ചായ വിറ്റ് ലോകയാത്ര ചെയ്ത വിജയന്റെയും മോഹനയുടെയും പുസ്തകം




പതിനെട്ടു വയസ്സ് കഴിഞ്ഞ മലയാളികളെല്ലാം വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെ കുറിച്ചുള്ള ചെറിയൊരു കുറിപ്പാണിത്. യാത്രകളെ കുറിച്ചുള്ള ഒരു പുസ്തകമാണിത്. എന്നാൽ അതാണോ എന്ന് ചോദിച്ചാൽ യാത്രികരെ കുറിച്ചുള്ള പുസ്തകമാണെന്നു ഞാൻ മാറ്റിപ്പറയും. യാത്രയും യാത്രികനും ഒന്നാകുന്ന, നൃത്തവും നർത്തകനും ഒന്നാകുന്ന യൗഗികാനുഭവം പോലെ ഒരു പുസ്തകം. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്നത്. എന്നാൽ ഒരു ജീവിതമത്രയും ഓർത്തു കൊതിക്കാവുന്നതും. കണ്ണാടിയലമാരയ്ക്കുള്ളിലെ മധുരപലഹാരം പോലെ കൊതിപ്പിക്കുന്നത്. പക്ഷെ രുചിക്കണമെങ്കിൽ നിങ്ങളും യാത്രയ്ക്കിറങ്ങണം. യാത്രയ്ക്കിറങ്ങിയ രണ്ടു സാധാരണക്കാരായ അസാധാരണമനുഷ്യർ അവരെക്കുറിച്ചു തന്നെ പറയുന്ന ചെറിയൊരു പുസ്തകമാണിത്. വലുപ്പം എന്നത് ഒരു ആശയം മാത്രമാണ്. ചെറുത് വലുതാകുന്നത് കാണണമെങ്കിൽ പുസ്തകം വായിക്കണം. പുസ്തകത്തിന്റെ പേര് 'ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ' എന്നാണ്. പ്രസാധനം ചെയ്തിരിക്കുന്നത് വീസീ ബുക്ക്സ്. വില.199/-



വിലകണ്ടു ഞെട്ടേണ്ട. അമൂല്യമായ ജീവിതമാണ് വിജയന്റെയും മോഹനയുടെയും. എറണാകുളത്തെ ഗാന്ധിനഗറിൽ ബാലാജി കോഫീ ഹോം എന്ന ചായക്കട നടത്തുന്നു. ഇതുവരെ ലോകത്തെ മുപ്പതോളം രാജ്യങ്ങൾ സഞ്ചരിച്ചു. വിജയന് വിദ്യാഭ്യാസം പത്താം ക്ലാസ്സ് വരെ മാത്രം. മോഹനയ്ക്ക് എട്ടാം ക്ലാസ്സും. പക്ഷെ വളരെയധികം അക്കാദമികയോഗ്യതകൾ ഉള്ളവരേക്കാൾ വലിയ ലോകാനുഭവം. യാത്ര ചെയ്യാൻ വിദ്യാഭ്യാസമോ പണമോ വേണ്ട, മനസ്സ് മതിയെന്ന് പറയുന്ന ജീവിതങ്ങൾ. വായനക്കാരിൽ പലരും ഇവരെ പരിചയിച്ചിട്ടുണ്ടാകാം. ഒന്നുകിൽ ഒരു പത്രവാർത്തയായി, അല്ലെങ്കിൽ ഒരു ടെലിവിഷൻ ഫീച്ചറായി. പുസ്തകം വായിച്ചാ ആഹ്ളാദത്തിൽ ഞാനൊരു കൂട്ടുകാരിയുമായി വിവരം പങ്കുവച്ചപ്പോൾ അവൾ പറഞ്ഞത്, 'ഹൌ ആർ യു' എന്ന മഞ്ജുവാര്യർ സിനിമയിൽ ദമ്പതികളെ കുറിച്ച് പരാമർശമുണ്ടെന്ന്. കേരളത്തിൽ മാത്രമല്ല അസാധാരണ ദമ്പതികളുടെ കഥ പ്രശസ്തമായത്. ഹരിതാ ജോൺ എന്ന പത്രപ്രവർത്തക യാദൃശ്ചികമായി കടയിൽ ചായകുടിക്കാൻ കയറുകയും കൗതുകം പൂണ്ട് ദമ്പതികളുടെ ജീവിതവിശേഷം ന്യൂസ്മിനുട്ട് എന്ന പോർട്ടലിൽ എഴുതുകയും ചെയ്തു. അമിതാഭ് ബച്ചനും അനുപം ഖേറും തുടങ്ങി ഒട്ടനവധി പ്രശസ്തർ ഇവരെ അനുമോദിച്ചും സഹായം നൽകിയും ഇക്കഥ ട്വീറ്റ് ചെയ്തു.



വയസ്സ് എഴുപതിനോടടുക്കുന്നു കെ ആർ വിജയനും മോഹനയ്ക്കും. ഇനിയും കണ്ടു തീർക്കാൻ നാടുകൾ ബാക്കി. ഗൗഡ സരസ്വത ബ്രാഹ്മണരാണ് വീട്ടിൽ കൊങ്കിണി സംസാരിക്കുന്ന , ഗോവയിൽ വേരുകളുള്ള മലയാളികൾ. വിജയനാഥ പ്രഭു എന്നാണ് കെ ആർ വിജയൻറെ പേര്. ഇടതുപക്ഷ ആശയങ്ങൾ വായനയിലൂടെ നേടിയ അദ്ദേഹം പേര് കെ ആർ വിജയൻ എന്നാക്കുകയായിരുന്നു. മതമോ ജാതിയോ കൊണ്ടല്ല മനുഷ്യൻ മനുഷ്യനാകുന്നതെന്നു വിശ്വസിക്കുന്ന അപൂർവം മലയാളികളിൽ ഒരാൾ. ലോകയാത്ര തുടങ്ങിയത് അമ്പത്തിയാറാമത്തെ വയസ്സിൽ. ശരാശരി മലയാളി ചാരുകസേരയെയും അമ്പലക്കമ്മറ്റിയേയും പുൽകുന്ന പ്രായം. ചായക്കട തൊഴിലായെടുത്തവരാണ് ഇരുവരുടെയും കുടുംബം. അച്ഛൻ എറണാകുളത്ത് കൊണ്ട് പോകുമായിരുന്നു. കുട്ടിക്കാലത്ത് തന്നെ പുറപ്പെട്ടു പോയി. പിന്നെ അതൊരു ശീലമായി. കല്യാണം കഴിഞ്ഞു രണ്ടാഴ്ചയ്ക്കുള്ളിൽ ഭാര്യയുടെ കെട്ടുതാലി വിറ്റു രണ്ടാഴ്ച മുങ്ങി. മോഹന ഒത്തിരി സഹിച്ചു. ഒടുവിൽ തിരുപ്പതി യാത്രയിൽ മോഹനയെയും കൂട്ടി. അങ്ങനെ ഒരുമിച്ചുള്ള യാത്ര തുടങ്ങി.



യാത്രകളുടെ കഥ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകമാണിത്. ഒരിടത്ത് വിജയൻ നിരീക്ഷിക്കുന്നത് ശ്രദ്ധേയം: കിഴക്കിന്റെ വെനീസ് എന്നൊന്നും ഇനി ആലപ്പുഴയെ വിളിക്കരുത്. വെനീസ് കണ്ടാൽ എത്ര മനോഹരമായും വൃത്തിയായും ആണ് അവർ നഗരം സൂക്ഷിച്ചിരിക്കുന്നത് എന്ന് കാണാം.' വിമർശനം കൃത്യം. പക്ഷെ നമ്മൾ ഇങ്ങനെ ആയത് ഒരു പക്ഷെ കൊളോണിയൽ അടിച്ചമർത്തലുകൾ കൊണ്ടായിരിക്കാം എന്നും വിജയൻ നിരീക്ഷിക്കുന്നുണ്ട്. മോഹനയാണ് വിജയൻറെ മാനേജർ. പണം ഇട്ടുകൂട്ടി യാത്രയ്ക്കുള്ള പണം കണ്ടെത്തും. ബാക്കി പണം ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നു ചിട്ടിപിടിച്ചും ലോണെടുത്തും ചെലവാക്കും. അങ്ങനെ ലോകം മുഴുവൻ കാണാനിറങ്ങി. ആർത്തിയില്ലാത്ത ജീവിതമുണ്ടെങ്കിൽ എന്തും സാധ്യമെന്ന് ദമ്പതികൾ അടിവരയിട്ടു പറയുന്നു. പണക്കാർക്ക് മാത്രമാണ് ലോകസഞ്ചാരം പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നെങ്കിൽ അത് തെറ്റെന്ന് വിജയ-മോഹനമാർ. നിങ്ങൾ പ്രിയോറിറ്റി നിശ്ചയിക്കണം. ഷോപ്പിങ്ങിനാണോ സ്ഥലം കാണാനാണോ പോകുന്നത് എന്ന് ഉറപ്പിക്കണം. വിജയ-മോഹനമാരുടെ കഥയറിഞ്ഞു സഹായങ്ങൾ എത്തിച്ചവരിൽ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും അനേകം; മമ്മൂട്ടിയും മോഹൻലാലും മുതൽ ബാങ്കുദ്യോഗസ്ഥരും സാധാരണ തൊഴിലാളികളും വരെ.



വിദേശങ്ങളിൽ മാത്രമല്ല ഇന്ത്യയിലും ധാരാളം സഞ്ചരിച്ചിട്ടുണ്ട് ദമ്പതിമാർ. ഒരു ജന്മം കൊണ്ട് കണ്ടാൽ തീരുന്നതല്ല ഇന്ത്യ എന്ന് വിജയൻ പറയുന്നു. ഫോട്ടോയിലൂടെ കാണുന്ന സ്മാരകങ്ങളും സ്ഥലങ്ങളുമല്ല നേരിട്ട് കാണുന്നത്. ഒന്ന് കാഴ്ചയും മറ്റേത് അനുഭവവുമാണ്. വിജയമോഹനമാർക്ക് അനുഭവങ്ങളോടാണ് പ്രിയം. അതിനാൽ പല ഫോട്ടോകളും കളഞ്ഞു പോയി. പത്രങ്ങളിൽ പടങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ് അതൊക്കെ സൂക്ഷിച്ചു വയ്ക്കണമെന്ന തോന്നലുണ്ടായത്. സരസ്വത ബ്രാഹ്മണരായതിനാൽ ഇന്ത്യക്കുള്ളിലെ യാത്രകളിൽ സമുദായത്തിന്റെ മഠങ്ങൾ സഹായകമായി എന്ന് പറയുന്നു. എന്നാൽ അത് കേവലമായൊരു സഹായം മാത്രമാണ്; വിദേശത്തെത്തുമ്പോൾ മതമോ ജാതിയോ വസ്ത്രമോ ഒന്നും പ്രിവിലേജ് തരുന്നില്ല. അമേരിക്കയിൽ മുണ്ടും അടുത്താണ് സഞ്ചരിച്ചത്. ലാറ്റിൻ അമേരിക്കൻ അനുഭവങ്ങളിൽ ബ്രസീലും പെറുവുമൊക്കെ നിറഞ്ഞു നിൽക്കുന്നു. അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ഒരിക്കലും ഒരു പൈസ പോലും കടം വരുത്തരുതെന്ന ഉറപ്പിലാണ് ജീവിതം. അത്രയും കടം താങ്ങാനുള്ള ശേഷി രണ്ടു പെണ്മക്കളാക്കും മരുമക്കൾക്കും ഉണ്ട്. പക്ഷെ അമേരിക്കയിൽ പോയി ചൂതുകളിച്ചു അമ്പത് ഡോളർ പോയതോടെ ഇനി ഒരിക്കലും അതിനില്ല എന്നും വിജയൻ തീരുമാനിച്ചു.



മനോഹരമായ പുസ്തകങ്ങൾ വളരെക്കുറച്ചേ ഉണ്ടാകാറുള്ളൂ. പലതും കൊട്ടിഘോഷിക്കൽ മാത്രമാണ്. ഇതൊരു ആഘോഷവുമില്ലാതെ ഇറങ്ങിയ പുസ്തകമാണ്. അതുകൊണ്ടു തന്നെ അതിമധുരമാണ് വായനാനുഭവം നൽകുന്നത്. ആർത്തിയില്ലാത്ത ജീവിതം എത്ര എളുപ്പം എന്ന് പറയുമ്പോൾ ആർത്തിയുണ്ടായാലുള്ള പ്രശ്നത്തെ സൂചിപ്പിക്കാൻ വിജയൻ ഒരു കഥകൂടി പറയുന്നു. വിവേകാനന്ദൻ പറഞ്ഞതാണ്: ഒരു സംന്യാസിയുടെ കൗപീനം എലി കരണ്ടു. എലിയെ ഓടിക്കാൻ പൂച്ചയെ വാങ്ങി. പൂച്ചയ്ക്ക് പാലുകുടിക്കാൻ ഒരു പശുവിനെയും. പശുവിനെയൊക്കെ നോക്കിനടത്താൻ സമയമില്ലാതായപ്പോൾ അതിനായി ഒരു കല്യാണവും കഴിച്ചു. ഒടുവിൽ ഗൃഹസ്ഥശ്രമി ആയി. ഇത്രയേ ഉള്ളൂ ജീവിതം. പുസ്തകം സ്നേഹത്തോടെയല്ലാതെ വായിക്കാൻ കഴിയില്ല. സ്നേഹം മാത്രമേ നമുക്ക് പുസ്തകം വായിച്ചു തീരുമ്പോൾ ബാക്കി ഉണ്ടാവുകയുള്ളൂ. പ്രസാധകനായ വി സി തോമസ് സ്നേഹപൂർവ്വം അയച്ചു തന്ന പുസ്തകം മനോഹരമായ ഒരു സ്നേഹാനുഭൂതിയിലേക്കുള്ള വാതിലാണ് തുറന്നു തന്നത്. വെറുതെ യാത്രികരായവരല്ല വിജയനും മോഹനയും. അവരുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കൂടി പ്രതിഫലനമാണ് യാത്രകൾ. ഇരുപത്തിയെട്ടാമത്തെ വയസ്സിനുള്ളിൽ  126 രാജ്യങ്ങൾ സന്ദർശിച്ച വ്ളോഗർ കൂടിയായ ഡ്രൂ ബിൻസ്കി വിജയമോഹന ദമ്പതികളെക്കുറിച്ചെഴുതിയത് ശ്രദ്ധേയമാണ്: "ആർക്കും ജീവിക്കാവുന്ന ഏറ്റവും ആനന്ദപൂർണ്ണമായ ജീവിതം ജീവിക്കുന്ന പരിപൂർണ്ണ ദമ്പതികളാണ് വിജയനും മോഹനയും." പുസ്തകം വാങ്ങി വായിക്കുക. നിങ്ങളെയും അത് യാത്രയുടെ അജ്ഞാതസുഖങ്ങളിലേയ്ക്ക് ആനയിക്കും.

- ജോണി എം എൽ


Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ