ആനകൾക്കിടയിലെ ഉറുമ്പുകൾ: സുജാത ഗിഡില
(Sujatha Gidla- pic courtesy BBC) രണ്ടായിരത്തി പതിനേഴിലാണ് സുജാത ഗിഡില എഴുതിയ 'ants among elephants' എന്ന പുസ്തകം പുറത്തു വന്നത് . ദളിത് ആത്മകഥാ സാഹിത്യ വ്യവഹാരവുമായി ബന്ധപ്പെട്ട ചില റിവ്യൂകൾ പത്രങ്ങളിൽ വന്നിരുന്നത് കാണുകയും ചെയ്തിരുന്നു . സുജാത ഒരു ദളിത് എഴുത്തുകാരിയാണെന്നും അവർ ന്യൂയോർക്കിലെ സബ് വേയിൽ ഒരു കണ്ടക്ടർ ആയി ജോലി ചെയ്യുകയാണെന്നും ഉള്ള വിവരങ്ങൾ പുസ്തകത്തെ എന്നെ സംബന്ധിച്ചിടത്തോളം ആകർഷകമാക്കി . എങ്കിലും ഈ വർഷമാണ് എനിയ്ക്കിത് വായിക്കാനുള്ള സന്ദർഭം ഒത്തുവന്നത് . പുസ്തകത്തിന്റെ തലക്കെട്ടിനു ചുവടെ വിശദീകരണമെന്നോണം ഒരു വരി കൂടിയുണ്ട് . ' ഒരു അസ്പൃശ്യ കുടുംബവും ആധുനിക ഇന്ത്യയുടെ സൃഷ്ടിയും .' അപ്പോഴും ഞാൻ കരുതിയത് ഇത് സുജാത കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു ആത്മകഥാ സാഹിത്യം ആയിരിക്കുമെന്നാണ് . വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് , സുജാത ഈ പുസ്തകത്തിലൂടെ അവരുടെ സ്വന്തം കഥയല്ല പറയുന്നത് ; മറിച്ച് അവരുടെ കുടുംബത്തിലെ തൊട്ടുമുന്നിൽ കടന്നു പോയ തലമുറയുടെ കഥയാണ് പറയുന്നത് ...