കുടിയേറ്റത്തിന്റെ നാൾവഴികൾ: ബെന്യാമിന്റെ കുടിയേറ്റം എന്ന പുസ്തകം വായിക്കുമ്പോൾ
(കുടിയേറ്റം: പ്രവാസത്തിന്റെ മലയാളവഴികൾ)
'കുടിയേറ്റം: പ്രവാസത്തിന്റെ മലയാളവഴികൾ' എന്ന പുസ്തകം ബെന്യാമിൻ എഴുതുന്നത്, ഡി സി ബുക്ക്സ് മുൻകൈ എടുത്തു പ്രസിദ്ധീകരിച്ച കേരളത്തിന്റെ അറുപത് വർഷങ്ങൾ എന്ന പരമ്പരയ്ക്ക് വേണ്ടിയാണ്. ഇത്തരം പുസ്തകങ്ങളുടെ ഒരു സവിശേഷത എന്നത് അതിന്റെ ജനപ്രിയതയാണ്. ജനപ്രിയതയ്ക്ക് കാരണം, അതിന്റെ ഉള്ളടക്കവുമായുള്ള വായനക്കാരന്റെ അതിപരിചയം തന്നെയാണ്. ക്‌ളാസ്സിക് കൃതികളിലൂടെ നടക്കുന്ന കഥാർസിസ് അഥവാ മനസികവിരേചനവും ജനപ്രിയത തന്നെ മുഖമുദ്രയാക്കുന്ന ഒരു പുസ്തകം നൽകുന്ന ആഹ്ളാദവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഇവിടെ ഞാൻ ജനപ്രിയത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എണ്പതുകളുൾടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കോട്ടയം മ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്ന പൈങ്കിളിസാഹിത്യത്തെ വിമര്ശിക്കുന്നതിനായി കൊണ്ടുവന്ന ഒരു വിമർശന സംവർഗം എന്ന നിലയിലല്ല, മറിച്ച് ജനപ്രിയത എന്നത് വലിയൊരു അംഗീകാരവും അതേസമയം ആഴം അധികം നിർബന്ധമാകാത്തതുമായ ഒരു സംവേദനശീലവും എന്നാണ്. ഇന്ന് ബെന്യാമിൻ ഉൾപ്പെടെ, കെ ആർ മീര, ദീപാ നിഷാന്ത്, ശ്രീരേഖ, മുരളി തുമ്മാരുകുടി, രവിചന്ദ്രൻ തുടങ്ങിയ എഴുത്തുകാർക്ക് ലഭിച്ചിരിക്കുന്ന ജനപ്രിയത എന്തെന്ന് നോക്കിയാൽ മാത്രം മതി.
മേല്പറഞ്ഞതാണ്, കുടിയേറ്റം എന്ന പുസ്തകത്തെ സവിശേഷമായ ജനപ്രിയ സാഹിത്യമാക്കി മാറ്റുന്നതെങ്കിലും, ഗ്രന്ഥകർത്താവായ ബെന്യാമിൻ പറയുന്നത് പോലെ തന്നെ ഈ പുസ്തകം മലയാളിയുടെ കുടിയേറ്റ ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളുടെ ഒരു നാന്ദിയായി കണക്കാകാം. കാരണം കൃത്യമായ ഡാറ്റകളുടെയോ ഗുണപരമായും അളവുപരവുമായും ഉള്ള വിശകലനത്തിന്റെയോ അടിസ്ഥാനത്തിലുമല്ല ഈ പുസ്തകം തയാറാക്കപ്പെട്ടിരിക്കുന്നത്. പക്ഷെ ഈ പുസ്തകത്തിന്റെ സൗന്ദര്യം എന്നത്, താൻ കൈകാര്യം ചെയ്യുന്ന വിഷയം എന്തെന്ന് അനുഭാവികമായി അറിയാവുന്നതും, അതുമായി ബന്ധപ്പെട്ട തരത്തിൽ സാഹിത്യസൃഷ്ടി നടത്തിയിട്ടുള്ളതുമായ ഒരാളാണ് ഇത് എഴുതിയിട്ടുള്ളത് എന്നാണ്. ഓർഹൻ പാമുക്കിനെയാണ് ഞാൻ ഈ സന്ദർഭത്തിൽ ഓർക്കുന്നത്. ഇസ്‌താംബൂളിനെ കുറിച്ച് മാത്രം എഴുതുകയും തുർക്കിയിലേക്ക് നോബൽ സമ്മാനം കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനാണ് പാമുക്. ബെന്യാമിൻ ഞാൻ പാമുകുമായി തുലനം ചെയ്യുകയോ താരതമ്യം ചെയ്യുകയോ അല്ല. പാമുക് ഇസ്‌താംബൂളിലെ സായാഹ്നങ്ങളിലെ വിഷാദഭാവത്തെ 'ഹുസ്ൻ' എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നു. അതുപോലെയാണ് ബെന്യാമിൻ ഗൾഫ് നാടുകളിലെ മലയാളിയുടെ വിയർപ്പിനെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും എഴുതുന്നത്.
(ബെന്യാമിൻ)
മലയാളിയുടെ കുടിയേറ്റം ഗൾഫിലേക്ക് മാത്രം ഉള്ളതല്ല എന്നത് കൊണ്ട് ഈ പുസ്തകം ആ വിഷയം മാത്രമല്ല കൈകാര്യം ചെയ്യുന്നത്. ഗൾഫിനും അമേരിയ്ക്കയ്ക്കും യൂറോപ്പിനും കാനഡയ്ക്കും ആസ്ട്രേലിയയ്ക്കും ആഫ്രിക്കക്കയ്ക്കും ഒക്കെ മുൻപ് ചൈനീസ് കപ്പലിലും ഗ്രീക്ക് സൈന്യത്തോടൊപ്പവും ഒക്കെ നാട് വിട്ടുപോയ മലയാളിയുടെ ആ പ്രപിതാമഹനെ കണ്ടെത്താൻ കഴിയുമോ എന്ന ചോദ്യം ബെന്യാമിൻ ഉയർത്തുന്നു. പൊതുവെ അറുപതുകളിലും എഴുപതുകളിലും ആണ് ഗൾഫ് ബൂം ഉണ്ടായതെങ്കിലും 1930 കളിൽത്തന്നെ മലയാളികൾ അവിടെ എത്തിയിരുന്നു. ഓരോ ഇടത്തേയ്ക്കുമുള്ള യാത്രകൾ സാമ്പത്തികത്തിനും അതിജീവനത്തിനു വേണ്ടിയായിരുന്നു. അതിനാൽ പുതിയ ഇടങ്ങളിലെ സംഘര്ഷങ്ങള് മലയാളിയെ എല്ലാം വിട്ടെറിഞ്ഞു ഓടിപ്പോകുന്നതിനു പകരം അവിടെ പുതിയ മേഖലകളിലേക്ക് ജീവിതം പടർത്താൻ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചു പറയുന്നു. മലയാളി വർഗ്ഗവർണ്ണ സങ്കരങ്ങളുടെ സന്തതിയായതുകൊണ്ടും മലയാളിയുടെ ഭാഷ പല സംസ്കാരങ്ങളാൽ നിർമ്മിതമായത് കൊണ്ടും മലയാളി ഒരു ഗോത്രവർഗ മനുഷ്യനായില്ലെന്നും, മലയാളിയുടെ വിജയത്തിന് പിന്നിൽ ഈ ഗോത്രവിപരീതമായ ജീവിതരീതിയ്ക്ക് വലിയൊരു പങ്കുണ്ടെന്നും എഴുത്തുകാരൻ ചൂണ്ടിക്കാട്ടുന്നു.
രണ്ടു വീടുകളുള്ള മനുഷ്യരാണ് മലയാളികൾ. ഒന്ന് ചെല്ലുന്നിടത്ത്; മറ്റൊന്ന് നാട്ടിൽ. ഗൾഫ് നാട്ടിലെ മലയാളി ഒരിക്കലും അവിടത്തെ പൗരനാകാൻ കഴിയുന്നില്ല എന്നതിനാൽ അവൻ ഗൾഫിൽ ജീവിക്കുമ്പോഴും മലയാളിയായിത്തന്നെ ജീവിക്കുന്നു. ഒരുപക്ഷെ യൂറോപ്പിലേക്ക് കുടിയേറുനാണവർക്കിടയിൽ ഇത് കാണുന്നില്ല. മലയാളി അറബിയുടെ വിശ്വസ്തനാണ്; പക്ഷെ അവനെ പൗരനാക്കാൻ അറബിയ്ക്ക് താത്പര്യമില്ല. പക്ഷെ അവിടെ മലയാളിയുടെ ഒരു രണ്ടാം തലമുറയുണ്ട്. ആ രണ്ടാം തലമുറയിൽ നിന്ന് ഒരു സാഹിത്യകാരനും ഉണ്ടാകുന്നില്ലെന്ന് ബെന്യാമിൻ പറയുന്നു. ഇംഗ്ലീഷിൽ പഠിച്ചാലും മലയാളത്തിൽ ചിന്തിയ്ക്കുന്നു ഈ രണ്ടാം തലമുറയ്ക്ക് രണ്ടു ഭാഷയും സർഗ്ഗാത്മകമായ ഉപയോഗിക്കാൻ കഴിയാതെ വരുന്നു എന്ന് പറയുന്നു. ഫോക്ക്‌ലോർ എന്ന് പറയാവുന്നത് പോലെ ഗൾഫ് ലോർ എന്നൊരു സംവർഗവും സര്ഗാത്മകജ്ഞാ ശാഖയും ഉണ്ടാകേണ്ടതിന്റെ ആവശ്യകതകൂടി ബെന്യാമിൻ പറഞ്ഞു വെയ്ക്കുന്നു. രസകരമായ അനേകം കഥകൾ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെപ്പോലുള്ളവർ ശേഖരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മേതിൽ രാധാകൃഷ്ണൻ, ടി വി കൊച്ചുബാവ തുടങ്ങിയവർക്ക് ഗള്ഫ അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഗൾഫ് ജീവിതമായിരുന്നില്ല പഥ്യം. അതിനാൽ ഇപ്പോഴുണ്ടാകുന്ന ഗൾഫ് സാഹിത്യം പ്രസക്തമാണെന്ന് ബെന്യാമിൻ പറയുന്നു. ഗൾഫിന്റെ കഥ പറഞ്ഞ സിനിമാക്കാരാരും ഗൾഫ് ജീവിതത്തെ നേരിട്ട് അഡ്രസ് ചെയ്തവരല്ല. അത് പുറത്തുനിന്നുള്ള കാഴ്ചയായിരുന്നു. പി ടി കുഞ്ഞുമുഹമ്മദിനു മാത്രമാണ് ഇക്കാര്യത്തിൽ അല്പമെങ്കിലും നേരനുഭവം ഉള്ളത്. പത്തേമാരി എന്ന സിനിമ മടങ്ങിവരുന്ന ഗൾഫുകാരന്റെ ജീവിതം പിടിച്ചെടുത്തിട്ടുണ്ടെന്നും ബെന്യാമിൻ പറയുന്നു.
(ഓർഹൻ പാമുക് )
പുസ്തകം ചെറുതാണെങ്കിലും വലുപ്പമുള്ളതായി മാറാൻ കഴിയുന്ന അനേകം ആശയങ്ങളും നിരീക്ഷണങ്ങളും എഴുത്തുകാരൻ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗൾഫുകാരന്റെ വിജയത്തിന് പിന്നിൽ, അവരുടെ കൂട്ടുജീവിതങ്ങളും അമർത്തിയ ലൈംഗിക അഭിലാഷങ്ങളും കഷ്ടപ്പാടുകളും ഒക്കെയുണ്ട് എന്നത് പോലെ തന്നെ പ്രധാനമാണ് കേരളത്തിൽ അവരുടെ ഭാര്യമാരായി കോൺക്രീറ്റ് വീടുൾക്കുള്ളിൽ അടക്കിപ്പിടിച്ചു കഴിഞ്ഞ സ്ത്രീകളുടെ ജീവിതമെന്നും ബെന്യാമിൻ ചൂണ്ടിക്കാട്ടുന്നു. നാടുകടത്തൽ (എക്സൈൽ), കുടിയേറ്റം (മൈഗ്രെഷൻ), പ്രവാസം (ലൈഫ് എവേ ഫ്രം ഹോം) എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ സാഹചര്യങ്ങളെയും പ്രവാസം എന്ന ഒറ്റ സംവർഗത്തിനെ അടിസ്ഥാനമാക്കിയാണ് ചർച്ച ചെയ്യുന്നത് എന്നതിന്റെ കുഴപ്പം ബെന്യാമിൻ സൂചിപ്പിക്കുന്നെങ്കിലും അതിനെ പ്രശ്നവൽക്കരിക്കാതെ കുടിയേറ്റം എന്ന വാക്കും പ്രവാസം എന്ന വാക്കും ഇടകലർത്തി പിന്നീട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സൈദ്ധാന്തികമായി വിപുലീകരിക്കാവുന്ന അനേകം മേഖലകൾ ഈ പുസ്തകത്തിലുണ്ട് . അതിനാൽ മലയാളിയുടെ കുടിയേറ്റ ജീവിതത്തിന്റെ ഒരു ലഘുപ്രവേശികയായി വേണം ഈ പുസ്തകത്തെ കാണാൻ. ലോകം സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുന്ന ഈ കൊറോണാ നാളുകളിൽ, പ്രവാസി മലയാളി നാട്ടിലേയ്ക്ക് തിരികെ വരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ എങ്ങനെ നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കും എന്നുള്ള ആശങ്കകൾ നിലവിലുള്ള ഒരു കാലത്ത് ഈ പുസ്തകം വായനയ്ക്ക് വിധേയമാക്കുന്നത് നല്ലതാണ്. മലയാളിയുടെ അതിജീവനതന്ത്രങ്ങളെക്കുറിച്ചും ഓരോ മേഖലയിൽ നിന്ന് സവിശേഷമായ ഇടങ്ങളിലേയ്ക്കും രാജ്യങ്ങളിലേക്കും ആളുകൾ പോയതിനുള്ള സാമൂഹിക-സാംസ്‌കാരിക/മതപരമായ -സാമ്പത്തിക കരണങ്ങളെക്കുറിച്ചും ബെന്യാമിൻ പറയുന്നുണ്ട്. എന്നാൽ കൊറോണ അനന്തരകാലഘട്ടത്തിൽ മലയാളി എങ്ങനെയാകും അതിജീവിക്കുക എന്നത് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു. കേരളത്തിലെ ദളിതർ എന്തുകൊണ്ട് പ്രവാസജീവിതത്തിൽ നിന്ന് പിന്തള്ളപ്പെട്ടു എന്ന ചോദ്യവും അതിനുള്ള സാധ്യമായ ഉത്തരങ്ങളും ലഘുവായി ബെന്യാമിൻ പറയുന്നുണ്ട്. എന്നാൽ അതേക്കുറിച്ചുള്ള പഠനം ദളിത് ജീവിതങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ ഡോക്ടർ എ കെ വാസു നടത്തിയിട്ടുണ്ട് എന്നുള്ളതും ഈ സന്ദർഭത്തിൽ പ്രസ്താവ്യമാണ്. ഈ കാലത്ത് ആവശ്യം വായിക്കേണ്ട ഒരു പുസ്തകം.
(പ്രസാധനം: ഡി സി ബുക്ക്സ്. വില: 100 രൂപ)
- ജോണി എം എൽ
Comments
Post a Comment