മനോഹരം എന്ന വാക്കിന് ഒരു പര്യായപദം : റോസ്മേരിയുടെ ഓർമ്മകളെ വായിക്കുമ്പോൾ



(ചെമ്പകം എന്നൊരു പാപ്പാത്തി)

വീട്ടിനുള്ളിൽ അടച്ചിരിക്കുന്നു മനുഷ്യൻ ഒരു പുസ്തകം വായിച്ച ശേഷം 'ഹൃദ്യം' എന്നോ 'മനോഹരം' എന്നോ സ്വയം പറഞ്ഞു കൊണ്ട്, പുസ്തകം മേശമേൽ ഇട്ടു കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ കസേരയിലേക്ക് ചാഞ്ഞ്, നെഞ്ചിൽ വിരലോടിച്ചു അനന്തമായ പ്രപഞ്ചത്തെക്കുറിച്ചും അതിലെ ചെറിയ ജീവിതങ്ങളിലെ സന്തോഷങ്ങളെയും സങ്കടങ്ങളെക്കുറിച്ചും ഒക്കെ ഓർക്കുമെങ്കിൽ ആ പുസ്തകം തന്നെ ഉദാത്തം എന്ന് പറയേണ്ടി വരും. റോസ് മേരി എന്ന കവയത്രിയുടെ 'ചെമ്പകം എന്നൊരു പാപ്പാത്തി' എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചെയ്ത കാര്യമാണ് മുകളിൽ കുറിച്ചത്. അപ്പോൾ ഞാൻ പി കുഞ്ഞിരാമൻ നായരെ ഓർത്തു. അദ്ദേഹം 'കളിയച്ഛൻ' എന്ന കവിതയിൽ 'വായ്ക്കും രസത്തിൻ കസാലയിൽ വീണുടൻ/മാനത്ത് മോഹപ്പുകക്കോട്ട കെട്ടണം' എന്നൊരിടത്ത് പറയുന്നുണ്ട്. ഞാനത് ചെയ്തു; ബീഡി വലിക്കാതെ തന്നെ. കളിയച്ഛൻ എന്ന് പറഞ്ഞപ്പോൾ ഞാൻ പൊടുന്നനെ 'എണ്ണച്ഛായം' എന്ന് റോസ്മേരി രണ്ടിടത്ത് എഴുതിയത് ഞാനോർത്തു പോയി. എണ്ണച്ചായമാണ്; മേലിൽ ശ്രദ്ധിക്കുമല്ലോ.

ഏറെക്കാലത്തിനു ശേഷം അടുത്തിടെയാണ് എനിയ്ക്ക് സൈക്കിൾ കിട്ടിയത്. അതുകൊണ്ട് സൈക്കിൾ സവാരിയുമായി ബന്ധപ്പെട്ട ഒരു അലങ്കാരം തന്നെ കൊണ്ട് വരാം. റോസ്മേരിയുടെ ഈ പുസ്തകം വായിച്ചപ്പോൾ എനിയ്ക്ക് തോന്നിയത്, തിരുവനന്തപുരം കോർപ്പറേഷൻ മുതൽ വെള്ളയമ്പലം വരെ, അവിടെ നിന്ന് കവടിയാർ വരെ അധികം കയറ്റമില്ലാത്ത, ഇരുവശവും  കൊന്നപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന മരങ്ങൾ അതിരിട്ട പരന്ന പാതയിലൂടെ അവാച്യമായ ആനന്ദാനുഭവങ്ങളിൽ മുഴുകി സൈക്കിൾ ചവുട്ടിപ്പോകുന്നത് പോലെയാണ്. ഇടയ്ക്കിടെ 'ഹൃദയാവർജ്ജകം' എന്ന വാക്ക് ഉപയോഗിക്കണമെന്ന് തോന്നിയപ്പോഴൊക്കെ ഞാൻ ആ തള്ളിച്ചയെ അടക്കി. ആ വാക്ക് ഉപയോഗിക്കുമ്പോൾ, കയറ്റം ചവുട്ടിക്കയറ്റാൻ തുടങ്ങുമ്പോൾ ഗീയറുള്ള സൈക്കിളിൽ ഗീയർ മാറുമ്പോൾ തോന്നുന്ന അസ്വാസ്ഥ്യജനകമായ ഒരു ശബ്ദത്തെ ഞാൻ അനുസ്മരിച്ചു. അതിനാൽ റോസ്മേരിയുടെ ഈ പുസ്തകത്തെ ഞാൻ ഹൃദയാവർജ്ജകം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാതെ പായസം കുടിച്ച അനുഭവം നൽകുന്ന 'ഹൃദ്യം' എന്ന വാക്കു കൊണ്ടും റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയെ പരാവർത്തനം ചെയ്യാൻ അയ്യപ്പപ്പണിക്കർ ആദ്യം തന്നെ ഉച്ചരിച്ച 'മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും' എന്നതിലെ മനോഹരം എന്ന വാക്ക് കൊണ്ടും വിശേഷിപ്പിക്കുകയാണ്.


(റോസ് മേരി)

മാധവിക്കുട്ടിയും സുഗതകുമാരിയും അഷിതയും ഒക്കെ ഒരുമിച്ചു ചേരുന്ന ഒരു ഭോജനശാലയിൽ, ഒരു കോണിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന റോസ്മേരിയെ അവർ വിളിച്ച അരികിലിരുത്തിയ ശേഷം, ഇനിമേൽ നീയും നമുക്കൊപ്പം എന്ന് പറഞ്ഞു നാവിൽ വശീകരണമന്ത്രം എഴുതിവിട്ടാൽ എന്ത് സംഭവിക്കുമോ അതാണ് ഇപ്പുസ്തകത്തിൽ സംഭവിച്ചിരിക്കുന്നത്. പാരീസ് രാജകുമാരനെ ആശയക്കുഴപ്പത്തിൽപ്പെടുത്തിയ മൂന്ന് ഗുണവതികളെയും, മാക്ബെത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട മൂന്ന് യക്ഷിണികളെയും ഞാൻ ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു; സത്വ ഗുണത്തിനൊപ്പം തമോഗുണവും ചേർന്ന് നിൽക്കുമ്പോഴേ സ്ത്രീ സ്ത്രീയാകുന്നുള്ളൂ. ഞാൻ പറയുന്നത് മാനസികഭാവത്തെക്കുറിച്ചാണ് കേട്ടോ. സ്ലാവോജ് സിസേക്ക്, സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ, 'കുറവാണ്' സൗന്ദര്യം എന്ന് പറയുന്നുണ്ട്. ആ കുറവ് കൂടി ചേരുമ്പോഴാണ് സൗന്ദര്യം ഉണ്ടാകുന്നത്; ദർശനത്തിൽ പൂർത്തീകരിക്കപ്പെടുന്നതാണ് സൗന്ദര്യം. അതിനാൽ, ഒരു അഞ്ചു പൗണ്ട് ഭാരം കുറയ്ക്കണമെന്ന് കാമുകൻ ആവശ്യപ്പെട്ടാൽ അത് കുറയ്ക്കരുതെന്ന് സിസേക്ക് സുന്ദരിയോട് പറയുന്നു. ആദര്ശാത്മകമായ സൗന്ദര്യത്തിൽ എത്തിയാൽ പിന്നെ 'പ്‌ളെയിൻ, ബോറിങ്' എന്നൊക്കെ പറയാനേ കഴിയൂ. ഓർഹൻ പാമുക്ക്, 'സ്ട്രെയ്ന്ജനെസ്സ് ഇൻ മൈ മൈൻഡ്' എന്ന നോവലിൽ, അല്പം അഴുക്ക് കൂടി ചേർന്നില്ലെങ്കിൽ വഴിവക്കിൽ നിന്ന് വാങ്ങുന്ന ചോറിനും കടലക്കറിയ്ക്കും രുചിയില്ലെന്ന് പറയുന്നു. റോസ്മേരിയുടെ രചനയിൽ സത്വവും തമസ്സുമായ ഗുണങ്ങൾ ചേർന്നിരിക്കുന്നു.

തമോഗുണം എല്ലായ്പ്പോഴും ദോഷം മാത്രം ആകണമെന്നില്ല; അത് ദൗർബല്യവും ആകാം. മനുഷ്യരോടുള്ള സമീപനത്തിൽ തരളിതയാകുന്ന എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. അത് റോസ്മേരിയുടെ ജീവിതചിത്രണത്തിലും ഉണ്ട്. പ്രകൃസ്തിസൗന്ദര്യത്തിന്റെ പേലവത്തത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും, അല്പം അകന്നു നിന്ന് കാണാനും അതേച്ചൊല്ലി വിഷാദത്തിൽ മുങ്ങിയ വാക്കുകൾ പറയാനും കഴിയുന്ന സുഗതകുമാരിയുടെ ഒരംശം റോസ്മേരിയുടെ രചനകളിൽ ഉണ്ട്. എന്നാൽ സുഗതകുമാരിയുടെ 'ഉദ്ദിഷ്ടകാര്യകേന്ദ്രിതത്വം' അതിലൂടെ ഉണ്ടാകുന്ന സ്റ്റെർൺനെസ് എന്നിവ റോസ്മേരിയിൽ ഇല്ല. അഷിതയുടെ ഏകാന്തതയും നിശബ്ദതയും രഹസ്യാത്മകതയും റോസ്മേരിയിൽ ഉണ്ട്. ഞാനിതെല്ലാം പറയുന്നത്, റോസ്മേരിയുടെ കവിതകളുമായുള്ള അതിപരിചയം കൊണ്ടല്ല. ഏതാനും കവിതകൾ മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ. പക്ഷെ ഈ കുറിപ്പുകളുടെ സമാഹാരം മാത്രം മതി റോസ്മേരിയുടെ പദ്യഗുണവും ഗദ്യഗുണവും മനസ്സിലാക്കാൻ.


(ജോൺ അബ്രഹാം )

ബാല്യത്തിന്റെ ഓർമ്മകൾ എല്ലാ എഴുത്തുകാർക്കും വിലപ്പെട്ടതാണ്. എന്നാൽ, തനിയ്ക്ക് ചുറ്റും കാണപ്പെട്ടിരുന്ന റബ്ബർ മരങ്ങളെക്കുറിച്ചു ഇത്രയും റൊമാന്റിക് ആയി എഴുതിയിട്ടുള്ള മറ്റൊരു എഴുത്തുകാരി ഉണ്ടാകാൻ വഴിയില്ല. കോട്ടയത്തെ കുറിച്ചുള്ള രചനയിൽ, ആ ജില്ല കേരളത്തിന് നൽകിയിട്ടുള്ള സംഭാവനകളെ ഓർക്കുമ്പോൾത്തന്നെ, അവിടത്തെ മനുഷ്യരുടെ അതിജീവനതന്ത്രങ്ങളും ഭ്രാന്തും ഹാസ്യവും എല്ലാം വെളിപ്പെടുത്തുന്നു. 'കോട്ടയത്ത് എത്ര മത്തായി' എന്ന ജോൺ അബ്രഹാം കഥയെ അപ്പോൾ ഓർക്കാതിരിക്കാൻ കഴിയുകയില്ല. ലോകത്ത് എന്ത് സംഭവിച്ചാലും കോട്ടയത്തെ അച്ചായന്മാർ സഹിക്കും, പക്ഷെ ബീഫിന് വിലകൂടിയാൽ വിപ്ലവമുണ്ടാകും എന്ന് കോട്ടയത്തെ ജീവിതശൈലിയെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. കോട്ടയത്തെക്കുറിച്ചു ഒരു പാർശ്വവീക്ഷണമാകയാലാകണം റോസ്മേരി അക്കാര്യം പറഞ്ഞിട്ടില്ല. 'കൊട്ടാരം കാവൽക്കാരി' എന്നൊരു കുറിപ്പിൽ, റോസ്മേരിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീ വീടുകാണാൻ വിളിച്ച കാര്യമാണ് പറയുന്നത്. വമ്പിച്ച പണം ചെലവഴിച്ചു വെച്ച ആ മഹാമാളികയിൽ പക്ഷെ ആ സ്ത്രീയ്ക്ക് ഇരിക്കാനും കിടക്കാനും വയ്യ. സോഫയിൽ ഇരുന്നാൽ അത് അഴുക്കാകുമെന്ന് ഭയം. കിടക്കയിൽ കിടന്നാൽ അത് ചുളിയുമെന്നു ഭയം. അടുക്കളയിൽ കരിപിടിച്ചാലോ എന്ന് ഭയം. അതിനാൽ അവർ തറയിലിരുന്ന് ടി വി കാണുന്നു. നിലത്ത് പായ വിരിച്ചുറങ്ങുന്നു. വീട്ടിനു പുറത്ത് കെട്ടിയ ചാർത്തിൽ അടുക്കളയും തീൻ സ്ഥലവും ഒരുക്കിയിരിക്കുന്നു. അതിഥികൾ വന്നാൽ കുട്ടികൾ അഴുക്കാക്കുമോ എന്ന് ഭയന്ന് ആരെയും വീട്ടിൽ കടത്താറില്ല. അങ്ങനെ ഒരു സുഖവും അനുഭവിക്കാതെ ജീവിക്കുന്ന ആ സ്ത്രീയുടെ കഥ വായിക്കുമ്പോൾ നമുക്ക് പരിചയമുള്ള ചിലരെ ഓർക്കാതിരിക്കാൻ കഴിയില്ല. ഞാനും കണ്ടിട്ടുണ്ട് അങ്ങനെ പലരെയും പല വീടുകളും.


 (മാധവിക്കുട്ടി)

റോസ്മേരിയെ പറ്റിയ്ക്കാൻ എളുപ്പമാണെന്ന് തോന്നും; അതായത്, പാവത്തവും പയ്യാരവും പറഞ്ഞു അടുത്ത് കൂടുന്ന ചിലർ ധനവും സഹായവും നേടിക്കൊണ്ട് പോകുന്നു. പിന്നെയാണ് അറിയുന്നത് അവർ പറ്റിക്കുകയായിരുന്നെന്ന്. പക്ഷെ അത് കൂടി ചേരുമ്പോഴാണ് ജീവിതം പൂര്ണമാകുന്നതെന്ന് സൂചിപ്പിക്കുന്ന ഏതാനും സംഭവങ്ങൾ റോസ്മേരി എഴുതുന്നു. അതുപോലെയാണ് സുജനപാൽ എന്നൊരു കവിയുടെ കഥ. മറ്റുള്ളവരെ സഹായിച്ചു വെട്ടിൽവീണുപോയ അയാൾ ഒടുവിൽ തന്റെ ജീവിതലക്ഷ്യം കവിയാവുക എന്നതാണെന്ന് കരുതി ജീവിക്കുന്നു. നൽക്കാലികളെഴുതി എട്ടുകാലികളിൽ പ്രസിദ്ധീകരിച്ച് തൃപ്തിയടയുകയാണ് ആ മനുഷ്യൻ. പക്ഷെ, അയാളെ വിധിക്കാതെ തന്നെ റോസ്മേരി അയാളുടെ കഥ പറഞ്ഞു വെയ്ക്കുന്നു. 'ഓണം പോലൊരു ആങ്ങള' എന്ന ലേഖനം ഹൃദയസ്പര്ശിയാണ്. കുവൈറ്റിൽ നിന്ന് ജോലി പോയി തിരികെ വരുന്ന അനുജനും ഭാര്യയും തങ്ങളുടെ വീട്ടിന്റെ ഒഴിഞ്ഞു കിടക്കുന്ന ഒന്നാം നില ചോദിച്ചേക്കുമോ എന്ന് ഭയന്ന് വാടകക്കാരെ അടിയന്തരമായി തപ്പുന്ന ഡോക്ടർ ദമ്പതികളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട്, അന്നന്നിടം കഴിയാൻ കഷ്ടപ്പെടുന്ന ഒരു വഴിയോര കച്ചവടക്കാരൻ, ഗാര്ഹികപീഡനം അനുഭവിക്കുന്ന തന്റെ സഹോദരിയെയും കുട്ടികളെയും കൂടി ഏറ്റെടുക്കുന്ന കഥ റോസ്മേരി പറയുന്നു. അതേസമയം, അച്ഛന്റെ ശവമടക്ക്, ഒരേപോലെ എംബ്രോയിഡറിയുള്ള സാരി വരുന്നത് വരെ വെച്ച് താമസിപ്പിക്കുന്ന ആറു പെണ്മക്കളെക്കുറിച്ചും റോസ്മേരി എഴുതുന്നു.


ഓരോ മനുഷ്യനും ഒരു കഥയാണ്. പുസ്തകത്തിന്റെ പേരുകൂടിയായ ലേഖനം, ചെമ്പകം എന്നൊരു നാടോടിപ്പെൺകുട്ടിയുടെ കഥയാണ്. റോസ്മേരിയ്ക്ക് അവളെ ദത്തെടുത്ത് വളർത്തി പഠിപ്പിച്ചു വലുതാക്കണമെന്നുണ്ട്. പക്ഷെ, മനസ്സിൽ ഒരു ചെമ്പകപ്പൂ വിരിയിച്ച ശേഷം ആ പെൺകുട്ടി, തന്റെ നാടോടി ജീവിതത്തിലേയ്ക്ക് അപ്രത്യക്ഷയായി. ഒരു പത്രവാർത്തയെ ആധാരമാക്കി എഴുതിയ 'അസുലഭമായ ഒരു സ്നേഹചരിത്രം' രാജപ്പൻ എന്നൊരു പട്ടിയെക്കുറിച്ചാണ്. ഒരു പട്ടിയ്ക്കെന്തു കഥ എന്ന് ചോദിക്കുമെങ്കിൽ, രാജപ്പന്റെ കഥ വായിക്കണം. ഒരു ഗ്രാമത്തിനു മുഴുവൻ പ്രിയങ്കരനായ ആ നായ, ആ ഗ്രാമത്തിലെ ഓരോ മനുഷ്യനോടും ഓരോ രീതിയിലാണ് ബന്ധപ്പെട്ടിരുന്നത്. കുട്ടികൾ അവനെ 'രായപ്പയണ്ണൻ' എന്നും സ്ത്രീകൾ അവനെ 'എന്റെ കുഞ്ഞെന്നും' എന്റെ മക്കൾ' എന്നും വിളിച്ചിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ആ ബന്ധത്തിന്റെ ആഴം നമ്മൾ അറിയും. ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. ഈ പുസ്തകം മലയാളത്തിൽ എഴുതപ്പെട്ട ഓർമ്മക്കുറിപ്പുകളിൽ ഏറ്റവും മനോഹരമായ ഒന്നാണ്.

(പ്രസാധനം: ഡി സി ബുക്ക്സ്. വില: 130 രൂപ)

- ജോണി എം എൽ




Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ