കറുത്തപെണ്ണേ : യെൻദലുരി സുധാകർ എഴുതിയ ഒരു കവിത



(യെൻദലുരി സുധാകർ)

കറുത്തപെണ്ണേ 


ഓ എന്റെ ചണ്ടാലികേ 

നിന്റെ രജത പാദസരങ്ങൾക്കു മുന്നിൽ 
ഗതകാലത്തിലെ ഇതിഹാസ നായികമാർക്ക് 
നിറം മങ്ങുന്നു!
ഓ എന്റെ കറുത്ത പക്ഷീ!
നിന്റെ കറുത്ത മണ്ണിന്റെ മിന്നലേറ്റിതാ 
കുതിച്ചു പോകുന്നു ഗ്രന്ഥ സൗന്ദര്യങ്ങൾ.
ഒളിച്ചെങ്കിലും ഞാൻ പറയുകില്ലാ നീ 
മൃദു കൃശ ലതാ ക്ഷീണ ലാസ്യയെന്ന്.
എന്റെ വംശത്തിന്റെ ഫുല്ല പുഷ്പമേ 
സർവ്വ ശക്തയാം നീല വജ്രമേ!
പിടിച്ചിരിക്കുന്നു ഞാനെതൊന്നിനെ 
നിന്റെ സൗന്ദര്യത്തെ ത്യജിച്ച ഭാഷയെ.
മന്ദാര സഹിതമാം നിന്റെ കൂന്തലിൽ 
കോർത്തു വെയ്ക്കുന്നു ഞാൻ 
കുതറുന്ന ഭാഷയെ.
ഗ്രാമവാതിലിലുയർത്തി നിർത്തിയ 
ജാതിബോധന കളിമൺ കുടത്തിനെ 
കുത്തിയുടയ്ക്കയാണിന്നു ഞാൻ 
കൂർത്തു മൂർത്തൊരാ ഭാഷയൊന്നിനാൽ.


എന്റെ മാതംഗിനീ നീലവാനിതിൽ 
നിന്നെ ഞാനൊരു പതംഗമായ് മാറ്റുന്നു
നിൻ ശിരസ്സിലെ ഇരുമ്പു പാത്രത്തിന്റെ 
നിർവ്വികാരമാം ദൃഷ്ട മാത്രയിൽ 
ലജ്ജ കൊണ്ട് കുനിഞ്ഞു പോകയായ് 
വിശ്വസുന്ദരി ചൂടും കിരീടം.
മൂർച്ച മിന്നുമരിവാളു പോൽ ഇര-
കണ്ടു കുതിയ്ക്കും പുള്ളിപ്പുലി പോൽ 
നീ കൊയ്തു കൊയ്ത് കയറവെ 
നാലു ചുറ്റിലും വന്നു നിൽക്കയായ് 
നൂറു വർണ്ണങ്ങൾ; നീ വർണ്ണിത.

ഓലപൊളിക്കുടയ്ക്കു കീഴെ നീ 
പാതി നനഞ്ഞു വിറയാർന്നു നിൽക്കെ 
താണിറങ്ങയായ് വെളുത്ത മേഘങ്ങൾ 
നിന്നെ തുടച്ചു പുതച്ചു കൊഞ്ചിക്കുവാൻ.
നിന്നെ ഒരു നൊടി കണ്ടു പോയെങ്കിൽ 
ഹൃത്തുണർന്നു തുടിച്ചിടുന്നു 
മൃത്യു വന്നു പൊതിഞ്ഞ വിത്തിലും..
ശുദ്ധനീരിൽ കുളിക്കുന്ന തിങ്കളിൽ 
നിന്റെ കാലുകൾ തൊട്ടു നിൽക്കവേ 
ഒത്തു കൂടുന്നു മീനുകൾ 
മുത്തുവാൻ നിന്റെ നിലാംഗുലികൾ 
സാരി കാൽവണ്ണ കാണെയുയർത്തി 
അരയിൽ തിരുകി, മുളന്തട്ടിൽ 
കേറി നിന്ന് നീ കവണ ചാമ്പിടേ 
നാല് ചുറ്റും നടുങ്ങുന്നു ദിക്കുകൾ 
നമിക്കുന്നു നിന്റെ ബലിഷ്ഠമാം കാലിനെ.

നീ വിളിക്കുന്നു ഏതൊരാജ്ഞയാൽ 
തീ പിടിച്ച പൂവുള്ള കോഴികൾ 
പോരും പെറുക്കലും നിർത്തിയെത്തുന്നു 
നിന്റെ വാക്കിന്റെ മധുരം നുണയുവാൻ. 

അരിപൊടിക്കുന്ന മില്ലിൽ കാലുകൾ 
രതി പിടപ്പിക്കും പടി തെല്ലൊന്നകത്തി 
ഇടഞ്ഞ പിടി പോലെ നിൽക്കുന്ന നിന്നുടെ 
അര മടക്കിൽ തെളിഞ്ഞിടുമരിപ്പൊടി 
അരിയെ ആരാധകനാക്കുന്ന വെള്ളി 
അരഞ്ഞാണമായി കാണുന്നു പെണ്ണേ 
ഉത്സവാഘോഷ രാത്രിയിൽ മോന്തിയ 
പനങ്കള്ളു പാഞ്ഞു പോയ നിൻ കണ്ണിലെ 
ചോര പൊടിഞ്ഞ ഭ്രമണ പഥങ്ങളിൽ 
പമ്പരം പോലെ കറങ്ങുകയായ് ലോകം. 

നിന്റെ കരിമണലുടലാകും ഭൂമിയിൽ 
പടരുകയാണ് കറുത്ത പൊന്നിൻ വള്ളികൾ 
നീലത്തുറസ്സിൽ കയറിന്റെ കട്ടിലിൽ 
ലോല വിലാസിതയായി നീ കിടക്കുമ്പോൾ 
നിന്റെ നിർരോധക സൗന്ദര്യമാകണം 
ചൊല്ലുന്നു ചന്ദ്രൻ സൂര്യന്റെ കാതിൽ 
കേട്ടതിൽആവേശം മൂത്തതിലാകണം 
നിന്റെ തലയണക്കീഴിൽ കൊണ്ട് വെയ്ക്കുന്നു 
വജ്രമോതിരം കാമ മോഹിതൻ സൂര്യൻ.

എന്റെ കറുത്ത മുന്തിരി തൻ സൗന്ദര്യമേ 
എന്റെ മുന്തിരിപ്പടർപ്പേ, അരുന്ധതി നക്ഷത്രമേ 
നിന്റെ കവിളിന്റെ തബലയിൽ മൃദുലമായ് 
എന്റെ വിരലുകൾ താളം തുടങ്ങവേ 
തൊണ്ടയിൽ വന്നു തിങ്ങുകയായി 
നിദ്ര മോന്തിക്കുഴഞ്ഞ ഗാനങ്ങൾ.
നിന്റെ കണ്ണിന്റെ നീല നഭസ്സിതിൽ .
ശീതജ്വാലകൾ ചിന്നുന്ന താരകൾ 
വൃത്തത്തിൽ നൃത്തം ചവിട്ടുന്നത് കണ്ടു 
ഏത്രയോ കാലം ഞാൻ നിന്നെന്നറിയുമോ.

എന്റെ കറുത്തമ്മേ, ഇരുണ്ട സുന്ദരീ 
നിന്നെ വാഴിക്കുന്നു ഞാനിന്നു കറുത്തതാം 
സൗന്ദര്യശാസ്ത്രത്തിൻ സിംഹാസനത്തിൽ 
കവിത തൻ പനീരും വെഞ്ചാമരവും വീശി 
ഇന്ന് പ്രഖ്യാപിക്കുന്നു നിന്നെ ഞാനെന്റെ 
കറുത്ത കവിത തൻ നിത്യനായികയായി.




തെലുങ്കിൽ നിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം: വെകുന്ത മോഹന പ്രസാദ് 'എം ഓ"
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം: ജോണി എം എൽ 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)