വ്യക്തിപരമായത് രാഷ്ട്രീയപരമാകുന്ന കല: അശ്വതി ബൈജുവിന്റെ കലയിലൂടെ




(അശ്വതി ബൈജു)

എൺപതുകളിൽ പാശ്ചാത്യ ഫെമിനിസ്റ്റുകൾ മുന്നോട്ടു വെച്ച ഒരു ആശയമായിരുന്നു, 'വ്യക്തിപരമായത് രാഷ്ട്രീയപരം കൂടിയാണ്' എന്നത്. അതിനു മുൻപ് വരെ രാഷ്ട്രീയപരമായത് വ്യക്തിപരമാക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയ ശരികളിലേയ്ക്ക് പ്രവേശിക്കാൻ സ്ത്രീകൾക്ക് അവകാശം ലഭിച്ചിരുന്നുള്ളൂ. രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലങ്ങളിൽ പ്രാതിനിധ്യവും അവകാശവും നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായ സ്വത്വവും വ്യക്തിത്വവും സൃഷ്ടിച്ച ശേഷം വ്യവഹാരമണ്ഡലത്തിലേയ്ക്ക് കടക്കുക എന്നത് തികച്ചും പ്രയാസമുള്ള കാര്യമായിരുന്നു. സ്ത്രീകൾ രാഷ്ട്രീയവൽക്കരിക്കപ്പെടാത്തതു കൊണ്ടായിരുന്നില്ല ഇത് സംഭവിച്ചത്; നേരെ മറിച്ച് സ്ത്രീകളുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-വ്യക്തിത്വ വിഷയങ്ങളെ/സ്വത്വങ്ങളെ പൊതുമണ്ഡലം അംഗീകരിച്ചിരുന്നില്ല എന്നത് കൊണ്ടായിരുന്നു. അത്തരമൊരു വ്യവഹാരത്തെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് വ്യക്തിപരമായത് തന്നെ രാഷ്ട്രീയപരം കൂടിയാണെന്ന ആശയം സ്ത്രീവാദികൾ മുന്നോട്ടു വെച്ചത്.




അശ്വതി ബൈജു എന്ന ചിത്രകാരിയുടെ പെയിന്റിങ്ങുകളിലും ഫോട്ടോ പെർഫോമൻസുകളിലും വ്യക്തിപരമായത് രാഷ്ട്രീയപരം കൂടിയാണെന്ന ആശയം സജീവമായി പ്രവർത്തിക്കുന്നത് കാണാം. എന്നാൽ അതുകൊണ്ടു മാത്രം അശ്വതി ഒരു ഫെമിനിസ്റ്റ് കലാകാരിയാണോ എന്ന ചോദ്യത്തിന് സന്ദേഹപൂര്ണമായ ഉത്തരം ആയിരിക്കും ഒരുപക്ഷെ ചിത്രകാരി തന്നെ നല്കാൻ സാധ്യതയുള്ളത്. ഫെമിനിസം നേരിട്ട ഏറ്റവും വലിയ തിരിച്ചടി എന്നത് 'തിരിച്ചടി ഫെമിനിസം' തന്നെയായിരുന്നു. ഫെമിനിസ്റ്റുകൾ എന്നാൽ പുരുഷവിദ്വേഷികൾ ആണെന്നും കുടുംബം കലക്കികളാണെന്നും സ്വർഗ്ഗാനുരാഗികൾ ആണെന്നും അനിയതമായ ലൈംഗിക സദാചാരം വെച്ച് പുലർത്തുന്നവരാണെന്നും അരാജകവാദികൾ ആണെന്നും ഒക്കെയുള്ള പ്രതിച്ഛായാ നിർമ്മിതി തിരിച്ചടി ഫെമിനിസത്തിനു കാരണമായി. ഫെമിനിസത്തിനു ഏകശിലാത്മകത ഉണ്ടാകണം എന്നല്ല പറയുന്നത്. എങ്കിലും ഫെമിനിസത്തിനു പകരം 'ഞങ്ങൾ ഫെമിനൈൻ' പ്രകൃതം കാട്ടുന്നവരാണെന്നു പറഞ്ഞു കൊണ്ട് പല ഫെമിനിസ്റ്റുകളും, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ കലാകാരികളും മുന്നോട്ടു വരികയുണ്ടായി. അതായത് ഫെമിനിസം അല്ല സ്ത്രീത്വം മുൻപിൽ നിൽക്കുന്ന കലാസൃഷ്ടികൾ ആണ് അവർ ഉണ്ടാക്കുന്നതെന്ന് അടിവരയിട്ടു പറയാൻ തുടങ്ങി.





ഒരു ആശയദ്വന്ദത്തിനകത്തു നിന്ന് കൊണ്ട് പ്രവർത്തിക്കുമ്പോൾ അശ്വതിയ്ക്കും ഒരുപക്ഷെ താൻ ഒരു സ്ത്രീത്വത്തിന്റെ ചിത്രകാരിയാണെന്നു പറയേണ്ടി വരുമെന്ന് തോന്നുന്നു. കാരണം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക വർത്തമാനത്തിലും ഫെമിനിസ്റ്റുകൾ എന്നാൽ കുടുംബം കലക്കികൾ എന്നോ അരാജകവാദികൾ ആണെന്നോ ആണെന്ന തെറ്റായ ധാരണയാണുള്ളത്. അതിനാൽ സ്ത്രീത്വത്തിന്റെ മറയിൽ നിൽക്കേണ്ട ബാധ്യത സ്ത്രീകൾക്ക് സമൂഹം എടുത്തു തോളിൽ വെച്ച് കൊടുക്കുന്നു. അതിന്റെയൊരു പരിധിവരെ അവഗണിച്ചത് മാധവിക്കുട്ടിയായിരുന്നു. അവർക്ക് സമൂഹത്തിന്റെ വേട്ടയാടലുകളെ അവഗണിച്ചു കൊണ്ട് വൈക്തികമായതിനെ രാഷ്ട്രീയവൽക്കരിക്കാൻ കഴിഞ്ഞു. എങ്കിലും തന്നിൽ സമൂഹം ഏൽപ്പിക്കുന്ന മുറിവുകളെക്കുറിച്ചു അവർ നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. താൻ ഉണങ്ങാത്ത ഒരു മുറിവാണെന്നും മുറിവിനെ നിരന്തരം പുതിയതാക്കി വെയ്ക്കാൻ സമൂഹം ഒരിക്കലും മറക്കാറില്ലെന്നും അവർ തന്റെ ജീവിതത്തിലൂടെയും വർക്കുകളിലൂടെയും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.




 മുറിവുകളുടെ ഗാഥയാണ് അശ്വതിയുടെ ചിത്രങ്ങളും. അത് താത്കാലികമായി ഉണങ്ങുമെങ്കിലും അതിനെക്കുറിച്ചുള്ള ഓർമ്മകൾ കലാകാരിയിൽ സജീവമാണ്. ഒരുപക്ഷെ മുറിവുകളുടെ സ്വഭാവത്തെക്കുറിച്ചു പരിശോധിച്ചാൽ അവയൊന്നും തന്നെ സമൂഹം അവളിൽ ഏൽപ്പിച്ച മുറിവുകൾ ആകാൻ സാധ്യതയില്ല. വൈയക്തികമായ തെരെഞ്ഞെടുപ്പുകളുടെയും അനുഭവങ്ങളുടെയും ഫലമായുണ്ടായ മുറിവുകളാണ് അവയിൽ പലതും അതിനാൽ അവയെ സമൂഹത്തിനു പുറത്തു നിർത്തി ചർച്ച ചെയ്യേണ്ടതല്ലേ എന്നൊരു ചോദ്യം ഉണ്ടാകാം. സ്വന്തമായി ഉണ്ടായ/ഉണ്ടാക്കിയ മുറിവുകൾക്ക് എന്താണ് രാഷ്ട്രീയം എന്ന് സമൂഹം ചോദിച്ചേയ്ക്കാം. അതൊരു തരത്തിലുള്ള പുറത്താക്കലാണ്. വ്യവഹാരത്തിനു പുറത്താക്കുന്നതിലൂടെ സ്ത്രീയുടെ വൈയക്തികമായ അനുഭവപരമ്പരകളെയും സമസ്യകളെയും അരാഷ്ട്രീയവൽക്കരിക്കാനുള്ള സമൂഹത്തിന്റെ കൗതുകം അവിടെയുണ്ട്. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ കാണാം മുറിപ്പെടലുകളെല്ലാം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമാനം ഉള്ളവയാണെന്ന്. ഒരു ഗര്ഭച്ഛിദ്രത്തിന്റെ കാര്യം മറച്ചു വെയ്ക്കുന്നതിലൂടെയല്ല അത് തന്നിലേൽപ്പിച്ച മുറിവുകളുടെ ആഘാതത്തെ പൊതു ഇടത്തിൽ വെച്ച് പരിശോധിക്കുന്നതിലൂടെയാണ് വൈയക്തികാനുഭവത്തെ അശ്വതി രാഷ്ട്രീയമാക്കുന്നത്.




വിവാഹത്തിനുള്ളിൽ നടക്കുന്ന ഗർഭഛിദ്രത്തിന് സാധാരണയായി ഒരു കഥയില്ലായ്മയുടെ സ്ഥാനം മാത്രമാണ് സമൂഹം നൽകാറുള്ളത്. എന്നാൽ കലാകാരികൾ സംബന്ധിച്ചിടത്തോളം ഗർഭധാരണവും പ്രസവവും ഗർഭച്ഛിദ്രവും എല്ലാം തന്നെ വലിയ മാനസികാഘാതങ്ങളാണ്. അതിനൊരു ചരിത്രമുണ്ട്. സാധാരണ ഒരു സ്ത്രീ ഗര്ഭച്ഛിദ്രത്തിനിടയിലോ പ്രസവത്തിനിടയിലോ മരിച്ചു പോയാൽ അത് ഒരു സംഭവമല്ലാതാകുന്നു. എന്നാൽ അങ്ങനെയൊന്ന് എഴുത്തുകാർക്കോ കലാകാരികൾക്കോ സംഭവിക്കുമ്പോഴാണ് അത്തരമൊരു ദുരന്തത്തിന് വാക്കുകളും ഘടനയും ലഭിക്കുന്നത്. അശ്വതി ഒരു അവസ്ഥയെ ചിത്രീകരിക്കുന്ന ഒരു പരമ്പര തന്നെ സൃഷ്ടിച്ചിട്ടുണ്ട്. സ്വയം പൊട്ടിത്തെറിക്കുന്ന ഒരു കുടമായും, കിളി വന്നു കൊത്തുന്ന ഒരു ഭ്രൂണമായും ഒക്കെ ചിത്രകാരി ഒരു അവസ്ഥയെ കാണുന്നു. അപ്പോഴെല്ലാം അവൾ ഉടലിന്റെ ഓരോ സൂക്ഷ്മാണുവിൽ നിന്നും പൊട്ടിക്കിളിർക്കുന്ന ഒരു പുതിയ ചെടിയാണ്. അതിൽ അതിൽ പിടിക്കുന്ന ഫലങ്ങൾക്കെല്ലാം ഗർഭപാത്രത്തിന്റെ രൂപവും ഊഷ്മളതയും വിങ്ങലുമുണ്ട്. ചില മരങ്ങളിൽ അവൾ തായ്ത്തടിയും അവളുടെ ഫലങ്ങൾ തൂക്കണാം കുരുവിയുടെ കൂടുകളുമാകുന്നു. ഗർഭരൂപമെല്ലാം തന്നിലേക്ക് വന്നു വന്നു നിറയുന്ന ഒരു അവസ്ഥയിലാണ് അപ്പോൾ ചിത്രകാരിയുടെ അന്തസത്ത കുടികൊള്ളുന്നത്. അതാണ് അവൾ വീണ്ടും വീണ്ടും ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.




മാതൃത്വം എന്നത് മറ്റൊരു രാജ്യമാണെന്ന് അശ്വതി കരുതുന്നുണ്ട്. രാജ്യത്തേക്ക് കടക്കാൻ വിവാഹം എന്നൊരു പാസ്സ്പോർട്ടിന്റെയും വിസയുടെയും ആവശ്യമുണ്ട്. എന്നാൽ അതൊക്കെയും ഉണ്ടെങ്കിലും രാജ്യം തന്നെ നിരസിക്കുകയാണെങ്കിലോ. അതൊരു അനധികൃത കുടിയേറ്റമാകും. ഗർഭപാതത്തിന്റെ ഓർമ്മകൾ ഒരു അനധികൃതകുടിയേറ്റമായി സ്വന്തം ശരീരത്തിലും മനസ്സിലും അനുഭവിക്കുകയാണ്. അതിനെ ഉറക്കെ പറഞ്ഞു കൊണ്ട് സ്ത്രീയുടെ ഒരു സവിശേഷാവസ്ഥ സമൂഹത്തിന്റെ മുന്നിൽ വ്യവഹാരത്തിനായി എടുത്തു വെയ്ക്കുകയാണ് അശ്വതി ചെയ്യുന്നത്. അശ്വതി ചരിത്രത്തിൽ ഒറ്റയ്ക്കല്ല. എത്രത്തോളം സ്വാതന്ത്ര്യം അനുഭവിച്ചെങ്കിലും മുപ്പതാം വയസ്സിലെത്തുന്നതിനു മുൻപേ മരിച്ചു പോയ അമൃത ഷെർഗിലിന്റെ മരണകാരണം ഒരു ഗര്ഭച്ഛിദ്രമായിരുന്നു. തന്റെ അർധസഹോദരനായ വിക്ടർ ഈഗൻ എന്ന കമിതാവിൽ നിന്നാണ് അവൾ ഗർഭം ധരിച്ചത്. ടി കെ പദ്മിനി ജനിച്ചത് അമൃത ഷെർഗിൽ മരിച്ചതിനും ഒരു വര്ഷം കഴിഞ്ഞിട്ടാണ്. പക്ഷെ ഏതാണ്ടതേ വയസ്സിൽ ലോകം വിടുന്നതും ഒരു ഗർഭപാതത്തിന്റെ കാരണത്താലാണ്. മെക്സിക്കോയിൽ ഫ്രിഡ കഹ്ലോ എന്ന കലാകാരി തനിയ്ക്കൊരിക്കലും അമ്മയാകാൻ കഴിയില്ല എന്ന് തിരിച്ചറിയുന്നത് വലിയൊരു അപകടത്തെ തുടർന്നാണ്. നട്ടെല്ല് പൊട്ടിയ ഒരു ഗോപുരമായി തന്നെ സ്വയം സങ്കല്പിക്കുന്ന ഫ്രിഡ, തന്റെ ശരീരത്തിന് പുറത്തു ഗര്ഭപാത്രങ്ങളെ സ്വപ്നം കാണുകയും ചോരയൊലിക്കുന്ന കുഞ്ഞുങ്ങളെ ദർശിക്കുകയും ചെയ്യുന്നുണ്ട്.



ഒരു ചരിത്രത്തുടർച്ചയിൽ തന്നെയാണ് അശ്വതിയും നിൽക്കുന്നത്. പിന്നീട് ചിത്രകാരി അമ്മയാകുന്നു. അപ്പോഴും ആദ്യത്തെ അനുഭവത്തിന്റെ ആഘാതത്തിൽ നിന്ന് അവൾ മുക്തയല്ല എന്ന് ചിത്രങ്ങൾ പറയുന്നു. പാരമ്പരയിലുടനീളം അശ്വതി ഉപയോഗിക്കുന്ന നിറങ്ങൾ ഇരുണ്ടതാണ്; ഇരുണ്ട പച്ചയായ നിറങ്ങൾ. ഉണങ്ങിയ ഇലയും പൊടിയും ഒക്കെ പ്രകൃതിയിൽ നിന്ന് നേരിട്ടെടുത്തത് പോലെ. തന്റെ മകൾ ഒരു കിളിക്കൂട്ടിലാണ് കിടക്കുന്നത്. അവളെ നോക്കാൻ പക്ഷികൾ. നമുക്ക് ശകുന്തളയെ ഓർമ്മ വരും. ശകുന്തങ്ങൾ എന്ന പക്ഷികൾ പരിചരിച്ചതിനാലാണ് അവൾക്ക് ശകുന്തള എന്ന പേര് വന്നത്. മേനക എന്ന 'അമ്മ വിട്ടെറിഞ്ഞിട്ടു പോയവളാണ് കുഞ്ഞ്. അശ്വതി തന്റെ മകളെ വിട്ടെറിഞ്ഞിട്ടു പോയിട്ടില്ല, പക്ഷെ എന്നിട്ടും അവളെ പ്രകൃതിയുടെ കൈകളിലേൽപ്പിക്കുകയാണ്. സ്ത്രീയുടെ ഒരു സ്വതന്ത്ര്യപ്രഖ്യാപനം കൂടിയാണത്. വീടിന്റെ സംസ്കാരത്തിലേക്ക് കുഞ്ഞിനെ പ്രക്ഷേപിക്കുന്നതിനു പകരം പ്രകൃതിയുടെ നീഡത്തിലേയ്ക്ക് കുഞ്ഞിനെ കിടത്തുക എന്നത് ചെറിയൊരു വിപ്ലവം തന്നെയാണ്. ഞരമ്പുകളിലൂടെ ജീവജലം പൊട്ടിയൊഴുകുന്ന ഒരു വൃക്ഷമായി സ്വയം ചിത്രീകരിക്കുന്നുണ്ട് അശ്വതി എപ്പോഴും. സ്ത്രീ പ്രകൃതിയാണെന്ന ആദര്ശവല്ക്കരണത്തിനേക്കാൾ കൂടുതൽ ഞാൻ കാണുന്നത് പ്രകൃതിയായി നിൽക്കുന്ന പെണ്ണിന്റെ മേൽ സമൂഹം ഏൽപ്പിക്കുന്ന മുറിവുകളെയാണ്.




അശ്വതിയ്ക്ക് ഇഷ്ടപ്പെട്ട കലാകാരി തന്നെയാണ് ഫ്രിഡ കഹ്ലോ. അവർ ജീവിച്ചിരുന്നപ്പോൾ അവരെ ഫെമിനിസ്റ്റ് ആയിട്ടല്ല കണ്ടിരുന്നത്. അന്ന് ഫെമിനിസം എന്നത് അതിന്റെ പ്രാഗ്രൂപത്തിൽപ്പോലും ചർച്ചയിൽ എത്തിയിരുന്നില്ല. അവർ കമ്മ്യൂണിസ്റ്റായിരുന്നു; സോഷ്യലിസ്റ്റായിരുന്നു; ജീവിതാഹ്ളാദത്തിന്റെ പ്രചാരകയായിരുന്നു. അശ്വതിയുടെ കാലത്ത് ഫെമിനിസം എന്നൊരു വ്യവഹാര സംവർഗ്ഗം ഉണ്ട്. ആദ്യം പറഞ്ഞത് പോലെ അതിന്റെ തിരിച്ചടി പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറി നടക്കണമെങ്കിൽ വൈക്തികമായതിനെ രാഷ്ട്രീയമാക്കിയേ മതിയാകൂ. ഏത് രാഷ്ട്രീയം എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. അത് ഒരു പ്രത്യയശാസ്ത്രത്തിന്റെയും കൂടെ നിൽക്കാൻ താത്പര്യപ്പെടില്ല. തന്റെ കുഞ്ഞു ജനിച്ച ശേഷം ഉണ്ടായ പോസ്റ്റ് പാർട്ടം ഡിപ്രെഷൻ അഥവാ പ്രസവാനന്തര വിഷാദാത്മകതയെ മേരി കെല്ലി എന്ന അമേരിക്കൻ കലാകാരി മറികടന്നത് വിഷാദത്തെ കുറിച്ച് നിരന്തരം എഴുതിക്കൊണ്ടും കുഞ്ഞിന്റെ ഡയപ്പറുകളും കുട്ടിയുടുപ്പുകളും മറ്റും അതേപടി പ്രദർശിപ്പിച്ചു കൊണ്ടുമാണ്. അശ്വതിയുടെയും മേരി കെല്ലിയുടെയും കല രണ്ടു ധ്രുവങ്ങളിലാണ് ആവിഷ്കാരത്തിൽ പക്ഷെ അവ രണ്ടും പറയാൻ ശ്രമിക്കുന്നത് സ്ത്രീ ജീവിതത്തിന്റെ വൈകാരികമായ രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ്.




ഫ്രിഡയുടെയും ഷെർഗിലിന്റെയും ചിത്രങ്ങളിൽ ആഘോഷങ്ങളുടേതായ ചുവപ്പ് കാണാം. പല നിറങ്ങളിൽ വ്യാപാരിക്കുന്നതിൽ അവർക്ക് പ്രശ്നമില്ല. എന്നാൽ അശ്വതിയുടെ പരാമൃഷ്ടമായ പരമ്പരയിൽ ഇരുണ്ട നിറങ്ങളാണ്. ആന്തരിക വിഷാദത്തിന്റെ നിറങ്ങൾ എന്ന് വേണമെങ്കിൽ പറയാം. അതിശയമെന്നു പറയട്ടെഅശ്വതിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ കെ മാധവമേനോൻ ആണ്. അദ്ദേഹത്തിന്റെ പ്രകൃതിചിത്രങ്ങളിലെ ഇരുണ്ട പച്ച തന്നെ വല്ലാതെ ആകര്ഷിക്കുന്നുണ്ടെന്നു അശ്വതി പറയുന്നു. ടി കെ പദ്മിനി അശ്വതിയെ ആകര്ഷിച്ചതിനു ചിത്രത്തിനുള്ളിൽ നിന്നും തെളിവുകൾ ലഭിക്കുന്നുമില്ല. ഒരു കാര്യം ശ്രദ്ധേയമാണ്. അശ്വതി പഠിച്ചത് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ ആണ്. അവിടെ നിന്ന് ബിരുദം നേടിയത് മ്യൂറൽ അഥവാ ചുവര്ചിത്രകലയിൽ ആണ്. അത് കഴിഞ്ഞ് എം പൂർത്തിയാക്കിയത് പെയിന്റിങിൽ. ചുവർ ചിത്ര കല പഠിച്ച ഒരു കലാകാരി ശൈലിയെ പൂർണ്ണമായും ഉപേക്ഷിക്കുക എന്നൊരു വിപ്ലവം നടത്തിയിട്ടുണ്ട്. എന്നാൽ അത് നൽകിയ ചില പരിശീലനങ്ങൾ അശ്വതിയുടെ ചിത്രത്തിൽ ശക്തമാണ് താനും. ചുവര്ചിത്രകല പരിശീലിക്കുന്ന വേളയിൽ പ്രകൃതിയിൽ നിന്ന് നിറങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിന് പ്രത്യേക പഠനം ഉണ്ട്. അതിന്റെ ബലത്തിൽ പലപ്പോഴും അശ്വതി ചായങ്ങൾ പ്രകൃതിയിൽ നിന്ന് തന്നെ തയാറാക്കി എടുക്കാറുണ്ട്. തുണിയിലും കടലാസിലുമാണ് പലപ്പോഴും വരയ്ക്കുന്നത്.





ഏറ്റവും പുതിയ ചിത്രപരമ്പരയിലൂടെ തന്റെ കലയുടെ പുതിയൊരു മുഖം വെളിപ്പെടുത്തുകയാണ് അശ്വതി. ഗര്ഭധാരണത്തിന്റെയും പ്രസവത്തിന്റെയും ഒക്കെ ഓർമ്മകൾ പിന്നിലേയ്ക്ക് മാഞ്ഞെങ്കിലും തന്നിൽ മുറിവേറ്റൊരു ഹൃദയം പിടയ്ക്കുന്നുണ്ടെന്ന് അശ്വതി കരുതുന്നു. ഇതിൽ വലിയ കാല്പനിക ദുരന്തബോധമൊന്നുമില്ല. ഒരു സ്ത്രീയുടെ സാമൂഹിക ജീവിതത്തിൽ അവൾക്ക് നേരിടേണ്ടി വരുന്ന സ്വകാര്യപ്രശ്നങ്ങളെ സഹഭാവത്തോടെയും സഹാനുഭൂതിയോടെയും സമീപിക്കുകയാണ് അശ്വതി ചെയ്യുന്നത്. തന്റെ ഹൃദയത്തെ ചൂഴ്ന്നു നോക്കുന്ന  ഒരു പക്ഷി, പക്ഷിയെത്തന്നെ ഇരയാകുന്ന ഒരു പൂച്ച, തന്റെ ചവുട്ടടിയിൽ ചിതറുന്ന മറ്റൊരു പക്ഷി. ഇരയും വേട്ടക്കാരിയുമായ പുതിയ ഒരു സ്ത്രീബിംബത്തെ അശ്വതി ചിത്ര പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. ഒപ്പം ഫോട്ടോ പെർഫോമൻസ് എന്ന് വിളിക്കാവുന്ന ഒരു കലാരൂപം കൂടി അശ്വതി ചെയ്യുന്നുണ്ട്. സ്വയം ചെയ്യുന്ന പെർഫോമൻസ് ഫോട്ടോഗ്രാഫുകൾക്ക് മേൽ വീണ്ടും വരച്ചു കൊണ്ട് സ്വന്തം വ്യക്തിത്വത്തിന്റെ പുതിയൊരു സ്വാതന്ത്ര്യ ഘോഷണം അശ്വതി നടത്തുന്നു. ഭർത്താവായ ബൈജുവാണ് അശ്വതിയുടെ പെർഫോമൻസിനെ ഡോക്യുമെന്റ് ചെയ്യുന്നത്.ഏഴുവയസ്സുകാരിയുമായ മകളും ബാംബൂ കോർപ്പറേഷനിൽ ഉദ്യോഗസ്ഥനുമായ ഭർത്താവുമൊത്ത് ചാലക്കുടിയിൽ ആണ് അശ്വതി താമസിക്കുന്നത്. അശ്വതിയുടെ പ്രദര്ശനങ്ങളിലെ ആദ്യാവസാനക്കാരനാണ് ബൈജു. അശ്വതിയുടെ ഏതുതരത്തിലുള്ള കലാപരീക്ഷണങ്ങളിലും ഒപ്പം നിൽക്കുന്ന ഭർത്താവാണ് കൂടുതൽ ആഴമുള്ള ചിത്രങ്ങളിലേക്ക് തന്നെ കലാകാരിയെ നയിക്കുന്നത്. അപൂർവമാണ് അത്തരം കുടുംബരസതന്ത്രങ്ങൾ.

--ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ