ആനകൾക്കിടയിലെ ഉറുമ്പുകൾ: സുജാത ഗിഡില
രണ്ടായിരത്തി
പതിനേഴിലാണ് സുജാത ഗിഡില എഴുതിയ
'ants among elephants' എന്ന പുസ്തകം പുറത്തു വന്നത്.
ദളിത് ആത്മകഥാ സാഹിത്യ വ്യവഹാരവുമായി
ബന്ധപ്പെട്ട ചില റിവ്യൂകൾ
പത്രങ്ങളിൽ വന്നിരുന്നത് കാണുകയും ചെയ്തിരുന്നു. സുജാത
ഒരു ദളിത് എഴുത്തുകാരിയാണെന്നും
അവർ ന്യൂയോർക്കിലെ സബ്വേയിൽ ഒരു കണ്ടക്ടർ
ആയി ജോലി ചെയ്യുകയാണെന്നും
ഉള്ള വിവരങ്ങൾ പുസ്തകത്തെ
എന്നെ സംബന്ധിച്ചിടത്തോളം ആകർഷകമാക്കി. എങ്കിലും ഈ വർഷമാണ്
എനിയ്ക്കിത് വായിക്കാനുള്ള സന്ദർഭം ഒത്തുവന്നത്. പുസ്തകത്തിന്റെ
തലക്കെട്ടിനു ചുവടെ വിശദീകരണമെന്നോണം ഒരു
വരി കൂടിയുണ്ട്. 'ഒരു
അസ്പൃശ്യ കുടുംബവും ആധുനിക ഇന്ത്യയുടെ
സൃഷ്ടിയും.' അപ്പോഴും ഞാൻ കരുതിയത്
ഇത് സുജാത കേന്ദ്ര
കഥാപാത്രമായി വരുന്ന ഒരു ആത്മകഥാ
സാഹിത്യം ആയിരിക്കുമെന്നാണ്.വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത്,
സുജാത ഈ പുസ്തകത്തിലൂടെ
അവരുടെ സ്വന്തം കഥയല്ല പറയുന്നത്;
മറിച്ച് അവരുടെ കുടുംബത്തിലെ തൊട്ടുമുന്നിൽ
കടന്നു പോയ തലമുറയുടെ
കഥയാണ് പറയുന്നത്. വായിച്ചു കഴിയുമ്പോൾ
നാമൊരു കാര്യം മനസ്സിലാക്കുന്നു; ഈ
കുടുംബത്തിന്റെ കഥയാണ് സുജാതയുടെ അസ്തിത്വത്തെ
നിർണ്ണയിക്കുന്നത്. ഈ കുടുംബത്തിന്റെ
സവിശേഷമായ ഒരു അടയാളപ്പെടുത്തലില്ലെങ്കിൽ
സുജാത ഇന്ത്യയിൽ നിന്ന് അമേരിക്കയിലേയ്ക്ക്
കുടിയേറുന്ന അനേകരിൽ ഒരാളായി മാറുമായിരുന്നു.
കേരളത്തിലെ
ആത്മകഥാ സാഹിത്യത്തെ മുൻനിറുത്തി ഉദയകുമാർ എഴുതിയ
'writing the first person' എന്ന
പഠനഗ്രന്ഥത്തിൽ എഴുത്തുകാരന്റെ അഥവാ എഴുത്തുകാരിയുടെ 'ആന്തര
ജീവിതം' മാത്രമല്ല മറിച്ച് അവർ
മറ്റുള്ളവർ തങ്ങളെ എങ്ങിനെ കാണണം
എന്ന് ഉദ്ദേശിച്ചു കൊണ്ട് 'ബാഹ്യവൽക്കരിക്കുന്നത്' കൂടിയാണ്
അവരുടെ സ്വത്വ നിർണയത്തിന് അടിസ്ഥാനമാകുന്നത്
എന്ന് വിശദീകരിക്കുന്നുണ്ട്. ഇവിടെ സുജാത ഗിഡില
തന്റെ സ്വത്വത്തെ ആവിഷ്കരിക്കുന്നത്, താൻ
എന്തുമായി/ആരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ
വിശദീകരിക്കുന്നതിലൂടെയാണ്. സുജാത ഇതിൽ ഒരു
ചെറിയൊരു കഥാപാത്രം മാത്രമാണ്. അവർ
first person ആഖ്യാനത്തിലേയ്ക്ക്
പോകുന്നത് പുസ്തകത്തിന്റെ ഒടുവിൽ പത്തോളം പേജുകളിൽ
മാത്രം വരുന്ന പിന്കുറിപ്പിൽ സ്വയം
വെളിപ്പെടുത്തുമ്പോൾ മാത്രമാണ്. അവിടെ സുജാത
എന്ന എൻജിനീയരുടെയോ രാഷ്ട്രീയ
പ്രവർത്തകയുടെയോ സബ്വേ
കണ്ടക്ടറുടെയോ ഒന്നും തന്നെ കഥ
എഴുതപ്പെടുന്നില്ല. മറ്റൊരാളിന്റെ അല്ലെങ്കിൽ മറ്റൊരു കൂട്ടം
ആളുകളുടെ കഥ പറയുന്നതിലൂടെ
ആ കഥയുടെ സാരാംശമാണ്
തന്റെ അസ്തിത്വം എന്ന് സുജാത
പറയാതെ പറയുന്നുണ്ട്. പുസ്തകം വായിച്ചു കഴിയുന്ന
ഒരു വ്യക്തി, താനിന്നെലെയും
സബ്വേയിൽ കണ്ട
സുജാത എന്ന ഇന്ത്യൻ കണ്ടക്ടർ
ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഒരു
പ്രധാന കഥാപാത്രത്തിന്റെ അനന്തിരവളാണല്ലോ എന്ന് മനസ്സിലാക്കുന്ന ഇടത്ത്
സുജാതയുടെ സ്വത്വം രൂപപ്പെടുന്നു. അവർ
ഇന്ത്യയിൽ നിന്ന് വന്ന ഒരു
തൊഴിലാളി മാത്രമല്ല എന്ന് പൊടുന്നനെ
ആളുകൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവ്
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്.
'കഥയില്ലായ്മ' തോന്നിയ്ക്കുന്ന പല കറുത്ത
ജീവിതങ്ങൾക്കും ലോക ചരിത്രത്തെ
തന്നെ മാറ്റി മറിക്കാൻ പോന്ന
കഥയുണ്ട് എന്ന കാര്യം. ആ
കഥ ബാഹ്യവത്കരണം തേടുകയാണ്.
എല്ലാവരും അത്തരത്തിൽ ബാഹ്യവൽക്കരിക്കുന്നില്ല എന്നിടത്താണ് ദളിത്
എഴുത്തിന്റെ സത്ത കുടികൊള്ളുന്നത്.
കെ ജി സത്യമൂർത്തി
എന്നും കൊണ്ടപ്പള്ളി സീതാരാമയ്യ എന്നും കേൾക്കാത്തവർ
ചുരുങ്ങും. നക്സൽബാരിയ്ക്കു ശേഷം തെലങ്കാനയിൽ ജനകീയ
യുദ്ധ മുന്നണി രൂപീകരിച്ചു (പീപ്പിൾസ്
വാർ ഗ്രൂപ്പ്) പ്രവർത്തിച്ച
നേതാക്കളാണ് ഇവർ. ഇവരിൽ നാം
കെ ജി സത്യമൂർത്തിയുടെ
കഥയാണ് സുജാതയുടെ പുസ്തകത്തിൽ വായിക്കുന്നത്.
സത്യമൂർത്തിയുടെ കഥ ഒരു
തരത്തിൽ സീതാരാമയ്യയുടെ കൂടി കഥയാണ്. മാല
എന്ന ദളിത് വിഭാഗത്തിൽ
ജനിച്ച സത്യമൂർത്തി, ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം
ചെയ്ത ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തവനായിരുന്നു.
രണ്ടാമത്തെയാൾ കേരി. ഏറ്റവും ഇളയവൾ
മഞ്ജുള. ദളിത ജീവിതം എന്നത്
ദരിദ്ര ജീവിതം തന്നെ എന്ന്
സമൂഹം ഉറപ്പിക്കുകയും അതെ ദാരിദ്ര്യത്തിൽ
അവരെ നിലനിറുത്താൻ കിണഞ്ഞു
ശ്രമിക്കുകയും ചെയ്യുന്ന ഒരു രാജ്യം.
അവിടെ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു
യുവാവ്. പക്ഷെ അവനു കോളേജിൽ
ചേർന്നെങ്കിലും ഫീസ് കൊടുക്കാൻ നിവൃത്തിയില്ല.
ഇട്ടുകൊണ്ട് പോകാൻ വസ്ത്രമില്ല. അതിനാൽ
അവൻ ലൈബ്രറിയിൽ ഇരുന്ന്
അവിടെയുള്ള പുസ്തകം മുഴുവൻ വായിച്ചു
തീർത്തു. അതായിരുന്നു സത്യമൂർത്തിയുടെ തുടക്കം. ക്വിറ്റ് ഇൻഡ്യാ
സമരത്തോടെ ആരംഭിച്ച രാഷ്ട്രീയ ബോധം
പിന്നെ ആന്ധ്രാ സംസ്ഥാനത്തിന്റെയും തെലങ്കാനയുടെയും
രൂപീകരണം വരെ നീളുന്നു.
പട്ടിണിയിൽ നിന്ന് ഇടതു പക്ഷത്തിലേയ്ക്കും
അവിടെ നിന്ന് സ്റ്റുഡന്റസ് ഫെഡറേഷനിലേയ്ക്കും,
ഫെഡറേഷനിൽ നിന്ന് സിപി എമ്മിലേയ്ക്കും
അവിടെ നിന്ന് സി പി
ഐ എം എൽ
ചാരുമജുൻഡാർ ഗ്രൂപ്പിലേയ്ക്കും പിന്നെ പി ഡബ്ലൂ
ജിയിലേയ്ക്കും ഉള്ള യാത്ര. സായുധ
സമരമായിരുന്നു ലക്ഷ്യം.
മാവോയിസ്റ്റായി പരിണമിച്ചു.
സത്യമൂർത്തിയുടെ
കഥയ്ക്ക് സമാന്തരമായി പഠിയ്ക്കാൻ മിടുക്കനല്ലാത്ത കേരി
എന്ന സഹോദരന്റെയും പഠിയ്ക്കാൻ
മിടുക്കിയായ മഞ്ജുള എന്ന സഹോദരിയുടെയും
കഥ പുരോഗമിക്കുന്നു. വിദ്യാഭ്യാസം
നേടാനിറങ്ങുന്ന ഒരു ദളിത്
പെൺകുട്ടി എന്തെല്ലാം അപമാനങ്ങൾ നേരിടണം
എന്നത് അറിയണമെങ്കിൽ ഈ പുസ്തകം
വായിച്ചാൽ മതി. ബ്രാഹ്മണനായ അധ്യാപകന്
കേവലം വെറുപ്പ് തോന്നിയതിനാൽ ഒന്നാം
ക്ലാസ്സു കിട്ടേണ്ട മഞ്ജുളയ്ക്കു മൂന്നാം
ക്ലാസ്സ് മാത്രമേ കിട്ടുന്നുള്ളൂ. മഞ്ജുള
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ
പോകുമ്പോൾ അവൾ ഏൽക്കുന്ന
പീഡനങ്ങൾക്കു കണക്കില്ല. ബ്രാഹ്മണിയെങ്കിലും മഞ്ജുളയോട്
സൗഹൃദം ഉണ്ടായിരുന്ന ഒരു പെൺകുട്ടി
കാശി വിശ്വനാഥ ക്ഷേത്രത്തിനു
മുന്നിൽ എത്തുമ്പോൾ ഗംഗയുടെ സാന്നിധ്യത്തിൽ
ഭക്തി പരവശ ആകുമ്പോൾ അവളോടൊപ്പം
അവിടെ പോയ മഞ്ജുളയ്ക്കു
ലോകത്തെ ഏറ്റവും വൃത്തികെട്ട ഒരു
സ്ഥലമായാണ് അവിടം അനുഭവപ്പെടുന്നത്. പാതിവെന്ത
ശവങ്ങൾ ഒഴുകി നടക്കുന്ന, മലവും
പൂവും അഴുക്കും കലങ്ങിയെത്തുന്ന ഗംഗയിൽ
നിന്ന് ആണും പെണ്ണും തങ്ങളുടെ
അശ്ലീലം മുഴുവൻ നനഞ്ഞ ഒറ്റത്തോർത്തിലൂടെ
പുറത്തു കാട്ടിക്കൊണ്ട്, ആ വെള്ളം
എടുത്തു കുടിക്കുന്നത് കണ്ടപ്പോൾ മഞ്ജുളയ്ക്ക് ഛർദ്ദിക്കാനാണ്
തോന്നിയത്. ഒരു ദളിത്
പെൺകുട്ടി ഇന്ത്യൻ ആത്മീയതയുടെ പൊള്ളത്തരങ്ങളെ
എങ്ങിനെ കാണുന്നു എന്നതിനുള്ള തെളിവാണിത്.
മഞ്ജുള എന്ന പെൺകുട്ടിയുടെ ജീവിതത്തെ
ബാഹ്യവൽക്കരിക്കുന്നത് വഴി പിൽക്കാലത്ത്
തന്റെ അമ്മയായി മാറുന്ന മഞ്ജുളയ്ക്കു
സുജാത ഒരു സ്വത്വം
സൃഷ്ടിച്ചു നൽകുകയാണ് ചെയ്യുന്നത്.
(Sujath Gidla- pic courtesy Scroll.in)
സത്യമൂർത്തി
പീപ്പിൾസ് വാർ ഗ്രൂപ്പിൽ
നിന്ന് പുറത്താക്കപ്പെടുന്നത് (താൻ സൃഷ്ടിച്ച
പാർട്ടിയിൽ നിന്ന് !) പാർട്ടിയ്ക്കുള്ളിൽ ജാതി
ഉണ്ടെന്ന് തുറന്നു പറഞ്ഞതിനാണ്. അണ്ടർഗ്രൗണ്ടിൽ
ആയിരിക്കുമ്പോഴും പാർട്ടിയ്ക്കുള്ളിലെ സവർണ്ണന് വിടുവേല ചെയ്യുകയാണ്
അവനോടൊപ്പം തോളോട് തോൾ ചേർന്ന്
നിന്ന് സമരം ചെയ്യുന്ന അവർണ്ണർ.
അമ്പട്ടൻ പാർട്ടിയിലും മുടിവെട്ടുകാരനാണ്. ചെരുപ്പുകുത്തി ചെരുപ്പുകുത്തിയും വെളുത്തേടൻ വെളുത്തേടനുമാണ്. ചുരുക്കിപ്പറഞ്ഞാൽ,
വെളുത്തേടൻ സവർണ്ണ പാർട്ടി പ്രവർത്തകന്റെ
തുണി കഴുകണം. ദളിത്
പ്രവർത്തകരാകട്ടെ അടിച്ചു വാരലും വൃത്തിയാക്കലും
മറ്റു അധ്വാനങ്ങളും. ഇത് റിവിഷനിസം
ആണെന്ന് പറഞ്ഞ സത്യമൂർത്തിയെ പാർട്ടി
പുറത്താക്കി. എൻകൗണ്ടറിൽ കൊല്ലപ്പെടാതിരിക്കാൻ ഒരു
വലിയ സമ്മേളനത്തിൽ വെച്ച്
സത്യമൂർത്തി കീഴടങ്ങി. വർഗ സമരം
പൂർത്തിയാകുന്നതോടെ ജാതി കൊഴിഞ്ഞു പോകില്ല
എന്ന് സത്യമൂർത്തി തിരിച്ചറിഞ്ഞു. ജാതിയെ സംസാരിച്ചു കൊണ്ട്
തന്നെ ജാതിയെ ഇല്ലാതാക്കണം എന്ന
തിരിച്ചറിവിലാണ് സത്യമൂർത്തി ഒടുവിൽ ചെന്ന് എത്തിയത്.
അപ്പോഴേയ്ക്കും അതെ ലൈനിൽ
തെലങ്കാനയിലെയും സീമാന്ധ്രയിലെയും ദളിത് ആ ലൈൻ
ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഈ പ്രസ്താവന
സത്യമൂർത്തി നടത്തിയപ്പോൾ ആളുകൾ അതിശയിച്ചു; അവർ
കരുതിയത് സത്യമൂർത്തി ബ്രാഹ്മണൻ ആയിരിക്കുമെന്നാണ്. ഡോക്ടർ
അംബേദ്കർ 'തീവ്രവാദിയായ'
ബ്രാഹ്മണൻ ആണെന്നാണല്ലോ ഗാന്ധിയും കുറെ നാൾ
കരുതിയിരുന്നത്.
സുജാത ഗിഡിലയുടെ പുസ്തകം വായിക്കുമ്പോൾ
എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്
മൂന്നു പുസ്തകങ്ങളായിരുന്നു; അരുന്ധതി റോയിയുടെ 'ലിസണിങ്
റ്റു ദി ഗ്രാസ്
ഹോപ്പർസ്; ഫീൽഡ് നോട്സ് ഫ്രം
ഡെമോക്രസി', കൊട്ടാ നീലിമയുടെ 'ഷൂസ്
ഓഫ് ദി ഡെഡ്',
രശ്മി സക്സേനയുടെ 'ഷീ ഗോസ്
ടു വാർ'. മാവോയിസ്റ്റുകൾ
പാർക്കുന്ന കാടുകളിൽ കടന്നു ചെന്ന്
അവരെ അഭിമുഖം ചെയ്താണ്
അരുന്ധതി റോയ് തന്റെ പുസ്തകം
എഴുതിയത്. ഉത്തരേന്ത്യയിലെ പാവപ്പെട്ട കർഷകരെ ചൂഷണം
ചെയ്യുന്ന സർക്കാരുകളെയും ഹുണ്ടിക വ്യാപാരികളെയും തുടർന്നുള്ള
കർഷക ആത്മഹത്യകളെയുമാണ് കൊട്ടാ
നീലിമ തന്റെ നോവലിന്റെ പ്രമേയമാക്കുന്നത്.
തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി ഇപ്പോൾ
കുടുംബ ജീവിതം നയിക്കുന്ന സ്ത്രീകളുമായി
നടത്തിയ അഭിമുഖങ്ങൾ ആധാരമാക്കി രചിച്ചതാണ്
രശ്മി സക്സേനയുടെ ഷീ ഗോസ്
ടു വാർ. സുജാത
ഗിഡില തന്റെ അമ്മാവനായ സത്യമൂർത്തിയെയും
കേരിയെയും തന്റെ കുടുംബത്തിലെ പ്രായം
ചെന്നവരെയും സ്വന്തം അമ്മയായ മഞ്ജുളയെയും
ഒക്കെ അഭിമുഖം ചെയ്തു തയ്യാറാക്കിയതാണ്
ഈ പുസ്തകം. ഒരു
പക്ഷെ മേൽപ്പറഞ്ഞ മൂന്നു പുസ്തകങ്ങളെയും
കൂട്ടിക്കെട്ടുവാൻ ഈ പുസ്തകത്തിന്
ശേഷിയുണ്ട്. അരുന്ധതി റോയിയും രശ്മി
സക്സേനയും അവരുടെ പുസ്തകങ്ങളിൽ ജാതി
ഒരു വിഷയമാക്കുന്നില്ല. നീലിമയുടെ
പുസ്തകത്തിൽ ജാതിയ്ക്കുപരിയായി ദാരിദ്ര്യം എന്നതാണ് വിഷയം.
സുജാതയുടെ പുസ്തകത്തിൽ ദാരിദ്ര്യത്തിനും പുരുഷാധിപത്യത്തിനും കർഷക പ്രശ്നങ്ങൾക്കും രാഷ്ട്രീയ
പ്രശ്നങ്ങൾക്കും എല്ലാം കാരണം ജാതി
തന്നെയാണെന്ന് അടയാളപ്പെടുത്തുന്നു. അത് തന്നെയാണ്
മറ്റു പുസ്തകങ്ങളെ അപേക്ഷിച്ച് ഈ പുസ്തകത്തിനു
കൂടുതൽ ഷെൽഫ് ലൈഫ് നൽകാൻ
പോകുന്നതും.
ജോണി എം എൽ
Comments
Post a Comment