ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)




വായിച്ചത് എന്റെയുള്ളിൽ തന്നെ മുറുക്കി വെയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ. 'ജൂധൻ (Joothan) - ഒരു ദളിത് ജീവിതം' എന്ന പുസ്തകം വായിച്ചയുടൻ തോന്നിയത്, ഇതേക്കുറിച്ച് ആരോടും ഒന്നും പറയരുത് എന്നായിരുന്നു. ഓംപ്രകാശ് വാത്മീകി എന്ന ഹിന്ദി ദളിത് എഴുത്തുകാരൻ എഴുതിയ പുസ്തകത്തിലെ പീഡാനുഭവങ്ങൾ എന്റേത് മാത്രമായി സൂക്ഷിച്ച് വെച്ച്, തുടയ്ക്കു ചുറ്റും മുള്ളുകമ്പി ചുറ്റി വെച്ച് അതിനുമേൽ പുരോഹിതവസ്ത്രമണിഞ്ഞു നിന്ന് ഉള്ളിലെ നീറ്റത്തെ ക്രിസ്ത്വാനുഭവമായി സ്വീകരിച്ച് ഇടയവൃത്തി ചെയ്യുന്ന പാതിരിയെപ്പോലെ പുസ്തകം എനിക്ക് തന്ന അറിവിനെ ഹൃദയത്തിൽ സ്വീകരിച്ച് വേദനപ്പെടുവാൻ ഞാൻ ആഗ്രഹിച്ചു; അനുഭവങ്ങൾ എന്റേതാകാതിരുന്നതിനുള്ള പ്രായശ്ചിത്തമെന്നോണം. എന്നാൽ വേദന പുതിയതാണോ? ഭാമയുടെ 'കരുക്ക്' വായിച്ചപ്പോൾ ഞാൻ അനുഭവിച്ചത് ഇതല്ലേ? ദയാ പവാറിന്റെ 'ബലുത' വായിച്ചപ്പോൾ ഞാൻ അനുഭവിച്ച വേദന ഇതല്ലേ? ഫാൻഡ്രെ എന്ന മറാത്തി സിനിമ കണ്ടപ്പോൾ ഉള്ളിൽ തോന്നിയ പിടച്ചിൽ ഇതായിരുന്നില്ലേ? പക്ഷെ പൊടുന്നനെ  ജൂധൻ എനിയ്ക്കു നൽകിയ സാഹിത്യാനുഭൂതി  (അത് ജീവിതാനുഭവം തന്നെ) അവയിൽ നിന്നൊക്കെ വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലായി. ഭാമയുടെ കുട്ടിക്കാലത്തെ ജീവിതം ഒരു പിന്നോക്ക ഗ്രാമത്തിൽ നിന്ന് വരുന്ന എനിക്ക് അന്യമായി തോന്നിയില്ല. ദയാ പവാറിന് തുടക്കം മുതൽക്കേ ഉണ്ടായിരുന്ന പ്രതിഷേധ സ്വരം എനിക്ക് തിരിച്ചറിയാമായിരുന്നു. എന്നാൽ ജൂധൻ അതായിരുന്നില്ല. അങ്ങിനെയൊരു ജീവിതം സാധ്യമോ എന്ന് ചോദിപ്പിക്കും വിധം കഠിനമായിരുന്നു ഓംപ്രകാശ് വാത്മീകിയുടേത്.

ഉത്തർ പ്രദേശിലെ സഹാരൺപൂരിൽ 1950 ജൂൺ മുപ്പതാം തീയതിയാണ് ഓംപ്രകാശ് ജനിച്ചത്. പഞ്ചമാരിൽ പഞ്ചമരായ ചുഹ്ര (ചൂര) എന്ന ജാതിയിലാണ് ബാലൻ വന്നു പിറന്നത്. കുട്ടിക്കാലത്തെ ഒരു കാര്യം ബാലന് മനസ്സിലായി; തന്റെ മാതാപിതാക്കൾ മറ്റുള്ളവരുടെ വീട്ടിൽ വേലയ്ക്കു പോയിരുന്നവരാണ്. വീടുകളിൽ നിന്ന് കിട്ടുന്ന എച്ചിൽ കഴിക്കാനായിരുന്നു അവരുടെ വിധി. ജൂധൻ എന്നാൽ എച്ചിൽ. ഞാൻ ഒരുനിമിഷം തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവലിനെക്കുറിച്ച് ഓർത്തുപോയി. അതിൽ ഇശക്ക് മുത്തു മലം കോരുന്ന വീപ്പയുടെ ഒരു അരികിലാണ് തനിയ്ക്ക് പല വീടുകളിൽ നിന്ന് ലഭിക്കുന്ന പഴകിപ്പുളിച്ച എച്ചിൽ ഒരു പാത്രത്തിലാക്കി കൊണ്ടുവരുന്നത്. മകനായ ചുടലമുത്തുവിന് അതുകാണുമ്പോൾ മനംപിരട്ടും. പക്ഷെ അവനും അത് തിന്നാൻ പരിശീലിക്കുന്നു. പക്ഷെ മൂന്നാം തലമുറയിലെ മോഹനനിൽ എത്തുമ്പോൾ അവൻ പ്രതിഷേധിക്കുകയാണ്. ജൂധൻ പ്രതിഷേധം ഓംപ്രകാശിൽ എങ്ങിനെ ഉണരുന്നു എന്ന് കൂടി കാണിച്ചു തരുന്നു. തന്റെ വംശമാകെ എച്ചിൽ തിന്നാൻ വിധിക്കപ്പെട്ടവരാണെന്ന തിരിച്ചറിയുന്ന ഓംപ്രകാശ് വിദ്യാഭ്യാസത്തിലൂടെ അവസ്ഥ മറികടക്കാൻ ശ്രമിക്കുന്നു. ഓരോ പടവിലും ചൂഹ്രകളെ എന്നും ചൂഹ്രകളായി നിലനിറുത്താൻ സവർണ്ണർ ശ്രമിക്കുന്നതും അതിനായി അവർ ഉപയോഗിക്കുന്നതുമായ രീതികൾ ഞെട്ടലോടെ മാത്രമേ നമുക്ക് വായിക്കാൻ കഴിയൂ.



അക്ഷരത്തിന്റെ വെളിച്ചം തേടി വല്ലപാടും സ്കൂളിൽ പ്രവേശനം നേടിയ ഓംപ്രകാശിന് നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണ്. ചൂഹ്റയുടെ മകനായതുകൊണ്ട് ക്ളാസിലിരിക്കുകയല്ല സ്കൂൾ പറമ്പു മുഴുവൻ അടിച്ചുവാരുകയാണ് ചെയ്യേണ്ടതെന്ന് വിധിക്കുന്ന പ്രൈമറി സ്കൂൾ അദ്ധ്യാപകൻ മുതൽ പ്രീഡിഗ്രിയ്ക്ക് ലാബിൽ മനഃപൂർവം കയറ്റാതെ പൊതുപരീക്ഷയിൽ തോൽപ്പിക്കുന്ന കോളേജ് അധ്യാപകർ വരെ ഓംപ്രകാശിനു കടക്കാൻ കടമ്പകൾ ഏറെയുണ്ടായിരുന്നു. ഡെറാഡൂണിൽ മുനിസിപ്പാലിറ്റിയിൽ തൂപ്പുകാരായ ബന്ധുക്കൾക്കൊപ്പം നിന്ന് പഠനം തുടരുന്ന ഓംപ്രകാശിന് തണുപ്പിൽ നിന്ന് രക്ഷപെടാൻ മുനിസിപ്പാലിറ്റി തൂപ്പുകാർക്കു കുറഞ്ഞ നിരക്കിൽ കിട്ടുന്ന കാക്കിക്കുപ്പായം കോളേജിൽ ധരിച്ചു കൊണ്ട് പോകേണ്ടി വരുന്നു. ഒടുവിൽ ഓർഡിനൻസ് ഫാക്ടറിയിൽ ട്രെയിനിയായി കയറുകയും ജബൽപൂർ, ബോംബെ, ചന്ദർപുർ തുടങ്ങി പലയിടങ്ങളിൽ ഓർഡനൻസ് ഫാക്ടറി ഉദ്യോഗസ്ഥനായി മാറുകയും ചെയ്യുന്ന ഓംപ്രകാശ് സാഹിത്യത്തിലൂടെ, ദളിത് രാഷ്ട്രീയം തിരിച്ചറിയുന്നതിലൂടെ സ്വന്തം ജീവിതത്തെ വീണ്ടെടുക്കുന്നു. സമൂഹത്തിൽ പല തലങ്ങളിൽ പല രീതികളിൽ നില നിൽക്കുന്ന ജാതി വിവേചനത്തെ ഓംപ്രകാശ് നേരിടുന്നു. സ്വയം വാത്മീകി എന്ന പേര് സ്വീകരിച്ച ഓംപ്രകാശ്, തന്റെ ജാതിയിലെ വിദ്യാഭ്യാസം സിദ്ധിച്ചവർ പൊതുവെ ജാതി ഒളിക്കാനായി പുതുതായി പല ജാതിപ്പേരുകളും സൃഷ്ടിച്ചെടുക്കുന്നതിനെ നിരസിച്ചു കൊണ്ട് ജീവിച്ചു. വാത്മീകി എന്നത് പഞ്ചമത്വത്തെ വിളിച്ചു പറയുന്നു എന്നതിനാൽ പലേടത്തും അപമാനങ്ങൾ അദ്ദേഹം നേരിടുന്നു എങ്കിലും ജീവിതാവസാനം വരെ വാത്മീകി എന്നറിയപ്പെടാൻ തന്നെ അദ്ദേഹം ആഗ്രഹിച്ചു. തന്റെ ദളിത് സ്വത്വമാണ് അതെന്ന് അദ്ദേഹം വിശ്വസിച്ചു.

ഉത്തരേന്ത്യൻ സാഹിത്യത്തിൽ ദളിത് പ്രതിനിധാനങ്ങൾ ഉണ്ടായിരുന്നില്ല. തൊണ്ണൂറുകൾ വരെയും അത് കഷ്ടിയായിരുന്നു എന്ന് ഓംപ്രകാശ് വാത്മീകി പറയുന്നു. പ്രേംചന്ദിന്റെ കഥകളിൽ ദളിത് ജീവിതങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ ദളിത് അനുഭവങ്ങൾ 'ഉൾക്കൊള്ളുന്നതായിരുന്നു' എങ്കിലും ദളിത് അനുഭവങ്ങളുടെ നേർ പ്രതിനിധാനങ്ങൾ ആയിരുന്നില്ല. പ്രേംചന്ദിന്റെ സാഹിത്യത്തെപ്പോലും വിമർശിക്കാൻ വാത്മീകി മടിച്ചില്ല. സൂര്യകാന്ത ത്രിപാഠി നിരാലയെപ്പോലുള്ള കവികൾ ഇന്ത്യൻ ഗ്രാമങ്ങളുടെ കാല്പനിക സൗന്ദര്യത്തെ വാഴ്ത്തിപ്പാടിയപ്പോൾ കാല്പനികതയൊന്നും ഇന്ത്യൻ ഗ്രാമങ്ങളിൽ ഇല്ലെന്നും അതൊരു നുണ മാത്രമാണെന്നും വാത്മീകി തുറന്നെഴുതി. ഇന്ത്യയുടെ ചരിത്രത്തിൽ അംബേദ്കർ ഇല്ലെന്നത് ക്രമേണ വാത്മീകി തിരിച്ചറിഞ്ഞു. അംബേദ്കറെ വായിച്ചതിലൂടെ ഗാന്ധി എന്ന ഊതിവീർപ്പിച്ച നേതാവിനെ അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിലനിൽക്കുന്ന അസ്പൃശ്യതയെ അദ്ദേഹം തന്റെ കഥകളിലൂടെയും കവിതകളിലൂടെയും നാടകങ്ങളിലൂടെയും പൊളിച്ചു കാട്ടി. യശോധാരയെയും രാഹുലിനെയും ഉപേക്ഷിച്ചു ഒളിച്ചോടുകയായിരുന്നില്ല സിദ്ധാർത്ഥ രാജകുമാരനെന്നും മറിച്ച് ഒരു സൈനിക മേധാവി മറ്റൊരു ഗ്രാമത്തിനു വെള്ളം കൊടുക്കില്ലെന്ന തർക്കം വന്നപ്പോൾ അത് ഇരുകൂട്ടർക്കും തർക്കമില്ലാത്ത പരിഹരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ സിദ്ധാർത്ഥ രാജകുമാരനെ കൊന്നുകളയാൻ അയാൾ ഉപജാപം നടത്തി. യശോധര തന്നെയാണ് അദ്ദേഹത്തെ കൊട്ടാരം വിട്ട് ഓടിപ്പോകാൻ നിർബന്ധിച്ചത്. ഇതിനുള്ള തെളിവുകൾ അംബേദ്കർ നിരത്തിയിട്ടുണ്ടെന്നു വാത്മീകി പറയുന്നു.

വാത്മീകി എന്ന പേര് പലേടത്തും ബ്രാഹ്മണ നാമമാണെന്നു തെറ്റ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ പല ബ്രാഹ്മണ ഗൃഹങ്ങളിലും ഓംപ്രകാശിനെ അതിഥിയായി വിളിക്കും. എന്നാൽ ബാല്യകാലത്ത് ഭക്ഷണം തന്നവർ തന്നെ, താൻ ഒരു ചൂഹ്റയാണെന്നറിയുമ്പോൾ വടികൊണ്ട് അടിച്ചോടിച്ചിരുന്നതോർത്ത്, ഓരോ പ്രാവശ്യവും ബ്രാഹ്മണഗൃഹങ്ങളിൽ ഭക്ഷണത്തിനു വിളിക്കുമ്പോൾ അദ്ദേഹം ശങ്കിച്ചിരുന്നു. നഗരങ്ങളിൽപ്പോലും, തന്നെ കുടുംബത്തിൽ ഒരാളായി കണക്കാക്കി പരിചാരിച്ചിരുന്നവർ താനൊരു ദളിതനാണെന്ന് അറിയുമ്പോൾ തന്നെ ശത്രുവായി കണക്കാക്കിയ കഥകൾ അദ്ദേഹം വിവരിക്കുമ്പോൾ നമുക്ക് നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞു പോകുന്നതായി തോന്നും. 2003 ലാണ് ഈ പുസ്തകം ആദ്യമായി പുറത്തു വരുന്നത്. 2013 -ൽ ഓംപ്രകാശ് വാത്മീകി ഡെറാഡൂണിൽ വെച്ച് കാൻസർ ബാധിതനായി അന്തരിച്ചു. ജൂധന്റെ ആറാം പതിപ്പാണ് ഈ വർഷം ഇറങ്ങിയിരിക്കുന്നത്. ഇത് മലയാളത്തിൽ 2016 -ൽ 'എച്ചിൽ - ഒരു ദളിതന്റെ ജീവിതം' എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നറിയുന്നു. ഫേബിയൻ ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ