ഭരണഘടനയുടെ സമൃദ്ധ വൃക്ഷം: കെ എസ് രാധാകൃഷ്ണന്റെ ഏറ്റവും പുതിയ ശിൽപം



(കെ എസ് രാധാകൃഷ്ണൻ.)

സുപ്രീം കോടതിയെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ചിത്രം ഒരു ഹേമന്തകാലത്തിന്റേതാണ്. ഹേമന്തം കൊണ്ടുവരേണ്ടത് സുഖദവും സുന്ദരവുമായ ഒരു മനോചിത്രമാണെങ്കിൽ ഇത്തവണ അത് നേർവിപരീതമായിരുന്നു. സുപ്രീം കോടതി വളപ്പിലല്ലെങ്കിലും ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള പട്യാല ഹൌസ് കോടതിയിലാണ് സംഭവം. പോലീസുകാരുടെ കൈകൾക്കിടയിൽ ഞെരുങ്ങിപ്പോയ ഒരു യുവാവ്. അയാളെ ആക്രമിക്കുന്ന വക്കീലന്മാരും കോളേജ് അധ്യാപകരും. അക്രമികളിൽ നിന്ന് അയാളെ രക്ഷിക്കാനാണോ അതോ കൂട്ടക്കുഴപ്പത്തിനിടയിൽ അയാളുടെ ജീവനെടുക്കാനാണോ പോലീസുകാർ ശ്രമിക്കുന്നതെന്ന് തോന്നിപ്പിക്കും വിധമുള്ള കത്രികപ്പൂട്ടുകൾ യുവാവിന്റെ കഴുത്തിലും ദേഹത്തും. ദേശദ്രോഹിയെ കൊല്ലൂ എന്നുള്ള ആക്രോശങ്ങൾ. യുവാവ് കനയ്യ കുമാർ എന്ന സർവകലാശാല വിദ്യാർത്ഥി. രാണ്ടായിരത്തി പതിനാറിൽ ജെ എൻ യുവിന്റെ ഉള്ളിൽ വെച്ച് ദേശദ്രോഹപരമായ മുദ്രാവാക്യം മുഴക്കി എന്നതായിരുന്നു കനയ്യക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്താനുള്ള കാരണം. തുടർന്നുള്ള വർഷങ്ങളിൽ ഡോകട്ർ അംബേദ്കർ നേതൃത്വം നൽകിയ സമിതി നിർമ്മിച്ചെടുത്ത ഇന്ത്യൻ ഭരണഘടനയെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് സ്വതന്ത്ര്യകാംക്ഷികളായ വിദ്യാർത്ഥികളും ജനങ്ങളും തെരുവിൽ ഇറങ്ങി. ഇന്ത്യയിൽ വായിക്കാൻ കൊള്ളാവുന്ന ഒരേ ഒരു പുസ്തകം കാലത്ത് ഇന്ത്യൻ ഭരണഘടനയാണെന്ന് സണ്ണി എം കപിക്കാട് എന്ന സൈദ്ധാന്തികൻ പ്രസ്താവിച്ചു. സുപ്രീം കോടതിയുടെ നൈതിക മൂല്യം തുടരെത്തുടരെ തകർന്നു വീഴുന്ന കാഴ്ചയാണ് കഴിഞ്ഞ ആറു വര്ഷങ്ങളായി ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നത്.


(ഭരണഘടനയുടെ സമൃദ്ധ വൃക്ഷം)

ഒരു പശ്ചാത്തലത്തിൽ ഹേമന്തത്തിൽ ആദ്യം സുപ്രീം കോടതിയുടെ വളപ്പിൽ ഒരു ശിൽപം ഉയർന്നത് അധികമാരും അറിയാതെ പോയി. ശില്പത്തിന്റെ പേര് 'ഭരണഘടന: സമൃദ്ധവൃക്ഷം' (കോൺസ്റ്റിട്യൂഷൻ; ഫ്ലെറിഷിങ് ട്രീ). ശില്പി മലയാളി കൂടിയായ കെ എസ് രാധാകൃഷ്ണൻ. ശാന്തിനികേതനത്തിലെ കലാഭവനയുടെ വളപ്പിൽ സ്ഥാപിച്ച 'ടെറാ ഫ്ലൈ', കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിനു നടുവിൽ സ്ഥാപിച്ചിരിക്കുന്ന 'കാലപ്രവാഹം', കോട്ടയം പബ്ലിക് ലൈബ്രറി പാർക്കിൽ സ്ഥാപിച്ച ശിൽപം എന്നിവയ്ക്ക് ശേഷം കെ എസ് ആർ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൊതുഇട ശില്പമാണ് 'ഭരണഘടന: ഒരു സമൃദ്ധ വൃക്ഷം' എന്നത്. ഒരുതരത്തിൽ വിചിത്രം എന്ന് തോന്നാം, ഇങ്ങനെയൊരു ശിൽപം സുപ്രീംകോടതി വളപ്പിൽ ഉയരുന്നത്. സാധാരണ ഒരു നൃത്തവിദ്യാലയത്തിനു മുന്നിൽ നടരാജ ശില്പവും, ഒരു കോടതിയ്ക്ക് മുന്നിൽ നിയമത്തെ സൂചിപ്പിക്കുന്ന അന്ധദേവതയുടെ തുലാസിന്റെ ശില്പവും ഒക്കെ കാണുന്നത് സ്വാഭാവികം. പക്ഷെ ഒരു രാജ്യത്തിന്റെ മതനിരപേക്ഷ-പൗരസ്വാതന്ത്ര്യത്തിന്റെ കാതൽ ചോദ്യം ചെയ്യപ്പെടുന്ന വേളയിൽ, മൂല്യങ്ങളെ വിളിച്ചോതുന്ന ഒരു ശിൽപം സുപ്രീം കോടതി പരിസരത്തു ഉയരുക എന്നത് തികച്ചും ആലോചനാമൃതം തന്നെ. ഒരു വലതുപക്ഷ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ, കലയുടെ വിധ്വംസകശക്തി പരോക്ഷമായി അതിന്റെ മുഖത്തിനു മുന്നിൽ ഉയരുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്.


(ഭരണഘടനയുടെ സമൃദ്ധ വൃക്ഷം)

പല തലങ്ങളിലാണ് ശില്പത്തെ മനസ്സിലാക്കേണ്ടത്. ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് തന്നെ 'ഞങ്ങൾ ജനങ്ങൾ' എന്ന് പറഞ്ഞു കൊണ്ടാണ്. ഞങ്ങൾ, നീയും ഞാനും ഉൾപ്പെട്ട, സർവ്വമായ അപരങ്ങളെയും സഹഭാവനയോടെ ഒരുമിച്ചു നിർത്തുന്ന 'ഞങ്ങൾ' ആണ് ഭരണഘടനയെ അംഗീകരിച്ചാദരിക്കുന്നത് എന്ന് പറയുന്നു. ഒരു സർക്കാരോ കോടതിയോ തെരഞ്ഞെടുക്കുന്ന ഭരണഘടനയല്ല, മറിച്ച് ജനങ്ങൾ തന്നെ തെരഞ്ഞെടുക്കുന്ന ഒരു ഭരണഘടനയുടെ ബലത്തിലാകണം ഇന്ത്യ എന്ന റിപ്പബ്ലിക് സമൃദ്ധിയിലേയ്ക്ക് നീങ്ങേണ്ടത് എന്ന് പറയുന്നു. കെ എസ് ആറിന്റെ ശില്പങ്ങൾ ഒരു ജനസമുച്ചയത്തിന്റെ പ്രതീകമാണ്. എങ്കിലും, ഭരണഘടനയിലുള്ള അവിശ്വാസം അതിന്റെ മുഖ്യശില്പിയായ ഡോക്ടർ അംബേദ്കർ തന്നെ മനസ്സിലാക്കുകയും അഗാധമായ നിരാശയോടെ അതിനെ തള്ളിപ്പറയാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുകപോലും ചെയ്തു. എന്നാൽ അംബേദ്കർ ഭരണഘടനയെ തള്ളിപ്പറയുകയോ, ചുട്ടെരിക്കുകയോ ചെയ്തില്ല; അദ്ദേഹം ചുട്ടത് മനുസ്മൃതിയെ ആയിരുന്നു എന്ന് നമുക്കറിയാം (രാജസ്ഥാനിലെ ഒരു കോടതിയുടെ മുന്നിൽ വെച്ചിരിക്കുന്ന ശിൽപം ഇന്ത്യയിൽ ആദ്യത്തെ 'നിയമദാതാവായ' മനുവിന്റെ ശില്പമാണെന്നും നമുക്കറിയാം). അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്, ഇന്ത്യയിലെ ഓരോ കോടതിയും നിൽക്കുന്നത് അംബേഡ്കറുടെ ഭരണഘടനയുടെ വിശാലമായ ഭൂമികയും മനുസ്മൃതിയുടെ മർദ്ദക സ്വഭാവവും തമ്മിൽ കൂടിക്കാഴ്ച നടത്തുന്ന ഒരിടത്താണ്. ഇത് തിരിച്ചറിഞ്ഞതായിരുന്നു അംബേദ്കറിന്റെ വിഷാദത്തിനു കാരണം.


(ഭരണഘടനയുടെ സമൃദ്ധ വൃക്ഷം) 

വിഷാദത്തെ വൈയക്തികമോ സാമൂഹികമോ ആയ വൈകാരികതയുടെ പ്രേരണയിലും തള്ളിച്ചയിലും ഉച്ചാടനം ചെയ്യാൻ കഴിയുകയില്ലെന്നും പകരം ജനങ്ങൾ ഭരണഘടനയുടെ നൈതികത അഥവാ കോൺസ്റ്റിട്യൂഷണൽ മൊറാലിറ്റിയെ ഉയർത്തിപ്പിടിക്കണമെന്നും അതിനായി ജനങ്ങളുടെ കൂട്ടങ്ങൾ പല തലങ്ങളിൽ ഒരുമിച്ചു ചേരേണ്ടതുണ്ടെന്നും ഉള്ള പരോക്ഷമായ സൂചനയാണ് ശിൽപം നൽകുന്നത്. ഒരു തായ്ത്തടിയും അതിനു മുകളിൽ പത്രപടലത്തിന്റെ ഒരു മേലാപ്പുമാണ് സമൃദ്ധി വൃക്ഷത്തെ വെങ്കലത്തിൽ സൃഷ്ടിക്കുന്നതിനായി കെ എസ് ആർ കണ്ടെത്തിയ പ്രതീകം. മനുഷ്യന്റെ ആദിമമായ വാസസ്ഥാനമാണ് മരം അഥവാ വൃക്ഷം. വൃക്ഷ ശിഖരങ്ങളിൽ പിടിക്കുവാനായി പരിണമിച്ചതാണ് വിരലുകൾ. അങ്ങനെ മനുഷ്യന്റെ പരിണാമപ്രക്രിയയിൽ ഒപ്പം നിന്ന മരങ്ങളെക്കുറിച്ചുള്ള ജനിതകസ്മരണകൾ പലരൂപങ്ങളിൽ ആഖ്യാനങ്ങളിൽ മനുഷ്യർ ഓർത്തെടുക്കുകയും അവയ്ക്ക് അക്ഷരമായ പ്രതീകാത്മകത നൽകുകയും ചെയ്യുന്നു. മരങ്ങൾ കൂടാതെ മനുഷ്യന് കഥകളിലെ എന്നതാലോചിച്ചാൽ അവ മനുഷ്യനെ എത്രമാത്രം ചുറ്റിപ്പറ്റി വളരുന്നു എന്ന് മനസ്സിലാകും. മരങ്ങൾ കൂടാതെ ബുദ്ധനോ ക്രിസ്തുവോ ന്യൂട്ടണോ ഉണ്ടാകില്ല. അവസാനം അവശേഷിക്കുന്നത് ഒരു ഇലയാണെന്നും, ഒരു ഇല കൊത്തിക്കൊണ്ട് തിരികെ വന്ന കിളികളാണ് കര അടുത്തുണ്ടെന്നും പറഞ്ഞത്. ഒരു മരത്തിൽ വന്നു കൂടി പിറ്റേന്ന് പറന്നു പോകുന്ന കിളികളായി മനുഷ്യനെ കണ്ടത് എഴുത്തച്ഛൻ മാത്രമല്ല ഭക്തകവികൾ എല്ലാവരുമാണ്. ഇന്ത്യൻ തത്വചിന്തയിൽ ആത്യന്തികമായ വൃക്ഷം എന്നത് വേര്മുകളിലും ഇല കീഴെയുമായ ഔപനിഷദികമായ വൃക്ഷമാണ്. അതിനും മുൻപുണ്ടായിരുന്ന മരങ്ങളെല്ലാം മനുഷ്യർക്കൊപ്പം കഥയായും പാട്ടായും നടന്നവരായിരുന്നു.


(ഭരണഘടനയുടെ സമൃദ്ധ വൃക്ഷം) 

തായ്ത്തടിയിലാകെ ചെറു മനുഷ്യരൂപങ്ങളുടെ അല്പം പൊന്തിനിൽക്കുന്ന രൂപം കാണാം. വൃക്ഷകാണ്ഡത്തിന്റെ അനുഭവദാർഢ്യം പോലാണത്. സ്പർശിച്ചു നോക്കണം അറിയാൻ അവയുടെ ക്ഷിപ്രസാന്നിധ്യം. വളർന്നു പോകുന്ന കാണ്ഡത്തിന്റെ തലപ്പിൽ പൊട്ടിവിടർന്നു പോകുന്ന ശാഖകളിൽ പറന്നേറിയും പറന്നകന്നും പരസ്പരം കൈകോർത്തും പരസ്പരം ഇഴപൊട്ടിയും ഒരു ജനിതകപാരമ്പരയുടെ അദൃശ്യയാത്രയിലെ തുറമുഖങ്ങളിൽ കൗതുകത്തിരക്കുകൾ പോലെ കുഞ്ഞു മനുഷ്യർ. 'കാലമതിന്റെ കനത്ത കരത്തിനാൽ, ലീലയാലൊന്നു പിടിച്ചു കുലുക്കിയാൽ' വീണുപോകുന്ന പാദപ പൂക്കൾ പോലുള്ള മനുഷ്യർ. പക്ഷെ അവർ കാലത്തിനു മുന്നിൽ മാത്രമേ കുലുങ്ങൂ. അനീതിയ്ക്ക് മുന്നിൽ കുലുങ്ങില്ല എന്ന് പറയുന്നത് പോലെ പരസ്പരം കോർത്ത് ദൃഢപ്പെടുന്നു. അതൊരു ചെർണിങ് എന്ന് ഇംഗ്ലീഷിൽ പറയാവുന്ന കുഴമറിച്ചിലാണ്. അതിനൊടുവിലാണ് എല്ലാറ്റിന്റെയും പരിഹാരങ്ങൾ പൊന്തിവരുന്നത്. നാം കടന്നുപോകുന്ന കൂട്ടക്കുഴപ്പത്തിന്റെ അത്യാഹിതകാലത്തെ പ്രതീകാത്മകതയിൽ ഒതുക്കിയതാണോ ശില്പി? അതിനുത്തരം അദ്ദേഹം പറയേണ്ടതില്ല. നാം അറിഞ്ഞാൽ മാത്രം മതി. എങ്കിലും സഹസ്രപത്രശാഖിയുടെ ശിരസ്സ് ഏതെങ്കിലും ഒക്കെ കോണിൽ നിന്ന് നോക്കുമ്പോൾ പൊട്ടിപ്പിളർന്നുവോ എന്ന് തോന്നാം. എവിടെയാണ് നമ്മുടെ ഒരുമ പൊട്ടിത്തകർന്നു പോയത്? മനുഷ്യപുരോഗതിയുടെ ആണിക്കല്ല് എന്ന് പറയാവുന്ന അൾട്രൂയിസ്റ്റിക്ക് അഥവാ പരോപകാരപ്രവണതയുടെ കണ്ണി മുറിഞ്ഞ് എവിടെയെങ്കിലും അത് സ്വാർത്ഥതയുടെ ഗർത്തം തെളിയിക്കുന്നുണ്ടോ? ഉണ്ട്. അതാണ് മനുഷ്യചരിത്രം. നിരന്തര സംഘട്ടനങ്ങളുടെ ഊർജ്ജപ്രവാഹമാണത്.


(ഭരണഘടനയുടെ സമൃദ്ധ വൃക്ഷം)


ശിൽപം കാണാനെത്തുന്ന എല്ലാവരെയും ശിൽപികൾ അന്ധരായാണ് കണക്കാക്കുന്നത്. കണ്ണുകൾ കൊണ്ട് മാത്രം കാണാവുന്നതല്ല ശില്പങ്ങൾ. ശില്പങ്ങൾ കാണാൻ വിരലുകൾ കൂടി വേണം. വിരലുകളുടെ പരിണാമമാണ് മനുഷ്യന്റെ വളർച്ചയിലെ ഏറ്റവും വലിയ ഒരു കുതിച്ചു ചാട്ടമായി എഡ്വേഡ് വിൽസൺ-നെപ്പോലുള്ള പരിണാമ ജീവശാസ്ത്രകാരന്മാർ പറയുന്നത്. വിരലുകൾ കൊണ്ട് തൊട്ടറിയുന്നതാണ് ശിൽപം. ശിൽപം കണ്ടാൽ അറിയാതെ തോറ്റുപോകുന്ന ആദിമവാസന മനുഷ്യനിൽ അവസാനിച്ചിട്ടില്ല. ഇരുട്ടിൽ പാറകളിലും മരങ്ങളിലും വിരലുകൾ ഉരസി നടന്ന പുരാതനമായ ഓർമ്മകൾ ശില്പങ്ങളുടെ മുന്നിൽ എത്തുമ്പോൾ അറിയാതെ വന്നുപോകുന്നു. ശിൽപിക്കതറിയാം. അതിനാൽ ചെറു മനുഷ്യരൂപങ്ങളെ കാണ്ഡത്തിലുടനീളം തിണർപ്പുകൾ പോലെ വിതറിയിരിക്കുന്നു. ഇത്തരം തൂണുകളും അവയിൽ തിണർപ്പുകളായി പ്രത്യക്ഷപ്പെടുന്ന മനുഷ്യരൂപങ്ങളും കെ എസ് ആർ അവതരിപ്പിക്കുന്നത് തൊണ്ണൂറുകളുടെ മധ്യത്തിലാണ്. തൂണുകളുടെ മുകളിൽ അടപ്പുകൾ പോലെ ഫിറ്റ് ചെയ്യാവുന്ന ഒരു ശില്പപരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു. അവ ഇപ്പോൾ തെക്കൻ ഫ്രാൻസിലെ ഒരു ഫാമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറു മനുഷ്യരൂപങ്ങൾ വരുന്നതും അദ്ദേഹത്തിന്റെ ജീവിതപരിസരങ്ങളിൽ നിന്ന് തന്നെ. തന്റെ സ്റുഡിയോയ്ക്ക് ചുറ്റും വളർന്നു വരുന്ന ചേരികളിലെ തീപ്പെട്ടിക്കൂടുകൾ പോലുള്ള വീടുകളിലെ മനുഷ്യരെ നോക്കി നോക്കിയാണ് പിത്തളയിൽ ചെറു രൂപങ്ങളെ അദ്ദേഹം വാർത്തെടുത്തത്. അവയുടെ കൂട്ടായ്മകളുടെ വൈവിധ്യങ്ങളിൽ അദ്ദേഹത്തിന് ലോകത്തെ ഏതൊരു ബിംബകല്പനയെയും സമൂർത്തമാക്കാൻ കഴിയും എന്നുള്ളതിന് ഏറെ തെളിവുകൾ ഉണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ച പരീക്ഷണം ഇപ്പോൾ ഒരു ഗ്യാലറിയിൽ പെഡസ്റ്റലിൽ നിന്ന് ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഉമ്മറത്ത് എത്തിയിരിക്കുന്നു എന്നുള്ളത് സന്തോഷകരമായ കാര്യം തന്നെ.



(ഭരണഘടനയുടെ സമൃദ്ധ വൃക്ഷം)

ബൗദ്ധികവും വൈകാരികവുമായ ജീവിതങ്ങളിലേയ്ക്കും ജീവിതപരിസരങ്ങളിലേയ്ക്കും പറന്നു വരികയും പറന്നു പൊന്തുകയും ചെയ്യുന്ന ചെറിയ മനുഷ്യർ ചേർന്നുണ്ടാക്കുന്നതാണ് വലിയ ലോകത്തെക്കുറിച്ചുള്ള ഭാവനകളെന്ന് കെ എസ് ആർ വിശ്വസിക്കുന്നുണ്ട്. ഉയരമുള്ള കാണ്ഡങ്ങളിൽ എന്തുകൊണ്ടാണ് തന്റെ ശിൽപനായകരും നായികമാരും പൊന്തിനിൽക്കുന്നതെന്നു ചോദിച്ചാൽ അവരെല്ലാം താഴെയുള്ള കാര്യങ്ങൾ കൗതുകപൂർവ്വം നോക്കുകയാണെന്ന് അദ്ദേഹം പറയും. വിമർശനാത്മകമായ അർത്ഥത്തിൽ എടുത്താൽ, അവ മുകളിൽ നിന്ന് ദൈവത്തിന്റെ/ അധികാരത്തിന്റെ കണ്ണുകൾ കൊണ്ടെന്ന പോലെ എല്ലാത്തിനെയും നോക്കുകയാണ്. അതൊരു തരം  സർവെയിലൻസ് ആണ്. അതേസമയം അതൊരു കരുതൽ കൂടിയാണ് മറ്റൊരർത്ഥത്തിൽ. കരുതലോടെ മനുഷ്യജീവിതത്തെ നോക്കിയിരിക്കുന്ന, എല്ലാത്തിനും സാക്ഷിയായിരിക്കുന്ന മനസാക്ഷി പോലുള്ള എന്തോ ഒന്ന്. ശില്പങ്ങൾ കേവലമനുഷ്യനായും അതിമാനുഷനായും ഒക്കെ പ്രത്യക്ഷപ്പെടുന്നു. നായകസങ്കല്പങ്ങളിൽ നിന്ന് നായകരില്ലാത്ത, പ്രാന്തവൽക്കരിക്കപ്പെട്ടതും സമൂഹധാരയിലെ കേവല അംഗങ്ങൾ ആയവരുമായ മനുഷ്യരുടെ കൂട്ടങ്ങളിലൂടെ ജീവിതം മുന്നോട്ട് പോകുന്നതിനെ അദ്ദേഹം കാണുന്നു. മനുഷ്യരിലുള്ള വിശ്വാസത്തിലേക്ക് ശില്പിയുടെ വ്യക്തിഗതമായ വിശ്വാസങ്ങൾ കൂടി ഒത്തുചേരുന്നതിന്റെ ഒരു സൂചന കൂടിയാണിത്. അന്ധമായ നിയമത്തിനു മുന്നിൽ, അതായത് പക്ഷപാതമില്ലാത്ത നിയമത്തിനു മുന്നിൽ പെട്ട് പോകുന്ന മനുഷ്യർക്ക് അത്താണിയാകുന്നത് ഭരണഘടന ഉറപ്പാക്കുന്ന സുരക്ഷിതത്വമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ആഘോഷം ശില്പത്തിൽ നടക്കുന്നുണ്ട്. അത് സമൃദ്ധമായി വളരുന്നു എന്ന സുപ്രതീക്ഷ കെ എസ് ആറിനെ നയിക്കുന്നു. കലയ്ക്ക് പ്രതീക്ഷ മാത്രമേ സമൂഹത്തിന് മുന്നിൽ ആത്യന്തികമായി വെയ്ക്കാനുള്ളൂ. നമുക്കറിയാം കാര്യങ്ങൾ അത്ര സമൃദ്ധമല്ലെന്ന്. മനുഷ്യരെ അവർക്കർഹമായ ഇടങ്ങളിൽ നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന ഒരു വലതുപക്ഷ തീവ്രവാദത്തിന്റെ കാലമാണിത്. ഭരണഘടന കത്തിയ്ക്കണമെന്നു പറയുന്നവരുടെ കാലമാണിത്. അധികാരത്തിന്റെ നാലയല്പക്കങ്ങളിൽ നിന്ന് കൂടി സാധാരണമനുഷ്യനെ മാറ്റി നിർത്തുന്ന കാലമാണിത്. കാലത്തിൽ, സുപ്രീം കോടതിയുടെ മുറ്റത്ത് തന്നെ, പ്രതീകാത്മകമായെങ്കിലും ഭരണഘടന നെഞ്ചോട് ചേർത്ത മനുഷ്യരുടെ പ്രവാഹത്തെ വൃക്ഷരൂപത്തിൽ കൊണ്ട് ചെന്ന് നിർത്താൻ കഴിഞ്ഞതിൽ കെ എസ് രാധാകൃഷ്ണൻ വിജയിച്ചു എന്ന് തന്നെ പറയാം.

-          - ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ