ഒരു ഗ്രാമത്തിന്റെ കഥ 15: വക്കം സിനിമാ കണ്ട കഥ
ആയിരത്തി
തൊള്ളായിരത്തി എഴുപത്തിയൊമ്പത് വരെ വക്കത്ത് ഒരു സിനിമാശാല ഉണ്ടായിരുന്നു. പുത്തൻ നടയിലെ എസ് എൻ ടാക്കീസ്. ഇടയ്ക്കും
മുറയ്ക്കും പ്രദർശനം നിന്ന് പോകുമെങ്കിലും അവിടെ സിനിമകൾ കാണിച്ചിരുന്നു. പുത്തൻ നടയിലെ ദീപാരാധന കഴിയുന്നത് വരെ ഓപ്പറേറ്റർ സാർ കാത്തു നിൽക്കും. ദീപാരാധന കഴിഞ്ഞാൽ ഉടൻ പാട്ട് വെയ്ക്കും. ഒന്നാമത്തെ കളി ആറര മണിയ്ക്ക്. രണ്ടാമത്തെ കളി ഒമ്പതര മുതൽ പന്ത്രണ്ടു വരെ. പതിനാറ് റീല് വരെയൊക്കെയാണ് സിനിമകൾ. രണ്ടര മണിക്കൂർ നീളം കുറഞ്ഞത് കാണും ഒരു സിനിമയ്ക്ക്. കൊടുത്ത കാശിനു മുതലാകണം. കുറഞ്ഞത് നാല് പാട്ട്, നാല് ഇടി, കുറെ ഹാസ്യം, കുറെ കണ്ണീർ, പിന്നെ സിനിമയെ മുൻപോട്ട് കൊണ്ടുപോകാൻ സമ്പന്ന ഗൃഹത്തിലെ പെൺകുട്ടിയെ പ്രേമിക്കുന്ന ഒരു കാമുകനും ഉണ്ടാകും. മിക്കവാറും എല്ലാ സിനിമകളുടെയും തീം ഏറിയും കുറഞ്ഞും ഇതൊക്കെ ആയിരുന്നു. ആദ്യകാലത്ത്, അതായത് നീലക്കുയിൽ, നല്ല തങ്ക, ജീവിത നൗക എന്നൊക്കെയുള്ള സിനിമകൾ ഉണ്ടാകുന്ന കാലത്ത്, വേറൊരു രീതിയിൽ പറഞ്ഞാൽ തിക്കുറിശ്ശി സുകുമാരൻ നായർ സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്ന കാലത്ത് മലയാള സിനിമകൾ ഉണ്ടായത് മദ്രാസിൽ ആയിരുന്നു. വർഷത്തിൽ നാലോ അഞ്ചോ ചിത്രങ്ങൾ. അതിനാൽ ഹിന്ദി സിനിമകളാണ് ആ കുറവ് നികത്തിയിരുന്നത്.
മലയാള സിനിമയ്ക്ക് സ്വന്തമായൊരു ഗാനശാഖ ഉണ്ടാകാൻ കാലതാമസം ഉണ്ടായതിനാൽക്കൂടി ആകണം ഇവിടെ തമിഴ് പാട്ടുകൾക്കും ഹിന്ദിപ്പാട്ടുകൾക്കും ഇത്ര പ്രചാരം ലഭിച്ചത്. ഏതാണ്ട് അറുപതുകൾ ആകുമ്പോഴേയ്ക്കും മലയാളസിനിമയ്ക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടായി വന്നു.
അറുപതുകൾക്ക്
ശേഷമുള്ള സിനിമകളിലാണ് സത്യനും നസീറും മധുവുമൊക്കെ പ്രത്യക്ഷപ്പെടുന്നതും താരപദവി കൈവരിക്കുന്നതും. എസ് എൻ ടാക്കീസിന്റെ പുഷ്കലകാലവും
ഇവരുടേത് തന്നെയായിരുന്നു. വക്കം ഗ്രാമത്തിലെയും പരിസരത്തെയും ഓടിട്ട തീയറ്ററുകളിൽ പ്രധാനമായിരുന്നു എസ് എൻ ടാക്കീസ്. എസ്
എൻ എന്ന് പറഞ്ഞാൽ ശ്രീ നാരായണ എന്നർത്ഥം. വളരെ മനോഹരമായ ഒരു മുഖപ്പാണ് അതിനുള്ളത്. സൂക്ഷിച്ചു നോക്കിയാൽ അതൊരു പള്ളിയുടെ മുഖപ്പാണോ എന്ന് തോന്നിപ്പോകും. ഒരു ഗോപുരം പോലെയാണ് മുഖപ്പ് ചെന്ന് അവസാനിക്കുന്നത്. അവിടെ ഒരു നീലനിറത്തിലുള്ള കൃഷ്ണൻ ഓടക്കുഴലും ഊതിക്കൊണ്ട് നിൽക്കുന്ന പ്രതിമയുണ്ട്. അതിനു നേരെ ചുവട്ടിലാണ് പ്രൊജക്ഷൻ റൂം. മുഖപ്പിന്റെ വലതു വശത്ത് ഒരു ചെറിയ മുറി തള്ളി നിൽപ്പുണ്ട്. അതിൽ നീലച്ചായം തേച്ച പലക കുറുകെ അടിച്ച ഒരു ജാലകം. അതിൽ ഒരു കൈപ്പത്തിയ്ക്ക് കടന്നു പോകാൻ കഴിയുന്ന രീതിയിലുള്ള രണ്ടു തുളകൾ. മറുവശത്ത് ഒരു ദ്വാരമുള്ള
മറ്റൊരു പലക. ഇത് തന്നെ ഇടതു വശത്തും ആവർത്തിക്കുന്നു. അതാണ് ടിക്കറ്റ് കൗണ്ടർ. വലതു വശത്തേത് സ്ത്രീകൾക്കും ഇടതു വശത്തേത് പുരുഷന്മാർക്കും ആണ്. ഒറ്റ ദ്വാരം 'റിസർവേഡിനും' ബാൽക്കണിക്കും ഉള്ളതാണ്. രണ്ടു ദ്വാരങ്ങളിൽ ഒന്ന് തറ അഥവാ ബെഞ്ചിനുള്ളതും
രണ്ടാമത്തേത് സെക്കന്റ് ക്ളാസ്സിനുള്ളതുമാണ്. ബെഞ്ച്, തടികൊണ്ടുള്ള
മടക്കു കസേര, ചൂരൽ വരിഞ്ഞ ചൂരൽക്കസേര, ബാൽക്കണിയിൽ ചൂരൽക്കസേര ഇങ്ങനെയാണ് സീറ്റുകൾ നിശ്ചയിച്ചിരുന്നത്. ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിക്കുന്ന ഒരു ചെറിയ വേലി ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ഓരോ വശത്തും ഓരോ വാതിലുകൾ, വാതിലിനുള്ളിൽ കട്ടിയുള്ള കറുത്തതോ നീലയോ ആയ തുണി കൊണ്ട്
കർട്ടൻ. മുപ്പത്തിയഞ്ച് എം എം സ്ക്രീൻ.
ഓടിട്ട മേൽക്കൂരയ്ക്ക് കീഴെ കാൻവാസ് തുണി കൊണ്ടുള്ള മേലാപ്പ്. അതിൽ നിന്ന് തൂങ്ങിയിറങ്ങുന്ന പുരാതനമായ ഫാനുകൾ.
ഹാളിനു
കൃത്യം മധ്യത്തായി ഒരു നാല്പത് വാട്ട് ബൾബ് മേൽക്കൂരയിൽ തൂങ്ങിക്കിടപ്പുണ്ട്. അത് അണയുന്നതോടെ സിനിമ തുടങ്ങാൻ പോകുന്നു എന്ന് മനസ്സിലാകും. അത് വരെ സ്ക്രീനിൽ ഫാനുകളും
തൂണുകളും നിഴലിട്ടു കാണാം. കപ്പലണ്ടിപ്പൊതികളുമായാണ് ആളുകൾ അകത്ത് കയറുന്നത്. കപ്പലണ്ടി തിന്നു കഴിഞ്ഞാൽ ഉടൻ തന്നെ ആ കടലാസ് നിവർത്തി
മടക്കി അമ്പുകൾ ഉണ്ടാക്കും. അത് മേലാപ്പിലെ തുണിയിൽ എറിഞ്ഞു നിർത്തുക എന്ന കർത്തവ്യം ബെഞ്ചുകാർ നിറവേറ്റും. അന്നൊക്കെ തീയറ്ററിനുള്ളിൽ ഇരുന്നു പുകവലിക്കാം. ഹാളിൽ പുകവലി പാടില്ല എന്ന് വളരെ വ്യക്തമായി എഴുതിക്കാണിക്കും എന്നത് വേറെ കാര്യം. എസ് എൻ ടാക്കീസിൽ, മറ്റെല്ലാ
സിനിമാ തീയറ്ററുകളെയും പോലെ തന്നെ വെള്ളിയാഴ്ചയാണ് സിനിമ മാറുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ മാറ്റിനി ഉണ്ടായിരിക്കൂ. ആ മൂന്നു ദിവസങ്ങളിലാണ്
സ്ത്രീകൾ സിനിമ കാണുന്നത്. രാത്രീകൾ സ്ത്രീകൾക്ക് അപ്രാപ്യമായിരുന്നു. അതിനാൽ ആഴ്ച ദിവസങ്ങളിൽ രാത്രിയുള്ള കളികൾ കാണാൻ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത കടയിൽ കപ്പലണ്ടിയും സോഡയും മറ്റു തീറ്റിപ്പണ്ടങ്ങളും സിനിമാപ്പാട്ട് പുസ്തകങ്ങളും കിട്ടും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എസ് എൻ ടാക്കീസ് പരിസരത്തു
ഉത്സവം പോലെയായിരുന്നു. ഇന്ന സിനിമ എന്നില്ല. ഏത് സിനിമ വന്നാലും അത് കാണാൻ ആളുണ്ടാകും. സിനിമകളാണ് ഗ്രാമത്തിന്റെ സാംസ്കാരിക ഭൂമികയെ നിർവചിച്ചിരുന്നത്.
സിനിമ
വെറുതെയങ്ങ് മാറുകയല്ല. അതിന് ചില നടപടി ക്രമങ്ങളൊക്കെയുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ ഏതെങ്കിലും ഒരു ബസ്സിൽ ഒരു തകരപ്പെട്ടിയുമായി ഒരു റെപ്രെസെന്റേറ്റിവ് വരും. ആ പെട്ടിക്കുള്ളിലാണ് സിനിമ ഇരിക്കുന്നത്.
അയാൾക്ക് വലിയ വിലയാണ്. ചിലപ്പോൾ അയാൾ ഒരാഴ്ച വക്കത്ത് താമസിച്ചെന്നു വരും. അങ്ങനെയെങ്കിൽ അത് സ്വദേശാഭിമാനി പ്രസ് കിടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ, ടൈപ്പ് റൈറ്റിങ് ഇന്സ്ടിട്യൂട്ടിനും അപ്പുറത്തുള്ള ഒരു മുറിയിൽ ആയിരിക്കും. ഒരിക്കലും വക്കത്തുകാരാകാതെ വക്കത്ത് വന്നു ജീവിച്ചിട്ട് പോകുന്നവരായിരുന്നു ഈ മനുഷ്യർ. ഇവരുടെ
ഇടപാട് തീയറ്റർ ഉടമയുമായിട്ട് മാത്രമായിരിക്കും. പ്രാദേശികമായ ഒരു ബന്ധവും അവർ വെച്ച് പുലർത്തുന്നതായി കണ്ടിട്ടില്ല. അത് കഴിഞ്ഞാൽ ഏറ്റവും പ്രധാനം പരസ്യം വിളിച്ചു പറയലാണ്. ഒരു കാറിലാണ് പരസ്യം വരുന്നത്. ഓരോ വെള്ളിയാഴ്ചയും നാലോ അഞ്ചോ കാറുകൾ അങ്ങനെ വരും. ഗ്രാമത്തിൽ മാത്രമല്ല പരിസരത്തുള്ള പഞ്ചായത്തുകളിൽ നിന്നും പരസ്യവണ്ടികൾ വരും. കുട്ടികൾ അതിന്റെ പിന്നാലെ ഓടും. അവർ ഒരു സാമ്പത്തികശക്തി അല്ലാത്തതിനാൽ അവർക്ക് നോട്ടീസുകൾ കിട്ടുന്നത് വിരളം. എന്നാൽ ചില യുവതികൾ മതിൽ മറഞ്ഞു നിൽപ്പുണ്ടെന്ന് പരിചയം കൊണ്ട് കാറിലിരിക്കുന്നവർക്കറിയാം.
അവർ അങ്ങോട്ട് നോട്ടീസ് എറിയുക മാത്രമല്ല, " എസ് എൻ ടാക്കീസിന്റെ നയനമനോഹരമായ
വെള്ളിത്തിരയിൽ തുലാഭാരം" എന്ന് വിളിച്ചു പറയുകയും ചെയ്യും. ഇത്തരത്തിൽ നല്ല നോട്ടീസ് കളക്ഷൻ ഉള്ള ചേച്ചിമാർ ധാരാളമുണ്ടായിരുന്നു ഗ്രാമത്തിൽ.
ഇതുകൊണ്ടൊന്നും
സിനിമ ഓടില്ലല്ലോ. അവിടെയാണ് ഓപ്പറേറ്റർ വരുന്നത്. അയാൾ വലിയ ഗൗരവക്കാരനാണ്. അയാൾക്കൊരു സഹായിയും ഉണ്ടാകും. ആദ്യമായി തകരപ്പെട്ടി തുറന്ന് ഫിലിം റോളുകൾ എടുത്ത് സ്പൂളുകളിൽ ലോഡ് ചെയ്യുക എന്നത് അയാളുടെ ജോലിയാണ്. ലോകത്ത് തിരിച്ചു കറക്കി എന്തെങ്കിലും ചുറ്റിയെടുക്കുന്നുണ്ടെങ്കിൽ
അത് ഫിലിം മാത്രമാണ്. അങ്ങനെ ഫിലിം രണ്ടോ മൂന്നോ സ്പൂളുകളാക്കി എടുത്തു കഴിഞ്ഞാൽ അതിൽ റീല് ക്രമത്തിൽ പ്രോജെക്ടറിൽ ലോഡ് ചെയ്യുകയാണ്. പിന്നെ സിനിമാ തുടങ്ങാറാകുമ്പോൾ മഗ്നീഷ്യം ലാമ്പ് കത്തിച്ചു പ്രൊജക്ടർ തയാറാക്കും. അതിനു മുൻപേ ചെറിയൊരു പ്രോജെക്ടറിൽ നിന്ന് സ്ലൈഡുകൾ കാണിക്കും. നമസ്തേ, ഹാളിൽ പുകവലി പാടില്ല, മുൻ സീറ്റിൽ ചവിട്ടരുത്, മൂന്നു വയസ്സിനു മേലുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം, കറണ്ട് തകരാറു മൂലം ഷോ മുടങ്ങിയാൽ റിക്കറ്റ്
റീഫണ്ട് ചെയ്യുന്നതല്ല, ഉടൻ വരുന്നു തുടങ്ങിയ സ്ലൈഡുകൾ ആണ് കാണിക്കുന്നത്. അതായത് സ്വന്തം റിസ്കിലാണ് എല്ലാവരും സിനിമ കാണാൻ വന്നിരിക്കുന്നതെന്ന് ആദ്യമേ പറഞ്ഞു കൊണ്ടാണ് തുടക്കം. കള്ളക്കളിയില്ല. പിന്നെ പൊട്ടും പൊടിയുമായി ആറ്, അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന്, അധിക ചിഹ്നം എന്നൊക്കെയായി വലിയ പ്രൊജക്ടർ പണി തുടങ്ങും. ഉദയ, ജെമിനി, നീലാ, മഞ്ഞിലാസ് തുടങ്ങിയവയായിരുന്നു പ്രധാന നിർമ്മാണക്കമ്പനികൾ. ഓരോ അഞ്ചു റീല് കഴിയുമ്പോഴും റീല് റീലോഡ് ചെയ്യാനായി സിനിമയുടെ രസച്ചരട് മുറിക്കേണ്ടി വരും. അപ്പോഴാണ് റോക്കറ്റ് വിടലും വിസിലടിയും ബീഡിവലിയും ഒക്കെ നടക്കുന്നത്. ഇനി ആരും ആഘോഷിക്കാത്ത ചിലർ കൂടിയുണ്ട് സിനിമയുടെ വിജയത്തിൽ. അത് പോസ്റ്റർ ഒട്ടിക്കുന്നവരും, പോസ്റ്റർ കടകളിൽ കൊണ്ട് പോയി ചാക്ക് കൊണ്ടുണ്ടാക്കിയ ചട്ടത്തിൽ കുത്തി വെയ്ക്കുന്നവരുമാണ്. ഒരു വണ്ടിക്കട പ്രധാനമാകണമെങ്കിൽ അവിടെ സിനിമാപരസ്യം ഉണ്ടായിരിക്കണം.
എസ്
എൻ ടാക്കീസിന്റെ ജീവചരിത്രത്തിൽ ഇന്നേവരെ ഒരു റിലീസ് പടവും കളിച്ചിട്ടില്ല. "ഏറ്റവും പുതിയ ചലച്ചിത്ര കാവ്യം" എന്ന് മൈക്കിൽ അനൗൺസ് ചെയ്തുകൊണ്ട് പോകുന്നത് കേട്ടാൽ ഉറപ്പാക്കാം അത് ഒരു വര്ഷം മുൻപ് ഏറ്റവും പുതിയതായിരുന്നു എന്ന്. വക്കത്ത് അധികമാരും ശ്രദ്ധിക്കാതെ ഒരു ചെറിയ തീയറ്റർ കൂടി ഉണ്ടായിരുന്നു. വെളിവിളാകം ക്ഷേത്രം കഴിഞ്ഞു കുറേക്കൂടി മുന്നോട്ട് പോകുമ്പോൾ കുറെ ചെറുപ്പക്കാർ താമസിച്ചിരുന്ന ഒരു ലോഡ്ജ് ഉണ്ടായിരുന്നു. അതിന്റെ തൊട്ട് എതിർവശത്തായി ഒരു ചെറിയ ഓല തീയറ്റർ പ്രവർത്തിച്ചിരുന്നു.
റോയൽ തീയറ്റർ എന്നായിരുന്നു അതിന്റെ പേര്. പക്ഷെ കടയ്ക്കാവൂരും അല്ല നിലക്കാമുക്കും അല്ല വക്കവും അല്ലാത്ത ഒരിടത്തായതിനാൽ അവിടെ വരുന്ന സിനിമകൾ കാണാൻ ആരും പോകുമായിരുന്നില്ല. വളരെ വിചിത്രങ്ങളായ സി ഗ്രേഡ് സിനിമകൾ
ആണ് അവിടെ കളിച്ചിരുന്നത്. എഴുപതുകളുടെ മധ്യത്തിൽത്തന്നെ അത് പൂട്ടി. പിന്നെയുള്ളത് കടയ്ക്കാവൂർ പ്രഭാത് ആണ്. ഇപ്പോൾ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് നിൽക്കുന്നതിന് സമാന്തരമായിരുന്നു ആ തീയറ്റർ പ്രവർത്തിച്ചിരുന്നത്.
എൺപതുകളുടെ ഒടുക്കം വരെയും ആ തീയറ്റർ സജീവമായിരുന്നു.
കുറേക്കൂടി സജീവമായ സിനിമകൾ വന്നിരുന്നത് തികഞ്ഞ ഓലക്കൊട്ടക ആയിരുന്ന കടയ്ക്കാവൂർ സെൻട്രലിൽ ആയിരുന്നു. വക്കത്തുകാരെ സംബന്ധിച്ചിടത്തോളം ഈ രണ്ടു തീയറ്ററുകളും
കഴിഞ്ഞാൽ പിന്നെ ആശ്രയിക്കേണ്ടിയിരുന്നത് ചിറയിൻകീഴ് ഖദീജയും അംബികയും സജ്ന തീയേറ്ററും ആയിരുന്നു. സൈക്കിളിൽ പോകാം
അല്ലെങ്കിൽ റെയിൽപ്പാളം വഴി നടന്നു പോകാം എന്ന എളുപ്പം ഉണ്ടായിരുന്നു എന്നതാണ് ഇതിനു കാരണം. ആറ്റിങ്ങലിൽ ഗൗരി തീയറ്ററാണ് ഉണ്ടായിരുന്നത്. അത് മാമം റോഡ് വരെ എത്തേണ്ടിയിരുന്നതിനാൽ അധികം ആളുകൾ പോയിരുന്നില്ല. എൺപതുകളുടെ തുടക്കത്തിലാണ് ആർ എൻ പി
യും എസ് ആറും വരുന്നത്. വർക്കലയിൽ എസ് ആറും വിമലയും കൂടാതെ മൈതാനത്തു സൈനയും സ്റ്റേഷൻ കഴിഞ്ഞയുടൻ വാസുവും ഉണ്ടായിരുന്നു.
ചുറ്റുവട്ടത്തുള്ള
ഗ്രാമത്തിലൊക്കെ എത്ര തീയറ്ററുകൾ ഉണ്ടെങ്കിലും അത് സ്വന്തം ഗ്രാമത്തിൽ ഉള്ളത് പോലെ വരുമോ? എസ് എൻ ടാക്കീസ് അടച്ചത്
യുവാക്കൾക്കും ഗ്രാമത്തിലെ സിനിമാ പ്രേമികൾക്കും വലിയൊരു അടിയായിപ്പോയി. കുട്ടികൾ അടഞ്ഞ തീയറ്ററിന്റെ കമ്പി വാതിലിൽ പിടിച്ചു പുല്ലുപിടിച്ചു കിടന്ന അതിന്റെ വളപ്പിലേക്ക് നോക്കി. അകത്ത് നസീറും സത്യനും ഉമ്മറും മധുവും വിൻസെന്റും ജോസ്പ്രകാശും ജയഭാരതിയും ഷീലയും കനകദുർഗയും വിജയശ്രീയും ഒക്കെ പ്രേതരൂപികളായി അലഞ്ഞു നടക്കുന്നു. തീയറ്ററിനുള്ളിൽ ശബ്ദം കേൾക്കുണ്ടോ? ആരുമറിയാതെ അവിടെ സിനിമാ കാണിക്കുണ്ടോ? രണ്ടു പാളികളുള്ള തടി വാതിലായിരുന്നു പ്രൊജക്ഷൻ റൂമിനു ഉണ്ടായിരുന്നത്. അതിന്റെ മുന്നിൽ ചെന്ന് കൊതിയോടെ ഉള്ളിലേയ്ക്ക് നോക്കി നിന്നാൽ ചിലപ്പോൾ കരുണ തോന്നി ഓപ്പറേറ്റർ സാർ ചില ഫിലിം തുണ്ടുകൾ എടുത്ത് പുറത്തേക്കിടും. കുട്ടികൾ അത് അടികൂടി സ്വന്തമാക്കും. അങ്ങനെ സ്വന്തമാക്കിയ ഫിലിമുകൾ ഉപയോഗിച്ചാണ് വീടുകളിൽ കുട്ടികൾ സിനിമ കാണിച്ചത്. ഒരു ബൾബ് തുരന്ന് അതിൽ വെള്ളം നിറച്ചാൽ അത് ലെൻസ് ആയി. അതിനെ ഒരു ബേസ്ബോർഡ് കൂടിൽ കയറ്റി വെയ്ക്കും. ഒരു കഷ്ണം ബേസ്ബോർഡിൽ ഒരു ഫിലിം കയറ്റി വെച്ച് ലെന്സിനു മുന്നിൽ അല്പദൂരത്തിലായി സ്ഥാപിക്കും. പിന്നെ ദൂരെ നിന്ന് മുഖക്കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശം ഈ ബൾബ് ലെൻസിലേയ്ക്ക്
കടത്തി വിടും. സാമാന്യം ഒരു ടെലിവിഷൻ സ്ക്രീനിന്റെ വലുപ്പത്തിൽ
വീട്ടിനുള്ളിൽ നസീറും ഷീലയുമൊക്കെ മുഖാമുഖം നിൽക്കും. ശരപഞ്ജരം എന്ന സിനിമയുടെ ഓർമ്മകൾ ആളുകളെ വിട്ടുപോയില്ല. കുട്ടികൾ മതിലിൽ ഒക്കെ തടവി നോക്കി; ജയന്റെ മസിൽ കുതിരയെ തടവുമ്പോൾ അടുക്കുന്നത് പോലെ അടുക്കുന്നുണ്ടോ? എസ് എൻ ടാക്കീസ് എന്ന
കെട്ടിടത്തിന് ജീവനുണ്ടെന്ന് തോന്നിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നത് കൃഷ്ണന്റെ മുന്നിൽ കാത്തിരുന്ന ഒരു ചുവന്ന സീറോ വാട്ട് ബൾബ് മാത്രമായിരുന്നു.
കാലം
കഴിഞ്ഞപ്പോൾ, അതായത് എൺപതുകളുടെ മധ്യമൊക്കെ ആയപ്പോൾ ഗ്രാമത്തിലെ നവയുവാക്കൾ എസ് എൻ ടാക്കീസിന്റെ പ്രൊജക്ഷൻ
റൂമിന്റെ തിണ്ണ കയ്യടക്കി. അവിടെ സ്ഥിരം ഇരിപ്പുകാരിൽ പ്രധാനികളായിരുന്നു പുന്നാക്കൂട്ടത്തിലെ സുരേഷ്, നിത്യൻ, നൗഷാദ്, അവശൻ എന്ന വിളിപ്പേരുള്ള ഷാജി തുടങ്ങിയവർ. അവരെ കാണാനും സംസാരിക്കാനും അവരെക്കാൾ ഇളയതായ പയ്യന്മാരും അവിടെ ചെല്ലും. ചിലർ സൈക്കിളിൽ നിന്ന് ഇറങ്ങാതെഇരിക്കും. ആരും ആരെയും ശല്യപ്പെടുത്തിയില്ല. പുത്തൻ നടയുടെ പിറകിൽ യുവാക്കൾ അപ്പോഴും വോളീബാൾ കളിക്കുന്നുണ്ടാകും. ചീട്ടുകളിക്കാർ കുണുക്കും തൂക്കി പലേടങ്ങളിൽ ഉണ്ടാകും. നീണ്ടുരുണ്ട തൂണുകളുള്ള ആനക്കൊട്ടിലിൽ ഭക്തർ സ്ഥലം പിടിച്ചിരിക്കും. പണി കഴിഞ്ഞു ചിലർ നടയിലെ കിണറ്റിൻ കരയിൽ നിന്ന് വെള്ളം കോരി തലവഴി ഒഴിച്ച്, ചെമ്പരത്തിയിലയിൽ പൊതിഞ്ഞ കാര്ബാളി സോപ്പ് അഥവാ ലൈഫ്ബോയ് സോപ്പ് തേച്ചു കുളിക്കുന്നുണ്ടാകും. ദീപാരാധനയ്ക്ക് മണിയടിയ്ക്കുമ്പോൾ അവരും ആനക്കൊട്ടിലിൽ ഉണ്ടാകും. കുട്ടികൾ ആമപ്പുറത്തിരിക്കുന്ന കൊടിമരത്തിന് മുന്നിൽ 'പോറ്റി ഒത്തിക്കുറി" (പോറ്റീ അല്പം ചന്ദനം എന്നാണ് അർഥം) എന്ന് പറഞ്ഞു കൊണ്ട് കലമ്പൽ കൂട്ടുന്നുണ്ടാകും. കടാക്ഷശാസ്ത്രപഠിപ്പ് ഇല്ലെങ്കിലും അതൊന്നു പയറ്റാൻ വെമ്പുന്ന ഗ്രാമീണ കന്യകമാർ പകുതി മനസ്സ് ശിവങ്കലും പകുതി എസ് എൻ ടാക്കീസിന്റെ തിണ്ണയിലിരിക്കുന്ന
പയ്യന്മാരുടെ കുസൃതികളിലും അർപ്പിച്ചു തൊഴുതു നിൽക്കുന്നുണ്ടാകും.
"ദേവീ
ക്ഷേത്ര നടയിൽ ദീപാരാധന വേളയിൽ ദീപസ്തംഭം തെളിയിച്ചു നിൽക്കും ദേവികേ നീയൊരു കവിത ത്രിസന്ധ്യയെഴുതിയ കവിത." 1977 -ൽ ഇറങ്ങിയ, സോമനും
ജയഭാരതിയും നടിച്ച പല്ലവി എന്ന ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തിയത്
കണ്ണൂർ രാജൻ. പറതുള്ളി രവീന്ദ്രൻ എന്നൊരാളാണ് ഹൃദയസ്പർശിയായ ഈ വരികൾ എഴുതിയിരിക്കുന്നത്.
പുത്തൻ നടയിൽ അന്നുണ്ടായിരുന്ന ഒരു വൈകാരികാവസ്ഥ ഇതല്ലാതെ മറ്റൊന്നും ആയിരുന്നില്ല. പഴയൊരു ചിട്ടയെന്ന പോലെ ദീപാരാധന കഴിഞ്ഞു, സ്ത്രീകളെല്ലാം ഇടവഴികൾ കയറി പൂവിതളുകൾ ഇലച്ചാർത്തുകളിൽ മറഞ്ഞു പോകുന്നത് പോലെ നടന്നു പോയ്ക്കഴിയുമ്പോൾ ഈ യുവാക്കൾ നേരെ
തിരിഞ്ഞിരിക്കും. അവർ അപ്പോൾ നോക്കുന്നത് ഒരാൾ വന്നു തുറന്ന പ്രൊജക്ഷൻ റൂമിലേയ്ക്കായിരിക്കും. പഴയ പ്രൊജക്ടർ ഇരുന്നിരുന്നിടത്ത് ഇപ്പോൾ ഒരു മേശ. അതിന്മേൽ ഒരു ടെലിവിഷൻ. തിരുവനന്തപുരം ദൂരദർശനിൽ നിന്ന് അക്കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് സംപ്രേഷണം മാത്രമേ ഉള്ളൂ. നിറമുള്ളത് കാണാൻ എട്ടു മണിയ്ക്കുള്ള ഡൽഹി റിലേ വരെ കാക്കണം. അങ്ങനെ ഒരു വലിയൊരു സിനിമാ ശാല ചെറിയൊരു ടെലിവിഷൻ പ്രദർശന വേദിയായി മാറി. നാട്ടിലെ പല റേഡിയോ കിയോസ്കുകളും
പിന്നീട് ടെലിവിഷൻ കിയോസ്കുകളായി. അക്കാലത്ത് എല്ലാ വീട്ടിലും ടെലിവിഷൻ വന്നു തുടങ്ങിയിട്ടില്ല.
അപ്പോഴാണത്
സംഭവിക്കുന്നത്. ചന്തമുക്കിൽ, കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതിന് തൊട്ടരികിലായുള്ള ഒഴിഞ്ഞ പുരയിടത്തിൽ എന്തൊക്കയോ പണികൾ നടക്കുന്നു. കുറേപ്പേർ നിന്ന് നിലം നിരപ്പാക്കുന്നു. പാറകൾ ലോറികളിൽ വന്നിറങ്ങുന്നു. ആളുകൾ പലതും പറയുന്നു. അപ്പോൾ ആരോ ഒരു വെളിപാട് ലഭിച്ചത് പോലെ പറയുകയാണ് വക്കത്ത് ഒരു പുതിയ സിനിമാശാല വരാൻ പോകുന്നു. ആന്ദനലബ്ധിയ്ക്കിനി എന്ത് വേണം. 1980 -81 കാലയളവിലാണ് ഇത് സംഭവിക്കുന്നത്. ഏതു തരത്തിലുള്ള സിനിമാ ശാല ആയിരിക്കണം വരാൻ പോകുന്നത് എന്നൊരു പിടുത്തവും ഇല്ല. സ്കൂളിൽ പോകുന്ന
കുട്ടികൾക്ക് ഇരിക്കപ്പൊറുതിയില്ലെന്നായി.
സ്കൂൾ എങ്ങനെയെങ്കിലും വിറ്റാൽ തീയറ്റർ കെട്ടുന്ന സ്ഥലത്ത് വന്നു കറങ്ങിത്തിരിഞ്ഞു നിൽക്കുന്നതായി അവരുടെ പതിവ്. "മാമാ, എപ്പോൾ സിനിമാക്കൊട്ടകയുടെ പണി തുടങ്ങും?" മാനേജരായി നിൽക്കുന്ന മനുഷ്യനോട് കുട്ടികൾ ചോദിക്കും. "എടാ ...ഈ അടിസ്ഥാനമെങ്കിലും ഒന്ന് കെട്ടിക്കോട്ടെ,
എന്നിട്ടു പറയാം," അയാൾ അനുഭാവപൂർവം കുട്ടികളോട് പറയും. അയാൾക്കറിയാം കുട്ടികൾ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ഈ സിനിമാക്കൊട്ടകയെന്ന്. ഏറ്റവും വലിയ
കാര്യം ഇത് അവരുടെ സമയത്ത് അവരുടെ കണ്മുന്നിൽ കെട്ടിയുയരുന്ന ഒന്നാണ്. പിൽക്കാലത്ത് അവർക്ക് പറയാനും പാടാനും പറ്റിയ ഒരു കാര്യം. സിനിമാക്കൊട്ടക വന്നാൽ ചന്തമുക്ക് പച്ച പിടിക്കുമെന്നും കൂടുതൽ ബിസിനസുകൾ വരും എന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ സ്കൂളിൽ പിള്ളേരുടെ
എണ്ണം കുറയുമെന്ന് ചിലർ തമാശ പറഞ്ഞു. സിനിമ വന്നാൽ പുതിയ ഫാഷനും വരും. അതോടെ തന്റെ തയ്യൽക്കടയിൽ തിരക്കേറും എന്ന് ശ്രീനിയണ്ണൻ ചിന്തിച്ചു. അവിടെ സോഡാ നാരങ്ങാവെള്ളം കട നടത്തിയിരുന്ന ആൾ
തനിക്ക് വരാൻ പോകുന്ന ബിസിനസ് വളർച്ചയെ സ്വപ്നം കണ്ടു. കുമാറിന്റെ ചായക്കടയിൽ ഇനി ആൾത്തിരക്കാകും അതിനാൽ അല്പം ഉത്സാഹിക്കണം എന്ന് കുമാറിന്റെ അച്ഛനോട് കുമാറിന്റെ 'അമ്മ പറഞ്ഞു.
കുട്ടികൾ
രാവും പകലും സ്വപ്നം കണ്ടു; അവർ ആ സിനിമാശാലയിൽ ഇരുന്ന്
സിനിമ കാണുന്ന ദിവസം. അത് വീട്ടുകാരോട് ഒപ്പമല്ല; ഒന്നുകിൽ കൂട്ടുകാർക്കൊപ്പം അല്ലെങ്കിൽ തനിച്ച്. സിനിമയ്ക്ക് ഒറ്റയ്ക്ക് പോവുക എന്നതിനർത്ഥം വളർന്നു എന്നാണ്. സിനിമ ഒറ്റയ്ക്ക് കാണാൻ പോകുന്നവരെ ആളുകൾക്ക് ബഹുമാനമാണ്. പെൺകുട്ടികൾ സിനിമ കാണാൻ ഒറ്റയ്ക്ക് പോകാറില്ല; അതിനാലാണോ അവരെ ആളുകൾ ബഹുമാനിക്കാതിരുന്നത്. ബഹുമാനക്കുറവ് ഉണ്ടായിട്ടാവില്ല, ഈ സിനിമാക്കൊട്ടകയിൽ പെൺകുട്ടികൾക്കും ഫസ്റ്റ് ഷോയും
സെക്കൻഡ് ഷോയും കാണാൻ പോകാം; വീട്ടുകാർ കൂടെ വേണം എന്ന് മാത്രം. എസ് എൻ ടാക്കീസ് പോലല്ല.
ഇതഃ ആധുനികമാണ്. ഇങ്ങനെയൊക്കെ കുട്ടികൾ ചിന്തിക്കാൻ തുടങ്ങി. കമനീഷിന്റെയും അബു ശിവദാസിന്റെയും മനോജ് ബാബുവിന്റെയും സുനിലാലിന്റെയും നജീബിന്റേയും ഹാരിഷിന്റെയും ഒക്കെ ഓർമ്മകളിൽ വക്കത്തെ സിനിമാ തീയേറ്ററിന് ഒറ്റ മണമേ ഉള്ളൂ. അത് പച്ച മുളംചീന്ത് കീറി പായയുണ്ടാക്കിയത് ഉണങ്ങുമ്പോഴുള്ള മണമാണ്. പിന്നെ അതിൽ കരി ഓയിൽ അടിക്കുന്ന മണം. പിന്നെ വലിയ ഇരുമ്പു തൂണുകളിൽ അടിച്ച ചുവന്ന പെയിന്റിന്റെ മണം. സിനിമാസ്കോപ്പ് സ്ക്രീനിന്റെ മണം.
എല്ലാറ്റിനുമുപരി ചുവന്ന അപ്പോൾസ്റ്ററി കൊണ്ട് കവർ ചെയ്ത പുഷ് ബാക് സീറ്റുകളുടെ മണം. വക്കം സ്കൂളിലെ കുട്ടികൾ
ആ തീയറ്ററിന്റെ ഇഞ്ചോട് ഇഞ്ചു നിർമ്മിക്കാൻ കൂടെ നിൽക്കുകയായിരുന്നു.
ഒരു
ദിവസം അവർക്ക് ആ സിനിമ ശാലയിൽ
പ്രവേശനം നിഷേധിക്കപ്പെട്ടു. മാനേജർ മാമൻ പറഞ്ഞു, "ഇനി ഇലക്ട്രിക് പണിയാണ് നടക്കുന്നത്. അതിനാൽ നിങ്ങൾ കയറേണ്ട. എല്ലാം റെഡിയാകുമ്പോൾ നിങ്ങളെ ഞാൻ കയറ്റി കാണിക്കാം." പൊടുന്നനെ ആ സിനിമാ തീയറ്റർ
ഒരു നിഗൂഢ സംഗതിയായി. എല്ലാ വാതിലുകളും അടഞ്ഞു കിടക്കുന്നു. പുറത്തു നിന്ന് കുട്ടികൾ അകത്തെ വിശേഷങ്ങൾ ഓർത്തെടുത്തു. എല്ലാം കസേരയാണ് ; മുൻപിൽ മുതൽ പിന്പിൽ വരെ. ബാൽക്കണി ഇല്ല. തേർഡ് ക്ളാസിൽ ചുവന്ന
കസേര , പക്ഷെ കുഷ്യൻ ഇല്ല. രണ്ടാം ക്ളാസിൽ കുഷനുള്ള
ചുവന്ന കസേര. ഒന്നാം ക്ളാസ് അഥവാ
റിസേർവേഡിൽ പുഷ് ബാക്ക് ഉള്ള കസേര. ആണുങ്ങൾക്ക് ഇടത് വശത്തൂടെ പ്രവേശനം, സ്ത്രീകൾക്ക് വലതു വശത്തു കൂടിയും. സൈക്കിൾ പാർക്കിങ്ങ് ഉണ്ട്. ഇടവേളയിൽ കപ്പലണ്ടിയും സിഗരറ്റും വാങ്ങാൻ ഒരു കടയും തയാറാകുന്നു. അങ്ങനെയിരിക്കെയാണ് ഒരു അടച്ചുപൂട്ടിയ ലോറി വന്നു നിന്നത്. അതിൽ നിന്ന് പ്രൊജക്ടർ പുറത്തിറക്കി. കുട്ടികൾ കൂടി നിന്ന് വായിച്ചു: ഫോട്ടോഫോൺ. അതായിരുന്നു ആ കമ്പനിയുടെ പേര്.
ഇനി വക്കത്തുള്ളവർ കാണുന്ന സിനിമകളെല്ലാം ഈ യന്ത്രത്തിലൂടെയായിരിക്കും. അങ്ങനെയിരിക്കെ ഒരു ബോർഡ് പൊങ്ങി: ശശി സിനിമ. വക്കത്ത് ഇതാ സ്വന്തം തീയറ്റർ; വക്കം ശശി. ആദ്യം ആദ്യം ആളുകൾ അമ്പരന്നു. ശശി സിനിമയോ. ടാക്കീസ്, കൊട്ടക, തീയറ്റർ, ഹാൾ, ഓഡിറ്റോറിയം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ സിനിമ എന്നതിന് സിനിമ കാണിക്കുന്ന തീയറ്റർ എന്ന അർഥം കൂടിയുണ്ടെന്ന് ആളുകൾ അപ്പോഴാണ് അറിയുന്നത്. വക്കത്തുള്ളവരുടെ നിഘണ്ടുവിൽ ഒരു വാക്ക് കൂടി കയറിപ്പറ്റി.
ഇന്ത്യൻ
സൈന്യത്തിൽ ഒരു ഉയർന്ന പദവി വഹിച്ച ശശീന്ദ്രൻ എന്ന യുവാവിന്റെ ഓർമ്മയ്ക്കായാണ് കുടുംബക്കാർ സിനിമാ തീയേറ്ററിന് ശശി സിനിമ എന്ന് പേരിട്ടത്. 1981 -ലെ ഓണത്തിനായിരുന്നു ഉദ്ഘാടനം.
യേശുദാസ് ആണ് ഉദ്ഘാടകൻ. ഉദ്ഘാടന ചിത്രം, കള്ളൻ പവിത്രൻ. നെടുമുടി വേണു, അടൂർ ഭാസി, കൊടിയേറ്റം ഗോപി എന്നിവരൊക്കെയുള്ള സിനിമ. അത് അത്ര നല്ല തെരെഞ്ഞെടുപ്പായിരുന്നോ എന്നൊരു സംശയം കുട്ടികൾക്ക് തോന്നാതിരുന്നില്ല. കുട്ടികൾക്ക് ഇഷ്ടം ജയന്റെ സിനിമയായിരുന്നു. ജയൻ അന്ന് കത്തിജ്വലിച്ചമർന്ന താരമാണ്. കുട്ടികളുടെ നോട്ട് ബുക്കിന്റെ കവർ ചിത്രം ജയനാണ്. കോളിളക്കം എന്ന സിനിമ പ്രഭാതിൽ നിറഞ്ഞോടിയത് ആളുകൾ മറന്നിട്ടില്ല. ദീപം എന്ന സിനിമ കാണിച്ചു കൊണ്ടിരിക്കെ ഗൗരി തീയറ്ററിൽ ജയൻ മരിച്ചു എന്ന് സ്ലൈടെഴുതി കാണിച്ചപ്പോൾ കാണികൾ അന്തംവിട്ടു കരഞ്ഞു എന്ന് കേട്ടിട്ടുണ്ട്. പോരെങ്കിൽ ജയൻ അമേരിക്കയിൽ എന്ന ചിത്രകഥ ഇറങ്ങിയ കാലം. ജയൻ തിരികെ വന്നേക്കുമെന്നും ഒരു കണ്ണിനു മാത്രമേ പരിക്കുള്ളൂ എന്നും കുട്ടികൾ വിശ്വസിച്ചിരുന്ന കാലം. പദ്മരാജൻ ഒക്കെ ആർട്ട് സിനിമയുടെ ആളുകളാണ്. നെടുമുടി അപ്പോൾ മുഖ്യനടനായിട്ടു ഉയർന്നു വരുന്നതേയുള്ളൂ. മമ്മൂട്ടിയും മോഹൻലാലും തൊട്ടു കഴിഞ്ഞ വര്ഷങ്ങളിലാണ് രംഗത്ത് എത്തിയത്. പ്രേം നസീറിന് അന്നും താരമൂല്യം കുറഞ്ഞിട്ടില്ല. എന്നിട്ടും റിലീസ് ചിത്രമായി കിട്ടിയത് കള്ളൻ പവിത്രൻ എന്ന സിനിമയെ.
യേശുദാസ്
വന്നതായിരുന്നില്ല ആഘോഷം, വക്കത്ത് ഒരു സിനിമാശാല വന്നതായിരുന്നു. എന്തായാലും പദ്മരാജന് വക്കം ഗ്രാമവുമായി ചെറിയൊരു ബന്ധമുണ്ട്. പദ്മരാജന്റെ മറ്റൊരു ചിത്രമായ ഒരിടത്തൊരു ഫയൽവാൻ നിർമ്മിച്ചത് തുണ്ടത്തിൽ സുരേഷ് ആയിരുന്നു. വക്കവുമായി അടുപ്പമുള്ള ആളാണ് തുണ്ടത്തിൽ സുരേഷ്. അപ്പോൾ പദ്മരാജൻ ചിത്രം വക്കത്ത് റിലീസ് ചെയ്യുന്നതിൽ സാംഗത്യം ഇല്ലാതില്ല. എന്തായാലും വലിയ ആഘോഷമായിരുന്നു. അങ്ങനെ വക്കത്തുകാർ ഒരിക്കൽക്കൂടി വക്കത്ത് തന്നെ സിനിമ കാണാൻ തുടങ്ങി. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ സിനിമകൾ എല്ലാം കാണിക്കുമായിരുന്നു. നസീബ് എന്ന അമിതാഭ് ബച്ചൻ ചിത്രം ശശി സിനിമയിൽ വളരെയധികം ഓടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. വരാനിരിക്കുന്ന ചിത്രങ്ങളുടെ വൺ റീൽ കാണിക്കുന്ന
ഒരു പരിപാടിയുണ്ടായിരുന്നു. അതായിരുന്നു അടുത്ത സിനിമ കാണാൻ ആളുകളെ പ്രേരിപ്പിച്ചിരുന്നത്. എല്ലാ ദിവസവും മാറ്റിനിയുണ്ടായി. വക്കത്ത് ചന്തയിൽ വരുന്നവർ പോലും സമയമുണ്ടെങ്കിൽ ഒരു സിനിമ കാണാം എന്നുള്ള മാനസികാവസ്ഥയിൽ എത്തി. ഓണങ്ങളിൽ മോർണിംഗ് ഷോ ഉണ്ടായി. ഇതേ
സമയത്താണ് അഞ്ചുതെങ്ങിൽ ജീസസ് എന്നൊരു സിനിമാ ശാല ഉണ്ടായത്. അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ് സിനിമകളോടായിരുന്നു പ്രിയം; അതും പഴയ തമിഴ് സിനിമകൾ. മലയാളം കാണണമെന്നുള്ളപ്പോൾ അവർ കൂട്ടമായി വക്കം ശശിയിൽ വന്നു.
ശശി
സിനിമയുടെ വിജയമാണോ അതോ നിലയ്ക്കാമുക്കിൽ ഒരു സിനിമാ ശാല ഇല്ല എന്നുള്ള ചിന്തയായിരുന്നോ എന്തെന്നറിയില്ല, സിംഗപ്പൂരിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഗോപാലൻ എന്ന വ്യക്തി കടയ്ക്കാവൂരിൽ തിരികെ എത്തിയപ്പോൾ, കൈയിലുള്ള പണം വെച്ച് എന്തെങ്കിലും ചെയ്യണം എന്ന് ആലോചിച്ചപ്പോൾ മനസ്സിൽ വന്നത് ഒരു സിനിമാ ശാല തുടങ്ങുക എന്നതായിരുന്നു. ഭാര്യയുടെ പേരിൽ നിലയ്ക്കാമുക്കിൽ കുറെ പുരയിടം കിടപ്പുണ്ട്. അവിടെ ആധുനിക രീതിയിൽത്തന്നെ ഒരു സിനിമാ ഷാൾ നിർമ്മിച്ചു. 1984 ആരംഭിച്ച പണി 1985 -ൽ പൂർത്തിയാക്കി. അതായിരുന്നു
നിലയ്ക്കാമുക്ക് പദ്മാ തിയറ്ററിന്റെ ജനനം. ഉദ്ഘാടന ചിത്രം 'അക്കച്ചീടെ കുഞ്ഞുവാവ." സാജൻ എന്നായിരുന്നു സംവിധായകന്റെ പേര്. ശശി സിനിമ പോലെ തന്നെ വലിയ ആഘോഷമായിട്ടാണ് തുടങ്ങിയത്. വിശാലമായ ഹാൾ. സെവെൻറ്റി എം എം സ്ക്രീൻ. ഏറ്റവും പുതിയ സൗണ്ട് സിസ്റ്റം. എല്ലാം കൊണ്ടും ഗംഭീരം. സിനിമ തുടങ്ങുന്നതിനു മുൻപ് കർട്ടൻ ഉയരുന്ന പരിപാടിയൊക്കെ ഉണ്ട്. പതിനാലു വർഷം മലയാള സിനിമയുടെ ഗതിവിഗതികളെ കാട്ടിയശേഷം നിലയ്ക്കാമുക്ക് പത്മ എന്ന സിനിമാശാല അടച്ചു പൂട്ടി. ചില ലോണുകൾ ബാക്കിയുണ്ടായിരുന്നതിനാൽ ഇന്ദിരാ ഓഡിറ്റോറിയത്തിന്റെ നടത്തിപ്പുകാർക്ക് ആ കെട്ടിടവും പുരയിടവും
വിറ്റു. ഇപ്പോൾ അവിടെ കല്യാണ ഓഡിറ്റോറിയമാണ് പ്രവർത്തിക്കുന്നത്.
വക്കം
ശശിയും ഏകദേശം അതെ കാലത്ത് തന്നെ അടച്ചു പൂട്ടി. ഒരു അഗ്നിബാധയായിരുന്നു അടച്ചു പൂട്ടലിനെ പൂർത്തിയാക്കിയത്. ആ സന്ദർഭത്തിൽ കേരളത്തിൽ
അങ്ങോളം ഇങ്ങോളം സി ക്ളാസ്
തീയറ്ററുകളിൽ തീപിടുത്തം നടന്നു. കടത്തിൽ നിന്ന് കരകയറാൻ മുതലാളിമാർ നടത്തിയിരുന്ന അറ്റകൈയായിരുന്നു ഇത്തരം തീപിടുത്തങ്ങൾ എന്ന് പറയാറുണ്ട്. ഇൻഷ്വറൻസ് തുകയെങ്കിലും കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. വക്കം ശശിയുടെ കാര്യത്തിൽ അങ്ങനെയുണ്ടോ എന്നറിയില്ല. പക്ഷെ എൺപതുകളുടെ ഒടുക്കം ആകുമ്പോൾത്തന്നെ തീയറ്ററുകളുടെ കാര്യം അവതാളത്തിൽ ആയിത്തുടങ്ങിയിരുന്നു. പ്രത്യേകിച്ച് റിലീസ് പടങ്ങൾ കിട്ടാത്ത സി ക്ളാസ്
തിയറ്ററുകളുടെ കാര്യം. ഗൾഫ് മേഖല കേരളത്തിൽ കൊണ്ട് വന്ന വീഡിയോ കാസറ്റ് പ്ലെയറിലൂടെയാണ് ആദ്യം സിനിമാതീയറ്ററുകളുടെ കടയ്ക്കൽ കത്തി വീഴുന്നത്. വി എച്ച് എസ്
ടേപ്പുകൾ വാടകയ്ക്ക് കൊടുക്കുന്ന കാസറ്റ് ലൈബ്രറികൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടായി. തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ കാസറ്റുകളായി കേരളത്തിനുള്ളിൽത്തന്നെയോ അല്ലെങ്കിൽ ഗൾഫ് മേഖലയിൽ നിന്നോ വരാൻ തുടങ്ങി. അങ്ങനെ തീയറ്ററുകളിൽ പോയി സിനിമ കണ്ടുകൊണ്ടിരുന്ന വലിയൊരു വിഭാഗം ആളുകൾ തീയറ്ററിൽ നിന്ന് മാറുവാൻ തുടങ്ങി. ടെലിവിഷൻ ചാനലുകളും വീഡിയോ പൈറസിയുമാണ് സ്ത്രീകളെ ആദ്യം തീയറ്ററുകളിൽ നിന്ന് മാറ്റിയത്.
1997 -ലാണ്
വില്ലജ് റോഡ് ഷോ എന്ന കമ്പനിയുടെ
ആഭിമുഖ്യത്തിൽ പി വി ആർ
സിനിമ എന്ന പേരിൽ മുൾട്ടിപ്ളെക്സുകൾ ഡൽഹിയിൽ ആരംഭിക്കുന്നത്. പിന്നീടത് ഇന്ത്യയിൽ ഒരു ഫാഷൻ ആയി മാറി. മാളുകൾ വന്നതോടെ സിനിമ എന്നത് വളരെ വൈയക്തികമായ ഒരു അനുഭവമാക്കിത്തീർക്കാണ് കമ്പനികൾ ശ്രമിച്ചു. ഒരു ഫാമിലി ഔട്ടിങ് എന്ന രീതിയിൽ സിനിമാ കാണൽ മാറി. ഇതോടെ സി ക്ളാസ്
ബി ക്ളാസ് സിനിമാ
ശാലകളിൽ നിന്ന് ആളുകൾ മാറിപ്പോകാൻ തുടങ്ങി. സിനിമ ഒരിടത്ത് വലിയൊരു സംഘം ആളുകൾക്കൊപ്പം കാണുന്നതിൽ നിന്ന് മാറി, ചെറിയ തീയറ്ററുകളിൽ വലിയ സ്വകാര്യതയിൽ സിനിമാ കാണാം എന്ന സംവിധാനം വന്നു. എവിടെ ഏത് സിനിമ കാണുന്നു എന്നത് സാമൂഹിക സാമ്പത്തിക സ്ഥിതി നിര്ണയിക്കുന്നതിനുള്ള മാനദണ്ഡമായി. അതും കഴിഞ്ഞതോടെ സിഡികളിൽ സിനിമ വന്നു. ടോറന്റ് പോലുള്ള സൈറ്റുകളിൽ നിന്ന് ഏറ്റവും പുതിയ സിനിമ പോലും ഡൌൺലോഡ് ചെയ്യാമെന്നായി. സിനിമ കാണൽ എന്നത് രണ്ടര മണിക്കൂർ നീളുന്ന ഒരു സാമൂഹിക പരിപാടി എന്ന നിലയിൽ നിന്ന് മാറി വേണ്ട രംഗം തോന്നുമ്പോൾ തന്റെ ഫോണിൽ കാണാവുന്ന ഒരു സംഗതിയായി. മനുഷ്യൻ സിനിമ കാണാൻ പോകുന്നത് മാറി സിനിമ മനുഷ്യനെ കാണാൻ വന്നു തുടങ്ങി. ഇപ്പോൾ ആമസോൺ പ്രൈം, ഇൻസ്റ്റാഗ്രാം എന്നിവയാണ് സിനിമാനുഭവങ്ങളുടെ ഏറ്റവും പുതിയ ഇടം. അതും കഴിഞ്ഞു ഇപ്പോൾ സിനിമകൾ നേരിട്ട് സ്മാർട്ട് ഫോണുകൾ ഉൾപ്പെടെയുള്ള ഇന്റർഫേസുകളിലേയ്ക്ക് റിലീസ് ചെയ്യുന്ന രീതി ആരംഭിക്കാൻ പോകുന്നു. പോരെങ്കിൽ തൊണ്ണൂറുകളുടെ ഒടുക്കത്തോടെ സിനിമാ നിർമ്മാണം ഡിജിറ്റൽ ആവുകയും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ സിനിമാ പ്രോജെക്ഷൻ ഡിജിറ്റൽ ആയി മാറുകയും ചെയ്തു. സാറ്റലൈറ്റ്-നെറ്റ് ബേസ്ഡ് സിനിമ എക്സിബിഷൻ ആണ് ഇപ്പോൾ. പഴയ തകരപ്പെട്ടിയും ഫിലിം സ്പൂളും ചരിത്രമായി. അതോടെ പുതിയ സംവിധാനങ്ങളെ ഏറ്റെടുക്കാൻ സാമ്പത്തികമായി കഴിയാതിരുന്ന എല്ലാ സിനിമാ ശാലകളും പൂട്ടി. വക്കം ശശിയും നിലയ്ക്കാമുക്ക് പത്മയും ഈ സാമൂഹിക സാമ്പത്തിക
മാറ്റത്തിൽ തകർന്നവയാണ്. എങ്കിലും അവ ഒരു തലമുറയുടെ
ദൃശ്യസംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്.
- ജോണി
എം എൽ
Comments
Post a Comment