വീടില്ലാത്ത കവിത


എന്റെ കവിത
ഭാഷയില്ലാത്ത
ഒരു വീടാണ്

പലേടത്തും അത്
ഹോട്ടൽ മുറികളായും
ലോഡ്‌ജുകളായും
അഭയങ്ങളായും
മൊഴിമാറ്റം
ചെയ്യപ്പെടുന്നു

ചില ഭാഷകൾക്ക്
അത് വഴങ്ങുകയേയില്ല
എത്ര തന്നെ പ്രണയം
ഭാവിച്ചാലും;
ആരെങ്കിലും കാണും
എന്ന് ഭയന്ന്
മടിച്ചു മടിച്ചാണ്
ചില ഭാഷകൾക്ക്
അത് വഴങ്ങിക്കൊടുക്കുന്നത്

ഇരുളിന്റെ മറവിൽ
മൂത്രം മണക്കുന്ന ഇടങ്ങളിൽ
അത് ചിലപ്പോൾ
അർഥം പൊക്കി
വാക്കുകൾ അകറ്റിക്കൊടുക്കാറുണ്ട്
പക്ഷെ പണം വാങ്ങാറില്ല

രണ്ടു രാജ്യങ്ങൾക്കിടയിൽ
ഒരു രാജാവിനും വേണ്ടിയല്ലാതെ
കവിത കുതിരകളെ മേയ്ക്കാറുണ്ട്
അപ്പോഴാകും
ദേവാലയങ്ങളിൽ മയക്കപ്പെട്ട്
വിവർത്തകരാൽ
പലവട്ടം ധർഷണം ചെയ്യപ്പെട്ട്
ഒരു ഭാഷയിലും ഇടമില്ലാതെ
അത് കുറ്റിക്കാടുകളിൽ
രക്തം വാർന്നു മരിച്ചു കിടക്കുന്നത്

മോർച്ചറികളിലും
ശ്മാശാനങ്ങളിലും
സെമിത്തേരികളിലും
അടയാളങ്ങളില്ലാതെ
ചിലപ്പോൾ അത്
അടക്കം ചെയ്യപ്പെടാറുണ്ട്

തനിയ്ക്ക് നീതി തേടി
ഒറ്റയ്ക്കൊരു മെഴുതിരി കൊളുത്തി
തന്നിലേക്ക് തന്നെ നടക്കാറുണ്ട്
എന്റെ കവിത.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ