ബുക്സ്റ്റാൾജിയ (ഗൃഹാതുര സ്മരണകൾ) - പി കെ രാജശേഖരൻ (മാതൃഭൂമി ബുക്ക്സ്)



പുസ്തകത്തിന്റെ തലക്കെട്ട് വിഷമാലങ്കാരത്തിലാണ്. ബുക്കും നൊസ്റ്റാൾജിയയും തമ്മിൽ ചേരുന്നത്. പുസ്തകങ്ങളെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകൾ ആണ് പ്രതിപാദ്യം. ഗ്രന്ഥകർത്താവ് പ്രമുഖ സാഹിത്യവിമർശകനും പ്രഭാഷകനുമായ പി കെ രാജശേഖരൻ. പുസ്തകത്തിന്റെ സബ് ടൈറ്റിൽ
'ഒരു പുസ്തകവായനക്കാരന്റെ ഗൃഹാതുരത്വങ്ങൾ' എന്നാണ്. തീർച്ചയായും ഉള്ളടക്കം എന്തെന്ന് ഒരു കലർപ്പും കൂടാതെ വിളിച്ചോതുന്ന ഒരു പേര്. ഞാനീ പുസ്തകം വായിച്ചിട്ട് കൃത്യമായും ഒരു വർഷമാകുന്നു. ഇതേക്കുറിച്ചു എവിടെയെങ്കിലും എഴുതണമെന്നു കരുതിയെങ്കിലും അന്യകാര്യവ്യസ്ഥതയാൽ എഴുതാൻ കഴിഞ്ഞില്ല. പക്ഷെ ഈ പുസ്തകം എന്റെ പ്രധാനപ്പെട്ട വായനകളിൽ ഒന്നായിരിക്കുന്നു. കേരളത്തിലെ പുസ്തകകത്തിന്റെ ചരിത്രം മുതൽ സംഭ്രമജനകമായ ഇന്ദ്രജാൽ കോമിക്സുവരെ നീണ്ടുകിടക്കുന്ന വായനാ സമൃദ്ധിയുടെ ഒരു സ്മരണവിതാനം തന്നെ വായനക്കാരുടെ മുന്നിൽ നീർത്തിടുകയാണ് രാജശേഖരൻ ഈ പുസ്തകത്തിൽ. കേവലമായ ഗൃഹാതുര സ്മരണകളിൽ നിന്ന് ഒരു സാംസ്കാരിക പഠനം എന്ന നിലയിൽ ഈ പുസ്തകം ഉയരുമ്പോൾ അതിനെ ഒരു ക്ഷിപ്രപരിശോധനാ പുസ്തകം കൂടി ആയി ഉപയോഗിക്കാൻ ഗവേഷണകുതുകികൾക്കു സഹായകമാകുന്നു.


വി. രാജകൃഷ്ണൻ, കെ.പി അപ്പൻ തുടങ്ങിയവരുടെ തലമുറ കഴിഞ്ഞയുടൻ രംഗത്തു വന്ന സാഹിത്യവിമർശകരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ശബ്ദമാണ് രാജശേഖരന്റേത്. മലയാള നോവൽ സാഹിത്യത്തെക്കുറിച്ചും ഓ വി വിജയൻ ഉൾപ്പെടെയുള്ള ആധുനികോത്തര എഴുത്തുകാരുടെ കൃതികളെക്കുറിച്ചും കാതലായ പഠനങ്ങൾ രാജശേഖരന്റേതായുണ്ട്. സ്വാഭാവികമായും അദ്ദേഹത്തിന് പുസ്തകങ്ങളെക്കുറിച്ചു തികച്ചും പ്രിയങ്കരങ്ങളായ സ്മരണകൾ ഉണ്ടാകാതെ വയ്യ. അദ്ദേഹം എന്റെ തലമുറയിൽപ്പെട്ട ഒരു എഴുത്തുകാരനായതിനാൽ ഈ പുസ്തകത്തിലെ ഓരോ അധ്യായവും ഈ തലമുറയിൽപ്പെട്ട സാഹിത്യകുതുകികളായ ആരും എഴുതിപ്പോയേയ്ക്കാവുന്ന അധ്യായങ്ങളായും വായിച്ചെടുക്കാം. എനിയ്ക്കും നമുക്കും പകരം രാജശേഖരൻ എഴുതുന്നു. പക്ഷെ, ഇതിലെ രാജശേഖരൻ ടച്ച് എന്ന് പറയുന്നത്, ഓരോ പുസ്തകവും നാമോരുരുത്തരും ഓരോ രീതിയിലാണ് വായിച്ചെടുക്കുന്നത് എന്നതിനാൽ, ഇതിലെ അധ്യായങ്ങൾ ഓരോന്നും രാജശേഖരന്റെ വായനയുടെ ഇഷ്ടാനിഷ്ടങ്ങളും പ്രണയ സംത്രാസങ്ങളും ഗൂഢതകളും ആകാംക്ഷകളും നിറഞ്ഞതായിരിക്കുന്നു എന്നതാണ്. ഒരു കുടിലിലെ കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കിനു മുൻപിൽ ഇരുന്നു വായിച്ച അനുഭവം മുതൽ രാജ്യത്തെ വമ്പിച്ച ലൈബ്രറികളിലും സ്വന്തം ഗൃഹത്തിലെ പഠനമുറിയിലും ഇരുന്നു വായിച്ചതിന്റെയും അനുഭവസുഗന്ധങ്ങൾ ഈ പുസ്തകത്തിൽ ഉടനീളം പ്രസരിക്കുന്നു.


"വായനയുടെ ബാല്യദശയിൽ ഒരു റഷ്യൻ മഞ്ഞുകാലം ഉണ്ടായിരുന്നു" എന്ന് പറഞ്ഞു കൊണ്ടാണ് രാജശേഖരൻ പുസ്തകത്തിലെ രണ്ടാം അദ്ധ്യായം ആരംഭിക്കുന്നത്. വി.സുത്യേവ് എഴുതി വരച്ച 'കുട്ടിക്കഥകളും ചിത്രങ്ങളും' എന്ന പുസ്തകം എത്രത്തോളം പ്രിയങ്കരമായിരുന്നു രാജശേഖരന് എന്ന് അറിയുമ്പോൾ അദ്ദേഹവും ഞാനും തമ്മിൽ ഉള്ള അകലം തീരെ ഇല്ലാതാകുന്നു. എത്രയാവർത്തിയാണ് ഞാനാ പുസ്തകം വായിച്ചതെന്നോർമ്മയില്ല. തിരുവനന്തപുരത്തു താമസിച്ചിരുന്ന വല്യമ്മയുടെ വീട്ടിലാണ് ഈ പുസ്തകം ഉണ്ടായിരുന്നത്. വർഷത്തിൽ രണ്ടു പ്രാവശ്യമോ മറ്റോ ആണ് അവിടെ പോയിരുന്നത്. പോയപ്പോഴെല്ലാം ഈ പുസ്തകം മാത്രമാണ് ഊണും ഉറക്കവും ഉപേക്ഷിച്ചു ഞാൻ വായിച്ചിരുന്നത്. രാജശേഖരൻ ആ കാലത്തിലേക്കാണ് വായനക്കാരെ വലിച്ചു കൊണ്ട് പോയത്. ആ പുസ്തകം അവരുടെ വീട്ടിൽ നിന്ന് കാണാതായി. എത്ര ദുഃഖമായിരുന്നു എനിയ്ക്ക്. പിന്നെ നാല്പതോളം വർഷങ്ങൾ കഴിഞ്ഞു എറണാകുളത്ത് ഒരു 'ഭാഗവത യജ്ഞ പന്തലിൽ' ഒരുക്കിയിരുന്ന പുസ്തകസ്റ്റാളിൽ വെറുതെ കയറിയപ്പോഴാണ് പുതിയ കെട്ടിലും മട്ടിലും കുട്ടിക്കഥകളും ചിത്രങ്ങളും പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടെത്തിയത്. എടുത്തു മറിച്ചു നോക്കി.അത് വാങ്ങണമെന്ന് തോന്നിയില്ല. അച്ചടിയും ചിത്രങ്ങളും ഒക്കെ യാന്ത്രികമായിപ്പോയത് പോലെ. സ്മരണകളിലെ പുസ്തകം തന്നെ കരഗതമായതിനേക്കാൾ നല്ലതെന്നു തോന്നി.



'പുസ്തകങ്ങളുടെ മാർജിനിൽ വായനക്കാരുടെ ജീവിതം' എന്നൊരു അധ്യായമുണ്ട്. ഇഷ്ടപ്പെട്ട വരികളെ അടിവരയിടുന്നവർ മുതൽ വാക്കർത്ഥങ്ങളും അഭിപ്രായങ്ങളും വിശദീകരണങ്ങളും വിമർശനങ്ങളും മാർജിനിൽ എഴുതിയിടുന്നവരും അവസാനത്തെ അധ്യായത്തിലെ പരിണാമഗുപ്തിയെ പുസ്തകത്തിന്റെ മദ്ധ്യത്തെ പേജുകളിൽ തന്നെ കുറിച്ചിടുന്നു രസം കൊല്ലികൾ വരെ ഈ ഓർമ്മകളിൽ കടന്നു വരുന്നു. ഏറെ ഗൃഹാതുരത്വത്തോടെ വായിച്ച അധ്യായമാണ് 'മൂന്നാം പാഠത്തിന്റെ മണം'. 'മലയാളിയുടെ ബംഗാളിക്കാലം' കേരളത്തിൽ ഉണ്ടായ വിവർത്തന സാഹിത്യത്തിന്റെ (പ്രത്യേകിച്ച് ബംഗാളി സാഹിത്യത്തിന് ഉണ്ടായ മലയാള പരിഭാഷകൾ) മുന്നേറ്റത്തെ വിവരിക്കുന്നു. 'ദരിയാഗഞ്ജിലെ പഴയ പുസ്തകങ്ങൾ' എന്ന അദ്ധ്യായം ഡൽഹിയിൽ ജീവിച്ചിട്ടുള്ള ഏതൊരു സാഹിത്യതത്പരനും പേലവത്വത്തോടെയല്ലാതെ വായിക്കാൻ കഴിയുകയില്ല. പാട്ടുപുസ്തകങ്ങളെക്കുറിച്ചും തീപ്പെട്ടിപ്പട പുസ്തകങ്ങളെക്കുറിച്ചും രാജശേഖരൻ എഴുതുമ്പോൾ നമ്മുടെ ബാല്യകാലം തിരികെ വരുന്നു. സാഹിത്യത്തിന്റെ പുറമ്പോക്കിൽ മാത്രം നിൽക്കുകയും എന്നാൽ വാറ്റുചാരായം പോലെ എല്ലാവരും ആസ്വദിച്ചിട്ടുള്ളതുമായ നാടോടി സാഹിത്യവും ഡിക്റ്ററ്റീവ് നോവലുകളും രാജശേഖരൻ ഓർത്തെടുക്കുന്നു. ഇപ്പോൾ മധ്യവയസ്സിലെത്തിയ എല്ലാവരും വായിച്ചിട്ടുള്ളതായ ഇരുമ്പു കൈ മായാവിയും മാന്ഡ്രേക്കും ഫാന്റവും എല്ലാം ഈ പുസ്തകത്തിൽ തിരികെ വരുന്നു.


"അത് കൊണ്ട് ഞാൻ പുസ്തകം വായിക്കുക തന്നെ ചെയ്യും," രാജശേഖരൻ അവസാന അധ്യായത്തിൽ എഴുതുന്നു. " വായനയെ വേദനാകരമാക്കാതെ സുഖാനുഭവമാക്കുന്നത് കൊണ്ട്, രഹസ്യജീവിതത്തിന്റെ ഗൂഡാനന്ദം വാഗ്ദാനം ചെയ്യുന്നത് കൊണ്ട്, സ്വകാര്യതയുടെ ഗോചര രൂപമായത് കൊണ്ട്." ഇതൊരു സത്യപ്രസ്താവനപോലെ, വിപ്ലവ മുദ്രാവാക്യം പോലെ, അവകാശ പ്രഖ്യാപനം പോലെ വായനക്കാരുടെ മനസ്സുകളിൽ മുഴങ്ങുന്നു; ഏറ്റു വിളിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. ഈ ഓർത്തെടുപ്പിൽ മറ്റൊരു വിശേഷമായ അംശം ഉണ്ട്. അനതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ മനുഷ്യർ എങ്ങിനെ വായിച്ചിരുന്നു, അവരുടെ വായനയ്ക്കായി നിർമ്മിക്കപ്പെട്ടിരുന്ന സാഹിത്യരൂപങ്ങൾ എന്തൊക്കെയായിരുന്നു, പിൽക്കാല ബൗദ്ധിക പരിസരങ്ങളെ ഈ ഏതുതരം വായനകളാണ് പരുവപ്പെടുത്തിയിരുന്നത്, സാമ്പത്തികമായി ദേശസാത്കൃതമായ ഒരു അവസ്ഥയിൽ ലഭ്യമാകാവുന്ന വൈദേശിക സാഹിത്യത്തിന്റെ ഉള്ളടക്കങ്ങൾ എന്തായിരിക്കാം എന്നിങ്ങനെയുള്ള ഒരു പിടി സാംസ്കാരികവും ചരിത്രപരവുമായ സൂചനകൾ ഈ പുസ്തകം നൽകുന്നുണ്ട്. അതിനാൽ ഈ പുസ്തകം രാജശേഖരന്റെ വായനയുടെ മാത്രം സ്മരണയല്ല മറിച്ച് ഒരു കാലഘട്ടത്തിന്റേതു കൂടിയാണ്. ആവശ്യം ആസ്വദിക്കേണ്ട പുസ്തകം.

--ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ