പാപി ചെല്ലുന്നിടം (നാനോ കഥകൾ)- വി ജയദേവ് - പെൻഡുലം ബുക്ക്സ്





അമലിന്റെ നോവലിനെക്കുറിച്ചു ഒരു കുറിപ്പെഴുതി പോസ്റ്റ് ചെയ്തുകഴിഞ്ഞപ്പോൾ അതിഭീകരമായ ഒരു കുറ്റബോധം എന്നെ പിടികൂടി. അത് വി.ജയദേവിന്റെ 'പാപി ചെല്ലുന്നിടം' എന്ന നാനോ കഥകളുടെ സമാഹാരത്തെ കുറിച്ച് എങ്ങും സൂചിപ്പിച്ചില്ലല്ലോ എന്നോർത്തായിരുന്നു. പുസ്തകമിറങ്ങുന്നു എന്ന അറിയിപ്പ് വന്നയുടൻ പ്രസാധകരെ ബന്ധപ്പെട്ട് വി പി പി ആയി വരുത്തി ഒരു വീർപ്പിനു വായിച്ചു തീർക്കുകയായിരുന്നു. സംഭവം നടന്നിട്ട് ഒരു മാസത്തോളമായി. ഈ പുസ്തകത്തെയും മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവിയായ വിജയരാജ മല്ലികയുടെ 'ദൈവത്തിന്റെ മകൾ' എന്ന ചെറിയകവിതാ സമാഹാരത്തെയും ഒരേ സമയമാണ് വായിച്ചത്. രണ്ടിലും എന്നെ ആകർഷിച്ചത് എഴുത്തുകാർ ഭാഷയുമായി നടത്തുന്ന ഒത്തുതീർപ്പുകളും ഒത്തുതീർപ്പിനു വഴങ്ങാത്ത സമരങ്ങളും ആയിരുന്നു. വിജയരാജ മല്ലികയെ സംബന്ധിച്ചിടത്തോളം മലയാള ഭാഷയുടെ അംഗീകൃത സാഹിത്യ പ്രയോഗങ്ങളെയെല്ലാം മാറ്റിയെഴുതേണ്ട ഒരു അവസ്ഥ നേരിടുന്നതായി കാണാം. ഭാഷയ്ക്കു ലിംഗമുണ്ടെന്ന് അവരുടെ കവിത വായിക്കുമ്പോൾ തിരിച്ചറിയാം. എന്നെപ്പോലെ ചില കടുംപിടുത്തങ്ങളൊക്കെയുള്ള ഒരു വായനക്കാരന് ആദ്യം ആ കവിതകളെ വലിച്ചൊരു ഏറു കൊടുക്കാനാണ് തോന്നുന്നത്. പിന്നെ സംയമനത്തോടെ വായിക്കുമ്പോഴാണ് പുതിയൊരു ലിംഗബോധത്തിനെ അഭിവ്യഞ്ജിപ്പിക്കാൻ വേണ്ടതായ ഭാഷ കണ്ടെത്താൻ വിജയരാജ മല്ലിക പാടുപെടുന്നത് കാണുന്നത്. ആ സന്ദർഭത്തിനുള്ളിൽ ആണ് അവരുടെ എഴുത്തിനു കവിതാ പദവി ഉണ്ടാകുന്നത്. ജയദേവാകട്ടെ ഭാഷയെക്കുറിച്ചുള്ള ഉറപ്പിനെ അതിലംഘിക്കാൻ, ശ്ലേഷങ്ങളിലൂടെയും വിഷമങ്ങളിലൂടെയും അലങ്കാരങ്ങളുടെ നിരന്തരമായ അപനിർമ്മിതിയിലൂടെയും ശ്രമിക്കുന്നത് ഈ കഥാസമാഹാരത്തിൽ കാണാം. അദ്ദേഹത്തിന്റെ 'ഭയോളജി' എന്ന കഥാസമാഹാരം സാഹിത്യത്തിൽ അംഗീകരിക്കപ്പെട്ട ഭാഷയെ ഉപയോഗിച്ചുകൊണ്ട് ഭയത്തെ ഒരു നൈരന്തര്യമായും അതിലൂടെ ഉത്പന്നമാകുന്ന സ്വാഭാവികാവസ്ഥയായും പരിവർത്തിപ്പിക്കാൻ ക്ഷമതയാർജ്ജിക്കുന്നുണ്ട്. അതേക്കുറിച്ചു നവമലയാളിയിൽ ഞാൻ ഒരു ആസ്വാദനം കഴിഞ്ഞ വർഷം എഴുതിയിരുന്നു. 'പാപി ചെല്ലുന്നിടം' 'പാതാളം' എന്നൊരു പൂർണാവസ്ഥയെ വ്യഞ്ജിപ്പിക്കുന്നുണ്ട്. നാമൊരു പാതാളത്തിലാണ് അല്ലെങ്കിൽ അവിടേക്കുള്ള യാത്രയിലാണ്. എല്ലാ ശരികളും ചെയ്തു ചെല്ലുമ്പോൾ ഒരു വലിയ തെറ്റിൽ അവസാനിക്കുന്നതായ ജീവിതത്തെ കുറിച്ചുള്ള ചില നോട്ടങ്ങളാണ് ഈ കുഞ്ഞു കഥകളിൽ. ഭയത്തെ യുക്തി കൊണ്ടും യുക്തിയെ ഭയം കൊണ്ടും സാധൂകരിക്കുകയാണ് ജയദേവ്. ഒരു രാജാവും, അദ്ദേഹത്തിൻറെ ഭയവും സമൂഹത്തെ ഭരിക്കുകയാണ്. അദ്ദേഹത്തിന്റെ കിങ്കരന്മാർ പലരെയും പല സന്ദർഭങ്ങളിലും സമീപിക്കുന്നു. ആ പലരും അവറിയാതെ തന്നെ രാജാവിനെതിരെ ഉപജാപം ചെയ്യുന്നവരാണെന്നു തെളിയിക്കപ്പെടുന്നു. ഫേസ്ബുക്കിലെ ഒരു ലൈക്ക് പോലും രാജ്യദ്രോഹമാകാവുന്ന സന്ദർഭത്തിൽ എഴുതപ്പെടുന്ന കഥകളായതു കൊണ്ട് അവയ്ക്കു അത്തരം കാലങ്ങൾ ആവശ്യപ്പെടുന്നതായ ലാക്ഷണിക സ്വഭാവവും വരുന്നുണ്ട്. ഒരു അക്ഷരത്തെ മാറ്റി സമാന സ്വരം ഉളവാക്കുന്ന മറ്റൊരു അക്ഷരം വെയ്ക്കുന്നതോടെ അർത്ഥം മാറിപ്പോകുന്ന അവസ്ഥയാണ് സാമാന്യ മനുഷ്യന്റെ ജീവിതവും എന്ന് ഇക്കഥകളിലൂടെ ജയദേവ് സൂചിപ്പിക്കുന്നു.കവിയായ ജയദേവ് ഗദ്യം എഴുതുമ്പോൾ കവിതയുടെ കെട്ടുറപ്പ് ഗദ്യത്തിനും ലഭിക്കുന്നു. പരസ്പരം വന്നടുക്കുന്ന പായൽപിടിച്ച മതിലുകൾക്കിടയിലൂടെ പ്രേതാഗമന പ്രതീക്ഷയാൽ വിറച്ചു തുള്ളി ഓടുന്ന ഒരു ബാലകനോ ബാലികയോ ആയി വായനക്കാരെ മാറ്റുവാൻ ജയദേവിന് കഴിയുന്നു. ഭാഷയിലിട്ടു തിളപ്പിച്ച് അരിച്ചെടുത്തു രുചിപ്പിക്കുന്ന കഥകൾ. ഇടയ്ക്കിടെ എടുത്ത് മറിച്ചു നോക്കാൻ പ്രേരിപ്പിക്കുന്നവ. എം. പി. നാരായണപിള്ളയ്ക്കും ഓ.വി. വിജയനും ശേഷം വാക്കുകളിൽ കള്ളറകൾ പണിയാൻ അറിയാവുന്ന ഒരെഴുത്തുകാരൻ ആണ് ജയദേവ്. എങ്കിലും ഭയത്തെ എഴുതുന്ന എല്ലാ എഴുത്തുകാരും സൂക്ഷിക്കേണ്ടത് രണ്ടു ഭയങ്ങൾക്കിടയിൽ വലിയൊരു നിശബ്ദത കൊടുക്കുക എന്നതാണ്. എല്ലാ പനയിലും നീലിയുണ്ടെങ്കിൽ പനകളും നീലികളും ഒരു തമാശയായിപ്പോയേക്കാം. - ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ