മഴയത്തൊരു പെൺകുട്ടി: ഉഷാ രാമചന്ദ്രന്റെ കലാലോകത്തിലൂടെ



(ഉഷാ രാമചന്ദ്രൻ)

ഇരുപതു വർഷങ്ങൾക്ക് മുൻപ് മാജിക്കൽ റീയലിസത്തിലെന്ന പോലെ പല സ്ത്രീകളിലും കല സംഭവിച്ചു. പശുക്കൾ പടികൾ കയറില്ല, അതും പരവതാനി വിരിച്ച പടികൾ- മാർകേസ് തന്റെ 'പിതാമഹന്റെ ശിശിരം' എന്ന പുസ്തകത്തിൽ എഴുതി. അത് സ്ത്രീകളെക്കുറിച്ചായിരുന്നില്ല. എങ്കിലും കൊട്ടാരത്തിന്റെ ബാൽക്കണിയിൽ പശുക്കൾ നിൽക്കുന്നത് പോലെ ആളുകൾക്ക് തോന്നി. അത് തോന്നൽ മാത്രമായിരുന്നെങ്കിൽ എന്ന് ആളുകൾ ആശിച്ചു. കലയുടെ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടാൽ, അതൊരു തോന്നലായിരുന്നെങ്കിൽ എന്ന് പലരും ആശിക്കും. പരവതാനി വിരിച്ച പടവുകൾ അവർക്കും കയറാനാകുമെന്ന് അവർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ചുവന്ന പരവതാനിയിൽ പലപ്പോഴും നടക്കുന്നത് കറുത്ത ഗൗണുകളണിഞ്ഞ യുവസുന്ദരികളാണ്. സിനിമയിൽ അവർക്ക് പ്രായമേറുമ്പോൾ പരവതാനി വലിച്ചു മാറ്റപ്പെടുന്നു. അല്ലെങ്കിൽ അവർ ഓപ്ര വിൻഫ്രിയെപ്പോലെ വലിയൊരു ബിസിനസുകാരികൂടിയായി തുടരണം. കലയിൽ പക്ഷെ അങ്ങനെയല്ല; സ്ത്രീകൾക്ക് പ്രായമേറുമ്പോഴാണ് കല സംഭവിക്കുന്നത്. അംഗീകാരം വരുന്നതും അപ്പോഴാകാം.





ഉഷാ രാമചന്ദ്രൻ എന്ന കലാകാരിയുടെ കാര്യത്തിൽ സംഭവിച്ചത് അത് തന്നെയാണ്. ലിന്ഡാ നോക്ലിൻ എന്ന അമേരിക്കൻ ഫെമിനിസ്റ്റ് സൈദ്ധാന്തിക, എന്തുകൊണ്ടാണ് മഹതികളായ കലാകാരികൾ നമുക്കില്ലാതെ പോയതെന്ന് ചോദ്യം ഉന്നയിച്ചു. പല ഉത്തരങ്ങളും കിട്ടി. സ്ത്രീ എന്നും വിഷയമായിരുന്നു. അവൾക്ക് നിർവ്വാഹകത്വം (ഏജൻസി) കലയിൽ ഉണ്ടായില്ല. അതിനെന്തായിരുന്നു കാരണം. അവളെ പുരുഷന്മാർ തഴഞ്ഞു. തഴയാത്തപ്പോഴോ? അവൾ ഗാർഹികഇടങ്ങളിലേയ്ക്ക് പിൻവലിഞ്ഞു. അവിടെ അവൾക്ക് ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. കൃത്യമായ തൊഴിൽവിഭജനം ചെയ്യപ്പെട്ട പുരുഷാധിപത്യ സമൂഹങ്ങളിൽ വീടിന്റെ ഭരണം തത്വത്തിലെങ്കിലും സ്ത്രീക്കായിരുന്നു. അതിനാൽ അവൾ ഭരണവും പരിചരണവും ഒരുപോലെ നിർവഹിച്ചു. കലാകാരിയെന്ന നിലയിൽ പ്രതിഭ കാട്ടിയിട്ടുള്ള സ്ത്രീകളെല്ലാം കലയുടെ ലോകത്തേയ്ക്ക് തങ്ങളെ വീണ്ടെടുക്കുന്നത് പലപ്പോഴും മക്കളുടെ വിദ്യാഭ്യാസവും ഭർത്താവിന്റെ ഉദ്യോഗവും ഒക്കെ ഒരുപരിധി വരെ സ്വയം സംരക്ഷിക്കാമെന്ന ഉറപ്പിന്റെ ഭ്രമണപഥങ്ങളിൽ എത്തിച്ച ശേഷം മാത്രമാണ്. അപ്പോൾ അവൾക്ക് വയസ്സ് നാല്പത് കഴിഞ്ഞിരിക്കും.




ഇത് ഉഷാ രാമചന്ദ്രന്റെ കാര്യത്തിലും ശരിയാണ്. പക്ഷെ അവർ അതൊരു ചരിത്രത്തിന്റെ അടിച്ചേൽപ്പിക്കലായോ ഗാർഹികത്വത്തിന്റെ ഭാരമായോ കാണുന്നില്ല. ജീവിച്ചതത്രയും പിൽക്കാലത്തെ കല ചെയ്യലിന് വേണ്ടിയുള്ള അനുഭവശേഖരണമായിരുന്നെന്ന് അവർ പറയും. ജീവിതത്തിന്റെ ഏഴാം ദശകത്തിൽ നിൽക്കുമ്പോൾ അവർ ഔപചാരികമായി കല പഠിച്ചില്ലെങ്കിലും സ്വപ്രയത്നത്താലും പ്രതിഭയാലും കലാകാരി എന്ന പേര് നേടിക്കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിൽ ജനിച്ചു വളർന്ന
ഉഷ എന്ന പെൺകുട്ടി വിവാഹശേഷം ഇന്ത്യയിലുടനീളം യാത്ര ചെയ്യുകയും പല നഗരങ്ങളിലും ജീവിക്കുകയും ചെയ്തു. ഒടുവിൽ തിരുവനന്തപുരത്തു വന്നു താമസം തുടങ്ങി നഗരത്തിന്റെ ഭാഗമാവുമ്പോഴേയ്ക്കും കലയുടെ കൈവിരൽ വന്നു അവരെ തൊട്ടു കഴിഞ്ഞിരുന്നു. അമ്പത് വയസ്സായിരുന്നു അപ്പോൾ എന്ന് വേണമെങ്കിൽ പറയാം. ഉന്നതമായ ഒരു ഔദ്യോഗികസ്ഥാനത്തു നിന്ന് ഭർത്താവ് വിരമിച്ചതോടെ തനിയ്ക്ക് കൂടുതൽ സമയം കലയിലേയ്ക്ക് നൽകാൻ കഴിഞ്ഞു എന്നാണ് ഉഷാ രാമചന്ദ്രൻ ചില അഭിമുഖ സംഭാഷണങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. കല ചെയ്ത അനുഭവത്തേക്കാൾ, യാത്രയിലൂടെ നേടിയ ദർശനാനുഭവങ്ങളുടെ സമൃദ്ധിയാണ് ഉഷാ രാമചന്ദ്രനിൽ. പക്ഷെ അതൊന്നും ഉഷയെ അത് പോലൊന്നാക്കാൻ പ്രേരിപ്പിച്ചില്ല. മറിച്ച് തന്നിൽ നിലീനമായിരുന്ന കല ചെയ്യാനുള്ള കഴിവിനെ ഇനി പിടിച്ചു കെട്ടാൻ കഴിയാത്ത വിധം പ്രചോദിപ്പിക്കുകയായിരുന്നു. പ്രചോദനത്തിൽ നിന്ന് കൊണ്ട് ഉഷാ രാമചന്ദ്രൻ ചിത്രങ്ങളും ശില്പങ്ങളും വരച്ചും ആകൃതിപ്പെടുത്തിയും എടുത്തപ്പോൾ ഒരു കാര്യം വളരെ വ്യക്തമായി കാണികൾക്കും കലാകാരിയ്ക്കു തന്നെയും അനുഭവവേദ്യമായി.






എന്താണ് അനുഭവവേദ്യമായ കാര്യം? നിങ്ങൾ സ്വാഭാവികമായും ചോദിക്കാവുന്ന ഒരു ചോദ്യമാണത്. ഇത്രയും വർഷത്തെ യാത്രകൾക്കിടയിലും ഒരു പൊടി പോലും പറ്റാതെ സുരക്ഷിതമായും ശുദ്ധമായും അമൂല്യമായും ഉഷാ രാമചന്ദ്രൻ തന്റെ ബാല്യകൗമാര അനുഭവങ്ങളെയും ജീവിതപരിസരങ്ങളെയും സൂക്ഷിച്ചിരുന്നു എന്നാണ് അതിനുള്ള ഉത്തരം. ഉഷാ രാമചന്ദ്രന്റെ ചിത്രങ്ങളിലേയ്ക്കും ശില്പങ്ങളിലേയ്ക്കും നോക്കൂ. നിങ്ങൾക്ക് നിഷ്കളങ്ക ലോകത്തെ കാണുവാൻ കഴിയും. രണ്ടായിരത്തി മൂന്നിൽ അവർ ഒരു കാക്കയെ വരയ്ക്കുന്നു. ജലച്ചായത്തിൽ വരച്ച കാക്കയുടെ പശ്ചാത്തലം നീലയാണ്. അത് ആകാശമാകാം. കഴുകിയിട്ട നീലത്തുണിയാകാം. കലാകാരിയുടെ മനസ്സിന്റെ നിറം നിമിഷത്തിൽ അങ്ങനെയായിരിക്കാം. പക്ഷെ സാധാരണയിൽ സാധാരണയായ ഒരു പക്ഷിയ്ക്ക് വളരെ വിചിത്രമാണ് വിധം ഒരു വ്യക്തിത്വം/പക്ഷിത്വം ചിത്രങ്ങളിൽ ലഭിക്കുന്നു. അതൊരു പഠന രചനയല്ല. തികഞ്ഞ ഉറപ്പോടെ ചിത്രകാരി പക്ഷിയെ കലാചരിത്രത്തിലേയ്ക്ക് എടുത്തു വെയ്ക്കുകയാണ്. കൂരിരുട്ടിന്റെ കിടത്തിയായ കാക്ക കവിതയിൽ മാത്രമല്ല ഉഷാ രാമചന്ദ്രന്റെ ചിത്രങ്ങളിലും അനശ്വരത നേടുന്നു.




സ്വയം ചിത്രം വരച്ചു പഠിച്ച ആണും പെണ്ണുമായി കലാകാരർ എല്ലാം എന്തുകൊണ്ടാണ് വളരെ ആദിമമായ ബാല്യകാല അനുഭവങ്ങളിലേയ്ക്കും ബോധപരിസരങ്ങളിലേയ്ക്കും പോകുന്നത്? അതിനെ അനുഭവം എന്നല്ല പറയേണ്ടത്; അനുഭൂതി എന്നാണ്. ഒരു മനുഷ്യനിൽ, ലോകത്തിന്റെ ഏറ്റവും വലിയ ഉയരങ്ങൾ കീഴടക്കുമ്പോൾപ്പോലും ഓർമ്മ വരുന്നത് തന്റെ ബാല്യകാലമാണ്. താൻ അവിടെ നിന്നാണ് ഇവിടെ എത്തിയതെന്ന ബോധം മനുഷ്യനെ വിനീതനാക്കുന്നു. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ കാര്യമെടുക്കുക. അദ്ദേഹം ചിത്രരചനാ തുടങ്ങുന്നത് അറുപത് വയസ്സ് കഴിഞ്ഞപ്പോഴാണ്. തനിയ്ക്ക് എഴുതി മതിയായെന്ന ഒരു കാലത്തായിരിക്കണം അദ്ദേഹം ചിത്രരചനയിലേയ്ക്ക് തിരിഞ്ഞത്. ഞാൻ മറ്റൊരിടത്ത് എഴുതിയിട്ടുള്ളത് പോലെ, വാക്കുകൾക്ക് ആവിഷ്കരിക്കാൻ കഴിയാത്ത ഒരു ലോകത്തെ വാക്കുകളെഴുതിയതിനെ മായ്ച്ചു കൊണ്ട്, പ്രതീകങ്ങളുടെ ലോകത്തേയ്ക്ക് കടക്കുന്ന ഒരു രസായന വിദ്യയാണത്. ടാഗോർ, ചിത്രം വരയ്ക്കുന്ന കാലത്ത്, അദ്ദേഹം ഇടപെട്ടിരുന്നതായ ബൃഹത്തായ വിഷയങ്ങളായ ലോകസമാധാനമൊന്നും ചിത്രങ്ങളിൽ വരുന്നില്ല. പകരം വരുന്നത് അദ്ദേഹം ബാല്യ-കൗമാരങ്ങളിൽ നടന്ന ഉദ്യാനങ്ങളും വഴികളും അനുഭവിച്ച പ്രഭാതങ്ങളും സായാഹ്നങ്ങളും മറ്റുള്ളവർ ചുറ്റും കാണുന്നതിൽ നിന്നൊഴിവാക്കിയ മനുഷ്യരൂപങ്ങളും ആയിരുന്നു. ഉഷാ രാമചന്ദ്രന്റെ കലാലോകത്തെ സന്ദർശിക്കുന്ന ഒരാൾക്ക് ടാഗോറിനെ ഓർത്തില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.





തിരുവനന്തപുരം നഗരത്തെ അടുത്തറിയാവുന്നവർക്ക് തീർച്ചയായും ഉഷാ രാമചന്ദ്രന്റെ കലയെ സമീപിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാൻ കഴിയും; അവർ തിരുവനന്തപുരത്തെ ജീവിതമല്ല കലയിൽ ഉൾച്ചേർക്കുന്നത്. കലാകാരിയെന്ന നിലയിൽ അവർക്കുള്ളിൽ ഒരു സമാന്തരലോകം എന്ന് ജ്വലിച്ചിരുന്നു എന്നുള്ളതിന്റെ തെളിവായി, അവർക്കു ചുറ്റും ഇന്ന് കാണാത്ത വിഷയങ്ങളാണ് അവയിൽ കടന്നു വരുന്നത്. എന്തുകൊണ്ടാണ് ഓരോ കാണിയ്ക്കും അതുമായി തന്മയീഭാവം പുലർത്താൻ കഴിയുന്നത്. കാരണം ഓരോ മനുഷ്യനും മറ്റൊരു സമാന്തരലോകം തന്റെയുള്ളിൽ സൂക്ഷിക്കുന്നു എന്നത് തന്നെയാണ് കാരണം. ഓർഹൻ പാമുക്ക് തന്റെ 'കറുത്ത പുസ്തകം' എന്ന നോവലിൽ നായികയുടെ മനസ്സിനെക്കുറിച്ചു പറയുന്നു. ഏറ്റവും അടുത്തുള്ളവർക്ക് പോലും പ്രവേശനമില്ലാത്ത ഒരു ഉദ്യാനമാണത്. അവിടെ അവൾ മാത്രമാണുള്ളത്. ഉദ്യാനത്തിലിരുന്നു കൊണ്ട്, തനിയ്ക്ക് മാത്രം പ്രാപ്യമായ യാഥാർഥ്യങ്ങളെ കലയിലേയ്ക്ക് പിടിച്ചെടുത്തു കൊണ്ട് രൂപങ്ങളെ വരച്ചും കുഴച്ചും സൃഷ്ടിക്കുകയാണ് ഉഷാ രാമചന്ദ്രൻ ചെയ്യുന്നത്.
പാസ്റ്ററൽ അഥവാ വനപ്രാന്ത ആവിഷ്ക്കാരങ്ങൾക്ക് അതിന്റെതായ ഒരു കാല്പനികാനുഭൂതി പകരാൻ കഴിയുന്നുണ്ട്. എന്തുകൊണ്ടാണ് കാല്പനികരായ മനുഷ്യർ വനപ്രാന്ത ആവിഷ്കാരങ്ങളെ തേടുന്നു എന്ന് ചോദിച്ചാൽ, മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലെ ബോധത്തിൽ, ജനിതകബോധത്തിൽ വനങ്ങൾ ഉണ്ട് എന്നത് തന്നെയാണ്. നാട്ടാന ഒരു കാടിനെ മനസ്സിൽ സൂക്ഷിക്കുന്നത് പോലെ മനുഷ്യന് ഒരു വനത്തെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.അവന്റെ പരിണാമഘട്ടങ്ങളെല്ലാം കാല്പനികബോധമായി അവനിൽ തിരിച്ചു വരുന്നുണ്ട്. അതിനാലാണ് അലഞ്ഞു നടക്കുന്ന ജിപ്സികളെയും ആടുമേയ്ക്കുന്ന മനുഷ്യരേയുമൊക്കെ കലാകാരന്മാർ അറിയാതെ വരച്ചു പോകുന്നത്. ഉഷാ രാമചന്ദ്രന്റെ ചിത്രങ്ങളിലും അത്തരം രംഗങ്ങൾ കടന്നു വരുന്നുണ്ട്. അമ്മയും കുഞ്ഞും എന്ന വിഷയം ചിത്രകാരിയെ നന്നായി ആകര്ഷിച്ചിട്ടുള്ളതാണ്. എന്നാൽ അതിനു മതപരമായ ഒരു തരത്തിലുള്ള അർത്ഥങ്ങളും അവർ കല്പിക്കുന്നില്ല. പകരം തികച്ചും സെക്കുലർ എന്ന് പറയാവുന്ന ഒരു അവസ്ഥയിൽ അമ്മയെയും കുഞ്ഞിനേയും പ്രക്ഷേപിക്കുകയും കാല്പനികമല്ലാത്ത ജൈവയാഥാർഥ്യങ്ങളെ ചിത്രങ്ങളിൽ പിടിച്ചെടുക്കുകയും ചെയ്യുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നത്, പാല് കൊടുക്കുന്നത്, അടുക്കളയിൽ ഇരിക്കുന്നത് അങ്ങനെ പല ആവിഷ്ക്കാരങ്ങളും നമുക്ക് കാണാം. സ്ത്രീത്വത്തിന്റെ പല ഭാവങ്ങളും വിരിയുന്നത് അവരുടെ ചിത്രങ്ങളിൽ കാണാം. പക്ഷെ സ്വയം കല അഭ്യസിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത് കൊണ്ടാകണം ചിലപ്പോൾ വിഷയങ്ങൾ അതിന്റെ സമഗ്രത വിടുകയും ചിരപരിചിതമായ കലണ്ടർ ആർട്ടിലെ വിഷയങ്ങളിലേക്ക് പോവുകയും ചെയ്യുന്നത്. ഭാഗ്യത്തിന്, കലയുടെ മേൽ തനിയ്ക്ക് നിയന്ത്രണം പൂർണ്ണമായും വരുന്നതോടെ ഉഷാ രാമചന്ദ്രൻ വളരെ ലളിതമായ വരകളിലേയ്ക്കും പരീക്ഷണാത്മകമായ ചിത്രങ്ങളിലേയ്ക്കും കടന്നിട്ടുണ്ട്.





ഉഷാ രാമചന്ദ്രനെ പക്ഷെ അറിയുന്നവർ കൂടുതലായും മനസ്സിലാക്കുന്നത് അവർ ഒരു ശില്പി ആണെന്നാണ്. ചിത്രം വര തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയിട്ടുണ്ടെങ്കിൽ ശിൽപം ചെയ്യാൻ തുടങ്ങിയിട്ട് പത്തു വർഷമേ ആയിട്ടുള്ളൂ. തികച്ചും യാദൃശ്ചികമായാണ് ചിത്രകാരിയായ ഉഷാ രാമചന്ദ്രൻ ശില്പിയായ ഉഷാ രാമചന്ദ്രനായി മാറുന്നത്. വി സതീശൻ എന്ന ശില്പി, ഒരു കൂടിക്കാഴ്ചയിൽ ഉഷാ രാമചന്ദ്രനോട് താൻ ശിൽപം ചെയ്യാൻ പഠിപ്പിക്കാം എന്ന് പറഞ്ഞു. നല്ലൊരു കലാ അധ്യാപകൻ കൂടിയാണ് സതീശൻ. ഉഷാ രാമചന്ദ്രൻ താമസിയാദി വെങ്കല ശില്പത്തിന്റെ മാസ്മരികതയിൽ വീണു. സതീശൻ പഠിപ്പിച്ച വിദ്യാർത്ഥിനി ആകയാൽ ഉഷാ രാമചന്ദ്രന്റെ ശില്പങ്ങളിൽ സതീശന്റേതായ ഒരു ശൈലി കടന്നു വന്നു. പക്ഷെ നിരന്തര പരിശീലനത്താലും പ്രയോഗത്തിലും പ്രദര്ശനത്താലും ശൈലിയെ തന്റേതായ രീതിയിൽ മാറ്റിയെടുക്കാൻ ഉഷാ രാമചന്ദ്രന് കഴിഞ്ഞു. സാൻഡ് കാസ്റ്റിങ് എന്ന സങ്കേതം ഉപയോഗിച്ചാണ് അവർ ശില്പങ്ങൾ ചെയ്യുന്നത് അതിനാൽതന്നെ രണ്ടടിയിൽ കൂടുതൽ വലുപ്പമുള്ള ശില്പങ്ങൾ നിർമ്മിക്കാൻ കഴിയാറില്ല. പക്ഷെ ചെറിയ ശില്പങ്ങളിലാണ് ഉഷാ രാമചന്ദ്രന്റെ കൃതഹസ്തത തെളിയുന്നത്. വലിയ ശില്പങ്ങൾ ചെയ്യുന്ന ശില്പികളെല്ലാം ആണുങ്ങളാണ്. അവർ ലോസ്റ്റ് വാക്സ് എന്ന സങ്കേതം ഉപയോഗിച്ചാണ് ശില്പങ്ങൾ കഷണങ്ങളായി വാർത്ത് ഒന്നിക്കുന്നത്. അതിനുള്ള സംവിധാനങ്ങൾ തിരുവനന്തപുരത്ത് കുറവാണ്. മീരാ മുഖർജീ എന്ന ശില്പി ദോഗ്ര കാസ്റ്റിങ് എന്ന സങ്കേതം ഉപയോഗിച്ചാണ് ശില്പങ്ങൾ ചെയ്തിരുന്നത്. അവർ അതിനെ സാങ്കേതിക വിദ്യയുടെ സഹായത്താൽ വലിയ ശില്പങ്ങളാക്കി വാർത്തു. എന്നാൽ ഉഷാ രാമചന്ദ്രൻ അതിനു ശ്രമിക്കുന്നില്ല.








ചുണ്ടിൽ ഒരു പുഞ്ചിരി വിടരാതെ കാണികൾക്ക് ഉഷാ രാമചന്ദ്രന്റെ ശില്പങ്ങളെ കാണാൻ കഴിയില്ല. അത്രയേറെ കൗതുകവും ഓമനത്തവും അവ അനുഭവിപ്പിക്കും. തുണി അലക്കുന്ന പെൺകുട്ടി, ഊഞ്ഞാലാടുന്ന പെൺകുട്ടി, മഴയത്ത് പെട്ടുപോയ പെൺകുട്ടി, അവളുടെ കുട കാറ്റിൽ ഒരു വശത്തേയ്ക്ക് വലിഞ്ഞു പോവുകയാണ്, ഫുട്ബാൾ കളിക്കുന്ന പയ്യൻ, ബാഗും കൊണ്ട് ഓഫീസിലേയ്ക്ക് പോകുന്ന പെൺകുട്ടി, മഴയത്ത് ഒരു ചേമ്പിലയും ചൂടി ഓടിപ്പോകുന്ന കർഷകൻ, പറ്റിയുമൊത്ത് നടക്കാൻ ഇറങ്ങുന്ന മനുഷ്യൻ, വയലിൻ വായിക്കുന്ന പെൺകുട്ടി, സൈക്കിളിൽ പോകുന്ന പയ്യൻ, കാമുകീ കാമുകന്മാർ, നർത്തകി, പുസ്തകം വായിക്കുന്ന യുവാവ്, കയർചാട്ടം നടത്തുന്ന പെൺകുട്ടി, മരത്തണലിൽ കിടക്കുന്ന ദിവാസ്വപ്നക്കാരൻ, ചൂണ്ടയിടുന്നവൻ എന്ന് വേണ്ട കമ്പ്യൂട്ടർ നോക്കുന്ന പെൺകുട്ടി പോലും ഉഷാ രാമചന്ദ്രന്റെ ശില്പ വിഷയങ്ങൾ ആകുന്നു. ഒരു പക്ഷെ ഉഷാ രാമചന്ദ്രന്റെ ശിൽപം വാങ്ങുന്നവരുടെ നിർബന്ധം മൂലമാകണം അവർ ഗണപതി, ശിവൻ, ഹനുമാൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ദൈവരൂപങ്ങളെയും തന്റേതായ ശൈലിയിൽ സൃഷ്ടിച്ചിട്ടുണ്ട്. രൂപങ്ങൾക്ക് പരമ്പരാഗത ശില്പഭംഗി കൂടി ഉള്ളതിനാൽ, അതുകൂടി ഉണ്ടാക്കിയാലേ ശില്പിയാകൂ എന്ന് ഉഷാ രാമചന്ദ്രൻ വിചാരിക്കുന്നുണ്ടാവുമോ, തില്ലാന കൂടി പാടിയാൽ കച്ചേരി ആകൂ എന്ന് പറയുന്നത് പോലെ!

-ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ