ഉറുമ്പിൻ കാൽ യാത്രകളിലെ ചിത്രക്കാഴ്ചകൾ: വിശ്വതി ചെമ്മൺതട്ടയുടെ ചിത്രങ്ങൾ



(വിശ്വതി ചെമ്മൺതട്ട)

പ്രകൃതിയും പരിസ്ഥിതിയും തമ്മിൽ ഒരു വ്യത്യാസമുണ്ട്. അത് ഏറ്റവും മനോഹരമായി പറഞ്ഞത് സമകാലിക സൈദ്ധാന്തികനും എഴുത്തുകാരനും വാഗ്മിയുമായ സുനിൽ പി ഇളയിടമാണ്. പ്രകൃതിയെന്നാൽ മനുഷ്യനും കൂടി അടങ്ങുന്ന ജൈവമണ്ഡലം. അതിൽ മനുഷ്യന് വേറെ സവിശേഷമായ ഒരു റോളും ഇല്ല. പരിസ്ഥിതി എന്ന് പറയുമ്പോൾ അതിന്റെ മധ്യത്തോരു മനുഷ്യനുണ്ട്. മനുഷ്യൻ നിർമ്മിക്കുന്ന പ്രകൃതിയാണ് അഥവാ മനുഷ്യന്റെ പ്രവർത്തികളാൽ പരിണാമം സംഭവിച്ച പ്രകൃതിയാണ് പരിസ്ഥിതി. അതിനെ സംരക്ഷിക്കാനായി ഓടുന്ന ഓട്ടത്തിലാണ് നമ്മൾ ആന്ത്രോപ്പോസീനിലാണെന്നും അതൊരു വലിയ സീനാണെന്നും ഒക്കെ തിരിച്ചറിയുന്നത്. ആ തിരിച്ചറിവില് ഏറ്റവും പ്രധാനമായ കാര്യം മനുഷ്യന്റെ പ്രവർത്തനങ്ങളുടെ മേൽക്കോയ്മ പ്രകൃതിയുടെ അധോഗതിയ്ക്ക് കാരണമായെന്നതാണ്. എന്നാൽ ഇക്കാലയളവിലത്രയും പ്രകൃതിയിലേക്ക് നോക്കി കരുണ പഠിക്കുന്ന കലാകാരരെ നാം കാണുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന് തന്റെ ജീവിതം എന്നാൽ ചുറ്റുപാടുമുള്ള സർവജീവജാലങ്ങളുടെയും കൂടി ജീവിതം അടങ്ങുന്നതായിരുന്നു. വിശ്വതി ചെമ്മൺതട്ട എന്ന ചിത്രകാരിയുടെ ചിത്രങ്ങളിൽ ആ പ്രകൃത്യുന്മുഖത നിറഞ്ഞു നിൽക്കുന്നു. കുമാരനാശാന്റെ ആ പ്രശസ്തമായ വരികൾ ഓർമ്മയില്ലേ? "പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും ബാലാതപത്തിൽ വിളയാടിയുമടലന്യേ നീ ലീലപൂണ്ടിളയ മൊട്ടുകളോട് ചേർന്ന് ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ." ഒരു പുഷ്പത്തെ നോക്കി കവി പറയുന്നതാണിത്. അത് വീണുപോയി. കരുണയാളുന്ന കവിയായിരുന്നു ആശാൻ. ആ വഴിയിലാണ് വിശ്വതിയും. ഖണ്ഡകാവ്യങ്ങൾ മാത്രമെഴുതി മഹാകവിയായെങ്കിൽ ചെറിയചിത്രങ്ങൾ മാത്രം വരച്ചു വലിയ വരക്കാരിയാകാൻ കഴിവുള്ളവളാണ് വിശ്വതി.



കലയുണ്ടാക്കാൻ ഒരുപാട് ദൂരം പോകണമെന്ന് പറയും; അനുഭവങ്ങൾ വേണം അറിവുകൾ ഉണ്ടാകണം. അതിനു യാത്ര ചെയ്യണം. വിശ്വതിയ്ക്ക് യാത്ര വളരെ ഇഷ്ടമാണ്. പക്ഷെ വളരെ ദൂരെയെങ്ങും പോകാൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രം. പഥേർ പാഞ്ചാലിയിലെ ദുർഗ്ഗയെയും അപുവിനെയും പോലെ തീവണ്ടികൾ പോകുന്ന ദൂരങ്ങളിലേയ്ക്ക് സമാന്തരമായി അവരും ഓടുകയാണ്. ശരീരം കൊണ്ടോടുന്നതിനേക്കാൾ എത്രദൂരമാണ് മനസ്സ് ഓടുന്നത്. തീവണ്ടി എവിടെയാണോ ചെല്ലുന്നത് അവിടെ ഈ കുഞ്ഞുങ്ങളുടെ മനസ്സുകൾ കണ്ടാൽ തീവണ്ടി പോലും അത്ഭുതപ്പെട്ടു പോകും. മിയസാക്കിയുടെ 'സ്പിരിറ്റെഡ്‌ എവേ' എന്ന അനിമേഷൻ സിനിമയിലെ കുട്ടിയെപ്പോലെയാണ് വിശ്വതി; മലപ്പുറത്തെ ചെറിയൊരു ഗ്രാമത്തിലിരുന്നു കൊണ്ട് സ്വന്തം മനസ്സുകൊണ്ട് ദൂരങ്ങൾ സഞ്ചരിക്കുകയാണവൾ.



അധികം ദൂരം പോകാത്ത കോഴികളെയും രാവിലെ വന്നു പിന്നീടെപ്പോഴോ അപ്രത്യക്ഷമാകുന്ന മൈനകളെയും വിശ്വതി ആവർത്തിച്ചു വരച്ചു കൊണ്ടേയിരിക്കുന്നു. കോഴികൾ വീട്ടുപക്ഷികളാണ്. ചിറകുണ്ടായിട്ടും പറക്കാത്തവ. പക്ഷെ അവയുടെ ജീവിതത്തിന് അതിന്റേതായ ഒരു പൂർണ്ണതയുണ്ട്. ഒരു പക്ഷെ മനുഷ്യർ ചെയ്യുന്നതെല്ലാം അവയും ചെയ്യുന്നുണ്ടാകണം. ആ സൂക്ഷ്മജീവിതങ്ങളിലേയ്ക്ക് നോക്കിയിരിക്കുന്ന ചിത്രകാരി അവരുടെ ജീവിതങ്ങളെ ആര് ഫ്രയ്മിൽ പകർത്തി വെയ്ക്കുന്നത് കാണുമ്പോൾ കാഴ്ചക്കാർക്ക് കൗതുകം തോന്നാതിരിക്കില്ല. "ഒരു കഥ പറയുന്നത് പോലെയാണത്," വിശ്വതി പറയുന്നു. കഥയുടെ യുക്തി കഥ പറയുമ്പോഴുണ്ടാകുന്നതാണ്. അതിനാൽ ഒരു ഫ്രെമിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ ബാഹ്യമായ സാദൃശ്യത്തിൽ കവിഞ്ഞ യുക്തി അതിനുണ്ടാകണമെന്നില്ല. മലമുകളിൽ പോകുന്ന കോഴികളുണ്ട്, സമതലത്തിലും ദ്വീപുകളിലും ഇരിക്കുന്നവയുണ്ട്, കുടുംബങ്ങളിൽ അഭിമാനം കൊള്ളുന്നവയുണ്ട്. കുട്ടിക്കഥകളിലെ കൗതുകം പോലെ, എങ്ങും പോകാത്ത ഒരു ചിത്രകാരി പോകണമെന്ന ആശയുമായിരുന്നു വരയ്ക്കുമ്പോൾ അവളുടെ ചിത്രങ്ങളിൽ നമ്മൾ പൊതുവെ കാണാത്ത ലോകങ്ങൾ തെളിഞ്ഞു വരുന്നു.



മലപ്പുറത്ത് നിന്ന് സ്‌കൂൾ പഠനം കഴിഞ്ഞു തൃശൂർ ഫൈൻ ആർട്സ്  കോളേജിൽ പെയിന്റിങ് വിദ്യാർത്ഥിനി ആയി എത്തുന്നതോടെയാണ് വിശ്വതി 'യാത്ര' എന്തെന്നാൽ തിരിച്ചറിയുന്നത്. പൊതുവായ ഒരു അറിവിന്റെ വെളിച്ചത്തിൽ നോക്കിയാൽ അതൊരു വലിയ ദൂരം താണ്ടലല്ല. മനുഷ്യന്റെ സ്കെയിലിൽ നോക്കുമ്പോൾ അതൊരു ചെറിയ ദൂരം മാത്രമാണ്. എന്നാൽ ഉറുമ്പുകളുടെ സ്കെയിലിൽ നോക്കുക. ഓരോ ഉറുമ്പു റാണിയ്ക്കും പറക്കാൻ കഴിയുന്ന ദൂരം ഏതാനും വാരകൾ മാത്രം ആയിരിക്കുമെങ്കിലും അവരുടെ മാപിനികളിൽ അവ ദീർഘദൂരങ്ങളാണ്. അങ്ങനെയാണ് നൂറ്റിയന്പത് മില്യൺ വർഷങ്ങൾക്ക് മുൻപ് ഉറുമ്പുകൾ ഭൂമിയിൽ പടർന്നതെന്ന് എഡ്‌വേഡ്‌ ഓ വിത്സൺ പറയുന്നു. ധ്രുവപ്രദേശങ്ങൾ ഒഴിച്ചാൽ ലോകത്തെ എല്ലാഭാഗത്തും ഉറുമ്പുകളെ കാണാം. ഉറൂബ് ഒരു ചെറിയ ജീവിയല്ല. അതിനാൽ വിശ്വതിയെ ഉറുമ്പിനോട് ഉപമിക്കുന്നതിൽ കുഴപ്പമില്ല. ചെറിയ ദൂരങ്ങളിലൂടെ വലിയ ദൂരങ്ങൾ അളക്കുന്നവളാണ് ഈ ചിത്രകാരി. ആനകൾക്കിടയിലെ ഉറുമ്പ് എന്നാണ് സ്വന്തം അസ്തിത്വത്തെക്കുറിച്ചു സുജാത ഗിഡില എന്ന എഴുത്തുകാരി പോലും പറയുന്നത്. അതിനാൽ വിശ്വതിയുടെ ചുവടുകൾ ഉറുമ്പിൻ ചുവടുകൾ എന്ന് പറയുന്നതിൽ കുഴപ്പമില്ല. കോഴികളിൽ നിന്ന് മൈനകളിലേയ്ക്ക് ശ്രദ്ധ തിരിയുന്നത് തൃശൂരിൽ വെച്ചാണ്. വിശ്വതി ആദ്യമായി നേരിടുന്ന ഒരു സാംസ്കാരിക ആഘാതമായിരുന്നു ഇടങ്ങളുടെ മാറ്റവും ബന്ധങ്ങളിലുണ്ടാകുന്ന അപനതികളും അഭിനതികളും.



'പ്രതീക്ഷയ്ക്കെതിരെ പ്രതീക്ഷ' 'സ്വാതന്ത്ര്യ പ്രതീക്ഷ' എന്നീ ചിത്രങ്ങൾ നോക്കിയാൽ വിശ്വതി എന്നാൽ ഏതൊരു പെൺകുട്ടിയും നേരിടുന്നതായി ഒരു അസ്തിത്വപ്രതിസന്ധി മനസ്സിലാകും. ഇരുണ്ട പശ്ചാത്തലത്തിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന നിശാഗന്ധിയുടെ ഒരു കാടു തന്നെയുണ്ട് ചിത്രത്തിൽ. അതിനു മുന്നിൽ പൂത്തുലഞ്ഞ ചെടിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രമായ പെൺകുട്ടി. അത് ഒരു ട്രിപ്റ്റിച്ചിൽ അൾത്താരയുടെ സ്വഭാവത്തോടെ യാണ് സൃഷ്ടിച്ചിരിക്കുന്നത്. സെൻട്രൽ പാനൽ അഥവാ മധ്യത്തുള്ള  കാൻവാസ്പ്രധാന വിശുദ്ധരൂപവും ഇരുവശത്തുമുള്ളവ അതിന്റെ ഉപദൈവങ്ങളുമായി നിൽക്കുന്നു. വിടുർത്തിയിട്ട മുടിയുമായി മുട്ടുകുത്തി നിൽക്കുന്ന നായിക വിടുതി പ്രതീക്ഷിക്കുന്നുണ്ട്; ഇല്ലെങ്കിൽ തന്റെ ആഗ്രഹപൂർത്തിയ്ക്കായി അവൾ നിവേദനമർപ്പിക്കുന്നു. സ്വാതന്ത്ര്യ പ്രതീക്ഷ എന്ന ചിത്രം പിന്നീട് വരുന്നതാണ്. അവിടെ വളർന്നു നിൽക്കുന്ന നിശാഗന്ധികച്ചെടികൾക്ക് പോലും ഉടലുകളുടെ രൂപം ലഭിക്കുന്നു. അതിന്റെ അരികിൽ ഒരു മൈന ഇരിപ്പുണ്ട്. തൊട്ടടുത്ത ഫ്രയ്മിൽ കാണപ്പെടുന്നത് അപ്പൂപ്പൻ താടിയുടെ തോടിൽ നിന്ന്  പറന്നു പോകുന്ന താടികളെ നോക്കിയിരിക്കുന്ന ഒരു മൈനയെ ആണ്. ചെറിയൊരു അന്ധവിശ്വാസമാണ്, പെൺകുട്ടികൾ കാത്ത് വെയ്ക്കുന്ന മനോഹരമായ ചില അന്ധവിശ്വാസങ്ങളാണ് വിശ്വതി ഇവിടെ തന്റെ പ്രതീക്ഷയുടെ പ്രതീകങ്ങളാക്കുന്നത്; ഒരു മൈനയെ കണ്ടാൽ പ്രണയനഷ്ടം എന്നും രണ്ടു മൈനകളെക്കണ്ടാൽ അന്ന് ഇണയുമൊത്തു സന്തോഷമെന്നും ഉള്ള വിശ്വാസം. പക്ഷെ അതിന്റെ സാമാന്യമായ അർത്ഥത്തിൽ നിന്ന് ഇണയുണ്ടെങ്കിലും ഇല്ലെങ്കിലും അകലേക്ക് പറക്കാനുള്ള ത്വരയാണ് അതിൽ പ്രതീക്ഷയായി ചിറകുവെച്ചു നില്കുന്നത്.





സൂക്ഷ്മലോകങ്ങളെ നോക്കുന്നതിനു മുൻപ് പലരും വിട്ടുപോകുന്ന ഒരു അന്തരാള ഇടത്തെ പലരും സർവസാധാരണം എന്ന് പറഞ്ഞു നോക്കാതെ പോകുന്നുണ്ട്. വീട്ടിനു തൊട്ടടുത്തായി, അമ്മയും അച്ഛനും കർഷകരും ഒക്കെ ഇടപെടുന്ന സ്ഥലങ്ങളുണ്ട്. മീൻ വെട്ടുന്ന 'അമ്മ, വാഴയ്ക്ക് പരിചരണം നൽകുന്ന അമ്മയും അച്ഛനും- ഇതൊന്നും വളരെ വലിയ, ചരിത്രപ്രസക്തിയുണ്ടെന്നു തോന്നിപ്പിക്കുന്ന ചിത്രവിഷയങ്ങളല്ല. പക്ഷെ ചരിത്രം വിട്ടുപോകുന്ന പലതിനും ഒപ്പം ഇത്തരം ജീവിതങ്ങളുടെ യാഥാർഥ്യം കൂടെ ഒലിച്ചു പൊയ്പോകും. അതിനാൽ ചുറ്റുപാടുകളെ അടയാളപ്പെടുത്തുക എന്നത് കേവലം ഡോക്യൂമെന്ററിയ്ക്ക് അതീതമായ ഒരു കലാപ്രക്രിയയാണ്. കലയിലൂടെ ഉരുത്തിരിയുന്ന പരിസരം എന്നത് ഒരു കാഴ്ചപ്പാട് കൂടിയാണ്. തന്റെ ജീവിതപരിസരത്തിന്റെ ഉണ്മ എന്തെന്ന് അടയാളപ്പെടുത്തുകയാണ് ചിത്രകാരി ചെയ്യുന്നത്; അത് പഞ്ചായത്തോ, വില്ലേജ് ഓഫീസോ അടയാളപ്പെടുത്തുന്ന ഇടമോ നാട്ടുകാർ നിശ്ചയിക്കുന്ന ജീവിതമോ അല്ല. വായ്മൊഴി ചരിത്രത്തിന്റെ പ്രസക്തി എത്രമാത്രം പ്രധാനമാണോ ഇന്ന് അത്രമാത്രം പ്രധാനമാണ് ചിത്രകാരിയുടെ ഓർമ്മകളിലൂടെ വെളിപ്പെടുന്ന ഒരു ജീവിത പരിസരം. 'അമ്മയുടെ പ്രവർത്തികൾ' എന്ന പേരിൽ ചെറിയൊരു ചിത്രങ്ങൾ ചേരുന്ന ഒരു 'വലിയ' ചിത്രം വിശ്വതിയുടേതായുണ്ട്.



'അമ്മ ചെയ്യുന്നത് എന്തൊക്കെയാണ്? ചെടികൾക്ക് വെള്ളമൊഴിയ്ക്കുന്നു, കള പറിയ്ക്കുന്നു, അരിയിൽ നിന്ന് പതിര് പെർത്ത് കളയുന്നു, തുണികഴുകുന്നു, പായ നെയ്യുന്നു. ഒരു മിനിയേച്ചർ പെയിന്റിങ്ങിന്റെ ഭാവസൂക്ഷ്മതയും മനോഹാരിതയും ചിത്രങ്ങൾക്കുണ്ട്. വിശ്വതിയ്ക്ക് മിനിയേച്ചർ പാരമ്പര്യത്തിലുള്ള ചിത്രങ്ങൾ ഇഷ്ടമാണ്; പ്രത്യേകിച്ചും രാജസ്ഥാനി മിനിയേച്ചറുകൾ. അവയിലെ നിറങ്ങളും ചക്രവാളത്തിന്റെ വളവും ആകാശത്തിന്റെ പരപ്പും തെളിമയും ചിത്രങ്ങളിൽ കാണുവാൻ കഴിയും. രാജസ്ഥാൻ മിനിയേച്ചറുകളിൽ കാണപ്പെടുന്നത് കൃഷ്ണ-രാധാ സംഗമങ്ങളും രാഗിണികളും രാഗമാലികകളും ഒക്കെയാണ്. അതിലെല്ലാം ദൈനംദിനതകളുടെ പ്രവർത്തനവൈവിധ്യമായാണ് സവിശേഷ രാഗസ്ഥനങ്ങളെല്ലാം അടയാളപ്പെടുത്തപ്പെടുന്നത്; ഒരു പക്ഷെ രാഗിണിയും അഭിസാരികയും രാധയും ഗോപികമാരുമെല്ലാം മിത്തോളജിയുടെ സ്ഥാനം ഇന്ന് ഏറ്റെടുത്തതായി നാം കാണുന്നുണ്ടെങ്കിൽ, മാറിയ ഒരു കാലത്തിൽ, ചരിത്രത്തിന്റെ ഭാവി ജീവിതത്തിൽ ആര് കണ്ടില്ല, വിശ്വതിയുടെ അമ്മയുടെ ഒരു ദിവസത്തെ ജോലിയും അന്നത്തെ പുരാവസ്തു ശേഖരണങ്ങളിലൂടെ വരാനിരിക്കുന്ന ഒരു ജനത കാണുകയില്ലെന്ന്.




കലാകാരികളുടെ ജീവിതവീക്ഷണത്തിൽ ഉടലും അസ്തിത്വവും പ്രമുഖ സ്ഥാനങ്ങൾ വഹിക്കാറുണ്ട്. ആരാണ് ഞാൻ എന്ന ചോദ്യത്തിനുത്തരം അവർ ഉടലിലൂടെയും ചിന്തയുടെയും തേടാറുണ്ട്. എന്നാൽ വിശ്വതിയെ സംബന്ധിച്ചിടത്തോളം സവിശേഷമായ ഒരു സമയത്തിന് ശേഷം അസ്തിത്വ പ്രശ്നങ്ങൾ അവളെ അലട്ടുന്നില്ല എന്നതാണ്. അതോ പ്രശ്നങ്ങളെ മറികടക്കാനുള്ള ഒരു വഴി എന്ന നിലയിലാണോ അവൾ പരിസരങ്ങളിലേയ്ക്ക് കണ്ണുകൾ പായിച്ചു കൊണ്ടിരിക്കുന്നത്? എന്റെ നോട്ടത്തിൽ വിശ്വതി, ചുറ്റുപാടുകളെ ഒരു കുട്ടിയുടെ കണ്ണോടെ കാണുകയാണ്. അതിസാധാരണത്വത്തിൽ അസാധാരണത്വം ഉണ്ടെന്നുള്ള തിരിച്ചറിവാണ് അവളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നത്. വിശ്വതീയുടെ ആതമഭാവം വഹിക്കുന്ന ചില കഥാപാത്രങ്ങൾ അടുത്തിടെയായി ചിത്രങ്ങളിൽ കടന്നു വരുന്നുണ്ട്. അവയിലെല്ലാം അവൾ സ്വന്തം ചുറ്റുപാടില് ചെടികളുടെ പശ്ചാത്തലത്തിൽ അവയിൽ അലിഞ്ഞു നിൽക്കുകയോ പറന്നു പോകുന്ന ഒരു പൂമ്പാറ്റയെ കൈയുയർത്തി തലോടാൻ ശ്രമിക്കുകയോ ആണ്. താൻ ആരാണെന്ന് ചോദ്യത്തിന് വിശ്വതി കണ്ടെത്തുന്ന ഉത്തരം, ഇത്തരം ആയിരം ജീവജാലങ്ങൾക്കിടയിലെ കേവലമായൊരു ജീവിതം മാത്രമാണ് താനെന്ന തിരിച്ചറിവാണ്. " വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ, തെറ്റി നിനക്കുണ്ണി, ചൊല്ലാം നൽപ്പൂമ്പാറ്റകളല്ലെയിതെല്ലാം,' എന്ന് പറയുന്ന അമ്മയേക്കാൾ ചോദ്യം ചോദിക്കുന്ന കുട്ടിയുടെ നിഷ്കളങ്കതയുടെ സ്ഥാനം ചിത്രങ്ങളിൽ എടുക്കാനാണ് ഇപ്പോൾ വിശ്വതി ചെയ്യുന്നത്.





കരുണയറ്റു കഠിനമായിപ്പോയ ഒരു ലോകത്തു കനിവിന്നുറവുകൾ കിനിയാറുണ്ടിപ്പോഴും ആരുടെയൊക്കെയോ ഹൃദയങ്ങളിൽ. വിശ്വതി അത്തരമൊരു മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ബിരുദാനന്തര ബിരുദ പഠനത്തിനായി തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലേക്ക് എത്തിയ വിശ്വതി തിരിച്ചറിഞ്ഞ ഒരു കാര്യം ത്രീശൂരിൽ പോകാൻ പലേടവുമുണ്ടായിരുന്നു, തൃപ്പൂണിത്തുറയിൽ അങ്ങനെയുള്ള ഇടങ്ങൾ കുറവാണ്. വിശ്വതി വെയ്ക്കുന്ന കുഞ്ഞു ചുവടുകൾ തിരിച്ചറിയുക, തൃശൂരിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള ദൂരത്തിലാണ് അവൾ ജീവിതത്തിലെ വലിയ വ്യത്യാസങ്ങളിലൊന്ന് തിരിച്ചറിയുന്നത്. തൃപ്പൂണിത്തുറക്കാർക്ക് ഒരു പക്ഷെ അങ്ങനെ തോന്നണമെന്നില്ല. ഒരു ചെറിയ ദ്വീപ് പോലുള്ള ചതുപ്പിൽ കൂട്ടുകാരികളുമൊത്ത് 'സ്ഥലങ്ങൾ' കാണാൻ കണ്ടപ്പോൾ അവിടെ കണ്ടെത്തിയ ഒരു സ്ത്രീയാണ് വിശ്വതിയുടെ ഏറ്റവും പുതിയ ചിത്രവിഷയം. ദുരിതപൂർണ്ണമായ ദാരിദ്ര്യ ജീവിതം നയിക്കുന്ന സ്ത്രീയ്ക്ക് പെൺകുട്ടികളെ കണ്ടപ്പോൾ അവരോടു തന്റെ കഥ പറയണമെന്നായി, പോരാൻ നേരം പെൺകുട്ടികൾക്ക് ഒന്നും കൊടുത്തില്ലല്ലോ എന്നായി. മുറ്റത്തു നിന്ന പാഷൻ ഫ്രൂട്ട് അടർത്തിക്കൊടുത്തുകൊണ്ടു അവർ സ്നേഹം പ്രകടിപ്പിച്ചു. സംഭവം വിശ്വതിയുടെ ഒരു ചിത്രപരമ്പരയായി മാറി. പാഷൻ ഫ്രൂട്ടിന്റെ വീക്ഷണകോണിൽ നിന്ന് സ്ത്രീയുടെ ജീവിതം കാണുന്ന രീതിയിലാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രകാരിയ്ക്ക് വിഷയമാകേണ്ടതാണോ ഇതൊക്കെ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഇങ്ങനെയും ചിത്രങ്ങൾക്ക് വിഷയമുണ്ടാകാം. ഇങ്ങനെയും ചിത്രങ്ങൾ വരയ്ക്കാം. അതിശയിപ്പിക്കുന്നത്, യാത്രകളെ ഇഷ്ടപ്പെടുന്ന, എന്നാൽ അധികം ദൂരം പോകാത്ത, വീട്ടിൽ നിൽക്കാനിഷ്ടമില്ലാത്ത, എന്നാൽ വീട് ഒരു ബാധയായി കൂടിയിരിക്കുന്ന ഒരു ചിത്രകാരിയുടെ കുഞ്ഞു ചുവടു വെയ്പുകളാണ്, അതിനൊരു സൗന്ദര്യമുണ്ട്, പേലവത്വമുണ്ട് അത് കാഴ്ചക്കാരുടെ ഹൃദയങ്ങളിൽ ചെന്ന് തൊടുന്നുണ്ട്, ധിഷണായിൽ പ്രകമ്പനങ്ങൾ പെയ്യുന്നുണ്ട്; മേഘമൽഹാർ രാഗിണി ചിത്രത്തിലെ കൊള്ളിയാനെപ്പോലെ.

-ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ