ഒരു ഗ്രാമത്തിന്റെ കഥ 12: സ്കൂൾ യുവജനോത്സവങ്ങളുടെ മധുരോദാരമായ സ്മരണകൾ
സ്കൂൾ യുവജനോത്സവം ഗ്രാമത്തിന്റെ മുഴുവൻ ഉത്സവമായിരുന്നു. എൺപതുകളുടെ തുടക്കം വരെ രാത്രിയിലും പരിപാടികൾ നടന്നിരുന്നു. ക്ഷേത്രങ്ങളിൽ ഉത്സവം കാണാൻ പോകുന്ന അതെ തിരക്കും തിടുക്കവുമായിരുന്നു സ്കൂൾ യുവജനോത്സവം
കാണാൻ പോകാനും. "കുഞ്ഞുങ്ങൾ കൈകാൽ പിഴച്ചു കളിക്കിലും കൗതുകമുണ്ടാം മാതാപിതാക്കൾക്ക്" എന്നൊരു കവിവാക്യം തന്നെ ഉണ്ടായിരുന്നല്ലോ. സ്കൂളിൽ പഠിക്കുന്ന
കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ മക്കൾ എന്തെങ്കിലും പരിപാടികളിൽ പങ്കെടുക്കുക എന്നത് അഭിമാനമുള്ള കാര്യം തന്നെയാണ്. എന്നാൽ മറ്റുള്ളവരുടെ കാര്യമോ. അവിടെയാണ്, ടെലിവിഷനും ഇന്റർനെറ്റും സ്മാർട്ട് ഫോണും ഒന്നും ഇല്ലാത്ത ആ സുവർണ്ണ കാലത്തിന്റെ
സവിശേഷതകൾ തെളിഞ്ഞു വരുന്നത്. വക്കം സ്കൂളിലെ കുട്ടികൾ
വക്കത്തെ എല്ലാ ഗ്രാമീണരുടെയും കുട്ടികൾ തന്നെയായിരുന്നു. അവർ സ്റ്റേജിൽ വരുമ്പോൾ, നൃത്തമാടുമ്പോൾ, പാടുമ്പോൾ, അഭിനയിക്കുമ്പോൾ, ചുവടുകൾ പിഴയ്ക്കുമ്പോൾ, ഡയലോഗുകൾ തെറ്റുമ്പോൾ ഒക്കെ അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ വക്കത്തെ ജനങ്ങൾ മുഴുവൻ കാണും.
സ്കൂളിൽ രണ്ടു അഹൂജ മൈക്കുകൾ ഉണ്ടായിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ. എന്നാൽ യുവജനോത്സവം വരുമ്പോൾ മൈക്ക് സെറ്റ് വേറെയാണ്. വക്കത്ത് നിന്ന് വിപിൻ സൗണ്ട്സോ കടക്കാവൂരിൽ നിന്നുള്ള വേറെ ഏതെങ്കിലും സൗണ്ട്സിനെയോ വിളിക്കുകയാണ് പതിവ്. അവർ സ്വദേശാഭിമാനി പ്രസ് ഇരിക്കുന്ന പുരയിടത്തിലെ തെങ്ങിൽ വരെ മൈക്ക് വെച്ച് കെട്ടും. സ്‌കൂളിൽ രണ്ടു അഹൂജ മൈക്കുകൾ ഉണ്ടായിരുന്ന
കാര്യം പറഞ്ഞിരുന്നല്ലോ. എന്നാൽ യുവജനോത്സവം വരുമ്പോൾ മൈക്ക് സെറ്റ് വേറെയാണ്. വക്കത്ത്
നിന്ന് വിപിൻ സൗണ്ട്സോ കടക്കാവൂരിൽ നിന്നുള്ള വേറെ ഏതെങ്കിലും സൗണ്ട്സിനെയോ വിളിക്കുകയാണ്
പതിവ്. അവർ സ്വദേശാഭിമാനി പ്രസ് ഇരിക്കുന്ന പുരയിടത്തിലെ തെങ്ങിൽ വരെ മൈക്ക് വെച്ച്
കെട്ടും. നാല് ഇടവഴികളാണ് സ്‌കൂളിന്റെ മുമ്പിൽ വന്നു ചേരുന്നത്.
ഒന്ന് പഴയ സി കൃഷ്ണ വിലാസം ഗ്രന്ഥശാലയിൽ നിന്ന് തുടങ്ങി പഞ്ചവടി എന്ന് പ്രസിദ്ധമായ
വീടിനു മുന്നിലൂടെ സ്‌കൂളിലേക്ക് വരുന്ന ഇടവഴി. തോപ്പിക്കവിളാകത്തിനപ്പുറത്തു നിന്ന്
വരുന്ന കുട്ടികളെല്ലാം തന്നെ റെയിൽപ്പാളം മുറിച്ചു കടന്ന് ഈ ഇടവഴിയിലൂടെയാണ് വരുന്നത്.
മഴക്കാലത്ത് ചെളിവെള്ളം കെട്ടി നിൽക്കുന്ന ഈ ഇടവഴിയ്ക്ക് വേനൽക്കാലത്തും നല്ല തണലാണ്.
പഞ്ചവടിയിൽ നിറയെ മരങ്ങളും ചെടികളുമാണ്. ആ കാഴ്ചകണ്ടു നടക്കുന്നതിനാൽ സ്‌കൂളിൽ എത്തുന്നതിനുള്ള
വേഗത കുറയാനുള്ള സാദ്ധ്യതകൾ കൂടുതൽ ആയിരുന്നു.
രണ്ടാമത്തെ
ഇടവഴി മുക്കാലുവട്ടം ക്ഷേത്രത്തിൽ ചെന്ന് മുട്ടി, അവിടെ നിന്ന് ഇറങ്ങുകടവിലേയ്ക്കും
പുളിവിളാകത്തേയ്ക്കും ഒക്കെ നീണ്ടു പോകുന്ന ഒന്നാണ്. അത് വഴിയാണ് ഇറങ്ങുകടവിൽ നിന്നുള്ള
കുട്ടികളും സ്‌കൂളിൽ വരുന്നതിനു മുൻപ് മുക്കാലുവട്ടത്തെ കാവിൽ വള്ളികളിൽ ഊഞ്ഞാൽ ആടാൻ
പോകുന്ന വിരുതന്മാരും ഒക്കെ വരുന്നത് ആ വഴിയ്ക്കാണ്. അതെ വഴിയിലൂടെ തന്നെയായിരുന്നു
രണ്ടു ശാന്ത കുമാരി ടീച്ചർമാരും സ്‌കൂളിലേക്ക് വന്നു കൊണ്ടിരുന്നത്. മൂന്നാമത്തെ ഇടവഴി
പഞ്ചായത്തോഫീസിനു എതിർവശത്തുള്ള റേഷൻ കടയുടെ വശത്തുകൂടി ഒരു കാവിലേയ്ക്ക് നീങ്ങുകയും
അത് സുമചേച്ചി എന്ന് എല്ലാവരും വിളിച്ചിരുന്ന ഡാൻസ് അധ്യാപികയുടെ വീടിനു മുന്നിലൂടെ
കടന്നു ഊത്തന്റെ മുക്കിൽ നിന്ന് മുക്കാലുവട്ടത്തേയ്ക്ക് പോകുന്ന റോഡിനു കുറുകെ കടന്നു
വക്കം ശശി സിനിമയുടെ പിന്നിലൂടെ സ്‌കൂളിന് മുന്നിലെത്തുന്ന ഇടവഴിയായിരുന്നു. പടിഞ്ഞാറു
നിന്ന് വരുന്ന കുട്ടികൾ ചന്തമുക്കിലെ തിരക്കിൽപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു ഈ ഇടവഴി
ഉപയോഗിച്ചിരുന്നത്. നാലാമത്തെ ഇടവഴി, ചന്തമുക്കിൽ ഇന്ന് സ്വദേശാഭിമാനി പ്രസ്സിന്റെ
വശത്തു കൂടി നേരെ സ്‌കൂളിന് മുന്നിൽ വന്നു നിൽക്കുന്നു. ഈ വഴികളിലെല്ലാം മൈക്ക് വെച്ച്
കെട്ടിയിരിക്കും കൂടാതെ ട്യൂബ് ലൈറ്റുകളും. യുവജനോത്സവ ദിവസങ്ങളിൽ എല്ലാകാലുകളും നീങ്ങുന്നത്
ഈ ഇടവഴികളിലൂടെ ആയിരുന്നു.
യുവജനോത്സവം
വന്നെന്നറിയാൻ വെറുതെ മൈക്കും ട്യൂബും വെച്ച് കെട്ടിയിട്ടു കാര്യമില്ലെന്ന് വക്കത്തുകാർക്ക് അറിയാം. അവർക്ക് ഈ ഉത്സവം ശരിയായ
യുവജനോത്സവം ആകണമെങ്കിൽ സ്റ്റേജിൽ ഉമാ ബ്രദേഴ്സ് എന്നെഴുതിയ കർട്ടൻ
ഉണ്ടായിരിക്കണം. നീല സൈഡ് കർട്ടൻ. പിന്നെ വിശാലമായി അനവധി ഞൊറികൾ ഉള്ള ചുവന്ന കർട്ടൻ. നീൽ സൈഡ് കർട്ടന്റെ തിരുനെറ്റിയിൽ ഉമാ ബ്രദേഴ്സ് എന്നെഴുതിയിരിക്കും. ആ കർട്ടൻ
കിട്ടിക്കഴിഞ്ഞാൽ തലേന്ന് വരെ അതിപരിചയത്താൽ സാധാരണമായിരുന്നു സ്റ്റേജ് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു സഭാഗാരമായി മാറും. സ്റ്റേജിനു പിന്നിലും ഒരു കർട്ടൻ ഉണ്ടായിരിക്കും. ഉമാ ബ്രദേഴ്സ് വക്കത്തെ എല്ലാ
വിധ പരിപാടികളിലും സജീവമായ സാന്നിധ്യമായിരുന്നു. ആ പ്രസ്ഥാനത്തിന്റെ സ്ഥാപകനും മുഖ്യചാലകനും
ആയിരുന്നത് ഉമാമഹേശ്വരൻ എന്ന കപ്പടാ മീശക്കാരനാണ്. പഞ്ചായത്ത് ആശുപത്രി റോഡിൽ ദൈവപ്പുരയിലേയ്ക്ക് തിരിയുന്ന ഇടവഴിയ്ക്കു തൊട്ടടുത്തായി ഇടത് വശത്താണ് ഉമാമഹേശ്വരൻ മാമൻ എന്ന് വിളിക്കുന്ന ഉമാമഹേശ്വരൻ എന്ന വ്യക്തിയുടെ വീട്.
റോഡിലൂടെ
ഉമാമഹേശ്വരൻ മാമൻ പോകുന്നത് ഏതൊരു കൊച്ചു കുട്ടിയ്ക്കും അറിയാം. നീലം മുക്കി വെളുപ്പിച്ച ഷർട്ടും മുണ്ടും. കറുത്ത കപ്പടാ മീശ. കോളറിന് പിന്നിലായി ഒരു കൈലേസ് ചുരുട്ടിയോ വിടുർത്തിയോ തിരുകിയിരിക്കുന്നു. വായിൽ മുറുക്കാൻ നൽകിയ ചുവന്ന നിറം. അഭൗമമായ മദ്യത്തിന്റെതീക്ഷ്ണ സുഗന്ധം പൗഡറുമായി കലർന്നു വായുവിൽ പരിലസിക്കുമ്പോൾ മനസ്സിലാകും ഇതാ ഉമാമഹേശ്വരൻ മാമൻ രംഗപ്രവേശം ചെയ്യുകയായി എന്ന്. പക്ഷെ അങ്ങനെ വെറുതെയൊന്നുമല്ല വക്കം ചന്തമുക്കിലേയ്ക്ക് ദൈവപ്പുരയിൽ നിന്ന് മെയിൻ റോഡ് വഴി അദ്ദേഹം പ്രവേശിക്കുന്നത്. അദ്ദേഹം സൈക്കിൾ
ചവിട്ടാറില്ല. പക്ഷെ സഞ്ചരിക്കുന്നത് സൈക്കിളിൽ ആണ്. സൈക്കളിൽ അദ്ദേഹം ഇരിക്കുകയല്ല നിൽക്കുകയാണ് ചെയ്യുന്നത്. പിന്നിൽ വീലിന്റെ ഹബ്ബിൽ ഇടതു കാലിന്റെ തള്ളവിരൽ കൊണ്ട് മുറുക്കെപ്പിടിച്ച്, വലതു കാൽ പൊക്കി കാരിയറിൽ വെച്ച് ഇരുകൈകളും സൈക്കിൾ ചവിട്ടുന്നവന്റെ തോളിൽ വെച്ച്, യുദ്ധരംഗത്തേയ്ക്ക് പോകുന്ന അർജ്ജുനനെപ്പോലെയാണ് ഉമാമഹേശ്വരൻ മാമൻ പോകുന്നത്. അത് കണ്ടാൽ ആളുകൾ ചിരിക്കുകയൊന്നും ഇല്ല. അതൊരു സ്റ്റൈൽ ആണ്. പലരും അക്കാലത്ത് ആ ശൈലി അനുകരിക്കാൻ
ശ്രമിച്ചിരുന്നുവെങ്കിലും
ഉമാമഹേശ്വരൻ മാമന്റെ ശൈലിയായിട്ടാണ് അതിനെ ഗ്രാമം അംഗീകരിച്ചത്.
യുവജനോത്സവത്തിനു
വെറുതെ കർട്ടനും കെട്ടിയിട്ടിട്ട് അങ്ങ് പോവുകയല്ല ഉമാമഹേശ്വരൻ മാമൻ ചെയ്യുന്നത്. അദ്ദേഹവും കുടുംബവും ആദ്യാവസാനക്കാരായി സ്കൂളിൽത്തന്നെ ഉണ്ടാകും.
ചിലപ്പോൾ ചില നാടകങ്ങൾക്ക് സെറ്റ് വേണ്ടി വരും; ഉദാഹരണത്തിന് ഒരു വീടിന്റെ അകത്തളത്തിന്റെ സെറ്റ്. അത് ഉമാ ബ്രദേഴ്സിന്റെ പക്കൽ ഉണ്ട്. മുന്നിലെ കർട്ടൻ വലിയ്ക്കാൻ അവസരം കിട്ടുക എന്നത് വലിയൊരു കാര്യമാണ്. പക്ഷെ അത് സ്കൂളിലെ ഒരു
വിദ്യാർത്ഥിയ്ക്കും കിട്ടില്ല. വക്കം സ്കൂളിലെ ഏതെങ്കിലും
ഒരു പൂർവ വിദ്യാർത്ഥിയും പഴയ നാടകപ്രവർത്തകനും ആയ ഒരു യുവാവിന്റെ
കൈകളിൽ ആയിരിക്കും ഈ കർട്ടന്റെ ചരടുകൾ
ഭദ്രമായി ഇരിക്കുന്നത്. കർട്ടൻ വലിച്ചാൽ ഒരു രംഗം വരെ പിടിച്ചിരിക്കുകയോ കെട്ടിയിടുകയോ ആണ് മറ്റു പ്രൊഫെഷണൽ പരിപാടികളിൽ ചെയ്യുന്നത്. എന്നാൽ സ്കൂളിൽ അങ്ങനെയല്ല.
ഏത് നിമിഷത്തിലാണ് കർട്ടൻ താഴ്ത്തേണ്ടത് എന്ന് പറയാനാവുകയില്ല. ഏതെങ്കിലും ഒരു നാടകത്തിൽ ഒരു വൃദ്ധൻ മരിച്ചു വീഴുന്ന രംഗം ഉണ്ടാകും. മരിച്ചു വീഴുമ്പോൾ ചിലപ്പോൾ കട്ടിൽ എന്ന വ്യാജേന കൊണ്ടിട്ടിരിക്കുന്ന ബെഞ്ച് വൃദ്ധന്റെ ശരീരത്തിൽ മറിഞ്ഞു വീണേക്കും. അപ്പോൾ മൃതശരീരം എഴുന്നേറ്റ് ബെഞ്ച് എടുത്ത് നേരെ വെച്ചിട്ട് ഒന്ന് കൂടി മരിച്ചു വീഴും. ചില സന്ദർഭങ്ങളിൽ ഡാൻസ് കളിച്ചു കൊണ്ട് നിൽക്കുന്ന ഒരു പയ്യന്റെ പൈജാമ അഴിഞ്ഞു നിലത്തു വീഴും. കൂക്കും വിളിയും ഉയരുമ്പോഴേയ്ക്കും കർട്ടൻ ഇടാൻ തയ്യാറായിരിക്കണം. ഉയരത്തിൽ പഴുത്തു നിൽക്കുന്ന മാങ്ങാ അടർത്തി കൂടയിൽ വീഴ്ത്താൻ ശ്രമിക്കുന്നവന്റെ ശ്രദ്ധയും കഴിവും കർട്ടൻ പിടിക്കുന്നവന് വേണം. ശങ്കരൻ സാറിന്റെ മകൻ നിർമ്മൽ ദാസിന് ആയിരുന്നു പലപ്പോഴും കർട്ടൻ പിടിക്കാനുള്ള ഉത്തരവാദിത്തം ലഭിച്ചിരുന്നത്.
ഉമാമഹേശ്വരൻ
മാമന് രണ്ടു ആണ്മക്കളും ഒരു അനന്തരവനും ഉണ്ട്. അനന്തരവന്റെ പേര് ശശികുമാർ. വക്കത്തെ ടൂട്ടോറിയലുകളിൽ പഠിപ്പിക്കുന്നതിനാൽ നല്ലൊരു ശിഷ്യസമ്പത്തിന്റെ ഉടമകൂടിയാണ് അദ്ദേഹം. ഇവരെല്ലാവരും കൂടി ഒന്നോ രണ്ടോ ക്ളാസ് മുറികൾ
കയ്യടക്കും. ബെഞ്ചും മേശയും പിടിച്ചിട്ട് അതിന്മേൽ ചെറിയ വാഴയിലക്കഷണങ്ങൾ നിരത്തും. ഒപ്പം പച്ച ഈർക്കിലി, പഞ്ഞി, വെളുത്ത തുണി, എണ്ണ എന്നിവയും നിരത്തി വെയ്ക്കും. മേക്കപ്പിനായുളള ചായങ്ങളും അലങ്കാര വസ്ത്രങ്ങളും വിവിധതരം വിഗ്ഗുകളും അവിടെയുണ്ടാകും. മൈക്ക് സെറ്റുകാരൻ വലിയ ബൾബുകൾ താഴ്ത്തി കെട്ടി ഇട്ടിരിക്കും. ആ വെളിച്ചത്തിലാണ് മേക്കപ്പ് നടക്കുന്നത്.
ഉമാമഹേശ്വരൻ മാമനും ശശികുമാറും ആണ് മേക്കപ്പ് നയിക്കുന്നത്. അതിന്റെ ഒരു രീതി ഇങ്ങനെയാണ്. മേക്കപ്പിടേണ്ട ആൺകുട്ടിയോ പെൺകുട്ടിയോ ഒരു ചെറിയ ദക്ഷിണ വെച്ച് ഇവരിൽ ആരുടെയെങ്കിലും മുന്നിൽ ചെന്നിരിക്കും. എന്താണ് കഥാപാത്രം എന്ന് ഒരു ദാക്ഷിണ്യവും കൂടാതെ ചോദിക്കും. മിക്കവാറും ഉത്തരം ഇങ്ങനെയൊക്കെ ആയിരിക്കും: "കുറവൻ," "കുറത്തി," "വൃദ്ധൻ," "ഡോക്ടർ," "പോലീസുകാരൻ," "മദ്യപാനി", "യേശു ക്രിസ്തു" "വീട്ടമ്മ," "കോളേജ് കുമാരി." ഒറ്റപ്രാവശ്യമേ പറയാവൂ. പറഞ്ഞു കഴിഞ്ഞാൽ അല്പം റോസ് പൌഡർ എടുത്ത് നെറ്റിയിൽ തേയ്ക്കും. പിന്നെ പണി തുടങ്ങുകയായി. കുറച്ചു നേരത്തെ സുരേഷും മനുവും ബൈജുവും ലതികയും ബേബിയും സീനയും അനിതയും ഒക്കെ ആയിരുന്ന കുട്ടികൾ വൃദ്ധനായും കുടിയനായും ബ്രഹ്മാവായും പാർവതിയായും വീട്ടമ്മയായും ഒക്കെ മാറുന്നത് കാണാം. ഏറ്റവും വലിയ തമാശ എന്നത് തികച്ചും കളർഫുൾ ആയ മുഖവും കൈകാലുകളിൽ
വക്കം ഗ്രാമത്തിന്റെ സ്വതവേയുള്ള നിറമായ കറുപ്പുമായി കുട്ടികൾ കഥാപാത്രമായി നിൽക്കുന്നത് കാണാം. പക്ഷെ എല്ലാവര്ക്കും വിമർശനമല്ല, സ്നേഹവും കൗതുകവും ഒക്കെയാണ്.
ആയിരത്തി
തൊള്ളായിരത്തി എൺപതിലാണ് ഫിറോസ് ഖാൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ "കുർബാനി' റിലീസ് ആകുന്നത്. അതിൽ കല്യാൺ ജി ആനന്ദ് ജി
സംഗീതസംവിധാനം നിർവഹിച്ചു നാസിയ ഹസൻ പാടിയ ഒരു പാട്ടുണ്ട്: ആപ് ജൈസാ കോയി മേരി സിന്ദഗി മേം ആയെ തോ ബാത് ബെൻ
ജായെ എന്നാണ് ആ പാട്ട് തുടങ്ങുന്നത്.
പാട്ട് പാടുന്ന രീതി വളരെ വ്യത്യസ്തമായിരുന്നു. തികച്ചും ഇന്റർനാഷണൽ എന്ന് പറയാവുന്ന ഒരു ഫീൽ ആ പാട്ടിനുണ്ടായിരുന്നു. റോക്ക് ആൻഡ്
റോൾ എന്ന് പേരായ ഒരു സംഗീത-നൃത്ത സങ്കേതത്തിൽ ആണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പാടിയത് അന്ന് കേവലം പതിനാലു വയസ്സ് മാത്രം പ്രായമുള്ള നാസിയ ഹസൻ എന്ന പാകിസ്താനി പെൺകുട്ടിയും. പക്ഷെ ഇതൊന്നുമായിരുന്നില്ല ആ പാട്ടിന്റെ പ്രധാന
ആകർഷണം. അതിന്റെ ഓർക്കസ്ട്രേഷനും ബി ജി എമ്മും
ആയിരുന്നു. ഗിറ്റാറും ഇലക്ട്രോണിക് സിന്തസൈസറും ഉപയോഗിച്ചുള്ള ആ പാട്ടിൽ 'കൂ'
എന്നൊരു റീഫ്രയ്ൻ ഉണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ ആ കൂ ശബ്ദം
കേൾവിക്കാരുടെ ഹരമായി മാറി. ഗ്രാമത്തിന്റെ ഏതു ഭാഗത്ത് നിന്നും ഏത് തെങ്ങിൽ നിന്നും മൈക്കിൽ ഈ പാട്ട് കേട്ടാൽ,
അതിലെ കൂ ശബ്ദം വരുമ്പോൾ
കുട്ടികളും ചെറുപ്പക്കാരും ഇനി അഥവാ അവർ കുഴിക്കക്കൂസുകളിൽ കുന്തിച്ചിരിക്കുകയാണെങ്കിൽ
പോലും ഒപ്പം കൂവും. അങ്ങനെ പങ്കാളിത്ത സ്വഭാവം ഉള്ള സംഗീതം സൃഷ്ടിക്കാൻ ആ പാട്ടിനു കഴിഞ്ഞു.
അക്കൊല്ലത്തെ
യുവജനോത്സവത്തിനു മൈക്ക് വെച്ച് കെട്ടിയപ്പോൾത്തന്നെ ഈ പാട്ട് കേൾക്കാൻ
തുടങ്ങി. സ്കൂളിലാകെ കൂ
എന്ന ശബ്ദം മുഴങ്ങി. കുട്ടികൾ സ്റ്റേജിന്റെ വലതു ഭാഗത്ത് മൈക്ക് സെറ്റുകാർ അവരുടെ യന്ത്രങ്ങളും റെക്കോർഡുകളും ഡിസ്ക് പ്ലെയറും ആംപ്ലിഫെയറുകളും ഒക്കെ വെച്ചിരിക്കുന്നിടത് ചെന്ന് നിന്ന് എച് എം വിയുടെ പട്ടി
കറങ്ങിക്കറങ്ങി ഈ പാട്ട് കേൾപ്പിക്കുന്നത്
കണ്ടു നിന്നു. കൂ എന്ന ശബ്ദം
എവിടെ നിന്ന് വരുന്നു എന്നറിയാനായിരുന്നു അവർ ശ്രമിച്ചിരുന്നത് എന്ന് തോന്നും. വായനക്കാർക്ക് ഓർമ്മയുണ്ടാകും വോളീബാൾ കളിയില്ലായിരുന്നെങ്കിലും കൊച്ചു കള്ളനും മറ്റു അഞ്ചാറ് ആൺകുട്ടികളും ബെൽബോട്ടം പാന്റ്സൊക്കെ ഇട്ട് ആ സന്ധ്യാവേളയിൽ സ്കൂളിൽ പെൺകുട്ടികളുടെ ക്ളാസ്സുകൾ നടക്കുന്ന
ഇടനാഴിയിൽ കറങ്ങുന്നുണ്ടായിരുന്നു എന്ന കാര്യം. സമയം രാത്രി എട്ടു മണിയായിക്കാണും. 'അടുത്തത് ബൈജുവും സംഘവും അവതരിപ്പിക്കുന്ന റോക്ക് ആൻഡ് റോൾ നൃത്തം,' മൈക്കിൽ പരിചിതമായ അധ്യാപക ശബ്ദം. ആളുകൾ വീർപ്പടക്കിയിരിക്കുകയാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരു പിടിയുമില്ല. ഗ്രാമത്തിന് അറിയാവുന്നിടത്തോളം കൊച്ചു കള്ളൻ അഥവാ ബൈജു ഒരു ഡാൻസർ അല്ല. പിന്നെ എന്തായിരിക്കാം എന്ന് ആളുകൾ അത്ഭുതപ്പെട്ടു.
കർട്ടനു
നേരെ തിരിച്ചു വെച്ചിരിക്കുന്ന വെളിച്ചം മങ്ങി. കർട്ടൻ ഉയർന്നു. ലോകം നിശ്ചലമായി നിന്ന്. അടുത്ത നിമിഷം സ്റ്റേജിൽ വർണ്ണങ്ങളുടെ ആഘോഷം. മൈക്കിൽ പൊറുപൊരാ ശബ്ദം. ഇലക്ട്രിക്ക് ഗിറ്റാറിന്മേൽ വിരലിന്റെ അത്ഭുതപ്രവർത്തനം. കൂ....ആളുകൾ ആരവത്തിൽ മറു കൂക്ക് കൂവി. അതാ പൊടുന്നനെ സ്റ്റേജിന്റെ മധ്യത്ത്, തലയ്ക്ക് ചുറ്റും തിളങ്ങുന്ന റിബ്ബണുകൾ കെട്ടി, രണ്ടു കൈകളിലും സ്കാർഫുകൾ പിടിച്ച് ലാസ്യഭാവത്തിൽ ആടുകയാണ് കൊച്ചു കള്ളനും സംഘവും. ആപ് ജൈസേ കോയി മേരി സിന്ദഗി മേം ആയെ....കൂ...ആളുകൾ അത്ഭുതം പൂണ്ടു. അത് അവർക്ക് പുതിയ ഒരു അനുഭവമായിരുന്നു. അവർ നാടോടി നൃത്തം കണ്ടിട്ടുണ്ട്, ഭരതനാട്യം കണ്ടിട്ടുണ്ട് , ബാലെ കണ്ടിട്ടുണ്ട്. എന്നാൽ റോക്ക് ആൻഡ് റോൾ. അത് അവർ കണ്ടിട്ടില്ല. എങ്ങനെയാണ് കൊച്ചു കള്ളനും സംഘവും അന്ന് അത്തരമൊരു ആശയം പ്രവർത്തികമാക്കിയത് എന്നാലോചിക്കുമ്പോൾ അതിശയം തോന്നുന്നു കാരണം കുർബാനി എന്ന സിനിമയെക്കുറിച്ച് എല്ലാവര്ക്കും അറിയാമായിരുന്നെങ്കിലും, പാട്ടുകൾ എല്ലാവരും കേട്ടിട്ടുണ്ടായിരുന്നെങ്കിലും
ആ സിനിമ ഗ്രാമത്തിലൊരിടത്തും വന്നിട്ടുണ്ടായിരുന്നില്ല. റോക്ക്ആൻഡ് റോളിനെ കുറിച്ച് അറിയാനുള്ള സാദ്ധ്യതകൾ വളരെ കുറവായിരുന്നു. എന്നിട്ടും ....ആ നൃത്തം, ഉമാമഹേശ്വരൻ
മാമൻ വരച്ചു ചേർത്ത അവരുടെ മുഖത്തുള്ള റ ആകൃതിയിലുള്ള മീശ,
പല നിറങ്ങളിൽ കറങ്ങുന്ന ഡിസ്കിലൂടെ കടന്നു വരുന്ന സ്പോട്ട് ലൈറ്റിന്റെ ബഹുവർണ്ണ വെളിച്ചം..ഇതെല്ലാം കൂടി ചേർന്ന് ആ യുവജനോത്സവം അനശ്വരമാക്കി.
പിന്നീടൊരു കാലത്തും അങ്ങനെയൊരു നൃത്തപരിപാടി വക്കം സ്കൂളിൽ നടന്നിട്ടില്ല.
അതെ
രാത്രിയിൽ പുത്തൻ നടയിലേയ്ക്ക് പോകുന്ന വഴിയിൽ പൊടിപ്പു മില്ലിന്റെ അപ്പുറത്തുള്ള ശാരദ അക്കന്റെ മലക്കറിക്കടയിലെ കൂനൻ പയ്യൻ ഒരു ടാബ്ലോ അവതരിപ്പിച്ചു; കൈയിൽ ഒരു കുടവുമായി നിൽക്കുന്ന പ്രതിമയുടെ രൂപമായിരുന്നു അത്. ഒരു മിനിറ്റ് നിശ്ചലമായി നിൽക്കുന്ന ഒരു കലാരൂപമാണ് ടാബ്ലോ. വക്കം ബോബൻ എന്ന് പിൽക്കാലത്ത് സിനിമാ സീരിയൽ രംഗങ്ങളിൽ അറിയപ്പെട്ട (കലാസംവിധായകനായും നടനായും) ബോബൻ കൃഷിയ്ക്കും വീടിനും കണ്ണ് തട്ടാതിരിക്കാനുള്ള കോലമായി ടാബ്ലോ അവതരിപ്പിച്ചു. ഒരു പക്ഷെ രാത്രികാലത്ത് യുവജനോത്സവം നടത്തിയ അവസാനത്തെ വർഷമായിരുന്നു അതെന്ന് തോന്നുന്നു. പിന്നീട്, പ്ലാറ്റിനം ജൂബിലിയ്ക്ക് മാത്രമാണ് രാത്രികൂടി പരിപാടി നടന്നത്.
യുവജനോല്സവങ്ങൾ
പകൽ നടക്കാൻ തുടങ്ങിയെങ്കിലും പൊതുജനത്തിന്റെ സഹകരണം അല്പം പോലും കുറഞ്ഞില്ല. വീട്ടുപണികളിൽ വ്യാപൃതരായ സ്ത്രീകൾക്ക് കുട്ടികളുടെ കലാപരിപാടികൾ കാണാൻ വരാൻ കഴിഞ്ഞില്ല എന്നതായിരുന്നു ഇത് കൊണ്ടുള്ള പ്രശ്നം. ഡാൻസ്, ഗാനമേള, ലളിത ഗാനം, മാപ്പിളപ്പാട്ട്, പ്രസംഗം, സാഹിത്യ രചനാ മത്സരങ്ങൾ, നാടകം, ഫാൻസി ഡ്രസ്സ്, മോണോ ആക്ട് എന്നിവയായിരുന്നു പ്രധാനം. ഗ്രാമത്തിലെ പ്രധാനപ്പെട്ട ഡാൻസ് സ്ഥാപനങ്ങളിൽ നൃത്തം അഭ്യസിച്ചിരുന്ന കുട്ടികൾ ആയിരുന്നു നൃത്തങ്ങളിൽ പങ്കെടുത്തത് എന്നതിനാൽ ആ മത്സരം വലിയ
പരിക്കുകൾ കൂടാതെ കടന്നു പോയിരുന്നു. പ്രസംഗം എന്നത് ഒരു പരിധി വരെ അജി ഗോപിനാഥ്, കമനീഷ് തുടങ്ങിയവരുടെ കുത്തകയായിരുന്നു. മനുവും പിന്നിലായിരുന്നില്ല. എല്ലാവരും പാടുമായിരുന്നെങ്കിലും സൈന, സനിത. മിനി കെ എസ്, ബിജു
എന്നിവർ തന്നെയായിരുന്നു പ്രധാന പാട്ടുകാർ. സാഹിത്യശ്രമങ്ങളിൽ ഒരുപാടു കുട്ടികൾ പങ്കെടുത്തു. അവർക്കെല്ലാം പ്രോത്സാഹനമായത് പ്രസന്നൻ സാർ, സുധ ടീച്ചർ, സുരേന്ദ്രൻ സാർ എന്നിവരായിരുന്നു. എങ്കിലും ഏറ്റവും വലിയ പ്രചോദനം ബാലകൃഷ്ണൻ സാർ ആയിരുന്നു. തികഞ്ഞ ഗാന്ധിയൻ ആയിരുന്ന ബാലകൃഷ്ണൻ സാറിനു ലൈബ്രറിയുടെ ചുമതല കൂടിയുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ വായിക്കാൻ പ്രേരിപ്പിച്ചു. മാത്യു എം കുഴിവേലിയുടെ ബാലൻ
ബുക്സ് പ്രസിദ്ധീകരിച്ച മഹാന്മാരുടെ ജീവിതകഥകൾ, പ്രധാന കണ്ടുപിടുത്തങ്ങൾ, വിശ്വസാഹിത്യത്തിലെ നോവലുകളുടെ സംക്ഷിപ്തരൂപം ഒക്കെ കുട്ടികൾക്ക് പ്രചോദനമായി .ഗാന്ധിയെക്കുറിച്ചു 'നാഥുറാം വിനായകെ നിറയൊഴിച്ചു ഹാ കഷ്ടം" എന്ന
വരിയുള്ള സ്വന്തം കവിത യുവജനോത്സവ ദിനങ്ങളിൽ ബാലകൃഷ്ണൻ സാർ ചൊല്ലുന്നത് ഇപ്പോഴും അന്നത്തെ കുട്ടികൾ ഓർക്കുന്നുണ്ടാവും.
പകൽ
സമയത്ത് യുവജനോത്സവം തുടങ്ങിയ വർഷങ്ങളിൽ ഏറ്റവും രസകരമായ കാര്യങ്ങൾ നടക്കുന്നത് നാടകത്തിന്റെ രംഗത്താണ്. പത്താം ക്ലസ്സിലൊക്കെ പഠിക്കുന്നവർക്കാണ് ഗൗരവമുള്ള നാടകം അഭിനയിക്കാൻ അവസരം കിട്ടുന്നത്. കാലാകാലങ്ങളിലായി പുത്തൻ നടയിലെ ഷാജി, താഹിർ തുടങ്ങിയവരാണ് പേരെടുത്ത നടന്മാർ. അവസരം കിട്ടുമ്പോൾ നാസിമുദ്ധീനും നാടകത്തിൽ അഭിനയിച്ചതായി ഓർക്കുന്നു. മനു, അമീൻ, മുകേഷ്, ജയകുമാർ എന്ന കുഞ്ചു തുടങ്ങിയവരും അഭിനയത്തിൽ കഴിവ് തെളിയിച്ചു. പ്രൈമറി ക്ളാസ്സിലെ കുട്ടികളുടെ
നാടകാവതരണമാണ് ഏറ്റവും രസകരം. ക്ലാസ്റൂമിലെ ബോർഡ് പൊക്കി പുറത്തു കൊണ്ട് വന്നു വെച്ച ശേഷം അതിൽ അവർ അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരെഴുതി വെയ്ക്കും. അതിൽ രചനയും സംവിധാനവും ഒക്കെ വ്യക്തമാക്കിയിരിക്കും. വളരെ അഭിമാനത്തോട് കൂടിയാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാ നാടകവും കുട്ടികൾ തന്നെ എഴുതിയുണ്ടാക്കുന്നതാണ്. എല്ലാ നാടകത്തിലും വൃദ്ധൻ, പോലീസുകാരൻ, പെൺകുട്ടി, ഡോക്ടർ, പള്ളീലച്ചൻ തുടങ്ങിയവർ ഉണ്ടാകും. ഏതെങ്കിലും ഒരു കഥാപാത്രം വെടിയേറ്റോ, കത്തിക്കുത്തേറ്റോ മരിക്കും. ഇത് അവശ്യം സൃഷ്ടിക്കുന്നത് ഉടുപ്പിനുള്ളിൽ ഒളിച്ചു വെച്ചിരിക്കുന്ന ചുവന്ന മഷി പുറത്തു വരുന്നതിന് വേണ്ടിയാണ്.
വെടി
കൊണ്ടാണ് മരിക്കുന്നതെങ്കിൽ പടക്കം പൊട്ടിയ്ക്കാൻ ആളിനെ ഇടപാട് ചെയ്തിരിക്കും. എന്നാൽ നാടകത്തിലെ ആ മൂർദ്ധന്യ നിമിഷവും
വെടി വെയ്ക്കുന്ന, വെടിയേൽക്കുന്ന കഥാപാത്രത്തിന്റെ പ്രതികരണവും എല്ലാം അറിഞ്ഞു കൊണ്ടായിരിക്കണമെന്നില്ല പടക്കം പൊട്ടിയ്ക്കാൻ നിയുക്തനായവൻ നിൽക്കുന്നത്. ചിലപ്പോൾ തോക്കെടുക്കുന്നതിനു മുൻപ് പടക്കം പൊട്ടിയിരിക്കും. ചിലപ്പോൾ വെടികൊണ്ട് ചുവന്ന മഷി പുറത്തു ചാടിയ ശേഷമായിരിക്കും വെടി ശബ്ദം കേൾക്കുന്നത്. നാടക രചന കൂട്ടായ ഒരു പ്രവർത്തനമാണ്. നാടകത്തിൽ ആരൊക്കെ വേണം, അവർ ഏതൊക്കെ കഥാപാത്രങ്ങൾ ചെയ്യും എന്നൊക്കെ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ഒരു നാടകം എഴുതുകയാണ് ചെയ്യുന്നത്. വൃദ്ധൻ ചുമച്ചു കുരച്ചു മരിക്കും. ഉമാമഹേശ്വരൻ മാമൻ പ്രതികാര നിർവഹണം പോലെയാണ് വൃദ്ധനെ അണിയിച്ചൊരുക്കുന്നത്. പല്ലെല്ലാം കറുപ്പിക്കും. പഴയൊരു വിഗ്ഗ് എടുത്തു വെച്ച് കൊടുക്കും. കണ്ണിന്റെ താഴെ കറുത്ത അടയാളം ഇടും. ഒരിക്കൽ സുഭാഷ്-സുരേഷ് സഹോദരങ്ങളിൽ സുരേഷ് പെണ്ണായി വന്നു. സുന്ദരിയായ ഒരു സ്ത്രീയാണെന്നാണ് നാടകത്തിലെ കഥയിൽ. പക്ഷെ ഉമാമഹേശ്വരൻ മാമൻ മേക്കപ്പ് ചെയ്ത വിട്ട സുരേഷിനെക്കണ്ടാൽ ഒന്നര വർഷം ഊളമ്പാറയിൽ കിടന്നിട്ടു വന്നതാണെന്ന് തോന്നുമായിരുന്നു. മിക്കവാറും വൃദ്ധനായി അഭിനയിക്കുന്ന ആൾ തന്നെയാകും സംവിധാനവും.
മരിക്കേണ്ടതും അയാൾ തന്നെ. പക്ഷെ മരിച്ചിടത്ത് കിടന്ന് മറ്റു കഥാപാത്രങ്ങൾക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
ഗാനമേളയാണ്
മറ്റൊരു ഹാസ്യാവിഷ്കാരരംഗം. ഗാനമേള എന്ന് പറഞ്ഞാൽ മനുവും സംഘവും, കുമാറും സംഘവും എന്നിങ്ങനെയാണ് പേര് കൊടുക്കേണ്ടത്. പേര് വിളിക്കുമ്പോൾ ആ സമയത്ത് മനുവിന്റെ
ഒപ്പം കയറാൻ ധൈര്യമുള്ള ആർക്കും കയറാം. തൊട്ടു മുൻപ് ഉപയോഗിച്ച സംഘത്തിന്റെ കയ്യിലെ മൗത്ത് ഓർഗൻ കിട്ടുന്നതിനായി സ്റ്റേജിൽ നിന്ന് തന്നെ കെഞ്ചുന്നത് കാണികൾക്ക് കാണാം. ഓർക്കസ്ട്ര എന്ന് പറയുമ്പോൾ ഒരു ഡോലക്, ഒരു ഗജിറ, ഒരു കിലുക്ക്, ഒരു മൗത്ത് ഓർഗൻ, പിന്നെ ഏതെങ്കിലും ഗൾഫുകാരുടെ വീട്ടിൽ സംഗീതാത്മകമായി ശബ്ദം പുറപ്പെടുവിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത്. വളരെ ഗൗരവമായാണ് കുട്ടികൾ ഇതിനെ സമീപിക്കുന്നത്. പാട്ട് ഒരുവഴിയ്ക്ക് ഓർക്കസ്ട്ര വേറൊരു വഴിയ്ക്ക് എന്നതാണ് പതിവ്. എല്ലാ പാട്ടിനെയും ഭജനയുടെ ട്യൂണിൽ ആക്കാനുള്ള അനിതരസാധാരണമായ കഴിവ് ഈ ഗായകർ കാട്ടിയിരുന്നു.ഡോലക്കും ഗഞ്ചിറയും വരുന്നത് തന്നെ ഏതെങ്കിലും ഭജനക്കാരുടെ കയ്യിൽ നിന്നായിരിക്കും. അടിച്ചു തുടങ്ങുമ്പോൾത്തന്നെ "ഡും ടക ടക ഡും
ഡും ടക ടക ഡും
ടക്കും ടകഡും ടകുട്ട ടകഡും ടാ" എന്നൊരു ട്യൂണല്ലാതെ വേറൊന്നും അതിൽ വരില്ല. അതോടെ ഏത് പാട്ടും ഭജനപ്പാട്ടായി മാറും. പിന്നെയുള്ളത് ഫാൻസി ഡ്രസ്സ് ആണ്. സ്കൂളിന്റെ പിന്നിൽ
കായിക മത്സരങ്ങൾ നടക്കുന്നതിന് സാക്ഷിയാകാൻ നീണ്ട ഒരു ഗാലറി താൽക്കാലികമായി കെട്ടിയിരിക്കും. അതിന്റെ നീളമത്രയും ഫാൻസി ഡ്രെസ്സുകാരൻ അഭിനയിച്ചു കൊണ്ട് പോകണം. പ്രിയപ്പെട്ട വിഷയങ്ങൾ കുടിയൻ, കുഷ്ഠരോഗി, യേശു ക്രിസ്തു എന്നിവയാണ്. ഒടിഞ്ഞ ബോർഡിന്റെ സ്റ്റാൻഡ് രണ്ടു കഷ്ണം ചേർത്തു കെട്ടിയാൽ കുരിശാകും എന്നുള്ളത് മാത്രം കൊണ്ടാണ് യേശു ക്രിസ്തുവിന്റെ കാൽവരി യാത്രയ്ക്ക് ഇത്ര പ്രിയം. ഒരു വര്ഷം ഒരു അഞ്ചു ക്രിസ്തുവെങ്കിലും കുരിശും ചുമന്ന് പോകാറുണ്ട്. ചാട്ടവാറുമായി അടിക്കാൻ റോമാക്കാരും. അവർ വേഷം മാറാറില്ല. ഉമാമഹേശ്വരൻ മാമന്റെ അഭാവത്തിൽ ചിലപ്പോൾ രാജ്യം എന്നറിയപ്പെടുന്ന രാജാനന്ദാണ് ക്രിസ്തുവിനെയും കുടിയനെയുമൊക്കെ അണിയിച്ചൊരുക്കുന്നത്. നെറ്റിയിലെ മുറിവാണ് കുടിയന്റെ ഹൈലൈറ്റ്. പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനം ഉള്ളത് കൊണ്ട് മാത്രമാണ് ഇത്രയധികം കുഷ്ഠരോഗികൾ പവലിയന് മുന്നിലൂടെ നടക്കുന്നത്.
(ലാലൻ എന്നറിയപ്പെടുന്ന സുനിലാൽ)
ട്രാക്ക്
മത്സരങ്ങളോടെയാണ് യുവജനോത്സവത്തിനു കൊടിയിറങ്ങുന്നത്. സത്യരാജ്, കൊച്ചു കള്ളൻ,
സംഘമിത്ര, താഹിർ, മനോജ് ഗോപിനാഥൻ, കിട്ടു അഥവാ കൃഷ്ണകുമാർ, റഫി, റബി. ബെച്ചാൻ സജീവ്, സാജു, പ്രേംകുമാർ, അനിൽരാജ്, കുമാർ, ജയകുമാർ, ശരിപുത്ര, കണ്ണുനീറിയിലെ ജയകുമാർ, ഉപ്പുവീട്ടിലെ നാസർ, നവാസ്, കൊട്ടാരത്തിലെ റബി, നൗഷാദ്, നജീബ് ഖാൻ തുടങ്ങിയവരാണ് ട്രാക്കിലെ താരങ്ങൾ. പക്ഷെ ദീർഘദൂര ഓട്ടത്തിലെ ഏറ്റവും വലിയ താരങ്ങൾ എന്ന് പറയുന്നത് ലാലൻ എന്നറിയപ്പെടുന്ന സുനിലാൽ, പ്രസാദ്, ചായക്കടയിലെ കുമാർ തുടങ്ങിയവരാണ്. ആയിരം മീറ്റർ ഓട്ടത്തിൽ ഗ്രൗണ്ടിന് ചുറ്റും അവർ ഓടുമ്പോൾ സ്കൂളിലെ രണ്ടാമത്തെ
മ്യൂസിക് ഡിസ്ക് ആയ മാർച്ചിങ് ട്യൂൺ
രാജാമണി സാർ എടുത്തിടും. വായും തുറന്ന് ഇവർ ഓടുന്നത് കാണുമ്പോൾ കരയ്ക്ക് കണ്ടുകൊണ്ടിരിക്കുന്നവർക്ക്
സങ്കടവും ദേശഭക്തിയും ഓടുന്നവരോട് സ്നേഹവും ആവേശവും ഒക്കെ തോന്നും. മിക്കവാറും ലാലൻ തന്നെ സമ്മാനം കൊണ്ട് പോകും. ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥനായ ലാലൻ ഇപ്പോഴും അവിടെ സ്പോർട്സിൽ മികവ് കാട്ടിനിൽക്കുകയും അനേകം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു എന്നറിയുന്നത് സന്തോഷമുള്ള കാര്യമല്ലേ!
- ജോണി
എം എൽ
Comments
Post a Comment