ആദിവാസി നൃത്തം ചെയ്യില്ല -: ഹാൻസ്ദ സോവേന്ദ്ര ശേഖറിന്റെ മികച്ച കഥാസമാഹാരം


(ഹാൻസ്ദ സോവേന്ദ്ര ശേഖർ- courtesy scroll.in)


 "ജോഹർ രാഷ്ട്രപതി ജീ, ഞങ്ങളുടെ സാന്താൾ പർഗാനയിൽ താങ്കൾ വന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും ഉണ്ട് കൂടാതെ താങ്കളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നതിലേക്കായി സംഗീതവും നൃത്തവും നടത്തുവാൻ ഞങ്ങളെ തെരെഞ്ഞെടുത്തതിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങൾ തങ്ങളുടെ മുന്നിൽ ആടുകയും പാടുകയും ചെയ്യാം പക്ഷെ ഒരു കാര്യം പറയൂ ആടാനും പാടാനും നമുക്കെന്തെങ്കിലും ഒരു കാരണമുണ്ടോ? നമുക്ക് സന്തോഷിക്കാൻ ഒരു കാരണമുണ്ടോ? നിങ്ങൾ ഇപ്പോൾ പവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ തുടങ്ങും, പക്ഷെ പ്ലാന്റ് ഞങ്ങളുടെ എല്ലാം അന്ത്യം കുറിക്കും, എല്ലാ ആദിവാസികളുടെയും അന്ത്യമാണിത്. താങ്കളുടെ  ഇരുവശത്തും ഇരിക്കുന്നവർ പ്ലാന്റ് ഞങ്ങളുടെ ജീവിതത്തിൽ എങ്ങിനെ ഭാഗ്യം കൊണ്ടുവരുമെന്ന് താങ്കളോട്  പറഞ്ഞിട്ടുണ്ടാകും. എന്നാൽ അതെ മനുഷ്യർ തന്നെയാണ് ഞങ്ങളെ ഞങ്ങളുടെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും കുടിയിറക്കിയത്. നമുക്ക് പോകാനൊരിടമില്ല, നമുക്ക് കൃഷിയിടങ്ങളില്ല. പവർ പ്ലാന്റ് നമുക്കെങ്ങിനെയാണ് നന്മ കൊണ്ടുവരുന്നത്? നമ്മൾ ആദിവാസികൾക്ക് എങ്ങിനെ ആടിപ്പാടി ആഹ്ലാദിക്കാൻ കഴിയും? നമുക്ക് നമ്മുടെ വീടുകളും ഗ്രാമങ്ങളും തിരികെ തരാതെ നമ്മൾ ആടില്ല പാടില്ല. നമ്മൾ ആദിവാസികൾ ആടില്ല. നമ്മൾ ആദിവാസികൾ ---" ഇങ്ങനെയാണ് 'ദി ആദിവാസി വിൽ നോട്ട് ഡാൻസ്' എന്ന കഥ അവസാനിക്കുന്നത്. കഥ തുടങ്ങുന്നതാകട്ടെ, പോലീസിന്റെ ബൂട്ടിനടിയിൽ തല ഞെരിഞ്ഞു കിടക്കുന്ന മംഗൾ മുർമു എന്ന അറുപതുവയസ്സുകാരനായ സാന്താൾ ആദിവാസി സംഭവങ്ങളെ ഓർത്തെടുക്കുന്നതിൽ നിന്നും.


വിവാദ എഴുത്തുകാരനായ ഹാൻസ്ദ സോവേന്ദ്ര ശേഖർ എന്ന സാന്താൾ എഴുത്തുകാരന്റെ 'ദി ആദിവാസി വിൽ നോട്ട് ഡാൻസ്' എന്ന കഥാസമാഹാരത്തിലെ അതെ പേരുള്ള അവസാന കഥയിൽ നിന്ന് എടുത്തു ചേർത്ത വരികളാണ് ആദ്യം നിങ്ങൾ വായിച്ചത്. ഇപ്പോൾ അമൽ പിരപ്പൻകോഡിന് ലഭിച്ച സാഹിത്യ അക്കാദമി യുവപുരസ്കാരം രണ്ടായിരത്തി പതിനഞ്ചിൽ ലഭിച്ച എഴുത്തുകാരനാണ് സോവേന്ദ്ര ശേഖർ. ഇവർ തമ്മിലുള്ള ഒരു താരതമ്യത്തിനൊന്നും ഞാൻ മുതിരുന്നില്ല. പക്ഷെ രണ്ടു പേരെയും വായിച്ചിട്ടുള്ള എനിയ്ക്കു എങ്ങിനെ അതിരുകളിൽ നിന്നെഴുതുന്ന സാഹിത്യവും മുഖ്യധാരയിൽ നിന്നെഴുതുന്ന സാഹിത്യവും അനുഭാവികമായും ആവിഷ്കാരപരമായും വിഷയപരമായും ഘടനാപരമായും എങ്ങിനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാകും. അടുത്തിടെ 1952- ഇറങ്ങിയ പണ്ഡിറ്റ് കറുപ്പൻ സ്മരണിക വായിക്കാൻ ഇടയായി. ദളിത് എന്നൊരു വാക്ക് പുസ്തകത്തിൽ ഇല്ല എങ്കിലും ദളിത് അനുഭവങ്ങളുടെ എഴുത്തിനെ കുറിച്ച് പറയുമ്പോൾ കുഴിയിൽക്കിടക്കുന്ന ആനയെ കയറ്റുവാൻ മറ്റൊരു ആന തന്നെ വേണമല്ലോ എന്ന് ഒരു എഴുത്തുകാരൻ പറയുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. സവർണ്ണനായ സ്മൃതികാരൻ പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി ഉൾപ്പെടെയുള്ളവയുടെ സാഹിത്യപ്രസക്തിയെക്കുറിച്ചു പറയവേ ഇനി എത്രയേറെ അസ്പൃശ്യരോട് അനുഭാവം പുലർത്തുന്നവർ വന്നിരുന്നാലും അസ്പൃശ്യർ തന്നെ അവരുടെ അനുഭവങ്ങൾ എഴുതുന്നതിന്റെ സാംഗത്യത്തെ കുറിച്ചാണ് അദ്ദേഹം ആനയെന്ന ഉപമയുടെ വ്യക്തമാക്കിയത്. ആശാന്റെ ദുരവസ്ഥയ്ക്ക് പ്രചോദനമായത് ജാതിക്കുമ്മിയാണെന്ന ഒരു വാദവും അതിലുണ്ട്. സാന്താൾ അനുഭവങ്ങളെ ഒരു സാന്താൾ എഴുത്തുകാരൻ എഴുതുമ്പോൾ മറ്റൊരു അനുഭവലോകം തന്നെയാണ് തുറന്നിടപ്പെടുന്നത്.


സാന്താൾ ഗ്രാമങ്ങളെക്കുറിച്ചും സാന്താൾ ജീവിതങ്ങളെക്കുറിച്ചും ഒക്കെ പൊതുവെ ഉള്ളത് വളരെ കാല്പനികമായ ചില ധാരണകളാണ്. ഇവയെല്ലാം പുറപ്പെടുന്നത് ശാന്തിനികേതനത്തിൽ നിന്നുള്ള അനുഭവങ്ങളും ചിത്ര -ശില്പ പരിചയങ്ങളും കൊണ്ട് പലരും എഴുതുന്നതിൽ നിന്നാണ്. ബാവുലുകൾ സാന്താളുകൾ ആണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ലെങ്കിലും ബാവുലുകളും സാന്താൾ ഗ്രാമങ്ങളും ഉത്സവങ്ങളും ആയിട്ടുള്ള പരസ്പരബന്ധം സാന്താൾ ഗ്രാമങ്ങൾക്ക് കാലങ്ങളിൽ ഘനീഭൂതമായി നിൽക്കുന്ന ഒരു താത്വിക പരിവേഷവും നൽകിയിരിക്കുന്നു. സാന്താൾ ഫാമിലി എന്ന് പറയുമ്പോൾത്തന്നെ നാം രാം കിങ്കർ ബേജിനെ ഓർക്കുന്നത് കൊണ്ട് അത്തരത്തിലുള്ള മറ്റൊരു ഘനീഭൂതാവസ്ഥയും അവരെക്കുറിച്ചു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതിനെയൊക്കെ പൊളിച്ചടുക്കി ഒരു വശത്തേയ്ക്ക് മാറ്റി വെയ്ക്കണമെങ്കിൽ സോവേന്ദ്ര ശേഖറിന്റെ പുസ്തകം വായിക്കുക തന്നെ വേണം എന്ന് ഞാൻ പറയും. സാന്താൾ ജീവിതം മറ്റേതൊരു പാർശ്വവൽക്കരിക്കപ്പെട്ട ദളിത്-ആദിവാസി ജീവിതം പോലെ തന്നെ പ്രതിസന്ധികളെ നേരിടുന്നതാണെന്നും അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് കൃഷിഭൂമി പരമായും സാമ്പത്തിക പരമായും ഉള്ള സംഘർഷങ്ങളാണെന്നും നാം തിരിച്ചറിയുന്നു. കൂടാതെ വളരെ പ്രധാനപ്പെട്ട മറ്റൊരു സംഘർഷം ആദിവാസികൾക്കിടയിൽത്തന്നെ വിദ്യാഭ്യാസവും ജീവിത പുരോഗതിയും നേടിയ മനുഷ്യർ അവരുടെ സ്വത്വവുമായി ബന്ധപ്പെട്ടു നടത്തുന്ന ഒന്നാണ്. ആദിവാസി എന്ന അസ്തിത്വത്തെ നിഷേധിക്കാനുള്ള ത്വര ഒരു വശത്ത്, എന്നാൽ ചെന്ന് കയറാൻ മറ്റൊരു ഇടമില്ലാത്ത അവസ്ഥ മറു വശത്ത്; ഇങ്ങനെ സംഘർഷപൂരിതമാണ് സാന്താൾ ആദിവാസിയുടെ ജീവിതം.



'അവർ ഇറച്ചി കഴിക്കും ' എന്ന ആദ്യത്തെ കഥ ബറോഡയിലേയ്ക്ക് സ്ഥലം മാറിവരുന്ന ഉദ്യോഗസ്ഥനായ ഒരു സാന്താളിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ്. ഇറച്ചി കഴിക്കാത്ത ഒരു ഗാർഹിക സമുച്ചയത്തിൽ വീട് കിട്ടുന്ന അവരുടെ കുടുംബം ക്രമേണ സസ്യഭുക്കുകൾ ആവുകയും സവർണ്ണ മധ്യവർഗ ഗുജറാത്തികളുടേതായ രീതികൾ സ്വന്തമാക്കുകയും ചെയ്യുന്നു. കഥ നടക്കുന്നത് ഗോദ്ര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. ഹിന്ദു തീവ്രവാദികളെ എങ്ങിനെ ഗാർഹിക സമുച്ചയത്തിലുള്ള സ്ത്രീകൾ അവരുടെ ടെറസുകളിൽ നിന്നും ബാൽക്കണികളിൽ നിന്നും പാത്രങ്ങളും കത്തികളും എറിഞ്ഞു പരാജയപ്പെടുത്തുന്നു എന്നും കഥ കാട്ടിത്തരുന്നു. സോദ്ദേശ്യപരതയെക്കാൾ കഥ ഊന്നുന്നത് നഗരജീവിതത്തിലുടനീളം ആദിവാസി നേരിടുന്ന സ്വത്വപരമായ പ്രശ്നങ്ങൾ ആണ്. ജാർഖണ്ഢ് ആണ് സോവേന്ദ്രയുടെ ജന്മസ്ഥലം. അവിടത്തെ സാന്താൾ പർഗാനയിലെ സാന്താളികൾ നവംബർ മാസം വരുമ്പോൾ പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിലെ നമൽ എന്നൊരിടത്തേയ്ക്കു കൃഷിപ്പണിക്ക് പോകും. കാരണം അവിടെ കൂലി പണമായിട്ടാണ് കിട്ടുന്നത്. 'ദേശാന്തരാഗമനത്തിന്റെ മാസമാണ് നവംബർ' എന്ന കഥ ചെറുതാണ്. പക്ഷെ അത് സാന്താളികളെ കുറിച്ച് മുഖ്യധാരയ്ക്കുള്ള ധാരണകളെയെല്ലാം തിരുത്തുന്നതാണ്. ഇങ്ങനെ യാത്രയ്ക്കായി വന്നു നിൽക്കുന്ന ഒരു സാന്താളിപ്പെണ്ണ് ഒരു കഷ്ണം റൊട്ടിയ്ക്കും അമ്പത് രൂപയ്ക്കും വേണ്ടി തന്റെ ശരീരം കൊടുക്കുന്നതും, അത് ഒരു പതിവാണെന്ന് അവൾ തിരിച്ചറിയുന്നതുമാണ് കഥയുടെ സാരം. സോവേന്ദ്രയുടെ ഒതുക്കമുള്ള ആവിഷ്കാരം കഥയെ പുതുതായി ഏറ്റ ഒരു മുറിവ് പോലെ ത്രസിപ്പിച്ചു നിറുത്തുന്നു.


കഥ എഴുതിയതിനു സോവേന്ദ്ര ശേഖറിന് വലിയ വില കൊടുക്കേണ്ടി വന്നു. ജാർഖണ്ഡ് ആരോഗ്യ വകുപ്പിൽ ഒരു മെഡിക്കൽ ഡോക്ടർ ആയി ജോലി ചെയ്തിരുന്ന സോവേന്ദ്രയെ പിരിച്ചു വിട്ടു. കാരണം മറ്റൊന്നുമല്ല; സാന്താൾ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള കഥകൾ എഴുതി. അത് ജാർഖണ്ഡ് സംസ്ഥാനത്തെ അപമാനിച്ചു. ബിജെപി, ജാർഖണ്ഡ് മുക്തി മോർച്ച എന്നിവരടങ്ങുന്ന ഭരണപക്ഷവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും പല സംഘടനകളും ചില സാന്താളുകലും സോവേന്ദ്രയ്ക്കെതിരെ രംഗത്തു വന്നു. സോവേന്ദ്ര എഴുത്തു നിര്ത്തുന്നതായി പ്രഖ്യാപിച്ചില്ല. അതിനാൽ അദ്ദേഹം പെരുമാൾ മുരുകനെപ്പോലെ പ്രസിദ്ധനായില്ല. പക്ഷെ, സാഹിത്യകാരനെന്ന നിലയിൽ പെരുമാൾ മുരുകനൊപ്പം നിൽക്കാൻ കഴിയുന്ന എഴുത്തുകാരൻ തന്നെയാണ് സോവേന്ദ്ര. ഒരു പക്ഷെ പെരുമാൾ മുരുഗൻ ഇന്ന് പ്രസിദ്ധീകരണ ലോബികളുടെ പിടിയിൽപെട്ട് നമ്മുടെ മലയാളി എഴുത്തുകാരായ കെ ആർ മീരയെയും ബെന്യാമിനെയും പോലെ ചവറുകൾ എഴുതി വിടുകയാണ്. പക്ഷെ പെരുമാൾ മുരുഗൻ പൊതുജീവിതത്തിൽ നിന്ന് വിട്ടു നിന്ന കാലത്തെഴുതിയ കവിതകളുടെ സമാഹാരം (സോങ്സ് ഓഫ് കവാർഡ് ) ഞാൻ വായിച്ചു നല്ല കവിതകളാണ്. അതുപോലെ തന്നെയാണ് ഒപ്പം ഇറങ്ങിയ കഥാ സമാഹാരവും. പിന്നെ തുടരെ ഇറങ്ങിയ കൃതികൾ അത്രയേറെ പാരായണക്ഷമങ്ങൾ അല്ല എന്ന് പറയേണ്ടിയിരിക്കുന്നു. സോവേന്ദ്രയ്ക്ക് അങ്ങിനെയുള്ള സമ്മർദ്ദങ്ങൾ പ്രസിദ്ധീകരണ ലോബിയിൽ നിന്ന് തൽക്കാലം ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ രചനകൾ വളരെ ആത്മാർത്ഥമായി അനുഭവപ്പെടുന്നു.


'ആദിവാസികൾ നൃത്തം ചെയ്യില്ല' എന്ന കഥയിൽ എല്ലായിടത്തെയും ദളിത്-ആദിവാസികളുടെ അനുഭവ പരിസരങ്ങൾ ഉണ്ട്. ജോധാ എന്നറിയപ്പെടുന്ന മുസ്ലീങ്ങൾ സന്താളുകളുടെ ഗ്രാമത്തിൽ വരുന്നു. നാല് കുടുംബങ്ങളാണ് വരുന്നത്. വയലിനപ്പുറം കുടിൽ കെട്ടി ജീവിച്ചുകൊള്ളാം എന്ന് പറയുന്നു. നാല് കൂരകൾ ഉയരുന്നു. കുറെ നാളുകൾ കഴിയുമ്പോൾ അതൊരു ഗ്രാം തന്നെയായി വികസിക്കുന്നു. 'അൽപസംഖ്യ/ന്യൂനപക്ഷം എന്ന് ഇനി അവരെക്കുറിച്ചു പറയാൻ കഴിയുമോ എന്ന് മംഗൾ മുർമു അത്ഭുതപ്പെടുന്നു. അവർ ആദ്യം വന്നപ്പോൾ നമ്മുടെ പക്കൽ ഭൂമിയും അവരുടെ പക്കൽ പുസ്തകവും ഉണ്ടായിരുന്നു. കുറേനാൾ കഴിഞ്ഞപ്പോൾ അവരുടെ കൈയിൽ ഭൂമിയും നമ്മുടെ കയിൽ പുസ്തകവുമായി, എന്ന കറുത്ത ആഫ്രിക്കക്കാരുടെ ചൊല്ലിന് സമാനമാണിത്. ടി കെ സി വടുതല 
 എന്ന ദളിത് സാഹിത്യകാരന്റെ അച്ചന്റെ വെന്തിഞ്ഞ ഇന്നാ' എന്ന പ്രശസ്തമായ കഥയെഅനുസ്മരിപ്പിക്കുന്ന ചില സംഭവങ്ങളും സോവേന്ദ്രയുടെ കഥയിൽ വരുന്നുണ്ട്. കൃഷിയിടങ്ങൾ ഖനികളാകുന്നു.അവിടങ്ങളിൽ നിന്ന് ആദിവാസികൾ ആട്ടിപ്പായിക്കപ്പെടുന്നു. അവിടെയെങ്കിലും കൽക്കരിപ്പൊടി പാറി നടക്കുന്നു. കറുത്ത ഒരു ആവരണത്തിൽ പൊതിഞ്ഞാണ് കുട്ടികൾ പോലും നടക്കുന്നത്. അവർ കരയുമ്പോൾ കണ്ണീരൊലിച്ച് അവരുടെ മുഖങ്ങളിൽ വരൾച്ചയിൽ വിണ്ടു പോയ ഭൂമിയുടേതെന്ന പോലുള്ള ചാലുകൾ ഉണ്ടാകുന്നു. സോവേന്ദ്രയുടെ നിരീക്ഷണങ്ങൾ നമ്മുടെ മനസ്സിൽ ചാലുകൾ വീഴ്ത്താതിരിക്കില്ല.


ദളിത്-ആദിവാസി പ്രശ്നം എന്നത് നേരിട്ട് വരാത്ത കഥകളും സോവേന്ദ്ര എഴുതുന്നുണ്ട്. പക്ഷെ അവയിലും പരോക്ഷമായി ദളിത്-ആദിവാസി വിഷയങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഉദാഹരണത്തിന്, ബഷോ ജി, ഗെറ്റിങ് ഈവൻ (പഴിയ്ക്കു പഴി), ഈറ്റിംഗ് വിത്ത് എനിമ (ശത്രുവുമൊത്തു കഴിക്കൽ), ബ്ലൂ ബേബി (നീല നിറമുള്ള ശിശു) തുടങ്ങിയ കഥകൾ. ഒരു സ്ത്രീയെ പിശാചിനിയാണ് എന്ന് മുദ്രകുത്തിയാൽ അവൾക്കു പിന്നെ ജീവിതമില്ല, പ്രത്യേകിച്ചും അവൾ ഒരു വിധവയാണെങ്കിൽ. ബഷോ ജി എന്ന വിധവയ്ക്ക് സംഭവിക്കുന്നത് അതാണ്. പത്തു വയസ്സുള്ള ഒരു ആൺ കുട്ടിയുടെ മേൽ ബലാൽസംഗം ആരോപിക്കുന്നത് കുടുംബങ്ങൾ തമ്മിലുള്ള ശത്രുത തീർക്കാനാണ് (പഴിക്കു പഴി). തന്റെ ഭർത്താവിനിന്റെ വെപ്പാട്ടിയെ ഒരുമിച്ചു താമസിപ്പിക്കുകയും ഒടുവിൽ അവളുടെ പുതിയ കാമുകന്റെ ഔദാര്യം നേടേണ്ടി വരുന്ന സ്ത്രീയുടെ കഥയാണ് 'ശത്രുവുമൊത്ത് കഴിക്കൽ എന്ന കഥയിലുള്ളത്. തന്റെ വിവാഹത്തലേന്ന്, കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണം എന്ന ആഗ്രഹത്തിൽ അവനുമായി രതിയിൽ ഏർപ്പെടുകയും അവളുടെ ഗർഭത്തെ തന്റെതായി കണ്ട് ശുശ്രൂഷിക്കുന്ന ഭർത്താവിന്റെയും ഒടുവിൽ നീല നിറമുള്ള ഒരു കുഞ്ഞു ജനിച്ചു മരണത്തിലേയ്ക്ക് പോകുന്നതിന്റെയും കഥയാണ് നീല നിറമുള്ള ശിശു. എന്നെ സമാഹാരത്തിൽ ആകർഷിച്ച മറ്റൊരു കഥ 'വെറുമൊരു വേശ്യ' ആണ്. സോനാ എന്ന (ആദിവാസി) യുവതി ഒരു വേശ്യാലയത്തിൽ എത്തുന്നു. അവൾ രതിയിൽ മിടുക്കിയാകുന്നു. അവിടെ വരുന്ന നിർമൽ എന്നൊരു ഗുണ്ടാത്തലവൻ അവളുമായി പ്രണയം അഭിനയിക്കുന്നു. അയാൾക്കൊപ്പം ഒരു ജീവിതം അവൾ വെറുതെയെങ്കിലും സ്വപ്നം കാണുന്നു. താനുമായി ബന്ധപ്പെടുമ്പോഴൊന്നും അയാൾ തന്റെ ചുണ്ടുകളിൽ ചുംബിക്കുന്നില്ല എന്ന് സോനാ തിരിച്ചറിയുന്നു. പല പ്രാവശ്യം അവൾ ചുണ്ടുകളിൽ ചുംബനം ആവശ്യപ്പെടുമ്പോഴെല്ലാം അവൻ ഒഴിഞ്ഞു മാറുകയാണ്. ഒരിക്കൽ അവൻ അവളുടെ ഉള്ളിൽ ആയിരിക്കുമ്പോൾ അവൾ ചുംബനം ആവശ്യപ്പെടുന്നു. ക്രുദ്ധനായ അവൻ, അല്പം ഇടം കൊടുത്താൽ തലയിൽ കയറി നിരങ്ങും എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോകുന്നു. താൻ വെറുമൊരു വേശ്യ മാത്രമായിരുന്നു എന്നവൾ ഞെട്ടലോടെ തിരിച്ചറിയുന്നു. വേദനിച്ചു കൊണ്ടല്ലാതെ കഥ വായിക്കാൻ കഴിയില്ല. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥാസമാഹാരം.

ജോണി എം എൽ



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ