ഒരു ഗ്രാമത്തിന്റെ കഥ 2: പൊന്നമ്മ സാറും റൈട്രോള പള്ളിക്കൂടവും കുറെ കുട്ടികളും
പ്രാഥമിക
വിദ്യാലയങ്ങൾ കൂടാതെ കേരളത്തിലെ ഒരു ഗ്രാമത്തിന്റെയും കഥ പൂർത്തിയാകില്ല; ഒരു പക്ഷെ
അത്തരമൊരു കഥ തുടങ്ങാൻ തന്നെ
കഴിയില്ലെന്ന് പറയാം. റൈട്രോളാ പള്ളിക്കൂടം എന്നാണ് എല്ലാവരും അതിനെ വിളിച്ചിരുന്നത്. വക്കം എന്ന ഗ്രാമത്തിലെ മൂന്നോ നാലോ ലോവർ പ്രൈമറി സ്കൂളുകളിൽ ഏറ്റവും
പ്രധാനപ്പെട്ടത്. അവിടെയാണ് ഞാൻ അനൗപചാരികമായി ഒന്നാം ക്ലാസ്സിൽ ചേർന്നത്. റൈട്രോളാ പള്ളിക്കൂടം എന്ന പേര് അല്പം പുതുമയുള്ളതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ ആ പേര് വന്നത്
എങ്ങനെ എന്ന് അറിയുന്നത് നന്നായിരിക്കും. റൈറ്റർ വിള എന്നായിരുന്നു ആ സ്കൂൾ
നിൽക്കുന്ന സ്ഥലത്തിന്റെ യഥാർത്ഥ പേര്. പണ്ടെങ്ങോ അവിടെ ഒരു റൈറ്റർ ഉണ്ടായിരുന്നിരിക്കണം; റൈറ്റർ എന്ന പദവി ഒരു കോടതി ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനും ഒരു പോലെ ചേരുന്നതായിരുന്നു. പ്രസ്തുത പ്രദേശത്തിന് റൈറ്റർ വിള എന്ന പേര് വരാൻ കാരണമായ വ്യക്തി യഥാർത്ഥത്തിൽ മേൽപ്പറഞ്ഞ തസ്തികകളിൽ ഒന്ന് കൈകാര്യം ചെയ്തിരുന്നോ എന്ന് നമുക്ക് അറിയില്ല.
ഗ്രാമങ്ങളിൽ
ആളുകൾക്ക് ചില വിളിപ്പേരുകൾ ഉണ്ടാകുന്നത് പതിവാണല്ലോ. വക്കത്ത് ഡോക്ടർ വിശ്വനാഥൻ എന്നൊരു ആളുണ്ടായിരുന്നു. അദ്ദേഹം ഏത് വഴിക്കാണ് ഡോക്ടർ ആയതെന്ന് ആർക്കും അറിയില്ല. ഏതെങ്കിലും ആശുപത്രിയിലെ കമ്പൗണ്ടർ ആയിരുന്നോ? തെളിവുകളില്ല. ഏതെങ്കിലും വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോ? അതുമില്ല. എന്നാൽ അദ്ദേഹത്തിനെ ഡോക്ടർ എന്ന് എല്ലാവരും വിളിക്കാനുള്ള ഏക കാരണം, അദ്ദേഹം
സാധാരണ ആളുകൾ വസ്ത്രം ധരിക്കുന്ന രീതിയിൽ അല്ല വസ്ത്രം ധരിച്ചിരുന്നത് എന്നതായിരുന്നിരിക്കാം. ഗ്രാമത്തിലെ പുരുഷന്മാർ മിക്കവാറും ഒരു കൈലിയും തോർത്തും മാത്രമാണ് ധരിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ പുറത്ത് പോകുമ്പോൾ മാത്രം വെള്ള വസ്ത്രം ധരിക്കുന്നവർ ഉണ്ടായിരുന്നു; അവർ കള്ളുഷാപ്പിലേക്കോ ചീട്ടുകളി സ്ഥലത്തേയ്ക്കോ ക്ഷേത്രപ്പറമ്പിൽ സൊറ പറഞ്ഞിരിക്കാനോ പോകുന്നവരായിരിക്കും. അല്ലാതെ വെളുത്ത ഉടുപ്പും മുണ്ടും ധരിക്കുന്നത് ഓഫീസിൽ ജോലിയുള്ളവരോ സ്കൂളിലെ അധ്യാപകരോ
മാത്രമായിരുന്നു.
ഡോക്ടർ
വിശ്വനാഥൻ മേല്പറഞ്ഞവരെപ്പോലെ ഒന്നും ആയിരുന്നില്ല. അദ്ദേഹം ഇപ്പോഴും പാന്റ്സും ഷർട്ടും ധരിച്ചു. ഒപ്പം പഴകിപ്പൊളിഞ്ഞ ഒരു ഷൂസും. രണ്ടോ മൂന്നോ ദിവസത്തെ കുറ്റിത്താടി ഇപ്പോഴും ആ ചെറിയ മനുഷ്യന്റെ
മുഖത്ത് ഉണ്ടായിരുന്നു. കൊല്ലിമുക്കിലുള്ള തന്റെ വീട്ടിൽ നിന്നിറങ്ങി ഡോക്ടർ വളരെ വേഗത്തിൽ കിഴക്കോട്ട് നടന്നു പോകും. എങ്ങോട്ടാണ് പോകുന്നത് എന്ന് ആർക്കും അറിയില്ല. പത്തു മണി കഴിയുമ്പോൾ, ഗ്രാമത്തിലെ രണ്ടാമത്തെ പ്രിന്റിങ് പ്രസ് ആയ ശോഭനാ പ്രെസ്സിലെ
പുരാതനമായ ബെഞ്ചിൽ ചെന്നിരിക്കും. ബിൽബുക്കുകളിൽ കിടിക്ക് കിടിക്ക് എന്ന ശബ്ദത്തോടെ നമ്പർ അടിക്കുകയാവും, കുട്ടികൾ ശോഭനൻ മാമൻ എന്ന് വിളിക്കുന്ന ഉടമസ്ഥൻ. തല ഉയർത്താതെ അദ്ദേഹം
ഡോക്ടർ വിശ്വനാഥൻ പറയുന്നതെല്ലാം കേൾക്കും. ഇടയ്ക്കിടെ തലപൊക്കുന്നത് ഒരു ബിൽബുക്കിൽ നമ്പർ അടിച്ചു കഴിഞ്ഞ് അടുത്ത ബിൽബുക്ക് എടുക്കുന്നതിന് വേണ്ടി മാത്രമായിരിക്കും. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ രണ്ടു ആൺമക്കൾ (അവർ ശോഭന അണ്ണന്മാർ എന്നറിയപ്പെട്ടു) ഉയർന്ന സ്റ്റൂളുകളിൽ ഇരുന്ന് പലതരം അക്ഷരങ്ങൾ പെറുക്കി ഒരു ചട്ടത്തിൽ നിരത്തി 'കമ്പോസ്' ചെയ്യുകയാവും.
അങ്ങനെയിരിക്കെ
ഡോക്ടർ വിശ്വനാഥൻ സ്കൂൾകുട്ടികളോട് പോലും
സംസാരിച്ചു തുടങ്ങി. വളരെ സൗമ്യമായും ഉദാരമായും പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം കുട്ടികളെയും വലിയവരെയും ഒക്കെ സമീപിച്ചു. താൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് വാങ്ങണം എന്നാണ് അഭ്യർത്ഥന. ഞായറാഴ്ച തോറും അദ്ദേഹം വളരെ കുറച്ചു പേജുകൾ മാത്രമുള്ള തന്റെ പുസ്തകവുമായി വീടുകളിലേക്ക് കടന്നു ചെല്ലും. ആളുകൾ ആരും അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. ഒരു രൂപയോ മറ്റോ കൊടുത്ത് എല്ലാ വീട്ടുകാരും പുസ്തകം വാങ്ങി.ഒരുപക്ഷെ ആരുടെയെങ്കിലും സാഹിത്യപ്രവർത്തനത്തെ ആ ഗ്രാമത്തിലെ ആളുകൾ
പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിൽ
അത് ഡോക്ടർ വിശ്വനാഥന്റെതിനെ മാത്രം ആയിരിക്കും. 'കാൽ പൊന്ന് അഥവാ ഹലുവ' എന്നായിരുന്നു അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര്. നാടകവും കഥയും ഒക്കെ ഇടകലർന്നുള്ള ഒരു ശൈലിയിലാണ് അത് എഴുതിയിരുന്നത്. അക്കാലത്ത് അബ്സേർഡ് ഡ്രാമ എന്ന സങ്കേതമൊന്നും ആർക്കും അറിയില്ലായിരുന്നു. ശുദ്ധ അസംബന്ധം എന്ന് സ്നേഹസമൃദ്ധമായി നമുക്കെതെങ്കിലും സാഹിത്യത്തെക്കുറിച്ചു പറയാമായിരുന്നെങ്കിൽ അത് ഡോക്ടർ വിശ്വനാഥന്റെ കാൽ പൊന്ന് അഥവാ ഹലുവ എന്ന ഗ്രന്ഥമായിരുന്നു. പിങ്ക് നിറത്തിലുള്ള നോട്ടീസ് പേപ്പറിൽ കവർ തയാറാക്കി, ശോഭനാ പ്രെസ്സിൽ അക്കാലത്ത് കല്യാണക്കുറികളിൽ അടിക്കാൻ ഉപയോഗിച്ചിരുന്ന ഒരു തൊഴുകൈ കൊത്തിയ ബ്ലോക്ക് ഉപയോഗിച്ച് ചിത്രീകരണം നിർവഹിച്ച ആ ഗ്രന്ഥം, നാട്ടുകാരിൽ
നിഷ്കളങ്കമായ ചിരി ഉയർത്തിക്കൊണ്ട് വിസ്മൃതിയിൽ ചെന്നടിഞ്ഞു.
ഒരിക്കൽപ്പോലും
ഗുമസ്തപ്പണി ചെയ്തിട്ടിലാതിരുന്ന സൗമ്യനായ ഒരു മനുഷ്യനെ ക്ലാർക്ക് എന്ന് ആളുകൾ വിളിച്ചിരുന്നു. ഗ്രാമത്തിലെ ഇടവഴികൾക്കും മരങ്ങൾക്കും നായകൾക്കും മനുഷ്യർക്കും എല്ലാം ക്ലാർക്കിനെ നല്ല പരിചയം ആയിരുന്നു. അയാൾ ഒരു സമാന്തര തപാൽ വ്യവസ്ഥയായിരുന്നു. നാട്ടിൽ നൽകേണ്ട കല്യാണക്കുറികളും കുളിയടിയന്തരം അറിയിപ്പ് കാർഡുകളും ഒക്കെ അതാത് വിലാസങ്ങളിൽ എത്തിച്ചിരുന്നത് ഈ ക്ലാർക്ക് ആയിരുന്നു.
ആശാട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. അവർ സ്കൂളിൽപ്പോലും പോയിട്ടില്ല.
ആശാന്റെ ഭാര്യയെയാണ് ആശാട്ടി എന്ന് വിളിക്കുന്നത്. കൂടാതെ ഏതെങ്കിലും കാര്യത്തിൽ നിഷ്ണാതയായ ഒരുവൾ എന്ന അർത്ഥത്തിലും വേണമെങ്കിൽ ആശാട്ടി എന്ന് വിളിക്കാം. പക്ഷെ ഇവർ ഒരു സാധാരണ വീട്ടമ്മയും ഇടയ്ക്കിടെ ചില്ലറ തൊഴിലുകൾ ചെയ്തിരുന്നതുമായ ഒരു സ്ത്രീ ആയിരുന്നു. ഗ്രാമത്തിൽ നെല്ലിക്കയും വെള്ളവും വിൽക്കുന്ന ഒരു കട നടത്തിയിരുന്ന ഒരാളെ
ആശാൻ എന്ന് വിളിച്ചിരുന്നു. അച്ചാറുകൾ ഇട്ടു വിറ്റിരുന്ന ഒരു മനുഷ്യനെ ഉള്ളി വൈദ്യൻ എന്ന് വിളിച്ചു. ഒരു പണിയും ഇല്ലാതെ നടക്കുന്ന ഒരു മധ്യവയസ്കനെ വിശേഷണം കണ്ട്രാക്ക് എന്നായിരുന്നു.
റൈറ്റർ
വിളയുടെ ഉത്പത്തി പുരാണത്തിൽ ഒളിച്ചു നിൽക്കുന്ന ആ റൈറ്റർ യഥാർത്ഥത്തിൽ
റൈറ്റർ ആയിരുന്നോ എന്നറിയില്ല എന്ന് പറയാനാണ് ഈ ഗ്രാമചരിതം പറഞ്ഞത്.
നമുക്ക് റൈട്രോള പള്ളിക്കൂടത്തിലേയ്ക്ക് തന്നെ തിരികെ പോകാം. എനിയ്ക്കും രണ്ടു തലമുറയ്ക്ക് മുൻപ് വരെ, ആശാൻ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. നിലത്തെഴുതി പഠിപ്പിക്കലായിരുന്നു അവിടെ നടന്നിരുന്നത്. മണലിൽ നിലത്തെഴുത്ത് പഠിച്ചവരുടെയൊക്കെ കൈയക്ഷരം വളരെ മനോഹരമായെന്നും തനിയ്ക്ക് അവിടെ പോകാൻ കഴിയാത്തതിനാൽ കൈയക്ഷരം മോശമായിപ്പോയെന്നും എന്റെ 'അമ്മ പരിതപിക്കുമായിരുന്നു. റൈറ്റർ വിള പള്ളിക്കൂടത്തിൽ ചേരുന്നതിന് മുൻപ് കുട്ടികളെല്ലാം ഏതെങ്കിലും വീട്ടിൽ ട്യൂഷന് പോയിരുന്നു. മിക്കവാറും കുട്ടികൾ, അവരുടെ മൂത്തകുട്ടികളുടെ ഒപ്പം പോകുന്നതാകും. അവിടെയിരുന്ന് കേട്ടും പറഞ്ഞും അവരും അക്ഷരങ്ങളുടെ ലോകത്ത് ചെന്ന് ചേരും. എന്റെ വിദ്യാഭ്യാസം ഏകദേശം ഈ രീതിയിൽ ആയിരുന്നു.
എന്റെ സഹോദരി ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ അവൾക്കൊപ്പം ഞാനും ഒന്നാം ക്ലാസ്സിൽ ചെന്നിരുന്നു. റൈട്രോള പള്ളിക്കൂടത്തിലായിരുന്നു അത്.
പേര്
സൂചിപ്പിക്കുന്നത് പോലെ തന്നെ വക്കം എന്നത് ഒരു ഭൂവിഭാഗത്തിന്റെ വക്കിലുള്ള ഒരു സ്ഥലമായിരുന്നു. മൂന്നു വശവും കായലുകൾ ഉള്ള ഒരു ഉപദ്വീപ് എന്നൊക്കെ പറയാം. തെങ്ങുകൾ, പറങ്കി മാവുകൾ, പ്ലാവുകൾ, മാവുകൾ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട മരങ്ങൾ. എല്ലാ പുരയിടങ്ങളിലും ഒരു ചീലാന്തി കാണും. പുളിമരങ്ങൾ ഉള്ള വീടുകൾ പ്രശസ്തമായിരുന്നു. വക്കിലുള്ള ഒരിടമായിരുന്നതിനാൽ അവിടെ പുറത്ത് നിന്നാരും വരില്ലായിരുന്നു. കല്യാണങ്ങൾക്കോ മരണങ്ങൾക്കോ മറ്റു ചടങ്ങുകൾക്കോ മാത്രമാണ് ആളുകൾ ഗ്രാമത്തിൽ വരുന്നത്. എല്ലാവര്ക്കും എല്ലാവരെയും അറിയാവുന്ന ഒരു ചെറിയ ഗ്രാമം. ഇടവഴികൾ കൊണ്ട് അലങ്കാരത്തുന്നത് നടത്തിയ വലിയൊരു കൈലേസുപോലെ കിടന്നു ആ പരന്ന ഗ്രാമം.
ആ ഗ്രാമത്തിലേക്ക് വരുന്ന പ്രധാന റോഡ് അവസാനിക്കുന്നത് കായിക്കര കടവിലാണ്. പുത്തൻ നട അമ്പലത്തിൽ ഒരിക്കൽ
എഴുന്നള്ളത്തിനായി വന്ന ആന വിരണ്ടോടി കായിക്കരയിലെ
വെള്ളത്തിൽ ഇറങ്ങി നിന്ന് എന്നൊരു ഐതിഹ്യമുണ്ട്. കൂടാതെ, ആദ്യകാലത്ത് തന്നെ ഉണ്ടായിരുന്ന ഒരേ ഒരു പ്രൈവറ്റ് ബസ് ആയിരുന്ന ആർ കെ വി
ഒരിക്കൽ നിയന്ത്രണം വിട്ട് കായിക്കരക്കടവിൽ ചെന്ന് വെള്ളത്തിൽ ഇറങ്ങി നിന്നു എന്നും കേട്ടിരുന്നു.
കായിക്കരയ്ക്കും
തൊട്ടുമുന്പാണ് ബസിന്റെ അവസാനത്തെ സ്റ്റോപ്പ്. അതിന്റെ പേര് പാകിസ്ഥാൻ മുക്ക്. മുസ്ലീങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു സ്ഥലമായതിനാലാകണം പണ്ട് ആരോ അതിനെ പാകിസ്ഥാൻ മുക്ക് എന്ന് വിളിച്ചത്. പക്ഷെ അതൊരു കളിയാക്കിപ്പേരാണ് എന്ന് ഹിന്ദുക്കൾക്കോ തങ്ങൾക്ക് അതൊരു കുറവാണെന്ന് മുസ്ലീങ്ങൾക്കോ തോന്നിയില്ല. പാകിസ്ഥാൻ മുക്കിലായിരുന്നു പ്രശസ്തമായ വോളിബാൾ ടൂര്ണമെന്റുകളും മുഹമ്മദ് നബി സല്ലള്ളാഹു അലൈവസല്ലത്തിന്റെ ജീവിതകഥ പറയുന്ന കഥാപ്രസംഗങ്ങളും സൈക്കിൾ യജ്ഞങ്ങളും ഒക്കെ നടന്നിരുന്നത്. അതിനാൽ ഗ്രാമജീവിതത്തിൽ പ്രധാനപ്പെട്ട ഒരു മുക്കായിരുന്നു പാകിസ്ഥാൻ മുക്ക്. പിന്നീട് അത് മൗലവി ജങ്ഷൻ എന്ന് പേര് മാറി. വക്കം മൗലവി ആരെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. തിരുവിതാകൂർ ദിവാനെ വെല്ലുവിളിച്ചു കൊണ്ട് പത്രം നടത്തിയ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ യഥാർത്ഥ ശക്തിയായിരുന്നു വക്കം മൗലവി. വക്കം മൗലവിയാണ് സ്വദേശാഭിമാനി പത്രം ആരംഭിച്ചതും ഭരണകൂടത്തെ വെല്ലുവിളിച്ചു നിന്നിരുന്ന രാമകൃഷ്ണപിള്ളയെ അതിന്റെ പത്രാധിപ സ്ഥാനം ഏൽപ്പിച്ചു കൊടുത്തതും.
പാകിസ്ഥാൻ
മുക്ക് മുസ്ലിം മുക്കായിരുന്നുവെങ്കിൽ അതിന് തൊട്ടു മുൻപുള്ള ഒരു ഹിന്ദു മുക്കായിരുന്നു കൊല്ലിമുക്ക്. കൊല്ലി എന്ന് വിളിപ്പേരുള്ള ആരോ അവിടെയുണ്ടായിരുന്നത്രെ. അയാൾ ഗ്രാമജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നിരിക്കണം.
അതിനാൽ അയാളുടെ ഓർമ്മയ്ക്കായാകണം കൊല്ലിമുക്ക് എന്ന പേര് വന്നത്. പിൽക്കാലത്ത് അത് എസ് എൻ ജങ്ഷൻ ആയി.
ശ്രീനാരായണ ജങ്ഷൻ. പക്ഷെ ആരും അവിടെ നാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കാൻ ഒരുമ്പെട്ടില്ല. ഇപ്പോൾ അവിടെയുള്ളത്, ബസ്സിറങ്ങുന്നവർക്കും ബസ് കാത്തു നിൽക്കുന്നവർക്കും ഒക്കെ ഒരു പുഞ്ചിരി സമ്മാനിച്ച് തൊഴുകൈയ്യുമായി നിൽക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ഒരു അർദ്ധകായ പ്രതിമയാണ്. 1984 ഒക്ടോബര് മുപ്പതാം തീയതി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ഗ്രാമത്തിലെ കോൺഗ്രെസ്സുകാർ സ്ഥാപിച്ചതായിരുന്നു ആ പ്രതിമ. റൈറ്റർ
വിള സ്കൂളിലേക്കുള്ള യാത്ര
തുടങ്ങുന്നത് കൊല്ലിമുക്കിൽ നിന്നാണ്. അവിടെ നിന്ന് വടക്കോട്ട് കിടക്കുന്ന ഒരു ചെമ്മൺ പാതയായിരുന്നു സ്കൂളിലേക്കുള്ള വഴി.
ആ വഴി നീണ്ടു ചെന്ന് പണയിൽകടവിലെ കായലിൽ ചെന്ന് മുട്ടും.
കൊല്ലിമുക്കിലാണ്
പൊന്നമ്മ സാറിന്റെ വീട്. അന്ന് എല്ലാവരും സാറായിരുന്നു. ഹെഡ്മാസ്റ്റർ ഒന്നാം സാർ എന്ന് വിളിച്ചിരുന്നു. റൈറ്റർ വിളയിലെ ഒന്നാം സാർ മുതുകുളം എന്ന് എല്ലാവരും വിളിച്ചിരുന്ന ശിവദാസൻ സാർ ആയിരുന്നു. ചെവി പിടിച്ചു തിരുമ്മുന്നതിൽ വിദഗ്ദനായിരുന്നു ശിവദാസൻ സാർ. മുക്കാലുവട്ടത്തു നിന്നാണ് അദ്ദേഹം വന്നിരുന്നത്. അതെ സ്ഥലത്തു നിന്നാണ് നാലാം ക്ലാസ്സിലെ പ്രധാന അധ്യാപകനായ ദേവദാസ് സാർ വന്നിരുന്നത്. വളരെ ഉയർന്ന നാസികയുള്ള അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ഒരു വിളിപ്പേരും ഉണ്ടായിരുന്നു. സ്കൂൾ അധ്യാപകരാണ്
ലോകത്ത് വീട്ടുകാർ നൽകുന്ന പേരും ചെല്ലപ്പേരും കൂടാതെ, വിദ്യാർത്ഥികളും നാട്ടുകാരും കൂടി നൽകുന്ന മൂന്നാമതൊരു പേരുകൂടി പേറാൻ വിധിക്കപ്പെട്ടവർ. ദേവദാസ് സാർ സൈക്കിളിലാണ് വരുന്നത്; കഴുകി തേച്ചു മിനുക്കി മുൻ ബാറിൽ ഒരു കുഞ്ഞു സീറ്റുകൂടി വെച്ചിട്ടുള്ള ഒരു കിടുക്കൻ ഹെർക്കുലീസ് സൈക്കിൾ. ആ സൈക്കിളിന്റെ കുഞ്ഞു
സീറ്റിൽ ചുരുണ്ട മുടിയുള്ള പാവക്കുട്ടിയെപ്പോലുള്ള ഒരു പെൺകുട്ടി കൂടി സ്കൂളിലേക്ക് വന്നു.
അത് ദേവദാസ് സാറിന്റെ മകൾ ദയ ആയിരുന്നു.
ഏഴോ
എട്ടോ അധ്യാപകരുള്ള ആ സ്കൂളിൽ
മിക്കവാറും ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളുടെ ജീവിതം കിടന്നു കറങ്ങിയിരുന്നത് പൊന്നമ്മ സാറിന്റെ ചുറ്റുമായിരുന്നു. ഒമ്പതര മണിയോടെ പാകിസ്ഥാൻ മുക്കിൽ നിന്നും കൊല്ലിമുക്കിൽ നിന്നും വരുന്ന കുട്ടികളെല്ലാം പൊന്നമ്മ സാറിന്റെ വീട്ടിനു പുറത്ത് ഒത്തു ചേരും. ആ വീട്ടിനുള്ളിൽ എന്ന്
മാത്രമല്ല ആ മതിലുകൾക്കുള്ളിൽ ആർക്കും പ്രവേശനമില്ല.
വെളുത്ത തെറ്റിപ്പൂക്കളും നന്ദ്യാർവട്ടവും ഒക്കെ പൂത്തുലഞ്ഞു കിടക്കുന്ന ഒരു പുരയിടമായിരുന്നു അത്. കുറേക്കഴിയുമ്പോൾ പലപ്രാവശ്യം അലക്കി നിറം പോയ വെളുത്ത സെറ്റു മുണ്ടുടുത്ത്, വെളുത്ത നിറമുള്ള പൊന്നമ്മ സാർ ഇറങ്ങി വരും. അവരുടെ കൈയിൽ നീല നിറമുള്ള ഒരു ബാഗുണ്ടാകും. അത് ഗർഭിണിയായ ഒരു ആടിന്റെ വയറു പോലെ വീർത്തിരിക്കും. കുട്ടികൾ അവരുടെ പിന്നാലെ അനുസരണയുള്ള എലികളെപ്പോലെ കിലുകിലാ സംസാരിച്ചു കൊണ്ട് നടക്കും. ആ ബാഗിനുള്ളിൽ അനേകം
രഹസ്യങ്ങളുണ്ട്.
എല്ലാ
രോഗത്തിനും ഇൻജെക്ഷൻ നൽകുന്ന ഗോപാലൻ ഡോക്ടറുടെ വീടും കടന്നു വാണിക്കുടിയിൽ എത്തുമ്പോൾ അവിടെ നിന്ന് റാട്ടുകൾ കറക്കുന്ന ശബ്ദവും 'കറക്കെ കൂയ്' എന്ന് വിളിച്ചു കൊണ്ട് അച്ചിട്ടു പോകുന്ന സ്ത്രീകളെയും കാണാം. അവർ കയർ പിരിക്കുന്നവരാണ്. തലവണ്ടിയും കടവണ്ടിയും രണ്ടതിരുകളിൽ നിൽക്കുന്നതിനിടയിൽ സ്ത്രീകൾ കക്ഷത്തിടുക്കിയിരിക്കുന്ന ചകിരിക്കെട്ടിൽ നിന്ന് താര നൂർത്ത് പിന്നോട്ട് നടക്കുന്നത് കണ്ടു കുട്ടികൾ പൊന്നമ്മ സാറിന്റെ ഒപ്പമെത്താൻ പണിപ്പെടും. കയറ്റുപായ ബിസിനസും തറിയുമൊക്കെയുള്ള വീട്ടിലെ ഏറ്റവും തടിയുള്ള ബൃഹസ്പതിയമ്മ (ബെപ്പതിയമ്മ എന്ന് ഗ്രാമീണർ അവരെ വിളിച്ചു) ഈ ഘോഷയാത്ര കണ്ടു
നിൽക്കും. നൂറ്റാണ്ടുകളോളം പൂ കെട്ടിക്കൊണ്ട് ഒരു
മാമൻ ഹാരങ്ങൾ ഉണ്ടാക്കി തൂക്കും. മഴക്കാലമാണെങ്കിൽ ഇരട്ടത്തെങ്ങിന്റെ മുന്നിൽ വെള്ളം കെട്ടിക്കിടക്കും. പൊന്നമ്മ സാറിന്റെ കണ്ണ് തെറ്റിയാൽ കുട്ടികൾ വെള്ളത്തിൽ ഇറങ്ങും. അവിടെ നിന്ന് സുൽഫിക്കറും, സാബുവും സലീമും അബൂബക്കറും നൗഷാദും എല്ലാം ഈ ഘോഷയാത്രയിൽ ചേരും.
ഓടിയും നടന്നും ഇടവഴി കടന്ന് പള്ളിക്കൂടത്തിൽ എത്താറാകുമ്പോഴേയ്ക്കും അവിടെ ബെല്ലടിച്ചു കഴിഞ്ഞിട്ടുണ്ടാകും.
ഓടിട്ട
രണ്ടു കെട്ടിടങ്ങൾ. അവയെ ബന്ധിപ്പിക്കാനെന്നോണം ഒരു ചെറിയ കെട്ടിടം. അവിടെയാണ് ഒന്നാം സാർ ഇരിക്കുന്നത്. അതിന്റെ ഒരു വശത്ത് മറ്റധ്യാപകർക്കുള്ള മുറി. എന്നാൽ സ്കൂളിൽ ചെന്ന്
കയറുമ്പോൾത്തന്നെ ഇടവും വലവും ഓരോ ഓലക്കെട്ടിടങ്ങളാണ്. അവിടെയാണ് മൂന്നാം ക്ലാസ്സും നാലാം ക്ലാസ്സും നടക്കുന്നത്. ഒന്നാം സാറിന്റെ മുറിയ്ക്ക് പിന്നിലായി ഒരു കിണറും വാട്ടർ ടാങ്കും. അതിന്റെ തൊട്ടടുത്ത് എന്നും പൂ പിടിച്ചു നിൽക്കുന്ന
ഒരു അരളിച്ചെടി. അതിന്റെ മറുവശത്തായി ഉപ്പുമാവ് മുറി. അവിടെയാണ് കുട്ടികൾക്കായുള്ള ഗോതമ്പ് ചോറ് തയാറാക്കുന്നത്. ചുവന്ന കല്ലുകൾ വെച്ച മൂക്കൂത്തിയണിഞ്ഞ, എല്ലാവരും രാജമ്മ അപ്പച്ചി എന്ന് വിളിച്ച ഒരു മധ്യവയസ്കയായിരുന്നു ഗോതമ്പ് ചോറ് വെച്ചിരുന്നത്. കുട്ടികൾ ഓരോ തൂക്ക് പത്രം കൂടി കൊണ്ട് വന്നിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട വീടുകളിലെ കുട്ടികൾക്ക് ഇത് നല്കുമായിരുന്നില്ല.അവർ ഉച്ചയാകുമ്പോൾ ഉയരുന്ന ഡാൽഡയുടെ മണം തിങ്ങിയ ഗോതമ്പു ചോറിന്റെ തീവ്രസുഗന്ധം വലിച്ചു കേറ്റിക്കൊണ്ട് വീടുകളിലേക്ക് ഉണ്ണാൻ ഓടി. സ്കൂൾ തിണ്ണയിൽ
തൂക്കുപാത്രവുമായി കുട്ടികൾ അനുസരണയോടെ നിരന്നു.
രാവിലെയും
ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം ബെല്ലടിക്കുന്നത് ഒരു തടിയനായിരുന്നു. തടിച്ച ചുണ്ടുകളും തടിച്ച കഴുത്തും തടിച്ച കൈകാലുകളും ഉരുണ്ട വയറും മങ്ങിയ കണ്ണുകളുമുള്ള ഒരു യുവാവായിരുന്നു അയാൾ. അയാളെ എല്ലാവരും മണ്ടൂർ എന്ന് വിളിച്ചു. മണ്ടൂർ കുട്ടികളെ കണ്ടു മനോഹരമായി പുഞ്ചിരിച്ചു. കുട്ടികൾ മണ്ടൂരിനെ അത്ഭുതത്തോടെ നോക്കിയിരുന്നു. റൈറ്റർ വിള സ്കൂൾ മണ്ടൂർ
ഇല്ലാതെ പൂർത്തിയാകില്ലായിരുന്നു. ഒന്നാം സാറിന്റെ മുറിയുടെ ജാലകത്തിനു പുറത്തെ വിശാലമായ തിണ്ണയിൽ മണ്ടൂർ കിടന്നുറങ്ങും. 'ബെല്ലടിക്ക് മണ്ടൂരെ' എന്ന് ഒന്നാം സാർ വിളിക്കുമ്പോൾ മണ്ടൂർ ഉണർന്ന് ബെല്ലടിക്കും. ഏത് ഉറക്കത്തിൽ ഉണർന്നാലും മണ്ടൂരിനു ഏത് ബെല്ലാണ് അടിക്കേണ്ടത് എന്നറിയാം. ക്ലാസ്സിൽ കയറാൻ രാവിലെ കൂട്ടമണി. ഓരോ പിരിയഡ് തീരുമ്പോഴും ഓരോ ബെൽ. പെടുക്കാൻ പോകാൻ അഥവാ ഇന്ററീലിനു രണ്ടു മണി. പിന്നെ തിരികെ കേറാനും രണ്ടു മണി. വൈകുന്നേരം നാല് മണിയ്ക്ക് കൂട്ടമണി. മണ്ടൂർ തന്റെ കൃത്യം വളരെ കൃത്യമായി നിർവഹിച്ചിരുന്നതിനാൽ ഉച്ച കഴിയുമ്പോൾ കുട്ടികളുടെയെല്ലാം നോട്ടം മണ്ടൂരിന്റെ നേർക്കാണ്. മണ്ടൂരാകട്ടെ ഗോതമ്പു ചോറൊക്കെ തിന്ന് ക്ഷീണിച്ച് തിണ്ണയിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങുകയായിരിക്കും. കുട്ടികളെയെല്ലാം പേടിപ്പിച്ചു നിറുത്തിയിരുന്ന ഒന്നാം സാർ മണ്ടൂരിനോട് പക്ഷെ വളരെ കരുണയോടെ പെരുമാറി.
അറബിക്കഥകളിൽ
നിന്ന് ഇറങ്ങി വന്നവരെപ്പോലെയായിരുന്നു ഒന്നാം ക്ളാസ്സിലെയും രണ്ടാം
ക്ളാസിലെയുമൊക്കെ പെൺകുട്ടികൾ. മനോഹരമായ പേരുകൾ അവർക്കുണ്ടായിരുന്നു. സഫീന, ഷജീലാ, നാദിറ, ജമീന അങ്ങനെ എന്തെല്ലാം പേരുകൾ. മുയൽക്കുട്ടികളുടേത് പോലെ തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയുമൊക്കെയുള്ള സുന്ദരിമാർ. ഓരോ ബെഞ്ചിലും അഞ്ചും ആറും കുട്ടികൾ
കാണും. ബെഞ്ചിന് താഴെയാണ് സ്ലെറ്റും പെൻസിലും വെയ്ക്കുന്നത്. മിക്കവാറും എല്ലാവരുടെയും സ്ളേറ്റുകൾ പാതി ഉടഞ്ഞു ട്രാൻസിസ്റ്റർ പോലെ തൂക്കിപ്പിടിക്കാവുന്നവ ആയിരിക്കും. പിഞ്ഞിക്കീറിയ ഒന്നാം പാഠവും കയ്യിലുണ്ടാവും. പൊന്നമ്മ സാറിനാണ് ഈ കുട്ടികളുടെ ചുമതല
മുഴുവൻ. എല്ലാ വിഷയങ്ങളും അവർ തന്നെയാണ് പഠിപ്പിക്കുന്നത്. അവരുടെ നീൽ ബാഗിലെ രഹസ്യങ്ങൾ അപ്പോഴാണ് പുറത്ത് വരുന്നത്. കണക്ക് പഠിപ്പിക്കുമ്പോൾ, പല നിറത്തിലുള്ള ചുള്ളിക്കമ്പുകൾ
ചെറിയ കെട്ടുകൾ ആക്കി വെച്ചിരിക്കുന്നത് അവർ പുറത്തെടുക്കും. മലയാളം പഠിക്കുമ്പോൾ, പുതിയ പുതിയ സാധനങ്ങളുടെ പേരുകൾ വരുമ്പോൾ അവർ ആ സാധനം ബാഗിൽ
നിന്നെടുത്ത് കാണിക്കും. പൊന്നമ്മ സാർ ഇട്ട അടിത്തറയിലാണ് ബാക്കി എല്ലാ അധ്യാപകരും പിന്നെ അറിവുകൾ കല്ലുകൾ ഓരോന്നായി കെട്ടി ഉയർത്തിയത്. സ്കൂൾ വിടുമ്പോൾ
തള്ളക്കോഴിയുടെ പിന്നാലെയെന്നോണം കുട്ടികളെല്ലാം പൊന്നമ്മ സാറിനൊപ്പം കൊല്ലിമുക്ക് വരെ തിരികെ വരും. പിന്നെ ടാറ്റ പറഞ്ഞു കുട്ടികൾ അവരവരുടെ വീടുകളിലേക്ക് പോകും.
വക്കത്ത്
വേറെയും ലോവർ പ്രൈമറി സ്കൂളുകൾ ഉണ്ടായിരുന്നു.
ഹൈ സ്കൂളിന് പിന്നിലായി,
പ്രേതങ്ങൾ സഞ്ചരിക്കുന്ന ഇടവഴികൾ ചെന്ന് മുട്ടുന്നു എന്ന് തോന്നുന്ന ഒരിടത്തുള്ള മിഷൻ സ്കൂൾ. മരുതൻ
വിളാകം എന്ന സ്ഥലത്തുള്ള മറ്റൊരു സ്കൂൾ. പുളിവിളാകം
എന്ന് പേരുള്ള ഒരിടത്ത് കാവുകൾക്കരികിലായി വേറൊരു പ്രൈമറി സ്കൂൾ. ഇവയെക്കൂടാതെ,
പ്രബോധിനി യു പി എസ്
എന്ന് പേരുള്ള പുതിയകാവ് സ്കൂൾ. റയിൽവേ
ലൈനിന്റെ അപ്പുറത്തുള്ള സ്ഥലത്തായിരുന്നു പ്രബോധിനി സ്കൂൾ. അതിനാൽ
പാളത്തിനിപ്പുറത്തുള്ളവർ
അതിനെ വിദേശ സ്കൂൾ ആയി
കണ്ടിരുന്നു. എങ്കിലും എല്ലാ സ്കൂളുകളിലും ഒരു
പൊന്നമ്മ സാർ ഉണ്ടായിരുന്നിരിക്കണം. അവർ കുട്ടികളെ പാട്ട് പഠിപ്പിച്ചു. ഡാൻസ് പഠിപ്പിച്ചു. തിരിഞ്ഞു നോക്കുമ്പോൾ അവർ പഠിപ്പിച്ചത് പാട്ടോ നൃത്തമോ ആയിരുന്നില്ലെന്ന് തോന്നും. പക്ഷെ പാട്ടും നൃത്തവും മനസ്സിലും ശരീരത്തിലും ഉള്ള കുട്ടികളെ അവർ പ്രചോദിപ്പിച്ചു. അവർ വണ്ടായി, പൂവായി, പരുന്തായി, കടൽത്തിരയിലെ കപ്പലായി, കുഞ്ചിയമ്മയായി, കുഞ്ചുവായി, പറയും പനയും തലയും വലയും ഡപ്പിയും ഢമരുവും ജ്ചഷകവും ഋഷിയുമായി. അവർ തന്ന അക്ഷരം അമൃതായി.
- ജോണി
എം എൽ
Comments
Post a Comment