നാവു മരങ്ങൾ: ടി ഡി രാമകൃഷ്ണന്റെ 'സിറാജുന്നീസ' എന്ന കഥാസമാഹാരം വായിക്കുമ്പോൾ



(സിറാജുന്നിസ പുസ്തകം ) 

ടി ഡി രാമകൃഷ്ണന്റെ 'സിറാജുന്നിസ' എന്ന ചെറുകഥാ സമാഹാരം തുറന്ന് വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന കവിതാശകലം ഇതായിരുന്നു: "അച്ഛന്റെ കാലപുരിവാസി കരാളരൂപം/സ്വപ്നത്തിൽ വാതിൽ തുറന്നു വന്നു/ മൊട്ടം വടിച്ചും ഉടലാകെ മലം പുരണ്ടും/വട്ടച്ച കണ്ണുകളിൽ നിണം ചുരന്നും/പ്രേതപ്പെരുമ്പറ കൊട്ടും ശബ്ദത്തിൽ മൊഴിഞ്ഞു ദുരന്ത വാക്യം" (ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'താതവാക്യം' എന്ന കവിത ആരംഭിക്കുന്ന വരികളാണിവ. അവസാനവരി ശരിയോ എന്നറിയില്ല. ഓർമ്മയിൽ നിന്നാണെഴുത്ത്). അത് കഴിഞ്ഞപ്പോൾ തോന്നി, അല്ല, ഞാനീ കഥാരംഭം മറ്റൊരിടത്ത് വായിച്ചിട്ടുണ്ട്; അതെ, ടി ഡി ആറിന്റെ തന്നെ ഒടുവിലിറങ്ങിയ നോവലായ 'അന്ധർ ബധിരർ മൂകർ' എന്ന പുസ്തകവും തുടങ്ങുന്നത് ഇങ്ങനെ തന്നെയാണ്.ഉറക്കത്തിൽ ഒരാൾ വന്നു കഥാകൃത്തിനെ കാണുന്നു. ഇവിടെ അവൾക്ക് പേര് സിറാജുന്നിസ. രണ്ടാമത്തവൾക്ക് പേര്, ഫാത്തിമാ നിലോഫർ. ഫാത്തിമ കാശ്മീരിലുള്ളവളായിരുന്നെങ്കിൽ, സിറാജുന്നിസ ഇങ്ങ് കേരളത്തിൽ പുതുപ്പള്ളിയിലുള്ളവൾ. നെറ്റിയിൽ വെടിയേറ്റാണ് അവൾ മരിച്ചത്. 1991 ഡിസംബർ 15 ന്. ജീവിച്ചിരുന്നെങ്കിൽ സിറാജുന്നിസയ്ക്ക് ഇന്നിപ്പോൾ നാല്പത് വയസ്സാകുമായിരുന്നു. മരിയ്ക്കുമ്പോൾ അവൾക്ക് പതിനൊന്ന് വയസ്സായിരുന്നു പ്രായം.

വെടിയുണ്ട നെറ്റിയിലേറ്റ് മരിച്ചപ്പോൾ, അവൾ അറിഞ്ഞിട്ടുണ്ടാവില്ല, എന്തിനാണ് താൻ കൊല്ലപ്പെട്ടതെന്ന്. 'അത്യാനന്ദത്തിന്റെ ദൈവവൃത്തികൾ' എന്ന അരുന്ധതി റോയിയുടെ നോവലിലും ഒരു വൃദ്ധനുണ്ട്. അഹമ്മദാബാദിലെ തെരുവിൽ വെട്ടേറ്റ് വീഴുമ്പോൾ അയാളുടെ കണ്ണിൽ താൻ എന്തിനാണ് മരിക്കുന്നതെന്ന് അറിയാൻ വയ്യാത്തതിന്റെ അത്ഭുതം ഉണ്ടായിരുന്നെന്ന് ഹിജഡയായ അഞ്ജു പറയുന്നുണ്ട്. കഥാകൃത്തിനു മുന്നിൽ സിറാജുന്നിസ മൂന്നു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ആദ്യമവൾ ട്രക്ക് ഡ്രൈവർ ആയ ഫിറോസിന്റെ ഭാര്യയായിരുന്നു. അഹമ്മദാബാദിൽ, ഫിറോസിന്റെ തൊഴിൽ ദായകനായ ദീൻ ദയാൽ പട്ടേലും കൂട്ടരും അവളെ പിച്ചിച്ചീന്തി കൊന്നു കത്തിച്ചു കളയുന്നു. രണ്ടാമത്തവൾ വരുമ്പോൾ ഒരു ഗായികയായിട്ടാണ്. പക്ഷെ സത്യം ശിവം സുന്ദരം എന്ന ഗാനം ഒരു മുസ്ലിം യുവതി പാടണമോ എന്ന് തീരുമാനിക്കാൻ ഇവിടെ വെടിയുണ്ടകളുണ്ട്. മൂന്നാമത്തെ പ്രാവശ്യം കാണുമ്പോൾ അവൾ ജെ എൻ യുവിൽ അധ്യാപികയാണ്. ഒരു കാഷ്മീരിയെ വിവാഹം കഴിച്ചതിന്റെ പേരിൽ അവൾ പീഡിപ്പിക്കപ്പെടുന്നു. ദൈവവൃത്തികളിലെ തിലോയെപ്പോലെ. പീഡനം നടന്ന പതിമൂന്ന് ദിവസങ്ങളിൽ അവൾക്കെന്തു സംഭവിച്ചെന്ന് പങ്കാളിയായ ജാവീദിനോടൊ അവനെന്ത് സംഭവിച്ചെന്ന് അവളോടോ പരസ്പരം പറഞ്ഞിട്ടില്ല. അവർ പരസ്പരം ചോദിച്ചിട്ടില്ല.


( ടി ഡി രാമകൃഷ്ണൻ )

ഇൻഡ്യാ-പാകിസ്ഥാൻ വിഭജനത്തിനു ശേഷവും ഹോളോകോസ്റ്റിനു ശേഷവും അനേകം സ്ത്രീകൾ നിശബ്ദരായി. പുരുഷന്മാർ അവരുടെ സ്ത്രീകൾക്ക് സംഭവിച്ചതെന്ത് എന്നതിനെക്കുറിച്ച് സംസാരിക്കാതെയായി. അഗാധവും വിസ്തൃതവുമായ നിശബ്ദതയുടെ ഭീകരമായ ഇരുണ്ട നദിയുടെ ഇരു കരകളിലിരുന്ന് അവർ ജീവിതം ജീവിച്ചു തീർത്തു. നിശബ്ദതയെ ഒരു പരിധിവരെ ഭേദിക്കാൻ ഉർവശി ഭുട്ടാലിയയും കൂട്ടരും പാർട്ടീഷൻ നറേറ്റിവ്സ് എന്നൊരു പ്രൊജക്റ്റ് തന്നെ ചെയ്തിരുന്നു. സിറാജുന്നീസ പക്ഷെ നിശബ്ദയല്ല. മരണത്തിൽ നിന്ന് ഉയിർത്തു വരുന്ന അവൾ അത്തരം ജീവിതങ്ങൾക്കുണ്ടാകാവുന്ന നിശബ്ദതയ്ക്കു വാക്കുകൾ കൊടുക്കുകയാണ്. എഴുത്തുകാരനോട് പറയുന്നതിലൂടെ അവൾ സംസാരിക്കാനൊരു മാധ്യമത്തെ കണ്ടെത്തുകയാണ്. ഫാത്തിമാ നിലോഫറും ചെയ്യുന്നത് അത് തന്നെയാണ്.

സിറാജുന്നിസ എന്ന കഥാസമാഹാരത്തിലെ എല്ലാ കഥകളിലും പ്രണയം, മരണം, രാഷ്ട്രീയ ഭീകരത എന്നിവ അടിനൂലായി വർത്തിക്കുന്നു. സോണിയാ ഗാന്ധി നരേന്ദ്ര മോദിയെ രണ്ടു പ്രാവശ്യം തീക്ഷ്ണമായഭാഷയിൽ വിമർശിച്ചു. ആദ്യം അയാൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു. അഹമ്മദാബാദിൽ, ഗോദ്ര സംഭവത്തിന് ശേഷം നടന്ന മുസ്ലിം വംശഹത്യയ്ക്ക് ശേഷം 'മരണത്തിന്റെ വ്യാപാരി' എന്നാണ് സോണിയാ ഗാന്ധി അയാളെ വിശേഷിപ്പിച്ചത്. പിന്നീട് അടുത്തിടെ 'വെറുപ്പിന്റെ വ്യാപാരിയെന്നും.' ഇവയ്ക്ക് രണ്ടിലും ഇടയിലാണ് രണ്ടായിരത്തി പതിനാറിൽ, ടി ഡി ആർ 'വെറുപ്പിന്റെ വ്യാപാരികൾ' എന്ന കഥയെഴുതുന്നത്. ഇന്ത്യയിൽ മുസ്ലിം-ദളിത് പീഡനം രാഷ്ട്രീയ അജണ്ടയായി നടപ്പിലാക്കാൻ തുടങ്ങിയതിന്റെ രണ്ടാം വർഷമായിരുന്നു അത്. രാമചന്ദ്രൻ എന്ന എഴുത്തുകാരനെ സുന്ദർജി എന്ന സഹപാഠി തന്റെ കാര്യാലയത്തിലേയ്ക്ക് വിളിക്കുകയാണ്. ഒരു സാഹിത്യകാരന്റെ അന്തസ്സോടെ, രാമചന്ദ്രൻ എന്ന എഴുത്തുകാരൻ, തന്നെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാൻ വന്ന സുന്ദർജിയുടെ നീക്കങ്ങളെ എതിർക്കുന്നു. ഒടുവിൽ, ഭരണകൂടത്തിന്റെ സ്വരത്തിനെ പ്രതിധ്വനിപ്പിക്കാത്ത ശബ്ദങ്ങളെ നിശബ്ദമാക്കാൻ വേറെ വഴിയില്ലാത്തത് കൊണ്ട് ക്ഷമാപണത്തോടെ, അവർ, ഭരണകൂട മതത്തിന്റെ കാവൽക്കാർ രാമചന്ദ്രന്റെ കഴുത്തരിയുന്നു. "ക്ഷമിക്കണം, താങ്കളെ തിരുത്താൻ ഇതല്ലാതെ വേറെ വഴിയില്ലെന്ന്" അവർ പറയുന്നു.


(നരേന്ദ്ര ധാബോൽക്കർ )

നമ്മുടെ സാഹിത്യാനുഭവത്തിൽ മറ്റൊരു 'തിരുത്ത്' ഉണ്ട്. എൻ എസ് മാധവൻ, ബാബ്റി പള്ളി ഹിന്ദുത്വയുടെ കർസേവകർ വീഴ്ത്തിയതിന് പശ്ചാത്തലത്തിൽ എഴുതിയ കഥയാണത്. എഡിറ്ററുടെ നീലപെൻസിലിന് ചരിത്രത്തെ തിരുത്താനും സൃഷ്ടിക്കാനും കഴിയും. പക്ഷെ പത്രാധിപരായി ചുല്യാറ്റ് ഒരു തീരുമാനമെടുക്കാൻ കഴിയാത്തതിന്റെ ജ്വരത്തിൽ പെട്ട് പോകുന്നു. ഒടുവിൽ അയാൾ തന്റെ അധികാരം പ്രയോഗിക്കുക തന്നെ ചെയ്യുന്നു. പള്ളി തകർത്തു എന്ന് അയാൾ വാർത്ത തിരുത്തുന്നു. ചുല്യാറ്റിൽ നിന്ന് സുന്ദർജിയിലേക്കുള്ള ദൂരം തന്നെയാണ് ഇന്ത്യയിലെ മാധ്യമപ്രവർത്തനങ്ങളുടെയും ദൂരം. ഇരിക്കാൻ പറഞ്ഞാൽ മുട്ടിൽ നിൽക്കുന്നവരായി മാധ്യമങ്ങൾ മാറിയ കാലഘട്ടത്തിൽ, തിരുത്തുകൾ സംഭവിക്കുന്നത് എഴുത്തു മതിയെന്ന് വാശി പിടിക്കുന്ന എഴുത്തുകാരന്റെ കഴുത്തിൽ കത്തി വെച്ച് കൊണ്ടാണ്. രാമചന്ദ്രന്റെ മുന്നിൽ എഴുത്തോ കഴുത്തോ എന്ന ചോദ്യം വന്നപ്പോൾ എഴുത്തു മതിയെന്ന് പറഞ്ഞതിന് കൊടുക്കേണ്ട വില കഴുത്തു കൊണ്ടുള്ള ഒരു തിരുത്താണ്. കൽബുർഗി, പൻസാരെ, ധബോൽക്കർ, ഗൗരി ലങ്കേഷ്. അവർ തന്നെയാണ്, അല്ലെങ്കിൽ അവരുടെ തുടർച്ച തന്നെയാണ് നോവലിസ്റ്റ് രാമചന്ദ്രൻ.

'ബലികുടീരങ്ങളേ' എന്ന കഥയിൽ വിശ്വാസപരിവർത്തനത്തിന്റെ വലിയൊരു കാലം പടർന്നു കിടക്കുന്നു. വിപ്ലവകാരിയായ ഗോപിനാഥ് റെഡ്ഢിയെ രാമു കാണുന്നത് ഡിഗ്രി പഠനകാലത്ത്. ഒളിജീവിതം നയിക്കാൻ ഹോസ്റ്റലിൽ വന്നതായിരുന്നു റെഡ്ഢി. രാമു വിപ്ലവത്തിലാകൃഷ്ടനായി ആന്ധ്രയിലെത്തുന്നു. റെഡ്ഢി കൊല്ലപ്പെട്ടിരുന്നു. കൊണ്ടപ്പള്ളി സീതാരാമയ്യയുടെ പ്രസ്ഥാനത്തിൽ രാമു ചേരുന്നതിന് മുൻപ് റെഡ്ഢിയുടെ ഭാര്യയായ ജാനകിയേയും മകൾ കൃഷ്ണയെയും പരിചയമാകുന്നു. ഒടുവിൽ രാമു ജാനകിയെ വിവാഹം കഴിക്കുന്ന അന്ന് ജാനകിയെ പോലീസ് വെടിവെച്ചു കൊല്ലുന്നു. വിപ്ലവകാരികൾക്കിടയിലുണ്ടായിരുന്നത്, പണ്ടൊരിക്കൽ രാമു പാടിയ ബലികുടീരങ്ങളെ എന്നൊരു പാട്ട് മാത്രമായിരുന്നു. പക്ഷെ പുതിയ പൗരൻ ഉണർന്നപ്പോഴേയ്ക്കും രാമു മാറിപ്പോയിരുന്നു; മറ്റു പല മുൻവിപ്ലവകാരികളെയും പോലെ. കൃഷ്ണയോടൊപ്പം അയാൾ തന്റെ വിവാഹം നടന്ന ക്ഷേത്രാങ്കണത്തിലേയ്ക്ക് പോകുമ്പോൾ കഥ അവസാനിക്കുന്നു. സർറിയലിസത്തിന്റെ സ്വഭാവം പേറുന്ന കഥകൾ സമാഹാരത്തിലുണ്ട് 'വിശ്വാസം അതല്ലേ എല്ലാം' എന്ന കഥയും 'കെണി', 'സ്വപ്നമഹൽ' തുടങ്ങിയ കഥകളും അതീതയാഥാർഥ്യത്തിന്റെ സ്വഭാവം ഉൾക്കൊള്ളുന്നവയാണ്. പക്ഷെ അവയുടെ ആഖ്യാനത്തിൽ അവ യാഥാർഥ്യവുമായി തൊട്ടു നിൽക്കുന്നു. ചില വിശ്വാസങ്ങൾ തകർക്കാൻ നല്ലൊരു പെട മാത്രം മതിയെന്ന് 'വിശ്വാസം അതല്ലേ എല്ലാം' എന്നത് കാട്ടുന്നു. പുതിയകാലത്തെ പുരുഷനും സ്ത്രീയും പരസ്പരം കെണി വെച്ച് പിടിക്കാൻ നടത്തുന്ന പെടാപ്പാടുകൾ, ഒരു ലോകത്തിൽ മനുഷ്യർക്കുണ്ടാകുന്ന വിശ്വസനഷ്ടത്തെ കാട്ടുകയാൽ, മുൻ ചൊന്ന  കഥയുടെ വിപരീതസ്ഥാനത്ത് നിൽക്കുന്നു. കുമാരനാശാന്റെ ലീലയുടെ ഒരു പുതുവായനയായി വേണമെങ്കിൽ 'സ്വപ്നമഹൽ' എന്ന കഥയെ കാണാം. വൃദ്ധനായ സാമ്പത്തികശാസ്ത്രജ്ഞന്റെ  സമ്പത്ത് പിടിച്ചെടുക്കാൻ അയാളുടെ മൂന്ന് ശിഷ്യർ നടത്തുന്ന ശ്രമത്തിലേക്കാണ് രേഖ എന്ന കൊലയാളി വരുന്നത്. അവൾ വൃദ്ധനെ പരിണയിച്ചു കൊണ്ട് കാര്യം സാധിക്കുന്നതാണ് കഥ.


 (അന്ധർ ബധിരർ മൂകർ പുറംചട്ട)

'സൂര്യനഗർ' എന്ന മധ്യവർഗ ഹൌസിങ് കോളനി ഇന്നത്തെ ഇന്ത്യ തന്നെയാണ്. തികഞ്ഞ സെക്കുലറിസ്റ്റ് ആശയങ്ങളെയും മൂല്യങ്ങളെയും പിൻപറ്റി ജീവിക്കാൻ തീരുമാനിച്ച ഒരു കൂട്ടം കുടുംബങ്ങൾ രഹസ്യമായി നേർ വിപരീത സ്ഥാനങ്ങളിൽ ചെന്ന് പെടുന്നതിന്റെ/ പെട്ടതിനെ പ്രശ്നങ്ങൾ ആണ് കഥയിൽ. പക്ഷെ ഇതൊന്നും അറിയാതെയാണ് സംരംഭത്തിന്റെ സ്ഥാപകനായ ടി കെ ജീവിക്കുന്നത്. ദൈവനിന്ദയ്ക്ക് ജോസഫ് മാഷിന്റെ കൈവെട്ടിയത് പോലെ, സൂര്യനഗറിലെ ഒരാളുടെ ശിക്ഷ നടപ്പാക്കാൻ സമൂഹത്തിലെ ഒരു വിഭാഗം മതമേധാവികൾ ഒരുമ്പെടുമ്പോൾ മാത്രമാണ് ടി കെ കാര്യങ്ങൾ തിരിച്ചറിയുന്നത്. പക്ഷെ അവസാനനിമിഷത്തിലും, നോവലിസ്റ്റ് രാമചന്ദ്രനെപ്പോലെ, അയാൾ സെക്കുലർ വിശ്വാസങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഒറ്റയ്ക്കൊരു പോരാട്ടം നടത്താൻ ഒരുമ്പെടുകയാണ്. ആത്മവഞ്ചനയും പരവഞ്ചനയും ശീലമാക്കിയ, സൂര്യനഗറിലെ മറ്റു താമസക്കാർ ടി കെയുടെ ഒപ്പം ഇറങ്ങാൻ സാധ്യത കുറവായാണ് കാണുന്നത്. പക്ഷെ അത് കഥയിൽ പറയുന്നില്ല. ടി കെയ്ക്കെ എന്ത് സംഭവിക്കുന്നുവെന്നും പറയുന്നില്ല. അതറിയാൻ, നാം ജീവിക്കുന്ന വീടുകളുടെ അയലുകളിലേയ്ക്കും നമ്മുടെ വീടുകളുടെ ഉൾത്തടങ്ങളിലേയ്ക്കും മാത്രം നോക്കിയാൽ മതി.


'അന്ധർ ബധിരർ മൂകർ' എന്നത് നോവലാണ്. 'സിറാജുന്നീസ' കഥാസമാഹാരവും. അതിനാൽ അവ തമ്മിലൊരു താരതമ്യം സാധ്യമല്ല. പക്ഷെ അങ്ങനെ താരതമ്യപ്പെടുത്താൻ പറഞ്ഞാൽ ഞാൻ ഒരു മാർക്ക് കൂടുതൽ സിറാജുന്നീസ എന്ന കഥയ്ക്ക് കൊടുക്കും. എന്ന് കരുതി ഫാത്തിമാ നിലോഫറിന്റെ പീഡന സഹനങ്ങൾക്ക് വിലയില്ലാതാകുന്നില്ല. ആഖ്യാനകലയിൽ ടി ഡി ആർ കാട്ടുന്ന മാസ്റ്ററി പുതുതായി കൊട്ടിഘോഷിക്കപ്പെടുന്ന നോവലിസ്റ്റുകളിലോ കഥാകൃത്തുക്കളിലോ കാണുന്നില്ല. കൊട്ടിഘോഷിക്കപ്പെടാത്ത പല കഥാകൃത്തുക്കളും നല്ല ആഖ്യാനശൈലി പുലർത്തുന്നവരുമാണ്. ടി ഡി രാമകൃഷ്ണൻ സമകാലിക മലയാള സാഹിത്യത്തിലെ ഒരു ഒറ്റപ്പെട്ട തുരുത്താണ്. അടുത്തൊരു നോവൽ പ്രഖ്യാപനം നടന്നിരിക്കുന്നു. അതിനായി കാത്തിരിക്കാം.
(പ്രസാധനം: ഡി സി ബുക്ക്സ്. വില: 80 രൂപ )

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)