എപ്പോഴും രുദിതാനുസാരിയാകണോ കവി? വിജയലക്ഷ്മിയുടെ മാപ്പ് എന്ന കുറിപ്പിന്റെ പരാജയഭാവത്തെക്കുറിച്ച്
'മാപ്പ്' എന്ന കുറിപ്പ് മാതൃഭൂമിയിൽ വിജയലക്ഷ്മി എഴുതിയതാണ്. വിജയലക്ഷ്മി പ്രിയപ്പെട്ട കവയത്രിയാണ്. ഇന്ത്യയിലെ തെരുവുകളിൽ അനാഥമാക്കപ്പെട്ട മനുഷ്യരെക്കുറിച്ചു അവർക്ക് തോന്നിയ വ്യഥയിൽ നിന്നും അപാരമായ നിസ്സഹായതയിൽ നിന്നും ഉരുവായ വാക്കുകൾ കൊണ്ട് രചിച്ചതാണീ മാപ്പ്. വ്യക്തിഗതമായ ഒരു മാപ്പപേക്ഷയിൽ നിന്നും അത് ഒരു സമൂഹത്തിന്റെ മാപ്പപേക്ഷയായി മാറും എന്ന് അവർ കരുതുന്നുണ്ടാകണം. പക്ഷെ വായിച്ചപ്പോൾ തോന്നിയത്, ഒരു കവിതയിലൊതുക്കാവുന്ന ഇക്കാര്യം ഗദ്യരൂപത്തിലുള്ള ആത്മഭാഷണം ആക്കേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്നാണ്. ചില എഴുത്തുകൾ ചില സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിൽ പരാജയപ്പെടാറുണ്ട്. അത് എഴുത്തിന്റെ കുഴപ്പമാകണമെന്നില്ല; സാഹചര്യത്തിന്റെ രൂക്ഷതയാകാം. പ്രതികരണം എന്നത് മാനിഷാദാ മുതൽക്ക് നമുക്ക് പരിചിതമാണ്. മാതൃഭൂമിയിൽത്തന്നെ മുൻപൊരിക്കൽ ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിലെ ആളിരുന്ന മെഴുക്കടയാളങ്ങൾ അവരുടെ അദൃശ്യസാന്നിധ്യമാണെന്ന് അവതരിപ്പിച്ച ഒരു ഫോട്ടോഗ്രാഫ് പ്രസിദ്ധീകരിച്ചിരുന്നു. വിജയലക്ഷ്മി പിറ്റേന്ന് അതിനെക്കുറിച്ചൊരു കവിതയെഴുതി. മാതൃഭൂമി അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പരാജയമായിരുന്നു കവിത.
ചില കാലങ്ങൾ കവിതയെ ആവശ്യപ്പെടുന്നില്ല. ചില മനുഷ്യദുരിതങ്ങൾ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവയുടെ ഗുരുത്വം മറ്റൊരു മാധ്യമത്തിലേയ്ക്ക് മാറ്റാൻ കഴിയാത്ത വിധം ഗുരുതരമായിരിക്കും. വിണ്ടു പൊട്ടിയ കാൽവെള്ളകളെ, ഞരമ്പുകൾ വേരോടിയ കൈകളെ ഒക്കെ കവികൾ കാവ്യത്തിലാവിഷ്കരിച്ചിട്ടുണ്ട്. മനുഷ്യന്റെ കൈകൾ മരിക്കാത്ത കൈകൾ എന്ന് കൈകൾക്കൊരു സങ്കീർത്തനം തന്നെ മുദ്രാവാക്യരൂപേണ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. മാർക്സിയൻ ചിന്തകനായ ഏർനെസ്റ്റ് ഫിഷർ, കൈകളുടെ നീട്ടലായി ഉപകരണങ്ങളുടെ ആവിർഭാവത്തെ കാണുന്നുണ്ട്. അധ്വാനശക്തിയാണ് മൂലധനമാകുന്നതെന്ന മാർക്സിയൻ കണ്ടെത്തലാണ് കൈകളുടെ പ്രസക്തിയെ വർധിപ്പിച്ചത്. കൈകളുടെ ചിത്രങ്ങൾ വരച്ച കാതെ കൊൾവിട്ട്സ് എന്ന ചിത്രകാരി തൊഴിലാളി വർഗത്തിന്റെ പ്രകീർത്തകയായിരുന്നു. എന്നാൽ ഇക്കാലത്തു ഏത് കൈകളെക്കുറിച്ചാണ്, ഏതു കാലുകളെക്കുറിച്ചാണ് ഏത് കണ്ണുകളെയും കണ്ണുനീരിനെയും കുറിച്ചാണ് നാം കവിത എഴുതുക? ഓഷ്വിറ്റ്സിനു ശേഷം ഭാവഗീതങ്ങൾ സാധ്യമല്ലെന്ന് അഡോർണോ പറഞ്ഞത് വെറുതെയായില്ല. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് തന്നെ യൂറോപ്പിൽ കവിത ശ്ലഥമായിക്കഴിഞ്ഞിരുന്നു.
കവിത ഗദ്യരൂപം കൊള്ളുന്നത് പോലല്ല ചില വിഷയങ്ങളെ കുറിച്ച് ഗദ്യരൂപത്തിലുള്ള പ്രതികരണം ഉണ്ടാകുന്നത്. ഒരു സമൂഹത്തിന്റെ കുറ്റബോധം പലപ്പോഴും നിശ്ശബ്ദതയിലാണ് രൂപപ്പെടുന്നത്. അത് നിശ്ശബ്ദതയായും രൂപപ്പെടാം. ജർമ്മനിയിൽ ഹിറ്റ്ലറെക്കുറിച്ചു ജർമ്മൻ ജനത പൊതുവെ നിശബ്ദത പുലർത്തുന്നുണ്ട്. ഒരു പിതൃസ്വരൂപത്തെ ഒറ്റിക്കൊടുത്തു കൊന്നതിന്റെ പാപബോധം അവിടത്തെ സാമൂഹിക അബോധത്തിൽ ഉള്ളതായി സൈദ്ധാന്തികർ പറയുന്നുണ്ട്. ഹിറ്റ്ലറെ വെറുക്കുന്നത് കൊണ്ടുമാത്രമല്ല ആ നിശബ്ദത. ഹിറ്റ്ലറിൻറെ വിജയമാണ് ആത്യന്തികമായ വിജയം ആയിരുന്നതെങ്കിൽ ഒരുപക്ഷെ ലഭിക്കുമായിരുന്ന ലോക മേധാവിത്വത്തിന്റെ പങ്കാളിത്തം നഷ്ടപ്പെട്ട ഒരു ജനതയുടെ നഷ്ടബോധം കൂടിയാണ് ആ നിശബ്ദത. അതിനാൽ അവർ ഹിറ്റ്ലറെക്കുറിച്ച് കവിതകൾ എഴുതുന്നില്ല. ഹിറ്റ്ലറുടെ ഇരകളുടെ ചരിത്രം നേർ ഗദ്യങ്ങളായും വസ്തു ശേഖരങ്ങളായും ഓർമ്മക്കുറിപ്പുകളായും സിനിമകളായും മ്യൂസിയങ്ങളായും ഒക്കെ സംഭവിക്കുന്നുണ്ട് ഇന്നും. ഇന്ത്യൻ വിഭജനത്തിന്റെ പീഡാനുഭവങ്ങൾ കവിതകളായില്ല; ഗദ്യമായി.
വിജയലക്ഷ്മിയുടെ ഗദ്യം അതിലേയ്ക്ക് ഉന്മുഖമാകുന്നുണ്ട്. കവിതയുടെ പരാജയം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ അത്തരമൊരു എഴുത്ത് വേണമോ? സ്വയം വിശദീകരിക്കുന്ന ചിത്രങ്ങളുടെ മുന്നിൽ ഒറ്റവ്യക്തിയുടെ ആത്മഭാഷണവും കുമ്പസാരവും എത്രത്തോളം പ്രഹസനമാകാതെ പിടിച്ചു നിൽക്കും എന്നതാണ് ചോദ്യം. മരണത്തിനു ശേഷം ബന്ധുക്കൾ ഒപ്പാര് വിളിക്കാറുണ്ട്. മരിച്ചവന്റെ അപദാനങ്ങൾ. വിളിക്കുന്നവർക്കോ കേട്ടുനിൽക്കുന്നവർക്കോ അതേക്കുറിച്ചു ഉറപ്പുകളില്ല. പക്ഷെ അതൊരു ഇടപെടലാണ്. മരണം ഉണ്ടാക്കുന്ന നിശബ്ദതയ്ക്കു മേൽ ഒരു ഇടപെടൽ. രുദാലികൾ എന്നൊരു കരച്ചിൽക്കൂട്ടം തന്നെ രാജസ്ഥാനിലും മറ്റും ഉണ്ട്. അവരുടെ തൊഴിൽ മൃതന്റെ പ്രശസ്‌തികീർത്തനം ചെയ്യുക എന്നതാണ്. കരച്ചിലിലൂടെ അവർ അത് പാടുന്നു. അവർക്കറിയാം അതോ ഉപജീവനമാണെന്ന്. അതൊരു സാമൂഹികാചാരം ആണെന്ന്. എന്നാൽ വിജയലക്ഷ്മിയുടെ മാപ്പോ? അതൊരു ആചാരമായിപ്പോയെന്നു തോന്നിയോ? തോന്നി. മഗ്ദലന മരിയയുടെ പങ്കിട്ടെടുത്ത ക്രിസ്തുപാദങ്ങളെ പിന്തിരിഞ്ഞോടുന്ന പരാജിതരുടെ വിണ്ടുകീറിയ കാലുകളിൽ കാണുന്ന കാല്പനികത. ആ ചിത്രങ്ങൾ നൽകുന്ന വേദനയെ ആ ഭാവഗീതാത്മകത കൊന്നുകളയുന്നത് പോലെ.
പ്രതികരണം മനുഷ്യ സഹജമാണ്. അത് സഹഭാവത്തിൽ തുടങ്ങി സഹാനുഭൂതിയിലേയ്ക്ക് വളരുന്നു. സഹഭാവമാണ് സമൂഹജീവിതത്തിന്റെ അടിത്തറ. സഹാനുഭൂതിയാകട്ടെ വ്യക്തിഗതമായ ഒരു ആത്മസംതൃപ്തിയും. എന്റെ സഹാനുഭൂതി പീഡിതനെ സഹായിച്ചുവെന്നല്ല, അതെന്നെ അതിജീവിക്കാൻ പ്രാപ്തമാക്കി എന്നതാണ് പ്രസക്തം. സഹഭാവം അൾട്രൂയിസം അഥവാ പരോപകാരം എന്ന അവസ്ഥയെ ഉണ്ടാക്കുന്നു എന്ന് എഡ്‌വേഡ് വിത്സനെപ്പോലുള്ള പരിണാമ ജീവശാസ്ത്രജ്ഞർ പറയുന്നു. പരോപകാരപ്രവണതയാണ് സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. അത് സ്വന്തം ഗോത്രത്തിൽ തുടങ്ങി സമൂഹത്തിലേക്ക് പടരുന്ന ഒന്നാണ്. കൂടെക്കരയലാണ് സഹാനുഭൂതി. ഫെമിനിസ്റ്റുകൾ കൂടെക്കരയുന്നില്ല; കൂടെപ്പോരുതുന്നു. വിജയലക്ഷ്മി ഫെമിനിസ്റ്റാണെന്ന് ഒരിക്കലും ക്ലെയിം ചെയ്ത എഴുത്തുകാരിയല്ല. അതിനാൽ ഒരു കരച്ചിലാണ് കേൾക്കുന്നത്. രുദിതാനുസാരി കവി എന്ന പഴയ നിർവചനം ശരിയാണ്; പുതിയ കാലത്തിൽ തെറ്റും. കരച്ചിൽ കേട്ട് ആ കരച്ചിലിനെ പ്രതിഫലിപ്പിക്കുകയല്ല, മറിച്ച് കരച്ചിലിന് കാരണമായ സാമൂഹികാവസ്ഥയെ പ്രതിസ്ഥാനത്ത് നിറുത്തിക്കൊണ്ടുള്ള രചനകൾ ഉണ്ടാവുകയും, അതിലൂടെ കരച്ചിലിനെയും കരച്ചിലിന് പിന്നിലുള്ള അനീതിയെയും സമൂഹചരിത്രത്തിൽ ഒരു സാംസ്‌കാരിക പ്രക്രിയയായി അടയാളപ്പെടുത്തുകയും ചെയ്യുകയാണ് കവി ഇപ്പോൾ ചെയ്യേണ്ടത്. ഫോട്ടോഗ്രാഫുകളിലെ ദുരിതത്തെ പേർത്തെടുത്ത് ആത്മനിന്ദയിലേയ്ക്ക് വീഴുകയല്ല വേണ്ടത്. പലർക്കും അതൊരു എളുപ്പവഴിയാകും. രാജാധിരാജൻ രാജ്യത്തുണ്ടാക്കിയ ദുരിതങ്ങളെ 'ത്യാഗം' എന്ന് പറഞ്ഞു കവർ ചെയ്യുന്ന മനസികാവസ്ഥയുള്ളവർക്ക് പാവങ്ങളെ നോക്കി അയ്യോ കഷ്ടം വെയ്ക്കാനുള്ള ഒരു സന്ദർഭം മാത്രമാണ് വിജയലക്ഷ്മിയുടെ രചന സൃഷ്ടിക്കുന്നത് എന്നതിനാൽ അതൊരു പരാജയ രചനയാണെന്നു പറഞ്ഞു പിന്മാറുന്നു.
- ജോണി എം എൽ
Comments
Post a Comment