വരച്ച വരയിൽ ഒരു രാജ്യം


വരച്ചു പഠിച്ച വരയിലെ
രാജ്യം ഇപ്പോഴില്ല
എങ്കിലും ജനങ്ങൾ, വരച്ച വരയിൽ 
നിൽക്കണമെന്ന് ആരോ ശഠിക്കുന്നു

അതിന്റെ നിറങ്ങൾ
മാറിപ്പോയിരിക്കുന്നു
പച്ചയിരുന്നേടത്ത്
ഇപ്പോൾ മഞ്ഞ
വിളഞ്ഞ ഗോതമ്പ് പാടങ്ങൾക്കു മുകളിൽ
കാക്കക്കറുപ്പ്
തെരുവുകളുടെ നിറം
ഇരുണ്ട ചോരചോപ്പ്
ആകാശത്തിന്
നിലവിളിയുടെ ഓറഞ്ച്

ശിലായുഗവും
ലേസർ യുഗവും
അർദ്ധചാപാകൃതിയുള്ള
യാത്രാപഥങ്ങളിൽ
കണ്ടു മുട്ടുന്നു
അവയിൽ നിന്ന്
കണ്ണുകൾ പെയ്യുന്നു

കാലുകൾക്കിടയിൽ
നാപാം ബോംബുമായി
നടക്കുകയാണ്
കുതിരക്കുട്ടികളെ
സ്നേഹിച്ച കിം ഫുക്കിനെ തേടി
ഇരുകാലി ദൈവങ്ങൾ

വരകൾ മാറ്റി വരച്ച്
വരച്ച വരയിൽത്തന്നെ
കാലുവെച്ചിട്ടുണ്ടെന്ന്
എത്രനാൾ ഞാൻ
അവരെ വിശ്വസിപ്പിക്കും

ഒരു ദിനം പിടിക്കപ്പെടുമ്പോഴേയ്ക്കും
എന്റെ രാജ്യത്തിന്റെ ഭൂപടം
എത്ര മേൽ മാറിമറിഞ്ഞിരിക്കും-
ചോര വീണിടങ്ങളിലേയ്ക്ക്
ഉറുമ്പുകൾ വരയ്ക്കുന്ന
വരയിലുണ്ടെന്റെ രാജ്യം.
-- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ