മഹാഭാരതം സാംസ്കാരിക ചരിത്രം': സുനിൽ പി ഇളയിടത്തിനെ വായിക്കുമ്പോൾ
(സുനിൽ പി ഇളയിടം)
തൊള്ളായിരത്തി എഴുപത്തിയഞ്ച് പുറങ്ങളിലായി, നാലുവർഷം നീണ്ട ഗവേഷണത്തിന്റെയും ധ്യാനമനനങ്ങളുടെയും (അനൗപചാരികമായി പറഞ്ഞാൽ കാൽനൂറ്റാണ്ടോളം നീണ്ടു നിൽക്കുന്ന, ഇപ്പോഴും സവിശേഷമാം വിധം തുടരുന്ന ഗവേഷണ പഠനങ്ങളുടെയും) 'ഫലശ്രുതി' സുനിൽ പി ഇളയിടം സംഗ്രഹിക്കുമ്പോൾ അതിനെ ഏതാനും ആയിരം വാക്കുകളിൽ വിലയിരുത്തുക എന്നൊരു സാഹസം സാധ്യമല്ലെന്ന് അതിന് ഉദ്യമിക്കുന്ന ആളിനും അറിയാം വായിക്കുന്ന ആളുകൾക്കും അറിയാം. പിന്നെ സാധ്യമായത്, മുന്നിലുള്ള ആ ഗ്രന്ഥത്തെ ആശ്രയിച്ചുകൊണ്ട്, അടുത്തെങ്ങും ആ പുസ്തകം വായിക്കാൻ സാധ്യതയില്ലാത്തവർക്ക് വേണ്ടി, അതിലെ ആശയങ്ങളെ കഴിവതും വിപുലമായിത്തന്നെ അവതരിപ്പിക്കുക എന്നതാണ്.അത്തരം വായനകൾ ഇതിനകം 'മഹാഭാരതം സാംസ്കാരിക ചരിത്രം' എന്ന സുനിൽ പി ഇളയിടത്തിന്റെ മാഗ്നം ഓപ്പസിനെക്കുറിച്ചു വന്നുകഴിഞ്ഞതിനാൽ അതിനു ഞാൻ ഒരുമ്പെടുന്നില്ല.പകരം ഒരു സാധാരണ വായനക്കാരന്റെ ഭാഗത്തു നിന്ന് കൊണ്ട് ഗ്രന്ഥത്തിന്റെ സവിശേഷതകളെക്കുറിച്ച്, എനിയ്ക്ക് തോന്നിയ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
സാധാരണ ഇത്തരത്തിൽ ഒരു ഗവേഷണ ഗ്രന്ഥം പുറത്തിറങ്ങുമ്പോൾ അതിന്റെ പേരിന്റെ അവതരണം തന്നെ ആ ഗ്രന്ഥത്തിന്റെ സ്വഭാവവും രീതീശാസ്ത്രവും എന്താണെന്ന് വെളിപ്പെടുത്തും. എന്നാൽ ഇളയിടം (അടുപ്പം കൊണ്ട് എനിയ്ക്ക് സുനിൽ എന്ന് വിളിക്കാം എങ്കിലും ഒരു ലേഖനത്തിന്റെ സന്ദർഭത്തിൽ സർനെയിം കൊണ്ട് വിളിക്കാമെന്ന് കരുതുന്നു) വളരെ വിദഗ്ധമായാണ് 'മഹാഭാരതം സാംസ്കാരിക ചരിത്രം' എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. പൊതുവെ ഒരു ഹൈഫനോ ഒരു കൊളനോ പ്രതീക്ഷിക്കാവുന്ന ഇടത്തിൽ ഇളയിടം അവയെ രണ്ടും ഉപേക്ഷിച്ചിരിക്കുന്നത് താൻ ആഖ്യാനം ചെയ്യുന്ന വിഷയത്തിന്റെ വൈപുല്യവും നൈരന്തര്യവും അവിച്ഛിന്നമായ വളർച്ചയെയും പ്രതീകാത്മകമായി സൂചിപ്പിക്കാനാണെന്നു കരുതുന്നതിൽ തെറ്റില്ല. അയ്യായിരം കൊല്ലങ്ങളോളം പഴക്കമുള്ള ഒരു കഥ ആയിരത്തി എണ്ണൂറോളം ശ്ലോകങ്ങളിൽ നിന്ന് വളർന്ന് ഒരു ലക്ഷം ശ്ലോകമായി വികസിക്കുകയും, അത് ഒരു സംസ്കൃതിയുടെ, ഉപഭൂഖണ്ഡത്തിന്റെ ധർമ്മസംഹിതയായി മാറുകയും ചെയ്ത വിപുലമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് ഈ ഗ്രന്ഥത്തിൽ അവതീർണ്ണമാകുന്നത് എന്നത് കൊണ്ടാകാം 'സാംസ്കാരിക ചരിത്രം' ഉപനാമധേയം സന്നിഗ്ധമായ ഒരവസ്ഥയിൽ നിറുത്തുവാൻ ഇളയിടം തീരുമാനിച്ചത് എന്നുവേണം മനസ്സിലാക്കാൻ.
ഈ സന്ദിഗ്ധത ഏതെങ്കിലും ഒരു സന്ദർഭത്തിൽ വിശകലനവിധേയമാകും എന്നത് കൊണ്ടുതന്നെയാകാം, ഇളയിടം ഈ ഗ്രന്ഥത്തിന്റെ രീതീശാസ്ത്രം വിവരിക്കുന്ന വേളയിൽ സാംസ്കാരിക ചരിത്രം എന്ന ക്വാളിഫിക്കേഷനെ അസന്നിഗ്ദ്ധമാം വിധം വ്യക്തമാക്കുന്നുണ്ട്: "മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രമാണ് ഈ ഗ്രന്ഥം. സാംസ്കാരിക ചരിത്രം, 'സംസ്കാരത്തിന്റെ ചരിത്രം' അല്ല. സാംസ്കാരികമായി എഴുതപ്പെട്ട ചരിത്രമാണ്. ചെറിയ വ്യത്യാസമേ പുറമേയ്ക്ക് ഈ വാക്യങ്ങൾ തമ്മിൽ ഉള്ളൂ. എങ്കിലും അവ രണ്ടും രണ്ടു കാര്യങ്ങളാണ്. ......അവിടെ സാംസ്കാരികം എന്നുപയോഗിക്കുന്നത് വിഷയത്തെ മുൻ നിറുത്തിയില്ല;വിശകലന രീതിയെ മുൻനിറുത്തിയാണ്. സാംസ്കാരിക പഠനങ്ങൾ 'സംസ്കാരത്തെക്കുറിച്ചുള്ള പഠനമല്ല' 'സാംസ്കാരികമായി പഠിക്കലാണ്' എന്ന് പറയുന്നതിന്റെ തുടർച്ചയിലുള്ള ഒരാശയമാണിത്. (പേജ് 26).അതിനാൽ മഹാഭാരതത്തിന്റെ വിവിധ ജീവിതങ്ങളെക്കുറിച്ച് സാംസ്കാരികമായി പഠിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ഇളയിടം ലക്ഷ്യമിടുന്നതെന്ന് തുടക്കത്തിലേ മനസ്സിലാക്കണം. ഇല്ലെങ്കിൽ വായനക്കാർ ചെന്നവസാനിക്കുന്നത് വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ ആയിരിക്കും. കാരണം ഇത് മഹാഭാരതത്തിന്റെ പുനർവായനയോ പുനരാഖ്യാനമോ അല്ല. മഹാഭാരതം ചരിത്രത്തിൽ പ്രവർത്തിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്തതിന്റെ സാംസ്കാരികമായ വായനകളാണ് ഇതിൽ. ആരെങ്കിലും മഹാഭാരതം വായിക്കുമ്പോൾ ഉണ്ടാകുന്ന മാനസികോന്നമനത്തിനായി ഈ ഗ്രന്ഥത്തിൽ വന്നു കയറുമെങ്കിൽ അഭിമന്യുവിന്റെ അവസ്ഥയാകും ഫലം. ഈ ഗ്രന്ഥം സൃഷ്ടിക്കുന്ന മാനസികോന്നമനത്തിന്റെ ഫലം എന്നത് ധർമ്മവ്യവസ്ഥയായി പരിണമിപ്പിക്കപ്പെട്ട ഒരു ഗ്രന്ഥത്തെ, രാഷ്ട്രീയാവശ്യങ്ങൾക്കായി ദുരുപ്രയോഗം ചെയ്ത ഏകപാഠത്തെ, ദമനം ചെയ്ത ബഹുപാഠങ്ങളെ എങ്ങിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജ്ഞാനമണ്ഡലത്തിൽ നിന്നുകൊണ്ട് വായനയുടെ രാഷ്ട്രീയം കൂടി ഉപയോഗിച്ച് വർത്തമാനചരിത്രത്തിൽ അടയാളപ്പെടുത്താം എന്നുള്ള വിവിധശ്രമങ്ങളിൽ തികച്ചും വിജയകരമായതും ശ്ളാഘനീയമായതുമായ ഒന്ന് നൽകുന്ന ദർശനവ്യക്തതയാണ്.
ജനമേജയൻ നടത്തുന്ന സർപ്പസത്രത്തിൽ, കൃഷ്ണദ്വൈപായനൻ എന്ന വ്യാസൻ പറഞ്ഞുകൊടുത്ത മഹാഭാരത കഥ വൈശമ്പായനൻ എന്ന ശിഷ്യൻ പറയുന്നത് കേട്ട ഉഗ്രശ്രവസ്സ് എന്നൊരാൾ ശൗനകാദി മുനിമാരോട് പറയുന്നതായാണ് മഹാഭാരതത്തിന്റെ ആഖ്യാനം നിബന്ധിച്ചിരിക്കുന്നത്. അതായത് മറ്റെല്ലാ പുരാണ-ഇതിഹാസ ഗ്രന്ഥങ്ങളെപ്പോലെയും മഹാഭാരതത്തിന്റെയും ആദ്യരൂപങ്ങൾ വാമൊഴിയിലായിരുന്നു എന്നത് വ്യക്തം. ഇത് ആഖ്യാനത്തിനുള്ളിലെ യുക്തിയാണ്. എന്നാൽ ഭൗതികലോകത്ത് ഈ കഥകൾ മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് തന്നെ സൂതന്മാരും മാഗധന്മാരും പാടിനടന്നവയായിരുന്നു. ഗംഗാതടത്തിൽ വന്നു ചേർന്ന ആര്യഗോത്രങ്ങൾ നൊമാഡിക് ജീവിതത്തിൽ നിന്ന് കുലഗോത്രങ്ങളായി പരിണമിക്കുകയും പിന്നെ മക്കത്തായ വ്യവസ്ഥയിലേയ്ക്ക് കടക്കുകയും ചെയ്യുന്നതിനിടെ ആന്തരികമായും സാമൂഹികമായും ഉള്ള കൊള്ളക്കൊടുക്കകൾ നടക്കുകയും പുതിയ വംശബന്ധങ്ങൾ ഉണ്ടാവുകയും ചെയ്തു. പല ദൈവങ്ങൾക്കും അവരുടെ പ്രസക്തി നഷ്ടപ്പെടുകയോ പുതുതായി ഉണ്ടായ ദൈവങ്ങൾക്ക് വഴിമാറിക്കൊടുക്കുകയോ ചെയ്തു. ഇതിന്ടെ വൈദിക സംസ്കാരത്തിൽ 'അരാജ' എന്ന് വിശേഷിക്കപ്പെടുന്ന വൃഷ്ണി കുലത്തിന്റെ നേതാവായിരുന്ന കൃഷ്ണൻ ബ്രാഹ്മണ-ക്ഷത്രിയ ഗോത്രബന്ധങ്ങളുമായി നടത്തുന്ന നീക്കുപോക്കുകൾ കൂടിയായി മഹാഭാരതം മാറി. ഇതൊക്കെ വാമൊഴി പാരമ്പര്യങ്ങളിലൂടെ എങ്ങിനെ വികസിച്ചെന്നും പൊതുവര്ഷത്തിനു മുൻപ് മൂന്നു നൂറ്റാണ്ടുകൾക്കും പൊതു വര്ഷം മൂന്നു നൂറ്റാണ്ടുകൾക്കും ഇടയിലുള്ള സമയത്ത് എല്ലാ കൂട്ടിക്കിച്ചേർക്കലുകൾക്കും വിധേയമായി മഹാഭാരതം നാം ഇന്നറിയപ്പെടുന്ന രീതിയിലുള്ള ഒരു പാഠമായി എഴുതപ്പെട്ടു എന്നും ഇളയിടം ഡി ഡി കൊസാംബി, റോമിലാ താപ്പർ, മീനാക്ഷി അറോറ നായക്, ദണ്ഡേക്കർ, മാക്സ് മുള്ളർ, ജെയിംസ് മിൽ തുടങ്ങി മഹാഭാരതത്തിനു ശുദ്ധപാഠം (ക്രിട്ടിക്കൽ എഡിഷൻ) തയാറാക്കിയ സുക്തങ്കർ വരെയുള്ള ഗവേഷകരുടെ അന്വേഷണങ്ങളെ മുൻ നിറുത്തി സ്ഥാപിക്കുന്നു.
(റോമില ഥാപ്പർ )
'മഹാഭാരതം സാംസ്കാരിക ചരിത്രം' എന്ന ഗ്രന്ഥം സത്യത്തിൽ മഹാഭാരതത്തിന്റെ രൂപപ്പെടലിനെ അബോധാത്മകമായ ഒരു യുക്തിയിൽ പിന്തുടരുന്നുണ്ട് എന്ന് തിരിച്ചറിയുന്നത് രസകരമായിരിക്കും. മഹാഭാരതം സൂതന്മാരും മാഗധന്മാരും പാടിനടന്ന ശേഷം പല വായ്മറിഞ്ഞ് ലിഖിതപദമായി വികസിച്ചു എന്ന് നമ്മൾ കണ്ടു. ഈ ഗ്രന്ഥം ഉണ്ടായത് ഇളയിടം നടത്തിയ ഒരു മഹാഭാരത പ്രഭാഷണ പരമ്പരയായിട്ടാണ്. നോട്ടുബുക്കിൽ തയാറാക്കിയ കുറിപ്പുകളെ പിന്തുടർന്ന് കൊണ്ട്, മുന്നിലിരിക്കുന്ന പണ്ഡിതരും പാമരന്മാരുമായുള്ള ജനങ്ങൾക്ക് ഒരുതരത്തിലും മുഷിപ്പനുഭവപ്പെടാതെ മഹാഭാരതത്തിന്റെ ഉത്പത്തി-വികസ-പരിണാമങ്ങളെക്കുറിച്ചു വിവരിക്കുകയായിരുന്നു ഇളയിടം ചെയ്തത്. പിന്നീട് വൈശംപായനെയും ഉഗ്രശ്രവസ്സിനെയും പോലെ വിവിധ ഇടങ്ങളിൽ ഇളയിടത്തിനെ ഈ മഹാഗാഥ അവതരിപ്പിക്കാൻ ക്ഷണിച്ചു. ഓരോ ഇടത്തിലും അവതരിപ്പിക്കുമ്പോൾ, സന്ദര്ഭത്തിന്റേയും (പൊതു രാഷ്ട്രീയ സന്ദർഭത്തിന്റെയും സവിശേഷമായ പ്രസംഗ സന്ദര്ഭത്തിന്റെയും) ശ്രോതാക്കളുടെയും ആമഗ്നയാവസ്ഥയെ അടിസ്ഥാനമാക്കി കൂട്ടിച്ചേർക്കലുകളും പൊലിപ്പിക്കലുകളും ഉണ്ടായി. പിന്നീട് അവ ലിഖിത രൂപത്തിൽ മാതൃഭൂമിയിൽ പരമ്പരയായി വന്നു. വാമൊഴി, വരമൊഴിയായി. പിന്നെ ഡി സി എഡിഷനിൽ എത്തുമ്പോഴേയ്ക്കും പലതും പ്രക്ഷിപ്തങ്ങളാവുകയോ ഗ്രന്ഥം ആവശ്യപ്പെടുന്ന യുക്തിഭദ്രതയെ ഉദ്ദേശിച്ചു ഇളയിടം തന്നെ ഗ്രന്ഥത്തെ വ്യസിക്കുകയും ചെയ്തു. ഒരു സന്ദർഭത്തിൽ ക്രിട്ടിക്കൽ എഡിഷൻ തയാറാക്കിയ സുക്തങ്കറെ ഇളയിടം ഏറ്റവും ഒടുവിലെ വ്യാസൻ എന്ന് പറയുന്നുണ്ട്. ഒരു സംഭാഷണമധ്യേ ഞാൻ ഇളയിടത്തോട് തന്നെ പറയുകയുണ്ടായി ഒരു പക്ഷെ കാലം കഴിയുമ്പോൾ ഈ ഗ്രന്ഥത്തിന്റെ സാന്നിധ്യത്തിൽ ഇളയിടമാകും ഒടുവിലത്തെ വ്യാസൻ. (അപ്പോഴും ഞാൻ മഹാഭാരതം ഒരു സോഫ്റ്റ്വെയർ എന്ന പഠനം എഴുതുന്ന കെ സി നാരായണനെയോ ഒരു വലിയ മഹാഭാരതപഠനം നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടർ ജോർജ്ജ് ഓണക്കൂറിനെയോ മറക്കുന്നില്ല).
വ്യസിച്ചവൻ എന്ന അർത്ഥത്തിലാണ് വ്യാസൻ എന്നൊരു ഏക കർത്താവ് ഉണ്ടാകുന്നത്. വ്യാസൻ എന്നത് ഒരു വ്യക്തിയാണെന്ന് പറയുന്നവർ വളരെ കുറവാണ്. എങ്കിലും ജോസഫ് ഡാൽമൻ എന്ന ഗവേഷകൻ മഹാഭാരതം ഏകകർതൃകം ആണെന്നും 'സമഗ്രവും ഉഗ്രഥിതവുമായ' പാഠമാണെന്നും ഡാൽമൻ പറഞ്ഞതായി ബ്രൂസ് സള്ളിവൻ എന്ന പണ്ഡിതനെ ഉദ്ധരിച്ചു കൊണ്ട് ഇളയിടം പറയുന്നുണ്ട്. അതെ സമയം ബഹുവ്യാസ വാദത്തിലാണ് മറ്റെല്ലാ ഗവേഷകരെയും പോലെ ഇളയിടവും വിശ്വസിക്കുന്നത്. ഒരു ലക്ഷം ശ്ലോകങ്ങൾ ഉള്ള മഹാഭാരതത്തിനെ ഒരാൾ എഴുതിത്തീർത്തു എന്ന് വിശ്വസിക്കാൻ പ്രയാസമാണ് എന്ന വാദത്തെ ഇളയിടം ചരിത്രത്തെ മുൻ നിറുത്തി ഖണ്ഡിക്കുന്നു; ഇലിയഡും ഒഡീസിയും എഴുതിയ ഹോമർ ഒരാളായിരുന്നു (പലരാണെന്ന വാദം ഇല്ലെന്നല്ല) കൂടാതെ കുഞ്ഞുകുട്ടൻ തമ്പുരാൻ മഹാഭാരത വിവർത്തനം നടത്തിയത് ചൂണ്ടിക്കാട്ടിക്കൊണ്ട് (ഒരാൾ സംസ്കൃത മൂലം വായിക്കും, കുഞ്ഞുകുട്ടൻ തമ്പുരാൻ അത് മലയാളത്തിൽ ശ്ലോകരൂപത്തിൽ പറയും, മറ്റൊരാൾ അത് എഴുതിയെടുക്കും) അത് നിശ്ചിത സമയത്തിനുള്ളിൽ ഒരാൾക്ക് എഴുതാൻ കഴിയും എന്നും ഒരു വാദമുള്ളതായി ഇളയിടം പറയുന്നു. കൂടാതെ വ്യാസൻ പറയുകയും വിഘ്നേശ്വരൻ എഴുതിയെടുക്കുകയും ചെയ്തു എന്നത് മഹാഭാരതകഥയെ ബ്രാഹ്മണവൽക്കരിക്കുന്നതിന്റെ ഭാഗമായി പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് സുക്തങ്കറെ മുൻ നിറുത്തി ഇളയിടം അഭിപ്രായപ്പെടുന്നു.
(മഹാഭാരതം സാംസ്കാരിക ചരിത്രം പ്രഭാഷണം: സുനിൽ പി ഇളയിടം )
ഇളയിടം പ്രഭാഷണം തുടങ്ങിയ സന്ദർഭം നാം സവിശേഷമായി ഓർക്കേണ്ടതുണ്ട്. ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ മന്ത്രിസഭാ കേന്ദ്രത്തിൽ അധികാരമേറ്റശേഷം (2014) ഏകദേശം മൂന്നു വർഷങ്ങൾ കഴിയുമ്പോഴാണ് ഇളയിടം തന്റെ പ്രഭാഷണപരമ്പര ആരംഭിക്കുന്നത്. മഹാഭാരതത്തെ ഭഗവത്ഗീതയായി മാറ്റിയെടുത്തുകൊണ്ട് സമൂഹത്തിൽ ഗീതാപ്രവചനത്തിനും മഹാഭാരത സംബന്ധിയായ ഹിന്ദുത്വ പാഠങ്ങൾക്കും വമ്പിച്ച മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലമായിരുന്നു അത്. സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ തുടങ്ങിയവർ ഒരു വശത്തും സ്വാമി സന്ദീപാനന്ദ ഗിരിയെപ്പോലുള്ളവർ മറുവശത്തുമായി മഹാഭാരതത്തെയും ഭഗവത് ഗീതയേയും പുതിയ വിശ്വാസി സമൂഹത്തിലേക്ക് പ്രവേശിപ്പിക്കുകയും പുസ്തകപ്രസാധകർ ദേവദത്ത പട്ടനായിക്ക്, അമിഷ്, ആനന്ദ് നീലകണ്ഠൻ തുടങ്ങിയ എഴുത്തുകാരുടെ മഹാഭാരത സംബന്ധിയായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ഗീതാ പ്രസ് , കുരുക്ഷേത്ര പ്രകാശൻ പോലുള്ള പ്രസിദ്ധീകരണ ശാലകൾ ഗീതയും മഹാഭാരതവും സമൂഹത്തിൽ പ്രചരിപ്പിക്കുകയും, പൈ കോ അമര്ചിത്രകഥകൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. മഹാഭാരത്തെയും ഗീതയേയും അവയുടെ പുരാവൃത്ത-മത സന്ദർഭങ്ങളിൽ നിന്ന് മാറ്റി മനുഷ്യ സംഘർഷങ്ങളുടെ, ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളുടെ, സർവ്വോപരി ഒരു സമൂഹത്തിന്റെ വളർച്ചയുടെ ചരിത്രമായി അവതരിപ്പിക്കാൻ ഉള്ള ശ്രമമായിരുന്നു ഇളയിടത്തിന്റേത്. തികഞ്ഞ രാഷ്ട്രീയ ബോധത്തോടെയുള്ള ഒരു പ്രതിരോധ ശ്രമമായിരുന്നു ആ പ്രഭാഷണപരമ്പര. ആ അർത്ഥത്തിൽ ഈ പുസ്തകം ഹിന്ദുത്വത്തേയ്ക്കെതിരെയുള്ള ഒരു പ്രതിരോധ പുസ്തകവും കൂടിയാണ്. ഗീതയുടെ ചരിത്രഭൂമിക, ഗീതയും മധ്യകാലവും ഭഗവത്ഗീതയുടെ പടിഞ്ഞാറൻ യാത്രകൾ, മതാത്മക ദേശീയതയുടെ ആത്മീയപാഠം എന്നിങ്ങനെ നാല് അധ്യായങ്ങൾ ഈ ഗ്രന്ഥത്തിന്റെ സവിശേഷമായ ആറാം ഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണിതെന്ന് ഞാൻ കരുതുന്നു.
"ലോകത്തിലുള്ളത് മുഴുവൻ ഇതിലുണ്ടാകുമെങ്കിലും ഇതിലില്ലാത്തത് ലോകത്തിലെവിടെയും കാണുകയില്ല" (യാദിഹാസ്തി തദന്യത്ര യന്നെ ഹാസ്തി ന തത് ക്വചിത്) എന്ന മഹാഭാരതത്തിന്റെ ഫലശ്രുതിയെ സൂചിപ്പിക്കുമ്പോൾ ഇളയിടം വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത് മഹാഭാരതം സഞ്ചരിച്ച വഴികളും ആ വഴികളിലുടനീളം സ്വാംശീകരിച്ച കഥകളും ഉപകഥകളും മൂല്യങ്ങളുമാണ്. മനുഷ്യരുടെ ജീവിത സംഘർഷസ്ഥാനങ്ങൾ മഹാഭാരതത്തിലുടനീളം വ്യാപിച്ചു കിടക്കുന്നതായി ഇളയിടം ഗവേഷണഫലങ്ങൾ നിരത്തുന്നതിലൂടെ കാണിച്ചു തരുന്നുണ്ട്. ധർമ്മക്ഷേത്രമായ കുരുക്ഷേത്രം അധർമ്മക്ഷേത്രമായി പരിണമിക്കുന്നതിന്റെ കാഴ്ച്ചകൾ മഹാഭാരതത്തിലുടനീളമുണ്ട്. അത് നേരത്തെ ദർശിച്ച ഒരാളായിരുന്നു കുട്ടിക്കൃഷ്ണ മാരാർ. രാമായണത്തിന്റെ പൂർണ്ണതയും പരിഹാരങ്ങളും അതിനെ അടഞ്ഞ ഒരു ആഖ്യാനമാക്കുന്നുവെങ്കിൽ ധർമ്മാധർമ്മങ്ങളെക്കുറിച്ചു മഹാഭാരതം പുലർത്തുന്ന സന്നിഗ്ധാവസ്ഥ മഹാഭാരതത്തെ എക്കാലത്തെയും മനുഷ്യന്റെ സമസ്യാപൂരണത്തിനായി, അനുദിനം നവ്യവസ്ഥയെ പ്രാപിക്കുന്നു. ഗാന്ധാരി, കുന്തി, പാഞ്ചാലി തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളെയും ശിഖണ്ഡി, ഇരാവാൻ തുടങ്ങിയ ഭിന്നലിംഗ കഥാപാത്രങ്ങളെയും മുന്നിൽ നിർത്തി നീതിവിചാരം നടത്തുന്ന ഇളയിടം അവർ വന്ന വഴികളും കടന്നുപോയ സങ്കടങ്ങളും വരച്ചിട്ടുകൊണ്ട് മഹാഭാരതം എങ്ങിനെ മതകഥയല്ലാതാകുന്നുവെന്നും അത് മനുഷ്യകഥയായി ഇനിയും എങ്ങിനെ തുടരുന്നുവെന്നും വെളിപ്പെടുത്തുന്നു. 'ധർമ്മസ്യ തത്വം നിഹിതം ഗുഹായാം' എന്ന അവസാന അധ്യായത്തിലും 'സാഹിത്യകൃതികളിലെ ജീവിതദർശനം' എന്ന അധ്യായത്തിലും മഹാഭാരതത്തിലെ ലിംഗപദവിബന്ധങ്ങൾ' എന്ന അധ്യായത്തിലും ഇളയിടം ഈ മനുഷ്യകഥകളെത്തന്നെയാണ് മഹാഭാരതത്തെ സമകാലമനുഷ്യന്റെ സംഘര്ഷങ്ങളിലേയ്ക്ക് പ്രക്ഷേപിച്ചു കൊണ്ട് സ്ഥാപിക്കുന്നത്.
(കാൾ മാർക്സ് )
മഹാഭാരതം വായിക്കുന്നതിന് ഒരു രീതി പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം പകുത്ത്, ഏഴുവരിയും ഏഴക്ഷരവും തള്ളി വായിക്കണം. അങ്ങനെ വായിച്ചാൽ അപ്പോൾ നേരിടുന്ന വ്യഥകൾക്കുള്ള ഉത്തരം അതിൽ നിന്ന് തെളിഞ്ഞു വരും എന്നാണ് കരുതുന്നത്. മഹാഭാരതത്തിൽ എല്ലാ മനുഷ്യസന്ദർഭങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുമ്പോൾ അതിൽ കൊറോണാ വൈറസിനെക്കുറിച്ചുണ്ടോ ഫേസ്ബുക്കിനെ കുറിച്ച് പറയുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നത് ബാലിശമാകും. ചിന്തകൾ ഭൗതികശക്തിയായി രൂപം പ്രാപിക്കുന്നതിനെക്കുറിച്ചു മാർക്സ് പറയുന്നത് പോലെ. മനുഷ്യന്റെ ജീവിത സന്ദര്ഭങ്ങളുടെ ചിന്താരൂപങ്ങൾ മഹാഭാരതത്തിൽ തെളിയുന്നുണ്ട് എന്ന് മാത്രം കരുതിയാൽ മതി. അതുകൊണ്ടാണ് മഹാഭാരതത്തിനു ഒരു നിയോ പുരാണിക് ലിറ്ററേച്ചറിന്റെ പദവിയിലേക്ക് സംക്രമിക്കാൻ കഴിയുന്നത്. "ഇതിഹാസപാഠങ്ങളുമായുള്ള ബന്ധം വഴി അവ പഴയ പാരമ്പര്യത്തിന്റെ വഴിയിൽ തുടരുന്നുവെങ്കിലും ദേശീയഭാവനയുടെയും ദേശീയ വ്യവഹാരത്തിന്റെയും ഭാഗമാവുക വഴി അവ പഴയ പാരമ്പര്യത്തിൽ ഇന്നുള്ള വിച്ഛേദമായും മാറുന്നു. നവപൗരാണികം എന്ന വിശദീകരണത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല," എന്ന് ഇളയിടം ഇത്തരം പുതിയ സാഹിത്യരൂപങ്ങളെ വിശേഷിപ്പിക്കുന്നു (പേജ് 623). ഇത്തരത്തിൽ രാജ രവിവർമ്മ ഒരു നിയോ പുരാണിക് ചിത്രകാരനായിരുന്നു എന്നും പറയാം. പാരമ്പര്യം വിടാതെ ആധുനികതയോട് ചേർന്ന് നിൽക്കുന്ന ഒരാളായിരുന്നു, അതിന്റെ സംഘർഷങ്ങളെ അനുഭവിച്ച ഒരാളായിരുന്നു രവിവർമ്മ എന്നത് ഗീതാ കപൂർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഒരു പരിധി വരെ നന്ദലാൽ ബോസിലും തുടരുന്നത് നമുക്ക് കാണാം; ഒരുപക്ഷെ ബംഗാൾ സ്കൂളിന്റെ പ്രഘോഷകർ അത് സമ്മതിച്ചു തരാൻ വഴിയില്ല. അവർ മതാത്മക ദേശീയതയുടെ ആത്മീയ പാഠം എന്ന അധ്യായവും മഹാഭാരതത്തിന്റെ ആധുനിക ജീവിതവും എന്ന അധ്യായങ്ങൾ വായിക്കുന്നത് നന്നായിരിക്കും.
ഇത്തരത്തിൽ നിയോ പൗരാണിക് സംഘർഷങ്ങൾ അനുഭവിക്കുന്ന കഥാപാത്രങ്ങളാണ് ഇന്ദുലേഖയും മാധവനും അവരെ എഴുതിയ ചന്തുമേനോനും എന്ന് ഇളയിടം മറ്റൊരിടത്ത് നിരീക്ഷിക്കുന്നുണ്ട്. ചന്തുമേനോൻ കരുതിയത് ലോകത്തിന്റെ സത്യം വക്കീലന്മാരിലൂടെ അവതീർണ്ണമാകും എന്നായിരുന്നു. കള്ളം പറയാൻ വയ്യെന്ന് പറഞ്ഞു വക്കീൽപ്പണി ഉപേക്ഷിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇളയിടം ഓർമ്മിക്കുന്നു. മാധവന് ടെന്നീസ് കളിക്കാം ഒപ്പം കുടുമ്മയും വെയ്ക്കാം. ഇന്ദുലേഖ വിളക്ക് കൊളുത്തും മുല്ലപ്പൂ ചൂടും പക്ഷെ ഇംഗ്ലീഷും പറയും. പാരമ്പര്യത്തോടുള്ള ചേർച്ചയും അതിൽ നിന്നുള്ള വിച്ഛേദനവുമാണിത്. ഇതൊരു മഹാഭാരത സംഘർഷമായി വായിച്ചെടുക്കാവുന്നതേയുള്ളൂ. മാധവൻ നാടുവിട്ടു പോകുമ്പോൾ മനോദുഃഖം അകറ്റാനായി ഇന്ദുലേഖ മഹാഭാരതം തുറന്ന് ഏഴു വരിയും ഏഴക്ഷരവും തള്ളി വായിക്കുന്നതായും ഫലം കണ്ടു കുറെ നേരം കരഞ്ഞു എന്നും ചന്തുമേനോൻ എഴുത്തിയിട്ടുള്ളതായി ഞാൻ ഓർക്കുന്നു. ഇളയിടത്തിന്റെ 'മഹാഭാരതം സാംസ്കാരികചരിത്രം' എന്ന ഗ്രന്ഥം മഹാഭാരതം പോലെ തന്നെ പകുത്ത് ഏഴുവരിയും ഏഴക്ഷരവും തള്ളി വായിക്കാവുന്നതാണ്. മറ്റു വാക്കുകളിൽപ്പറഞ്ഞാൽ ഈ ഗ്രന്ഥം ഏത് സന്ദർഭത്തിലും പുതിയൊരു അർത്ഥപ്രതീതിയ്ക്കോ കൗതുകം കൊണ്ടോ എവിടെ നിന്നും തുറന്ന് വായിക്കാവുന്നതാണ്. ഇതിനു സമാനമായി എനിയ്ക്ക് ചൂണ്ടിക്കാണിക്കാനുള്ളത് മൂന്ന് സെക്കുലർ ഗ്രന്ഥങ്ങളാണ്: വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയ, ശ്രീകണ്ടേശ്വരം ജി പദ്മനാഭപിള്ളയുടെ 'ശബ്ദതാരാവലി' പിന്നെ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാല. (എന്റെ ബാല്യത്തിൽ പുരാണിക് എൻസൈക്ലോപീഡിയയിലെ വിനിതയുടെയും കദ്രുവിന്റെയും കഥ വായിച്ച് എത്ര വിറച്ചു പോയിട്ടുണ്ടെന്നോ).
ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ ഏറ്റവും വലിയ വീണ്ടെടുപ്പുകളിൽ ഒന്ന് ഫെമിനിസ്റ്റുകൾ സ്ത്രീശരീരത്തെ പുരുഷാഖ്യാനങ്ങളിൽ നിന്ന് വീണ്ടെടുത്തു എന്നതാണ്. ഇളയിടം ഈ ഗ്രന്ഥത്തിൽ ചെയ്യുന്നത് മഹാഭാരതത്തെ ഹിന്ദുത്വ മതത്തിൽ നിന്ന് വീണ്ടെടുത്ത് ഒരു മനുഷ്യ പാഠം ആക്കി മാറ്റി എന്നതാണ്. ചരിത്രപരമായ ഒരു വീണ്ടെടുക്കാണ് അത്. നേരത്തെ ഒരിടത്ത് ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെ സാമൂഹ്യസന്ദര്ഭത്തെക്കുറിച്ചു ഞാൻ പരാമർശിച്ചിരുന്നു. സിനിക്കുകൾ വിമർശിച്ചത്, ഇനി ഇളയിടത്തിനെ ക്ഷേത്രങ്ങളിൽ വിളിച്ചാൽ മതി എന്നായിരുന്നു; ഉദിത് ചൈതന്യയുടെയും ചിദാനന്ദപുരിയുടെയും ഗീതാപ്രഭാഷണങ്ങൾ കേട്ടതിനേക്കാൾ എത്രയോ മടങ്ങ് ആളുകളാണ് ഇളയിടത്തിന്റെ മഹാഭാരതം പ്രഭാഷണം കേട്ടത്. യൂട്യൂബിലൂടെയും സ്മാർട്ട്ഫോണുകളിലൂടെയും മഹാഭാരതത്തിന്റെ സെക്കുലർ സമകാലികജീവിതത്തിനു വഴിതുറക്കുകയായിരുന്നു ഇളയിടം ചെയ്തത്. രണ്ടാമതൊരു വിചാരത്തിൽ എനിയ്ക്ക് തോന്നിയത്, എന്തുകൊണ്ട് ക്ഷേത്രങ്ങളിൽ മഹാഭാരത വിചാര പ്രഭാഷണം പാടില്ല എന്നതാണ്. ക്ഷേത്രങ്ങൾ ഇന്ന് വ്യത്യസ്തമായ സാമൂഹിക ഇടപാടുകളുടെ ഇടങ്ങൾ ആയി മാറുകയാണ്; പ്രളയവും കൊറോണയുമാണ് അത് സാധ്യമാക്കിയത്. ക്ഷേത്രപ്പറമ്പുകളിൽ നിന്നുകൊണ്ടാണ് ഡെസ്ഡിമോണയുടെയും ഒഥെല്ലോയുടെയും പിതൃ-വംശ-മതാധികാരങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയുടെ കഥയും നികിതയുടെയും അനീസ്യയുടെയും ദീപാങ്കുരന്റെയും സതിയുടെയും കുന്തീ ഗുഹയുടെയും ഒക്കെ കഥ വിഖ്യാത കാഥികനായ സാംബശിവൻ പറഞ്ഞത് (സൂതാമാഗധ പാരമ്പര്യത്തിലെ അവസാന കണ്ണിയായിരുന്നു അനുഗ്രഹീത കലാകാരനായിരുന്ന സാംബശിവൻ). അതിലൂടെ വിശ്വസാഹിത്യത്തിലേയ്ക്കും മനുഷ്യമനസ്സിന്റെ വിചിത്ര വിചാരങ്ങളിലേയ്ക്കും ധർമ്മാധർമ്മ ചിന്തകളിലേയ്ക്കും കടന്നു ചെന്ന പണ്ഡിതരെത്ര പാമരർ എത്ര! ഇളയിടത്തിനെ ക്ഷേത്രത്തിലേയ്ക്ക് വിളിച്ചാൽ പോകണം എന്ന് ഞാൻ പറയും. അക്കമഹാദേവിയുടെ നിഷേധ ഗാനങ്ങളെ പാടുന്ന സഞ്ജയ് സുബ്രമണ്യത്തിനും കൂത്ത് പാട്ട് കർണാടിക് സദിരുകളിൽ ചേർക്കുന്ന ടി എം കൃഷ്ണയ്ക്കും സംഗീതത്തിന്റെ ഇടങ്ങളെ അകംപുറം മറിയ്ക്കാമെങ്കിൽ മഹാഭാരതം സാംസ്കാരിക ചരിത്രത്തിനും അതിന്റെ പ്രഭാഷണങ്ങൾക്കും അതിന് കഴിയും.
'സ്വന്തം ബോധ്യങ്ങൾ' മഹാഭാരതത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രവർത്തിച്ചതിനെക്കുറിച്ചു ഇളയിടം ഈ ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുണ്ട്. ഇത് ഓരോ വ്യാസന്റെയും ബോധ്യങ്ങൾ ആണ്. എന്നാൽ രീതീശാസ്ത്രം നൽകുന്ന സ്വാതന്ത്ര്യം എന്നതിൽക്കവിഞ്ഞ് ഇളയിടം 'സ്വന്തം ബോധ്യങ്ങൾ' ഈ ഗ്രന്ഥരചനയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. അതിനാൽ പ്രക്ഷിപ്തങ്ങളും അവക്ഷിപ്തങ്ങളും ഒരേ രീതിയിൽ വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എല്ലാ ധർമ്മങ്ങളെയും അധർമ്മമായിക്കണ്ടെന്നാണ് കുട്ടിക്കൃഷ്ണമാരാരെകുറിച്ച് എം കൃഷ്ണൻ നായർ പറഞ്ഞത്. എന്നാൽ മാരാർ അവസാനം ശരണാഗതിയായി. ഒന്നും പ്രക്ഷിപ്തമാകേണ്ടതില്ലാത്ത ഒരു ദൈവാനുഭവത്തിലേയ്ക്ക് മാരാർ പോയി. മഹാഭാരതത്തിന്റെ ക്രിട്ടിക്കൽ എഡിഷൻ തയാറാക്കുമ്പോൾ ഏറ്റവും അധികം ശ്ലോകങ്ങൾ പ്രക്ഷിപ്തമാണെന്നു കണ്ടെത്തിയ സുക്തങ്കറും തന്റെ മരണത്തിനു മുൻപ് നടത്തിയ പ്രഭാഷണത്തിൽ പ്രക്ഷിപ്തങ്ങളുടെ നിരർത്ഥകതയെ സൂചിപ്പിക്കുന്നുണ്ടെന്ന് ഇളയിടം പറയുന്നു. പല രാമായണങ്ങളെ കൊണ്ടാടിയ എ കെ രാമാനുജന്റെ സ്ഥാനമാണ് ഇപ്പോൾ മഹാഭാരതത്തിന്റെ കാര്യത്തിൽ സുനിൽ പി ഇളയിടത്തിന് ഉള്ളത്. വായനയുടെ രേഖീയതയെ മറികടന്നു വായിക്കാൻ കഴിയുന്ന ഒരു പുസ്തകമാണിത്. ബൗദ്ധികദുഃഖം വന്നു ഭവിക്കിൽ ആധിനികതയോടുള്ള വിച്ഛേദനം എന്ന നിലയിൽ നിങ്ങൾക്കും ഈ ഗ്രന്ഥം തുറന്ന് ഏഴുവരിയും ഏഴക്ഷരവും തള്ളി വായിക്കാം. ജീവിതത്തിന്റെ ദർശിനിക മാനങ്ങളെക്കുറിച്ചും മതമൗലിക വാദങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും എന്തെങ്കിലും ആ താളിൽ നിന്ന് കിട്ടാതിരിക്കില്ല.
-ജോണി എം എൽ






Comments
Post a Comment