പൂയില്യന്മാരുടെ വിളയാട്ടം: ജി ആർ ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ' എന്ന പുസ്തകം വായിക്കുമ്പോൾ


(ജി ആർ ഇന്ദുഗോപൻ )

'ചട്ടമ്പിസ്സദ്യ' എന്ന കഥ വായിച്ചാണ് ജി ആർ ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ' എന്ന കഥാസമാഹാരത്തിലേക്ക് കടന്നത് എന്നതിനാൽ, കഥാകൃത്തിനെക്കുറിച്ചു ഒരു സദ്യയുടെ ഉപമ കൊണ്ട് തന്നെ പറഞ്ഞു തുടങ്ങാം. ഇന്ദുഗോപന്റെ എഴുത്ത് ഒരു സദ്യ പോലെയാണ്. ബുഫേ പോലെയല്ല. എല്ലാം തോന്നുന്ന അത്രയും എടുത്തു കഴിക്കാൻ കഴിയില്ല. വിളമ്പുന്നതിനൊരു താളവും ക്രമവും അളവുമുണ്ട്. അവിയൽ കുറച്ചു കൂടിയിട്ടാൽ എന്താ എന്ന് ഗംഗപ്പുറത്ത് നാഗവല്ലി ചോദിക്കും പോലെ ചോദിക്കാം എന്നേയുള്ളൂ; കിട്ടില്ല. എല്ലാത്തിനും ഒരു രണ്ടാം വരവുണ്ട്. മൂന്നാമത്തെ പായസവും തീർന്നു ബോളിത്തരികളും തൊട്ടു നക്കി, അച്ചാറിരുന്നിടത്ത് ഒന്ന് വിരലോടിച്ച്, ഇലമധ്യത്തിൽ പേരെഴുതി ഒപ്പിട്ടു മടക്കി ഇടതു കൈകൊണ്ടു മുണ്ടുരിയാതെ പിടിച്ച്, സ്ത്രീകളാണെങ്കിൽ കൈലേസും സാരിത്തുമ്പും നാരങ്ങയും ഒപ്പമുള്ള കുട്ടിയേയും ഇടതു കൈയിൽ ഒരു മാജിക്കുകാരിയെപ്പോലെ പിടിച്ച് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു തൃപ്തിയുണ്ടല്ലോ അതാണ് ഇന്ദുഗോപന്റെ കഥാസമാഹാരം വായിച്ചു തീരുമ്പോഴുള്ള തൃപ്തി. ഒരു കാര്യം കൂടിപ്പറയാം. സദ്യയുണ്ണുമ്പോഴും നമ്മൾ ചിലത് അവസാനത്തേയ്ക്ക് മാറ്റി വെയ്ക്കും. അത് മോരോ പുളിശ്ശേരിയോ ഒഴിച്ച് കൂട്ടാൻ ഒരുരുള ചോറായിരിക്കും, നാവിനെയൊന്നു തരിപ്പിച്ചു തിരികെപ്പിടിക്കാൻ അല്പം ഇഞ്ചിക്കറിയാകും. എന്തായാലും മാറ്റിവെയ്ക്കലിന്റെ കരുതലിൽ, വിളമ്പുപോലെ തന്നെ ഒരു എസ്തെറ്റിക്സ് ഉണ്ട്.

ഇന്ദുഗോപന്റെ കഥകൾ ഞാൻ ഇങ്ങനെ കുറേക്കാലമായി മാറ്റി വെയ്ക്കുകയായിരുന്നു. 'നാവിൽ അർദ്ധചന്ദ്രനായി മാറുന്ന മുട്ടായി'യെന്ന പോലെ അവയെ വായിക്കാനുള്ള കൊതിയെത്തന്നെ ഞാൻ നുണഞ്ഞിരിക്കുകയായിരുന്നു. ഇന്ദുഗോപൻ സംസാരിച്ചു തുടങ്ങുമ്പോൾ, പ്രത്യേകിച്ചും അത് ഭൂതപ്രേതപിശാചുക്കളെക്കുറിച്ചാണെങ്കിൽ, നമ്മുടെ നാട്ടുകലുങ്കിൽ ഇരുന്നു പതം പറയുന്ന പഴയകൂട്ടുകാരാണെന്നു തോന്നും. മൈക്ക് കാണുമ്പോൾ 'ബാസ്സിടുന്ന' യേശുദാസ് ജനുസിൽപ്പെട്ട യുവസാഹിത്യകാരനല്ല ഇന്ദുഗോപൻ. അതെന്നെ അതുഭുതപ്പെടുത്തി. സ്വന്തം ട്രെബിളിൽ, സ്വന്തം 'പരോളിൽ' (ഇത് ഭാഷാശാസ്ത്രജ്ഞനായ സൊഷ്യൂറിന്റെ പരോൾ ആണ് കേട്ടോ. സംസാരഭാഷയെന്നർത്ഥം) ഇത്രയധികം ആത്മവിശ്വാസം ഉള്ള ഒരെഴുത്തുകാരൻ ഞാൻ അടുത്തെങ്ങും കണ്ടിട്ടില്ല. എന്നാൽ സാഹിത്യത്തിലെ സുരേഷ് വെഞ്ഞാറമൂടാകാൻ ഒരു താത്പര്യവും ഇന്ദുഗോപനില്ലതാനും. അത് എഴുത്തിലുടനീളമുണ്ട്. മൈ, തായ്, തുടങ്ങിയ തെറിവാക്കുകൾ, പ്രതിപത്രം ഭാഷണഭേദം എഴുതിയ എൻ കൃഷ്ണപിള്ള പോലും സമ്മതിക്കുമാറ് ഇന്ദുഗോപന്റെ കഥാപാത്രങ്ങളുടെ നാവുകളിൽ വന്നു ചേരുന്നു. ജീവിതം ജീവിക്കുന്നതിന്റെ ഉച്ചസ്ഥായിയും കീഴ്സ്ഥായിയും അവിടെ കേൾക്കാം. മദ്യവർഗ്ഗിയുടെ നനഞ്ഞ മധ്യസ്ഥായ്ക്ക് ഇന്ദുഗോപന്റെ സാഹിത്യത്തിൽ പങ്കില്ല.


(പുസ്തകമുഖചിത്രം )

മണിയൻ പിള്ള എന്ന തസ്കരന്റെ ആത്മകഥ, ജി ആർ ഇന്ദുഗോപൻ കേട്ടെഴുതിയതാണ്. ഇന്ദുഗോപൻ വായിച്ചിട്ടുള്ളവർ അതിശയിക്കും, (ഞാൻ ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഉപമ ഒന്ന് പറഞ്ഞോട്ടെ) മണിയൻ പിള്ള എവിടെ അവസാനിച്ചു ഇന്ദുഗോപൻ എവിടെ തുടങ്ങി എന്ന്. ഇത്രയും വാമൊഴിയിൽ നിന്ന് വരമൊഴിയിലേക്കുള്ള സ്വാഭാവിക സംക്രമണം മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷെ ഡോക്ടർ ജോൺസണിനു ജെയിംസ് ബോസ്വെൽ എന്ന പോലെ മണിയൻ പിള്ളയ്ക്കായി പിറന്ന സാഹിത്യകാരനായിരിക്കാം ജി ആർ ഇന്ദുഗോപൻ. നേരെ മറിച്ചും പറയാം. ഇന്ദുഗോപൻ ഇല്ലായിരുന്നെങ്കിൽ മണിയൻ പിള്ളയുടെ ജീവിതം തസ്കരചരിതത്തിലും പോലീസിന്റെ ഭേദ്യചരിതത്തിലും തികച്ചും അഗണ്യമായ ഒരു ബിന്ദുവായി അലിഞ്ഞു പോയേനെ. കഥാസമാഹാരത്തിലെ 'ഇലക്ട്രിക്ക് ഞരമ്പുള്ള രാമകൃഷ്ണ' എന്ന കഥയിലെ ആഖ്യാതാവായ രാഗേഷ് എന്ന മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയും രാമകൃഷ്ണ എന്ന ഇന്റ്യൂഷണറും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. വകയിലൊരു കുഞ്ഞമ്മയെ കണ്ടെത്താൻ ശ്രമിക്കുന്ന രാഗേഷ് യാദൃച്ഛികമായി കാണുകയാണ് രാമകൃഷ്ണനെ. കഥാന്ത്യത്തിൽ നാം മനസ്സിലാക്കുന്നു, ഇവർ പരസ്പരം കാണാൻ വിധിക്കപ്പെട്ടവർ ആണെന്ന്. അത് പോലെ തന്നെ ഒരവസ്ഥയാണ് ഫർണസ് എന്ന കഥയിലെ എസ്റ്റേറ്റ് മാനേജരും ഭൂതപ്പാണ്ടി  എന്ന ഫർണസ് ഓപ്പറേറ്ററും തമ്മിലുള്ളത്.

ഫർണസ് എന്ന കഥയിൽ ഒരു ഇരുട്ട് പടർന്ന് നിൽക്കുന്നുണ്ട്. വായിക്കുമ്പോഴൊക്കെ, പണ്ട് കാർപാത്യൻ മലനിരകളിലേയ്ക്ക്കും ട്രാൻസാൽവന്യ താഴ്വരകളിലേയ്ക്കും നമ്മെ കൂട്ടിക്കൊണ്ടു പോയ കേരളത്തിന്റെ സ്വന്തം ബ്രോം സ്റ്റോക്കർ ആയിരുന്ന കോട്ടയം പുഷ്പനാഥിനെ ഓർക്കാതിരിക്കാൻ കഴിയില്ല. ഭരണിയിൽ ഒരു ഭ്രൂണം എന്ന കഥയിലും കൊല്ലപ്പാട്ടി ദയ എന്ന കഥയിലും ഇരുണ്ട അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. എന്താണ് ഇരുട്ട്. നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആദിമവാസനകളുടെ ഒരു ഇരുണ്ട തലമുണ്ട്. അത് ഇടയ്ക്കിടെ തലപൊക്കുന്നതാണ്. നാം അറിയാതിരിക്കുന്ന വേളകളിൽ. ഹങ്കേറിയൻ സാഹിത്യകാരനായ സാൻഡോർ മരായുടെ 'കനലുകൾ' എന്ന നോവലിൽ തന്റെ ഭാര്യയെ വശീകരിച്ച സുഹൃത്തിനോടുള്ള പകപോക്കാണ് ഒരു ജീവിതകാലം മുഴുവൻ കാത്തിരിക്കുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനെ കേന്ദ്രമാക്കുന്നുണ്ട്. ഒടുവിൽ പ്രതികാരം നിർവഹിക്കാതെ വെറുതെ വിടുകയാണ്. അതെന്താണെന്ന് നാം അതിശയിക്കുന്നു. എന്നാൽ അസ്ത്വിത്വ ഭാവത്തെ വലിച്ചു നിലത്തിട്ട് സാധാരണമനുഷ്യന്റെ ഒരവസ്ഥയിലേക്ക് കൂട്ടിക്കൊണ്ട് വരികയാണ് 'ഓവർബ്രിഡ്ജിലെ ബിവറേജസ് ക്യൂ' എന്ന കഥയിൽ. തന്റെ സഹോദരിയെ പ്രേമിക്കുകയും, അവളുടെ ഒരു കല്യാണം തകർന്നിട്ടു കൂടി അവളെ സ്വീകരിക്കുകയും ചെയ്ത ഒരു അളിയനെ യാദൃശ്ചികമായി ബിവറേജസ് ക്യൂവിൽ വെച്ച് കണ്ട പെണ്ണിന്റെ സഹോദരൻ തന്റെ അരയിലെ മലപ്പുറം കത്തി അവനായി തയാറാക്കുകയാണ്. ഇതിനെല്ലാം സാക്ഷി, പുതുവർഷത്തിൽ ഒന്ന് മിനുങ്ങാൻ ഒരു കുപ്പിവാങ്ങാൻ മുഖം ഹിന്ദു പത്രം കൊണ്ട് മറച്ചു നിൽക്കുന്ന ഒരു സർക്കാരുദ്യോഗസ്ഥനായ മാന്യനാണ്. അയാളുടെ കാഴ്ചയിലൂടെയാണ് കഥനടക്കുന്നത്. ഒടുവിൽ, ഒരു ഇടവഴിയിൽ വെച്ച് അളിയനും അളിയനും കുപ്പി പൊട്ടിച്ച് മദ്യപിക്കുന്നതായാണ് കാണുന്നത്. മദ്യം ഓഫർ ചെയ്തില്ലായിരുന്നെങ്കിൽ അളിയന്റെ പണ്ടം കത്തി കണ്ടേനെ എന്ന് പറയുന്ന ഐറോണിക് ആയ ഒരു മനുഷ്യാവസ്ഥയെ ആണ്, കേരളത്തിലെ മദ്യപാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ദുഗോപൻ അവതരിപ്പിക്കുന്നത്. മണിയൻ പിള്ള എന്ന തസ്കരനു മനംമാറ്റം ഉണ്ടാകുന്നതും ഇതേ ബിവറേജസിന് പരിസരത്തു വെച്ചായിരുന്നു എന്നത് ഒരു ഇൻട്രാടെക്സ്റ്റുവൽ എവിഡൻസ് ആയി നമുക്ക് കാണാം.


(സാൻഡോർ മറായ് )

മണിയൻ പിള്ളയുടെ കഥയിൽ രാത്രിയിൽ എത്രയോ വീടുകളിൽ നടക്കുന്ന വന്യവും ഭീഷണവും കുടിലവും സങ്കീർണവുമായ രതിയുടെ ദൃശ്യാത്മക വിവരണമുണ്ട്. പക്ഷെ കൃതഹസ്തനായ ഒരു സിനിമാസംവിധായകനെപ്പോലെ, മോഷണത്തിന്റെ 'ധാർമ്മികസ്വഭാവത്തിൽ' അടിയുറച്ചു വിശ്വസിക്കുന്ന ഒരു കള്ളനായത് കൊണ്ട്, അയാൾ എല്ലാം ഒതുക്കിയെ പറയുന്നുളളൂ. ആദ്യരാത്രികൾ കട്ടിലിനടിയിൽക്കിടന്നു കാണുന്നതിൽ സ്പെഷ്യലൈസ് ചെയ്യന്ന ഒരു കള്ളന്റെ കഥയും അതിലുണ്ട്. എന്നാൽ ഇന്ദുഗോപന്റെ 'ഉറങ്ങാതിരിക്കുക! കള്ളനെപ്പിടിക്കാം! എന്ന കഥയിൽ തികച്ചും വ്യത്യസ്തമായ ഒരു ട്വിസ്റ്റ് ആണ് സംഭവിക്കുന്നത്. അവരുടെ ദാമ്പത്യം തകർച്ചയിലാണ് എന്നത് നാം കാണുന്നു. എന്ത്കൊണ്ടെന്ന് പക്ഷെ വ്യക്തമല്ല. രാത്രി ഒരു കള്ളൻ വീട്ടിൽ കയറുന്നു. കള്ളനെ, ബലിഷ്ഠകായനായ ഗൃഹനാഥൻ പിടികൂടുന്നു. കള്ളനെ ഞെട്ടിച്ചു കൊണ്ട്, അയാൾ സ്വവർഗ്ഗരതിയ്ക്കായുള്ള അഭിലാഷം പ്രകടിപ്പിക്കുകയാണ്. കള്ളൻ വല്ലവിധേനയും രക്ഷപെട്ടോടുന്നു. ഗൃഹനാഥൻ കള്ളൻ കള്ളൻ എന്ന് വിളിക്കുന്നു. മധ്യവർഗ്ഗ ജീവിതത്തിലെ അറിയാത്ത ഏടുകളാണ് അവിചാരിതവും അസംഭാവ്യവും എന്ന് തോന്നുന്ന കഥകളിലൂടെ തികച്ചും വിശ്വസനീയമായി ഇന്ദുഗോപൻ അവതരിപ്പിക്കുന്നത്.

കാണുന്നതെല്ലാം സത്യമല്ല, സത്യമായത് നാം കാണുന്നുമില്ല. പക്ഷെ പൊതുബോധത്തിൽ കാണുക അല്ലെങ്കിൽ ദൃക്സാക്ഷിയാവുക എന്നതിന് യാഥാർഥ്യത്തിന്റെ കുപ്പായം നാം അണിയിച്ചു കൊടുക്കുന്നു. കാണുന്നതിലല്ല സത്യം; സത്യം മറ്റെവിടെയോ ആണ്, അത് ഒരുപക്ഷെ ഒരിക്കലും തിരിച്ചറിയപ്പെടാതെ പോവുകയോ, ഭാഗികമായി മാത്രം മനസ്സിലാക്കപ്പെടുകയോ ചെയ്യുന്നു. സത്യം എന്നത് പലതെങ്കിലും (സത്തിയം പലത്- ഖസാക്കിന്റെ ഇതിഹാസം), ചിലപ്പോൾ അത് ഒരു വ്യക്തിയിൽ മാത്രം, ആരോടും പറയാത്തതിനാൽ ഒളിഞ്ഞുകിടക്കുന്നു. അങ്ങനെ നാം സത്യം മറച്ചും, സത്യം അറിയാതെയും സത്യാനന്തര കാലത്ത് ജീവിക്കുന്നു. ഒരു പക്ഷെ മനുഷ്യൻ എക്കാലത്തും സത്യത്തിനും യാഥാർഥ്യത്തിനും പുറത്ത് പ്രതീതി യാഥാർഥ്യങ്ങളിൽ ആയിരിക്കാം ജീവിച്ചു പോരുന്നത്. അതിനു തെളിവുകളായി ഇന്ദുഗോപന്റെ ലോഡ്ജിൽ പോലീസ് എന്ന കഥയും ബാംഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക് എന്ന കഥയും ചൂണ്ടിക്കാട്ടാം. നോക്കൂ എത്ര നേർമയുള്ളതാണ് കഥകളുടെ പേരുകൾ. അതിൽ എല്ലാമുണ്ട്. കഥയുടെ ബാധ്യതയിൽ പറഞ്ഞത് തന്നെയാണ്. ലോഡ്ജിൽ പോലീസ് വന്നത് വൃദ്ധനായ പരമുപിള്ള ആരോ ഏഴോ വയസ്സുള്ള പെൺകുട്ടിയെ റേപ്പ് ചെയ്തു എന്ന കാരണത്താലാണ്. പക്ഷെ ഒടുവിൽ എപ്പോഴോ നാം അറിയുന്നു (നാമത് വിശ്വസിക്കുമെങ്കിൽ) പെൺകുട്ടിയുടെ ഇളയകുട്ടികൾ തന്നെ അള്ളിപ്പറിച്ചതാണ് അവളെ. വിചിത്ര, ഭർത്താവ് നാടുവിട്ടു പോയിട്ടും അന്വേഷിക്കാതെ, സ്വയം ഇടയ്ക്കിടെ അപ്രത്യക്ഷയാവുകയാണ്. ഡോക്ടർമാരായ ആൺമക്കൾ പോലും അമ്മയ്ക്ക് അവിഹിതം ഉണ്ടെന്ന് സംശയിക്കുന്നു. പക്ഷെ കഥയുടെ മറുപുറത്ത്, സർവ്വഗുണസമ്പന്നനെന്നു മക്കൾ മനസ്സിൽ കരുതുന്ന അച്ഛൻ എയ്ഡ്സ് രോഗിയായി ബാംഗ്ലൂരിൽ മരിക്കാൻ കിടക്കുകയാണ്. അയാളെ കാണാനാണ് അവൾ പോകുന്നത്. പക്ഷെ നല്ലവനായ അച്ഛൻ എയ്ഡ്സ് രോഗിയായ കഥ ആരും അറിയില്ല. അത് വിചിത്രയ്ക്കൊപ്പം തീരും.


(എം പി നാരായണപിള്ള )

പെരുച്ചാഴി എന്നൊരു സിനിമ ഇറങ്ങി, പൊളിഞ്ഞു. അതെ സമയം എലിപ്പത്തായം എന്ന സിനിമ വിജയിച്ച സ്ഥലമാണ് കേരളം. പെരുച്ചാഴിയുടെ പരാജയത്തിന് കാരണം സിനിമയുടെ പേര് കൂടിയാണെന്ന് ഞാൻ കരുതുന്നു. ഇന്ദുഗോപന്റെ കഥാസമാഹാരത്തിൽ 'എലിവാണം' എന്നൊരു കഥയുണ്ട്. സത്യത്തിൽ കഥാസമാഹാരത്തിന് എലിവാണം എന്ന പേരായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ പുസ്തകം ഒരുപക്ഷെ പരാജയപ്പെടുമായിരുന്നു. ചില പേരുകൾ അങ്ങനെയാണ്. ( വിനോയ് തോമസിന്റെ 'പുറ്റ്' എന്ന നോവൽ വായിക്കാൻ എനിയ്ക്കിനിയും തോന്നാത്തതിന് കാരണം അതിന്റെ പേരല്ലാതെ മറ്റൊന്നുമല്ല). ഗംഭീരമായ കഥയാണ് എലിവാണം. വിമാനത്താവളത്തിലെ കിളിയടിയനാണ് മുനിയാണ്ടി. ദിവസക്കൂലിക്കാരൻ. കൂലിക്കൂടുതലിനായി മാനേജരുടെ കോളറിന് പിടിച്ചു. പോരെങ്കിൽ പരുന്തിനെ ഓടിക്കാൻ ഉപയോഗിക്കുന്ന എലിവാണം മാനേജർക്ക് നേരെ അയക്കുകയും ചെയ്തു. പോലീസ് പിടിച്ച മുനിയാണ്ടിയെ എസ് ചോദ്യം ചെയ്യുമ്പോൾ പുറത്തു വരുന്ന ജീവിതവീക്ഷണങ്ങളാണ് കഥയുടെ കാതൽ. ഇരുണ്ട ഹാസ്യം നിറഞ്ഞു നിൽക്കുന്ന കഥയിൽ, അറിവും ജീവിതത്തെക്കുറിച്ചുള്ള വ്യക്തതയും പണമില്ലാത്തവർക്ക് ഒരു ദോഷമായേ വരൂ എന്നത് വ്യകതമാക്കിത്തരുന്നു. മുനിയാണ്ടി മൂന്ന് ഇംഗ്ലീഷ് പത്രം വായിക്കും. അത് മാത്രം മതി അയാളെ തീവ്രവാദിയെന്ന് സംശയിക്കാൻ. മുനിയാണ്ടി ഒരു പൂയില്യനാണ്. ഇന്ദുഗോപന്റെ കഥകളിൽ ഒരുപാട് പൂയില്യാന്മാർ വന്നും പോയുമിരിക്കുന്നു. എം പി നാരായണപിള്ളയ്ക്ക് ശേഷം മലയാളത്തിൽ ഇരുണ്ടഹാസ്യവും ഈറി (eerie) എന്ന് പറയാവുന്നതുമായ സാഹിത്യാനുഭവവും ഉണ്ടാക്കിയിട്ടുള്ളത് ജി ആർ ഇന്ദുഗോപനാകുന്നു. ശരീരത്തെ ആത്മാവിലേക്ക് ഒതുക്കിപ്പിടിച്ച് വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്താണ് ഇന്ദുഗോപന്റേത്.

(പ്രസാധനം: ഡി സി ബുക്ക്സ്. വില : 170 രൂപ)

- ജോണി എം എൽ


Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ