ഒരു ഗ്രാമത്തിന്റെ കഥ 5 : അവർ കളിച്ച കളികളും കാര്യങ്ങളും


ഒരു ഗ്രാമത്തിന്റെ കഥ 5 : അവർ കളിച്ച കളികളും കാര്യങ്ങളും



അല്ലാഹുവിന്റെ ഖജനാവിൽ മാത്രമാണ് അനന്തമായ സമയം ഉള്ളത് എന്ന് എഴുത്തുകാരിൽ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട്. വക്കത്തെ കുട്ടികളെ അദ്ദേഹം ഇത് പറയുന്ന കാലത്ത് കണ്ടിട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. കണ്ടിട്ടുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷെ ഇത്രയും ഉറപ്പിച്ചങ്ങ് പറയുവാൻ അദ്ദേഹം മടിച്ചേനെ. അല്ലാഹുവിന്റെ പക്കൽ ഉള്ളതിനേക്കാൾ ഏറെ സമയം വക്കത്തെ കുട്ടികളുടെ കൈയിൽ ഉണ്ടായിരുന്നു. അത് കാരണം അമ്മമാർക്ക് അവർ വല്ലാത്ത തലവേദന സൃഷ്ടിച്ചിരുന്നു. പിന്നെ ഒരു കാര്യം, വിശക്കുമ്പോൾ കുട്ടികൾ വീട്ടിൽ തിരിച്ചു വരും എന്നുള്ള ഉറപ്പ് വീട്ടുകാർക്ക് ഉണ്ടായിരുന്നു. രണ്ടു വിശപ്പുകൾക്കിടയിലാണ് എല്ലാ കുസൃതികളും ഒപ്പിക്കുന്നത്. കുസൃതികളിൽ ഏറെയും കളികളാണ്. കളികളെന്നാൽ പരമ്പരാഗതമായി കളിച്ചു വരുന്നവയും സാന്ദർഭികമായി സൃഷ്ടിച്ചെടുക്കുന്നവയും. കളിക്കാൻ വേണ്ടി മാത്രം ജനിച്ച കുട്ടികളെ മറ്റൊരു ഗ്രാമം ഇങ്ങനെ കണ്ടിട്ടുണ്ടാവില്ല. ഇത് തന്നെയാണ് എല്ലാ ഗ്രാമവാസികളും അവരുടെ കുട്ടികളെ കുറിച്ച് പറയുന്നത് എന്നതിനാൽ ഇതിനൊരു പ്രാദേശികതയും ദേശീയതയും ആഗോളീയതയും ഉണ്ടെന്ന് കൂടി മനസ്സിലാക്കാം. ത്രൂഫോയുടെ 'മിസ്ചീഫ് മേക്കേഴ്സ്' എന്ന സിനിമ കണ്ടപ്പോഴാണ് ഫ്രാൻസിലും കുട്ടികളുടെ പ്രവർത്തനങ്ങൾ ഏറെക്കുറെ ഇങ്ങനെ തന്നെയായിരുന്നു എന്ന് മനസ്സിലാക്കിയിരുന്നത്.

സമയത്തിന്റെ ആധിക്യം കാരണം കളികൾ കണ്ടു പിടിച്ചു കളിക്കേണ്ടി വരുന്ന കുട്ടികളുടെ ഇടയിൽ കളിക്കാനേ താത്പര്യമില്ലാത്ത ചിലരും ഉണ്ടായിരുന്നു. അതിലൊരാളായിരുന്നു ഷാഹു പി എം. ഷാഹു എന്ന ബാലൻ മറ്റൊരു ഗ്രാമത്തിൽ നിന്ന് സ്ഥലം മാറി പൂന്ത്രാൻ വിളാകത്ത് കുടുംബത്തിൽ എത്തുകയായിരുന്നു. വക്കം ഗവൺമെന്റ് ഹൈസ്കൂളിൽ ഷാഹു എട്ടാം ക്ലാസിൽ വന്നു ചേർന്നു, അങ്ങനെ പുതുതായി വന്നു ചേരുന്ന കുട്ടികൾ അപൂർവമായിരുന്നതിനാൽ അന്യഗ്രഹജീവികളെ നോക്കുന്നത് പോലെയായിരുന്നു അവരെ തദ്ദേശ്ശീയ ബാലികാ-ബാലന്മാർ നോക്കിയിരുന്നത്. ഷാഹു പി എം (ഇനിഷ്യൽ ചേർത്ത് മാത്രം പേര് വിളിക്കുന്ന ഒരു കാലമുണ്ടായിരുന്നു) നല്ലൊരു വായനക്കാരനായിരുന്നു. വളരെ കുട്ടിയായിരിക്കുമ്പോഴേ അത്രയും വായിച്ചു കൂട്ടുന്ന ഒരു കുട്ടിയെ അധികമൊന്നും ഗ്രാമത്തിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഷാഹു ചെറിയൊരു അനാഥത്വം അനുഭവിച്ചിരുന്ന കുട്ടിയായിരുന്നു. അതിനാൽ അവനു നിൽക്കുന്ന വീട്ടിലെ ആവശ്യങ്ങൾക്കായി കടയിലും മറ്റും പോകേണ്ടിയിരുന്നു. അങ്ങനെ സഞ്ചിയും തൂക്കി പോകുന്ന വേളയിലും ഷാഹു കൈയിൽ ഒരു പുസ്തകം തുറന്നു പിടിച്ചിരിക്കും. സ്കൂൾ ലൈബ്രറിയിലെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഷാഹു  വന്നതിന് ശേഷമാണ് ഗ്രാമത്തിന്റെ വായു ശ്വസിച്ചത്. ഷാഹുവിനു കളിയിൽ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. അതുപോലെ കളികളിൽ അധികം താത്പര്യമെടുക്കാതിരുന്ന ഒരാളായിരുന്നു പിൽക്കാലത്ത് പ്രശസ്തനായ വക്കീലായി മാറിയ അജി ഗോപിനാഥ്. വക്കം സ്കൂളിലെ അധ്യാപികയായ ജാനകീ ദേവി ടീച്ചറുടെ മകനായിരുന്നു അജി ഗോപിനാഥ്. ഗ്രാമത്തിൽ ആദ്യമായി 'നോർത്ത് സ്റ്റാർ' എന്ന ഷൂസ് ധരിച്ചു കൊണ്ട് സ്കൂളിൽ വരുമായിരുന്നു വിദ്യാർത്ഥി. പിന്നെയുള്ള മറ്റൊരു കളി വിരുദ്ധൻ കമനീഷ്കെ ആയിരുന്നു. കമനീഷിന്റെ നെറ്റിയിൽ പുരികത്തിനു സമീപത്തായി വലിയൊരു കറുത്ത മറുകുണ്ടായിരുന്നു. അതിനാൽ അവനു ദിവ്യദൃഷ്ടി ഉണ്ടെന്ന് എല്ലാവരും കരുതി. മുക്കണ്ണൻ എന്നൊരു വിളിപ്പേരും സമ്പാദിച്ചു. കളികളിൽ അധികം താത്പര്യമില്ലാതിരുന്ന കമനീഷ്പിൽക്കാലത്ത് പ്രഗത്ഭനായ ഒരു ന്യായാധിപനായി മാറി.


 (കമനീഷ്‌ കുഞ്ഞുരാമൻ)

ഇനി കളിക്കുന്ന കുട്ടികളെക്കുറിച്ചാണ് പറയേണ്ടത്. പെൺകുട്ടികളുടെ കളികൾ മിക്കവാറും ഒരിടത്തിരുന്നു കൊണ്ടുള്ളതായിരുന്നു. അതിൽ പലപ്പോഴും ആൺകുട്ടികളും പങ്കെടുത്തിരുന്നു. പ്രധാനമായുള്ള ഒരു കളിയായിരുന്നു കൊത്തങ്കല്ലാടൽ അഥവാ പാറ കളി. ഏഴു ചെറിയ പാറക്കല്ലുകൾ നിരത്തിയെരിഞ്ഞ ശേഷം അത് ഒരു കല്ല് മുകളിലേക്കെറിഞ്ഞു ബാക്കിയുള്ളവ ഒന്നും രണ്ടും മൂന്നുമായി പിടിച്ചെടുക്കുകയും ഒടുവിൽ ആറു കല്ലുകൾ ഒറ്റയടിയ്ക്ക് പിടിച്ചെടുക്കുന്നതുമായ കളിയാണ്. രണ്ടും കൈയും കൊണ്ട് കളിച്ചു തുടങ്ങുന്നവർ വൈദഗ്ദ്യം ഏറുന്നതോടെ ഒറ്റക്കൈ കൊണ്ട് കളിക്കാൻ തുടങ്ങും. കുട്ടികൾ കളിച്ചു തകർക്കുമ്പോൾ കൊതിമൂത്ത് അവരുടെ ഒപ്പം ചേർന്ന് കളിക്കുന്ന ചേച്ചിമാരും അമ്മമാരും മാമിമാരും അമ്മൂമ്മമാരും കുറവായിരുന്നില്ല. പാറ കളിച്ചു കഴിഞ്ഞാൽ അവയെ പിന്നീട് കളിക്കുന്നതിനായി സൂക്ഷിച്ചു വെയ്ക്കാൻ പാടില്ലെന്ന ഒരു അന്ധവിശ്വാസവും കൂടിയുണ്ട്. പിന്നീട് പെറുക്കിയെടുക്കാൻ പാകത്തിൽ, തലയ്ക്കുഴിഞ്ഞു തുപ്പി എറിഞ്ഞു കളയുകയാണ് പതിവ്. ഇല്ലെങ്കിൽ കടം വരും എന്നാണ് പറയുന്നത്. കടം വരിക എന്നൊക്കെപ്പറഞ്ഞാൽ വലിയ പ്രശ്നമായിരുന്നു കുട്ടികൾക്ക്; പക്ഷെ കടം എങ്ങനെ വരും എന്ന് മാത്രം അവർക്ക് അറിയില്ലായിരുന്നു. വീട്ടുകാർ നേരിടുന്നതായി പല കടങ്ങളെക്കുറിച്ചും അവർക്ക് യാതൊരു പിടിയും ഉണ്ടായിരുന്നുമില്ല.

പെൺകുട്ടികളുടെ കളികളിൽ ഏറ്റവും മുകളിൽ സ്ഥാനമുള്ളത് ചക്ക കളിയ്ക്കാണ്. ഇതിന് പലനാടുകളിൽ പല പേരുകളാണ് പറയുന്നത്. പല രീതിയിലും ഇത് കളിക്കുന്നുണ്ട്. തറയിൽ കാലു കൊണ്ട് ഒരു ചതുരം വരയ്ക്കുകയും അതിനു നേടുകയും കുറുകേയുമായി വരച്ച് ആറു കളങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിൽ തേച്ചുരച്ചു വൃത്തമാക്കിയ ഒരു ഓട്ടിൻ കഷ്ണം എറിയും, പിന്നെ അതിനെ ഒറ്റക്കാലിൽ കുന്തിച്ചാടി തെറിപ്പിക്കണം. വരയിൽ വീണാൽ കളിക്കാരി പുറത്ത്. കളിയിൽ പല തരം കോമ്പിനേഷനുകൾ ഉണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞാൽ ഗെയിം ഒരാൾ കരസ്ഥമാക്കുന്നു. ഒറ്റയ്ക്കും ടീമായിട്ടും കളിക്കും. ടീമാണെങ്കിൽ തണ്ടി എന്നാണ് പറയുന്നത്. തണ്ടി പിടിക്കാൻ പല മാർഗ്ഗങ്ങളും ഉപയോഗിക്കും. തികച്ചും ജനാധിപത്യപരമായ രീതിയാണ്. തെരെഞ്ഞെടുക്കാനായി കറുപ്പ്-വെളുപ്പ്, പൂവ്-കായ് എന്നിങ്ങനെ പല വിഭാഗങ്ങളും പറയും.രണ്ടു പേര് വീതം ഒരു മൂലയ്ക്കൽപ്പോയി ആരാണ് കായ് ആരാണ് പൂവ് എന്ന് തീരുമാനിക്കണം. ഒടുവിൽ പൂവെല്ലാം ഇവിടെ കായെല്ലാം ഇവിടെ എന്ന് വിളിക്കുമ്പോൾ ചേരി തിരിഞ്ഞു നിൽക്കണം. അപ്പോൾ തണ്ടിയായി. സമശീർഷരെന്നും തുല്യശക്തികൾ എന്നുമൊക്കെയാണ് തണ്ടിയുടെ അർഥം. ആൺകുട്ടികളും ഏതൊരു കളിയ്ക്കും ടീമിനെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ്. 'തണ്ടിയ്ക്കൊപ്പം പോയി കളിയ്ക്ക്' എന്നാണ് കുട്ടികൾ വഴക്കിടുമ്പോൾ എതിരാളിയെ ഇകഴ്ത്താൻ പറയുന്ന പറയുന്നത്.


(അജി ഗോപിനാഥ്)

പാറ കളി സന്ധ്യയായാൽ കളിക്കാൻ പാടില്ലെന്നാണ്. കടം വന്നു മുടിയും. സന്ധ്യയ്ക്ക് ശേഷം കളിക്കുന്ന പെൺകുട്ടികളെ അശ്രീകരം, മൂശേട്ട, മൂധേവി തുടങ്ങിയ പേരുകളാൽ വിളിച്ചപമാനിക്കാൻ മുതിർന്നവരുണ്ടാകും. അത് പേടിച്ച് കുട്ടികൾ സന്ധ്യയാകുമ്പോഴേ കളി നിർത്തും. ചക്ക കളിക്കണമെങ്കിലും വെളിച്ചം വേണം. എന്നാൽ വെളിച്ചത്തിലും ഇരുട്ടിലും കളിക്കാൻ പറ്റുന്ന കളിയാണ് ഈർക്കിൽ കളി. പതിനൊന്ന് കഷ്ണം ഈർക്കിലുകൾ ആണ് ഇതിന് വേണ്ടത്. ഏകദേശം ഒരു ഉട്ട നീളമുള്ള ഈർക്കിലിയാണ് തള്ള. ഉട്ട എന്നത് ഗ്രാമത്തിൽ മാത്രമുള്ള ഒരു അളവാണ്. തള്ള വിരലും കുഞ്ഞുവിരലും വിടർത്തിപ്പിടിച്ചു  കൈപ്പത്തി നിലത്ത് പരത്തിവെച്ചാൽ കുറുകെ എത്ര നീളം വരുമോ അത്രയുമാണ് ഒരു ഉട്ട. അതിനേക്കാൾ നീളം കുറഞ്ഞ പത്ത് ഈർക്കിലികളെ പിള്ളയെന്നോ കുട്ടിയെന്നോ വിളിക്കുന്നു. തള്ളയേയും കുട്ടികളെയും ചേർത്ത് പിടിച്ച് ഒരടിയോ അരയടിയോ പൊക്കിയെറിയുന്നു. തള്ളയുടെ മുകളിൽ ഒരു പിള്ളയെങ്കിലും ഉണ്ടെങ്കിലേ കളി തുടങ്ങാൻ പറ്റൂ. അങ്ങനെയല്ല ഈർക്കിലികൾ വീഴുന്നതെങ്കിൽ അസാധുവാകും. അടുത്ത ആളിന് ചാൻസ് കിട്ടും. ഒരു ഈർക്കിലി പോലും അനങ്ങാതെ പത്തു പിള്ളകളെയും തള്ളയേയും വേർപെടുത്തണം. തുമ്പയിൽ റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞന്മാരുടെ സൂക്ഷ്മതയോടെയാണ് കളിക്ക് ചുറ്റും ആളിരിക്കുന്നത്. വെളിച്ചമുള്ളപ്പോൾ വീട്ടിനകത്തും പുറത്തും തിണ്ണയിലും ഒക്കെ ഇരുന്ന് കളിക്കാം. സന്ധ്യക്ക് ശേഷം കളിച്ചാൽ കടം വരില്ല എന്നൊരു ഗുണം കൂടിയുണ്ട്. 

കറണ്ട് ഇല്ലാത്ത വീടുകളിലും ഇടയ്ക്കിടെ കറണ്ട് പോകുന്ന വീടുകളിലുമാണ് ഇത്തരം കളികൾ അരങ്ങേറുന്നത്. പക്ഷെ കത്തിച്ചു വെച്ച ചിമ്മിനിയുടെയോ വിളക്കിന്റെയോ അടുത്തിരുന്നു കളിക്കുന്ന വേറൊരു കളിയെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. അതാണ് വള കളി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വള ഉപയോഗിച്ചുള്ള കളിയാണത്. പെൺകുട്ടികളുടെയും തീരെച്ചെറിയ ആൺകുട്ടികളുടെയും പക്കൽ വളക്കഷണങ്ങളുടെ വമ്പിച്ച ഒരു ശേഖരം ഉണ്ടാകും. അക്കാലത്തു പെൺകുട്ടികൾ എല്ലാം വളകളിടും. വളകൾ വിൽക്കുവാൻ ആളുകൾ വീട്ടിൽ വരുന്നത് കൂടാതെ ഉത്സവസമയത്ത് പറമ്പുകളിൽ നിന്നും അല്ലാത്ത സമയത്ത് ടൗണിലെ ഫാൻസിക്കടകളിൽ നിന്നും വളകൾ വാങ്ങും. പെൺകുട്ടികൾ എവിടെയുണ്ടെങ്കിലും വളകിലുക്കം കൊണ്ടോ പാദസരങ്ങളുടെ കിലുക്കം കൊണ്ടോ, കൗമാരക്കാരികളാണെങ്കിൽ മുഴുപ്പാവാട ഉരയുന്ന ശബ്ദം കൊണ്ടോ മനസ്സിലാക്കാം. ഇതൊന്നും കൊണ്ട് മനസ്സിലായില്ലെങ്കിൽ നല്ല വാസനസോപ്പിന്റെ മണമോ കുട്ടിക്കൂറാ പൗഡറിന്റെ മണമോ അടുത്തുവരും. ഇതൊന്നുമല്ല പാലപ്പൂവിന്റെ മണമാണെങ്കിൽ ഉറപ്പിച്ചോളൂ, അത് യക്ഷി ആയിരിക്കും. ഭാഗ്യത്തിന് വക്കത്ത് പാലയുള്ള വീടുകൾ കുറവായിരുന്നു. വളകൾ എപ്പോഴും  പൊട്ടിച്ചിതറാൻ സാധ്യതയുള്ള ഒരു അലങ്കാരമാണ്. പക്ഷെ കളിക്കാൻ കൊതിക്കുന്ന കുട്ടികൾ വളകൾ പൊട്ടാൻ കാത്തിരിക്കും. പൊട്ടിയില്ലെങ്കിൽ, ആരും കാണാതെ അവയെ തല്ലിപ്പൊട്ടിയ്ക്കും.



ഗ്രാമത്തിൽ അടുത്ത വീടുകളിൽ എവിടെയെങ്കിലും വള പൊട്ടിയെന്നറിഞ്ഞാൽ കുട്ടികൾ അവിടെ പറന്നെത്തും. വളക്കഷണങ്ങൾ പെറുക്കാനാണത്. വലുതും ചെറുതുമായ കഷണങ്ങളുടെ വലിയ ശേഖരം സൃഷ്ടിച്ചു കഴിഞ്ഞാൽ പിന്നെ കളി തുടങ്ങുകയായി. ചീട്ടുകളിയുടെ ഒരു പെൺരൂപമാണെന്നു വേണമെങ്കിൽ പറയാം. മഴവില്ലിനെ പൊട്ടിച്ചു കഷണങ്ങളാക്കി വാരിക്കൂട്ടിയശേഷം അവയെ എല്ലാം കൂടി ചേർത്ത് വളകളുണ്ടാക്കി വെച്ച് അവയെയും തല്ലിപ്പൊട്ടിച്ചു പാട്ടകളിൽ ഇട്ടാൽ എത്രവലിയ വർണ്ണ പ്രപഞ്ചം ഉണ്ടാകുമോ അത്രയും നിറങ്ങളിലുള്ള വളകളും വളപ്പൊട്ടുകളും കുട്ടികളുടെ പക്കലുണ്ടാകും. ഒരാൾ വളക്കഷണങ്ങളെല്ലാം കൂട്ടിക്കലർത്തി ഓരോ പിടി വാരി കളിക്കുന്ന കുട്ടികൾക്ക് നൽകും. ചുവപ്പിട്ടാൽ മറ്റുള്ളവരും ചുവപ്പ് കഷണങ്ങൾ തന്നെ ഇടണം. ചുവപ്പില്ലെങ്കിൽ സമാനമായ നിറങ്ങൾ. ഏറ്റവും അടുത്ത നിറവും ഡിസൈനും ഉള്ള കഷ്ണം ഇടുന്ന ആളിന് അത്രയും കഷണങ്ങൾ സ്വന്തം. വളരെ വിചിത്രമായ പണികൾ ചെയ്തിട്ടുള്ള വളപ്പൊട്ടുകൾ ഉണ്ട്. അതിന് തണ്ടിയുണ്ടാകില്ല. അപ്പോഴെല്ലാം അത് ഇറക്കുന്ന ആൾ വിജയിക്കും. പുരയിടങ്ങൾ തോറും കയറിയിറങ്ങി, വിലയേറുമെന്തോ കളഞ്ഞത് തിരയുന്നത് പോലെ നടക്കുന്ന പെൺകുട്ടികളെ കാണാം; അവർ വളപ്പൊട്ടുകൾ തെരയുകയാണ്.

വള കൊണ്ടുള്ള കളി അവിടം കൊണ്ട് തീർന്നില്ല. ചില വളകൾക്ക് ഒരു സ്വഭാവമുണ്ട്. ചില പെണ്ണുങ്ങളെപ്പോലെ തന്നെ. നിലത്തെറിഞ്ഞാലും പൊട്ടണമെന്ന് വിചാരിച്ചാലും രണ്ടായി മുറിയും എന്നല്ലാതെ പൊട്ടിച്ചിതറില്ല.  കൗമാരക്കാരികളുടെ പുരികം പോലെ വളഞ്ഞ അത്തരം വളക്കണ്ടങ്ങളെ പെൺകുട്ടികൾക്ക് എന്തിഷ്ടമാണെന്നോ.രാത്രി ചിമ്മിനി വിളക്കിന്റെ മുന്നിൽ കുനിഞ്ഞിരുന്ന് അവർ വളക്കഷ്ണങ്ങൾ കൊണ്ട് മാലയുണ്ടാക്കും. ചൂടിൽ വളയുന്നതാണ് വളകൾ. പക്ഷെ ചൂട് കൂടിപ്പോയാൽ പൊട്ടിപ്പോകും. തള്ളവിരലിന്റെയും ചൂണ്ടു വിരലിന്റെയും ഇടയിൽ വളക്കണ്ടം പിടിച്ച് ചാപത്തിന്റെ മധ്യഭാഗം ദീപനാളത്തിലേയ്ക്ക് നീട്ടി വെയ്ക്കും. അത് അറിയുന്നത് അറിയാനാകും. അപ്പോൾ ചെറിയ മർദ്ദം വിരലുകൾ കൊണ്ട് ചെലുത്തി മീനിന്റെ ആകൃതിയിൽ വളച്ചെടുക്കണം. സുന്ദരിയുടെ കണ്ണുപോലെ തന്നെ മനോഹരമായിരിക്കും വളക്കണ്ണി. അതിനെ അടുത്ത കഷണത്തിലേയ്ക്ക് കൊരുത്തിട്ട അതിനെ ചൂടാക്കുന്നു. അങ്ങനെ കോർത്തു കഴിയുമ്പോൾ അടുത്ത കണ്ണിയുണ്ടാകുന്നു. ക്രമേണ അതൊരു മാലയായി രൂപാന്തരപ്പെടുന്നു. മരിച്ചു പോയ മനുഷ്യരുടെ ചിത്രങ്ങൾക്ക് ചുറ്റും മാലകൾ തൂങ്ങിക്കിടക്കുന്നത് കാണാം. അല്ലെങ്കിൽ വെറുതെ ഒരു കലണ്ടറിന്റെ ചുറ്റും. വള മാലകൾക്കെല്ലാം സ്വപ്നങ്ങളുടെ തരളതയും പെൺകുട്ടികളുടെ നിശ്വാസങ്ങളുടെ ചൂടും ഉണ്ടെന്ന് തോന്നിപ്പോയിട്ടുണ്ട്.



ചിലപ്പോൾ പെൺകുട്ടികളും ആൺകുട്ടികളും വഴിയിറമ്പിൽ എന്തോ അന്വേഷിച്ചു നടക്കുന്നത് കാണാം. സ്കൂളിൽ പോകുമ്പോഴും തിരികെ വരുമ്പോഴും ഒക്കെ അവരുടെ നോട്ടം വഴിയിറമ്പിലാണ്. ചന്തമുക്കിലെയും വഴിയോരത്തെ വണ്ടിക്കടകളിലും എല്ലാം ഇക്കൂട്ടർ പരത്തുന്നത് കാണാം. അവർ അന്വേഷിക്കുന്നത് മിട്ടായിത്തൊലികളാണ്. പിന്നെ സിഗരറ്റ് കവറുകളും. സിഗരറ്റ് കവറുകൾ പെൺകുട്ടികൾ എടുക്കാറില്ല. എങ്കിലും അത് കൊണ്ട് അവർക്കും ഉപയോഗമുണ്ട്. വണ്ടിക്കടകളുടെ മുന്നിൽ യാചകരെപ്പോലെ സ്കൂൾ വിട്ടുവരുന്ന ആൺകുട്ടികൾ നിൽക്കുന്നത് കാണാം: "അണ്ണാ സീസ്സറിന്റെ കവർ താ അണ്ണാ. അണ്ണാ ഗോൾഡ് സ്പോട്ടിന്റെ അടപ്പ് താ അണ്ണാ. അണ്ണാ സോഡാ ഗോലി എനിയ്ക്ക് തന്നെ തരില്ലേ അണ്ണാ." ഇതൊക്കെയാണ് നിവേദനങ്ങളും പരിദേവനങ്ങളും. അന്ന് പാരീസ് മുട്ടായി എന്ന് പേരുള്ള ഒരു പച്ച നിറത്തിലുള്ള മുട്ടായിയാണ് പ്രധാനം. അഞ്ചു പൈസയെ ഉള്ളൂ വില. പിന്നെയുള്ളതെല്ലാം തൊലിയില്ലാത്ത മുട്ടായിയാണ്. നാരങ്ങാ മുട്ടായി ഇഞ്ചി മുട്ടായി, ഗ്യാസ് മുട്ടായി. ഇതിനൊന്നും തൊലിയില്ല. തൊലിയുള്ളതിന് വിലയുമുണ്ട്. തൊലി വേണ്ടത്ര ശേഖരിച്ചു കഴിഞ്ഞാൽ അത് കൊണ്ട് പ്രയോജനമുണ്ട്.

നൂറു കണക്കിന് പാരീസ് മുട്ടായിതൊലികൾ കിട്ടിക്കഴിഞ്ഞാൽ, അവ കൊണ്ട് ഞൊറിവെച്ച പാവാടയുടുത്തു, മുടി തെറ്റിയിട്ടു നിൽക്കുന്ന പെൺകുട്ടിയെ ഉണ്ടാക്കി മടുത്തു കഴിഞ്ഞാൽ പിന്നെയുള്ള എണ്ണമറ്റ പാരീസ് മുട്ടായിതൊലികൾ കൊണ്ട് മാല കോർക്കുകയാണ് പെൺകുട്ടികൾ ചെയ്യുന്നത്. അവയെ വിശറി പോലെ മടക്കി, മൂന്നോ നാലോ എണ്ണം ചേർത്ത് നക്ഷത്രം പോലെ ആക്കിയ ശേഷം അതിന്റെ നടുവിലൂടെ സൂചിയിൽ കോർത്ത നൂൽ കടത്തുന്നു. അങ്ങനെ എത്രയോ ആയിരം മുട്ടായിതൊലികൾ ചേർന്ന് കഴിയുമ്പോൾ കൈവണ്ണത്തിൽ ഉള്ള ഹാരമായി. മങ്ങിയ സ്വർണ്ണ നിറവും കടുത്ത പച്ച നിറവുമുള്ള ഹാരത്തിൽ തൊട്ടു നോക്കുന്നത് തന്നെ പെൺകുട്ടികൾക്ക് അഭിമാനമായിരുന്നു. ഇവയും ഏതെങ്കിലും കലണ്ടറിലെ കൃഷ്ണന്റെയോ സരസ്വതിയുടെയോ വിരിമാറിൽ വനമാലിയായി ചാർത്തപ്പെട്ടിരുന്നു. കാലങ്ങൾ കഴിയുമ്പോൾ മാറാല പിടിച്ചു പാഴായി, അശ്രീകരം എന്ന് പറഞ്ഞു കൊണ്ട് ആരെങ്കിലും അതിനെയെടുത്ത് തെങ്ങിൻ കുഴിയിലേക്ക് എറിയും വരെ അത് പെൺകുട്ടികളുടെ സൗന്ദര്യശാസ്ത്രത്തിന്റെയും അധ്വാനത്തിന്റെയും ജീവാശ്മം പോലെ അത് അവിടെ തൂങ്ങിക്കിടക്കും.



സിസ്സേർസ് അദ്ധ്വാനശീലർക്ക് സംതൃപ്തി നൽകുന്ന സിഗററ്റാണെന്ന് കരുതപ്പെട്ടിരുന്നതിനാൽ ഗ്രാമത്തിലെ അദ്ധ്വാനശീലരെല്ലാം സിഗരറ്റ് വലിച്ചു. നഗരത്തിലൊക്കെ പോയിട്ടുള്ളവരും കോളേജിൽ പഠിച്ചിട്ടുള്ളവരും ജോലിയുള്ളവരും (കല്യാണം കഴിയ്ക്കുന്നത് വരെ) വിൽസ് വലിച്ചു. എങ്കിലും ഗ്രാമത്തിന്റെ ആത്മാവ് പനാമയിലാരുന്നു. കമ്മ്യൂണിസ്റ്റുകാരും എഴുത്തുകാരും കടുപ്പക്കാരും ചാർമിനാർ വലിച്ചു. ബാക്കിയുള്ളവർ എന്ത് വലിച്ചു എന്ന് ചോദിച്ചാൽ, ഓരോ വണ്ടിക്കടയുടെയും മൂലയിൽ സർവ്വകാര്യപ്രസക്തരായി, എന്നാൽ സ്വന്തം പ്രവർത്തിയിൽ തെല്ലും വീഴ്ചവരുത്താതെ ഇരുന്ന് ബീഡി തെറുക്കുന്നവർ ഉണ്ടാക്കിയ ബീഡികൾ വലിച്ചു തീർത്തു. കാജാ ബീഡിയും ദിനേശ് ബീഡിയും സാധു ബീഡിയും  കിട്ടുകയിരുന്നെങ്കിലും ചുരുട്ട് ബീഡിയുടെ ഗുണം കിട്ടുമായിരുന്നില്ല. 'സാധു ബീഡി നല്ല സ്വാദുള്ള ബീഡി' എന്നിങ്ങനെയുള്ള സിനിമാപരസ്യങ്ങളൊന്നും ഗ്രാമത്തിൽ ഏശിയില്ല. പക്ഷെ കുട്ടികൾ അന്വേഷിച്ചു നടന്നത് സീസ്സറിന്റെയും ചാർമിനാറിന്റെയും കവറുകൾ ആയിരുന്നു.

പനാമയുടെ കവർ ഒറ്റക്കടലാസിൽ ഉണ്ടാക്കിയതാണ്. അതിന്റെ ഒരു വശം പൊളിച്ചാൽ പിന്നെ വെറും പേപ്പർ കൂടു മാത്രമാണത്. വിൽസ് ആകട്ടെ മുകളിൽ നിന്ന് തൊപ്പി പോലെ തുറക്കാവുന്നതാണ്. എന്നാൽ ചാർമിനാറും സിസ്സേഴ്സും അങ്ങനെയല്ല. ഒരു ചതുരക്കൂടും അതിനുള്ളിലൂടെ കടന്നു പോകുന്ന, രണ്ടറ്റവും മടക്കുമ്പോൾ ഡ്രായെർ പോലെ ആകുന്നതുമായ ഒരു മെക്കാനിസമാണ്. മൂന്ന് കാര്യങ്ങളാണ് കവറുകൾ കൊണ്ട് ചെയ്തിരുന്നത്. ഒന്നാമതായി കൂടുകളെ കൃത്യമായ അളവിൽ വെട്ടിയെടുത്ത പരസ്പരം മടക്കി കോർത്താൽ എത്ര നീളം വേണമെങ്കിലും ഉള്ള മാലയുണ്ടാക്കാം. അത് പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ചെയ്തിരുന്നു. രണ്ടാമതായി അകത്തുള്ള ഡ്രായെർ പുറത്തെടുത്ത ശേഷം, കവറുകൾ വശങ്ങൾ ഒടിച്ചു ചപ്പിച്ച ശേഷം ഡ്രായെർ ഭാഗം പുറത്തു കൂടിയിട്ട് ഉറപ്പിച്ച ശേഷം അതിനു മുകളിൽ ഒരു ചെറിയ പാളി വെട്ടിയുണ്ടാക്കുക.അതിന്റെ തുമ്പിൽ ഒരു നൂൽ കോർത്ത് കവറിലൂടെ ഇട്ട് താഴേയ്ക്ക് വലിച്ചാൽ പാളി പൊങ്ങി വരും. അതിനുള്ളിൽ ഒരു സിനിമാ നടിയുടെയോ ദൈവത്തിന്റെയോ പടം വെയ്ക്കും. ഇതിനെ കൈക്കുള്ളിൽ ഒതുക്കിപ്പിടിക്കാം. പിന്നെയാണ് ഇതിനെ ഒരു ബിസിനസ് സംരംഭമായി മാറ്റുന്നത്.



ഇങ്ങനെ സിഗരറ്റ് കവർ കൊണ്ട് ബയോസ്കോപ്പ് ഉണ്ടാക്കാനും ഫ്യൂസായ ബൾബ് തുരന്ന് അതിൽ വെള്ളം നിറച്ചശേഷം അതിലൂടെ ഒരു കണ്ണാടികൊണ്ട് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് അതിനു മുന്നിൽ ഒരു ഫിലിം കഷ്ണം പിടിച്ചു ചുവരിൽ വലുതാക്കി കാട്ടുന്ന സിനിമാ പ്രദർശനം നടത്താനും കഴിവുള്ളവർ കുറവായിരുന്നു. അതിനാൽ കൈകളിൽ ഒതുക്കിപ്പിടിച്ച സിഗരറ്റ് കവറുമായി സ്കൂളിൽ ചെല്ലും. "പെൻസിൽ തന്നാൽ പടം കാണിച്ചു തരാം," എന്ന് പറഞ്ഞുകൊണ്ട്, ഇപ്പോൾ  വഴിയേ നടന്നു പോകുമ്പോൾ റെയ്ബാൻ കണ്ണട എന്ന് പറഞ്ഞു നമ്മുടെ അടുത്ത് കൂടുന്ന വഴിയോരക്കച്ചവടക്കാരെപ്പോലെ ഇവർ ചെറിയ കുട്ടികളെ സമീപിക്കും. കവറിനുള്ളിൽ എന്തെന്നറിയാനുള്ള ആകാംക്ഷ മൂത്ത് കുട്ടികൾ ചെറിയ പെൻസിൽ കഷണങ്ങൾ നൽകും. അപ്പോൾ നൂൽ വലിച്ച് അതിനുള്ളിലെ ചിത്രം കാണിച്ചു കൊടുക്കും. അധ്യാപകർ കാണാതെയായിരുന്നു പ്രദർശനങ്ങൾ.ചിലർ പടം കാണിച്ചു കൊടുക്കുന്നതിന് അഞ്ചു പൈസ വരെ വാങ്ങിയിരുന്നു. സിസ്സേർസ് കവർ കൊണ്ടുള്ള മൂന്നാമത്തെ ഉപയോഗം അത് കൊടുത്താൽ ഒരു വാച്ച് കിട്ടും എന്നുള്ള അഭ്യൂഹങ്ങൾ ആയിരുന്നു.അന്ന് എച്ച് എം ടി കമ്പനി വാച്ചുകൾ ഇറക്കിത്തുടങ്ങിയിരുന്നു. സിസ്സേർസ് കവർ പൊളിച്ചു നോക്കിയാൽ അതിൽ എച്ച് എന്നോ എം എന്നോ ടി എന്നോ ഉള്ള അക്ഷരം കാണാമെന്നും മൂന്ന് അക്ഷരങ്ങളും ഉള്ള കവർ കണ്ടെത്തി കമ്പനിയ്ക്ക് അയച്ചു കൊടുത്താൽ മറുപടിയായി ഒരു എച് എം ടി വാച്ച് പാർസൽ വരും എന്നും കരുതിയിരുന്നതിനാൽ, സിസ്സേർസ് സിഗരറ്റ് കവറുകളുടെ വൻശേഖരം കുട്ടികളുടെ വീടുകളിൽ ഉണ്ടായിരുന്നു. ഇന്നേവരെ ആർക്കും വാച്ച് കിട്ടിയതായി ഒരു അറിവും ഇല്ല.

പെൺകുട്ടികളുടെ കളികൾ എണ്ണിപ്പറഞ്ഞു വിശദീകരിക്കാൻ നിന്നാൽ ഒരു പുസ്തകം അതിനായി വേറെ എഴുതേണ്ടി വരുമെന്ന് തോന്നുന്നു. അതിനാൽ അവർ കളിക്കുന്ന ചില കളികളെ ഇനി സൂചിപ്പിക്കുക മാത്രം ചെയ്യാം. ആണ്കുട്ടികളെപ്പോലെ പെൺകുട്ടികളും ഒളിച്ചു കളിയും സാറ്റ് കളിയും ഒക്കെ നടത്തിയിരുന്നു. മറ്റൊരു കളി ചെപ്പിത്തൂ എന്നുള്ളതായിരുന്നു. കാലിന്റെ ഉപ്പൂറ്റി ഊന്നി തള്ളവിരൽ കൊണ്ട് നാല് വൃത്തം വരയ്ക്കുന്നു. നാല് വൃത്തത്തിലും ഓരോ പെൺകുട്ടികൾ നിൽക്കുന്നു. അവർ പന്തോ റിംഗ് ബോളോ എറിയുന്നു. അത് മറ്റെയാൾ പിടിച്ചെടുക്കണം. വിട്ടു പോയാൽ ആൾ ഔട്ട്. തൊട്ട് കൊണ്ടോട്ടം, അടിച്ചു കളി തുടങ്ങിയവ കൂടാതെ വെറുതെ ഓട്ടമത്സരവും പെൺകുട്ടികൾ നടത്തും. പോപ്പോ സൈമ ഓറഞ്ചു സൈമ ഇലകൾ പച്ച പൂക്കൾ മഞ്ഞ ഓടുമ്പ ചാടുമ്പ പിടിച്ചോ എന്ന് ഒരു കളി. രണ്ടറ്റത്തും നിൽക്കുന്നവർ കയർ കറക്കുമ്പോൾ അതിനുമേലെ ഒറ്റയ്ക്കും കൂട്ടായും ചാടുന്ന മറ്റൊരു കളി. സ്കിപ്പിംഗ് റോപ്പ് ഉണ്ടെങ്കിൽ അത് കൊണ്ട് ചാടിക്കളി. ഓണക്കാലമാകുമ്പോൾ മാണിക്കച്ചെമ്പഴുക്ക കളി, ഊഞ്ഞാലാടിക്കളി, അങ്ങനെ പോകുന്നു എണ്ണിയാലൊടുങ്ങാത്ത കളികൾ.



പെണ്ണും ആണും വേർതിരിവില്ലാതിരുന്ന കാലമായതിനാൽ മേൽപ്പറഞ്ഞ മിക്കവാറും എല്ലാ കളികളിലും ആൺകുട്ടികളും ഉണ്ടാകും. എങ്കിലും ആൺകുട്ടികൾ മാത്രം കളിക്കാൻ ഇഷ്ടപ്പെടുന്ന ചില കളികൾ ഉണ്ട്. എറിഞ്ഞു കളിയാണ് അതിൽ പ്രധാനം. ഒന്നുകിൽ ഓല മെടഞ്ഞുണ്ടാക്കുന്ന പന്ത്, അല്ലെങ്കിൽ പേപ്പറും തുണിയും ഒക്കെ ചുട്ടിയുണ്ടാക്കുന്ന പന്ത്. ഓല കൊണ്ടുള്ള പന്തിനെ റീ ഇൻഫോഴ്സ്ചെയ്യാനായി അകത്ത് പുല്ലും കല്ലും ഒക്കെ കയറ്റി മെടയുന്ന പതിവും ഉണ്ട്. തണ്ടി പിടിച്ചും അല്ലാതെയും കളിക്കാം. ഒരുത്തൻ പന്ത് ആകാശത്തേയ്ക്ക് പൊക്കി ഏറിയും. അത് നിലത്തെത്തുന്നതിനു മുൻപ് പിടിച്ചെടുത്ത് പരിസരത്ത് ഉള്ളവന്റെ മുതുകിൽ ആഞ്ഞെറിയണം. ഹതഭാഗ്യന്റെ ജോലി അത് കൊള്ളാതെ ഓടുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുകയാണ്. തണ്ടിയാണെങ്കിൽ, തണ്ടിയ്ക്ക് പന്ത് പാസ്സ് ചെയ്ത് എതിരാളിയുടെ മുതുക് എറിഞ്ഞു പൊളിക്കാം. ചില നിർഭാഗ്യവാന്മാർ ചിലപ്പോൾ പന്തുള്ളവന്റെ തൊട്ടുമുന്നിൽ ചെന്ന് പെട്ട് പോകും. അപ്പോഴാണ് അന്താരാഷ്ട്ര നിയമങ്ങൾ പുറത്തെടുക്കുന്നത്. മുട്ടിനു താഴെയേ എറിയാവൂ. ഓടാൻ അവസരം കൊടുക്കണം. നെഞ്ചിലും മുഖത്തും എറിയാൻ പാടില്ല. എങ്കിലും പുല്ലും കല്ലും കയറ്റി മെടഞ്ഞ പന്ത് 'ചതക്' എന്ന ശബ്ദത്തോടെ ഉടുപ്പില്ലാത്തവരുടെ മുതുകിൽ ചെന്ന് പതിയ്ക്കുന്ന ശബ്ദം കേട്ടാൽ പെറ്റ തള്ള സഹിക്കുകയില്ല. തെങ്ങിൻ കുഴിയിൽ എറി കൊണ്ട് ചത്തത് പോലെ കിടക്കുന്ന ഹതഭാഗ്യന്മാരെ അവിടെ ഉപേക്ഷിച്ചു കളി തുടരും. കണ്ണും തുടച്ചു നിക്കറും മുറുക്കിക്കെട്ടി അവർ തെങ്ങിൻകുഴിയിൽ നിന്ന് പൊങ്ങിവരുന്ന കാഴ്ച ഒന്ന് കാണേണ്ടതാണ്.

ഇത്തരം കളികളിൽ അവസാനത്തെ രക്ഷാ ശ്രമമാണ് ഡൈമോട്ടു വിളി. ഡൈമോട്ടു വിളിച്ചാൽ പിന്നെ എറിയാൻ പാടില്ല. അത് നിയമവിരുദ്ധമാണ്. വമ്പിച്ച അടികലശലിൽ കാര്യങ്ങൾ അവസാനിച്ചേയ്ക്കാം. അതിനാൽ ഡൈമോട്ടു വിളിച്ചവർ പിന്നെ ഡൈമീ വിളിച്ച് കളിയിൽ തിരികെ പ്രവേശിക്കുന്നത് വരെ എറിയാനോ ഓടിക്കാനോ പാടില്ല. സ്വാഭാവികമായും ഇപ്പോൾ സങ്കേതങ്ങളുടെ വിശദീകരണം ആവശ്യമാണ്. ഡൈമൊട്ട് എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ 'ടൈം ഔട്ട്' എന്നാണ്. ഡൈമീ എന്ന് പറഞ്ഞാൽ സ്വാഭാവികമായും 'ടൈം ഇൻ' എന്നും. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത കുട്ടികൾ അവർ കേട്ട ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. ആരും അതിന്റെ അർഥം ചോദിക്കുന്നില്ല. എറി കിട്ടാതിരുന്നാൽപ്പോരേ, അർത്ഥമെന്തിന് അറിയണം. ഏകദേശം ഇതേ നിയമങ്ങളാണ് സെവന്റീസ് കളിക്കുള്ളത്. ഏഴു ചിരട്ടകളോ കക്കാമ്പോടുകളോ (പൊട്ടിയ ചട്ടികളുടെ കഷ്ണം) ഒന്നിന് മേൽ ഒന്നായി അടുക്കി വെയ്ക്കുന്നു. ഒരു ടീം എറിയുന്നു. മറു ടീം കാത്തു നിൽക്കുന്നു. ചിരട്ടകളെ എറിഞ്ഞിട്ടാൽ ഓടിക്കൊള്ളണം. മറു ടീം പന്തെടുത്ത് ഓടുന്നവരെ എറിയും. പന്ത് ദൂരെ പോകുന്ന ഗ്യാപ്പിൽ ഓടി വന്നു ചിരട്ട തിരികെ അടുക്കി വെയ്ക്കണം. വമ്പിച്ച കോർഡിനേഷൻ ഉള്ളതിനാൽ അത്ര വേഗമൊന്നും ചിരട്ട അടുക്കാൻ പറ്റുകയില്ല. അടുക്കിയാൽ ഭാഗ്യം എന്ന് മാത്രം ഇതിനിടെ കളിസ്ഥലത്ത് നിന്ന് ചതക്ക് ചതക്ക് എന്ന ശബ്ദവും നേരിയ നിലവിളികളും കേട്ടുകൊണ്ടേയിരിക്കും.

ഡൈമൊട്ടും ഡൈമീയും ഇല്ലാത്ത കളിയാണ് ഗോലി കളി. കച്ചി കളിയെന്നും പറയും. മൂന്ന് കുഴികൾ. അവയുമായി ബന്ധപ്പെട്ട് ഗോലികളെ നിയന്ത്രിക്കണം. തോൽക്കുന്നവന് 'കെണ്ണയടി' കിട്ടും. മുട്ടിനടി എന്നും പറയും. കെണ്ണയടിയ്ക്ക് വിധേയനാകുന്നവൻ ചെയ്യേണ്ടത് തലപ്പത്തുള്ള കുഴിയുടെ വക്കിൽ മുഷ്ടി ചുരുട്ടി വെയ്ക്കുക എന്നതാണ്. രണ്ടാമത്തെ കുഴിയിൽ വിരലൂന്നി, റാംബോയുടെ ലക്ഷ്യബോധവും ഉന്നവും വൈരനിര്യാതനബുദ്ധിയും ഉള്ള കളിക്കാരൻ കൈമുഷ്ടി മാത്രം കാണും. ലോകത്ത് നിന്ന് അവന്റെ ചുറ്റിലുമുള്ള എല്ലാം മാഞ്ഞു പോകും. അവനും കെണ്ണയും മാത്രം. അവന്റെ വിരൽ, ഗോലി, തോറ്റവന്റെ മുഷ്ടി. ഫോക്കസ് മുഴുവൻ ചൂണ്ടുവിരലിന്റെ തുമ്പിൽ മാറുകയിലെ ചൂണ്ടു വിരൽ കൊണ്ട് ആയം തടുത്തിരിക്കുന്ന ഗോലിയിലാണ്. അടുത്ത നിമിഷം ഗോലി പായുന്നതും കെണ്ണയടി കൊണ്ടവൻ തന്റെ കൈകൾ രണ്ടും കാലുകൾക്കിടയിലാക്കി വട്ടത്തിലും നീളത്തിലും ഓടുന്നതും കൈകുടയുന്നതും ഒക്കെയാണ്. വിജിഗീഷു അടുത്ത ഗോലി വിരൽത്തുമ്പിൽ കോർത്തു കഴിഞ്ഞു. മൂന്ന് കെണ്ണയടി വരെയാണ് ശിക്ഷ. പക്ഷെ രണ്ടാമത്തേതിന് ഇരുന്നു കൊടുക്കാത്തവൻ തന്റെ കച്ചിയുമെടുത്ത് പുരയിടങ്ങൾ താണ്ടി ഓടുമ്പോൾ വിജയിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി പരക്കും. കളിയുടെ വിവിധ രൂപങ്ങൾ ഓടും, കപ്പലണ്ടിയും, കശുവണ്ടിയും ഒക്കെ കൊണ്ട് കളിക്കും. പിന്നെ ഗ്രാമത്തിൽ അധികം കളിക്കാർ ഇല്ലാതിരുന്ന കുട്ടിയും കോലും.



ചില ദിവസങ്ങളിൽ ഓടിക്കളിച്ചേ ആൺകുട്ടികൾക്ക് തൃപ്തി വരൂ. അപ്പോൾ അവർ കള്ളനും പോലീസും കളിക്കും. പോലീസ് ഏമാന്മാരുടെ അലങ്കാരമെല്ലാം പ്ലാവിലകൾ ഈർക്കിലുകൾ കൊണ്ട് കോട്ടി തയാറാക്കും. ഓട്ടത്തോട് ഓട്ടമാണ് പിന്നെ. അക്കാലത്ത് മതിലുകൾ ഇല്ല. ഉള്ള വേലികളിൽ പലതും പൊളിഞ്ഞു കിടക്കുകയാവും. കള്ളന്മാർ ഓടുന്നത്, പോലീസുകാർ അവരെ പിന്തുടരുന്നത് വേലികളെല്ലാം ചാടിയാണ്. ചിലപ്പോൾ ഓട്ടം മറ്റു സ്റ്റേഷൻ അതിർത്തികളിൽ ചെന്നായിരിക്കും നിൽക്കുക. ആമ്പൽപ്പൂ പറിക്കാൻ പോവുക എന്നൊരു ധീരകൃത്യം ഇടയ്ക്കിടെ ചെയ്യുന്നവരാണ് ആൺകുട്ടികൾ. ഒരു തോർത്തും ഹോര്ലിക്സ് കുപ്പിയും ലഭ്യമാണെങ്കിൽ അക്വേറിയം തുടങ്ങാം എന്ന് തീരുമാനിക്കുന്ന ഇവർ ഗ്രാമത്തിലെ തൊപ്പിക്കുളം, പൊട്ടക്കുളം, വെണ്മണക്കൽ കുളം തുടങ്ങിയ കുളങ്ങളിലും പരിസരത്തുള്ള ചതുപ്പുകളിലും പോവുകയും തോർത്ത് കൊണ്ടരിച്ചു പാവം മാനത്ത് കണ്ണികളെ പിടിച്ചു ഹോര്ലിക്സ് കുപ്പിയിൽ ഇട്ടുകൊണ്ട് പോവുകയും ചെയ്യും. പുതിയകാവിലേക്കുള്ള വഴി മഴക്കാലമായാൽ തൊടാകും. തെളിഞ്ഞ നീറ്റിലൂടെ ചെറുമീനുകൾ ഒഴുകുന്നതോടെ അവിടെയും തോർത്തുമായി ചെല്ലുന്ന ആൺകുട്ടികൾ ഉണ്ടായിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു കളിക്കുന്ന പല കളികളും ഉണ്ട്. അതിലൊന്നാണ് വീട് കളി. ശാർക്കര ക്ഷേത്രത്തിൽ മീനഭരണി മാസങ്ങളിൽ കട എന്ന വലിയ കമ്പോളം വരും. കടയിൽ കൃഷിയായുധങ്ങളും വിത്തുകളും ചട്ടി കലങ്ങളും വാഴക്കന്നുകളും തെങ്ങിൻ തൈകളും അവിലും മലരും കരിമ്പും കുട്ടിക്കലങ്ങളും അലുമിനിയം പാത്രങ്ങളും കൊഴുന്നും തേനും വയമ്പും എല്ലാം കിട്ടും. ആളുകൾ അവിടെ പോകുമ്പോൾ കുട്ടികൾക്കായി ചെറിയ കലങ്ങളും മറ്റും വാങ്ങും. പിന്നെ വീട് കളിയുടെ ബഹളമാണ്. അച്ഛൻ, 'അമ്മ, പലവ്യഞ്ജനക്കട, മീൻ ചന്ത, പച്ചക്കറിക്കട, ബന്ധു വീട്, വിവാഹം, ബസ്, കാറ് എന്നുവേണ്ട വലിയവരുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കുട്ടികൾ അനുകരിക്കും. രാവിലെ പഴയോല സംഘടിപ്പിച്ചു കൂടാരം കെട്ടുന്നത് മുതൽ തുടങ്ങി പരസ്പരം വിവാഹം ചെയ്യുകയും ആശുപത്രിയിൽ പോവുകയും ഒക്കെ ചെയ്യും. ഒരു കയർ കെട്ടി അതിനകത്ത് കയറി ഓടിയാൽ ബസ്സോ ട്രെയിനോ ആയി. പഴയ സാരിത്തുണ്ടൊക്കെ വെച്ച് സാരിയുടുത്ത പെൺകുട്ടികൾ ബസ്സിൽക്കയറി ബന്ധിവീട്ടിൽ പോകുന്നത് കാണേണ്ടത് തന്നെയാണ്. പറമ്പിൽ കിട്ടാവുന്ന പച്ചിലകളെല്ലാം പറിച്ചു നിരത്തി വെച്ച്, ഒരു ത്രാസും ഉണ്ടാക്കി കച്ചവടക്കാരൻ ഇരിപ്പുണ്ടാകും. പെണ്ണുങ്ങൾ വിലപേശിയെ സാധനം വാങ്ങൂ. എന്തിനേറെപ്പറയുന്നു സാധനം വാങ്ങിയിട്ട് നിതംബം കുലുക്കി നടന്നു പോകുന്നത് പോലും അവർ അനുകരിക്കും. ഒരു ചെറിയ ലോകത്തെ അവർ ഭാവനയിൽ സൃഷ്ടിച്ചെടുത്ത് അതിൽ ജീവിക്കും.



സാറ്റ് കളി, ആശുപത്രി കളി, ഓഫീസിൽ പോക്ക് കളി തുടങ്ങി അനേകം കളികളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ പങ്കെടുക്കും. പല്ലാങ്കുഴി പോലുള്ള കളികൾ അവ കളിക്കാൻ അറിയാവുന്നവരും മഞ്ചാടികളും കുന്നിക്കുരുകളും ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷമായതോടെ ഇല്ലാതായി. സൈക്കിൾ വാടകയ്ക്കെടുത്തു ചവിട്ടുന്നത് ആൺകുട്ടികളുടെ വിനോദമായിരുന്നു. അവരുടെ കാല്മുട്ടുകളും കൈമുട്ടുകളും ഒക്കെ സഞ്ചാരങ്ങളുടെ അടയാളങ്ങൾ പേറുന്നവയായിരിക്കും. മതിലുകൾ ഇല്ലാതിരുന്ന കാലത്ത് ഒളിച്ചു കളിക്കുമ്പോൾ ഏതു വീട്ടിലും ഓടിക്കയറി ഒളിക്കാമായിരുന്നു. ഏതെങ്കിലും വീട്ടിൽ ആളുകൾ ഗൗരവമുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരിക്കും ഏതോ രണ്ടു കുട്ടികൾ ഓടി വന്നു മേശയുടെ അടിയിലും കട്ടിലിന്റെ അടിയിലും ഒക്കെ കയറുന്നത്. അന്വേഷിച്ചു വരുന്നവരെ, ഇവിടെ ആരും വന്നില്ല എന്ന് കള്ളം പറഞ്ഞു തിരിച്ചു വിടുന്നതിലൂടെ മുതിർന്നവരും കളികളിൽ പങ്കെടുത്തു. തട്ടിൻ പുറങ്ങളും കൊപ്രാക്കളങ്ങളും മരക്കൊമ്പുകളും വിറകുപുരകളും വൈക്കോൽത്തുറുകളും എല്ലാം ചില് അവിചാരിത സമാഗമങ്ങളുടെ ഒളിപ്പുരകളായി. ചില കുട്ടികൾ അപ്പോഴും കൂയ് കൂയ് എന്ന് അവരെ അന്വേഷിച്ചു വിളിച്ച് ഉഴറി നടന്നു.

-- ജോണി എം എൽ



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)