ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്





എടം എന്നായിരുന്നു തുടക്കം. അപ്പോൾ അപ്പേരിൽ ഒരു പുസ്തകമുണ്ടെന്നു വന്നു. ജാഗ എന്ന പേര് അങ്ങിനെ പകരം വന്നതാണ്. വാക്കിനർത്ഥം സ്ഥലം, താത്കാലിക ഇടം എന്നൊക്കെ തന്നെ. പക്ഷെ ഹിന്ദിയിൽ ജാഗ് എന്നതിനർത്ഥം ഉണർന്നിരിക്കുക എന്നാണ്. ജഗഹ് എന്നാൽ ഇടം എന്ന് തന്നെ അർഥം. അപ്പോൾ ജാഗ എന്നാൽ ഉണർന്നിരിക്കുന്ന ഇടം എന്ന് കൂടി വ്യംഗ്യം വരുന്നു. ജാഗ രാഷ്ട്രീയ ബോധത്തിലേക്ക് ഉണരുന്ന ഒരു കൂട്ടം ദളിത് ചെറുപ്പക്കാരുടെ കഥയാണ്. ഔദാര്യപൂർവം തോലിൽ സുരേഷ് എന്ന ചിത്രകാരനായ പ്രസാധകൻ പുസ്തകം അയച്ചു തന്നു. പാതി വീട്ടിലും പാതി ബസിലുമായി വായിച്ചു തീർത്തു. ഇപ്പോൾ ഇത് ബസ്സിൽ ഇരുന്നെഴുതുന്നു. വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതൊരു കമിങ് ഓഫ് ഏജ് നോവൽ ആണെന്ന് മനസ്സിലായി. ആത്മകഥാപാത്രം എന്ന് പറയാവുന്ന വിനയദാസ് എറണാകുളം മഹാരാജാസിൽ ബിരുദാന്തര ബിരുദ പഠനത്തിന് വരികയാണ്. അവൻ ദളിതനാണ്; വിനയനും ദാസനുമാണ്. പക്ഷെ അനുവദിച്ചു കിട്ടിയ ഹോസ്റ്റൽ മുറി അവന്റെ രാഷ്ട്രീയ പഠന മുറിയാകുന്നു. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ദളിത് വിദ്യാർത്ഥികൾ മുഖ്യ ഹോസ്റ്റലിലെ ദളിത് വിദ്യാർത്ഥികൾക്ക് പിന്ബലമാകുന്നു. പ്രബലരുടെ സംഘമുണ്ട് അവിടെ. ദളിതരെ ഉപകാരണങ്ങളായും ചട്ടുകങ്ങളായും മാറ്റുന്നവർ. അവർക്ക് ദളിത് രാഷ്ട്രീയ ബോധ പ്രാപ്തി പ്രശ്‌നമാകുന്നു. അടിച്ചും കൊന്നും ഒതുക്കാനാണ് അവരുടെ ശ്രമം. ഇതിനിടെ വിനയന് അനിയെന്ന സീനിയർ വിദ്യാർത്ഥിയുടെ ഡയറി കിട്ടുന്നു. അതിലൂടെ അവൻ ദളിത് സംഗ്രാമ ചരിതം അറിയുന്നു. ആ കോളേജിലെ, ഹോസ്റ്റലിലെ ചുവരുകളിൽ ചോരപ്പാടുകളുടെ അടരുകൾ ഉണ്ട്. അവ ദളിത് വിദ്യാർഥികളിലൂടെയാണ്. പുതിയ ദളിത് തലമുറയെ കൊലയ്‌ക്കു കൊടുക്കാതെ വിദ്യയുടെയും സ്ഥാനപ്രാപ്തിയുടെയും തലങ്ങളിൽ എത്തിക്കുക എന്ന ഫൂലെ- അംബേദ്‌കർ ചിന്തയിൽ നോവൽ പിൻവാങ്ങുന്നു. ചിലപ്പോൾ പിൻവാങ്ങുന്നത് രക്ഷപ്പെടാനും തിരികെ വരാനും കൂടിയാണ്.
എം ബി മനോജ് രണ്ടായിരത്തി അഞ്ചിൽ എഴുതുകയും തുടർന്ന് നഷ്ടപ്പെടുകയും ചെയ്ത ഒരു കഥയെഴുത്തു പ്രതിയെ സ്മരണയിൽ നിന്ന് പേർത്തെടുത്തു പൂർത്തിയാക്കിയിരിക്കുന്നു. അതുകൊണ്ടാകണം ആഖ്യാനത്തിൽ ഒരു ഓർത്തെടുക്കലിന്റെ സ്വരം വരുന്നത്. എന്നാൽ അപൂർണ്ണമായ മാനുസ്ക്രിപ്ട് എന്നത് ഒരു നോവൽ സങ്കേതം കൂടിയാണ്. ആനന്ദും പാവ്‌ലോ കൊയ്‌ലോയും ഒക്കെ ആ സങ്കേതം ഉപയോഗിച്ചിട്ടുണ്ട്. കവിതയെഴുതി ശീലമായതിനാൽ നോവൽ ഭാഷ വഴങ്ങുന്നില്ലെന്നു മനോജ് പറയുന്നുണ്ട്. അത് നോവലിന്റെ തുടക്കത്തിലെ വാക്യങ്ങളുടെ ഒഴുകലിൽ വ്യക്തമാകും. ഒരു ഓർത്തെടുപ്പായതിനാൽ അനേകം കഥാപാത്രങ്ങൾ പീഡനവിധേയരായി പരാമർശിതരാകുന്നു. അടി കൊള്ളുന്ന അനേകർക്ക്‌ നാമകരണം ചെയ്യുന്ന ഒരു സാഹിത്യ പ്രവർത്തനമായി നമുക്കിതിനെ കാണാം. അതേസമയം പീഡകർക്കു പേരില്ല സൂചനകളേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്. ദളിത് രാഷ്ട്രീയം കലാലയങ്ങളിൽ രൂപപ്പെടുന്നതിന്റെ ഏറ്റവും സമ്മർദ്ദം നിറഞ്ഞൊരു കാലത്തിന്റെ വാഗ്‌രേഖ കൂടിയായി ഇത് വായിച്ചെടുക്കാം. 1988 -ൽ സ്പൈക് ലീ സംവിധാനം ചെയ്ത സ്‌കൂൾ ഡെസ് എന്ന സിനിമയിൽ ലോറൻസ് ഫിഷ്‌ബേൺ അവതരിപ്പിക്കുന്ന അദ്ധ്യാപകൻ പരസ്പരം പോരടിക്കുന്ന കറുത്ത കുട്ടികളെ വർണ്ണ വിവേചനത്തിനെതിരെ പോരടിക്കാനായി വേക്ക് അപ്പ് എന്ന് നിലവിളിക്കുന്ന രംഗമാണ് ഞാൻ വായിച്ചു തീർന്നപ്പോൾ ഓർത്തത്. ജാഗ ഒരു ഉണർത്തു വിളിയാണ്. ജാഗ്‌തെ രഹോ- ഉണർന്നു തന്നെയിരിക്കൂ. എല്ലാവരും വായിക്കേണ്ട പുസ്തകം.

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ