ബഷീർ - എം ഗോവിന്ദന്റെ കഥ, റാഫിയുടെ സ്മരണ, അഴിക്കോടിന്റെ പഠനങ്ങൾ- (സമാഹാരം). എഡിറ്റർ: ഡോ.പോൾ മണലിൽ (സാഹിത്യപ്രവർത്തക സഹകരണ സംഘം)


ബഷീർ - എം ഗോവിന്ദന്റെ കഥ, റാഫിയുടെ സ്മരണ, അഴിക്കോടിന്റെ പഠനങ്ങൾ- (സമാഹാരം). എഡിറ്റർ: ഡോ.പോൾ മണലിൽ (സാഹിത്യപ്രവർത്തക സഹകരണ സംഘം)

വൈക്കം മുഹമ്മദ് ബഷീർ ഒരു പുഞ്ചിരിയാണ്. സംശയമേതും വേണ്ടാത്തൊരു പുഞ്ചിരി. മാർക്കേസിന്റെ കുറിച്ചോർക്കുമ്പോൾ കൊളംബിയക്കാർക്കോ നെരൂദ എന്ന് കേൾക്കുമ്പോൾ ചിലിക്കാർക്കോ ഒക്കെ തോന്നുന്ന ഒരു അഭിമാനബോധം മലയാളികൾക്ക് ഏതെങ്കിലും ഒരു എഴുത്തുകാരൻ പകർന്നു കൊടുത്തിട്ടുണ്ടെങ്കിൽ അത് ബഷീർ തന്നെയാണ്.സാഹിത്യത്തിന്റെ സാഹചര്യത്തിലാണ് 'ബഷീർ' എന്ന നാമധേയം ഉച്ചരിക്കപ്പെടുന്നതെങ്കിൽ രണ്ടാമതൊരു ചോദ്യമില്ല, അത് ബേപ്പൂരിലെ, സുകുമാർ അഴിക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ 'വയലും ആലും ഇല്ലാത്ത വൈലാലിൽ' വീട്ടിലെ മാങ്കോസ്റ്റീൻ മാവിന്റെ ചുവട്ടിൽ ഇരിക്കുന്ന ആ സൂഫിവര്യന്റെ മുഖം തന്നെയാകും നമ്മുടെ മനോമുകുരത്തിൽ തെളിയുക. പോരെങ്കിൽ ജീവിച്ചിരിക്കെ തന്നെ ഒരു ലെജൻഡ് ആയി മാറിയിട്ടുള്ള എഴുത്തുകാർ കുറയും. എം ടിയുടെ  പേരൊക്കെ പറയുമെങ്കിലും, ബഷീറിന്റെ ഹൃദയാവർജ്ജകത്വം ഒരു വ്യക്തി എന്ന നിലയിൽ എം ടിയ്ക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അഭിപ്രായങ്ങളിലും പുഞ്ചിരിയിലും പിശുക്കനായ എം ടി പോലും ബഷീറിന്റെ നൂലനാണെന്നറിയുമ്പോൾ നമുക്ക് സന്തോഷമല്ലാതെ മറ്റൊന്നും തോന്നുകയില്ല.


മലയാള ഭാഷയിൽ ബഷീർ പഠനങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. ഡോ. പോൾ മണലിൽ ബഷീർ പഠനത്തിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വെച്ചിരിക്കുകയാണെന്നു പറയാം. സാഹിത്യപ്രവർത്തക സഹകരണ സംഘം കഴിഞ്ഞ വര്ഷം ഇറക്കിയ പുസ്തകമാണ് 'ബഷീർ...'. പോൽ മണലിൽ ആണ് ഇതഃപര്യന്തം അപ്രകാശിതവും അല്പപ്രകാശിതവും ആയി കിടന്നിരുന്ന ഏതാനും രചനകൾ ഒരുമിച്ചു ചേർത്ത് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. 'ബഷീറിന്റെ പുന്നാരമൂഷികൻ' എന്ന പേരിൽ എം. ഗോവിന്ദൻ എഴുതിയൊരു കഥയുണ്ടിതിൽ. ബഷീർ തൃശൂർക്ക് പോയിരിക്കുന്ന വേളയിൽ മദ്രാസിൽ നിന്നെത്തിയ ഗോവിന്ദൻ എറണാകുളത്തുള്ള ബഷീറിന്റെ മുറിയിൽ താമസിക്കാൻ ഇടയാകുന്നതും അവിടെ വെച്ച് ഒരു മൂഷികനെ പരിചയപ്പെടുന്നതും ആണ് കഥ. മൂഷികസാഹിത്യവും മൂഷികഭാഷയും മനസ്സിലാകുന്ന മനുഷ്യർക്ക് മാത്രമേ നല്ല സാഹിത്യം ഉണ്ടാക്കാൻ കഴിയൂ എന്ന് 'എ മൂഷികൻ' അഥവാ അധരമൂഷികൻ എന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന മൂഷികൻ ഗോവിന്ദനെ അറിയിക്കുന്നു. അവർ തമ്മിലുള്ള സംഭാഷണത്തിലൂടെ ബഷീർ ഇത്തരത്തിലുള്ള ഒരു മഹാസാഹിത്യകാരൻ ആണെന്ന് മൂഷികൻ തെളിയിക്കുന്നു. ഒടുവിൽ ബഷീർ തിരിച്ചെത്തുമ്പോൾ, ഗോവിന്ദൻ മൂഷ് എന്ന് വിളിക്കുമ്പോൾ ഹൂഷ് എന്ന് ഉത്തരം പറയുന്ന മൂഷികനെ കണ്ട് അവൻ തന്റേതു മാത്രമാണെന്ന ഒരഹങ്കാരം ഉള്ളിൽ സൂക്ഷിച്ചിരുന്ന ബഷീറിന് ചെറിയൊരു ഇച്ഛാഭംഗം ഉണ്ടാകുന്നത് നമ്മൾ കാണുന്നതോടെ കഥ തീരുന്നു.


ഭൗതികമായ എല്ലാ പരിമിതികളിലും ജീവിച്ചു പോന്ന ബഷീർ വൈലാലിൽ വീട്ടിൽ താമസമാകും മുൻപേ, എത്ര ദരിദ്രനാരായണായിട്ടു കൂടി സഹജീവികളിലുള്ള സ്നേഹം അന്നേ വെച്ച് പുലർത്തിയിരുന്നുവെന്നും, ജീവിതം എന്ന സർവകലാശാലയിൽ നിന്ന് തന്നെയാണ് ബഷീറിന്റെ കഥകൾ ഉരുവം കൊണ്ടിരുന്നതെന്നും തെളിയിക്കുന്നതാണ് ഇക്കഥ. ഇത് കഥയാണെങ്കിലും പോഞ്ഞിക്കര റാഫി പറയുന്നത് ഏതാണ്ട് അതെ കാലയളവിൽ നടന്ന യാഥാർഥ്യങ്ങളെയാണ്. ചോറ് പോലും വാങ്ങാൻ കഴിയാത്ത വിധം ദരിദ്രനായിരിക്കുന്ന ബഷീറിനെ നമ്മൾ ഈ ലേഖനങ്ങളിൽ കാണുന്നു. തന്റെ ഭൗതിക സ്വത്തെന്ന് പറയാവുന്ന പത്രമാസികകൾ ദാരിദ്ര്യം സഹിയാതെ തൂക്കിവിറ്റു കിട്ടുന്ന നാലണ കൊണ്ട് മൂന്നു ദിവസത്തെ പട്ടിണിയ്ക്കു ശേഷം ചോറ് വാങ്ങാൻ പയ്യനെ അയക്കുമ്പോൾ ചോറ് തീർന്നു പോയി എന്നറിയുകയാണ്. അപ്പോൾ നമ്മൾ മതിലുകളിൽ നാരായണിയെ കാണാതെ വിമോചിക്കപ്പെടുന്ന ബഷീർ 'ആർക്കു വേണം സ്വാതന്ത്ര്യം' എന്ന് ചോദിക്കുന്നത് പോലെ ആർക്കു വേണം ഈ നാലണ എന്ന് ചോദിച്ചേയ്ക്കും എന്ന് കരുതുന്നു. പക്ഷെ വിശപ്പ് എല്ലാ തത്വവിചിന്തനങ്ങളെയും കീഴ്പ്പെടുത്തുന്ന. ചായയും പലഹാരവും കഴിച്ചു ക്ഷുത്തടക്കുകയാണ് ബഷീർ. തിരുവിതാംകൂറിൽ കടന്നാൽ അറസ്റ്റ്. പുസ്തകം അടിച്ചയുടൻ കണ്ടു കെട്ടിയതിനാൽ അതും നഷ്ടം. കീഴടങ്ങിയാൽ സിഐഡി പൊലീസിന് ഉദ്യോഗക്കയറ്റം കിട്ടും. ബഷീറിനെ കുറ്റവിമുക്തനാക്കും പോരെങ്കിൽ ഉദ്യോഗവും കിട്ടും. ബഷീർ സി ഐഡിയെ മടക്കിയയക്കുന്നു (തനിക്കൊരു പിതാവേയുള്ളൂ എന്നും പൊന്നുതമ്പുരാനെ പിതാവെന്ന് വിളിക്കാൻ താത്പര്യമില്ലെന്നും അറിയിച്ചു). പതിനഞ്ചു രൂപയുണ്ടെങ്കിൽ ഒരു പുസ്തകം അടിച്ചു കൊച്ചിയിൽ വിൽക്കാം. പക്ഷെ മൂലധനമില്ല. റാഫി അഞ്ചുരൂപ കൊടുക്കാമെന്നേറ്റു. പക്ഷെ അത് റാഫിയ്ക്കുണ്ടാക്കുന്ന പലിശക്കടം ഓർത്ത് ബഷീർ നിരസിക്കുന്നു. വിജയൻറെ ഒരു നുറുങ് കഥ ഓർമ്മ വന്നു ഇത് വായിച്ചപ്പോൾ. 'മാർക്സിന്റെ വീട്ടിൽ വറുതിയാണ്. മകൾക്കൊരു ഫ്രോക്ക് വേണം. മകളോട് മാർക്സ് പറയുന്നു. അച്ഛനൊരു പുസ്തകം എഴുതുന്നുണ്ട്. അത് വിറ്റോട്ടെ. അപ്പോൾ മോൾക്ക് ഞാൻ ഫ്രോക്ക് വാങ്ങിത്തരും.' (ഓർമ്മയിൽ നിന്നെഴുതുന്നത്). ഒടുവിൽ ബഷീർ തിരുവിതാകൂറിൽ കടന്ന് അറസ്റ്റു വരിക്കുകയാണ്.


ദാരിദ്ര്യമൊക്കെ മാറി, ഫാബിയെ വിവാഹമൊക്കെ കഴിച്ചു വൈലാലിൽ താമസമായതിന് ശേഷമാണ് സുകുമാർ അഴിക്കോട് ബഷീറിന്റെ അടുത്ത സുഹൃത്തായി മാറുന്നത്. അങ്ങിനെ വീടുകളിലെ പരസ്പര സന്ദർശകർ കൂടിയായി അവർ.സുകുമാർ അഴിക്കോടിനെ പലപേരുകളിൽ (വൈദ്യരെ എന്ന് പോലും ഇംഗ്ലീഷിൽ) വിളിക്കുമായിരുന്നു ബഷീർ. പക്ഷെ എന്തുകൊണ്ടോ, ബഷീർ ജീവിച്ചിരുന്നപ്പോൾ അഴിക്കോട് അദ്ദേഹത്തെ കുറിച്ച് അധികമൊന്നും എഴുതിയില്ല. പ്രസംഗിച്ചു, ധാരാളം. പക്ഷെ അവയൊന്നും അച്ചടിയിലേക്കു വന്നില്ല. ബഷീറിന്റെ ദേഹവിയോഗത്തിനു ശേഷം അഴിക്കോട് എഴുതിയ ഓർമ്മക്കുറിപ്പുകളും പ്രസംഗങ്ങളുടെ പകർപ്പുകളും കഥകൾക്കെഴുതിയ അവതാരികകളും ഒക്കെ ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു. തികച്ചും ആഹ്ലാദപ്രദമായ ഗാർഹിക നർമ്മം മുതൽ പ്രാപഞ്ചിക വിഷയങ്ങളെച്ചൊല്ലിയുള്ള നർമ്മഭാവനകൾ വരെ ബഷീറിൽ നിന്ന് സ്വരൂപിച്ചു അഴിക്കോട് കാട്ടിത്തരുന്നു. ബഷീറിന് കാർ മെക്കാനിക്കുകളുമായുള്ള ബന്ധം കാറുകളെക്കുറിച്ചുള്ള അഭിപ്രായം (പ്രത്യേകിച്ചും അഴിക്കോടിന്റെ കാറിനെക്കുറിച്ചും ഡ്രൈവിങിനെ കുറിച്ചും), പാചക വൈദഗ്ദ്യം, വിരുന്നുണ്ണാൻ വിളിക്കുന്ന രീതി ഒക്കെ അഴിക്കോട് സ്മൃതിമധുരമാം വിധം വിവരിക്കുന്നു. ബഷീറിനെ കുറിച്ച് ഇന്നുവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളുടെയും വിവർത്തനങ്ങളുടെയും ഡോക്യൂമെന്ററികളുടെയും സിനിമകളുടെയും വിശദമായ പട്ടിക കൂടാതെ ബഷീർ സാഹിത്യത്തിന്റെ ബിബ്ലിയോഗ്രാഫിയും ഇതിൽ ഉണ്ട്. വളരെ രസകരമായി വായിച്ചു പോകാവുന്ന ഒരു പുസ്തകം.

- ജോണി എം എൽ















Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ