കുടിയേറ്റത്തിന്റെ നാൾവഴികൾ: ബെന്യാമിന്റെ കുടിയേറ്റം എന്ന പുസ്തകം വായിക്കുമ്പോൾ
(കുടിയേറ്റം: പ്രവാസത്തിന്റെ മലയാളവഴികൾ) 'കുടിയേറ്റം: പ്രവാസത്തിന്റെ മലയാളവഴികൾ' എന്ന പുസ്തകം ബെന്യാമിൻ എഴുതുന്നത്, ഡി സി ബുക്ക്സ് മുൻകൈ എടുത്തു പ്രസിദ്ധീകരിച്ച കേരളത്തിന്റെ അറുപത് വർഷങ്ങൾ എന്ന പരമ്പരയ്ക്ക് വേണ്ടിയാണ്. ഇത്തരം പുസ്തകങ്ങളുടെ ഒരു സവിശേഷത എന്നത് അതിന്റെ ജനപ്രിയതയാണ്. ജനപ്രിയതയ്ക്ക് കാരണം, അതിന്റെ ഉള്ളടക്കവുമായുള്ള വായനക്കാരന്റെ അതിപരിചയം തന്നെയാണ്. ക്‌ളാസ്സിക് കൃതികളിലൂടെ നടക്കുന്ന കഥാർസിസ് അഥവാ മനസികവിരേചനവും ജനപ്രിയത തന്നെ മുഖമുദ്രയാക്കുന്ന ഒരു പുസ്തകം നൽകുന്ന ആഹ്ളാദവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഇവിടെ ഞാൻ ജനപ്രിയത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എണ്പതുകളുൾടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കോട്ടയം മ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്ന പൈങ്കിളിസാഹിത്യത്തെ വിമര്ശിക്കുന്നതിനായി കൊണ്ടുവന്ന ഒരു വിമർശന സംവർഗം എന്ന നിലയിലല്ല, മറിച്ച് ജനപ്രിയത എന്നത് വലിയൊരു അംഗീകാരവും അതേസമയം ആഴം അധികം നിർബന്ധമാകാത്തതുമായ ഒരു സംവേദനശീലവും എന്നാണ്. ഇന്ന് ബെന്യാമിൻ ഉൾപ്പെടെ, കെ ആർ മീര, ദീപാ നിഷാന്ത്, ശ്രീരേഖ, മുരളി തുമ്മാരുകുടി, രവിചന്ദ്രൻ തുടങ്ങിയ എഴുത്തുകാർക്ക് ലഭിച്ചിരിക്കുന്ന ജന...