കോവിഡ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നേരുന്നത് സിദ്ധിവിനായ ക്ഷേത്രത്തിൽ തുലാഭാരം നടത്താമെന്നാണ്. ഇത് നമുക്ക് ഒരു ഐറണി ആയി മാത്രം കണ്ടു കളയാൻ കഴിയില്ല. കാരണം കോവിഡ് വരികയും പോവുകയും ചെയ്യുന്നതാണ്. എന്നാൽ അതിജീവനം ദീർഘമാണ്. അതിനു എല്ലാ സന്ദര്ഭങ്ങളിലും ശാസ്ത്രം വേണ്ടതില്ല (ശാസ്ത്രത്തിന്റെ ഫലമാണ് നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും എന്ന സത്യം നിലനിൽക്കവേ തന്നെ ഇത് പറയേണ്ടി വരുന്നു); ദൈവം ആവശ്യമാണ് താനും. 

നമ്മുടെ ജനിതകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട് നമ്മുടെ വർത്തമാനം. ദൈവം ജനിതകമായി വയർ ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വെയർ ആണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. അത്രയും തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് സുഖവും തൃപ്തിയും എല്ലാവര്ക്കും ലഭിച്ചാൽ മതത്തിന്റെ ആവശ്യം ഇല്ലാതാകുമെന്നത്. കറൻസി പോലെ തന്നെ പുതിയ രൂപങ്ങൾ ആർജ്ജിതാണ് ദൈവവും. അതിനാൽ അതിനെ ഒറ്റയടിയ്ക്ക് ഇല്ലാതാക്കാമെന്നു കരുതേണ്ട. അപ്പോൾ ശാസ്ത്രം അഡ്രസ് ചെയ്യേണ്ടത് വിശ്വാസികളെയല്ല; രാഷ്ട്രീയത്തെയാണ്. ചില കാര്യങ്ങൾ അടിത്തട്ടിൽ നിന്ന് വരുന്നതിനേക്കാൾ നല്ലത് മുകൾത്തട്ടിൽ നിന്ന് വരുന്നതാണ്. നമുക്ക് ഒരു ദൈവത്തെ നാളെ നിരോധിക്കാൻ കഴിയും, രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ. കശ്മീർ ജനതയെ ഇന്ത്യൻ ഭരണകൂടത്തിന് മാറ്റിയെടുക്കാൻ കഴിഞ്ഞത് നിയമത്തിലൂടെയാണ് (അവർ മാറിയോ എന്നത് വേറെ കാര്യം). അതിന്റെ പിന്നിൽ വലതുപക്ഷ രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ് പ്രവർത്തിച്ചത്. അതിനെ ഞാൻ എതിർക്കുന്നു. പറയുന്നത്, രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിൽ ഒരു രാജ്യത്തിൻറെ മതത്തെ തന്നെ മാറ്റാം എന്നതാണ്. അശോകൻ ബുദ്ധമതക്കാരനായപ്പോൾ പ്രജകളും അതായി; അതാകാതെ അവർക്ക് നിവർത്തിയില്ലായിരുന്നു.

ഇന്ന് രാമക്ഷേത്രം ഉണ്ടാകുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയുള്ളതു കൊണ്ടും ഒരു ജനത നിവൃത്തികേടിൽ  കിടക്കുന്നത് കൊണ്ടുമാണ്. നിവൃത്തിയില്ലാത്ത ജനതയ്ക്ക് വലിയൊരു ക്ഷേത്രം വരുന്നതാണ് വലിയ കാര്യം എന്ന് തോന്നും. ക്ഷേത്രം വേണ്ട വിദ്യാലയം മതി എന്ന് പറഞ്ഞ നാരായണ ഗുരു അവർക്ക് പഴയ ചിന്താഗതിക്കാരൻ ആകും. അതിനാൽ നമുക്ക് മതത്തെ രാഷ്ട്രീയം വേർതിരിക്കാൻ കഴിയാത്ത വിധം ഏറ്റെടുക്കുകയും ചരിത്രമാക്കുകയും ചെയ്യുന്നതിനെ എതിർക്കണമെങ്കിൽ കേവലമായ അധികാരമത്സരം നടത്തുന്നതിലൂടെ സാധ്യമല്ല. രാഷ്ട്രീയത്തെ പൂർണ്ണമായും മതത്തിൽ നിന്ന് വേർപെടുത്തുന്ന സാമൂഹിക സാമ്പത്തിക സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. പുണ്യഭൂമിയിലേക്കുള്ള പോക്ക് എത്രത്തോളം ശക്തമാകുന്നുവോ അത്രത്തോളം ഇവിടെയുള്ള ആൾ അല്ലാത്തവർ എല്ലാം വീട്ടിൽപ്പോകൂ എന്ന് പറയുന്നതും ശക്തമാകും. എങ്ങോട്ടും പോകാനില്ലാത്തവർ കടലിൽ വള്ളത്തിൽ കിടന്നു ചാകും. അല്ലെങ്കിൽ കോണ്സെന്ട്രേഷൻ ക്യാമ്പുകളിൽ.

- ജോണി എം എൽ 





Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ