കാണാതെ പോകുമ്പോൾ




എവിടെയാണെന്റെ പേന,
നോട്ടുപുസ്തകം, മേശ, കസേര,
കണ്ണട,എവിടെ ഞാനെവിടെ
പോയൊളിച്ചു ഞാൻ?

തെളിച്ചൂ വെളിച്ചം
തിരികെ വന്നിതെല്ലാം
ഇരിക്കുന്നിടത്തിരിപ്പുണ്ട്
ഇല്ല ഞാൻ മാത്രം.

അടുത്തുണ്ട് കണ്ണാടി
നോക്കാനുടൽ മുഴുക്കനെ
കാണാനുടുത്തോരഴക്
കണ്ടു സ്വയം ഭ്രമിക്കാൻ.

ഇന്നതിലുമില്ല ഞാൻ
ഇറങ്ങി നോക്കിയിനി
മുറ്റത്തെങ്ങാനുമിരിപ്പുണ്ടോ
പടിയിൽ സംസാരിച്ചു നിൽപ്പുണ്ടോ?

അവിടെയുമില്ല പിന്നെ-
വിടെപ്പോയതാകാമുറക്കെ
വിളിച്ചു ചോദിച്ചെവിടെ ഞാൻ
ചൂടുകാറ്റ് വിറച്ചു ചുറ്റിലും.

തിരികെ വന്നു കസേരയിൽ
നോക്കെയവിടെയിരിക്കുന്നു
ഞാനെഴുത്തോടെഴുത്താ-
ണക്ഷരപ്പെരുമയിലുടൽ -

തെളിഞ്ഞു കാണുന്നുണ്ട്
സന്തോഷമായെനിയ്ക്കെന്നെ
കളഞ്ഞു പോയില്ലല്ലോ, ഭയന്ന് പോയി-
യെങ്കിലും, ഭാഗ്യം തിരികെ വന്നല്ലോ.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ