ദക്ഷിണം (യാത്രാവിവരണം)- സച്ചിദാനന്ദൻ - ഒലിവ്



സച്ചിദാനന്ദൻ മാഷിന്റെ കവിതകളെ യാത്രാവിവരണങ്ങളായും യാത്രാവിവരണങ്ങളെ കവിതകളായും വായിച്ചെടുക്കാം. അത് കേവലം വരിമുറിക്കൽ കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥാവിശേഷമല്ല. മലയാള ആധുനിക കവിതയ്ക്കു പുതിയൊരു ദിശാബോധം നൽകിയ കവികളിൽ പ്രധാനിയെന്ന നിലയിൽ സച്ചിദാനന്ദൻ ഇപ്പോഴും എഴുതുന്നത് ദേശങ്ങളെയും ചരിത്രത്തെയും രാഷ്ട്രീയത്തെയും 'സ്ഥലത്തെയും കാലത്തെയും' ഒക്കെ ആയിരുന്നു. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ ആധുനിക പ്രസ്ഥാനോൽഘാടനപരമായ കവിതകൾ എഴുതിയ കവികൾക്കെല്ലാം തന്നെ 'തനത്' ഭാഷയും തനത് ചരിത്രവും തനത് ശൈലിയും കണ്ടെത്തേണ്ടി വന്നൊരു ചരിത്ര ബാധ്യത ഉണ്ടായിരുന്നു. വൈദേശികാഭിമുഖ്യങ്ങളും സ്വാധീനങ്ങളും ആ കവിതകളിൽ പ്രചോദനത്തിന്റെ പശ്ചാത്തലങ്ങളായും ഘടനയുടെ അനുകരണീയ മാതൃകകളായും നിലനിന്നിരുന്നു. സച്ചിദാനന്ദനിലേയ്ക്ക് വരുമ്പോൾ കവിതകൾ തനത് എന്ന വാശി ഉപേക്ഷിച്ചു ആഗോളസ്വഭാവം കൈവരിക്കുകയാണ്. ഒരു പക്ഷെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആഗോളവൽക്കരിക്കുന്നതിനു മുൻപ് എത്രയോ മുൻപ് തന്നെ കവിത സച്ചിദാനന്ദനിലൂടെ ആഗോളവത്കരിക്കപ്പെട്ടിരുന്നു. പക്ഷെ ഈ ആഗോളീയതയുടെ സ്വഭാവം ഇന്നത്തെ കമ്പോളം നയിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നില്ല. കമ്പോളത്തിനു എതിരെ നിന്ന സമീപകാലത്തു കൊളോണിയൽ അവസ്ഥകളിൽ നിന്ന് പുറത്തുവരികയോ നിലവിലെ കൊളോണിയൽ ഭരണങ്ങളോട് പടവെട്ടുകയോ സ്വേച്ഛാധിപ ഇമ്പീരിയൽ ഭരണസംവിധാനങ്ങളെ ചെറുത്തു നിൽക്കുകയോ ചെയ്തുകൊണ്ടിരുന്ന ആഗോള രാജ്യങ്ങളുടെ അനുഭവങ്ങളുമായി സാത്മീകരണം കണ്ടെത്തുകയായിരുന്നു സച്ചിദാനന്ദനും തുടർക്കവികളും ചെയ്തിരുന്നത്. രാഷ്ട്രീയ വിപ്ലവത്തിൽ ദേശചരിത്രവും ദേശചരിത്രത്തിൽ ആദിമ മിത്തുകളും ആദിമ മിത്തുകളിൽ ഒരു ജനതയുടെ സ്നേഹസങ്കല്പങ്ങളും സ്നേഹസങ്കല്പങ്ങളിൽ സംഗീതവും സംഗീതത്തിൽ പ്രതീക്ഷയും ആ പ്രതീക്ഷാ ലബ്ധിക്കായി രാഷ്ട്രീയ വിപ്ലവം നടത്തേണ്ട ആവശ്യകതയും തിരിച്ചറിയുന്ന എല്ലാ ജനങ്ങളുടെയും ആവിഷ്കാരങ്ങൾ അവരുടെ കവിതകളിൽ വന്നു. സച്ചിദാനന്ദൻ ആ തരത്തിൽ ഒരു പ്രസ്ഥാന നായകത്വം അറിയാതെ സ്വീകരിക്കുകയും ചെയ്തു.

സച്ചിദാനന്ദൻ ഒരുപിടി യാത്രാ വിവരണ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കവിതയിലൊതുങ്ങാത്തതല്ല യാത്രാവിവരണമാകുന്നത്, മറിച്ച് കവിതയുടെ സ്വയം വ്യാഖ്യാനങ്ങൾ തന്നെയാണ് അദ്ദേഹത്തിൽ യാത്രാവിവരണങ്ങളായി പ്രത്യക്ഷപ്പെടുന്നത്. ലോകത്തിന്റെ തെക്കു നിന്നുള്ള കവിതകളുടെ വിവർത്തനങ്ങൾ ഒരുപാട് ചെയ്തു തന്റെ കാവ്യഭാഷയും വിവർത്തനഭാഷയും തമ്മിൽ വലിയ അകാലമില്ലാതാക്കുകയോ, എല്ലാ ദേശങ്ങളിലെയും മനുഷ്യവികാരങ്ങൾക്കു ഭാവപ്പെടാൻ ഓരോ ഭാഷയിലും ഒരു പൊതു കവിതഭാഷ കണ്ടെത്താം എന്ന് തെളിയിക്കുകയോ ചെയ്ത സച്ചിദാനന്ദന് ആ കവിതകൾ ഉരുവായ ഇടങ്ങളിൽ ചെല്ലുമ്പോൾ കുറച്ചധികം ആ ദേശങ്ങളെക്കുറിച്ചു പറയാതെ പോവുക വയ്യ. 'ദക്ഷിണം' എന്ന സമാഹാരം അത്തരത്തിൽ ഗ്ലോബൽ സൗത്ത് എന്ന് പറയാവുന്ന രാജ്യങ്ങളിൽ അദ്ദേഹം നടത്തിയ യാത്രയുടെ വിവരണങ്ങളാണ്. വിരൽത്തുമ്പിൽ ഗൂഗിൾ വെളിച്ചത്തിൽ കാണാവുന്ന ലോകമേ ഇപ്പോഴുള്ളൂ എന്ന ബോധം യാത്രാവിവരണങ്ങളെ ഇപ്പോൾ അല്പം പരുങ്ങലിൽ ആക്കിയിട്ടുണ്ട്. അത് സച്ചിദാനന്ദൻ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് ഈ കൃതിയിൽ. പക്ഷെ ഗൂഗിളിന് ഒരു ദേശത്തിന്റെ സ്വഭാവം എന്തെന്ന് പറഞ്ഞു തരാൻ കഴിയുമെങ്കിൽ, ഒരു യാത്രാവിവരണം ചെയ്യുന്നത് ആ സ്വഭാവത്തെ രൂപീകരിക്കുന്നത് എന്തൊക്കെ എന്നും ആ ഘടകങ്ങൾ എങ്ങിനെ ഏതു കാലത്തും ഏത് നാട്ടിലും ഇരിക്കുന്ന മറ്റു മനുഷ്യർക്ക് കൂടി സാത്മ്യം പ്രാപിക്കാൻ കഴിയുന്നവയായി മാറുന്നതെങ്ങിനെയെന്നും യാത്രാവിവരണങ്ങൾക്കു പറഞ്ഞുതരാൻ കഴിയും. കവി എഴുതുമ്പോൾ കവികൾ അവയിലെ പ്രധാനകഥാപാത്രങ്ങളാകും.

കൊളംബിയ, പെറു, ക്യൂബ, ശ്രീലങ്ക, വെനിസുല, സ്‌പെയിൻ എന്നിങ്ങനെ ആറിടങ്ങളിൽ നടത്തിയ യാത്രകളാണ് സച്ചിദാനന്ദൻ ഈ പുസ്തകത്തിൽ വിഷയമാക്കുന്നത്. യാത്രികർക്ക് പ്രധാനമായി തോന്നുന്ന രണ്ടു കാര്യങ്ങൾ വാസസ്ഥലങ്ങളും ഭക്ഷണവും ആണ്. അവയെക്കുറിച്ചു സച്ചിദാനന്ദൻ പറയുന്നത് തീർച്ചയായും നമ്മെ ആകർഷിക്കും. ഹോട്ടൽ മുറികളെക്കുറിച്ചു ദീർഘമായ വിവരണങ്ങൾ ഇല്ലെങ്കിലും അവ അവഗണിക്കാൻ കഴിയാത്ത സാന്നിധ്യമായി വരുന്നു. ചരിത്രവും തദ്ദേശ രാഷ്ട്രീയവും കവിതയുമാണ് ഓരോ അധ്യായത്തിലും അതാതു രാജ്യ സന്ദർഭങ്ങളിൽ എഴുതുന്നതെങ്കിലും അവിടങ്ങളിലെ സാമാന്യ മനുഷ്യന്റെ പ്രവൃത്തികളും സ്വഭാവങ്ങളും ഒക്കെ ചെറിയ ചില നിരീക്ഷണങ്ങളിലൂടെ അനാവൃതമാകുന്നുണ്ട്. കൊളംബിയയിൽ, "ഒരു ദിവസം തന്നൂറെയും ഞാനും വന്നെത്തിയത് മനോഹരമായ ഒരു പാർക്കിലായിരുന്നു. ധാരാളം പേർ അവിടെ നടക്കുന്നുണ്ടായിരുന്നു. നടക്കാതിരുന്നത് പാർക്കിലെ രണ്ടു പ്രതിമകൾ മാത്രമായിരുന്നു," എന്ന് വായിക്കുമ്പോൾ ആ നഗരവും അവിടത്തെ മനുഷ്യരും നമ്മുടെ മുന്നിൽ തെളിയും. ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ അദ്ധ്യായം ക്യൂബയെക്കുറിച്ചുള്ളതാണ്. ഒരു പക്ഷെ ക്യൂബ അത്രയധികം നമ്മളിൽ ഉള്ളതുകൂടിയാകാം ആ തോന്നലിനു കാരണം. വായിക്കവേ ഇത് ഞാൻ മുൻപേ വായിച്ചതാണെന്നു തോന്നി. ഒരു പക്ഷെ ഇത് ഏതോ ആനുകാലികത്തിൽ ഞാൻ വായിച്ചിട്ടുണ്ട്. വളരെ പാരായണക്ഷമമായ പുസ്തകം. പ്രത്യേകിച്ചും കവിതാപ്രേമികൾക്കും ഭാഷാപ്രേമികൾക്കും. - ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ