പൂനാരങ്ങ (ഓർമ്മപ്പുസ്തകം)- ജോയ് മാത്യു (മാതൃഭൂമി ബുക്ക്സ്)



'പൂനാരങ്ങ'യെക്കുറിച്ചു ആദ്യം കാണുന്നത് സാമൂഹ്യമാധ്യമങ്ങളിലാണ്; കഴിഞ്ഞ വർഷം. ജോയ് മാത്യുവിന്റെ ഓർമ്മക്കുറിപ്പുകൾ ആണെന്ന് അറിഞ്ഞതോടെ വായിക്കണം എന്ന തോന്നലുണ്ടായി. തോന്നലുണ്ടാകാൻ കാരണം ജോയ് മാത്യു എന്ന വ്യക്തിയെക്കുറിച്ചു മനസ്സിലുണ്ടായിരുന്ന രണ്ടു ചിത്രങ്ങൾ തന്നെ. ഒന്നാമത്തേത്, ജോൺ അബ്രഹാമിന്റെ ''അമ്മ അറിയാൻ' എന്ന വിഖ്യാത ചലച്ചിത്രത്തിലെ നായകനായിരുന്നു ജോയ് മാത്യു എന്ന അറിവ്. രണ്ടാമത്തേത്,  ഏകദേശം കാൽനൂറ്റാണ്ടുകൾക്കു ശേഷം മുഖ്യധാരാ സിനിമയിലേക്കും സംവിധാനത്തിലേയ്ക്കും തിരികെ വന്ന ജോയ് മാത്യു എന്ന വ്യക്തി എന്നിലുളവാക്കിയ ഒരു തരം 'അവിശ്വസനീയത'. ഇയാൾ അയാളാകാൻ വഴിയില്ല. ഇനി ഇയാൾ അയാൾ തന്നെയാണെങ്കിലോ? ഇത്രയൊക്കെ ആളുകൾ മാറിപ്പോകുമോ? ഇത്തരം ആശയക്കുഴപ്പങ്ങൾ എന്നിൽ കൊണ്ടുവന്നത്, 'അമ്മ അറിയാനിൽ' ജോയ് മാത്യു അവതരിപ്പിച്ച പുരുഷൻ എന്ന കഥാപാത്രം തന്നെയാണ്. അയാളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദത. അയാളുടെ സാമൂഹികമായ പൊരുത്തപ്പെടായ്മ. ചുള്ളിക്കാട് പാടിയപോലെ, 'എന്നാകിലും പോകാതെ വയ്യ, നഗരകാന്താര സീമകളിൽ വാഴാതെയും വയ്യ...' എന്ന് ആ കഥാപാത്രം എന്നിലും തോന്നിപ്പിച്ചിരുന്നു. രണ്ടാമത്തെ ആശയക്കുഴപ്പം, എനിയ്ക്ക് നജ്മൽ ബാബു ആയ ടി എൻ ജോയിയേയും ജോയ് മാത്യുവിനേയും തമ്മിൽ തിരിഞ്ഞു പോകുമായിരുന്നു എന്നതാണ്. പക്ഷെ അതൊക്കെ ക്രമേണ മാറി.


പുസ്തകം കണ്ടയുടൻ അത് എടുത്തു. രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. പൊതുവെ സിനിമാക്കാരുടെ പുസ്തകങ്ങളോട് 'ആചാരപരമായ' അകലം ഞാൻ പാലിക്കാറുണ്ട്. ഉദാഹരണത്തിന് ഇന്നൊസെന്റിന്റെ ആദ്യത്തെ പുസ്തകം ഞാൻ താത്പര്യത്തോടെയാണ് വായിച്ചത്. പിന്നെ ഇപ്പോൾ നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു നിര പുസ്തകങ്ങൾ തന്നെ പുസ്തകശാലകളിലുണ്ട്. സിനിമാ രംഗത്തെ ദേവദത്ത പട്നായിക്കാണ് ഇപ്പോൾ ഇന്നോസ്ന്റ്. വായിക്കാൻ ആളുണ്ട്; അതാണല്ലോ പ്രസിദ്ധീകരിക്കാൻ ആളുണ്ടാകുന്നത്. പിന്നെ മുകേഷ് കഥകളായി. സലിം കുമാർ ഫലിതങ്ങളായി. കുറെ വായിച്ചപ്പോൾ മടുത്തു. ഇപ്പോൾ സിനിമാക്കാരുടെ പുസ്തകങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു മുന്നോട്ടു നടക്കുകയാണ് പതിവ്. പക്ഷെ ജോയ് മാത്യുവിനെ വായിക്കാൻ തന്നെ ഉറപ്പിച്ചിരുന്നു. മുഖ്യധാരാ സിനിമയിൽ വന്ന ജോയ് മാത്യുവിനു അദ്ദേഹത്തെ ഒരു പ്രേക്ഷകനെക്കൊണ്ട് വെറുപ്പിക്കാൻ പോന്ന എല്ലാത്തരം റോളുകളും കിട്ടിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം 'പുരുഷൻ' ആയിരുന്നു ജോയ് മാത്യുവിനെ അളക്കാനുള്ള ഏക മാനദണ്ഡം. അതാകട്ടെ കൊമേഷ്യൽ സിനിമയിൽ കാണാനും കിട്ടില്ല. പക്ഷെ, ജോയ് മാത്യു സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതും, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വളരെ ഗൗരവത്തോടെ ആളുകൾ എടുക്കുന്നതും ശ്രദ്ധിച്ചപ്പോൾ, 'ചിന്തിക്കുന്ന സിനിമാ സംവിധായകൻ-നടൻ' എന്നൊരു പ്രതിച്ഛായ ജോയ് മാത്യുവിന് ഇതിനകം കേരളത്തിലെ പ്രേക്ഷക സമൂഹം നല്കിക്കഴിഞ്ഞിരുന്നു എന്ന് എനിയ്ക്കു മനസ്സിലായി. പിന്നെ ജോയ് മാത്യു എന്റെ സുഹൃത്തും ചിത്രകാരനും എഴുത്തുകാരനും ആയ ജോൺസ് മാത്യുവിന്റെ സഹോദരനാണെന്നും ജോയ് മാത്യു നാടകത്തിൽ നിന്നാണ് ജോൺ പ്രസ്ഥാനത്തിലേയ്‌ക്ക്‌ വരുന്നതെന്നും മനസ്സിലാക്കി. ഇപ്പോൾ 'പൂനാരങ്ങ' അദ്ദേഹത്തെ മുഴുവനായി മനസ്സിലാക്കാനുള്ള വഴിയുമാണ്.


മൂന്നാം പതിപ്പാണ് എന്റെ കയ്യിൽ. വായിച്ചു കഴിഞ്ഞപ്പോൾ, ഈ പുസ്തകം ഇപ്പോൾ മുപ്പതാം പതിപ്പാകേണ്ടതാണെന്ന് തോന്നിപ്പോയി. അത്രയും മനോഹരമായ രചന. ജീവിതത്തെ തികഞ്ഞ നിർമ്മമത്വത്തോടെയും അതെ സമയം അഗാധവും ജ്ഞാനസമ്പുഷ്ടവുമായ നർമ്മത്തോടെയും കാണാൻ കഴിയുന്ന, അത് തന്നെ ജീവിത ശൈലിയും ദർശനവും ആയിരിക്കുന്ന ഒരു വ്യക്തിയ്ക്ക്‌ മാത്രമേ ഇത്രയും തെളിമയോടെയും ലാഘവത്തോടെയും എഴുതാൻ കഴിയൂ. എന്നാൽ തെളിഞ്ഞതും ലാഘവമായതും ആയ എഴുത്തുകൾ ദർശിനികമായ ഗുരുത ഇല്ലാത്തതാണെന്ന അർത്ഥമില്ല. ജ്ഞാനപ്പാനയും ദൈവദശകവും എഴുതപ്പെട്ടിരിക്കുന്നു ഭാഷയുടെ 'എളിമ' നമുക്കറിയുമല്ലോ. ജോയ് മാത്യു വെറുമൊരു സിനിമാക്കാരനല്ല. സർഗാത്മകത മുറ്റി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ കലയെയും കാലത്തെയും ഒരു സ്പോന്ജ്എന്നോണം ഒപ്പിയെടുക്കും. പക്ഷെ അതൊന്നും അക്കാലത്തു മനസ്സിലാക്കപ്പെടണമെന്നില്ല. അപ്പോൾ അയാൾ ഒരു ന്യൂനപക്ഷത്തിലേയ്ക്ക് ഒതുങ്ങും. 'തിന്നും കുടിച്ചും മദിച്ചും രമിച്ചും' ജീവിക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ ഇടയിൽ വേണം അത്തരം പ്രതിഭാശാലികൾക്കു ജീവിച്ചു പോകാൻ. അത്ര എളുപ്പമല്ല കാര്യം. അതോടെ ചെയ്യുന്ന കാര്യങ്ങൾ എല്ലാം പരാജയപ്പെടുന്നതായി വരും. പക്ഷെ അത് ഒരു വക്കോടിഞ്ഞ ഒരു ജനത പരാജയപ്പെടുത്തുന്നതാണ്. എങ്കിലും കാലം അവർ ശരിയായിരുന്നു എന്ന് തെളിയിക്കും.


ജോയ് മാത്യു 'പുരുഷനിൽ' നിന്ന് 'ഷട്ടറിലേയ്ക്ക്'  വരുന്നതിനിടെ കടന്നുപോയ ഇരുപത്തിയഞ്ചോളം വർഷങ്ങളിൽ, എന്നെപ്പോലൊരാളിനു ജോയ് മാത്യുവിന് എന്ത് സംഭവിച്ചു എന്ന് ആകാംക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്ന ആ ഇടവേളയിൽ നടന്ന കാര്യങ്ങൾ കൂടി ഈ പുസ്തകത്തിൽ നിന്ന് നമുക്ക് മനസിലാക്കാം (ഞാൻ വെറുതെ വമ്പ് പറയുന്നതല്ല. പല നടന്മാരെയും കുറിച്ച് ഞാൻ ആകാംക്ഷപ്പെട്ടിട്ടുണ്ട്; രാജ് കുമാർ, രവീന്ദ്രൻ, സുധീർ, ജോസ്, രവി കുമാർ, പ്രതാപ് പോത്തൻ, രവി മേനോൻ, നിയാസ് മുസലിയാർ (ക്ഷണക്കത്ത്), ഷഫീഖ് (ലവ് സ്റ്റോറി), സംഗീത് (എന്നെന്നും കണ്ണേട്ടന്റെ). ചിലരെങ്കിലും ടെലിവിഷനിലൂടെയും പിൽക്കാലത്തെ സിനിമകളിലൂടെയും തിരികെ വന്നിട്ടുണ്ട്. പറയാൻ വിട്ടുപോയ ഒരു പേരാണ്, ഷാനവാസ്, പ്രേം നസീറിന്റെ മകൻ). ജോയ് മാത്യു ജീവിക്കുകയായിരുന്നു. ബോധി ബുക്സിന്റെ കാലം മനോഹരമായി പറഞ്ഞിരിക്കുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ തൂക്കി വിൽക്കുന്നത് മുതൽ കുഞ്ഞിക്കയെ ഷാർജയിൽ വെച്ച് വിരട്ടുന്നതു വരെയുള്ള കഥകൾ. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കേരളത്തിലും ദുബായിലും ജീവിച്ചത്. വിസിറ്റിങ് വിസ പുതുക്കാൻ ഇറാനിലെ കിഷ്, കിഷിമ എന്നീ ദ്വീപുകളിൽ പോകുന്നത്, അതിനുമുൻപ് മസ്കറ്റിന്റെ ആകാശത്തിൽ ഒരു ലൊടുക്ക് വിമാനത്തിൽ വട്ടമിടുന്നത്. ബഷീറിന് ശേഷം മരണത്തെയും ജീവിതത്തെയും ഇത്രയും (ദാർശിനിക ) വ്യഥകൾ ഇല്ലാതെ വിവരിച്ചിട്ടുള്ളത് ജോയ് മാത്യുവാണ്.


സായിപ്പിന്റെ ട്രൗസർ എന്ന അദ്ധ്യായം ഗ്രന്ഥകർത്താവിന്റെ നാടക കാലത്തിന്റെ ഒരു നേർചിത്രം നർമ്മ മധുരമായി പകർത്തുന്നു. രാമചന്ദ്രൻ മൊകേരിയെ നാടകത്തിൽ അഭിനയിപ്പിക്കാൻ അദ്ദേഹത്തിന്റെ വീടുതേടി തലശേരിയിൽ നടത്തുന്ന ജീവന്മരണ ബൈക്ക് യാത്ര അല്പം ഭയത്തോടെ മാത്രമേ വായിക്കാനാകൂ.ഗോവയിൽ ഒരു ബ്രാഹ്മണഗുണ്ടയായി പോകുന്നത് തുടങ്ങി എം ടി വാസുദേവൻ നായർ ഒരു മനുഷ്യാവകാശ പരാതിയിൽ ഒപ്പിടില്ല എന്ന് പറയുന്നതിൽ നിന്ന്, ജീവിതത്തിൽ എങ്ങിനെ 'നോ' പറയാൻ പഠിക്കണം എന്ന് തിരിച്ചറിയുന്നത് ഒക്കെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു. പവിത്രൻ എന്നൊരു ചിത്രകാരൻ പെണ്ണ് കാണാൻ പോയി ബോണ്ട തിന്നുന്ന എപ്പിസോഡ് ചിരിക്കാതെ എങ്ങിനെ വായിക്കും. എഴുത്തിലുടനീളം ആളുകൾ കടന്നുവരുന്നു; ജോയ് മാത്യുവിന്റെ വ്യക്തിജീവിതത്തിലും കേരളത്തിന്റെ പൊതു സാംസ്കാരിക ജീവിതത്തിലും മുഖ്യധാരാ രേഖപ്പെടുത്താത്ത സംഭാവനകൾ നൽകിയ ആളുകളുടെ ഹൃദയസ്പർശിയായ വാഗ്‌ചിത്രങ്ങൾ ഈ എഴുത്തിലുടനീളം കാണാം. പൂനാരങ്ങയുടെ മണമുള്ള എഴുത്ത്. ജോയ് മാത്യു നടനും സംവിധായകനും മാത്രമല്ല; നല്ലൊരു എഴുത്തുകാരനും കൂടിയാണ് (അദ്ദേഹത്തിന് നാടക സാഹിത്യത്തിന് ലഭിച്ച പുരസ്കാരങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാണിത് പറയുന്നത്).  വായനയിൽ നീന്തുന്നവർക്കു, ചെന്നുകയറി നിലത്തെ പഞ്ചാരമണലിൽ ആകാശം നോക്കിക്കിടക്കാൻ പറ്റിയൊരു സ്വപ്നദ്വീപാണ് ഈ പുസ്തകം. ആവശ്യവായനാ പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്. 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ