'ഗച്ചാർ ഗോച്ചർ': കുരുങ്ങുന്ന ജീവിതങ്ങളുടെ മധുരപുസ്തകം



(വിവേക് ഷാൻബാഗ്  ചിത്രം അവലംബം സ്ക്രോൾ )


ഓരോ പ്രാവശ്യവും പുസ്തകക്കടകളിൽ കയറിയിറങ്ങുമ്പോൾ വിവേക് ഷാൻബാഗിന്റെ  'ഗച്ചർ ഗോച്ചർ' എന്ന പുസ്തകം കാണും. അതേക്കുറിച്ചു വന്ന നല്ല നിരൂപങ്ങളെയെല്ലാം ഓർക്കും. വായന പിന്നീടൊരിക്കലാകാം എന്ന് പറഞ്ഞു മാറ്റി വെയ്ക്കും. ഒടുവിൽ, 2015-16 വർഷത്തിൽ ഇറങ്ങിയ പുസ്തകം ഞാൻ വായിച്ചത് ഈയിടെയാണ്. ഇത്രയും താമസിച്ചത് എന്റെ പിഴ എന്റെ പിഴ എന്റെ ഏറ്റവും വലിയ പിഴ എന്ന് ഏറ്റുപറയുവാൻ തോന്നി. കന്നടയിൽ എഴുതി ഇംഗ്ലീഷിലേക്കു ശ്രീനാഥ് പേരൂർ വിവർത്തനം ചെയ്ത പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് ഹാർപർ പെരെന്നിയേൽ ആണ് . ഒരു വിവർത്തനാപുസ്തകം ആണെന്ന് തോന്നിപ്പിക്കാത്ത ലഘുത്വവും പാരായണ സുഖവും പ്രദാനം ചെയ്യുന്ന ചെറു നോവൽ വായിച്ചപ്പോൾ ഇതിന്റെ ഒറിജിനൽ കന്നടയിൽ എത്ര ഹൃദയാവർജകം ആയിരിക്കും എന്ന് തോന്നിപ്പോയി. പുസ്തകം വായിച്ച പലരും ഇതിനെ മോപ്പസാങ്ങിന്റെ കഥാശൈലിയോടും ടോൾസ്റ്റോയിയുടെയും ആർ കെ നാരായണന്റെയും ആഖ്യാനശൈലിയോടും ഒക്കെ താരതമ്യപ്പെടുത്തുന്നുണ്ട്. വിവേക് ഷാൻബാഗ് ഇന്ത്യൻ ചെഖോവ് ആണെന്നാണ് മാക്സിമം സിറ്റി എഴുതിയ സുകേതു മെഹ്ത വിശേഷിപ്പിക്കുന്നത്.


അങ്ങിനെ നമുക്ക് ആരെയും ആരോടും ഉപമിക്കാനും സാദൃശ്യപ്പെടുത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം ബാംഗ്ലൂർ നഗരത്തിന്റെ ഒരു ജീവിതാനുഭവം ആണ് നൽകിയത്. അതുകൊണ്ടു തന്നെ ഞാൻ ഓർത്തത് ശിവരാമ കാരന്തിന്റെയും ബി വി കാരന്തിന്റെയും അനന്തമൂർത്തിയുടെയും ഒക്കെ രചനകളിലെ മണവും ഗുണവും ഒക്കെയാണ്. നേരം പരപരാ വെളുത്തു തുടങ്ങുമ്പോൾ നല്ല സ്റ്റീൽ ടംബ്ലറിൽ കിട്ടുന്ന ഫിൽറ്റർ കോഫിയുടെ മണം ഉള്ള നോവൽ എന്ന് വേണമെങ്കിൽ പറയാം. ഊതിയാറ്റി കുടിച്ചാലും രുചിക്കൊപ്പം നാവു പൊള്ളും; ആസ്വദിച്ചു വായിക്കുമ്പോഴും മനസ്സ് ഇടയ്ക്കിടെ പൊള്ളിപ്പോകും. ബാംഗ്ലൂരിൽ വളരെ പ്രശസ്തമായ ഒരു കോഫീഹൌസുണ്ട്; കോശീസ് എന്നാണതിന്റെ പേര്. നോവലിൽ പേര് പറയുന്നില്ല എങ്കിലും അവിടെയൊരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവർക്ക് അതേക്കുറിച്ചു ഒരു കഥയെഴുതാൻ തോന്നാതിരിക്കില്ല. അവിടെ മണിക്കൂറുകളോളം വന്നിരിക്കുന്ന മനുഷ്യരുണ്ട്. ഒരു കപ്പു കാപ്പി വാങ്ങി മുന്നിൽ വെച്ച് കൊണ്ട് ഒരു മേശയും കസേരയും സ്വന്തമാക്കി ഒറ്റയ്ക്ക് അനേകം മണിക്കൂറുകൾ ചെലവഴിക്കുന്ന മനുഷ്യർ ഉണ്ട്. അവരെ ആരും എഴുന്നേൽപ്പിച്ചു വിടില്ല. നമ്മുടെ ആഖാതാവ് കോഫീ ഹൌസിലെ നിത്യസന്ദർശകനാണ്. അയാൾ പറയുന്നത് കേൾക്കുക: "അവർക്കതറിയാം; അവിടെ അങ്ങിനെ ഒന്നും ചെയ്യാതെ ഒരു പാട് നേരം ഇരിക്കുന്നവരുടെ തലയ്ക്കുള്ളിൽ ഒരായിരം ചക്രങ്ങൾ കറങ്ങിക്കൊണ്ടിരിക്കുകയാവും. കറങ്ങുന്ന ചക്രങ്ങൾ ഒരുവന് സ്വസ്ഥത നൽകുകയില്ല."


ആഖ്യാതാവ് കോഫീ ഹൌസിലെ പരിചാരകനായ വിൻസെന്റിനെ ബഹുമാനിക്കുകയും അയാളെ അത്ഭുതത്തോടെ നോക്കുകയും ചെയ്യുന്നു. പതിവുകാരുടെ ആവശ്യങ്ങളെ അറിഞ്ഞു നിറവേറ്റിക്കൊടുക്കുന്ന ഒരാളാണ് വിൻസെന്റ്. അയാൾ മനുഷ്യമനസ്സിന്റെ ആന്തരിക പ്രവർത്തനങ്ങൾ അറിയാവുന്ന ഒരുവനാണെന്ന് ആഖ്യാതാവ് കരുതുന്നു. നോവലിൽ വിന്സെന്റിനു ആകപ്പാടെ നാലോ അഞ്ചോ വാചകങ്ങളേ പറയാനുള്ളൂ. പക്ഷെ അയാളുടെ അറിവിലാണ് ലോകം മുഴുവൻ നിലനിൽക്കുന്നതെന്ന് ആഖ്യാതാവിനെപ്പോലെ തന്നെ നമുക്കും തോന്നിക്കൂടായ്കയില്ല. ആഖ്യാതാവ് താൻ അവിടെ വെച്ച് പരിചയപ്പെട്ട ചിത്രയെക്കുറിച്ചു ഓർക്കുന്നു. അവളുമായി പിരിഞ്ഞ ദിനത്തെയോർക്കുന്നു. സ്വന്തം ജീവിതത്തെ ഓർക്കുന്നു. ദാരിദ്ര്യത്തിൽ നിന്ന് സമ്പത്തിലേയ്ക്ക് കയറി വന്ന കുടുംബമാണ് അയാളുടേത്. ആര് പേര് അടങ്ങുന്ന കുടുംബം; അച്ഛൻ, 'അമ്മ, ചിറ്റപ്പൻ, ആഖ്യാതാവിന്റെ സഹോദരി മാലതി, ഭാര്യ അനിത. മാലതി സ്വന്തം ഭർത്താവിനോട് പിണങ്ങി വീട്ടിൽ തിരികെ വന്നു താമസിക്കുകയാണ്. മൂന്നു സ്ത്രീകൾ പരസ്പരം വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയും തലോടിയും ജീവിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ ആഖ്യാതാവ് ജീവിതത്തിൽ നിന്ന് തന്നെ മാറിനിൽക്കാൻ ശ്രമിക്കുകയാണ്.



ഒരു തേയിലക്കമ്പനിയിലെ സെയിൽസ് റെപ്രെസെന്ററ്റീവ് ആയിരുന്നു അച്ഛൻ. 'അമ്മ വീട്ടമ്മ. ചിറ്റപ്പൻ കോളേജ് വിദ്യാർത്ഥി. ആഖ്യാതാവും മാലതിയും സ്കൂൾ വിദ്യാർഥികൾ. ഒരു തീവണ്ടി പോലുള്ള വീട്ടിലാണ് അവർ ജീവിച്ചിരുന്നത്. അവിടം നിറയെ ഉറുമ്പുകളായിരുന്നു. 'അമ്മ രാത്രി ഉറുമ്പുകളെ കൊല്ലാൻ ശ്രമിച്ചിരുന്നു. നിറയെ ഉറുമ്പുകൾ ഉള്ള വീട്ടിൽ താമസിച്ചതിനാലാകണം ഉറുമ്പുകളെ എവിടെ കണ്ടാലും കൊള്ളാൻ അയാൾക്ക് തോന്നുന്നത്. ഊട്ടിയിലെ മധുവിധു കാലത്ത് അനിതയുടെ മുന്നിൽ വെച്ച് അയാൾ ഒരു ഉറുമ്പിനെ കൊല്ലുന്നു. അവൾ പ്രതിഷേധിക്കുന്നു. പക്ഷെ അനിതയ്ക്ക് മനസ്സിലാകില്ല ഉറുമ്പുകൾ ഉള്ള വീട്ടിൽ ജീവിച്ച ഒരാളിന്റെ വിഷമങ്ങൾ. അച്ഛനെ കമ്പനി നിർബന്ധിത വിരമിക്കൽ നടത്തുന്നു. ചിറ്റപ്പൻ, കേരളത്തിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി കർണ്ണാടകത്തിൽ റീറ്റെയ്ൽ ചെയ്യുന്ന ബിസിനസ് തുടങ്ങുന്നു. സോനാ മസാല എന്ന് കമ്പനിയുടെ പേര്. വളരെപ്പെട്ടെന്നാണ് ബിസിനസ് പച്ചപിടിക്കുന്നതും അവർ സമ്പന്നരാകുന്നതും. അയാൾ/വിവേക് ഷാൻബാഗിനെ പ്രതിനിധി പറയുന്നു: "അവർ പറയുന്നത് ശരിയാണ്- നമ്മളല്ല പണത്തെ നിയന്ത്രിക്കുന്നത്, പണം നമ്മളെ നിയന്ത്രിക്കുകയാണ്. അല്പം മാത്രമുള്ളപ്പോൾ അത് വിധേയത്വത്തോടെ പെരുമാറുന്നു; അത് വളരുമ്പോൾ അതിന് അഹങ്കാരം കൂടുകയും അത് നമ്മെ പിടികൂടുകയും ചെയ്യുന്നു. പണം ഞങ്ങളെ ഒരു കൊടുങ്കാറ്റിലേറ്റി അടിച്ചുയർത്തി."


വീട്ടിൽ ചിറ്റപ്പൻ മാത്രം ജോലിയെടുക്കുന്ന. ചിറ്റപ്പൻ കല്യാണം കഴിച്ചിട്ടില്ല. പണം ധാരാളം ഉള്ളതിനാൽ ആഖ്യാതാവിനു ജോലിക്കു പോകേണ്ട ആവശ്യമില്ല. എങ്കിലും കമ്പനിയുടെ ഡയറക്ടറന്മാരിൽ ഒരാളാണ് അയാൾ. ബാങ്കിൽ മാസം തോറും ശമ്പളം എന്ന നിലയിൽ പണം വരുന്നു. പക്ഷെ വിവാഹം കഴിയുന്നതോടെ അനിത ചോദിക്കുന്നത് നിങ്ങൾ എന്തുകൊണ്ട് ജോലിക്കു പോകുന്നില്ല എന്നാണ്. അവൾ അയാളെ പരിഹസിക്കുന്നു. അവൾ അയാളുടെ വീട്ടുകാരുടെ കാമ്പില്ലായ്മയെ ചോദ്യം ചെയ്യുന്നു. ചിറ്റപ്പൻ അന്വേഷിച്ചു ഒരു സ്ത്രീ വരുന്നുണ്ട്. അയാൾക്കിഷ്ടപ്പെട്ട പരിപ്പ് കരി അവൾ കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ 'അമ്മ അവരെ ആട്ടിപ്പായിക്കുന്നു. വീട്ടിൽ ക്രൂരതയെ ചോദ്യം ചെയ്യുന്നത് അനിത മാത്രമാണ്. ഒരു ദിവസം അനിത അവളുടെ ഹൈദെരാബാദിലുള്ള വീട്ടിൽ പോകുന്നു. അവൾ വരാനുള്ള ദിവസത്തിന് മുൻപ് വീട്ടിലെ തീൻ മേശയിൽ ദുരൂഹ മരണങ്ങളെ കുറിച്ചുള്ള ചർച്ച ഉണ്ടാകുന്നു. തെളിവില്ലാതെ എങ്ങിനെ ഒരാളെ കൊല്ലാം എന്നൊക്കെ ചിറ്റപ്പൻ സാന്ദർഭികമായി പറയുന്നു. ആഖ്യാതാവ് കമ്പനിയിൽ രണ്ടു ദിവസം കഴിയുന്നു. അയാൾക്ക് വീട്ടിൽ വരാൻ തോന്നുന്നില്ല. അനിത വരേണ്ട ദിവസം കഴിഞ്ഞിട്ടും അനിത വരുന്നില്ല. അവൾക്കെന്തെങ്കിലും സംഭവിച്ചിരിക്കുമോ?


പ്രണയത്തിനും ഏകാന്തതയ്ക്കും ആന്തരികമായ ശൂന്യതയ്ക്കും അടിപ്പെട്ടുപോയ സമകാലിക മനുഷ്യരുടെ കഥയാണ് ഗച്ചാർ ഗോച്ചർ എന്ന് പറയാം. എങ്ങിനെയാണ് പേര് വരുന്നത്. അനിതയ്ക്കും ആങ്ങളയ്ക്കും അവരുടെ മാതാപിതാക്കൾക്കും മാത്രം അറിയാവുന്ന ഒരു വാക്കാണ് അത്. അഞ്ചാമതൊരാൾ അറിയുന്നെങ്കിൽ അത് ആഖ്യാതാവാണ്. ഒരിക്കൽ അനിതയുടെ സഹോദരൻ പട്ടം പറത്തുകയായിരുന്നു. നൂലുണ്ട അപ്പോൾ വല്ലാതെ കുരുങ്ങിപ്പോയി. 'ഇതാകെ ഗച്ചാർ ഗോച്ചർ' ആയല്ലോ എന്നവൾ  പറഞ്ഞു. അത് കുടുംബത്തിന്റെ സ്വകാര്യ കോഡായി മാറി. രത്യുത്സാഹത്തിൽ അയാൾ അവളുടെ പാവടച്ചരട് അഴിക്കാൻ ശ്രമിക്കുമ്പോൾ അത് കുരുങ്ങിപ്പോകുന്നു. അവളും ശ്രമിക്കുന്നു. വേളയിലാണ് അവൾ അറിയാതെ വാക്ക് പറഞ്ഞു പോകുന്നത്. ഗച്ചാർ ഗോച്ചർ കുരുങ്ങിപ്പോയ വാക്കാണ്; കുരുങ്ങിയതിനെ കുറിച്ചുള്ള വാക്കാണ്. ആഖ്യാതാവിന്റെയും കുടുംബത്തിന്റെയും ജീവിതം അതിന്റെ തന്നെ അന്തസ്സാര ശൂന്യതയിൽ കുരുങ്ങിപ്പോയിരിക്കുന്നു. അതുമായി ബന്ധപ്പെടുന്ന എല്ലാവരും കുരുക്കിൽ പെട്ട് പോകുന്നു. എനിയ്ക്കു മധുരപലഹാരങ്ങൾ കഴിച്ചു കൂടാ. എങ്കിലും പറയട്ടെ, ഏറ്റവും രുചികരമായ ഒരു മധുരപലഹാരം നൽകുന്ന അനുഭൂതിയാണ് നോവലിന്റെ പാരായണം എന്ന പ്രക്രിയ എനിയ്ക്കു നൽകിയത്.

ജോണി എം  എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ