ദാർല വെങ്കിടേശ്വര റാവുവിന്റെ നാല് കവിതകൾ
(ദാർല വെങ്കിടേശ്വര റാവു )
വീട്ടിലും
അമ്മയുടെ മടിയിലും
ഈ ജാതിയിൽ വന്നു പിറന്നില്ലായിരുന്നെങ്കിൽ
ഞാൻ വേറൊരു രീതിയിൽ ചിന്തിച്ചേനെ.
എന്തായാലും
ഈ ജാതിയിൽ വന്നു
പിറന്നത് നന്നായി
എന്താണ് അപമാനനം എന്നും
എങ്ങിനെ എല്ലാവരെയും സ്നേഹിക്കാമെന്നും പഠിച്ചുവല്ലോ.
ക്ലാസിക്കൽ
സാഹിത്യം പഠിപ്പിച്ചപ്പോളെല്ലാം
എന്റെ മുഖം ചുളിയുകയായിരുന്നു.
എന്റെ വികാരങ്ങൾ പുറത്തറിയിക്കാൻ
ഞാനാഗ്രഹിച്ചില്ല
ഒന്നുകിൽ ആ ക്ലാസ്സിൽ
നിന്നിറങ്ങിയോടണം
അല്ലെങ്കിൽ
ആ ക്ലാസ് തന്നെ
നിരോധിക്കണം
എല്ലാ കണ്ണുകളും എന്റെ മേൽ
കേന്ദ്രീകരിച്ചിരിക്കുന്നു !
ദൈവത്തിന്റെ
കോളറിന് കുത്തിപ്പിടിച്ച്
ഇങ്ങനെ ചോദിക്കാൻ ഞാനാഗ്രഹിച്ചു:
"നീയെന്നെ
എത്രപ്രാവശ്യമാണ് കൊല്ലുന്നത്?"
അമ്മയുടെ ഗർഭത്തിലായിരിക്കുമ്പോൾപ്പോലും
അപമാനങ്ങളിൽ
നിന്ന് വിമുക്തനായിരുന്നോ
ഞാനെന്ന് എനിക്കറിയില്ല.
ഈ അടുത്തിടെ അമ്മയോട്
അച്ഛന്റെ കാലിലെ മുറിപ്പാട്
എന്തെന്ന്
ചോദിച്ചപ്പോൾ
ചോദ്യം ചെയ്യുന്ന എന്റെ സ്വഭാവത്തെ
ഭയന്ന 'അമ്മ പരുങ്ങിപ്പറഞ്ഞു
"നീയെന്റെ
ഗർഭത്തിലായിരുന്നപ്പോൾ
ഗ്രാമത്തിലൊരു
കൊടുങ്കാറ്റടിച്ചു
ജനങ്ങളെല്ലാം
യജമാനരുടെ
വീടുകളിലെയ്ക്കോടി."
വലിയ വയറും തള്ളി ഞാൻ
പോലും
ഒരിഞ്ചു സ്ഥലത്തിന് കെഞ്ചിപ്പോയി.
അവർ എനിയ്ക്ക് അഭയം നിഷേധിച്ചു
ഞാനവരുടെ ഇടം അശുദ്ധമാക്കിയാൽ
അവർ മരിക്കുമെന്ന് അവർ പറഞ്ഞു.
കൊടുങ്കാറ്റ്,
ഇടിമിന്നൽ, പേമാരി -
എന്ത് സംഭവിക്കുമെന്ന് ആർക്കുമറിയില്ലായിരുന്നു.
നമുക്ക് രണ്ടു ദിനം അഭയം
തന്ന വന്മരങ്ങൾ പോലും
കടപുഴകി വീഴുകയായിരുന്നു.
കൊടുങ്കാറ്റു
ശമിച്ച നാളിനു പിറ്റേന്ന്
വിശപ്പ് കൊണ്ട് ഞാൻ ബോധം
കെട്ടു
നിന്റെ അച്ഛൻ വീണ്ടും യജമാനരുടെ
അടുത്ത് പോയി
പെറാൻ പൊറാതെ നിൽക്കുന്ന പെണ്ണിന്
ഒരിറ്റു സഹായം.
അക്കാലത്ത്
അച്ഛൻ പണിക്കു പോയില്ലേ?
ഒരിറ്റു കഞ്ഞിവെള്ളത്തിന് അച്ഛൻ കെഞ്ചി
എന്തെങ്കിലും
കൊടുക്കണമെങ്കിൽ
വിറകു വെട്ടി വരാൻ യജമാനർ
പറഞ്ഞു.
ഒഴിഞ്ഞ വയറും കറങ്ങുന്ന തലയുമായി
അച്ഛൻ കാൽ വെട്ടി
ഒപ്പം തടിയും.
വല്ലവിധവും
ഓരോ കോപ്പ കഞ്ഞിവെള്ളം
കിട്ടി!
ഞാനൊരു വരൾച്ച മൊത്തിക്കുടിച്ചു
അതുള്ളിൽ നിന്നില്ല, ഞാൻ ഛർദ്ദിച്ചു.
അത് രുചിച്ചു നോക്കിയാ നിന്റെ
അച്ഛന്
യജമാനർ എന്താണ് നൽകിയതെന്ന് മനസ്സിലായി
അത് 'അരി കഴുകിയ
വെള്ളമായിരുന്നു.'
അവർ മനസ്സുകൾക്കുള്ളിൽ
എന്തെല്ലാം
കഥകൾ ഒളിപ്പിക്കുന്നു
എനിക്കറിയില്ല
ചോദിച്ചില്ലെങ്കിൽ
അവരൊട്ടു പറയുകയുമില്ല.
ഈ ജാതിയിൽ ഞാൻ വന്നു
പിറന്നത് നന്നായി
ഇല്ലെങ്കിൽ
ഞാനാരെയും സ്നേഹിക്കുമായിരുന്നില്ല.
അപമാനങ്ങളെ
സഹിക്കാൻ കഴിയാതെ
ക്രോധം അടക്കാൻ കഴിയാതെ, ഒരു
പക്ഷെ
ഞാൻ ഒരുപാട് കൊലപാതകങ്ങൾ ചെയ്തുപോയേനെ.
തെലുങ്കിൽ
നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം: പി ഹരി
പദ്മ റാണി
ഇംഗ്ലീഷിൽ
നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം: ജോണി എം എൽ
തകർന്നു വീഴുന്ന ഗ്രന്ഥാലയം
ഒരു മാജിക്കോ തന്ത്രമോ യന്ത്രമോ
എനിക്കുണ്ടായിരുന്നെങ്കിൽ
ഈ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളെല്ലാം ഞാൻ കാണാപ്പാഠമാക്കിയേനെ.
മോഹിനിയെപ്പോലെ
സുന്ദരിയായ ഇന്റർനെറ്റും
ഉള്ളം കൈയിലെ സ്വർഗം പോലെ
ആഗോളീകരണവും
ഒക്കെയും അമൃതത്തിന്റെ മറുവശം തന്നെയാകുമായിരുന്നു.
അമ്മയുടെ ഊഷ്മളമായ ഗർഭപാത്രത്തിനുള്ളിൽ
കാലിളക്കി
ചവിട്ടുന്ന ശിശുവിനെപ്പോലെ
നിശ്ചലനായി,
ഒട്ടുമുരുകാതെ എന്നെന്നേയ്ക്കുമായി
നിൽക്കുന്ന
യുവാവിനെപ്പോലെ, ഒരിക്കലും വേർപെടാതെ
ഈ ഗ്രന്ഥാലയത്തിനുള്ളിൽത്തന്നെ
കഴിയാണെനിയ്ക്കു
തോന്നുന്നു.
അലമാരകളിലൊന്നിൽ
നിന്ന് വേദങ്ങൾ
വിരുന്നുണ്ണാൻ
വിളിക്കുകയാണ്;
ഈയമൊഴുകി മാറിയ ചെവികളിൽ
അത് നിലവിളി പോലെ വന്നു
വീഴുന്നു.
ഒരു തട്ടിൽ അക്ഷരവും
മറു തട്ടിൽ ഭക്ഷണവും വെച്ചാൽ
അത്യാർത്തിയോടെ
ഞാൻ
അക്ഷരമെടുക്കും.
എന്റെ പ്രപിതാമഹന്മാരുടെ
മൈലുകൾ നീളമുള്ള കുടലുകൾ
വിടർത്തി വെച്ചാലും
ഒരു പക്ഷെ നിങ്ങൾക്കതിൽ
കഞ്ഞിവറ്റുകൾ
കാണാൻ കഴിഞ്ഞേക്കും
അക്ഷരങ്ങളാവില്ലൊരിക്കലും.
ഭൂകമ്പമാപിനിയിൽ
അപകട സൂചനകളുണ്ട്.
ഇന്റർനെറ്റിന്റെ
പ്രകമ്പനങ്ങളാൽ
ഗ്രന്ഥാലയത്തിന്റെ
ചുമരുകളിൽ
വിള്ളലുകൾ
വീഴുന്നുണ്ട്.
പെട്ടെന്ന്
എന്തെങ്കിലും ഞാൻ ചെയ്യേണ്ടതുണ്ട്.
ഒരായിരം വർഷങ്ങൾ ഞാനിനി തെരഞ്ഞാലും
ഒരു പക്ഷെ മറ്റൊരക്ഷരം കാണാൻ
കഴിഞ്ഞേക്കില്ല.
ഒരു ഗ്രന്ഥാലയത്തിനുള്ളിൽ കിടന്ന്
മരിക്കാനുള്ള
എന്റെ ആഗ്രഹം
ഒരു പുസ്തകമായി പുനർജനിക്കാനുള്ള മോഹം
ഒരു പക്ഷെ എന്റെ പിറവിയോടൊപ്പം
തന്നെ
മരിച്ചു പോകണമായിരുന്നു.
തെലുങ്കിൽ
നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം: തുമ്മപുടി ഭാരതി
ഇംഗ്ലീഷിൽ
നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം: ജോണി എം എൽ
മറുകിനോടുള്ള
പ്രണയം
പിറവിയോടൊപ്പം
വന്ന മറുക്
ചിലർക്ക് മനോഹരമായ അലങ്കാരമായി
ചിലർക്ക് വെറുക്കപ്പെട്ടൊരു പാടായി
രൂപാന്തരം
കൊള്ളുന്നു.
എന്താണ് മറ്റുള്ളവർ എന്റെ മറുകിൽ
കാണുന്നതെന്ന്
എനിക്കറിയില്ല
ശത്രു+ ശത്രു = സുഹൃദ്വലയം
!
വിവിധങ്ങളായ
പ്രത്യയശാസ്ത്രങ്ങൾ
പക്ഷെ രഹസ്യ യുദ്ധമുറകളിൽ
അവർക്കൊരു
ഒറ്റ വീക്ഷണമേയുള്ളൂ.
നാളെ പോരാടേണ്ടതുണ്ടെന്ന് അറിയുമെങ്കിൽ
തലേന്ന് രാത്രി ശത്രുവിന്റെ കാലു
തിരുമ്മുന്നതെന്തിന്?
അലങ്കാരമായാലും
വെറുപ്പാടായാലും
എന്റെ മറുക് ഒരു രക്ഷാകവചമെന്ന്
എന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
എന്റെ മറുകെ, എന്റെ പെണ്ണെ
നീയെന്റെ ആത്മവിശ്വാസത്തിനും
ആത്മാഭിമാനത്തിനും
നട്ടെല്ലായി-
ഞാൻ നിന്നെ പ്രണയിക്കുന്നു.
തെലുങ്കിൽ
നിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം: കെ സുനിതാ
റാണി
ഇംഗ്ലീഷിൽ
നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം: ജോണി എം എൽ
ദളിത് തത്വചിന്തകൻ
എല്ലാം സാധാരണമെന്നു തോന്നുന്ന വേളയിൽ
ഞാനൊരു പുതുവസ്ത്രമണിഞ്ഞാൽ
തുറിച്ചു നോക്കുന്ന കണ്ണുകൾക്ക് മുന്നിൽ
ഇനിയെനിക്ക്
കുറ്റബോധം തോന്നേണ്ടതില്ല.
എനിക്കിനിയും
'അപകർഷതയ്ക്ക്'
അർഥം വിളമ്പാൻ കഴിയില്ല.
എന്റെ 'അമ്മ ഒരു വേലക്കാരിയാണ്
അച്ഛൻ ഒരു തോട്ടക്കാരനും-
ഇതെല്ലാം
നേരത്തെ തയാറാക്കിയ ചിത്രങ്ങളാണ്
എന്നാൽ ഇതൊക്കെ വെറും ഭാവനയിലെ
ചിത്രങ്ങളാണെന്ന്
കണ്ടു പെരുമാറിയാൽ മതി.
ഇനി ദൈവം തന്നെ ഇറങ്ങി
വന്നാലും
ആദ്യം എനിയ്ക്കു വേണ്ടത് മാതാപിതാക്കളെ
തന്നെയാണ്
ഇപ്പോൾ ഞാൻ ദളിത
സൗന്ദര്യത്തിന്റെ തത്വചിന്തകനായിരിക്കുന്നു.
മേൽക്കോയ്മയ്ക്കു
വേണ്ടിയുള്ള ഓരോ സമരത്തിലും
ഭാഷയ്ക്കും
പ്രത്യയശാസ്ത്രത്തിനും ജീവൻ നഷ്ടപ്പെടുമ്പോൾ
എനിയ്ക്കു
സാമൂഹിക-ഭാഷാശാസ്ത്രം പഠിപ്പിക്കാൻ തോന്നുന്നു,
അതിനെ നിർബന്ധ ക്ളാസിക്കൽ
പാഠ്യവിഷയം ആക്കുവാനും.
അല്ലയോ മഹാനായ ദേശഭക്താ!
എന്റെ പൗത്രന്മാർ സ്വാതന്ത്ര്യ സമരത്തിന്റെ
ഇരകളാകുമെന്ന്
ഭയന്ന് ഞാൻ വീണ്ടും
രാജ്യത്തെ
പണയം വെയ്ക്കുന്നതിനെതിരെ
സമരം ചെയ്യുന്നു; അതിനായെന്റെ ജീവൻ പോലും
വെടിയാൻ ഞാനെന്നെ തയാർ.
നിങ്ങളുടെ
വികൃതചരിത്രത്തിൽ
ഞാനെന്റെ പേരിനു വേണ്ടി പരതില്ല
ജീവനാംശത്തിനായി
കടിപിടി കൂടുകയുമില്ല.
തോക്കിനും
ലാത്തിയ്ക്കും മുന്നിൽ
ജീവിതത്തെ
തുറന്നു പിടിക്കേണ്ടി വന്നാലും
ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുക തന്നെ
ചെയ്യും.
ഒരു സ്വാതന്ത്ര്യ സേനാനിയെന്നു പട്ടികയിൽ
ഉൾപ്പെടുത്തുന്നതിന്
പകരം
എന്നെ ഒരു തീവ്രവാദിയെന്നോ
കുറ്റവാളിയെന്നോ
വിളിച്ച്,
കരിമ്പട്ടികയിൽ ഉൾപ്പെടുത്തും!
നിങ്ങളുടെ
ചരിത്രം വികൃതമാണ്.
എന്റെ കണ്മുന്നിൽ ഇന്നലെ നടന്ന
മദ്യ വിരുദ്ധ സമരത്തിൽ
എന്റെ അമ്മയുടെ പേരെവിടെ?
ഭർത്താക്കന്മാർ
തെരെഞ്ഞെടുപ്പിനു
മത്സരിക്കുമ്പോൾപ്പോലും
വോട്ടിടാൻ
വീട്ടിൽ നിന്നിറങ്ങാത്ത പെണ്ണുങ്ങളുടെ പേര്
ഈ പ്രസ്ഥാന നേതൃത്വത്തിൽ വന്നതെങ്ങനെ?
കാർഗിലിലെ
'ഓപ്പറേഷൻ വിജയിൽ;
അനേകർ മരിച്ചു വീണപ്പോൾ
പ്രശസ്തിയുടെ
പതാക
പ്രൊഫെസ്സർ
പദ്മപാണിയ്ക്കു വേണ്ടി മാത്രം
വീശിയതെന്ത്?
മറ്റുള്ളവർക്കായി വീശാത്തതെന്ത്?
സഹോദരാ നിങ്ങളുടെ ചരിത്രം മുഴുവൻ
നിരാശപ്പെടുത്തുന്നതാണ്.
"ഓ ശിവ ശിവ
സംസ്കാരം ജീർണ്ണിക്കുകയാണല്ലോ.
നമ്മുടെ മാമൂൽ സംസ്ക്കാരത്തെ
പ്രാപഞ്ചിക
സ്നേഹവും
വാലെന്റൈൻസ്
ഡേയും
തീണ്ടുകയാണല്ലോ.
കൊൽക്കത്തയിലെ
കാളിയുടെ
നാക്കു വലിച്ചു നീട്ടുക
അവളെ മുംബൈത്തെരുവുകളിൽ
ഘോഷയാത്രയായി
കൊണ്ടുനടക്കുക
ഗുജറാത്തിലും
ഒറീസ്സയിലും
ആളുകളെ അടിച്ചു കൊല്ലുക
സഹോദരിമാരെ
മാനഭംഗപ്പെടുത്തുക
എന്തൊക്കെ
നിങ്ങൾ ചെയ്താലും
ഓരോ ഞരമ്പിലും നമുക്ക്
ആന്റി വൈറസ് കുത്തിവെച്ചേ പറ്റൂ."
നിങ്ങൾ എന്നെ എപ്പോഴും വെറുക്കുകയും
ഉപദ്രവിക്കുകയും
ചെയ്യുമെങ്കിലും
എനിയ്ക്കു
നിങ്ങളെ സ്നേഹിക്കാനേ അറിയൂ.
അല്പനേരത്തേക്കെങ്കിലും,
'അമ്മ തരുന്ന
ചോറുരുളകൾ
ഒന്ന് രുചിക്കൂ
കൊച്ചു കുഞ്ഞിന്റെ പാൽക്കവിളിൽ
ഒന്ന് തട്ടി നോക്കൂ, ഒരു
വേനലുച്ചയ്ക്ക്
മരത്തണലിലേയ്ക്ക്
പോകൂ
അപ്പോൾ നിങ്ങൾക്കും സ്നേഹിക്കാൻ പഠിക്കാം!
അനശ്വരത സ്നേഹിക്കലിൽ മാത്രമേയുള്ളൂ !!
തെലുങ്കിൽ
നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം; പി ഹരി
പദ്മ റാണി
ഇംഗ്ലീഷിൽ
നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം: ജോണി എം എൽ
Comments
Post a Comment