അത്ഭുതലോകത്തിലെ അനുപമ ഏലിയാസ്



(അനുപമ ഏലിയാസ്)

1997 - ആണ് യൂഗോസ്ലാവിയൻ കലാകാരിയായ മറീനാ അബ്രോമോവിക് 'ബാൾക്കൻ ബറോക്ക് ' എന്ന പെർഫോമൻസ് അമേരിക്കയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ അവതരിപ്പിക്കുന്നത്. ബോസ്നിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ആത്മവത്തയെ ക്രൂരമാം വിധം പരിശോധനയ്ക്ക് വിധേയമാക്കുകയാണ് പെർഫോമൻസ് കലയുടെ 'അമ്മ എന്ന് വിളിക്കാവുന്ന അബ്രമോവിക്ക് പെർഫോമൻസിൽ. അവരുടെ അച്ഛനും അമ്മയും ഒരു എലിപിടുത്തക്കാരനും ഒക്കെ ഇതിന്റെ വീഡിയോ പശ്ചാത്തലത്തിലെ കഥാപാത്രങ്ങളാകുന്നു. വേദിയിൽ അബ്രോമോവിക് കശാപ്പുചെയ്യപ്പെട്ട കന്നുകാലികളുടെ രക്തവും മാംസവും പുരണ്ട എല്ലുകൾ കഴുകി വൃത്തിയാക്കുകയാണ്. ലേഡി മാക്ബെത്ത് കൈകഴുകുന്നത് ഡങ്കൻ രാജാവിനെ കൊലയ്ക്ക് കൊടുത്തതിന്റെ പാപക്കറ മായാനാണ്. അറേബിയയിലെ മുഴുവൻ സുഗന്ധവും കൊണ്ടുവന്നാലും കൈകൾ വൃത്തിയാകില്ലെന്നും അവൾക്കിനി ഉറങ്ങാൻ കഴിയില്ല കാരണം അവൾ നിഷ്കളങ്കമായ ഉറക്കത്തെ കൊന്നുകളഞ്ഞവളാണെന്നും ഷേക്സ്പിയർ പറയുന്നു. അബ്രോമോവിക്കിൽ ദുരന്തബോധത്തിന്റെ അലകളുണ്ട്. ഇങ്ങു കേരളത്തിൽ, എറണാകുളത്തിനടുത്ത് അങ്കമാലിയിലെ ഒരു ചെറിയ സ്റ്റുഡിയോയിൽ ഇരുന്നു ചിത്രം വരയ്ക്കുന്ന അനുപമ ഏലിയാസ് എന്ന ചിത്രകാരിയിലും ദുരന്തബോധം അതേപടി പ്രവർത്തിക്കുന്നുണ്ടെന്ന് കാണാം.




'അവസാനത്തെ അത്താഴത്തിന്റെ ഗൂഢാർത്ഥം' എന്ന ചിത്രം നോക്കുക. അനുപമ ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത ഒരു ചിത്രമാണിത്. പുറത്തിറങ്ങാൻ കഴിയാത്ത രോഗാതുരമായ നാളുകളിൽ, ലോകം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന കാലയളവിൽ, വലിയൊരു ദുരന്തത്തെ ഓർത്തെടുക്കുകയാണ് അനുപമ ചിത്രത്തിൽ. അവസാന അത്താഴമാണ്. വലിയൊരു ഒറ്റുകൊടുക്കലിന്റെയും ത്യാഗത്തിന്റെയും അവസാന നിമിഷങ്ങൾ. പക്ഷെ അതിനെ അനുപമ കലയാക്കി മാറ്റുമ്പോൾ രംഗം മേശയുടെ ചുവട്ടിലേക്ക് മാറുന്നു. അതിനടിയിൽ വെള്ളപ്പൊക്കമാണ്; വെള്ളപ്പൊക്കത്തിന്റെ ഓർമ്മകളാണ്. മേശമേൽ പകുതിമോന്തിയ പാനപാത്രങ്ങൾക്ക് പകരം ഉപേക്ഷിക്കപ്പെട്ട അസ്ഥിപഞ്ജരങ്ങൾ. ജലത്തിലേയ്ക്ക് ഉറ്റുനോക്കിയിരിക്കുകയാണ് ചിത്രകാരിയുടെ തന്നെ രൂപം ആവാഹിക്കുന്ന കഥാപാത്രം. അവൾ ഒന്നല്ല; ഒരു ചലനചിത്രത്തിലെന്ന പോലെ പലതായി പിരിയുകയാണ്. അവളുടെ പക്കൽ ഒരു എലിയുണ്ട്. അവളൊരു മുഖം മൂടി ധരിച്ചിട്ടുണ്ട്. പലപ്പോഴും മുഖംമൂടിയിലൂടെ അവൾ മറ്റൊരു സ്വത്വമാകാൻ ശ്രമിക്കുന്നുണ്ട്. ലേഡി നാര്സിസസിനെപ്പോലെ അവൾ ജലത്തിലേയ്ക്ക് നോക്കിയിരുന്നു കൊണ്ട്, സ്വന്തം പ്രതിച്ഛായയെ പ്രണയിച്ചു കൊണ്ട് ഒരു പുഷ്പമായി മാറുന്നുണ്ട്. വിചിത്രമാണ് അബ്രോമോവിക്കിന്റെയും അനുപമയുടെയും ഇടയിൽ അബോധാത്മകമായി പ്രവർത്തിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ.




അനുപമ ഏലിയാസ് എന്ന കലാകാരിയുടെ ചിത്രങ്ങളെ ചിത്രങ്ങൾ എന്ന് തന്നെ വിളിക്കണമെന്നില്ല; അവ ഒരേ സമയം അർദ്ധശില്പങ്ങളും അസ്സെംബ്ളാജുകളും ആണ്. കൂട്ടിച്ചേർക്കലിലൂടെ വളർന്നു വരുന്ന ബിംബകല്പനകളാണ് ചിത്രകാരിയുടെ പ്രധാന ആശ്രയവും പ്രമേയവും. വീട്ടുജോലിയ്ക്കിടയിലും തയ്യൽ നടത്തുന്ന അമ്മയെ നോക്കിനോക്കിയാണ് ഒന്നിനെ നിർമ്മിക്കാൻ പലതു കൂട്ടിച്ചേർക്കാം എന്ന ഉറപ്പ് അനുപമ നേടുന്നത്. തുണിയും നൂലും പഞ്ഞിയും തീപ്പെട്ടിക്കൊള്ളിയും ബട്ടണുകളും പിന്നെ സൂക്ഷമമായി നോക്കുമ്പോൾ കിട്ടുന്നതെന്തും ചിത്രങ്ങൾക്ക് അസംസ്കൃതവസ്തുവായ ഒരു കാലമുണ്ടായിരുന്നു അനുപമയ്ക്ക്. പരസ്പരം ചേർച്ചയില്ലാത്ത പലതിനെയും ഒരിടത്തേക്ക് കൊണ്ടുവരുമ്പോൾ മനുഷ്യൻ ഉണ്ടാകുന്നു എന്നത് പോലെ തന്നെയാണ് പരസ്പരം ചേർച്ചയില്ലാത്ത പലതിനെയും കൂട്ടിച്ചേർത്തു കൊണ്ട് ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അനുഭവങ്ങളെ ആവിഷ്കരിക്കാൻ അനുപമയ്ക്ക് കഴിയുന്നത്. സ്ത്രീയെന്നത് ഒരു പരിമിതി അല്ലെന്നും സ്ത്രീയെന്ന നിലയിൽ താൻ കാര്യങ്ങളെ എങ്ങനെ കാണുന്നു എന്നതിനോടൊപ്പം കാണപ്പെടുന്നവയ്ക്കു മുന്നിൽ താൻ എങ്ങനെ കാണപ്പെടുന്നു എന്നുള്ള ചോദ്യവും സൃഷ്ടികളിലൂടെ പരിഹരിക്കാൻ അനുപമ ശ്രമിക്കുന്നുണ്ട്. തികച്ചും ലാക്കാനിയൻ ആണ് കാഴ്ച. ഞാൻ കാണുന്ന കുപ്പി എന്നെ കാണുന്നതായി കുപ്പിയ്ക്ക് സ്വയം കാണാൻ കഴിയുമോ എന്ന ചോദ്യം ലാക്കാൻ ചോദിക്കുന്നുണ്ട്. കാഴ്ചയുടെ അനിയതത്വവും അത് ബോധത്തിലുളവാക്കുന്ന സങ്കീർണ്ണമായ സ്വത്വബോധവുമാണ് ഇതിലൂടെ തെളിയുന്നത്. ഞാൻ ആരെന്ന ചോദ്യം ഞാൻ എങ്ങനെ കാണുന്നു എന്നതും ഞാൻ എങ്ങനെ കാണപ്പെടുന്നു എന്നതും കൂടാതെ എന്നെ കാണുന്ന കണ്ണുകൾ എങ്ങനെ സ്വയം കാണുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് അനുപമ തന്റെ ചിത്രങ്ങളിലൂടെ പറയാതെ പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, അനുപമയുടെ ചിത്രങ്ങൾ കാണുന്ന വ്യക്തികൾ അവരെ എങ്ങനെ സ്വയം അത് കാണുന്ന ആളുകളായി കാണുന്നു എന്നത് കൂടി ചേരുമ്പോൾ മാത്രമേ അർത്ഥപൂർത്തി വരികയുള്ളൂ എന്ന് സാരം.




തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ അപ്പ്ളൈഡ് ആർട്ട് അഥവാ കൊമേഷ്യൽ കലയാണ് അനുപമ ഏലിയാസ് പഠിച്ചത്. പിതാവായ ഏലിയാസ് അങ്കമാലിയിലും പരിസരത്തുമൊക്കെ അറിയപ്പെടുന്ന ഒരു കൊമേഷ്യൽ ആർട്ടിസ്റ്റാണ്. ഒരു പക്ഷെ പിതാവിന്റെ നിർദ്ദേശമുണ്ടായിരുന്നിരിക്കണം പഠനത്തിനായി പ്രായോഗിക കല തെരഞ്ഞെടുക്കുന്നതിൽ. എന്നാൽ ഒരു കലാകാരിയുടെ നിയോഗം തന്നിലുണ്ടെന്ന് തിരിച്ചറിയുന്നതോടെ, പെയിന്റിങ് പഠിക്കണം എന്ന ഉദ്ദേശ്യവുമായി അനുപമ ഹൈദരാബാദിലെ എസ് എൻ സർവകലാശാലയിൽ പോവുകയും അവിടത്തെ ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് പെയിന്റിങിലെ ബിരുദാന്തര ബിരുദം നേടുകയും ചെയ്തു. പക്ഷെ തന്റെ കൊമേഷ്യൽ ആർട്ട് പരിശീലനത്തെ അനുപമ തള്ളിപ്പറയുന്നില്ല; ഒരു റിസൾട്ട് ഉണ്ടാക്കണം എന്ന നിലയിൽ അടങ്ങിയിരുന്നു, അത് കിട്ടുന്നത് വരെ പ്രവർത്തിയ്ക്കാനുള്ള ക്ഷമ പരിശീലനം നൽകി എന്ന് ചിത്രകാരി പറയുന്നു. വൈകാരികതയിൽ അഭിരമിക്കാൻ പറ്റാത്ത ഒരു മേഖലയാണ് കൊമേഷ്യൽ ആർട്ട്. വികാരങ്ങളെ പിടിച്ചു കെട്ടിക്കൊണ്ട് വികാരവിക്ഷോഭങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന കലയാണ് അത് ചെയ്യുന്നത്. അനുപമ സ്വയം വികാരഭരിത ആകാതെയും അതിവൈകാരിക ലളിതവൽക്കരണത്തിലേയ്ക്ക് പോകാതെയും ഒരു ആശയത്തെ അതിന്റെ അവസാനത്തോളം പിന്തുടരാനുള്ള ക്ഷമ കാട്ടാറുണ്ട് എന്നത് അവരുടെ സൃഷ്ടികളിലേയ്ക്ക് നോക്കിയാൽ കാണാം.




ചില യൂറോപ്യൻ സിനിമകൾ നൽകുന്ന അനുഭവം പറയാം: ഒരാൾ, അത് ആണോ പെണ്ണോ ആയിക്കോട്ടെ, അവിചാരിതമായി എത്തിച്ചേരുന്ന ഒരിടത്ത്, തനിയ്ക്കപരിചിതമായ സംഭവങ്ങൾ നടക്കുന്നതായി തോന്നുമ്പോഴും അതിലേയ്ക്ക് കൗതുകപൂർവ്വം ചെല്ലുവാനും അതിന്റെ അർഥങ്ങൾ എന്താണെന്ന് തിരിച്ചറിയുവാനും ശ്രമിക്കുന്ന കഥാപാത്രങ്ങളെ കാണിക്കാറുണ്ട്. അത് ചിലപ്പോൾ ദുരന്തത്തിൽ കലാശിക്കാം, ചിലപ്പോൾ ജീവിതത്തെ ആകെ മാറ്റിമറിയ്ക്കുന്ന ഒരു അനുഭവത്തിൽ, അതുമല്ലെങ്കിൽ ഏറ്റവും അപകടകരവും ഭീതിദവുമായ ഒന്നിന്റെ ദൃക്സാക്ഷി ആകുന്നതിൽ. കാഴ്ചയുടെ വിവിധ അടരുകളാണ് നാം കാണുന്നത്. അതിലൂടെ അതിനു വിധേയയാകുന്ന വ്യക്തിയുടെ വിശേഷതകൾ വ്യക്തമാക്കപ്പെടുകയാണ്. തിരിച്ചറിവിന്റെയും കണ്ടെത്തലിന്റെയും ഒരിടമാണത്. നമ്മുടെ സ്വാഭാവിക അനുഭവപരിസരങ്ങളിൽ അത്തരം അപരിചിതത്വം ഉണ്ടാക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാറില്ല. അതിനാൽ നമുക്ക് അത് ഭാവനയുടെയും കലയുടെയും പുനഃസൃഷ്ടിക്കേണ്ടി വരുന്നു. സ്വയം തോന്നുന്ന ഒരു കൗതുകം ആകാം; ചുറ്റുപാടും ഉള്ളതിനെ അറിയാനുള്ള ആകാംക്ഷ ആകാം. ആലീസ് ഒരു മുയൽമാളത്തിലേക്ക് കൂപ്പു ഇറങ്ങിപ്പോകുന്നത് ഒരു കൗതുകം കൊണ്ടാണ്. അനുപമ ഏലിയാസ് എന്ന കലാകാരിയ്ക്ക് ഇത്തരത്തിലുള്ള ഒരു അനുഭവമായിരുന്നു ഹൈദരാബാദിലെ വിദ്യാഭ്യസം.




"ആരാണ് ഞാൻ? പേരോ, ഉടലോ, ഉടുപ്പോ?" എന്ന ചോദ്യം ആത്മാവിനെയും സാമൂഹികമായ അസ്തിത്വത്തെയും അന്വേഷിച്ചവർ ഒക്കെ ചോദിച്ച ചോദ്യമാണ്. ഓരോരുത്തരും ചോദ്യത്തിലേക്ക് എത്തിച്ചേരുന്നത് ഓരോ രീതിയിൽ ആയിരിക്കാം എന്ന് മാത്രം. അനുപമയെ സംബന്ധിച്ചിടത്തോളം, ഹൈദരാബാദിലെ ഒരു ചെറിയ ഹോസ്റ്റൽ മുറിയിൽ വെച്ചാണ് ചോദ്യം ഉണ്ടാകുന്നത്. അത് സ്വയം ആലീസാകുന്നത് വരെയോ ചുറ്റും കാണുന്നതിനെ ഒരു അത്ഭുതലോകമായി പരിവർത്തിപ്പിക്കുന്നതിലേയ്ക്കോ അനുപമയെ കൊണ്ട് ചെന്ന് നിർത്തി. ആലീസിനു സംഭവിച്ചത് പോലെ തന്നെ ഭാഷാപരമായ ഒരു ഉടച്ചു വാർക്കൽ കൂടിയായിരുന്നു അത്; സമയത്തെ കുറിച്ചും വലുപ്പത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഒക്കെ അത് പുതിയ അറിവുകൾ നൽകി. ദൃശ്യയാഥാർഥ്യത്തിനപ്പുറം ഉള്ളത് മാത്രമാണ് ഉണ്മ എന്നും അതിനെ ആവിഷ്കരിക്കാൻ കല മാത്രമാണ് ഫലപ്രദമെന്നും തിരിച്ചറിയുന്ന ഒരു നിമിഷമാണത്. അനുപമയെ അലട്ടിയ ചോദ്യങ്ങളിൽ ഏറ്റവും പ്രധാനം, ആരാണ് ഞാൻ എന്നത് തന്നെയായിരുന്നു. ക്രിസ്തീയമായ പരിസരങ്ങളിൽ നിന്ന് വരുന്നത് കൊണ്ടാകണം, ഉത്പത്തിയെക്കുറിച്ചുള്ള മിത്തുകൾ ചെന്ന് നിന്നത് ആദാമിന്റെ വാരിയെല്ലിൽ നിന്നുണ്ടായതാണ് സ്ത്രീ എന്ന നിർവചനത്തിലാണ്. അത് അനുപമയുടെ തുടർന്നുള്ള ചിത്രസൃഷ്ടികളെ അപ്പാടെ പുതിയൊരു തലത്തിൽ എത്തിക്കുന്നത് കാണാം.





സെല്ഫ് പോർട്രെയ്റ്റുകളെ ആത്മനിർവചനത്തിനുള്ള വഴികളായാണ് കല കണക്കാക്കിയിട്ടുള്ളതെങ്കിൽ താൻ അതിൽ വാരിയെല്ലാണോ, വാരിയെല്ലിൻ കൂടാണോ, ഹൃദയമാണോ, ശ്വാസകോശമാണോ, ആന്തരാവയവങ്ങളാണോ, ഇടുപ്പെല്ലാണോ എന്നിങ്ങനെ നിരന്തരമായ ചോദ്യങ്ങളെ ചിത്രരൂപത്തിൽ, കണ്ടെത്തിയ വസ്തുക്കൾ ചിത്രത്തലത്തിലേയ്ക്ക് സന്നിവേശിപ്പിച്ചു കൊണ്ട് അനുപമ നിരന്തരമായി കലാസൃഷ്ടികൾ നടത്തിക്കൊണ്ടേയിരുന്നു. വർഷങ്ങൾ കഴിയുന്തോറും ചിത്രകാരി എന്ന നിലയിൽ ആത്മവിശ്വാസം കൂടുന്നതോടെ അനുപമ തന്റെ സാന്നിധ്യം പൂർണ്ണമായും കലയിൽ കൊണ്ടുവരുന്നത് കാണാം. കേന്ദ്ര ബിംബം എന്ന നിലയിൽ തന്റെ തന്നെ അലങ്കാരപൂർണ്ണമായ പ്രതിച്ഛായയെ പ്രക്ഷേപിച്ചു കൊണ്ട് മറ്റെല്ലാ നിർമ്മിതികളെയും തനിയ്ക്ക് ചുറ്റുമായി കൊണ്ട് വരുന്നുണ്ട് അനുപമ. അതിൽ പ്രധാനമായിട്ടുള്ളത് പൂത്തുലഞ്ഞതോ സമൃദ്ധശാഖകൾ ഉള്ളതോ ആയ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്ന, സുന്ദരമായ ഗൗൺ അണിഞ്ഞ ഒരു യുവതിയുടെ രൂപമാണ്. മരച്ചില്ലയിൽ സ്പർശിച്ചു നിൽക്കുന്ന സ്ത്രീരൂപങ്ങൾ പരമ്പരാഗതമായി കാമുകിയുടെയും ഉർവരയായ സ്ത്രീയുടെയും ഒക്കെ പ്രതീകമാണ്. എന്നാൽ ഇതിനെ പുതിയ അസ്തിത്വമായി അവതരിപ്പിക്കുകയാണ് അനുപമ ചെയ്യുന്നത്. സമൃദ്ധിയാർന്ന ചില്ലകൾക്കിടയിൽ നീണ്ടും നിവർന്നു ഒഴുകിയും നിലച്ചും അനുപമയുടെ ചിത്രാപര പ്രത്യക്ഷപ്പെടുന്നു. അവളുടെ കാലുകളിൽ വേഗതയുടെ ചക്രങ്ങളുണ്ട്, അത് പണ്ട് പിടിച്ചു കെട്ടലിന്റെ കയറുകൾ ആയിരുന്നു. അപ്രതീക്ഷിതമായ നിമിഷങ്ങളിൽ ഇപ്പോഴും അനുപമയുടെ ചിത്രങ്ങളിൽ മൃഗരൂപങ്ങളും പക്ഷിരൂപങ്ങളുടെ മുഖം മൂടികളും അസ്ഥിപഞ്ജരങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷെ പുതുതായി ലഭിച്ച ഒരു സ്വാതന്ത്ര്യം തന്റെ ചിത്രാപരയെത്തന്നെ കേന്ദ്രപ്രമേയമാക്കുന്നതിൽ അനുപമയെ സങ്കോചമില്ലാതെ സഹായിക്കുന്നുണ്ട്.




കലാകാരികൾ പലപ്പോഴും തങ്ങളുടെ ലൈംഗിക സ്വത്വത്തിലൂടെയും ലിംഗാധികാര വ്യവഹാരങ്ങളിലൂടെയും ഉടലിന്റെ തിരിച്ചു പിടിക്കലിലൂടെയും ഒക്കെയാണ് കലയെ മാറ്റിമറിക്കുന്നത്. അത് ഉടലിനെ തിരിച്ചു പിടിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് കൂടിയാണ് നടക്കുന്നത്. എന്നാൽ അനുപമയെ സംബന്ധിച്ചിടത്തോളം ഉടലിന്റെ നിർവചനം ഒരു വിശകലനത്തിന്റെ ഭാഗമായാണ് നടന്നിട്ടുള്ളത്. അത് ചിത്രകാരിയെന്ന തന്റെ നിലപാട് വ്യക്തമാക്കുന്ന ആദ്യത്തെ കാലയളവിൽത്തന്നെ നടന്നു കഴിഞ്ഞു. അതിനാൽ ലിംഗാധികാരത്തെ കുറിച്ചുള്ള ചിന്തകളോ ഉടലിന്റെ തുറന്നു കാട്ടലോ ചിത്രകാരിയുടെ ആകാംക്ഷകളിൽ പ്രാധാന്യം അർഹിക്കുന്നില്ല. അനുപമയുടെ അന്വേഷണം ചെന്ന് നിൽക്കുന്നത് ചിത്രഭാഷയ്ക്ക് തന്നെ ആന്തരികമായുള്ള ഒരു ബഹുസ്വരതയിലാണ്. അതിനു ഹെറ്റെറോഗ്ളോസിയയുടെ, ഒരു ഭാഷയിൽ അതിന്റെ പലരൂപങ്ങൾ നിലനിൽക്കുന്നതായ ഒരു അവസ്ഥയുണ്ട്. അതിനു മിഖായേൽ ബാൿതിൻ പറയുന്നത് പോലുള്ള ഒരു ഘോഷയാത്രാ സ്വഭാവം ഉണ്ട്. അതിൽ നായികയായി വരുന്നത് ചിത്രകാരിയായിരിക്കെ തന്നെ പലരൂപങ്ങളിലും ഭാവങ്ങളിലും ഇതര ജീവികളും (മുയലും മാനും എലിയും) ഒക്കെ അലങ്കാരത്തോടെ വരുന്നു. അവർക്കു ചുറ്റിലും പ്രകൃതിയും സമൃദ്ധമായി പ്രത്യക്ഷപ്പെടുന്നു. ജലച്ചായവും നൂലും തുണിയും പഞ്ഞിയും ഒക്കെ അനുപമ തന്റെ ചിത്രനിർമ്മിതിയ്ക്കായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കങ്ങളുടെ ഓർമ്മയും കടന്നു പോകുന്ന രോഗകാലത്തിന്റെ തീവ്രമായ വർത്തമാന അനുഭവവുമാണ് ഇപ്പോൾ അനുപമയെ ചിത്രങ്ങളിലേക്ക് പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത് ഒരു പുനർജനി നൂഴുന്നത് പോലുള്ള അനുഭവമാണ്. ഓരോ പ്രാവശ്യവും നൂണ്ട് പുറത്തു വരുന്ന ചിത്രകാരി പുതിയൊരു പ്രതീകാത്മകതയെ മുന്നോട്ടു വെക്കുന്നുണ്ട്. അതിൽ ഏറ്റവും പുതിയതാണ് ഒരു ദ്വീപിൽ പെട്ടുപോയ അവസ്ഥ. അവൾ അവിടെ ഒറ്റയ്ക്കാണ്. തൊട്ടുതാഴെ നീലയായ ജലം, ചിലപ്പോൾ ഭീഷണം, ചിലപ്പോൾ സൗഹൃദപരം, വീട്ടകവും നാട്ടകവുമെല്ലാം വെള്ളത്തിന്റെ കടന്നു വരവിൽ 'പുതുതായി' നിൽക്കുന്നു. അതാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രഭാഷയുടെ ആവിഷ്കാരസ്ഥാനം.




പ്രകൃതിയുടെ ചിത്രണം അനുപമയുടെ ഒരു പ്രധാനശൈലീ കേന്ദ്രമാണ്. അത് ചിത്രത്തലത്തിലുടനീളം പടർന്നു കിടക്കുന്നു. ചിലപ്പോൾ അത് എല്ലിൻ കൂടുകളാണെന്നു തോന്നിപ്പോകും. എല്ലിന്കൂടുകൾക്ക് ഇലകൾ മുളച്ചാൽ അവ മരങ്ങളാകുമോ എന്ന ചോദ്യം കാഴ്ചക്കാരിൽ ഉയർന്നു പോകും നോക്കി നിൽക്കെ. ചിത്രകാരിയുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും പ്രകൃതി ചിത്രതലത്തിൽ വിലാസവതിയാകുന്നുണ്ട്. അത് ഒരു ശില്പിയെപ്പോലെ അനുപമ കൊത്തിയുണ്ടാക്കുകയാണ്. പരിചിതമായ വീട്ടു ചെടികളും അപരിചിതമായ ഭാവനാ തരുക്കളും വസന്തമാകുന്ന ലോകമാണ് അനുപമയുടെ കലയിൽ നിറയെ. ചിലരെങ്കിലും ചോദിക്കും, അനുപമയ്ക്ക് പ്രചോദനമാകുന്ന ഒരു കലാകാരി ലോകത്തിന്റെ മറ്റെവിടെയെങ്കിലും ഉണ്ടോ; ജീവിതത്തിന്റെ ചരിത്രത്തിലോ. സത്യസന്ധമാണ് അനുപമയുടെ ഉത്തരം; കിക്കി സ്മിത്ത്. ജർമ്മൻ വംശജയായ അമേരിക്കൻ കലാകാരിയാണ് കിക്കി സ്മിത്ത്. "പക്ഷെ എല്ലാവരും സൂചന എടുത്തെടുത്ത് പറയാൻ തുടങ്ങിയപ്പോൾ ഞാൻ അവരുടെ ചിത്രങ്ങളെ നോക്കുന്നത് നിർത്തി," അനുപമ പറയുന്നു. ലോകത്തെ എല്ലാ കലാകാരികളും ഒരു നൂലിനാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു; സ്ത്രീയായിരിക്കുക എന്ന നൂൽ. അതുകൊണ്ടാകണം കിക്കി സ്മിത്ത് അറിഞ്ഞു കൊണ്ടും മറീനാ അബ്രോമോവിക്ക് അറിയാതെയും അനുപമ ഏലീയാസിന്റെ സഹോദരിമാരായി കൈകോർത്ത് നടക്കുന്നത്.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ