സൂക്ഷ്മലോകങ്ങളുടെ ബദൽ ചിത്രണങ്ങൾ: അഞ്ജു ആചാര്യയുടെ കല



(അഞ്ജു ആചാര്യ )

ഗ്രെറ്റ തൂൻബെർഗിന് കേരളത്തിൽ ഒരു ചേച്ചി ദൃശ്യകലാരംഗത്തുണ്ടെന്നു കരുതുക; അതാരായിരിക്കും? അഞ്ജു ആചാര്യ എന്ന ചിത്രകാരിയായിരിക്കും. പ്രകൃതിയുടെ സൂക്ഷ്മലോകങ്ങളിലേയ്ക്ക് ചിത്രജാലകങ്ങൾ തുറന്നിടുകയാണ് അഞ്ജു. പാരമ്പരാഗതമായ സമൂർത്ത ചിത്രങ്ങളെ കണ്ടുപരിചയിച്ച കണ്ണുകൾക്ക് ഒരു പക്ഷെ പുതിയൊരു നയനപരിശീലനം വേണ്ടി വരും അഞ്ജുവിന്റെ ചിത്രങ്ങളുടെ ലാവണ്യബോധത്തെ മനസ്സിലാക്കാൻ. എന്നാൽ അതൊരു ക്ലേശകരമായ ജോലിയല്ല. സൂക്ഷിച്ചു നോക്കണം എന്ന് മാത്രം. ചിത്രങ്ങളുടെ വലുപ്പത്തിനും മാധ്യമത്തിനും ആസ്വാദനത്തിൽ വലിയ ഒരു പങ്കു വഹിക്കാനുണ്ട്. ഒരു ചിത്രത്തിന് മുന്നിൽ മനുഷ്യന്റെ ശരീരത്തെ ഒന്നാകെ ഒരു ക്യാമറപ്പെട്ടിയാക്കുകയാണ് അതിന്റെ വലുപ്പം ചെയ്യുന്നത്. ചെറിയൊരു ചിത്രമാണെങ്കിൽ നിങ്ങൾ അതിന്റെ അടുത്തേയ്ക്ക് പോകും, വലിയ ചിത്രമാണെങ്കിലോ നിങ്ങൾ അകന്നു മാറി നിന്ന് നോക്കും. പതിവ് മാധ്യമമല്ലെങ്കിൽ തൊട്ടു നോക്കാനുള്ള കൈത്തരിപ്പ്  ഉണ്ടാകുമെങ്കിലും ചിത്രങ്ങൾ എന്തോ അമൂല്യത പൊതുമനസ്സുകളിൽ കൈവരിച്ചിരിക്കുന്നതിനാൽ തൊട്ടാനാഞ്ഞ വിരലുകൾ ചൂടേറ്റെന്ന പോലെ പിൻവലിക്കപ്പെടും. അത് കാഴ്ചക്കാരിൽ ആശങ്ക പരത്തും. ചിത്രത്തിന്റെ ഉണ്മ എന്തെന്ന് ചോദിച്ചു കൊണ്ട് ചിത്രങ്ങളുടെ മുന്നിൽ ആളുകൾ കറങ്ങിത്തിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ടില്ലേ? ചോദ്യം ഉണർത്തുന്ന ചിത്രങ്ങളാണ് അഞ്ജു ആചാര്യയുടേത്.




പ്രകൃതിയിലേയ്ക്കും ജൈവബന്ധങ്ങളിലേയ്ക്കും തുറന്നു വെച്ച ചെറിയ ജാലകങ്ങളാണ് അഞ്ജുവിന്റെ ചിത്രങ്ങൾ. ചെറുതെങ്കിലും സുന്ദരം. ചിത്രപ്രതലമോ, കണ്ണോടിച്ചാൽ മിനുസമോ ഒഴുക്കോ ഉള്ളതല്ല. നതോന്നതയുടെ താളക്രമമില്ലെങ്കിലും കണ്ണുകൊണ്ടു വെയ്ക്കുന്ന കാലുകൾ സമനിരപ്പിൽ ഉറയ്ക്കില്ല. ചവുട്ടടികൾക്ക് കീഴെ, കരിഞ്ഞു വീണുപോയ ഇലകളുടെ കിരുകിരുപ്പ് കേൾക്കാം. അതിനും കീഴെ ഉറുമ്പുകളുടെയും പ്രാണികളുടെയും പഴുതാരകളുടെയും ഉറയൂരുന്ന പാമ്പുകളുടെയും അധോതല രഹസ്യപ്രപഞ്ചം. വീണ്ടും താഴേയ്ക്ക് വിത്തുകളുടെ മൗനവും രഹസ്യഭാഷണങ്ങളും. അതിനും താഴെ വേരുകളുടെ ആഗോള വിവരവിനിമയ-ജലവിതരണ ശ്രുംഖലകൾ. കാണ്ഡങ്ങൾക്കുള്ളിലൂടെ ജീവദ്രവത്തിന്റെ ചംക്രമണം. പാറകളിൽ പറ്റിപ്പിച്ചിരിക്കുന്ന ചെറിയ സസ്യങ്ങളിൽ മറ്റൊരു കാട്. അവയ്ക്കു പിന്നിലെ പാറകളിൽ, ആമ്പറുകളിൽ മഹാതപസ്വികളായ ജീവാശ്മങ്ങൾ. അതുവരെയാണ് കലാകാരി ചെന്ന് നിൽക്കുന്നത്. അറിയാതെ കലാകാരിയ്ക്കൊപ്പം നമ്മളും അത്രയൊക്കെ താഴേയ്ക്ക് പോയിക്കഴിഞ്ഞു. കൈകൊണ്ടുണ്ടാക്കുന്ന കടലാസിൽ, റൈസ് പേപ്പറിന്റെ അടരുകൾ, അവയ്ക്കടിയിൽ വരച്ചിട്ട  ചിത്രങ്ങൾ. പാമ്പുകൾ, പാതി ഫോസ്സിലും പാതി ജൈവവുമായ മീനുകൾ, മെൻഡലിയേഫിന്റെ ആവർത്തന പട്ടിക പോലെ അഗണ്യജീവജാലങ്ങളുടെ ജീവിതചക്രങ്ങളുടെ മനോഹര ചിത്രഗാഥകൾ, ചിത്രകഥകൾ. അവയെയൊക്കെ വരയ്ക്കാൻ അഞ്ജു തന്നെ പ്രകൃതിയിൽ നിന്ന് തയാറാക്കിയെടുത്ത നിറങ്ങൾ.




കെട്ടുകാഴ്ചയുടെ സമൂഹത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്ന ഒരു ചിത്രകാരി സ്വാഭാവികമായും ചെന്നെത്തുന്ന സൂക്ഷ്മപ്രപഞ്ചമാണിത്. ദൃശ്യമായ ജീവഘടനകളുടെ ഖരപ്രവാഹത്തിനു സമാന്തരമായി മറ്റൊരു അദൃശ്യ ലോകമുണ്ടെന്നു പറയാൻ ശ്രമിക്കുക മാത്രമല്ല അതിനോടുള്ള ഒരു കരുതലിലേയ്ക്ക് കാഴ്ചക്കാരെ നയിക്കാനും ചിത്രകാരിക്ക് കഴിയുന്നു. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ പഠിക്കുമ്പോൾ സാധാരണ വിദ്യാർഥികൾ ചെയ്യുന്നത് പോലെ കുറെ ചിത്രങ്ങൾ കാൻവാസിൽ അക്രിലിക്ക് പെയിന്റിലും മറ്റു കുറെ ചിത്രങ്ങൾ കടലാസ്സിൽ ജലച്ചായം ഉപയോഗിച്ചും ചെയ്തിരുന്ന അഞ്ജു ആചാര്യ പ്രകൃതിയുടെ സൂക്ഷ്മതയിലേയ്ക്ക്  ഹൈദരാബാദിൽ എസ് എൻ യൂണിവേഴ്സിറ്റിയിൽ ഗ്രാഫിക് വിഭാഗത്തിൽ ഉപരിപഠനത്തിനായി എത്തുമ്പോഴാണ്. മനുഷ്യരെയും അവരുടെ ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന രാസവസ്തുക്കളുടെ മണങ്ങളെയും കവിഞ്ഞൊരു ലോകം ഉണ്ടെന്ന് തോന്നിത്തുടങ്ങിയത് അപ്പോൾ മുതൽക്കാണെന്നു അഞ്ജു ഓർമ്മിക്കുന്നു. ഗന്ധങ്ങളിൽ നിന്ന് രക്ഷപെടാനെന്നോണമാണ് കോളേജിനടുത്ത് ഉള്ള മരക്കൂട്ടങ്ങളുടെ അരികിലേക്ക് അഞ്ജു പോയി തുടങ്ങിയത്; കാടിനെ അറിയാൻ തുടങ്ങിയത് അങ്ങനെയാണെന്ന കാര്യം അഞ്ജു വിശദീകരിക്കുന്നു. പ്രാണികളുടെ നിറമുള്ള തോടുകൾ, കിളികളുടെ അസ്ഥികൾ, കൊഴിഞ്ഞ പൂക്കൾ, ഇലകൾ, ശലഭങ്ങളുടെ മനോഹരമായ ചിറകുകൾ. കാൻവാസിൽ മനുഷ്യന് ഉണ്ടാക്കിയെടുക്കുവാൻ കഴിക്കുന്നതിനേക്കാൾ സുന്ദരമായ ഒരു ലോകം പ്രകൃതിയിൽ ഉണ്ടെന്ന കാര്യം ഒരു തിരിച്ചറിവായി സംഭവിച്ചു. അഞ്ജുവിന്റെ കലയുടെ സ്വഭാവം മാറി.




ഹാൻഡ് മെയ്ഡ് പേപ്പർ, പ്രകൃതിയിൽ നിന്ന് ശേഖരിച്ചെടുത്ത സംഗതികൾ കൊണ്ടുണ്ടാക്കിയ നിറങ്ങൾ. അതൊക്കെയാണ് അഞ്ജുവിന്റെ ചിത്രരചനയ്ക്കുള്ള സാമഗ്രികൾ. പ്രകൃതിയെക്കുറിച്ചു സംസാരിക്കുമ്പോൾ പ്രകൃതിയ്ക്ക് വിരുദ്ധമായ രാസവസ്തുക്കൾ കൊണ്ടുണ്ടാക്കിയ പെയിന്റ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നതിലുള്ള അസംബന്ധം തിരിച്ചറിഞ്ഞതോടെയാണ് ബദൽ നിറങ്ങളെയും ചായങ്ങളെയും അന്വേഷിച്ചു തുടങ്ങിയത്. ഇതൊരുതരത്തിലുള്ള മൗലികവാദമാണെന്നു തോന്നിയേക്കാം. അതിനാൽത്തന്നെ ചിത്രം കാണാൻ വരുന്നവരിൽ ചിലർ വിമർശിക്കാറുണ്ട്; പക്ഷിപ്രാണികളെയും പൂക്കളെയും കൊന്നു വേണമോ നിറങ്ങൾ ഉണ്ടാക്കാനെന്നു അവർ ചോദിക്കാറുണ്ട്. അത് മറ്റൊരു തരം മൗലികവാദമാണ്. കാരണം രാസവസ്തുക്കളുടെ അടിസ്ഥാനത്തിൽ വ്യാവസായികമായി നിറങ്ങൾ ഉത്പാദിപ്പിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യൻ പിഗ്മെന്റുകൾ അഥവാ നിറങ്ങൾ ഉണ്ടാക്കാനുള്ള വഴികൾ കണ്ടെത്തി കഴിഞ്ഞിരുന്നു. കള്ളനാണയം കണ്ടു കണ്ടു യഥാർത്ഥ നാണയം മറന്നു പോയ മനുഷ്യരെപ്പോലെ, 'ചുമ്മാ പല പല വേഷങ്ങൾ കെട്ടി ഇന്നാത്മസ്വരൂപത്തെ ഓരാതെയായി'പ്പോയ കഥകളിക്കാരനെപ്പോലെ സാമാന്യമനുഷ്യന് ഇപ്പോൾ മണ്ണിൽ നിന്നും പച്ചിലയിൽ നിന്നും പൂക്കളുടെ ഇതൾ പിഴിഞ്ഞ ചാരുകളിൽ നിന്നും വെട്ടുകല്ലിൽ നിന്നും അരിപ്പൊടിയിൽ നിന്നും മഞ്ഞളിൽ നിന്നും കരിയിൽ നിന്നും പേർത്തെടുക്കുന്ന നിറങ്ങളെക്കാണുമ്പോൾ അത്ഭുതം തോന്നുന്നത് സ്വാഭാവികം.




അഞ്ജുവിന്റെ ചിത്രങ്ങൾ അടുത്തുനിന്നുള്ള കാഴ്ചയെ ക്ഷണിക്കുന്നവയാണ്. യഥാർത്ഥത്തിൽ അഞ്ജു ചിത്രരചനാ തുടങ്ങുന്ന കാലയളവിൽ ഒരു ചിത്രത്തിന്റെ വലുപ്പം എത്രകണ്ട് വലുതാകുമോ അത്രയും വലുതായാൽ നന്ന് എന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു ഔദ്യോഗികമായി കേരളത്തിലുൾപ്പെടെ കാണിച്ചു കൊണ്ടിരുന്നത്. അർത്ഥത്തെ വലുപ്പം കൊണ്ടും ശൂന്യതയെ ശബ്ദം കൊണ്ടും അര്ഥശൂന്യതയെ വിൽപ്പനയുടെ പണം കൊണ്ടും അദൃശ്യപ്പെടുത്തിയിരുന്ന കലാലോകത്ത് ചെറുതും അർത്ഥപൂർണ്ണവുമായി ചില കലാകാരികൾ കടന്നു വരുന്നു എന്ന കാര്യം തീർച്ചയായും ഒരു മാറ്റത്തെ കുറിയ്ക്കുന്നുണ്ട്. അത് നിശബ്ദമായ ഒരു വിപ്ലവമാണ്. വടക്കോട്ടു പോകുന്ന ഒരു ജനക്കൂട്ടത്തിൽ ആരുമറിയാതെയെങ്കിലും ഒന്നോ രണ്ടോ പേർ തെക്കോട്ടോ കിഴക്കോട്ടോ പടിഞ്ഞാറേക്കോ ഒക്കെ നടക്കുന്നുണ്ടെന്ന് കാണുമ്പോൾ സന്തോഷമാണ്; അത് ഞെട്ടിപ്പിക്കുന്ന തിരിച്ചറിവും ധൈര്യത്തിന്റെ പ്രകടനത്തിന് മുന്നിലെ സ്തംഭനാവസ്ഥയുമാണ് കാണികളെ സംബന്ധിച്ചിടത്തോളം. ചെറിയ വിപ്ലവങ്ങൾക്ക് വലിയ രൂപം വേണമെന്നില്ല; ക്രമേണ അത് സമൂഹത്തിന്റെ കാഴ്ച്ച ശീലങ്ങളെ ഒന്നാകെ മാറ്റിക്കൊള്ളും; നമ്മുടെ സിനിമയും സിനിമാക്കാഴ്ചയും മാറിപ്പോയത് പോലെ.




പരിണാമജീവശാസ്ത്രവും സാമൂഹിക പരിണാമവും സഹകരണത്തിലൂടെ പുരോഗതിയും ഒക്കെ വിശദീകരിക്കുന്ന പുസ്തകങ്ങൾ അഞ്ജു ആചാര്യ വായിച്ചിട്ടുണ്ടോ എന്നറിയില്ല. എങ്കിലും അവ വായിക്കാതെ തന്നെ അവ തുറന്നിടുന്ന അത്ഭുതലോകങ്ങളുടെ പടിവാതിലിൽ ചെന്ന് നിൽക്കുകയാണ് അഞ്ജു എന്ന ചിത്രകാരി. എഡ്വേഡ് വിത്സൺ എന്ന പരിണാമ ജീവശാസ്ത്രജ്ഞൻ തന്റെ സോഷ്യൽ കോൺകോസ്റ്റ് ഓഫ് ലൈഫ് എന്ന പുസ്തകത്തിൽ 'യൂസോഷ്യലിറ്റി' എന്നൊരു ആശയത്തെ വികസിപ്പിച്ചെടുക്കുന്നുണ്ട്‌. നേതൃഗുണങ്ങളുള്ള ഒരാൾ പ്രജനനം നടത്തുകയും മറ്റുള്ള അംഗങ്ങൾ സമൂഹത്തിന്റെ ഒറ്റക്കെട്ടായ വികസനത്തിനായി സ്വാർത്ഥത മാറ്റിവെച്ചു പണിയെടുക്കുകയും ചെയ്യുന്ന  ഒരു അവസ്ഥയെക്കുറിച്ചു അദ്ദേഹം പറയുന്നു. എല്ലാ ജീവിജാലങ്ങൾക്കും അങ്ങനെ പരിണമിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ ഉറുമ്പുകളും തേനീച്ചകളും കടന്നലുകളും ഒക്കെ മാത്രമേ യൂസോഷ്യലിറ്റിയിലേയ്ക്ക് എത്തിയുള്ളൂ. അത് കഴിഞ്ഞു അതിന്റെ പടവ് കടന്നു മുന്നോട്ട് പോകുന്നത് ഹോമോ സാപ്പിയൻസ് ആയിരുന്നു (അതിനുമുൻപ് അവരും യൂസോഷ്യലിറ്റിയുടെ പല ഘട്ടങ്ങളിലൂടെ കടന്നുപോവുകയുണ്ടായി). അതുകൊണ്ടാണ് മനുഷ്യന് ഇന്ന് കൈവന്നിട്ടുള്ള മേൽക്കോയ്മാ മറ്റു ജീവികൾക്ക് മേൽ ഉണ്ടായത്. ചരിത്രത്തിലേക്ക് ഒരു ജൈവബോധത്തോടെ തിരിഞ്ഞു നടക്കുകയാണ് അഞ്ജു തന്റെ ചിത്രലോകത്തിലൂടെ.



ജീവിക്കവേ തന്നെ പാതിവഴിയിൽ നിന്ന് പോയ, ജീവിച്ചിരിക്കെ സ്വയം പുതുക്കാൻ ശ്രമിക്കുന്ന, പാതി ജീവനുള്ളതും പാതി ഫോസിലും ആയിപ്പോയ, മനോഹരമായ ബാല്യമുള്ള, പരുക്കനായ യൗവനമുള്ള ദീർഘമായ ആയുസ്സുള്ള പല ജീവികളെയും അഞ്ജു തിരിഞ്ഞു നടത്തത്തിനിടയിൽ കണ്ടെത്തുന്നു. പ്രപഞ്ചം നമ്മുടേത് മാത്രമല്ലെന്നും, ഇവിടെയുള്ള പുഴുവിനും പ്രാണിയ്ക്കും ഉറുമ്പിനും പാറ്റയ്ക്കും പൂക്കൾക്കുമൊക്കെ ഒരുപോലെ അവകാശപ്പെട്ടതാണ് ഭൂമിയെന്ന ബഷീറിയൻ ആശയം ചിത്രങ്ങളിൽ ഉണ്ട്. ഉറുമ്പുകളാണ് ആദിമ വംശജരെന്നും അവർ ആണ് ഭൂമിയുടെ അവകാശികളെന്നും തിരിച്ചറിയുമ്പോൾ ആർക്കാണ് അവയോട് അല്പം ബഹുമാനം തോന്നാതിരിക്കുക. പക്ഷെ അങ്ങനെയൊരു ലോകവീക്ഷണം പലപ്പോഴും മനുഷ്യന് ഇല്ലാതെ പോകുന്നു. ഒരു ദശകത്തിനു മുൻപ് വരെ മനുഷ്യൻ മുകളിലേയ്ക്ക് നോക്കി നടക്കുകയായിരുന്നു. തന്നെക്കാൾ ഉയർന്ന മനുഷ്യനെപ്പോലെ ആകാൻ ശ്രമിക്കുകയായിരുന്നു എല്ലാവരും; പ്രധാനമായും സാമ്പത്തികമായി. എന്നാൽ ഇന്ന് എല്ലാവരും തല കുനിച്ചു നടക്കുകയാണ്; അവരവരുടെ സ്മാർട്ട്ഫോണുകളുടെ സ്ക്രീനിലേക്ക് ജീവിതം ഒതുങ്ങിപ്പോയിരിക്കുന്നു. പക്ഷെ അഞ്ജു എന്ന ചിത്രകാരി തലകുനിച്ചു നടക്കുന്നത് മനുഷ്യന്റെ കാലിനും ചുവട്ടിലുള്ള ജീവലോകത്തെ കണ്ടെത്തി അവയുടെ പ്രസക്തിയെ ദൃശ്യാനുഭവങ്ങളുടെ ലോകത്തേയ്ക്ക് തിരിച്ചു പിടിക്കാനാണ്. അതൊരു ശാസ്ത്രമല്ല, പക്ഷെ കല ശാസ്ത്രത്തിനെഹ് കൈകളിൽ എത്തിപ്പിടിക്കാൻ നടത്തുന്ന മനോഹരമായ ശ്രമമാണ്.



സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേയ്ക്ക് നിരന്തരം നോക്കുകയാലാകണം അഞ്ജുവിന്റെ ചിത്രങ്ങളിൽ മനുഷ്യന് പോലും എക്സ്റേ പോലുള്ള പ്രതിനിധാനം ഉണ്ടാകുന്നത്. വർത്തമാനലോകത്തിലെ പല കലാകാരികളും ഇത്തരത്തിൽ തൊലിയ്ക്കും മാംസത്തിനും കീഴെയുള്ള ആത്യന്തിക സത്യമായ അസ്ഥിപഞ്ജരത്തിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്. താൻ മനോഹരമായ ഒരു ഉടലല്ലെന്നും അതിനും കീഴെ എല്ലുകളുടെയും സ്നായുക്കളുടെയും മറ്റും ഒരു അധോലോകമുണ്ടെന്നും അതാണ് ഉണ്മയെന്നും പറയാനുള്ള തത്രപ്പാടുള്ളത് പോലെ. അഞ്ജുവിന്റെ കാര്യത്തിലാകട്ടെ ഒന്നിന്റെ ആത്യന്തികതയിലേയ്ക്ക് ശ്രദ്ധതിരിക്കുക എന്നത് താത്വികമായ ഒരു ആവശ്യം കൂടിയായിരിക്കുന്നു. പ്രകൃതിയിലേക്ക് തന്നെ നോക്കുക, പ്രകൃതിയിൽ നിന്ന് തന്നെ കല ഉണ്ടാക്കുക എന്നതാണ് അഞ്ജുവിന്റെ രീതി. പീറ്റർ വോൾബെൻ എന്ന ജർമ്മൻ എഴുത്തുകാരൻ മരങ്ങളുടെ രഹസ്യഭാഷണം ശ്രവിച്ചത് പോലെ പുറന്തള്ളപ്പെട്ട ജീവിലോകത്തിന്റെ വിലാപങ്ങളും ആഘോഷങ്ങളും ജീവിതോത്സവങ്ങളും കാണുക എന്നതാണ് അഞ്ജുവിന്റെ നിയോഗം എന്ന് പറയാം. പ്രകൃതിയിൽ നിന്ന് അങ്ങനെ വീണ്ടെടുക്കപ്പെടുന്ന ബിംബങ്ങൾക്ക് ജീവശാസ്ത്രപരമായ ദൗത്യം മാത്രമല്ല നിറവേറ്റാനുള്ളത്, അത് ഒരേ സമയം മനുഷ്യന്റെ പരിണാമചരിത്രത്തിന്റെ പൂർവപീഠികയും പുതിയൊരു ലാവണ്യശാസ്ത്രത്തിന്റെ ബലിഷ്ഠമായ പടവുകളുമാകുന്നു.




സ്ത്രീജീവിതത്തിന്റെ അടിസ്ഥാനസമസ്യകളിലേയ്ക്കും ജൈവഘടനയിലേയ്ക്കും സർഗ്ഗശേഷിയിലേയ്ക്കും അഞ്ജു ആചാര്യയുടെ ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. ഗര്ഭിണിയായപ്പോഴാണ് താൻ ഒരു ലോകമാണെന്ന് തിരിച്ചറിഞ്ഞതെന്നും ലോകത്തുണ്ടായ ആഭ്യന്തരവും ബാഹ്യവുമായ മാറ്റങ്ങൾ കാണാൻ കഴിഞ്ഞതെന്നതും തന്നിലെ ചിത്രകാരിയ്ക്ക് പുതിയൊരു തലം അതിലൂടെ ലഭിച്ചുവെന്നും അഞ്ജു പറയുന്നു. വരാനിരിക്കുനന്തിന്റെ ആകാംക്ഷകൾ വീണ്ടും വീണ്ടും സൂക്ഷ്മതയിലേക്ക് പിടിച്ചെടുത്തുകൊണ്ടാണ് ചിത്രകാരി ആവിഷ്ക്കരിച്ചത്. മകൻ പിറന്നതിന് ശേഷം ഇപ്പോൾ തന്റെ ചിത്രരചനയിൽ വീണ്ടും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അഞ്ജു പറയുന്നു. ചലനസ്വാതന്ത്രം കുറയുകയും ചിത്രരചനയുടെ വേഗത കൂടുകയും ചെയ്തു. കുഞ്ഞുണ്ടാകുന്നതിന് മുൻപ് ഒരു പക്ഷെ ഒരു ചിത്രവുമായി ചെലവിടാനുള്ള സമയം കൂടുതൽ ലഭിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഒരു അനുഭവത്തെ പകർത്താൻ എത്രവേഗം കഴിയുമോ അത്രയും വേഗം ചെയ്യുക എന്നതാണ്. അതൊരു പുതിയ കാര്യമാണ് ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം. അതിനാൽത്തന്നെ അഞ്ജുവിന്റെ രചനകളിൽ വാക്കുകളും ചോദ്യങ്ങളും കടന്നു വരുന്നു. മകന്റെ വളർച്ചയ്ക്കൊപ്പം അവൻ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ തനിയ്ക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ തനിയ്ക്ക് ചുറ്റുമുള്ള പ്രകൃതിയ്ക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഒക്കെയും അഞ്ജു ചെറിയ കാർഡുകളിലെഴുതിയ വാക്കിന്റെ കലയാക്കുന്നു. ഹൊക്കുസായി എന്ന ജാപ്പനീസ് കലാകാരൻ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് അഞ്ജു പറയുമ്പോഴും ഒരു സമകാലിക കലാകാരിയെന്ന നിലയിൽ ആരെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാൽ, അത് യൂൾ ക്രൈജേർ എന്ന ഡച്ച് കലാകാരിയാണ് എന്ന് ഉത്തരം ലഭിക്കും. ആലുവയിൽ, നെടുവന്നൂർ എന്ന സ്ഥലത്ത് ഭർത്താവായ ജോമി വർഗീസും ഒരു വയസ്സുള്ള മകനുമൊത്ത് താമസിക്കുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ തല്പരനായ ജീവിതപങ്കാളി കാടിനോടുള്ള തന്റെ സ്നേഹത്തെ കുറേക്കൂടി എളുപ്പമുള്ളതാക്കുന്നു എന്ന് അഞ്ജു ആചാര്യ പറയുന്നു.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ