ഗൃഹാതുരർ



ഗൃഹാതുരർ





വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടുമെന്ന് ഇരുവർക്കും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.

എങ്കിലും, മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് അവർ പിരിയുന്ന ദിവസം വെറുതെയെങ്കിലും അരയാലിന്റെ ചുവട്ടിൽ നിന്ന് അവൻ അവളോട് പറഞ്ഞു, "സാധാരണ വയസ്സാവുന്നവർ കണ്ടുമുട്ടുന്നത് ബനാറസിൽ ഗംഗയുടെ കരയിൽ വെച്ച് തികച്ചും യാദൃശ്ചികമായിട്ടായിരിക്കും.."

അവൾ അവന്റെ കണ്ണുകളിൽ കുസൃതിയോടെ നോക്കി. പാവം, അവൾ ചിന്തിച്ചു. സയൻസ് പഠിക്കാൻ വന്നവൻ നോവൽ വായിച്ചു വട്ടാകുന്നത് അവൾ കണ്ടതാണ്. "എം ടി യെയൊക്കെ വായിക്കുന്നത് കുറയ്ക്കണം," അവൾ ചിരിച്ചു.

"ഞാൻ പറഞ്ഞു തീർന്നില്ല. ബനാറസിൽ കാണാം എന്നല്ല പറഞ്ഞു വരുന്നത്. അഥവാ കണ്ടാൽ അത് ഏതെങ്കിലും ഒരു ബസ് സ്റ്റോപ്പിലോ തീവണ്ടിയാപ്പീസിലോ ഒക്കെ ആയിരിക്കും. അപ്പോൾ നമുക്ക് വേറെ അമിതഭാരങ്ങളൊന്നും ജീവിതത്തിൽ ഇല്ലെങ്കിൽ ദാ കാണുന്ന മലമുകൾ വരെ ഒന്ന് നടക്കണം...നമ്മൾ എന്നും നടന്ന വഴിയേ.." അവൻ വയൽക്കരയിലൂടെ നീണ്ടു പോകുന്ന വഴി നോക്കി പറഞ്ഞു. അവളുടെ കണ്ണുകളും അതെ വഴിയ്ക്ക് സഞ്ചരിച്ചു.

അവൻ ജാനകീരാമൻ. അവൾ വിലാസിനി. രണ്ടു ബി എസ് സി വിദ്യാർഥികൾ. അന്നത്തെ കണ്ടുമുട്ടലിനു ഒരു പ്രത്യേകതയുണ്ടായിരുന്നു.

നല്ല വെയിൽ. അതല്ല ദിവസത്തിന്റെ സവിശേഷത. വെയിലിനു കീഴെ നിന്ന വിലാസിനിയുടെ മുഖത്ത് അരയാലിലകൾക്കിടയിലൂടെ വരുന്ന വെളിച്ചം അടയാളങ്ങളിട്ടു. അവൾക്ക് വെള്ളപ്പാണ്ട് വന്നാൽ ഇങ്ങനെയിരിക്കും. ജാനകീരാമൻ ഒട്ടും കാല്പനികമല്ലാതെ ചിന്തിച്ചു.

അങ്ങനെ ചിന്തിച്ചതിൽ അവനു അശേഷം ആത്മനിന്ദ തോന്നിയില്ല. മറ്റൊരു സന്ദർഭത്തിലായിരുന്നെങ്കിൽ അവൻ അങ്ങനെ ആലോചിക്കുകകൂടി ഇല്ലായിരുന്നു. കാരണം ജാനകീരാമന്വിലാസിനിയെ വളരെ ഇഷ്ടമായിരുന്നു; വിലാസിനിയ്ക്കും.

അവരുടേത് ഒരു പ്രേമബന്ധം ആയിരുന്നില്ല. ജാനകീരാമന്പ്രേമിക്കാൻ അറിയാം. നോവലുകളൊക്കെയും വായിച്ചു കൂട്ടി അവനിൽ അക്കാലത്ത് പ്രേമം അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. പക്ഷെ പ്രേമം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അവന് അറിയില്ലായിരുന്നു. വിലാസിനിക്കാകട്ടെ ഉള്ളിരിപ്പ് എങ്ങനെ വേണമെങ്കിലും പ്രകടിപ്പിക്കാൻ അറിയാം; പക്ഷെ അവളിൽ അശേഷം പ്രേമം ഇല്ലായിരുന്നു.

അതുകൊണ്ട് അവർ ഒരുമിച്ചു നടന്നു. ഒരുവൻ പ്രേമം നിറഞ്ഞു തുളുമ്പി നനഞ്ഞു നടക്കുന്നവൻ. ഒരുവൾ പ്രേമമല്ലാതെ ബാക്കിയെല്ലാം ലോകത്തിനു മുന്നിൽ ആഘോഷമാക്കി തലയുയർത്തിപ്പിടിച്ചു നടക്കുന്നവൻ. നാല് ആങ്ങളമാരുടെ പൊന്നു പെങ്ങൾ. കമഴ്ത്തിവെച്ചോരു കുടം. അതിൽച്ചെന്നു വീണതെല്ലാം ഒലിച്ചു താഴേയ്ക്ക് പോയി. അങ്ങനെ വിലാസിനിയിൽ നിറയാനാകാതെ ജാനകീരാമനും അവനെ കൃത്യമായി അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു കൊണ്ട് വിലാസിനിയും കുന്നിൻ മുകളിലെ കോളേജിൽ മൂന്ന് വർഷം സുഖമായി പഠിച്ചു.

ലോകം ഭിന്നരുചിയാണല്ലോ. അതിനാൽ വിലാസിനിയോ ജാനകീരാമനോ കണ്ടതല്ല ലോകം കണ്ടത്. വിലാസിനിയ്ക്ക് ജാനകീരാമൻ പറയുന്നത് എന്തും ഇഷ്ടമായിരുന്നു. അത് കേട്ട് അവൾ കുടുകുടാ എന്ന് ചിരിക്കും. അവർ വെട്ടുവഴികളിലൂടെ നടന്നു. ആളുകൾ തൂങ്ങിച്ചത്തു നിൽക്കുന്ന പറങ്കിമാവിൻ കൂട്ടങ്ങൾ നിറഞ്ഞ കുന്നിറങ്ങി അവർ നടന്നു. തെളിനീര് വരുന്ന ഓവിനു മുന്നിൽ നിന്ന് കാലും മുഖവും കഴുകി. കനാലിന്റെ കരയിലെ വെളുത്തുതിളങ്ങുന്ന വഴിയിലൂടെ നടന്നു. അവൻ സംസാരിച്ചു. അവൾ ചിരിച്ചു.

അത് കണ്ടു അസൂയമൂത്ത ലോകം ഓടിച്ചെന്നു നാലങ്ങളമാരോട് പറഞ്ഞു, വിലാസിനി പിഴയ്ക്കും മുൻപ് കെട്ടിച്ചു വിടണം. ആങ്ങളമാർ നാലുപേർ ഒന്നിച്ചും വെവ്വേറെയും വിലാസിനിയോട് സംസാരിച്ചു. വിലാസിനി ചിരിച്ചു. "ജാനകീരാമൻ നല്ല കൂട്ടുകാരൻ," അവൾ പറഞ്ഞു.

"കോളേജിൽ വേറെ പെൺപിള്ളേരല്ലേ കൂട്ടുകൂടാൻ," ആങ്ങളമാർ ചോദിച്ചു.

"പെൺകുട്ടികൾക്ക് പഠിക്കാൻ മാത്രമേ അറിയൂ. ജാനകീരാമനെപ്പോലെ സംസാരിക്കാൻ അറിയില്ല," അവൾ വ്യക്തമാക്കി.

ഒരാങ്ങള അവളെ അടിക്കാൻ കയ്യോങ്ങി. മറ്റൊരാൾ അത് തടുത്തു. മൂന്നാമൻ അവളുടെ മുന്നിൽ കരഞ്ഞു കാണിച്ചു. നാലാമൻ ഉണ്ണാവ്രതമിരുന്നു.

"നിന്നെ കെട്ടിച്ചു വിടും. ഇനി കോളേജിൽ പോകേണ്ട," ആങ്ങളമാർ പറഞ്ഞു.

വിലാസിനി ചിരിച്ചു. പഠിച്ചാലും കെട്ടിയ്ക്കും പഠിച്ചില്ലെങ്കിലും കെട്ടിയ്ക്കും. അതിലെന്താണിത്ര പുതുമ എന്നവൾക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല.

നാല് ആങ്ങളമാരോടും അവൾ ഒരു നിബന്ധനവെച്ചു. "നിങ്ങൾ പറയുന്ന ആളിന്റെ മുന്നിൽ ഞാൻ തല കുനിച്ചു കൊള്ളാം. പക്ഷെ എനിയ്ക്കെന്റെ കൂട്ടുകാരനെ കണ്ടു യാത്ര പറയണം."

ആങ്ങളമാർ മുഖത്തോട് മുഖം നോക്കി. പെങ്ങൾ ചതിക്കുമോ? അവൾക്ക് അവരുടെ ഉള്ളിരിപ്പ് അറിയാനായി. പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ ഉള്ളിരിപ്പ് വേഗം തിരിയും.

"നിങ്ങൾ വിഷമിക്കേണ്ട," വിലാസിനി പറഞ്ഞു. "നാളെ ഞാൻ കോളേജിൽ പോകും. ജാനകീരാമനെ കാണും. യാത്ര പറയും. എന്റെ കല്യാണത്തിന് വിളിക്കാമെന്നും പറയും. ഇത് എന്റെ വാക്ക്. നിങ്ങൾക്ക് പേരുദോഷം വരുത്തില്ല."

ആങ്ങളമാർ മുഖത്തോട് മുഖം നോക്കി. പെങ്ങൾ പെണ്ണാണ്. പെണ്ണിനെ വിശ്വസിക്കരുത് എന്നാണ് അവർ പഠിച്ചു വെച്ചിരിക്കുന്നത്. അവർക്ക് അവരുടെ ഭാര്യമാരെ വിശ്വാസമില്ല. പിന്നെയാണ്..എങ്കിലും പെങ്ങൾ പെങ്ങളല്ലേ.

"ശരി, നീ പൊയ്ക്കോ," അവർ ഒരേ സ്വരത്തിൽ പറഞ്ഞു. അവർക്ക് അവളോട് കൂടുതൽ ഉപദേശങ്ങളും ഭീഷണികളും മുന്നറിയിപ്പുകളും ഒക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവളുടെ മുഖത്ത് നോക്കിയപ്പോൾ അവന്മാരുടെ ഉള്ളു കിടുത്തു.

കാര്യങ്ങൾ നടന്നപടി വിലാസിനി ജാനകീരാമനോട് പറഞ്ഞു. അവൻ അവളെത്തന്നെ നോക്കി.അവനു പല നോവൽ രംഗങ്ങളും ഓർമ്മ വന്നു. പക്ഷെ ഒന്നും മിണ്ടിയില്ല.

"നമുക്ക് വയസ്സാവുമ്പോ കാണാം," വിലാസിനി പറഞ്ഞു. എന്നിട്ടവൾ അവന്റെ കൈ തന്റെ കയ്യിലെടുത്ത് അമർത്തി; ഒരു ഉറപ്പ് കൊടുക്കുന്നത് പോലെ.

കഥ തുടങ്ങിയപ്പോൾ ജാനകീരാമൻ ബനാറസിനെക്കുറിച്ചു പറഞ്ഞത് സന്ദര്ഭത്തിലായിരുന്നു.

അമ്പത്താറു വയസ്സുള്ള രണ്ടു പേർ; ജാനകീരാമനും വിലാസിനിയും. അവർ അതെ ആലിൻ ചുവട്ടിൽ പണ്ടെന്ന പോലെ നിന്നു. സെപ്പിയ ടോണിൽ നിന്ന് കളറിലേയ്ക്ക് വരുമ്പോൾ അവരുടെ മുടിയിഴകളിൽ നര പടർന്നു കഴിഞ്ഞിരുന്നു. കൺതടങ്ങളിൽ കറുപ്പ്. കറുത്ത ഫ്രയിമുള്ള കണ്ണട. കഴുത്തിന് താഴെ തൊലി നന്നായി ചുളുങ്ങിയിരിക്കുന്നു.

അവളുടെയും എന്റെയും മുലകൾക്ക് ഇപ്പോൾ ഒരേ വലുപ്പം, ജാനകീരാമൻ ചിന്തിച്ചു. അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

അവർ കണ്ടിട്ട് അധികമായിരുന്നില്ല. ഇക്കാലത്ത് കണ്ടു മുട്ടാൻ പ്രയാസമൊന്നുമില്ല. പെൻഷൻ പറ്റിയ ആർക്കോ പണിയില്ലാതെ തുടങ്ങിയ ഒരു വാട്സാപ്പ് ഗ്രൂപ്പ്. കോളേജിലെ ബാച്ചിലെ പൂർവവിദ്യാർത്ഥികളുടെ ഗ്രൂപ്പ്. കുറ്റാന്വേഷണത്തിൽ വിദഗ്ദനായ ഒരുവനായിരിക്കണം, മൂന്നാം വര്ഷത്തിലെപ്പോഴോ എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഓരോരുത്തരെയായി തെരഞ്ഞു പിടിച്ച് അവരുടെ ഇപ്പോഴത്തെ വിവരങ്ങളും ഫോൺ നമ്പറുമൊക്കെ ഗ്രൂപ്പിൽ ഇട്ടത്.

വിലാസിനി എന്ന പേര് കണ്ട അന്ന് തന്നെ ജാനകീരാമൻ തീരുമാനിച്ചതായിരുന്നു ഒന്ന് വിളിക്കണം. ഭാര്യക്ക് ഇഷ്ടപ്പെടില്ലായിരിക്കാം. അവളുടെ ഭർത്താവിനോ? എന്തായാലും വിളിക്കാൻ തന്നെ ജാനകീരാമൻ തീരുമാനിച്ചു.

വിലാസിനി ഫോണെടുത്തു. "മാനസമൈനേ വരൂ," ജാനകീരാമൻ പാടി. എന്നിട്ട് അയാൾ ചുമച്ചു. പരീക്കുട്ടിയും പപ്പുവും ആണ് സൂചനകളിൽ. പണ്ടത്തെ ഒരു കോഡ്. വിലാസിനി കുടുകുടാ ചിരിച്ചു. അതെ ചിരി. ജാനകീരാമൻ വിലാസിനിയെ മനസ്സിൽ കണ്ടു. തലയുയർത്തിപ്പിടിച്ച ഒരു പെൺകുട്ടി.

ദിവസങ്ങൾ കഴിയുന്തോറും അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു. വിലാസിനിയുടെ ഭർത്താവ് പെൻഷൻ പറ്റിയ ഒരു സർക്കാരുദ്യോഗസ്ഥൻ. കൃഷിയും കാര്യങ്ങളുമായി കഴിയുന്നു. ബാക്കി സമയം ഭക്തി. രണ്ടു മക്കൾ. ഒരാണും ഒരു പെണ്ണും. രണ്ടു പേരും വിവാഹിതർ.

നാലു വാചകത്തിലൊക്കെ ഒരു പെണ്ണിന്റെ ജീവിതചരിത്രം ഒതുക്കാമോ? വിലാസിനി അത്രയേ പറഞ്ഞുള്ളൂ. പറയാൻ നിന്നാൽ മഹാഭാരതം ആയേയ്ക്കും എന്ന് അവൾ ഭയക്കുന്നുണ്ടാകും.

"നീയോ?" വിലാസിനി ചോദിച്ചു.

"കല്യാണം കഴിക്കാൻ താമസിച്ചു. കഴിച്ചത് ഒരു രണ്ടാം കെട്ടുകാരിയെ. പാവം തോന്നിയല്ല കേട്ടോ..ശരിയ്ക്കും ഇഷ്ടപ്പെട്ടിട്ടു തന്നെ. മെഡിസിന് പഠിക്കുന്ന ഒരു മകളുണ്ട്. ഒറ്റമകൾ," ജാനകീരാമൻ പറഞ്ഞു.

നാലഞ്ചു വാചകത്തിൽ അപ്പോൾ ആണിന്റെ കഥയും പറയാം. അയാൾക്ക് തോന്നി.

അവരുടെ പക്കൽ നാല് മണിക്കൂറുകളാണുള്ളത്.

"നമുക്ക് നടക്കാം," വിലാസിനി പറഞ്ഞു.

അവൾ അത് തന്നെ പറയും എന്ന് അയാൾക്ക് അറിയാമായിരുന്നത് പോലെ.

കത്തുന്ന വെയിൽ. അവർ കനാലിന്റെ അരികിലുള്ള വഴിയിലേക്കിറങ്ങി. അതിപ്പോൾ ടാറിട്ട റോഡാണ്. ആരെയും കാണുന്നില്ല. നിശബ്ദതയുടെ നൂലിൽ പരസ്പരബന്ധമില്ലാത്ത ചോദ്യങ്ങളെ ഇടയ്ക്കിടെ കോർത്തു കൊണ്ട് അവർ നടന്നു.

നടന്നിട്ടും നടന്നിട്ടും വഴി എങ്ങും എത്താത്തത് പോലെ. രണ്ടു പേരും വെയിൽ സഹിയ്ക്കാഞ്ഞു കുട നിവർത്തി.

"രണ്ടു കുട വേണോ? ഇതിലേയ്ക്ക് നിൽക്കാം," ജാനകീരാമൻ പറഞ്ഞു.

വിലാസിനി ഒരു നിമിഷം എന്തോ ആലോചിച്ചശേഷം കുട മടക്കി അയാളുടെ കുടക്കീഴിലേയ്ക്ക് കയറി. അത്രയും അടുത്ത് അവർ പണ്ടും നടന്നിട്ടില്ല. അവരുടെ തോളുകൾ പരസ്പരം ഉരുമ്മി. ഉരുമ്മാതിരിക്കാൻ അവർ പ്രത്യേകിച്ച് ഒന്നും ചെയ്തതും ഇല്ല.

നടന്നിട്ടും നടന്നിട്ടും പഴയ വഴികളോ പരിചിതമായ ഇടങ്ങളോ കാണാനാവുന്നില്ല.

"നമ്മൾ വഴി തന്നെയല്ലേ പണ്ടും കോളേജിലേക്കും തിരിച്ചും നടന്നിരുന്നത്?" ജാനകീരാമൻ ചോദിച്ചു.

"അതെ..പക്ഷെ ആകെ മാറിപ്പോയിരിക്കുന്നു," വിലാസിനി കുടയ്ക്കുള്ളിൽ ചിരിച്ചു.

ആരെയും കാണുന്നില്ല. ഉച്ച നിന്ന് ചൂളം വിളിക്കുകയാണ്. അവരുടെ നിഴലുകൾ വെയിൽ സഹിയ്ക്കാതെ അവരുടെയൊപ്പം കുടയ്ക്ക് കീഴിൽ, അവരുടെ കാലുകളുടെ അടിയിൽ ഒളിച്ചു.

രണ്ടു ചെറുപ്പക്കാർ എതിരെ നടന്നു വരുന്നു.

"കോളേജിലേക്കുള്ള വഴി?" അയാൾ ചോദിച്ചു.

യുവാക്കൾ പരസ്പരം നോക്കി.

"നിങ്ങൾ ഇവടത്തുകാരല്ലേ?" വിലാസിനി ചോദിച്ചു.

"അതെ," ചെറുപ്പക്കാർ ഒരുമിച്ചു പറഞ്ഞു.

ജാനകീരാമൻ പണ്ടത്തെ ഓർമ്മയിൽ നിന്നൊരു സ്ഥലത്തിന്റെ പേര് ചോദിച്ചു.

"അതിവിടെ നിന്ന് ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ്," പയ്യന്മാരിലൊരാൾ തിരിഞ്ഞു നിന്ന് വെയിലിന്റെ കടലിലേയ്ക്ക് ചൂണ്ടി. ചക്രവാളമില്ലാത്ത ഒരു കടൽ.

സംഭാഷണത്തിന് ശേഷം ചെറുപ്പക്കാർ അവരുടെ വഴിയ്ക്ക് പോയി.

ചോദിച്ച സ്ഥലമെത്തിയാൽ, അവിടെ നിന്ന് കുന്നാണ്. അത് കയറിയെത്തുന്നത് ഒരു മൈതാനത്തിൽ. അതിന്റെ വടക്കു വശത്താണ് കോളേജ്.

ആഴമറിയാത്ത കുളത്തിൽ ഇറങ്ങുന്നത് പോലെ അവർ വെളുത്ത വെയിലിന്റെ അഗാധതയിലേയ്ക്ക് വീണ്ടും ഇറങ്ങി. അവർക്ക് ഭയം തോന്നിത്തുടങ്ങി.

അല്പദൂരം കഴിഞ്ഞപ്പോൾ അവർ നിന്ന് പരസ്പരം നോക്കി. ആരെങ്കിലും അത് കണ്ടെങ്കിൽ നർഗീസും രാജ്കപൂറും വയസ്സായി വെയിലത്ത് ഒരു കുടക്കീഴിൽ നിൽക്കുകയാണെന്ന് കരുതും.

"തിരികെ പോകാം," വിലാസിനി പറഞ്ഞു.

"അതെ," ജാനകീരാമൻ തിരിഞ്ഞു നടന്നു. കുടയ്ക്കുള്ളിൽ നർഗീസ് അല്ല വിലാസിനി.

അല്പം കഴിഞ്ഞു അവർ ചിരിക്കാൻ തുടങ്ങി; കുടുകുടെ. ബസ് സ്റ്റാൻഡ് വരെ അവർ ചിരിച്ചു.

അവർ ചിരിച്ചത് വെയിലിനു മുന്നിൽ തോറ്റുപോയ ഗൃഹാതുരത്വത്തെ കുറിച്ച് ആലോചിച്ചായിരുന്നു. പക്ഷെ അവർ പരസ്പരം അത് പറഞ്ഞില്ല.

ബസിലിരിക്കുമ്പോഴും വിലാസിനിയുടെ ചുണ്ടുകളിൽ നിന്ന് പുഞ്ചിരി മാറുന്നുണ്ടായിരുന്നില്ല.

പൊതുവെ സ്വപ്നാടകനായ ജാനകീരാമന്റെ മുഖത്ത് ഒരു പുഞ്ചിരി കിടന്നോളം വെട്ടുന്നത് കണ്ടപ്പോൾ ഭാര്യയ്ക്കു വേറൊന്നും ചോദിക്കാൻ തോന്നിയില്ലെന്നത് ജാനകീരാമനെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്.


- ജോണി എം എൽ






Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ