മനുഷ്യന് എന്ത് വേണം?



പത്തു ദിവസങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും സൈക്കിൾ ചവുട്ടി. ഞാൻ സൈക്കിളിനു വേണ്ടി തയാറാക്കപ്പെട്ടവനാണെന്ന തോന്നലായിരുന്നു. സൈക്കിളിന്റെ ചക്രങ്ങൾക്കു കീഴെ പാത അധികം ഘർഷണം കാട്ടാതെ പിന്നോട്ടോടിപ്പോയി; അതിന്റെ തള്ളലിൽ ഞാൻ മുന്നോട്ടും. തിരക്ക് കുറഞ്ഞ വഴികൾ. മനുഷ്യർ ഭയക്കുന്നുണ്ട് മരണത്തെ. അക്ഷോഭ്യരായി ചിരിച്ചു തന്നെ നിൽക്കുന്ന മരങ്ങൾ. കനകക്കുന്നിലെ കൊടിമരം.

സൈക്കിൾ ചവിട്ടുമ്പോൾ, വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക പരിസ്ഥിതിയെ ഞാൻ ഓർത്തു. ഒരേ ഒരു ചോദ്യം മാത്രം മനസ്സിൽ ആവർത്തിച്ചു വന്നു; മനുഷ്യന് ആത്യന്തികമായി എന്താണ് വേണ്ടത്? ഉത്തരം എനിയ്ക്ക് കാറ്റ് പറഞ്ഞു തന്നു; ഞാനിരിക്കുന്ന വിനീതമായ വാഹനം പറഞ്ഞു തന്നു, നിശബ്ദമായ വഴികൾ പറഞ്ഞു തന്നു. എന്ത് വേണമെന്ന് തോന്നുമ്പോഴും രണ്ടു ചോദ്യങ്ങൾ ചോദിക്കുക; എന്തിനാണിത്, ഇതില്ലാതെ കഴിയാൻ പാടില്ലേ? രണ്ട്, ഇത് കിട്ടിയാൽ അതുകൊണ്ടെന്താണ് ചെയ്യാൻ പോകുന്നത്?

ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരമുണ്ടെങ്കിൽ ആ ആഗ്രഹങ്ങൾക്കേ അർത്ഥമുള്ളൂ. പണത്തിനായുള്ള നെട്ടോട്ടം; അധികാരത്തിനായും. ദുഷിപ്പിക്കുന്നതാണ് അധികാരം, സമ്പൂർണ്ണമായ അധികാരം സമ്പൂർണ്ണമായും ദുഷിപ്പിക്കും. പണവും അങ്ങനെയാണ്. പത്ത് കിട്ടിയാൽ, നൂറ്, നൂറാകിൽ ആയിരം, ആയിരം കയ്യിൽ വന്നാൽ അയുതമാകണമെന്ന്. എന്നും കേൾക്കുന്നൊരു സദുപദേശം പോലും മറന്നു പോകുന്നു മനുഷ്യർ.

മനുഷ്യന് എത്ര ഭൂമി വേണം, ടോൾസ്റ്റോയ് ഒരു കഥയിലൂടെ ചോദിച്ചു. അസ്തമയം വരെ ഓടിയെടുക്കുന്ന ഭൂമി അവന്റേതെന്നോർത്ത് അവനോടി മരിച്ചു വീഴുമ്പോൾ അവനെ കാത്തിരിക്കുന്നത് ആറടി മണ്ണ്. അത്രമാത്രം മതി. പണം കൊണ്ടാണ് ലോകവ്യാപാരമെന്നതിനാൽ, പണം തന്നെ വേണം മനുഷ്യന്. എത്ര പണം വേണം എന്നതാണ് ചോദ്യം. അവിടെയാണ് ധാർമ്മികത എന്നത് മുന്നിൽ വരേണ്ടത്. അധർമ്മത്തെ ചിത്രങ്ങളിലൂടെ പോഷിപ്പിക്കുന്നു മാധ്യമങ്ങൾ.

ഒരു കലാകാരന്റെ സ്റ്റുഡിയോയിലേക്ക് ഞാൻ സൈക്കിൾ ചവുട്ടി. ഒരു ചായ കുടിക്കുന്ന സമയം അദ്ദേഹവുമായി. പിന്നെ ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെ വെറുതെ സൈക്കിൾ ചവുട്ടി. ഒരു ടി പോയിന്റിൽ ഇടതും വലതും തിരിയുന്ന മുക്കിൽ ഞാൻ നിന്നു. എനിക്ക് ദിശയറിയാം. എന്നാൽ എതിർ ദിശയിൽ പോയാലോ? ഒരാളോട് ചോദിച്ചു; ആ വഴി ചെന്നെത്തുന്നത് ഒരു സ്വിമ്മിങ് പൂളിലാണ്, ഡെഡ് എൻഡ്. കണ്ണുകൾ കൊണ്ട് പുഞ്ചിരിച്ചു നമ്മൾ യാത്ര പറഞ്ഞു.

വലത്തേക്ക് തിരിയുന്നിടത്ത് രണ്ടു വാട്ടർ അതോറിറ്റി ജീവനക്കാർ ടാങ്കറിൽ നിന്നിറങ്ങി വഴിവക്കിലെ സിമന്റു തിട്ടയിൽ പ്രഭാതഭക്ഷണം പൊതി തുറന്നെടുത്തു. അവർ പുഞ്ചിരിച്ചു. ആ വഴി ആ വളവു തിരിഞ്ഞു തീരും കാണാനൊന്നുമില്ല, അവർ പറഞ്ഞു. ഞാൻ നന്ദി പറഞ്ഞു. വെറുതെ സ്ഥലം കാണാൻ ഇറങ്ങിയതാണെന്നു പറഞ്ഞു. മൂന്നു മനുഷ്യരുടെ പുഞ്ചിരി ഒപ്പം വീട്ടിലേയ്ക്ക് വന്നു. ഇതെഴുതുമ്പോഴും അതെന്നെ കുളുർപ്പിക്കുന്നു. മനുഷ്യന് എന്ത് വേണം? ചിലപ്പോൾ ഒരു പുഞ്ചിരി മാത്രം മതി.

- ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ