ഒരു ഒളിച്ചോട്ടത്തിന്റെ വിജയകഥ- വിക്കി റോയ് എന്ന ഫോട്ടോഗ്രാഫർ


(വിക്കി റോയ് )

ചിലരുടെ ജീവിതാനുഭവങ്ങൾ, ജയാപജയങ്ങൾ ഒക്കെയും ഭാവനാസൃഷ്ടമായ കഥകളേക്കാൾ അതിശയിപ്പിക്കുന്നതും ത്രസിപ്പിക്കുന്ന ശ്ലഥപഥങ്ങളും ആവേഗങ്ങളും ഉൾക്കൊള്ളുന്നവയുമായിരിക്കും. അത്തരമൊരു കഥയാണ്, ജീവിതചിത്രമാണ് ഇവിടെ ഞാൻ അവതരിപ്പിക്കുന്നത്. വിക്കി റോയ് എന്നാണ് യുവാവിന്റെ പേര്. പ്രമുഖനായ ഫോട്ടോഗ്രാഫർ. റ്റെഡ് ടോക്കിൽ ഒക്കെ അയാളുടെ പ്രഭാഷണം കാണാം. ഇന്ത്യയിലെ യുവപ്രതിഭകളിൽ ഒരാളായി പല സംഘടനകളാൽ തെരെഞ്ഞെടുക്കപ്പെട്ടവൻ. എങ്കിലും വിക്കിയുടെ കഥ തുടങ്ങുന്നത് ഒരു ഒളിച്ചോട്ടത്തിലാണ്. പതിനൊന്നു വയസ്സായിരുന്നു വിക്കിയ്ക്ക് അപ്പോൾ. ബംഗാളിലെ ഒരു കുഗ്രാമത്തിൽ ജനിച്ച വിക്കിയ്ക്ക് സ്കൂളിൽ പോകുന്നത് ചതുര്ഥിയായിരുന്നു. അച്ചടക്കം അടിച്ചു പഠിപ്പിക്കുന്ന ഒരു പിതാവ്. രണ്ടു വട്ടം ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻ വരെ എത്തിയതായിരുന്നു. രണ്ടു വട്ടവും പിടികൂടപ്പെട്ടു. ഒമ്പതാം വയസ്സിൽ തുടങ്ങിയ പലായനശ്രമം വിജയം കണ്ടത് പതിനൊന്നാം വയസ്സിൽ. പല ട്രെയിനുകൾ മാറിക്കയറിയ ബാലൻ ചെന്നിറങ്ങിയത് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ.




അങ്ങനെ വന്നിറങ്ങുന്നവരെ കാത്തിരിക്കുന്നത് ഒന്നുകിൽ മയക്കുമരുന്ന് കച്ചവടക്കാരായിരിക്കും, സ്വവർഗാനുരാഗികളും പോലീസുകാരും ബാലവേലക്കാരെ കുറഞ്ഞ പണിയ്ക്ക് നിയോഗിക്കാൻ കാത്തിരിക്കുന്ന ഹോട്ടലുടമകളും പിമ്പുകളും പ്ലാസ്റ്റിക് അഴുക്ക് പെറുക്കി വിൽക്കുന്നവരും പെരുകിയ ഇടം. വിക്കിയ്ക്ക് ഇതിലൂടൊക്കെയും കടന്നു പോകേണ്ടി വന്നു. ആദ്യം തൊഴിൽ കിട്ടിയത് ഒരു ദാബയിൽ (വഴിയോര ചായക്കട) പാത്രം കഴുകുന്ന ജോലിയായിരുന്നു. അവിടെ നിന്ന് പോലീസ് പിടികൂടി ഒരു റെസ്ക്യൂ ഷെൽട്ടറിൽ കൊണ്ടുചെന്നാക്കി. അവിടെ നിന്ന് രക്ഷപ്പെട്ട് വീണ്ടും തെരുവിൽ. ഇടയ്ക്കിടെ പോലീസ് പിടികൂടും; പിന്നെയും തടവ് ചാടി അഴുക്കു പെറുക്കുന്നവനോ ചായക്കടത്തൊഴിലാളിയോ ആകും. കാലം അധികം കടന്നു പോകുന്നതിന് മുൻപ് പ്രശസ്തമായ സലാം ബാലക് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സഞ്ജയ് ശ്രീവാസ്തവ വിക്കി എന്ന ബാലനെ കാണുകാണുകയും സലാം ബാലകിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സഞ്ജയ് ശ്രീവാസ്തവയെ ഒരു പക്ഷെ മറ്റൊരു സന്ദർഭത്തിൽ നിങ്ങൾ അറിയുമായിരിക്കും; ലോകപ്രശസ്തമായ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സ്ഥാപക ഡയറക്ടറന്മാരിൽ ഒരാളാണ് സഞ്ജയ്.




പണ്ടേ പഠിക്കാകള്ളൻ. പക്ഷെ സലാം ബാലകിൽ പഠനം ഒരു തീർപ്പായിരുന്നു. അങ്ങനെ താൻ നാല്പത്തിയെട്ടു ശതമാനം മാർക്കോടെ കഷ്ടിച്ച് പത്താം ക്ലാസ്സ് പാസായെന്നു വിക്കി പറയുന്നു. സലാം ബാലകിലെ കുട്ടികൾക്ക് പലതരം തൊഴിൽ പരിശീലനങ്ങൾ നൽകും. അവയിൽ താത്പര്യം തോന്നുന്ന ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുത്ത് നന്നായി പഠിച്ചാൽ അതൊരു ജീവിതമാർഗം ആകും. അവിടെ നിന്ന് അക്കാദമികമായി  ഉയർന്നവരുണ്ട്, നാടകപ്രവർത്തകരുണ്ട്, തോൽപ്പാവക്കൂത്ത് ചെയ്യുന്നവരുണ്ട്. വിക്കിയ്ക്ക് താത്പര്യം ക്യാമറയോടായിരുന്നു. ഡിക്സി ബെഞ്ചമിൻ എന്നൊരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ അക്കാലത്താണ് പല രാജ്യങ്ങളിലും പോയി പാവപ്പെട്ട കുട്ടികൾക്ക് ക്യാമറ കൈകാര്യം ചെയ്യാൻ പരിശീലനം നൽകുന്ന കൂട്ടത്തിൽ ഡൽഹിയിലും എത്തിയത്. സലാം ബാലകിലെ കുട്ടികൾക്ക് അത്തരമൊരു ശില്പശാല ബെഞ്ചമിൻ നൽകി. ക്യാമറയിൽ ആദ്യമായി തൊട്ടപ്പോൾ, അതിന്റെ വ്യൂ ഫൈൻഡറിലൂടെ നോക്കിയപ്പോൾ തനിയ്ക്ക് തന്റെ ജീവിതത്തിന്റെ നിയോഗം എന്തെന്ന് തിരിച്ചറിഞ്ഞതായി വിക്കി പറയുന്നു.



ക്യാമറയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞതോടെ ത്രിവേണി കലാസംഗത്തിലെ ഫോട്ടോഗ്രാഫി ക്ളാസിൽ ഔപചാരികമായ പഠനത്തിന് വിക്കി ചേർന്നു. അവിടെ വെച്ചാണ് ഇന്ത്യയിലെ തന്നെ മികച്ച ഫാമിലി ഫോട്ടോഗ്രാഫർ എന്നറിയപ്പെടുന്ന അനായ് മാൻ എന്ന കലാകാരൻ വിക്കിയുടെ ഗുരുസ്ഥാനത്ത് എത്തുന്നത്. തന്റെ ചിറകിൻ കീഴിൽ വിക്കിയെ സ്വീകരിച്ചു കൊണ്ട് ഫോട്ടോഗ്രാഫിയുടെ സങ്കീര്ണ്ണമായ പാഠങ്ങൾ മാൻ വിക്കിയെ പഠിപ്പിച്ചു. വിക്കിയുടെ ചിത്രങ്ങൾ ഇതിനകം തന്നെ പലരുടെയും ശ്രദ്ധയിൽ പെട്ട് തുടങ്ങിയിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫി കലാകാരനും സാമൂഹ്യപ്രവർത്തകനുമായ രാം റഹ്മാൻ, ഡൽഹി ഫോട്ടോ ഫെസ്റ്റിവലിന്റെ സ്ഥാപകരായ പ്രശാന്ത് പഞ്ചിയാര്, ദിനേശ് ഖന്ന തുടങ്ങിയ ഫോട്ടോഗ്രാഫർമാർ വിക്കിയുടെ കഴിവിനെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അങ്ങനെ 'തെരുവുകളുടെ സ്വപ്നം' എന്ന പേരിൽ തന്റെ ആദ്യത്തെ ഏകാംഗപ്രദര്ശനം വിക്കി റോയ് ബ്രിട്ടീഷ് കൗൺസിലിന്റെ സഹായത്തോടെ ഡൽഹിയിലെ ഇൻഡ്യാ ഹാബിറ്റാറ്റ് സെന്ററിൽ നടത്തി. പിന്നെ വിക്കിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം.




2008 - അമേരിക്കൻ ആസ്ഥാനമായുള്ള മേബാക്ക് ഫൗണ്ടേഷൻ വിക്കി റോയിയെ ഗ്രൗണ്ട് സീറോ സന്ദർശിക്കാനുള്ള അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ ഡെലിഗേഷനിലേയ്ക്ക് തെരെഞ്ഞെടുത്തു. അങ്ങനെ ഏതാനും മാസങ്ങൾ ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങൾ നിന്നിരുന്ന സ്ഥലത്ത് പൊങ്ങിവരുന്ന സ്മാരകത്തെ ഡോക്യുമെന്റ് ചെയ്യാനും അന്താരാഷ്ട്ര കലാകാരന്മാരുടെ സംവദിക്കാനും ഇന്റർനാഷണൽ ഫോട്ടോഗ്രാഫി സെന്ററിൽ പരിശീലനം നേടാനും വിക്കിയ്ക്ക് കഴിഞ്ഞു. തിരികെ ഡൽഹിയിലെത്തിയ വിക്കി അമേരിക്കയിൽ വച്ചെടുത്ത ചിത്രങ്ങളുടെ സ്വകാര്യ പ്രദർശനം നടത്തി. 2013 - നസർ ഫൗണ്ടേഷൻ എന്ന പേരിൽ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫി ഫൗണ്ടേഷൻ വിക്കിയുടെ ആദ്യത്തെ മോണോഗ്രാഫ് പ്രസിദ്ധീകരിച്ചു. 'ഹോം സ്ട്രീറ്റ് ഹോം' എന്നായിരുന്നു അതിന്റെ പേര്. 2017 - വിക്കി തന്റെ ഹിമാചൽ പ്രദേശ് സന്ദർശനത്തെ ആധാരമാക്കി എടുത്ത ഫോട്ടോഗ്രാഫുകളുടെ പ്രദർശനം 'ദി സ്കാർഡ് ലാൻഡ്' എന്ന പേരിൽ റാം റഹ്മാന്റെ ക്യൂറേറ്ററിയാൽ സംവിധാനത്തിൽ ഡൽഹിയിലെ വധേര ആർട്ട് ഗാലറിയിൽ നടന്നു. ഡൽഹി ഫോട്ടോ ഫെസ്റ്റിവൽ, കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയ ബൃഹദ്പ്രദര്ശനങ്ങളിൽ അകത്തും പുറത്തുമായി വിക്കി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.





വിക്കി റോയി എന്ന കലാകാരന്റെ വളർച്ചയിലുടനീളം ഒപ്പം സഞ്ചരിക്കാൻ കഴിഞ്ഞു എന്നൊരു ചാരിതാർഥ്യം എനിയ്ക്കുണ്ട്. വിക്കിയുടെ ആദ്യ പ്രദർശനം മുതൽ അവസാന പ്രദർശനം വരെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്ന മൂന്നു ലേഖനങ്ങൾ ഞാൻ പല കാലയളവുകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ വെളിച്ചത്തിൽ വിക്കിയുടെ ചിത്രങ്ങളുടെ സാമാന്യമായ സ്വഭാവങ്ങളെക്കുറിച്ചു ചെറിയൊരു അവലോകനം നടത്താം. 'സ്ട്രീറ്റ് ഡ്രീംസ്' അഥവാ 'തെരുവിന്റെ സ്വപ്നം' എന്ന പ്രദർശനകാലയളവിൽ വിക്കി എടുത്തിരുന്ന ചിത്രങ്ങളിലെല്ലാം തനിയ്ക്ക് കടന്നു പോകേണ്ടിയിരുന്ന കഷ്ടകാലത്തിന്റെ തെളിവുകൾ തേടിയുള്ള യാത്രകൾ കാണാം. തെരുവിലെ കുട്ടികൾ ആത്യന്തികമായി സ്വയം ദയനീയത വിളിച്ചു വരുത്തുന്നവരല്ലെന്നും അവരും, വഴിതെറ്റിയില്ലെങ്കിൽ, അന്തസ്സുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു എന്നും വിളിച്ചു പറയുന്ന ചിത്രങ്ങളാണ് അതിലുള്ളത്. സാധാരണ തെരുവിലെ ജീവിതങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നവർ കാട്ടുന്ന ദൈന്യതയും മറ്റും വിക്കിയുടെ ചിത്രങ്ങളിൽ ഇല്ല. അവിടെ ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്ന കുട്ടികളെ കാണാൻ കഴിയും. ഒപ്പം സലാം ബാലക് ട്രസ്റ്റിലെ തന്റെ ജീവിതത്തിനെ ഡോക്യുമെന്റ് ചെയ്യുന്ന ചിത്രങ്ങളും കാണാൻ കഴിയും.





നിർവികാരമായ ഒരു ലോകത്തിന്റെ നടുവിൽ നിർവികാരമായി പണിയെടുക്കുന്ന മനുഷ്യരെയും അവരുടെ അധ്വാനത്തിലൂടെ പൊങ്ങി വരുന്ന സർവാതിശായിയായ ഒരു കെട്ടിടത്തെയും ആണ് വിക്കി ചിത്രീകരിക്കുന്നത്. രാത്രിയും പകലും എല്ലാം വിക്കിയുടെ ശ്രദ്ധ അവിടെയാണ്. പലതരം വീക്ഷണകോണുകളിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ എത്തിപ്പിടിക്കാൻ കഴിയാത്ത വൈപുല്യമുള്ള കാഴ്ച്ചാനുഭവങ്ങളെ എങ്ങനെ ക്യാമറയിൽ പകർത്താം എന്നുള്ളതിന്റെ ഉത്കണ്ഠകൾ പേറുന്ന ചിത്രങ്ങളും 'വേൾഡ് ട്രേഡ് സെന്റർ 2009' എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിൽ കാണാം. 'മുറിവേറ്റ ഭൂവിതാനങ്ങൾ' അഥവാ സ്കാർഡ് ലാൻഡ് എന്നുള്ള ചിത്ര പരമ്പരയിൽ ഹിമാചൽ പ്രദേശിലെ മനോഹരമായ ഭൂവിഭാഗങ്ങളെ എങ്ങനെ നഗരമനുഷ്യർ ക്രമേണ കാർന്നു തിന്നുന്നു എന്ന് കാണാൻ കഴിയും. ഹിമാചൽ പ്രദേശ് എന്ന് പറയുമ്പോൾ നമ്മുടെ ഉള്ളിൽ ഉയർന്നു വരുന്ന വികാരം മഞ്ഞണിഞ്ഞ മാമലകളും മനോഹരമായ താഴ്വരകളുമാണെങ്കിൽ വിക്കിയുടെ ചിത്രങ്ങളിലൂടെ നമ്മൾ തികച്ചും വ്യത്യസ്തമായ ഒരു ഹിമാചലിനെയാണ് കാണുന്നത്. മനുഷ്യന്റെ അത്യാഗ്രഹം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭൂവിഭാഗം. ഏതു നിമിഷവും തകരാൻ സാധ്യതയുള്ള വിധം പരിസ്ഥിതിലോലമാണ് പ്രദേശമെങ്കിലും അവിടെ നഗരം നിർമ്മിക്കാൻ ശ്രമിക്കുന്ന സമ്പന്നർ പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന എന്ന് മാത്രമല്ല വിനാശത്തെ സ്വയംവരിക്കാൻ തയാറാകുന്ന വിചിത്ര കാഴ്ചയും ചിത്രങ്ങളിലൂടെ വെളിപ്പെടുന്നു.


(അനായ് മാൻ )

നിറങ്ങളോട് വിക്കിയ്ക്ക് അത്രപ്രതിപത്തിയില്ല. നിറങ്ങളിൽ കാണുന്ന ലോകത്ത് സത്യത്തിന്റെ അംശം കുറവായിരിക്കും എന്നുള്ള തിരിച്ചറിവ് കുട്ടിക്കാലത്തെ ഉണ്ടായത് കൊണ്ടാകാം വിക്കി ബോധപൂർവം തന്റെ ചിത്രങ്ങളെ കറുപ്പിലും വെളുപ്പിലും തലയ്ക്കുവാൻ ശ്രമിക്കുന്നു. ഒരുതരം സ്ഥലകാലരാശിയെ അതിവർത്തിച്ചു നിൽക്കുന്ന അനന്തതയുടെ സ്വഭാവം ചിത്രങ്ങളിൽ അങ്ങനെ വന്നു കൂടുന്നുണ്ട്. സാങ്കേതികമായ അർത്ഥത്തിൽ ഡോക്യൂമെന്ററി ഫോട്ടോഗ്രാഫി എന്ന് വിളിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് വിക്കിയുടേത്. അത് ഒരു സ്ഥലത്തെ, കാലത്തെ, അവസ്ഥയെ അടയാളപ്പെടുത്തുന്നു. എന്നാൽ അടുത്ത നിമിഷം അവ മറ്റൊരു തരത്തിലുള്ള ബിംബവ്യവസ്ഥയിലേയ്ക്ക് കടന്നു ചെല്ലുന്നു. പൂർവ്വനിശ്ചിതമായ പല ദൃശ്യബോധങ്ങളെയും അട്ടിമറിക്കുന്നതാണ് വിക്കിയുടെ ചിത്രങ്ങൾ. വേണ്ട എന്ന് ബോധപൂർവം വിചാരിച്ചാലും വിക്കി പലപ്പോഴും തന്റെ കളിത്തൊട്ടിലായ തെരുവിലേയ്ക്ക് ഇടയ്ക്കിടെ കടന്നു ചെല്ലാറുണ്ട്. തെരുവ്-വീട് എന്ന ദ്വന്ദം വിക്കിയെ സംബന്ധിച്ചിടത്തോളം അത്രമേൽ പ്രിയങ്കരമായിരിക്കുന്നു. വിക്കി ഡൽഹിയിൽ സ്വന്തമായി വീട് വാങ്ങുകയും തന്റെ കുടുംബത്തെ ബംഗാളിൽ നിന്ന് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എങ്കിലും തെരുവിനും വീടിനും ഇടയിലുള്ള ഒരു സൂക്ഷ്മസ്ഥലം വിക്കിയുടെ ചിത്രങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്.



വിക്കി റോയ് തന്റെ ഏറ്റവും പുതിയ പരമ്പരയിൽ ഡൽഹിയിലെ പ്രാന്തവത്കൃത ജീവിതങ്ങളെ മറ്റൊരു തരത്തിൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. നഗരത്തിലെ ഏതൊരു ആഘോഷത്തിനും ആവശ്യം വേണ്ടവരാണ് ഷാമിയാന കെട്ടുന്നവരും കേറ്ററിംഗ്-കാരും ബാൻഡ് മേളക്കാരും. മുതിർന്ന ചിത്രകാരനായ കിഷൻ ഖന്ന നിരന്തരമായി ഡൽഹി തെരുവുകളിലെ ബാൻഡ് വാദ്യക്കാരെ ചിത്രീകരിച്ചു കൊണ്ട് തന്റെ ശൈലി ഉണ്ടാക്കിയിട്ടുണ്ട്. അതുപോലൊരു പ്രവൃത്തി അല്ലെങ്കിലും വിക്കി റോയി ഷാമിയാന ഉണ്ടാക്കുന്നവരെ (പന്തൽ കെട്ടുകാർ) കേറ്ററിംഗ്-കാരെയും അവരുടെ ജീവിതാവസ്ഥകളെയും പിടിച്ചെടുക്കുന്നു. അത് പലപ്പോഴും പരിപാടി കഴിഞ്ഞ പന്തലുകളുടെ ചിത്രങ്ങളിലൂടെയും ഉൾത്തലങ്ങളുടെ ഡോക്യൂമെന്റേഷനിലൂടെയുമാണ് അത് സാധിക്കുന്നത്. തൊട്ടു മുൻപ് ഇവിടെ വിവാഹാഘോഷങ്ങൾ നടന്നതാണ്; ജനനവാർഷികാഘോഷം നടന്നതാണ്..പക്ഷെ അടുത്ത നിമിഷം അതൊരു 'എച്ചിൽപ്പുര' ആയിത്തീരുന്നു. അസ്സാന്നിധ്യങ്ങളുടെ ആധിക്യം ചിത്രങ്ങൾക്ക് വല്ലാത്തൊരു ശബ്ദായമാനത നൽകുന്നു.




മധ്യപ്രദേശിലെ ഒരു ഉൾപ്രദേശ ഗ്രാമമാണ് ജാൻവര. അവിടെ ഒരു സാമൂഹ്യ സംഘടനയുമായി ചേർന്ന് കുട്ടികളെ സ്കേറ്റിങ് അഭ്യസിപ്പിക്കാനുള്ള ഒരു പദ്ധതിയിൽ പങ്കാളിയാണ് വിക്കി റോയ്. സ്കേറ്റിങ്ങും ഗ്രാമവും ഒരുതരത്തിലും ഒത്തു പോകില്ല. എന്നാൽ അസാധ്യതകളെ സാധ്യമാക്കാം എന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇതിന്റെ പിന്നിലുള്ളത്. ആരും ആരെയും സ്കേറ്റിങ് അവിടെ പഠിപ്പിക്കുന്നില്ല. എന്നാൽ സ്കേറ്റിങ് റിങ്ങും സ്കെറ്റ് ബോർഡുകളും ഉണ്ട്. പെൺകുട്ടികൾക്ക് മുൻഗണന. കൂടാതെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ യാദവന്മാരും ആദിവാസികളും ഇപ്പോൾ സ്കേറ്റിങ് ചെയ്യുന്ന കുട്ടികളിലൂടെ ജാതിവത്യാസത്തെ മറികടന്നിരിക്കുന്നു. ഇടങ്ങളെയെല്ലാം വിക്കി തന്റെ ചിത്രങ്ങളിൽ ആക്കിയിട്ടുണ്ട്.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ