അന്വേഷിപ്പിൻ കണ്ടെത്തും (നോവൽ) - അമൽ പിരപ്പൻകോട്- ഒരു വായന




പത്ത്‌ പുസ്തകങ്ങൾ. സമൂഹ മാധ്യമങ്ങളിൽ ഒരു പിടി പ്രചരണ തന്ത്രങ്ങൾ. മാജിക്ക്. ഇൻസൈറ്റ് പബ്ലിക്ക എന്ന പ്രസാധക സംഘത്തിന്റെ പരീക്ഷണ പ്രസിദ്ധീകരണ ശ്രമങ്ങൾ. പിന്നെ തിരുവനന്തപുരത്തു ബുക്ക് ബസാർ എന്ന പേരിൽ പുതിയ പുസ്തകക്കടയുടെ ഉത്‌ഘാടനം അമൽ പിരപ്പൻകോടിന്റെ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന നോവൽ പ്രകാശിപ്പിച്ചു കൊണ്ട് കാനായി നിർവഹിക്കുന്നു. ഇതൊക്കെക്കൊണ്ടാണ് വെയിൽ സഹിച്ചും കട തപ്പിയിറങ്ങിയത്. അമലിന്റെ പുസ്തകം കിട്ടി. ബസിലിരുന്ന് തന്നെ വായിച്ചു തീർത്തു. 'താൾ മറിക്കൽ പ്രേരകമാണ്' പുസ്തകം. റോഡ് നോവൽ എന്ന് വേണമെങ്കിൽ പറയാം. ഫോറൻസിക് നോവൽ എന്നും പറയാം. കുറ്റാന്വേഷണാകൃതി എന്നാണ് പരസ്യം. രണ്ടു ഫോറൻസിക് വിദഗ്ദർ ഒരു മുതിർന്ന സഹപ്രവർത്തകന്റെ ശവശസ്ത്രക്രിയയിൽ ഏർപ്പെടുന്നതോടെ തുടങ്ങുന്ന അന്വേഷണം മൂന്നു കൊലപാതകങ്ങളുടെ കണ്ടെത്തലുകൾ ആകുന്നതും അപ്രതീക്ഷിതമായൊരു കുറ്റവാളി കുടുങ്ങുന്നതുമാണ് കഥ. ഒരു പോസ്റ്റ് ട്രൂത്ത് നോവൽ എന്ന് വേണമെങ്കിൽ പറയാം. കാരണം സത്യം എന്നത് സത്യം എന്നതായി വിശ്വസിക്കുന്നവ തമ്മിൽ സൃഷ്ടിക്കുന്ന ബന്ധ പരമ്പരകൾ മാത്രമാണ്. സത്യത്തിന്റെ ആത്യന്തികത്വം ചോദ്യം ചെയ്യപ്പെടുന്നു. പ്രാദേശിക ഭാഷയുടെ ഉപയോഗം ആണ് മറ്റൊരു ഹൈലൈറ്റ് ആയി പറയുന്നത്. കഥ തിരുവനന്തപുരത്തും പ്രാന്തങ്ങളിലും നടക്കുന്നതാകയാൽ ഭാഷ കോട്ടയത്തിന്റേതാകാൻ പറ്റുകില്ലല്ലോ. സി വി രാമൻപിള്ളയുടെയും തകഴിയുടെയും ബഷീറിന്റെയും വിജയന്റെയും ഭാഷാ പ്രയോഗങ്ങൾക്കു ശേഷം ഇതൊരു സവിശേഷതയായി എണ്ണണമോ എന്ന് ഞാൻ സംശയിക്കുന്നു. മുകുന്ദനെ വായിച്ചവർ മുകുന്ദനോട് തിരുവനന്തപുരം ഭാഷയിൽ എഴുതാൻ പറയുമോ? നോവൽ രചനയുടെ ആഖ്യാന സാങ്കേതികത്വം അമൽ ഉത്തരാധുനികതയിലും നിയോ റീയലിസത്തിലും ആണ് കാണുന്നതെന്ന് എവിടെയോ ഒരു സൂചനയുണ്ട്. പക്ഷെ സംഭവങ്ങളിൽ നിന്ന് സംഭവങ്ങളിലേക്ക് നീങ്ങുന്ന പരമ്പരാഗത രേഖീയത തന്നെയാണ് ആഖ്യാനത്തെ നയിക്കുന്നത്. അതൊരു കുറ്റമല്ല. ഓർഹൻ പാമുക്കിന്റെ റോഡ് നോവൽ ആയ ന്യൂ ലൈഫും അത്തരം ആഖ്യാന സ്വാതന്ത്ര്യം എടുക്കുന്നുണ്ട്. എവിടെയോ ടി ഡി രാമകൃഷ്‌ണൻ കയറി വരുന്നോ എന്ന് ഞാൻ സംശയിച്ചു. പക്ഷെ രാമകൃഷ്ണൻ സൃഷ്ടിക്കുന്ന ഇതിവൃത്ത സങ്കീർണ്ണത അമലിൽ കാണുന്നില്ല. അതിന്റെ ആവശ്യവുമില്ല. അരോചകമായി തോന്നിയത് രണ്ടു കാര്യങ്ങളാണ്: ഒന്ന്, ലൂക്ക എന്ന കഥാപാത്രം സ്ഥാനത്തും അസ്ഥാനത്തും ഈശോ എന്ന കഥാപാത്രത്തെ പ്രകോപിപ്പിക്കുന്നത്. ഈശോയ്ക്ക് തോന്നുന്ന അരോചകത്വം വായനക്കാർക്കും തോന്നും. രണ്ട്, ശവശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രൂപകങ്ങൾ ആഖ്യാനത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. 'വൻകുടലിനെ അനുസ്മരിപ്പിക്കുന്ന പഴം പുരി. അതിനെ കുത്തി അയാൾ അതിലെ പഴുപ്പ് പുറത്തിട്ടു' എന്നൊക്കെ പ്രയോഗിച്ചിരിക്കുന്നത് ആഖ്യാനത്തെ കൃത്രിമമാക്കുന്നു. എങ്കിലും പരിണാമഗുപ്തിയാൽ പാരായണക്ഷമമാണ് അമലിന്റെ കൃതി. ട്രോൾ ശൈലിയിൽ ഒരു അനുബന്ധവും പിന്നെ തുടർന്നുള്ള ഒരു പഠനവും വേണ്ടിയിരുന്നില്ല എന്ന് തോന്നി. മേഘങ്ങൾക്കിടയിലേയ്ക്ക് ഉയർന്നു നിൽക്കുന്ന ഒരു പർവ്വതാഗ്രത്തിൽ അനുവാചകനെ കൊണ്ട് ചെന്ന് ഏകാന്തത്തിൽ നിറുത്താം. കുത്തി താഴേയ്ക്കിടരുത്. അമലിന് എല്ലാ ഭാവുകങ്ങളും. വിമർശനം കാര്യമാക്കേണ്ട. ഞാൻ വായിച്ചു (അതിനായി യാത്ര ചെയ്തു പുസ്തകം വാങ്ങി) എന്നത് മാത്രം കാര്യമാക്കിയാൽ മതി. - ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ